ചേട്ടനും ചേടത്തിയും
എപ്പിസോഡ്-23
ചേട്ടന്‍ വഴിയിലൂടെ ഒരു സഞ്ചിയും തൂക്കി വരുന്നു. ചെറിയ ഭയത്തോടെ ചുറ്റുപാടും നോക്കിയാണ് വരുന്നത്. പെട്ടെന്ന് പറമ്പില്‍ നിന്നും ഒരാള്‍ വഴിയിലേക്ക് ചാടിവീഴുന്നു.
ചേട്ടന്‍: (ഞെട്ടി പുറകോട്ട് മാറി ഓടുന്നു) ന്റെയ്യോ…എന്നെ ഒന്നും ചെയ്യല്ലേ….പാവമാണേ…
ചാടിയയാള്‍: ചേട്ടാ അവിടെ നില്ല് ….ഓടാതെ …ഇതു ഞാനാന്നേ….
ചേട്ടന്‍: (തിരിഞ്ഞു നില്‍ക്കുന്നു) ഹാ…കുഞ്ഞൂട്ടി…നീയാണോ…(മുന്നോട്ട് നടക്കുന്നു) ഞാന്‍ കരുതി വല്ലപിടിച്ചുപറിക്കാരുമാന്ന്…
കുഞ്ഞൂട്ടി: പറയുന്നേടത്ത് വലിയ വീരശൂരപരാക്രമിയാണല്ലോ…എന്നിട്ടും പേടിച്ചോടുകാണോ…
ചേട്ടന്‍: എടാ ഏതുശൂരനും ഒന്നു പേടിക്കുന്ന കാലമാ ഇത്…
കുഞ്ഞൂട്ടി: അതവിടെനില്‍ക്കട്ടെ…. ചേട്ടനെന്തിനാ ഓടിയത് അതുപറ…
ചേട്ടന്‍: എടാ..ഞാന്‍ മാര്‍ക്കറ്റ് വരെപോയി…
കുഞ്ഞൂട്ടി: (ഇടയ്ക്ക് ചാടിക്കയറി)അതുതന്നെ…ഒരു പിക്കപ്പ് നിറയെ റബര്‍ഷീറ്റുമായി പോകുന്നത് ഞാന്‍ കണ്ടായിരുന്നു…മടിക്കുത്ത് നിറയെ കാശാ അല്ലെ…
ചേട്ടന്‍: പൊക്കോണം വേണേല്…കാശിന്റെ കാര്യം മിണ്ടരുത്…ചങ്കു തകര്‍ന്നാ ഞാന്‍ നില്‍ക്കുന്നത്…
കുഞ്ഞൂട്ടി: നിങ്ങളെന്തിനാ ചൂടാകുന്നത്…ഞാന്‍ കാശു കടം ചോദിച്ചൊന്നുമില്ലല്ലോ…
ചേട്ടന്‍: ഞാന്‍ ചൂടായാല്‍ നിനക്കെന്നാടാ…
കുഞ്ഞൂട്ടി: ഹോ…നിങ്ങളെ സമ്മതിക്കണം കേട്ടോ…നാലുംമൂന്നുമേഴ് റബറ് വിറ്റ് ഇച്ചിര കാശുകിട്ടിയപ്പഴേക്ക് ആളെ അറിയില്ലെന്നായി…ഇക്കണക്കിന് നിങ്ങള്‍ക്ക് പത്തു കാശുണ്ടായിരുന്നേല് എന്നതായിരുന്നു അവസ്ഥ.
ചേട്ടന്‍: (ചൂടായി) ഓടെടാ….നീ എന്നോടു മുട്ടാന്‍ വരുന്നോ..നിന്നെയൊക്കെ ഞാന്‍ (കല്ലു പെറുക്കി എറിയാന്‍ തുടങ്ങുന്നു)
കുഞ്ഞൂട്ടി: (ഓടിക്കൊണ്ട്) ഇയാളെന്നാ ഒരു മനുഷ്യനാ…മിന്നല്‍ ചുഴലി വന്ന് തന്റെ റബറെല്ലാം ഒടിഞ്ഞുപോട്ടെ…
ചേട്ടന്‍: നീ ചെന്ന് ചുഴലിയെ ഇങ്ങോട്ടു പറഞ്ഞുവിടെടാ…ഞാനൊന്നു കാണട്ടെ…(കൈയിലിരുന്ന കല്ലെറിഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നു) പുല്ലന്‍…
സീന്‍-2
പിറുപിറുത്തുകൊണ്ട് നടന്നുവരുന്ന ചേട്ടന്‍.
ചേട്ടന്‍: (തിരിഞ്ഞു നോക്കി) ശ്ശെ…അവനിട്ടൊന്നു കൊടുത്തുവിടേണ്ടതായിരുന്നു….(അരിശപ്പെട്ട്) റബറ് വിറ്റ് കാശുകാരനായെന്ന്…
ചേടത്തി മുറ്റത്തേക്ക് വരുന്നു.
ചേടത്തി: നിങ്ങളാരോടാ വര്‍ത്തമാനം പറയുന്നത്…
ചേട്ടന്‍: ഞാനാ പള്ളിവാതുക്കല്‍ കോരയോട്…
ചേടത്തി: ങേ…അതെന്റെ അപ്പനല്ലേ…അങ്ങേര് പോയിട്ട് നാളെത്രയായി…
ചേട്ടന്‍: ങാ…പടിക്കല്‍വരെ അങ്ങേര് എന്റെ കൂടെയുണ്ടായിരുന്നു…ഞങ്ങള് മിണ്ടിയും പറഞ്ഞുമിങ്ങുവരുവായിരുന്നു…നിന്നെ കണ്ടപ്പം അങ്ങേര് കലികയറി പോയി…
ചേടത്തി: ദേ..മനുഷ്യാ…മരിച്ചുപോയ എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ…
ചേട്ടന്‍: ഓ…പിന്നെ…ജീവിച്ചിരുന്നപ്പം നീ പറഞ്ഞ അത്രയുമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ…
ചേടത്തി: (അരിശപ്പെട്ടു തിരിച്ചു നടക്കുന്നു) നിങ്ങളോട് മിണ്ടാന്‍ വന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ..
ചേട്ടന്‍: ങാ…നീ പോകുവാണോ…കുറച്ചു ചൂടുവെള്ളം ഇങ്ങെടുത്തോ..
ചേടത്തി:(തിരിഞ്ഞുനിന്ന്) അവിടെയിരുന്നോ…ഞാനിപ്പം കൊണ്ടുവരാം….നോക്കിയിരുന്നോ…
ചേട്ടന്‍: വിതിന്‍ ടണ്‍ മിനിറ്റസ് വെള്ളം ഇവിടെയെത്തിയിരിക്കണം….(ചേട്ടന്‍ കസേരയിലിരിക്കുന്നു. പത്രമെടുത്തു വീശുന്നു.) ഹോ …എന്തൊരു ചൂട്…
ചേടത്തി വെള്ളം കൊണ്ടുവരുന്നു.
ചേട്ടന്‍: (വെള്ളം വാങ്ങിക്കൊണ്ട്) അപ്പം പേടിയുണ്ട്…വിതിന്‍ ടണ്‍ മിനിറ്റ്‌സെന്നാ പറഞ്ഞത്….കുറച്ചു കൂടി സമയമെടുത്തു വന്നാല്‍ മതിയായിരുന്നു.
ചേടത്തി: പിന്നെ പേടി…ഇനി കാറ്റെങ്ങാനും പോയാല്‍ അവസാനം ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് കൊടുത്തില്ലല്ലോ എന്ന് സങ്കടപ്പെടേണ്ടല്ലോ….
ചേട്ടന്‍: (ഗ്ലാസ് തിരികെ കൊടുത്തുകൊണ്ട്) ങാ…ഇങ്ങനെയാണേല്‍ അധികം താമസിയാതെ കാറ്റുപോകും….
ചേടത്തി: (ചുറ്റുംനോക്കിയിട്ട്) നിങ്ങള് കടേല്‍ പോയിട്ട് സാധനമൊന്നും മേടിച്ചില്ലേ…ഒരു മാസത്തേക്കുള്ള സാധനങ്ങള് മേടിക്കുമെന്നു പറഞ്ഞുപോയിട്ട്…..ഒന്നും കാണുന്നില്ലല്ലോ….
ചേട്ടന്‍: പറഞ്ഞ സാധനങ്ങളെല്ലാം മേടിച്ചു….(പോക്കറ്റില്‍ നിന്ന് ലിസ്‌റ്റെടുത്തു കൊടുത്തിട്ട്) നോക്ക്…
ചേടത്തി: (ലിസ്റ്റ് വാങ്ങിക്കൊണ്ട്) എല്ലാം വാങ്ങിയോ….ഞാന്‍ നോക്കട്ടെ…നിങ്ങള് പകുതി മറന്നുപോകും….ഒത്തിരിയുള്ളതുകൊണ്ട് വണ്ടിക്കു കൊടുത്തുവിടുമായിരിക്കുമല്ലെ.
ചേട്ടന്‍: ങാ…വണ്ടിക്കു കൊടുത്തുവിടും നീ അവിടെ നോക്കിയിരുന്നോ….
ചേടത്തി: (ചേട്ടന്‍ പറയുന്നത് ശ്രദ്ധിക്കാതെ ചേടത്തി ലിസ്റ്റില്‍ നോക്കുകയാണ്) ലിസ്റ്റ് തന്നാലും നിങ്ങള് പകുതി മുക്കും….പഞ്ചസാര മേടിച്ചോ….തൂക്കമെല്ലാം ഇതെന്നാ തിരുത്തിയല്ലോ…പഞ്ചസാര നാല്…ഇതെന്നാത്തിനാ ഇത്രേം മേടിച്ചത്….ചെറുപയറ് നാല്…ഞാന്‍ ഒന്നെന്നല്ലെ എഴുതിയത്…നിങ്ങളിതെന്നാ മനുഷ്യാ….മുടിക്കാനാണോ….
ചേട്ടന്‍: മുടിയാതിരിക്കാനായിട്ടാ…ഇങ്ങു താ…ഞാന്‍ ലിസ്റ്റ് ഒന്നൂടി വായിക്കാം….നീ നോക്കിയാല് മനസിലാകുകേല…
ചേടത്തി: ഇനി എന്നാത്തിനാ വായിക്കുന്നത്…മേടിക്കാനുള്ളത് മേടിച്ചില്ലേ…(ലിസ്റ്റ് ചേട്ടന് കൊടുക്കുന്നു)
ചേട്ടന്‍: (ലിസ്റ്റ് വായിക്കുന്നു) പഞ്ചസാര നാല്, ചെറുപയറ് അഞ്ച്, വന്‍പയര്‍ ആറ്, ഉഴുന്ന് ഏഴ്, ശര്‍ക്കര ഒന്ന്, സബോള പതിനഞ്ച്, ചെറിയ ഉള്ളി മൂന്ന്, പച്ചക്കറി എല്ലാം കൂട്ടവും വാങ്ങി….പിന്നെ ബീഫ് ഒരു കുറകും ചിക്കന്‍ ഏഴും എടുത്തിട്ടുണ്ട്….
(ചേട്ടന്‍ ലിസ്റ്റ് വായിക്കുമ്പം ചേടത്തിയുടെ ഭാവപ്രകടനങ്ങള്‍)
ചേടത്തി: എന്റെ ദൈവമേ…നിങ്ങളെക്കൊണ്ട് ഞാന്‍ തോറ്റു…നിങ്ങളിതെന്നാ ഭാവിച്ചാ…ഹോ…(ചാടിയെണീക്കുന്നു)
ചേട്ടന്‍: എടീ നീ കിടന്ന് ചാടിതുള്ളാതെ…പറയുന്നത് കേള്‍ക്ക്…
ചേടത്തി: എങ്ങനെ തുള്ളാതിരിക്കും….ഏഴു ചിക്കനും ബീഫ് ഒരു കുറകും വാങ്ങിയാല്‍ എന്നാ ചെയ്യാം… നിങ്ങളല്ലാതെ വേറെവല്ലവരും ഇങ്ങനെ സാധനങ്ങള് മേടിക്കുമോ…ഇനി അതെല്ലാം ഇരുന്നു കേടായി പോകുകേലെ….
ചേട്ടന്‍: നീയൊന്നു സമാധാനപ്പെട്….ഞാന്‍ പറയട്ടെ…
ചേടത്തി: എന്റെ സമാധാനമെല്ലാം പോയി…ഇനി വണ്ടിക്കകത്തുനിന്ന് അതെല്ലാം പെരയ്ക്കകത്തു കയറ്റണേലാ…ആരെയെങ്കിലും വിളിച്ചാലോ….(ദൂരോട്ട് നോക്കി) വണ്ടി കാണുന്നില്ലല്ലോ…നിങ്ങളേതു വണ്ടിയാ പിടിച്ചത്….
ചേട്ടന്‍: വണ്ടിയൊന്നും വരില്ല…ഒരു ആംബുലന്‍സ് പറഞ്ഞുവെച്ചിട്ടുണ്ട്…ചിലപ്പം നിനക്ക് ആവശ്യം വരും…
ചേടത്തി: ആംബുലന്‍സോ….നിങ്ങളിതെന്നാ പരസ്പര ബന്ധമില്ലാതെ പറയുന്നത്….വണ്ടിയില്ലേല് തലച്ചുമട് കൊണ്ടുവരുമോ ഇതെല്ലാം…
ചേട്ടന്‍: തലേല്‍ചുമക്കാനൊന്നുമില്ല…ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്…
ചേടത്തി: (ചുറ്റുംനോക്കി) എവിടെ …ചാക്കുകെട്ടൊന്നും കാണുന്നില്ലല്ലോ…
ചേട്ടന്‍: (താഴെയിരുന്ന കൂട് എടുത്തുകാണിക്കുന്നു) ഇതേണ്ട് ഇതിലുണ്ട്…
ചേടത്തി: നിങ്ങളെന്നാ ആളെ കളിയാക്കുവാണോ…
ചേട്ടന്‍: നീ ലിസ്റ്റ് വായിക്ക്…ഞാന്‍ സാധനങ്ങളെടുത്തു വെക്കാം…(ചുറ്റും നോക്കിയിട്ട്) പെരയ്ക്കകത്ത് പോണോ…ആരെങ്കിലും കണ്ടാല്‍ വീട് കൊള്ളയടിക്കും.
ചേടത്തി: നിങ്ങള് ചുമ്മാ കളിക്കാതെ…ഞാന്‍ ലിസ്റ്റ് വായിക്കാം….
(ചേടത്തി ലിസ്റ്റ് വായിക്കുമ്പം ചേട്ടന്‍ സാധനങ്ങള്‍് എടുത്തുവെക്കുന്നു)
ചേടത്തി: പഞ്ചസാര നാല്…
ചേട്ടന്‍: നാലു സ്പൂണ്…
ചേടത്തി: ചെറുപയര്‍ നാല്…
ചേട്ടന്‍: ചെറുപയര്‍ നാല്….(ഒരുകൂട്ടില്‍ നാലു ചെറുപയര്‍)
ചേടത്തി: വന്‍ പയര്‍ ആറ്…
ചേട്ടന്‍: ആറ്…(ഒരു കൂട്ടില് ആറ് വന്‍പയര്‍ എടുത്തുവെക്കുന്നു.)
ഓരോരോ ചെറുകൂടുകള്‍ ഓരോന്നായി എടുത്തുവെക്കുന്നു.
ചേടത്തി: സബോള പതിനഞ്ച്…
ചേട്ടന്‍: പതിനഞ്ച്….സബോളയുടെ പതിനഞ്ച് തൊലി എടുത്തുവെക്കുന്നു…
ചേടത്തി: (താടിക്കു കൈവെച്ച്) ഇതെന്നതാ ഞാനീ കാണുന്നത്…
ചേട്ടന്‍: നീ പത്രമൊന്നും വായിക്കുന്നില്ലേ…തക്കാളിക്കൊക്കെ തോക്കുമായിട്ടാ കാവലു നില്‍ക്കുന്നത്….കൂടുതല്‍് സാധനം മേടിക്കുന്നവര്‍ക്ക് പൊലീസുകാര് എസ്‌കോര്‍ട്ട് പോകുന്നുണ്ട്…
ചേടത്തി: ഇങ്ങനെ വിലകേറി പോയാലിനി എന്നാ ചെയ്യും….ജീവിക്കണ്ടെ….
ചേട്ടന്‍: നീ തത്ക്കാലത്തേക്ക് അടുക്കള അടച്ചോ…നമുക്കു പ്രകൃതിയിലേക്ക് മടങ്ങാം…പറമ്പില്‍ അടുപ്പുകൂട്ടി വല്ല കപ്പയും ചുട്ടു തിന്നു ജീവിക്കാം…
ചേടത്തി: ഇങ്ങനെയാണേല്‍ അധികം താമസിയാതെ പ്രകൃതിയില്‍ ലയിച്ചുചേരും…