ചേട്ടനും ചേടത്തിയും
എപ്പിസോഡ്-28
ചേടത്തി പത്രം വായിച്ചിരിക്കുന്നു. ചേട്ടന്‍ മൊബൈല് കാണുന്നു.
ചേട്ടന്‍: ഇതുകൊള്ളാം സൂപ്പര്‍…
ചേടത്തി: (പത്രം വായന നിര്‍ത്തി) ഇതെന്നാ രാവിലെ മൊബൈലും കണ്ടിരിക്കുന്നത്.
ചേട്ടന്‍: എടീ ഇതുകണ്ടോ ഓരോരുത്തരുടെയും കാശുണ്ടാക്കാനുള്ള പരിപാടികളേ…നിസാരമാ നമുക്കും പറ്റും…പക്ഷേ നമ്മള് ചെയ്യുന്നില്ല.
ചേടത്തി: കാശുണ്ടാക്കണമെങ്കില്‍ പറമ്പിലിറങ്ങി അധ്വാനിക്കണം…അല്ലാതെ മൊബൈലും തോണ്ടിയിരുന്നാല്‍ പറ്റുകേല…
ചേട്ടന്‍: എടീ നീ ഏതു യുഗത്തിലാ ജീവിക്കുന്നത്…മണ്ണില്‍ പണിത് കാശുണ്ടാക്കുന്നതൊക്കെ പണ്ട്…ഇപ്പം മൊബൈലേല്‍ തോണ്ടിയാ കാശുവാരുന്നത്…
ചേടത്തി: നിങ്ങളിത് എന്നാ പൊട്ടാ വിളിച്ചു പറയുന്നത്…ഇതേതോണ്ടിയിരുന്നാല്‍ റിചാര്‍ജ് ചെയ്ത് കാശുകളയാമെന്നല്ലാതെ ആരാ കാശുതരുന്നത്…
ചേട്ടന്‍: ഇതാണ് ഞാനെപ്പഴും പറയുന്നത് അപഡേറ്റഡല്ല എന്നു പറയുന്നത്…ചുറ്റും നടക്കുന്നതും മാറ്റങ്ങളും ഒന്നും അറിയുന്നില്ല…ചുമ്മാ അടുക്കള…മുറ്റം …മുറ്റം..അടുക്കള..ഇങ്ങനെ നടക്കും…
ചേടത്തി: ഓ..ഞാനീ അടുക്കളേം മുറ്റവുമായിട്ടൊക്കെ കഴിഞ്ഞോളാമേ…
ചേട്ടന്‍: ഈ ആറ്റിറ്റിയൂഡാണ് പ്രശ്‌നം…അതുപോര….നമ്മളിതിലെ കടന്നുപോയെന്നുള്ളതിന്റെ അടയാളങ്ങള്‍ ഇവിടെ കാണണം…അതു പതിപ്പിക്കണം…പുറകേ വരുന്നവര്‍ അതു കാണണം…സ്മരിക്കണം…
ചേടത്തി: ഓ…നമ്മളെ ആരും സ്മരിക്കുകയൊന്നും വേണ്ടേ…എന്നാതാണേലും വിശക്കുമ്പം എല്ലാവരും എന്നെ സ്മരിക്കുന്നുണ്ട്…ഞാന്‍ അടുക്കളേലോട്ടു ചെല്ലട്ടെ…(പോകാന്‍ തുടങ്ങുന്നു)
ചേട്ടന്‍: നീ അടുക്കളേ കിടന്ന് മലമറിക്കുകയാണെന്നാണല്ലോ പറയുന്നത്…ആട്ടെ…നിനക്ക് ചിക്കന്‍ സിക്സ്റ്റീ ഫൈവ് ഉണ്ടാക്കാനറിയാമോ…
ചേടത്തി: യ്യോ..അറുപത്തിയഞ്ചു കോഴിയെയൊന്നും കറിവെക്കാന്‍ എനിക്കു പറ്റില്ലേ…നിങ്ങളിതെന്നാ പറയുന്നത്…അഞ്ചാറുകിലോയൊക്കെ ഒറ്റയടിക്കുവെക്കാം…
ചേട്ടന്‍:(താടിക്കു കൈകൊടുത്ത്) എന്നാ പറയാനാ..എടീ അറുപത്തഞ്ചുകോഴിയെ കറിവെക്കാനല്ല നിന്നോടു പറഞ്ഞത്…അതൊരു ചിക്കന്‍ വിഭവമാ…അതിന്റെ പേരാ…
ചേടത്തി: ങാ…അങ്ങനെ പറ…സായിപ്പിന്റെ കറിയൊന്നും ഉണ്ടാക്കാനെനിക്കറിയില്ല…എനിക്കു നാടനൊക്കെയേ പറ്റൂ…എന്റെ അമ്മ എനിക്കെല്ലാം പറഞ്ഞുതന്നിട്ടുണ്ട്…
ചേട്ടന്‍: (ആലോചിച്ച്) കൊള്ളാം…അതുകൊള്ളാം…(കൈകൊണ്ട് ആംഗ്യം കാണിച്ച്) എല്ലാവരും അങ്ങനെ പോകുമ്പം ..നമ്മള് ഇങ്ങനെ പോകുന്നു…അതൊരു നല്ല ഐഡിയായാ…
ചേടത്തി: പൊലീസുകാര് ട്രാഫിക് നിയന്ത്രിക്കുന്നതുപോലെ നിങ്ങളിതെന്നാ കാണിക്കുവാ…
ചേട്ടന്‍: എടീ..നീ മുന്നേ ചോദിച്ചില്ലേ..മൊബൈലു കൊണ്ട് കാശുണ്ടാക്കാന്‍ പറ്റുവോന്ന്…കാശുണ്ടാക്കാനുള്‌ല വിദ്യയാ…
ചേടത്തി: (എണീക്കാന്‍ തുടങ്ങി) രാവിലെ കോളുമായിട്ട് ഇറങ്ങിയതാണോ…എനിക്കു സമയമില്ല…
ചേട്ടന്‍: (പിടിച്ചിരുത്തി) നീ അവിടയിരി..ഞാന്‍ പറയട്ടെ…സംഭവം നിസ്സാരമാ..നീ വിചാരിച്ചാല്‍ നടക്കും…
ചേടത്തി: എന്റെ പൊന്നേ …എന്റെ കയ്യിലെങ്ങും പൈസയില്ല…ഉണ്ടായിരുന്നതെല്ലാ നിങ്ങള് മേടിച്ചോണ്ടു പോയില്ലേ..എന്നിട്ടു തിരിച്ചുതന്നോ…
ചേട്ടന്‍: എടീ..എനിക്കു പൈസ തരണ്ട..നിനക്കിങ്ങോട്ടു കിട്ടുന്ന കാര്യമാ…
ചേടത്തി: എനിക്കു തരുമോ..എന്നാല്‍ പറ…
ചേട്ടന്‍: നീ എന്നതാണേലും അടുക്കളേല്‍ കറിയും പലഹാരവും ഉണ്ടാക്കുന്നുണ്ട്…നമ്മളത് വീഡിയോയെടുത്ത് യുട്യൂബിലിടുന്നു…ആള്‍ക്കാര് കാണുന്നു…നമ്മള് കാശുവാരുന്നു…
ചേടത്തി: വീഡിയോയൊക്കെ എടുക്കണ്ടേ…അതൊക്കെ നടക്കുമോ..അതിനെക്കുറിച്ച് അറിയേണ്ടേ…
ചേട്ടന്‍: അതു ഞാന്‍് മാനേജ് ചെയ്‌തോളാം..മൊബൈലേല്‍ പിടിച്ചോണ്ട് ചെന്നാ മതി…കൊച്ചുതളപ്പേലെ ഷാജീടെ മകന്‍ കംപ്യൂട്ടറുകാരനാ…അവന്‍ എല്ലാം ചെയ്തുതരാമെന്നു പറഞ്ഞു…
ചേടത്തി: (ആലോചിച്ച്) നല്ല പരിപാടിയാ…എന്നതാ ഉണ്ടാക്കുന്നത്…
ചേട്ടന്‍: ഇന്നെന്നതാ ഉച്ചയ്ക്ക് കറിവെക്കുന്നത്…
ചേടത്തി: മുരിങ്ങയിലത്തോരന്‍ വെക്കാമെന്നു കരുതിയായിരുന്നു…വീഡിയോയെടുക്കുന്നുണ്ടേല്‍ വേറെയെന്നതേലും വെക്കാം…
ചേട്ടന്‍: വേറെയെന്നതേലും എന്നാത്തിന്…മതി..മുരിങ്ങിയിലത്തോരന്‍ മതി..അതൊക്കെയാ ഇപ്പഴത്തെ ട്രന്‍ഡ്…നല്ല നാടന്‍ കറികള്…
ചേടത്തി: എന്നാ നിങ്ങള് അടുക്കളേലോട്ടു വാ..ഞാന്‍ മരിങ്ങയില പറിച്ചോണ്ടുവരാം…
ചേട്ടന്‍: വേണ്ട..വേണ്ട..അതുശരിയാകത്തില്ല…അടുക്കലേല്‍ വെച്ചു വേണ്ട…പുറത്തു മതി എന്നാലേ ആമ്പിയന്‍സ് ശരിയാകത്തുള്ളു..അടുപ്പെടുത്ത് പുറത്തോട്ടിട്ടോ…
ചേടത്തി: അതു ഭയങ്കര പണിയാകുമല്ലോ..
ചേട്ടന്‍: ഇച്ചിര കഷ്ടപ്പെടണം..നിന്റെ ഇമേജ് മൊത്തം മാറുവല്ലേ…പാചക വിദഗ്ദ്ധ..യുട്യൂബറ്…സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍…
ചേടത്തി: (ചിരിച്ചുകൊണ്ട്) പഴശ്ശിയുടെ പോര് കമ്പനി കാണാന്‍ പോകുന്നതേയുള്ളു…
സീന്‍: 2
ചേട്ടന്‍ മൊബൈല് നോക്കിയിരിക്കുന്നു. ചേടത്തി ധൃതിയില്‍ വരുന്നു.
ചേടത്തി: നിങ്ങളിവിടെയിരിക്കുവാണോ…അടുപ്പെല്ലാം റെഡിയാക്കിയിട്ടുണ്ട്…
ചേട്ടന്‍: ഞാനിതാ വരുന്നു…(എണീറ്റു കൊണ്ട്) ഞാന്‍ കുറച്ചു പാചക വീഡിയോ കാണുവായിരുന്നു..ഒരു ഐഡിയ കിട്ടേണ്ടേ…
സീന്‍-3
ചേട്ടനും ചേടത്തിയും വരുന്നു. ചേട്ടന്റെ കയ്യില് മൊബൈല്. നല്ല ഉത്സാഹത്തിലാണ്.
ചേട്ടന്‍: ഓകെ…കാമറ …സ്റ്റാര്‍ട്ട്.. ആക്ഷന്‍…(ചുറ്റും നോക്കി) എവിടെ അടുപ്പെടുത്തെടുത്തുവെച്ചില്ലേ…
ചേടത്തി: (മുറ്റത്തുകൂട്ടിയ അടുപ്പുകാണിച്ച്) ഇതല്ലേ…തീ ശരിക്കും പിടിച്ചിട്ടില്ല…വിറകിന് ഇച്ചിര നനവുണ്ടായിരുന്നു…
ചേട്ടന്‍: (എളിക്കു കൈ കൊടുത്ത്. മുന്നില്‍ പുകയുന്ന അടുപ്പ്) അടുപ്പ്…ഇത്…നിന്നെ പത്തലുവെട്ടി അടിക്കും നാട്ടുകാര്….ഈ പുകയടുപ്പില് കറിവെച്ചാല്…(അരിശപ്പെട്ട്) സ്റ്റൗ എടുത്തോണ്ടു വാ പെമ്പരന്നോരെ…
ചേടത്തി: അതുചുമന്നോണ്ടുവരണോ…നിങ്ങള് അടുപ്പ്..അടുപ്പ് എന്നു പറഞ്ഞപ്പോ ഇതാന്നല്ലേ കരുതിയത്…അങ്ങനെയാണേല്‍ സ്‌റ്റൈവെന്നു പറയേണ്ടേ…
ചേടത്തി: (അടുപ്പു ചൂണ്ടി) മുട്ടിനുവേദനയുള്ള നീ ഇവിടെയിരുന്നു കറിവെക്കുമോ…
ചേടത്തി: ഞാനോര്‍ത്തു അടുക്കളേല്‍ കറിവെച്ചിട്ട് ഇവിെ കൊണ്ടുവന്നുവെച്ച് അഭിനയിച്ചാ മതിയെന്ന്…
ചേട്ടന്‍: എന്നാപ്പിന്നെ ഡ്യൂപ്പിനെക്കൂടി വെക്കാടീ…ഇവിടെ അഭിനയമൊന്നുമില്ല…എല്ലാം ഒറിജിനല്‍..അതായത് നാച്വറല്‍…
ചേടത്തി: (അകത്തോട്ട് നടന്ന്) എന്നാ ഇനി എല്ലാം പുറത്തോട്ടെടുക്കാം…ഓരോ വയ്യാവേലികള് പിടിക്കും..എ്ന്നിട്ട് കഷ്ടപ്പെടാന്‍ ഞാനും…
ചേട്ടന്‍: (സംവിധായകന്റെ ഗമയില്‍ കൈ ഉയര്‍ത്തിക്കൊട്ടി) ഓകെ..ഓകെ..വേഗം…വേഗം…
സീന്‍-4
സ്റ്റൗവും പാത്രങ്ങളുമെല്ലാം റെഡിയായിരിക്കുന്നു. ചേടത്തി തയാറായി നില്‍ക്കുന്നു. ചേട്ടന്‍ മൊബൈലില്‍ ആംഗിളുകള്‍ നോക്കുന്നു.
ചേടത്തി: തുടങ്ങിയേക്കട്ടെ…
ചേട്ടന്‍: (മൊബൈലില്‍ നോക്കി) ഓകെ…സ്റ്റാര്‍ട്ട്…
ചേട്ടന്‍ പറഞ്ഞതും ചേടത്തി പാത്രമെടുത്ത് മുരിങ്ങിയില അരിയാന്‍ തുടങ്ങി.
ചേട്ടന്‍: (മൊബൈലു താഴ്ത്തി) ഇതെന്നാ കാണിക്കുവാ…
ചേടത്തി:(അരിച്ചിലു നിര്‍ത്തി) കറിവെക്കേണ്ടെ…അതിന് അരിയേണ്ടേ…
ചേട്ടന്‍: എടീ..നീ അടുക്കളേലിരുന്ന് അരിയുന്നതുപോലെയല്ല…ഇതിനെക്കുറിച്ച് വിവരിക്കണം…ചെയ്യുന്ന ഓരോ കാര്യങ്ങള് പറയണം…
ചേടത്തി: കാണുമ്പം അറിയാന്മേലെ എന്നതാ ചെയ്യുന്നതെന്നത്…അതിനി പറയുകയ.ും വേണോ…
ചേട്ടന്‍: ഇത് ജനലക്ഷങ്ങള് കാണും…യുട്യൂബിലൂടെ…അവരാണ് നിന്റെ മുന്നില്‍…അവര്‍ക്കു വേണ്ടിയാണ് നീ മുരിങ്ങയിലത്തോരന്‍ വെക്കുന്നത്..അല്ലാതെ നമുക്ക് ഉച്ചയ്ക്ക് ചോറിന്റെ കൂടെ കൂട്ടാനല്ല…അതായിരിക്കണം മനസില്‍…
ചേടത്തി: അതിപ്പം എന്നാ പറയാനാ…പറഞ്ഞുതരുവാണേല്‍ അതുപോലെ പറയാം…
ചേട്ടന്‍: ആദ്യം കറിവെക്കാന്‍ പോകുന്നതെന്നതാന്നു പറയണം…പിന്നെ അതിന്റെ പ്രത്യേകതകള്..ഗുണങ്ങള്…കറിവെക്കുന്നവിധം ..അങ്ങനെ…ശരി തുടങ്ങാം…
ചേടത്തി: (മുരിങ്ങയില് കയ്യിലെടുത്ത്. മുക്കിയുംമൂളിയും) ഇത് മുരിങ്ങിയിലയാണ്…നമ്മള്…നമ്മള്…
ചേട്ടന്‍: (കളിയാക്കി) നമ്മള്…നമ്മള്..ഇതെന്നാ കാണി്ക്കുവാ…(കാണിച്ചു കൊടുത്ത്) നമുക്കിന്ന് മുരിങ്ങയിലത്തോരന്‍ ഉണ്ടാക്കാം…നിങ്ങളെല്ലാവരും മുരിങ്ങയിലത്തോരന്‍ കൂട്ടിയിട്ടില്ലേ…ഏറെ ഔഷധഗുണമുള്ളതാണ് മുരിങ്ങയില…ഇങ്ങനെ പറഞ്ഞേ…
ചേടത്തി: (തൊണ്ട ശരിയാക്കി, മരിങ്ങയില കുലുക്കി) നമുക്കിന്ന്…നമുക്കിന്ന് മുരിങ്ങയിലത്തോരന്‍ ഉണ്ടാക്കാം….(തൊണ്ട ഇടറുന്നു)
ചേട്ടന്‍: എടീ സ്വരം ശരിയാക്ക്…നീയെന്നാ തുള്ളാന്‍ പോകുവാണോ…മുരിങ്ങയില ഇട്ടെന്നാത്തിനാ കുലുക്കുന്നത്…
ചേടത്തി: എനിക്കേ കാമറ കാണുമ്പം ശ്വാസംമുട്ടുപോലെയാ…
ചേട്ടന്‍: എന്നെ തെറിവിളിക്കുമ്പം ഒരുമുട്ടലുമില്ലല്ലോ…ഒന്നുകൂടി…
ചേടത്തി: (മുന്നോട്ടാഞ്ഞ് ഈണത്തില്‍) നിങ്ങളെല്ലാവരും മുരിങ്ങയില കൂട്ടിയിട്ടില്ലേ…(കണ്ണാടിയുടെ മുകലില്‍കൂടി നോക്കുന്നു)
ചേട്ടന്‍: (പാഴപിടിച്ച്) ങാ…കൂട്ടിയിട്ടുണ്ട്….
ചേടത്തി: (മുരിങ്ങയില് താഴെയിട്ട്) ദേണ്ടെ കിടക്കുന്നു…എന്നെക്കൊണ്ടെങ്ങും പറ്റുകേല..ഞാനന്നേരേ പറഞ്ഞതാ ഇതെനിക്കു പറ്റിയ പണിയല്ലെന്ന്…
ചേട്ടന്‍:(ആശ്വസിപ്പിച്ച്0 നീ പിണങ്ങിപ്പോകാതെ..എല്ലാവര്‍ക്കും ആദ്യമിങ്ങനെയാ പിന്നെ ശരിയായിക്കൊള്ളും…സ്വരം സോഫ്റ്റായിരിക്കണം…നിന്റെ കറുമുറാ ഒച്ച വിട്….പിന്നെ…കണ്ണാടി മേലില്‍ക്കൂടിയുള്ള ആനോട്ടം വേണ്ട…ബാക്കിയൊക്കെ ഓക്കെ…ഒന്നു കൂടി നോക്കാം…
ചേടത്തിയുടെ കറിവെക്കലിന്റെയും ചേട്ടന്റെ നിര്‍ദേശങ്ങളുടെയും ദൃശ്യങ്ങള്‍.
ചേടത്തി: (പെട്ടെന്ന് പുറകോട്ട് ചമ്മി മാറി) യ്യോ..ഒരബദ്ധം പറ്റി…രണ്ടു പ്രാവശ്യം ഉപ്പിട്ടു…
ചേട്ടന്‍: അതു നിന്റെ സ്ഥിരം പരിപാടിയാണല്ലോ…വീഡിയോയില്‍ കുഴപ്പമില്ല…ഒരു ഉപ്പ് കട്ടുചെയ്തു കളയാം…പക്ഷേ ഉച്ചയ്ക്ക് ഈ കറിയെടുത്തേക്കരുത്…കറിക്കകത്തുനിന്ന് ഉപ്പ് കട്ടുചെയ്തുകളയുന്ന വിദ്യയായിട്ടില്ല….
ചേടത്തിയുടെ മൊബൈല്‍ ബെല്ലടിക്കുന്നു. ചേടത്തി എടുത്തു നോക്കുന്നു.
ചേടത്തി: മോളാ…അമേരിക്കേല് നേരം വെളുത്തു..(ഫോണ്‍ വിളിച്ച് പോകുന്നു)
ചേട്ടന്‍:(അതുനോക്കിനിന്ന്) എന്നാലിനി ഇവിടെ നേരംവെളുത്തിട്ടേ വര്‍ത്തമാനം നിര്‍്ത്തുവുളള്ളു…
ചേട്ടന്റെ മൊബൈല്‍ ബെല്ലടിക്കുന്നു. എടുക്കുന്നു.
ചേട്ടന്‍: (ചിരിച്ച് സന്തോഷിച്ച്) കുര്യാപ്പി…എന്നാ ഉണ്ട്…യ്യോ ഇപ്പം സമയമില്ല…ഞാനിവിടെ ഷൂട്ടിംഗിലാ…പാചകം…പാടകം…പിന്നെ തകര്‍ക്കുവല്ലേ…ങാ..വിപുലപ്പെടുത്തണം…
രണ്ടു പേരും ഫോണ്‍ വിളിക്കുന്ന ദൃശ്യങ്ങള്‍. കറി കരിഞ്ഞ് പുകയുയരുന്ന ദൃശ്യം…
ചേടത്തി: (മണംപിടിച്ചിട്ട്) എടീ ..ഞാന്‍ പിന്നെ വിളിക്കാമേ…ഏതാണ്ട് കരിയുന്ന മണം…
ചേട്ടന്‍: (മണംപിടിച്ച്) കുര്യാപ്പിയേ…ഏതാണ്ടിന് തീപിടിച്ചെന്നാ തോന്നുന്നത്…ഭയങ്കര മണം..അവിടെയുണ്ടോ…ഇല്ലേ…എന്നാലിവിടെയാ…ഷൂട്ടിംഗ് കഴിയട്ടെ പിന്നെ വിളിക്കാം..
ചേടത്തി: (കറിയുടെ അടുക്കലേക്ക് പാഞ്ഞുവരുന്നു) യ്യോ…എന്റെ കറി…
ചേട്ടന്‍: (ഓടിവരുന്നു) എന്നാ പറ്റി…
ചേടത്തി: (തീ ഓഫാക്കി. ഇളക്കിക്കൊണ്ട്) തോരന്‍ മൊത്തം കരിഞ്ഞു…
ചേട്ടന്‍: കരിഞ്ഞോ…അതെങ്ങനെയാ ഫോണ്‍ വന്നാല്‍്പിന്നെ ബോധമുണ്ടോ…
ചേടത്തി: നിങ്ങളെ നിര്‍ത്തിയിട്ടല്ലേ ഞാന്‍ പോയത്…നിങ്ങളെന്നാ എടുക്കുവായിരുന്നു…
ചേട്ടന്‍: ഞാന്‍ സംവിധായകനല്ലേ…എന്നാ എല്ലാംകൂടിയാ ഞാന്‍ നോക്കുന്നത്…
ചേടത്തി: (പാത്രമെടുത്ത് അകത്തേക്ക്) എന്നാ സംവിധായകന്‍് ഉച്ചയക്ക് കരിഞ്ഞത് കൂട്ടിയാ മതി…
ചേട്ടന്‍: നമ്മുടെ ഷൂട്ടിംഗ്….
ചേടത്തി: തോക്കുണ്ടായിരുന്നേല്‍ ഇപ്പം ഞാന്‍ നട്തതിയേനെ…എന്റെ ചട്ടിയും കരിഞ്ഞു…ഇനി ഇതെങ്ങനെ കഴുകിയെടുക്കും….
ചേട്ടന്‍: (മൊബൈലേല്‍ നോക്കി നിരാശയോടെ) ലോകമറിയേണ്ട സംവിധായകനാ കരിഞ്ഞുപോയത്…(കലിച്ച്) കുര്യാപ്പി നീ ഇതലമ്പാന്‍ മനപൂര്‍വം വിളിച്ചതായിരുന്നോടാ…