ചേട്ടനും ചേടത്തിയും
എപ്പിസോഡ്-29
ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി നടന്നു വരുന്നു.
ചേടത്തി: നിങ്ങളിവിടെ പത്രവും വായിച്ചിരിക്കുകയാണോ. ഞാനെത്രപ്രാവശ്യം വിളിച്ചു. ഒന്നു വിളികേട്ടുകൂടെ…
ചേട്ടന്‍: നീ വിളിച്ചതൊന്നും ഞാന്‍ കേട്ടില്ല. അവിടെ കിടന്നു വിളിച്ചു കൂവാതെ ഇവിടെ വന്ന് കാര്യം പറയാന്മേലെ.
ചേടത്തി: നിങ്ങളിവിടെ ചുമ്മാ കുത്തിയിരിക്കുവല്ലേ…എനിക്ക് അടുക്കളേല്‍ നൂറുകൂട്ടം പണിയുണ്ട്…
ചേട്ടന്‍: നിന്റെ നൂറുകൂട്ടം പണിയുടെ കാര്യമൊന്നും പറയേണ്ട…അവിടെ മരുമോള് പഞ്ചസാര കൂടുതലെടുക്കുന്നുണ്ടോ…ഗ്യാസ് കത്തിക്കുന്നുണ്ടോ..എന്നൊക്കെ വാച്ച് ചെയ്യലല്ലേ നിന്റെ നൂറുകൂട്ടം പണി.
ചേടത്തി: നിങ്ങളിതു കുറച്ചു നാളായി കേട്ടോ…എന്നെ അവളേംകൂടി തെറ്റിക്കാനുള്ള പറച്ചില്…അവള് അവളെക്കൊണ്ട് പറ്റുന്നത് ചെയ്യുന്നു..ഞാന്‍ എനിക്കു പറ്റുന്നതും…
ചേട്ടന്‍: അതുവിട്…നീ എന്നാത്തിനാ എന്നെ വിളിച്ചത്…കാശുചെലവാക്കുന്ന വല്ല പരിപാടിയുമാണേല്‍ മിണ്ടേണ്ട…വന്നപോലെ തന്നെ പൊക്കോ…
ചേടത്തി: എനിക്കുവേണ്ടി ചെലവാക്കേണ്ട…ചെലാവക്കിയാല്‍എല്ലാവര്‍ക്കും കൂടി വട്ടത്തിലിരുന്ന് ശാപ്പിടാം…
ചേട്ടന്‍: അതെന്നാ ഇപ്പം വിശേഷം…
ചേടത്തി: വിശേഷമൊന്നുമില്ല..ഉച്ചയ്ക്കത്തേക്ക് കറിവെക്കാനൊന്നുമില്ല…ചിക്കനോ ബീഫോമേടിക്കണം…
ചേട്ടന്‍: ചിക്കനൊന്നും വേണ്ട്…വല്ല ഇലക്കറികളുംമതി…അതാ ആരോഗ്യത്തിനു നല്ലത്…കാശുംചെലവില്ല…
ചേടത്തി: പിള്ളേര് സമ്മതിക്കുകേല..പറമ്പില്‍കിടക്കുന്ന പള്ളയെല്ലാം കൂടി പറിച്ചു കറിവെച്ചുതരരുതെന്നാ അവര്പറയുന്നത്…ഉച്ചയക്ക് പള്ളിക്കൂടത്തില്‍ ചോറുണ്ണാനിരിക്കുമ്പം പാത്രത്തില്‍ മുഴുവെ പച്ചനിറം….അവര്‍ക്കുനാണക്കേടാന്ന….
ചേട്ടന്‍: പിന്നെ നാണക്കേട്…വിവരമില്ലായ്മ എന്നു പറയണം…
ചേടത്തി; നിങ്ങള് ചുമ്മാ അതുമിതും പറയാതെ പോയി സാധനംമേടിച്ചോണ്ടുവാ…
ചേട്ടന്‍: എന്നെക്കൊണ്ടെങ്ങും പറ്റുകേല…കടേല്‍പോകാനൊരുമൂഡില്ല…ആകപ്പാടെ ഒരു രസോമില്ല…
ഫോണ്‍ ബെല്ലടിക്കുന്നു.
ചേടത്തി: (ഫോണെടുത്തുകൊണ്ട്) ഇതു നിങ്ങടെ ഫോണല്ലേ…ആരാ ഇപ്പം വിളിക്കുന്നത്.(നോക്കിയിട്ട് ഇഷ്പ്പെടാത്തതുപോലെ) ഓ..ഇപ്പം മൂഡൊക്കെ വരും…കണ്ടോണം ചിരിയും കളിയും…(ഫോണ്‍ ബെല്ലടി നിന്നു)
ചേട്ടന്‍: കട്ടായല്ലോ.(ഫോണ്‍ വാങ്ങിനോക്കിയിട്ട്) ഓ..ബേബി മോള്…ശ്ശെ…എടുക്കേണ്ടായിരുന്നോ… നീവെച്ചോണ്ടിരുന്നു. കഴിഞ്ഞയാഴ്ച വിളിച്ചില്ല….തിരിച്ചുവിളിക്കേണ്ട…ഇങ്ങോട്ടു വിളിച്ചോളും…
ചേടത്തി: (തുള്ളിക്കൊണ്ട്)ഓ…ഇങ്ങോട്ടു വിളിച്ചോളും…(ഫോണ്‍ ബെല്ലടിക്കുന്നു) ആണ്ട് വിളിക്കുന്നു….എടുക്ക്…അല്ലേല്‍ ബേബി മോള് കരയും…
ചേട്ടന്‍: (ഫോണ്‍ എടുക്കുന്നു) ബേബി മോളേ…എന്നാ പറയുന്നു…ഫോണ് അപ്പുറത്തായിരുന്നു…(സംസാരത്തിനിടെ ചേടത്തിയോട് കൈകൊണ്ട് പൊക്കോളാന്‍ ആംഗ്യം കാണിക്കുന്നു) ങാ…പറ…എന്നാ ഉണ്ട് വിശേഷം…
ചേടത്തി: (പിറുപിറുത്തുകൊണ്ട് നടക്കുന്നു) ഞാനിരുന്നാല്‍ സൈ്വര്യസല്ലാപത്തിന് തടസമാകും…ഞാന്‍ പോയേക്കാം…
(തൂണിന് മറഞ്ഞിരുന്ന് ചേട്ടന്റെ ഫോണ്‍വിളി കേള്‍ക്കുന്നു)
ചേട്ടന്‍: എന്റെ ബേബി മോളെ…ഞാനിന്നലെ രാത്രിയിലും നിന്റെ കാര്യം ഓര്‍ത്തു…
ചേടത്തി: (പാഴകുത്തി) യ്യോ..പിന്നെ രാത്രി ഉറങ്ങാതെ കിടന്ന് സ്വപ്നം കാണുവല്ലായിരുന്നോ…
ചേട്ടന്‍: ങേ…ഇവിടെ വന്നോ…അതുശരി…നാളെ വരുമോ…അടിപൊളി…ന്റെബേബി മോളേ…നമ്മളെത്ര വര്‍ഷങ്ങള്‍ക്കുശേഷമാകാണുന്നത്…എനിക്കു സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നുന്നു….
ചേടത്തി: ന്റെ ദൈവമേ..അവസാനം ഞാന്‍ പേടിച്ചത് സംഭവിച്ചു…ഇങ്ങോട്ടുവരുവാണോ…ഇനി എന്നാ ചെയ്യും…
ചേട്ടന്‍; ഓകെ…ഓകെ…വെച്ചോ…ഇനി ഒന്നും പറയേണ്ട…എല്ലാം നേരില്‍.. (ചാടിത്തുള്ളി ഏറ്റ്) എടിയേ..എടിയേ…ഇങ്ങുവന്നേ…(ചേടത്തി ഒളിച്ചിരിക്കുന്നത് കാണുന്നു) ങാഹാ..നീയിവിടെ പമ്മിയിരിക്കുവായിരുന്നോ…നിന്നോട് ഞാന്‍ പറഞ്ഞിട്ടുള്ളതാ…ഒളിച്ചിരുന്ന് ഫോണ്‍ വിളി കേള്‍ക്കരുത്…ഇന്നൊരു സന്തോഷദിവസമായത് കൊണ്ട് വെറുതേവിട്ടിരിക്കുന്നു…
ചേടത്തി: എന്നതാ ഇത്ര സന്തോഷിക്കാന്‍…
ചേട്ടന്‍: നീ കേട്ടില്ലേ…ബേബി മോള് വരുന്നു…എത്ര വര്‍ഷങ്ങള്‍ക്കുശേഷമാ ഒന്നു കാണുന്നത്…(ഇരിപ്പുറയ്ക്കുന്നില്ല) ഹോ…ബേബിമോളും ഞാനും കൂടി എന്തെല്ലാം പരിപാടികള് നടത്തി…(രസിച്ച്) അതൊരു കാലമായിരുന്നു…
ചേടത്തി: കാലമൊക്കെ അങ്ങുമാറി…ഇനി പഴയതുംകുത്തിപ്പൊക്കിക്കൊണ്ടു വരേണ്ട….
ചേട്ടന്‍; കാലമെത്രമാറിയാലും കൗമാര സൗഹൃദം ഒളിമങ്ങാതെ …ദേ…ഇവിടെ (ചങ്കില്‍തൊട്ട്) കാണും…നിനക്കുകേള്‍ക്കണോ…ഞങ്ങളൊപ്പിച്ച കുണ്ടാമണ്ടികള്…
ചേടത്തി: എനിക്കൊന്നും കേള്‍ക്കേണ്ടെ….ചുമ്മാ വേഷം കെട്ടലുകള്….ആട്ടെ നിങ്ങടെ ബേബി മോള് എപ്പം വരും….
ചേട്ടന്‍: കാനഡയീന്ന് ഇന്നലെ ലാന്‍ഡ് ചെയ്തു….നാളെ ഉച്ചയോടെ ഇവിടെ പറന്നുവരും….
ചേടത്തി: നിങ്ങളീ ബേബിമോളെ…ബേബിമോളേന്നു പറഞ്ഞിരിക്കുന്നതല്ലാതെ ഇതുവരെ കണ്ടിട്ടില്ലല്ലോ…നമ്മടെ കല്യാണത്തിനും കണ്ടില്ല…
ചേട്ടന്‍: അതല്ലേ രസം…നമ്മടെ കല്യാണത്തിന്റെ തലേന്ന് അവര് കൂടടച്ച് മലബാറിന് പോയി…ഹോ…അന്നു രാത്രി ഞാന്‍ കുറേ കരഞ്ഞു…
ചേടത്തി: യ്യോ…എന്നാപ്പിന്നെ കല്യാണം വേണ്ടെന്നു വെക്കാന്‍ മേലായിരുന്നോ…
ചേട്ടന്‍: ബേബി മോളടെ കൂടെ ഞാനും മലബാറിന് പോകാനൊരുങ്ങിയതാ…പിറ്റേന്ന് കല്യാണമാന്നു പറഞ്ഞ് അമ്മ സമ്മതിച്ചില്ല…
ചേടത്തി; എന്നാ എന്റെ ജീവിതെ രക്ഷപ്പെട്ടേനെ…
ചേട്ടന്‍: പിന്നെ അവരിങ്ങോട്ടു വന്നില്ല…ഞാന്‍ ഒന്നു രണ്ടു തവണ അങ്ങോട്ടു പോയി കണ്ടിരുന്നു…
ചേടത്തി: അപ്പം നിങ്ങള് മലബാറിന് പോയത് അതിനായിരുന്നല്ലേ….അന്നേ എനിക്കു സംശയംുണ്ടായിരുന്നു…
ചേട്ടന്‍: ഞാന്‍ ബേബിമോളെ കാണാന്‍ പോയതിന് നിനക്കെന്നാടീ…
ചേടത്തി: (അരിശപ്പെട്ട്) എനിക്കൊന്നുമില്ലേ…നിങ്ങള്‍ക്കങ്ങനെയാണോ തോന്നുന്നത്…
ചേട്ടന്‍: (ചേടത്തി ഉടക്കിനാണെന്നു മനസിലായതോടെ ചേട്ടന്‍ വിഷയംമാറ്റാന്‍ ശ്രമം) എനിക്കിപ്പം നീയുമായിട്ടൊരു ഉടക്കിന് സമയമില്ല…ബേബി മോളടെ വരവ് ഉത്സവമാക്കണം….
ചേടത്തി: പിന്നെ…ഉത്സവമാക്കണം…
ചേട്ടന്‍: എടീ..ബേബി മോള് മലബാറീന്ന് പിന്നെ ഗള്‍പിന് പോയി…അവിടുന്ന് കുഞ്ഞൂട്ടിപരാധീനമായി…പിന്നെ യുകേക്കു പോയി…പിള്ളേര് അവിടെയായി…ഇടയ്ക്കുവരും …രണ്ടോ മൂന്നോ ദിവസം നാട്ടില്‍ തങ്ങി മടങ്ങും…ഇതാദ്യമായിട്ടാ ഇവിടെ നിന്നുംപോയിട്ട് ഇങ്ങോട്ടു വരുന്നത്…അപ്പോ നമ്മുക്ക് ഉത്സവമാക്കണ്ടെ…നീ പറ…
ചേടത്തി: പിന്നെ വേണം…വേണം…(പോകാന്‍ തുടങ്ങുന്നു)
ചേട്ടന്‍: നീ അവിടെ നിന്നേ..ഞാന്‍ പലപ്പഴും ചോദിച്ചിട്ടുള്ളതാ…എന്റെ ബേബി മോളോട് നിനക്കെന്നാ ഇത്ര ദേഷ്യം…ഒരു പിടിക്കായക്…
ചേടത്തി: ഓ..നിങ്ങടെ ബേബി മോളല്ലെ..എന്റെയല്ലല്ലോ…
ചേട്ടന്‍: അതു നീ പറഞ്ഞത് ശരിയാ…എന്റെ ബേബി മോളാ…കാണാമറയത്തിരുന്നും ഞങ്ങടെ സ്നേഹബന്ധം ഒരുകോട്ടവുമില്ലാതെ തുടരുകയല്ലേ..ആട്ടെ..നാളെയെന്നതാ സ്പെഷ്യലുണ്ടാക്കുന്നത്…
ചേടത്തി: നാളെ ചീരത്തോരന്‍….മുരിങ്ങയില തോരന്‍…ചേമ്പിന്‍കൂമ്പ്…
ചേട്ടന്‍: (ഇടയ്ക്കുകയറി) ഹേ…അതുവേണ്ട…ആക്കിരിപൂക്കിരി കറികളൊന്നും വേണ്ട…നല്ല ഡിഷുകള് വേണം….ബേബി മോള്ക്ക് പോര്‍ക്ക് ഭയങ്ക ഇഷ്ടമാ…പിന്നെ താറാവ്…കരിമീന്‍..അങ്ങനെ കേരളാ ഡിഷുകള് പോരട്ടെ…നിന്റെ പാചകത്തിന്റെ മികവ് നാളെ കാണണം….
ചേടത്തി; നിങ്ങള് ഇലക്കറികള് മതിയെന്ന് ഇച്ചിര മുന്നെയല്ലേ പറഞ്ഞത്…നിങ്ങള്‍ക്ക്മൂഡില്ലെന്നോ…
ചേട്ടന്‍: എടീ ബേബി മോള് വരുമ്പം നമുക്കില്ലാത്ത് മൂഡും വരില്ലേ…നീ വേഗം തയാറെടുപ്പുകള് നടത്ത്…ഞാനപ്പഴേക്ക് സാധനങ്ങള് മേടിച്ചോണ്ടുവരാം….(ഉത്സാഹിച്ചു പോകുന്നു)
ചേടത്തി: എനിക്കുള്ള മൂഡ് പോയി…എന്റെ ദൈവമേ..ഭര്‍ത്താവിന്റെ കാമുകിക്ക് സദ്യയൊരുക്കാനുള്ള ദുര്യോഗം മറ്റാര്‍ക്കും വരുത്തരുതേ…
സീന്‍-3
ചേട്ടന്‍ അണിഞ്ഞൊരുങ്ങി കുട്ടപ്പനായി ഉത്സാഹഭരിതനായി നടക്കുന്നു.
ചേടത്തി: (അകത്തുനിന്നും വന്ന്) ഇന്ന് പത്രം വായനയൊന്നുമില്ലേ…രാവിലെ കുളിച്ചൊരുങ്ങി നില്‍ക്കുന്നത്…
ചേട്ടന്‍: എടീ…ഇന്നല്ലെ ബേബിമോള് വരുന്നത്…നമ്മളെല്ലാമിങ്ങനെ കാത്തിരിക്കുവല്ലേ…
ചേടത്തി: നമ്മളെല്ലാം എന്നു പറയേണ്ട..ഞാന്‍ എന്നു പറഞ്ഞാല്‍ മതി…
ചേട്ടന്‍: നിനക്കെന്നാ ഒരുസന്തോഷമില്ലാത്തത്….ബേബി മോളെ കണ്ടു കഴിയുമ്പം നിന്റെ വിഷമമെല്ലാം മാറും…
ചേട്ടത്തി: (ആത്മഗതം) അതോടെ എന്റെ ജീവിതം തീരും..
ചേട്ടന്‍: നീയെന്നതാ പറഞ്ഞേ..(ദൂരെ ഹോണടി. ചേട്ടന്‍ തിരിഞ്ഞുനോക്കി) അതേണ്ട് ബേബിമോളാ…വാ..വാ…(മുന്നോട്ട് പായുന്നു)
ചേടത്തി: (വീടിന്റെ പിന്‍വശത്തേക്ക് പായുന്നു) ന്റെ ദൈവമേ…എനിക്കിതൊന്നും കാണേണ്ടെ…എന്നെയങ്ങെടുക്കണേ…(വീടിന്റെ പിന്നില്‍ പോയി വിഷമിച്ചു നില്‍്ക്കുന്നു. അ്പ്പുറത്ത് വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം. ചേട്ടന്റെ സന്തോഷപ്രകടനം. ശബ്ദങ്ങള്‍ ചേടത്തിയുടെ മുഖത്തേക്ക്)
ചേട്ടന്‍: ബേബി മോളേ…നാളെത്രയായി കണ്ടിട്ട്….നിന്നെ ഒന്നു കെട്ടിപ്പിടിക്കട്ടെ ഞാന്‍…ഞെക്കിക്കൊല്ലും നിന്നെ ഞാന്‍…(ചേട്ടന്റെ ഓവര്‍ റിയാക്ഷന്‍സ്)
ചേടത്തി; ന്റെ ദൈവമേ..ഈ മനുഷ്യന്‍ ഇങ്ങനെയൊരുത്തനായിരുന്നോ…ഞാനിനി എന്നാ ചെയ്യും…
ചേട്ടന്‍: അവളെന്തിയേ…എടിയേ ഇങ്ങുവന്നേ..ഇതാരാവന്നതെന്നു നോക്കിക്കേ….നമുക്കിങ്ങനെ കെട്ടിപ്പിടിച്ചു തന്നെ നില്‍ക്കാം..അവളുവരട്ടെ…നമ്മടെ സ്നേഹത്തിന്റെ ആഴം അവളുംകൂടി കാണട്ടെ…
ചേടത്തി: ങാഹാ..കളിച്ചു കളിച്ചെങ്ങോട്ടാ…ഇതങ്ങനെ വിട്ടാപറ്റുകേല..ഞാനിപ്പം ശരിയാക്കാം…(കലികയറി മുന്‍ശത്തേക്ക്.)
ചേടത്തി വരുമ്പോള്‍ ചേട്ടന്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്നതാണ്. തൂണിന്റെ മറവുകാരണം അപ്പുറത്തുനില്‍ക്കുന്നയാളെ കാണുന്നില്ല. കലി കയറി വരുന്ന ചേടത്തി പിടിച്ചുമാറ്റാനായിമുന്നോട്ട്)
ചേടത്തി: ഇങ്ങോട്ടു വിട്ടേ..ഞാനിവിടെയുള്ളപ്പോ നിങ്ങടെ തോന്ന്യവാസം നടക്കുകേല. (പിടിച്ചു മാറ്റാന്‍ നോക്കുമ്പം അപരിചിതനെയാണ് ചേട്ടന്‍ കെട്ടിപ്പിടിച്ചിരിക്കുന്നത്)
ചേടത്തി: (ഞെട്ടി പുറകോട്ട് മാറുന്നു) ങേ…ഇതാരാ…
ചേട്ടന്‍: (ചിരിച്ചുകൊണ്ട് ) നിനക്കു മനസിലായില്ലേ…
ചേടത്തി: ബേബി മോള്ടെ കെട്ടിയോനാണോ…
ചേട്ടന്‍: എടിപൊട്ടി ..ഇതാണ് ബേബി മോള്…നിന്റെ മനസില്‍ക്കൂടി പോയതെന്നാന്നൊക്കെ എനിക്കറിയാമായിരുന്നു…എവിടെവരെ ചെല്ലുമെന്നറിയാനായിട്ടാഞാന്‍ മിണ്ടാതിരുന്നത്…
ചേടത്തി: (വിശ്വസിക്കാനാവാതെ) അപ്പം ബേബിമോള്…
ബേബിമോള്‍: ഞാന്‍ തന്നെ ബേബി മോള്‍…ഇവന്‍ ഒന്നും പറഞ്ഞിട്ടില്ലേ….
ചേട്ടന്‍: എടാ ബേബി മോളേ…ഇവള്‍ക്കെന്നെ ഭയങ്കര സംശയം…അങ്ങനെയിരിക്കട്ടെയെന്നു ഞാനും കരുതി…
ബേബിമോള്‍: ഇങ്ങോട്ടൊന്നും വരവുനടന്നില്ല…ഓരോരോ കാരണങ്ങ്ള്…പ്രായമങ്ങു കടന്നുംപോയി…ഇനിയിപ്പം വന്നില്ലേ…എന്നു വരാനാ…
ചേടത്തി:(അതിശയത്തോടെ) ഇങ്ങനെയൊരുപേര്…
ചേട്ടന്‍: എടീ…ഇവനായിരുന്നു ഇളയവന്‍…അപ്പനുംഅമ്മയും പെണ്‍കൊച്ചു വേണമെന്നു കൊതിച്ചിരിക്കുമ്പം…ഇതേണ്ട വീണ്ടും ചെറുക്കന്‍…അവര് ഇവനെ ബേബിയെന്നു വിളിച്ചു…ഇവന്റെവല്യപ്പന്‍അതിന്റെകൂടെ മോളേയെന്നും കൂടി ചേര്‍ത്തു…അങ്ങനെ ബേബി മോളായി…
ബേബി മോള്‍: അവര് സ്നേഹത്തോടെ ഇട്ടപേരല്ലെ…പിന്നെ ഞാനത് മാറ്റാനൊന്നും പോയില്ല…
ചേടത്തി: (സന്തോഷത്തോടെയും ആശ്വാസത്തോടെയും താടിക്കു കൈകൊടുത്ത) എങ്കിലും എന്റെ ബേബി മോളെ…എന്നെ കുറേ തീ തീറ്റിച്ചു…
ചേട്ടന്‍: അങ്ങനെയെങ്കിലും നീ ഒന്നു പേടിച്ചല്ലോ…
എല്ലാവരും ചിരിക്കുന്നു.