അയല്‍വീട്ടിലേക്കുള്ള ഒളിഞ്ഞുനോട്ടം

0
33

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-26

കപ്പയ്ക്കു കിളച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. രണ്ടു കിളച്ച് നിര്‍ത്തി വീട്ടിലോട്ട് നോക്കുന്നു. വീണ്ടും കിളയ്ക്കുന്നു. നോക്കുന്നു. ചേടത്തിയെ കാണാത്തതിലുള്ള അരിശം മുഖത്ത്. വീണ്ടും കിളയ്ക്കുന്നു. അരിശം തൂമ്പയോടും മണ്ണിനോടും തീര്‍ക്കുകയാണ്.

ചേട്ടന്‍: (കിള നിര്‍ത്തി) ഇവളോട് ഇച്ചിര വെള്ളം കൊണ്ടുവരാന്‍ പറഞ്ഞിട്ട് നേരമെത്രയായി. ഇവിടെ കിടന്ന് ഞാന്‍ തൊണ്ടവരണ്ട് ചത്താലും ഇവളറിയുകേലല്ലോ…(തൂമ്പ വലിച്ചെറിഞ്ഞ്) ഇവളെ അങ്ങനെ വിട്ടാല്‍ പറ്റുകേലല്ലോ….(കലിതുള്ളി വീട്ടിലോട്ട് പോകുന്നു)

സീന്‍-2.
വരാന്തയില്‍ ഫോണ്‍ തോണ്ടികൊണ്ടിരിക്കുന്ന ചേടത്തി. അരികില്‍ ഒരു കുപ്പി വെള്ളവുമുണ്ട്. കലിതുള്ളി വരുന്ന ചേട്ടന്‍. ഫോണ്‍ തോണ്ടിയിരിക്കുന്ന ചേടത്തിയെ കണ്ടതും അരിശം കൂടി.

ചേട്ടന്‍: നിന്റെ ചെവി കേക്കുകേലേടീ…അവിടെ കിടന്ന് എന്തേരെ തൊള്ളതുറന്ന് വിളിച്ചു …കുറച്ചുവെള്ളം കൊണ്ടുവരാന്…

ചേടത്തി: (ഫോണ്‍ താഴെവെച്ച്) യ്യോ…ഞാന്‍ വെള്ളവുമായിട്ട് അങ്ങോട്ടുവരുവായിരുന്നു….ഫോണേല്‍ മെസ്സേജ് വല്ലതും ഉണ്ടോയെന്നു നോക്കിയിട്ടു വരാമെന്നു കരുതി….

ചേട്ടന്‍: (പാഴപിടിച്ച്) മെസ്സേജ് നോക്കി…ആരാടി നിനക്കിത്ര മെസ്സേജ് അയയ്ക്കാന്‍…കെട്ടിയോന്‍ തൊണ്ട നനയ്ക്കാന്‍ വെള്ളം കിട്ടാതെ ചാകാന്‍ തുടങ്ങുമ്പഴാ അവളുടെ മെസ്സേജ് നോട്ടം…

ചേടത്തി: നിങ്ങളിതെന്നാ ഇങ്ങനെ കിടന്ന് ചാടിതുള്ളുന്നത്..പറമ്പിലോട്ട് പോയതല്ലേയുള്ളു….ദീഹിക്കുമ്പഴേക്ക് വെള്ളം കൊണ്ടുവന്നാല്‍ പോരേ…

ചേട്ടന്‍: അയ്യ…പറമ്പിലോട്ട് പോയതേയുള്ളു…സമയമെത്രയായെന്നറിയാമോ…അതെങ്ങനെയാ ഫോണേല്‍ കളിച്ചോണ്ടിരുന്നാല്‍ സമയം പോകുന്നത് അറിയുമോ…

ചേടത്തി: (വെള്ളകുപ്പിനീട്ടി) ഇന്നാ കുടി…ഇനി വെള്ളം കിട്ടാതെ മരിച്ചുപോകേണ്ട്…

ചേട്ടന്‍: അങ്ങനെ പുറത്തുവരട്ടെ…നിന്റെ മനസിലിരുപ്പ് വെളീവന്നു…ഞാന്‍ തട്ടിപോകുന്നേല്‍ പൊക്കോട്ടേന്ന്…

ചേടത്തി: നിങ്ങളിതെന്നാ എഴുതാപ്പുറം വായിക്കുന്നത്…

ചേട്ടന്‍: എഴുതാപ്പുറമൊന്നുമല്ല…നിന്റെ മനസാ ഞാന്‍ വായിച്ചത്…

ചേടത്തി: പിന്നേ…കടലാസേലെഴുതിയത് നേരേ ചൊവ്വേ വായിക്കാന്‍ അറിയുകേല…അന്നേരമാ മനസു വായിക്കുന്നത്…

ചേട്ടന്‍: ങാഹാ…കൊത്തികൊത്തി നീ എങ്ങോട്ടാടീ കേറിപ്പോകുന്നത്…എഴുതാനും വായിക്കാനുമറിയാത്തതേ എന്റെ അമ്മായിയപ്പന്…

ചേടത്തി: എന്റെ അമ്മായിയപ്പന് പറഞ്ഞാലുണ്ടല്ലോ…

ചേട്ടന്‍: പറഞ്ഞാല്‍ നീ എന്നാ ചെയ്യുമെടീ…

രണ്ടുപേരും പരസ്പരം കടിച്ചു കീറാന്‍ നിക്കുന്നതുപോലെ. അതിനു മുകളിലേക്ക് ഒരു ശബ്ദ്ം. അയല്‍്കകാരന്റേതാണ്.

അയല്‍ക്കാരന്‍; ഒന്നു നിര്‍ത്ത്…നിങ്ങള് തമ്മില്‍തല്ലി ചാകുമോ…

ചേട്ടന്‍: (തിരിഞ്ഞു നോ്ക്കിയിട്ട്) ങാ..അയലോക്കംകാരും വന്നു…(ചേടത്തിയോട്) നീ നേരത്തെ എല്ലാം ശട്ടം കെട്ടിവെച്ചിരിക്കുകയാ അല്ലേ.. ഇടപെടാന്‍ ആള്‍ക്കാരെ…

ചേടത്തി: വേണ്ടാതീനം പറയരുത്…എനിക്കാരുടേം മധ്യസ്ഥതവേണ്ട…

അയല്‍ക്കാരന്‍: നിങ്ങള് തമ്മില്‍ തര്‍ക്കം വേണ്ട…എന്നും കേള്‍ക്കാം ഇവിടെ ബഹളം…ഒരു ഉത്തമനായ അയല്‍വാസി എന്ന നിലയില്‍ ഞാന്‍ ഇടപെട്ടുവെന്നേയുള്ളു…

ചേട്ടന്‍: എന്നാലുത്തമാ….ഞാന്‍ പറയാം…

അയല്‍ക്കാരന്‍: ഉത്തമനല്ല…വാസു…എന്നെ മനസിലായില്ലേ…അപ്പുറത്തെ വീട്ടില്‍ പുതിയ താമസത്തിനു വന്നതാ…

ചേട്ടന്‍: താനല്ലേ ആദ്യം ഉത്തമനാന്നു പറഞ്ഞത്…

വാസു: അത് എന്നെ ഒന്നു വിശേഷിപ്പിച്ചതല്ലേ…ഉത്തമനായ അയല്‍വാസിയെന്ന്…

ചേട്ടന്‍: എന്നാല്‍ പുതിയ അയല്‍വാസി വലിയ ഡെക്കറേഷന്‍ ഒന്നും ഇടേണ്ട്….(മൊത്തത്തില്‍ നോക്കിയിട്ട്) കണ്ടിട്ട് അതിനുള്ളതൊന്നുമില്ല…

ചേടത്തി: (ചേട്ടനോട്) ഇങ്ങനാണോ പുതിയ അയല്‍ക്കാരന്‍ ആദ്യമായിട്ട് വീട്ടില്‍ വരുമ്പം സംസാരിക്കേണ്ടത്.

ചേട്ടന്‍: ഞാന്‍ വിളിച്ചിട്ട് വന്നതൊന്നുമല്ലല്ലോ…തന്നെ കേറിവന്നതല്ലേ…

വാസു: ഞാന്‍ ഒരു മാസമായി താമസം തുടങ്ങിയിട്ട്…എന്നും ഇങ്ങോട്ടു വരാനായിട്ട് ഇറങ്ങും…അന്നേരമെല്ലാം ഇവിടുന്ന് ബഹളം കേള്‍ക്കാം…തമ്മിലടിച്ചി നില്‍്ക്കുന്നിടത്തേക്ക് എന്നാ വരാനാന്ന് കരുതി തിരിച്ചു പോകും….

ചേട്ടന്‍: എന്നാ പിന്നെ ഇന്നും അങ്ങനെ തിരിച്ചുപോകാന്‍ മേലായിരുന്നോ…

വാസു: നമുക്കിതുനോരു പരിഹാരം വേണ്ടേ…എന്നും ഇങ്ങനെ വഴക്കുണ്ടാക്കി കഴിഞ്ഞാല്‍ മതിയോ…ഇതു ജീവിതമല്ലേ…അത് ആസ്വദിച്ചി തീര്‍ക്കണം…

ചേടത്തി: എന്റെ ഉത്തമാ…

വാസു: (ഇടേല്‍ക്കയറി) വാസു…

ചേടത്തി: ങാ…ഉത്തമനായ വാസു…എന്നും വഴക്കും ബഹളവുമാ…എന്നോടു ചിരിച്ചോണ്ട് ഈ മനുഷ്യന്‍ ഒന്നു വര്‍ത്തമാനം പറയുകേല…

വാസു: ചേട്ടന് ഒന്നു ചിരിച്ചാലെന്നാ…ചിരി ആയുസ്സുംകൂട്ടുമെന്നല്ലേ പറയുന്നത്…

ചേട്ടന്‍: അങ്ങോട്ടുനോക്കിയാലെങ്ങനെ ചിരിക്കാന്‍ തോന്നും…ആയുസ്സൊന്നും നീട്ടേണ്ട…(മുകളിലേക്ക് നോക്കി) ന്റെ ദൈവമേ എത്രേം പെട്ടെന്ന് നീ മുകളിലോട്ടെടുക്കണേ…

ചേടത്തി: കണ്ടോ…എന്നെ മുകളിലോട്ടെടുക്കണമെന്നല്ലേ അങ്ങേര് പ്രാര്‍ത്ഥിക്കുന്നത്…

വാസു: ഇങ്ങനെ നിങ്ങള് രണ്ടുപേരും പറഞ്ഞോണ്ടിരുന്നാല്‍ എങ്ങുമെത്തില്ല…ചേട്ടനിങ്ങുവന്നേ…നമുക്ക് സംസാരിക്കാം….അതുകഴിഞ്ഞ് ചേടത്തിയുമായി സംസാരിക്കാം….

ചേട്ടനെ വിളിച്ചു മാറ്റി നിര്‍ത്തി സംസാരിക്കുന്നു.

വാസു: ഇനി പറ എന്നതാ നിങ്ങടെ പ്രശ്‌നം..

ചേട്ടന്‍: (എളിക്കു കൈകുത്തി) പറ…എന്നതാ നിന്റെ പ്ര്ശ്‌നം…

വാസു: ങേ..നിങ്ങടെ കുടുംബപ്രശ്‌നം പരിഹരിക്കാനല്ലേ ഞാന് #വന്നത്…

ചേട്ടന്‍: ഞാന്‍ നിന്നോട് പറഞ്ഞോ…നിന്നെ വിളിച്ചോ…ഇവിടെ എന്നതേലും പരിഹരിക്കാന്‍….

വാസു: ചേട്ടാ..ആദ്യമേ ഈ ഉടക്കുമൂഡു കള…എല്ലാവരോടും സ്‌നേഹത്തോടും ചിരിച്ചോണ്ടും ഇടപെട്…

ചേട്ടന്‍: അമ്പടാ ഉത്തമാ…നീ എന്നെ മര്യാദപഠിപ്പിക്കാനിറങ്ങിയതാ അല്ലേ….

വാസു: ചേട്ടാ…ശാന്തനാക്…ഞാന്‍ അതിനൊന്നും വന്നതല്ല…അയല്‍വക്കത്ത് ശാന്തി ഉണ്ടാകണം…

ചേട്ടന്‍: ങാഹാ…നീ ശാന്തിയെ അന്വേഷിച്ചിറങ്ങിയതാണോ…രണ്ടു വീടിന്റെ കൂടെ അപ്പുറത്താ അവള് താമസിക്കുന്നത്…

വാസു: ചേട്ടന്‍ തമാശക്കാരനാണല്ലേ…ഈ പ്രശ്‌നം തീര്‍ന്നിട്ടാട്ടേ…നമുക്കൊന്നു കൂടണം…

ചേട്ടന്‍: പ്രശ്‌നം തീര്‍ന്നിട്ടു കൂടിച്ച നടക്കുകേല..ഇന്നു തന്നെ കൂടിയേക്കാം…

വാസു: അങ്ങനെ പറയരുത്…പരിഹരിക്കാനാവാത്ത പ്രശ്‌നം എന്തേലുമുണ്ടോ…

ചേട്ടന്‍: എന്നാലുത്തമന്‍ പറ എന്നതാ ചെയ്യേണ്ടത്….പെട്ടെന്ന് പറയണം നമുക്ക് കൂടാനുള്ളതാ..

വാസു: (മധ്യസ്ഥശ്രമം വിജയിച്ചെന്ന ഭാവത്തില്‍) അതുമതി വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ തന്നെ പ്രശ്‌നം പാതി പരിഹരിച്ചു…ഇനി നമ്മടെ ഭാര്യയുമായിട്ട് സംസാരിക്കാം…

ചേട്ടന്‍: നമ്മടെ ഭാര്യയല്ല…എന്റെ ഭാര്യ…

വാസു: ഞാന്‍ ബഹുവചനത്തിലൊന്നു പിടിച്ചെന്നേയുള്ളു…

ചേട്ടന്‍: ഭാര്യയുടെ കാര്യത്തില്‍ ഏകവചനം മതി…

സീന്‍-3

ചേടത്തിയുടെ അരികിലേക്ക് വരുന്ന വാസുവും ചേട്ടനും.

വാസു: ദേ..ചേട്ടനുമായിട്ട് വിശദമായിട്ട് സംസാരിച്ചു..പകുതി സോള്‍വായിട്ടുണ്ട്…നമുക്ക് മാറിനില്‍ക്കാം..ചേടത്തിക്കു പറയാനുള്‌ലത് കേള്‍ക്കട്ടെ…

ചേടത്തി: അങ്ങനെയിപ്പം മാറിയൊന്നും നില്‍ക്കേണ്ട…ഇവിടെ നിന്ന് പറയാനുളളതൊക്കെയേയുള്ളു…

ചേട്ടന്‍: അതുമതി…അവളുപറഞ്ഞതാ അതിന്റെ ശരി….

വാസു: നമുക്ക് പ്രശ്‌നം പരിഹരിക്കേണ്ടേ…

ചേട്ടന്‍: അല്ല ഉത്തമാ…നിന്നെ ആരാ ഇങ്ങോട്ടു വിളിച്ചത്..പ്ര്ശ്‌നം പരിഹരിക്കാന്‍….നീ വിളിച്ചോടീ…

ചേടത്തി: യ്യേ…ഞാനിയാളെ ഇ്ന്നാ ആദ്യമായിട്ട് കാണുന്നത്…

വാസു: അതല്ല…ഒരു ഉത്തമനായ അയല്‍വാസി എന്നനിലയില്‍…

ചേട്ടന്‍: എന്റെ ചെലവില്‍ നീ ഉത്തമനാകേണ്ട്….ഇവിടുത്തെ പ്രശ്‌നമൊക്കെ ഞാന്‍ പരിഹരിച്ചോളാം…

ചേടത്തി: അതിനിവിടെയെന്നതാന്നേ ഇത്ര പരിഹരിക്കാനുള്ള പ്ര്ശ്‌നം…

ചേട്ടന്‍: അതും ശരിയാണല്ലോ..ഇവിടെയെന്നതാ പ്രശ്‌നം…

വാസു: നിങ്ങളു തമ്മില് വഴക്കും ബഹളവും…

ചേട്ടന്‍: (കളിയാക്കി ചിരിച്ച്) ശ്ശെടാ അതുകൊള്ളാമല്ലോ…ഞങ്ങള്‍ക്ക് ഒച്ചേലൊന്നു സംസാരിക്കാനും കൂടി പറ്റുകേലേ…

ചേടത്തി: അല്ലേലും ഇയാളെന്നാത്തിനാ അയലോക്കത്തോട്ടും നോക്കിയിരിക്കുന്നത്….

വാസു: നിങ്ങളിപ്പം ഈച്ചേംശര്‍ക്കരയുമായോ…ഒത്തുതീര്‍പ്പിനുവന്നവന്‍ ഔട്ട്…

ചേട്ടന്‍: അതിങ്ങോട്ടു വരുന്നതിനുമുന്നേ ആലോചിക്കണമായിരുന്നു…ഉത്തമന്‍ വിട്ടോ…(പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നു)

ചേടത്തി: ചുമ്മാ സമയം കളയാനായിട്ട് ഓരോരുത്തര്വരും….(തിരിഞ്ഞ് ചേട്ടനോടൊപ്പം നടക്കുനന്ു)..യ്യോ…നിങ്ങള് വെള്ളം കുടിച്ചില്ലല്ലോ…അയാളുടെ ചെലപ്പ് കേട്ടോണ്ടിരുന്നപ്പം ഞാനതങ്ങുമറന്നു….

തിരിച്ചു നടക്കുന്ന വാസു.

വാസു: ഒരു കാര്യവുമില്ലാതെ ചെന്നുകേറികൊടുത്തതാ…ഇനി ഈ വഴിക്കില്ല..

ശൂശൂ എന്നുള്ള വിളികേട്ട് വാസു നോക്കുന്നു. ആരെയും കാണുന്നില്ല. നടക്കുന്നു. വീണ്ടും ശൂ വിളി…

റബറിന്റെ മറവില്‍ കുര്യാപ്പി.

കുര്യാപ്പി: വയറുനിറച്ചു കിട്ടിയില്ലേ…താനല്ലാതെ വല്ലവരും അങ്ങോട്ടുചെന്നു കേറികൊടുക്കുമോ…

വാസു: ഇവിടെയെന്നാ എടുക്കുവാ…എല്ലാം കേട്ടോ…

കുര്യാപ്പി: വഴക്കും ബഹളവും കഴിയുമ്പം അവര് ഒന്നിക്കും…ഇടപെടാന്‍ ചെല്ലുന്നവനേ രണ്ടുംകൂടി പഞ്ഞിക്കിടും…

വാസു:യ്യോ..ഞാനിനി ആ ഭാഗത്തേക്കില്ല…

കുര്യാപ്പി: അതാ തടിക്കു നല്ലത്…ഇവിടെ മറഞ്ഞിരുന്ന് കേള്‍ക്കാന്‍നല്ല രസമാ…

വാസു: അതുകൊള്ളാം…എന്നാ ഞാനും കൂടാം..ചുമ്മാ ഒരു നേരംപോക്ക…

കുര്യാപ്പി: ഈ റബറ് ഞാന്‍ സ്ഥിരം ബുക്ക് ചെയ്തിരിക്കുന്നതാ…അപ്പുറത്തെ റബറിന്റെ ചുവട് പിടിച്ചോ..

റബറിന്റെ മറവില്‍ നിന്നും തലമാത്രം പുറത്തേക്കു നീട്ടിനോക്കുന്ന രണ്ടുപേരുടെയും ദൃശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here