മദ്യപിക്കുന്നതിന്റെ പിറ്റേന്നുള്ള പ്രതിജ്ഞ

0
61

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-25

വീടിനുള്ളില്‍ നിന്നും വേച്ചു വേച്ച് ഇറങ്ങിവരുന്ന ചേട്ടന്‍. ഭിത്തിയിലും മറ്റും പിടിച്ചാണ് വരുന്നത്. കാല് ശരിക്കും ഉറയ്ക്കുന്നില്ല. കസേരയിലേക്ക് വന്നു വീഴുന്നു. തലേദിവസത്തെ മദ്യപാനത്തിന്റെ ക്ഷീണവും അസ്വസ്ഥതയുമാണ്. തല കുമ്പിട്ടിരിക്കുന്നു. മുറ്റത്തുകൂടി നടന്നുവരുന്ന ചേടത്തി.

ചേടത്തി: (ചേട്ടനെ കണ്ട് കലിപ്പില്‍) എണീറ്റോ….എണീറ്റിട്ടുവേണം രണ്ടെണ്ണം പറയാനായിട്ടിരിക്കുവായിരുന്നു …

ചേട്ടന്‍ തലപാതിപൊക്കി നോക്കുന്നു. തലയ്ക്കു നല്ല ഭാരമാണ്.

ചേടത്തി: യ്യോ…ആ നോട്ടം കണ്ടില്ലേ…ഇന്നലെ എന്നതായിരുന്നു മനുഷ്യാ…നിങ്ങളോട് കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ…കുടിച്ചു മറിഞ്ഞ്…വായില്‍ തോന്നിയത് പറഞ്ഞ്…

ചേട്ടന്‍: എടീ പറ്റിപ്പോയി…അവന്മാര് എല്ലാം കൂടി നിര്‍ബന്ധിച്ചപ്പോ…

ചേടത്തി: അവന്മാരുമായിട്ടുള്ള കമ്പനി നിര്‍ത്തണമെന്ന് എത്രനാളായി പറയുന്നതാ…

ചേട്ടന്‍: നീ ചെന്ന് ഇച്ചിരി കട്ടന്‍ചായ എടുത്തേ…

ചേടത്തി: സമയമെത്രയായെന്നു കരുതിയാ…വൈകുന്നേരത്തെ ചായ കുടിക്കാറായി…

ചേട്ടന്‍: യ്യോ…സമയമത്രേം ആയോ…നിനക്കൊന്നു വിളിക്കാന്‍ മേലായിരുന്നോ…

ചേടത്തി: എന്നാത്തിനാ…പിന്നേം കുടിക്കാന്‍ പോകാനോ…

ചേട്ടന്‍: എടീ..ഞാന്‍ പറഞ്ഞില്ലേ…ഇന്നലെ പറ്റിപ്പോയി…

ചേടത്തി: (പാഴപിടിച്ച്) പറ്റിപ്പോയി…എന്നും നിങ്ങള്‍ക്കു പറ്റുവാണല്ലോ…നിങ്ങടെ ഈ നശിച്ച കുടികാരണം കുടുംബത്തിന്റെ മാനമാ പോകുന്നത്…

ചേട്ടന്‍: എടീ വല്ലപ്പഴുമല്ലേയുള്ളോ…അതും ആരുമറിയുകേല…

ചേടത്തി: യ്യോ…വല്ലപ്പഴും..അപ്പുറത്തെ സുമതി രാവിലെ പാലുമേടിക്കാന്‍ വന്നപ്പോ….ചേട്ടനെന്തിയേന്ന് ഒരു ആക്കിയ ചോദ്യം…ഇന്നലെ വഴിതെറ്റി അവരുടെ വീട്ടില്‍ ചെന്നായിരുന്നെന്ന്..

ചേട്ടന്‍: (ആലോചിച്ച്) അതെങ്ങനെയാ സുമതിയുടെ വീട് അവിടെയല്ലേ…ഇതിലേവരേണ്ട ഞാനെങ്ങനെയാ അതിലേ വരുന്നത്..

ചേടത്തി: കുടിച്ചു വെളിവുകെട്ട് അതിലേം ഇതിലേം പോയിട്ട് എന്നോടാണോ ചോദിക്കുന്നത്…

ചേട്ടന്‍: ഇച്ചിരി കട്ടന്‍ ചായ എടുത്തോണ്ടുവാടി..

ചേടത്തി: കള്ളു കുടിക്കാന്‍ നേരം ഞാനെടുത്തോണ്ടു വരണ്ടായിരുന്നല്ലോ…തന്നെത്താനെ പറ്റുമായിരുന്നു…

ചേട്ടന്‍: എടീ…ഞാന്‍ പറഞ്ഞില്ലേ…പറ്റിപ്പോയി…പെട്ടുപോയതാ…

ചേടത്തി: ങൂം…പെട്ടുപോയി…ഞാനാ പെട്ടുപോയത്…എന്റെ വീട്ടിലാണേല്‍ അപ്പമുണ്ടാക്കാന്‍ പോലും കള്ളുമേടിക്കുകേലാത്തതാ…ആ എനിക്കാ ഇങ്ങനെ പറ്റിയത്…

ചേട്ടന്‍: കള്ളുമേടിച്ചാല്‍ അപ്പമുണ്ടാക്കാന്‍ പോലും മിച്ചംകിട്ടുകേലെന്നു പറ…

ചേടത്തി: തല നേരേ നിക്കുന്നില്ല…എന്നിട്ടും എന്റെ വീട്ടുകാരെ പറയാന്‍ മിടുക്കാ…

ചേട്ടന്‍: എടീ എന്റെ ശരീരത്തില്‍ ജീവന്റെ അവസാന തുടിപ്പുനില്‍പ്പുണ്ടേല്‍ ഞാന്‍ പറയും…

ചേടത്തി: ഇങ്ങനെ കുടിയാണേല്‍ തുടിപ്പ് അധികംനാള് നില്‍ക്കുകേല…

ചേട്ടന്‍: എടീ കുടിക്കാനെന്തെങ്കിലുമെടുക്ക്…തൊണ്ട വരളുന്നു..ഡിഹൈഡ്രേഷനാ…

ചേടത്തി:(അകത്തേക്കു പോകുമ്പോള്‍) യ്യോ…പിന്നേ…ഇംഗ്ലീഷ് വാക്കൊക്കെ പറേന്നകേട്ടാല്‍ തോന്നും എന്തോ വലിയ കാര്യം ചെയ്തിട്ടു നില്‍ക്കുവാന്ന്…

ചേട്ടന്‍: (നെറ്റിതിരുമ്മി) ഇത്തിരി വിക്‌സ് കൂടി എടുത്തോ…ഭയങ്കര തലവേദന….(ആത്മഗതം) ഏതുനേരത്താണോ ഇന്നലെ അടിക്കാന്‍ തോന്നിയത്…ഇനി ഈ പരിപാടിക്കില്ല…രണ്ടെണ്ണം അടിച്ചു നിര്‍ത്തിയാ മതിയായിരുന്നു…

ഫോണ്‍ ബെല്ലടിക്കുന്നു.

ചേട്ടന്‍: മണിയാ…എന്നാടാ…യ്യോ…ഞാനിപ്പം ഏറ്റതേയുള്ളു….അവളുടെ തെറിവിളി നടന്നോണ്ടിരിക്കുന്നു….രണ്ടെണ്ണം അടിക്കാനോ…മിണ്ടരുത്…അടിക്കുന്ന കാര്യം ഓര്‍ക്കുമ്പഴേ ഓക്കാനിക്കുന്നു….ഞാന്‍ നിര്‍ത്തി…ഇനിയില്ല…ങേ.. വല്ലപ്പഴും ഒരു ചെറുത്..അത്രേയുള്ളു…നീ ഇന്നലെ അധികം കഴിച്ചില്ലല്ലോ…ഞാന്‍ അലമ്പായിരുന്നോ….ശ്ശെ…മോശമായിപ്പോയി….ആദ്യത്തെ കുപ്പി തീര്‍ന്നപ്പം നിര്‍ത്തിയാ മതിയായിരുന്നു…രണ്ടാമത്തേത് വാങ്ങിയതാ കുഴപ്പമായത്… (അകത്തോട്ടു നോക്കിയിട്ട്) നീ വെച്ചോ…അവള് വരുന്നുണ്ട്…ഭയങ്കര കലിപ്പിലാ…..

ചേടത്തി: ആരെയാ വിളിക്കുന്നത്…ഇന്നത്തെ കള്ളുകുടിക്കുള്ള ആളെ കൂട്ടുവായിരിക്കും….(ചായ കൊടുക്കുന്നു)

ചേട്ടന്‍: നാളെ പ്രാര്‍ത്ഥനകൂട്ടായ്മയ്ക്കുവരുന്നുണ്ടോന്ന് ചോദിച്ച് കുര്യാപ്പി വിളിച്ചതാ…(ചായ വാങ്ങുന്നു)

ചേടത്തി: അങ്ങനെ നല്ല കാര്യത്തെക്കുറിച്ച് വ്‌ല്ലോം ചിന്തിക്കുകേം പറയുകേം ചെയ്യ്…എന്നാ നിങ്ങള് നന്നാകും…

ചേട്ടന്‍ ചായ ഒരു കവിള് കുടിച്ച് ഓക്കാനിക്കുന്നു. മുറ്റത്തു പോയി ഛര്‍ദിക്കുന്നു.

ചേടത്തി: ന്റെ ദൈവമേ ഉള്ള പൂള കള്ളെല്ലാം വലിച്ചുകേറ്റിയേച്ച്….ഛര്‍ദിച്ചു കൂട്ടുവാ…

ചേട്ടന്‍: (അവശനായി) ഒന്നുമില്ലെടീ…ഓക്കാനിക്കുന്നതാ…

ചേടത്തി: അതിനുവല്ലതുംവേണ്ടെ ഛര്‍ദിക്കാന്‍…ഉള്ളതെല്ലാം ഇന്നലെ വരാന്തേലും മുറിയിലുമായിട്ട് തട്ടി…

ചേട്ടന്‍: (ക്ഷീണത്തോടെ) എനിക്കൊന്നുമോര്‍മയില്ലെടീ…നിര്‍ത്തി…ഇനിയില്ല….

ചേടത്തി: നിര്‍ത്തി…പാതിരായാകുമ്പം തിണ്ണേല്‍ നീളത്തില്‍ കെടക്കുന്നതു കാണാം…

ചേട്ടന്‍: ഇന്നലെ തിണ്ണേലായിരുന്നോ ഞാന്‍…നടേല്‍ വന്നിരുന്നത് ഓര്‍മയുണ്ട്….

ചേടത്തി: കാണാഞ്ഞിട്ട് ഫോണ്‍ വിളിച്ചപ്പം തിണ്ണേന്ന് ബെല്ലടിക്കുന്നു…നോക്കിയപ്പം അവിടെ കെടപ്പുണ്ട്…ചെറുക്കനും ഞാനുംകൂടി വലിച്ചാ അകത്തു കയറ്റിയത്…എടുത്താല്‍ പൊങ്ങുമോ…

ചേട്ടന്‍: ശ്ശെ…മോശമായിപ്പോയി…

ചേടത്തി: കളിയാക്കി ചിരിയുമായിട്ട് മരുമോള്…അവള് പറയുവാ അവടെ വീട്ടിലാരും കുടിക്കത്തില്ലെന്ന്…എന്റെ തൊലിയുരിഞ്ഞുപോയി….

ചേട്ടന്‍: നീ അതുവിട്…ഇനി ഈ പരിപാടിയില്ല…

ചേടത്തി: ആണ്ട് കുര്യാപ്പി വരുന്നു…കറക്ട് ടൈമിംഗാ…ഇപ്പം കേട്ടോണം ഇന്നലത്തെ നിങ്ങടെ പുറത്തെ പ്രകടനം…

ചേട്ടന്‍: ഇവനെന്തിനാ ഇപ്പം ഇങ്ങോട്ട് കെട്ടിയെടുക്കുന്നേ…

കുര്യാപ്പി വരുന്നു. ഒരു ആക്കിയ ചിരിയോടെയാണ് വരുന്നത്..

കുര്യാപ്പി: എന്നാ..വസന്ത പിടിച്ച കോഴിയെപ്പോലെ തലകുമ്പിട്ടിരിക്കുന്നത്…ഇന്നലെ ഉറങ്ങിയില്ലേ…

ചേടത്തി: ഉറക്കം കൂടിപ്പോയി…ഇപ്പഴാ എണീറ്റത്…

കുര്യാപ്പി: ഇന്നലത്തെ വരവ് കണ്ടപ്പം മൂന്നാംപക്കമേ എണീക്കുവുള്ളൂവെന്നാ ഞാന്‍ കരുതിയത്…

ചേടത്തി: മൂന്നുദിവസം ഉറങ്ങി കിടന്നായിരുന്നേ…മൂന്നു ദിവസം കുടിക്കാതിരുന്നേനേ…

ചേട്ടന്‍: നിന്റെ പറച്ചിലു കേട്ടാ തോന്നുമല്ലോ..ഞാനെന്നും കുടിയാന്ന്…

കുര്യാപ്പി: അതിപ്പം നമ്മളിങ്ങനെ പറയാന്‍ അവസരം ഉണ്ടാക്കികൊടുക്കരുത്…

ചേട്ടന്‍: ഒത്തിരി നാളുകൂടി ഇന്നലെ ഇച്ചിരി ഓവറായിപ്പോയി…ഞാന്‍ സമ്മതിച്ചു…എന്നുകരുതി എന്നെ മുഴുക്കുടിയനാക്കരുത്…

ചേട്ടന്‍ വീണ്ടും ഓക്കാനിക്കുന്നു.

കുര്യാപ്പി: ഇന്നലെ നല്ല കീറായിരുന്നല്ലോ…ഇത്രേം നേരമായിട്ടും കെട്ടുവിടാത്തത്….

ചേടത്തി: കുടിക്കാന്‍ തുടങ്ങിക്കഴിഞ്ഞാലിങ്ങേരിങ്ങനെയാ…ചുമ്മാ വലിച്ചുകേറ്റും…

ചേട്ടന്‍: എടീ ഞാന്‍ പറഞ്ഞില്ലേ…ഇന്നലെ പറ്റിപ്പോയി…എല്ലാവരുംകൂടി നിര്‍ബന്ധിച്ചപ്പോ….

കുര്യാപ്പി: അവരുപറഞ്ഞു…ഇവരു പറഞ്ഞു..എന്നു പറഞ്ഞിട്ടു കാര്യമില്ല…നമ്മടെ കാര്യം നമ്മള് തീരുമാനിക്കണം…നമ്മള്‍ക്കൊരു സെല്‍ഫ് കണ്‍്‌ട്രോള്‍ വേണം…

ചേട്ടന്‍: (കലിപ്പിച്ച്) കുര്യാപ്പീ….

കുര്യാപ്പി: (അതുവകവെക്കാതെ) ഇന്നലെ വൈകീട്ട് ഞാന്‍ ചോദിച്ചപ്പോ കവലേവരെ പോകുവാന്നല്ലേ പറഞ്ഞത്…പ്രാര്‍ത്ഥനകൂട്ടായ്മയ്ക്കു വരാന്‍ വിളിച്ചതാ…അന്നേരം അടുത്തയാഴ്ച വരാമെന്നു പറഞ്ഞു പോയി…എന്റെ കൂടെ വന്നായിരുന്നേല്‍ ഇങ്ങനെ പറ്റുമായിരുന്നോ….

ചേടത്തി: കണ്ടോ…ദൈവമായിട്ട് കുര്യാപ്പിയുടെ രൂപത്തില്‍ വന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയതാ…അന്നേരം ചെകുത്താന്റെ വാക്കുകേട്ട് കള്ളുകുടിക്കാന്‍ പോയി…

കുര്യാപ്പി: ഒരു കുടിയന്‍ വീട്ടിലുള്ളത് ആ വീടിന്റെ ശാപമാ…ഒരു കുടിയന്റെ വീട് ആ നാടിന്റെ ശാപമാ…കുടിയന്മാരുള്ള നാട് ഭൂമിക്കു തന്നെ ശാപമാ…

ചേട്ടന്‍: കുടിയന്മാരുള്ളതു കൊണ്ടാ ഇപ്പോ നാട് നേരേ നില്‍ക്കുന്നത്…

ചേടത്തി: പിന്നെ നിങ്ങടെ നിലത്തുറയ്ക്കാത്ത കാലുകൊണ്ടല്ലെ ഇനി നാടു നേരെ നിര്‍ത്താന്‍ പോകുന്നത്…

കുര്യാപ്പി: ഇനിയെങ്കിലും താനീ കുടിയൊന്നു നിര്‍ത്ത്…ഈ സ്ത്രീയുടെ കണ്ണീരിന് ഒരു ഫലമുണ്ടാകട്ടെ…

ചേട്ടന്‍: അതിന് ഇവളെപ്പഴാ കരഞ്ഞത്..ഞാന്‍ കണ്ടിട്ടില്ലല്ലോ…സവാള അരിയുമ്പം പോലും കണ്ണില്‍ നിന്ന് വെള്ളം വരാത്തവളാ…

കുര്യാപ്പി: കുടിയന്റെ വീട്ടില്‍ നിന്നുയരുന്നതേ…. അവിടുത്തെ പെണ്ണുങ്ങടെ ഉള്ളുപൊട്ടിയുള്ള നിലവിളികളാ…അതിനു മറുപടി പറയേണ്ടിവരും…

ചേട്ടന്‍: ഇവിടെ ഛര്‍ദിച്ച് എന്റെ തൊണ്ടപൊട്ടിയിരിക്കുവാ…അല്ലേല്‍ ഞാന്‍ മറുപടി പറഞ്ഞേനേ…

ചേടത്തി: കണ്ടോ..നല്ലത് പറഞ്ഞു കൊടുക്കുന്നവരോട് കലിപ്പാ…ഇപ്പം കുര്യാപ്പി ഒരു കുപ്പിയുമായിട്ട് വന്നായിരുന്നേല്‍ കാണായിരുന്നു…സ്‌നേഹപ്രകടനം…

ചേട്ടന്‍: (പല്ലുകടിച്ച്) കുര്യാപ്പി….

കുര്യാപ്പി: എനിക്ക് നല്ലതു പറഞ്ഞുതരാനല്ലെ പറ്റു…കേട്ടാല്‍ തനിക്കുകൊള്ളാം…

ചേടത്തി: കുര്യാപ്പിക്ക് കുടിക്കാനെന്നതാ ചായ എടുക്കട്ടെ…

കുര്യാപ്പി: ഒന്നും വേണ്ട..അല്ലേലും ഞാന്‍ ചായകുടിയില്ല…അതൊക്കെയും ലഹരിയുടെ വേറേവകഭേദങ്ങളാ…

ചേട്ടന്‍; എനിക്കൊരു കട്ടന്‍ ചായ എടുത്തേക്ക്…തൊണ്ടവരളുന്നു…

ചേടത്തി: നിങ്ങക്കെന്തിനാ ചായ…ഇവിടെയിരുന്നു കുടിക്കും…അങ്ങോട്ടുപോയി വാളുവെക്കും….ചുമ്മാ ചായപ്പൊടി തീര്‍ക്കാനായിട്ട്…(്അകത്തേക്കു പോകുന്നു)

കുര്യാപ്പി: തന്റെ വാളുവെയ് തീര്‍ന്നില്ലേ…അതെന്നാ അടിയായിരുന്നു ഇന്നലെ…

ചേട്ടന്‍: (കലിപ്പിച്ച്) കുര്യാപ്പീ…ക്ഷമേടെ നെല്ലിപ്പലക കണ്ടാ ഞാനിവിടെ ഇരിക്കുന്നത്…വേഗംസ്ഥലംവിട്ടോ…ശവത്തേ് കുത്തി മതിയായില്ലേ…

കുര്യാപ്പി: ഞാന്‍ കുത്തും…ഇനീം കുത്തും…തന്നോട് ഞാനും കൂടിവരട്ടെയെന്ന് ചോദിച്ചപ്പോ എന്നതാ പറഞ്ഞത്….ഒരു പരിപാടിയുമില്ലെന്ന്…

ചേട്ടന്‍: ഇന്നലത്തേത് അവന്മാര് പെട്ടെന്ന് കുപ്പി മേടിക്കാന്‍ പ്ലാനിട്ടതാടോ…

കുര്യാപ്പി: അതേന്ന്…എനിക്കൊരു രണ്ടെണ്ണം തരാന്‍ തോന്നിയില്ലല്ലോ…അന്നേരം ഞാനിത്രയേലും ചെയ്യേണ്ടെ…

ചേട്ടന്‍: എന്നാലും തന്നെക്കൊണ്ടിതെങ്ങനെ സാധിക്കുന്നു…

കുര്യാപ്പി: അതുവെറും സിമ്പിള്…കുടിച്ചാ കള്ള് വയറ്റികിടക്കണം…അല്ലാതെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുതുകത്തോട്ട് കയറാന്‍ ചെല്ലരുത്…

ചേട്ടന്‍ വീണ്ടും ഓക്കാനിക്കുന്നു.

കുര്യാപ്പി: എന്നാ തന്റെ പരിപാടി നടക്കട്ട്…ഞാന്‍ പോകുന്നു…ഇനിയേലും എന്നെ ഒഴിവാക്കരുത്…(നടന്നുകൊണ്ട് തോളുകുലുക്കി) ഹോ…ഇപ്പഴാ ഒരു സമാധാനമായത്…ഇന്നലെ കിടന്നിട്ട് ഉറങ്ങാന്‍ പറ്റുകേലായിരുന്നു.

ചേട്ടന്‍: (കുര്യാപ്പി പോകുന്നത് നോക്കി) ന്റെ കുര്യാപ്പി…നിന്നെ സമ്മതിക്കണം…(തലയില്‍ കൈവെച്ച്) ന്റെ ദൈവമേ തല പൊട്ടിപിളരുന്നതുപോലെ…ഇനി എന്റെ ജീവിതത്തില്‍ കുടിക്കുകേല..എല്ലാം നിര്‍ത്തി…(വീണ്ടും ഓക്കാനിക്കുന്നു)

രണ്ടു ദിവസങ്ങള്‍ക്കുശേഷം.

ഉത്സാഹത്തോടെയിരുന്ന് പത്രം വായിക്കുന്ന ചേട്ടന്‍. ഫോണ്‍ ബെല്ലടിക്കുന്നു.

ചേട്ടന്‍:(ഫോണെടുത്ത്) മണിയാ…പറ…എന്നാ ഉണ്ട്…ഓ…ഞാനിവിടെ പത്രം വായിച്ചിരിക്കുന്നു….പിന്നെ…ചുറ്റിക്കളിയൊന്നുമില്ലേ…പിന്നേ…ഞാന്‍ റെഡി…നീയെല്ലാം സെറ്റപ്പാക്കിക്കോ…ഞാനിതായെത്തി….പിന്നെ കണ്ട കൂതറ സാധനമൊന്നും മേടിച്ചേക്കരുത്….നല്ലതു വാങ്ങണം…വേണ്ട..വേണ്ട..കുര്യാപ്പിയെ വിളിക്കേണ്ട…അവനെ… കഴിഞ്ഞദിവസം എനിക്കിട്ടൊരു പണി തന്നു…ഞാനിതാ വന്നു

ഉത്സാഹത്തോടെ ചാടിയെണീറ്റ് പത്രം മടക്കി കസേരയിലോട്ടിട്ട് അകത്തേക്കൊന്നു പാളി നോക്കി ഒറ്റ വിടീല്….

LEAVE A REPLY

Please enter your comment!
Please enter your name here