വീട്ടില്‍ പോകണമെന്ന് ചേടത്തി, വിടില്ലെന്ന് ചേട്ടന്‍

0
55

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-30

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. ചേടത്തി അകത്തുനിന്നും വരുന്നു. കയ്യില്‍ ഒരു ഗ്ലാസ് കാപ്പിയുമുണ്ട്.

ചേടത്തി: നിങ്ങളിന്ന് കട്ടന്‍ കുടിച്ചില്ലല്ലോ….അല്ലേലീ നേരമാകുമ്പോഴേക്ക് വിളിക്കുന്നതാണല്ലോ…മറന്നുപോയോ…

ചേട്ടന്‍: (ഗ്ലാസ് മേടിച്ചുകൊണ്ട്) നിനക്കെന്തോ കാര്യസാധ്യമുണ്ടല്ലോ…അല്ലേല്‍ ഞാനിവിടെകിടന്ന് വിളിച്ചുകൂവിയാലും നീ കേള്‍ക്കുകേല…കേള്‍ക്കാഞ്ഞിട്ടല്ലായെന്ന്െനിക്കറിയാം…മൈന്‍ഡ് ചെയ്യുകേല..

ചേടത്തി: നിങ്ങളെന്നാ ഇങ്ങനെയൊക്കെപ്പറയുന്നത്…നിങ്ങള്‍ക്ക് കട്ടനിട്ടു തരുന്നതും നിങ്ങളത് ഊതിയൂതികുടിക്കുന്നത് നോക്കിയിരിക്കുന്നതുമൊക്കെയല്ലെ എന്റെ സന്തോഷം…

ചേട്ടന്‍: ഊംം..പിന്നേ…സന്തോഷം…ഞാന്‍ കാപ്പിവലിച്ചുകുടിക്കുന്നതിന്റെ ഒച്ചകേള്‍ക്കുന്നത് നിനക്കീര്‍ച്ചയാന്ന് കഴിഞ്ഞദിവസവും പറഞ്ഞതാ…

ചേടത്തി: നിങ്ങളിതൊക്കെ ഓര്‍ത്തുവെച്ചിരിക്കുവാണോ…ഞാന്‍ ചുമ്മാ നിങ്ങളെ അരിശംപിടിപ്പിക്കാനായിട്ട് പറഞ്ഞതല്ലേ…

ചേട്ടന്‍: അതൊക്കെപോട്ടെ എന്നതാ കാര്യം നീ അതുപറ..

ചേടത്തി: പിന്നെ എനിക്ക് നിങ്ങളോട് എന്തേലും പറയണമെന്നുണ്ടെങ്കില്‍ ഇങ്ങനെ കട്ടന്‍ തന്ന് സുഖിപ്പിച്ചിട്ടുവേണോ…ഞാന്‍ നേരേ ചോദിക്കും…

ചേട്ടന്‍: എന്നാ നേരേ ചോദിക്ക്…

ചേടത്തി: നിങ്ങടെയൊരു തമാശയും…ചുമ്മാ… ഞാന്‍ അടുക്കളേലോട്ടു ചെല്ലട്ടെ….(പോകുന്നു)

ചേടത്തി പോയതുപോലെ തന്നെ തിരിച്ചുവരുന്നു.

ചേടത്തി: അതേ ഞാന്‍ പറയാന്‍വന്ന കാര്യം മറന്നു…ഉച്ചകഴിയുമ്പം ഞാന്‍ വീട്ടിലോളം പോകും…നാളെയേ വരൂ…(തിരികെ നടന്നുകൊണ്ട്) ഉണ്ണാറാകുമ്പഴേക്ക് വന്നേക്കാമേ…

ചേട്ടന്‍: അമ്പടീ അവളത്ര സുന്ദരമായിട്ട് കാര്യം നടത്തിയെന്നു കണ്ടില്ലേ…നീ കട്ടനുമായിട്ടു വന്നപ്പഴേ എനിക്കറിയാമായിരുന്നു എന്തോ കോളുണ്ടെന്ന്…

ചേടത്തി: ഞാനൊന്നു വീട്ടില്‍ പോകുന്നത് ഇത്ര വലിയ സംഭവമാണോ…

ചേട്ടന്‍: നീ അതിനുള്ള മറുപടി പോലും കേള്‍ക്കുന്നില്ലല്ലോ…പറഞ്ഞു..അതേപോലെ തിരിഞ്ഞു നടന്നു…അപ്പോ എന്റെ അനുവാദമൊന്നും നിനക്കുവേണ്ടേ…

ചേടത്തി: അതിനല്ലേ വന്നു ചോദിച്ചത്…

ചേട്ടന്‍: ഇങ്ങനെയാണോടീ അനുവാദം മേടിക്കുന്നത്…നീ വന്നു പറഞ്ഞു..നേരേ തിരിഞ്ഞു വിട്ടു…എന്റെ മറുപടി നീ കേട്ടോ..

ചേടത്തി: ഞാനെന്റെ വീട്ടില്‍ പോകുന്ന കാര്യമല്ലേ ചോദിച്ചത്…അല്ലാതേ ഉഗാണ്ടാക്കു പോകുന്ന കാര്യമല്ലല്ലോ…

ചേട്ടന്‍: ങാ…ഉഗാണ്ട ഇതിലും ഭേദമാ…കുറച്ചുകൂടി ബോധവും പൊക്കണവുമുള്ള മനുഷ്യരുണ്ട്…

ചേടത്തി: നിങ്ങടെ കളിയാക്കലിച്ചിരി കൂടുന്നുണ്ട് കേട്ടോ…ഞാന്‍ ഒന്നും മിണ്ടുകേലെന്നു കരുതി…

ചേട്ടന്‍: എന്നാ നീ …മിണ്ടെടീ…ഒന്നു കാണട്ടെ…

ചേടത്തി: എനിക്കു വീട്ടിപോണം..നിങ്ങളെന്നാ പറഞ്ഞാലും ഞാന്‍ പോകും..

ചേട്ടന്‍: നീ എന്നാത്തിനാ ഇപ്പം പോകുന്നത് കാര്യം പറ…

ചേടത്തി: ആങ്ങളേടെ വിരല് റബര്‍ റോളറിന്റെയെടേല് പോയി ചതഞ്ഞു…

ചേട്ടന്‍: അതിനു നീയെന്നാ എംബിബിഎസ് പാസായതാാണോ…അങ്ങോട്ട് ഓടാന്‍…അതവര് ആശുപത്രി പോയി മരുന്നുമേടിച്ച് സുഖമാക്കിക്കൊള്ളും…

ചേടത്തി: നിങ്ങളെന്നാ ഒരു മനുഷ്യനാ…കൂടപ്പിറപ്പിന് ഒരാപത്ത് വന്നപ്പോ അന്വേഷിക്കാന്‍ പോകേണ്ടെന്നാണോ..

ചേട്ടന്‍: കഴിഞ്ഞയാഴ്ചയല്ലേ ആങ്ങളേടെ കാലേല്‍ കുറ്റികൊണ്ടുവെന്ന് പറഞ്ഞ് നീ കാണാന്‍ പോയത്…

ചേടത്തി: അതേന്നെ…അവന് കഷ്ടകാലമാ…എപ്പഴും എന്നേലും അപകടം പറ്റും…

ചേട്ടന്‍:ങാ..അത് കയ്യിലിരുപ്പ് നന്നാകണം…

ചേടത്തി: ദേ..എന്റെ ആങ്ങളേ കുറ്റം പറഞ്ഞാലുണ്ടല്ലോ എന്റെ സ്വഭാവം മാറുവേ..

ചേട്ടന്‍: എടീ..എനിക്കറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ…നിനക്കങ്ങോട്ടുള്ളതിന്റെ പകുതിയെങ്കിലും സ്‌നേഹം അവന് ഇങ്ങോട്ടുണ്ടോ…ചുമ്മാ കിടന്ന് പൊട്ടുകളിക്കാതെ…

ചേടത്തി: ങൂം…എന്റെ ആങ്ങളയ്ക്ക് എന്നെ എന്നാ കാര്യവാന്ന് അറിയാമോ…ഇപ്പഴും ഞാനൊരു ദിവസം നിന്നേച്ച് പോരാനിറങ്ങുമ്പം അവന്റെ കണ്ണുനിറയും…

ചേട്ടന്‍: പിന്നെ…അത് …സന്തോഷകണ്ണുനീരായിരിക്കും.

ചേടത്തി: നിങ്ങളെന്നാ ഇങ്ങനെയായത്…എല്ലാം ദുഷ്ടലാക്കോടെയേ കാണൂ..നിങ്ങളോട് വര്‍ത്തമാനം പറഞ്ഞിരുന്ന് സമയം പോയി…ഞാന്‍ പോകാനൊരുങ്ങട്ടെ..(പോകാനൊരുങ്ങുന്നു)

ചേട്ടന്‍: എന്റെ സമ്മതമില്ലാതെ നീ ഇവിടെ നിന്ന് ഒരടി മുന്നോട്ടു വെക്കില്ല….

ചേടത്തി: ഞാനെന്നാണേലും പോകും…(ചാടിത്തുള്ളി അകത്തേക്ക്)

ചേട്ടന്‍: പിന്നെ പോകും…എങ്കില്‍ നീ വിവരമറിയും…

സീന്‍-2

ചേട്ടന്‍ പത്രം വായിച്ചിരിക്കുന്നു.

ചേട്ടന്‍: (പത്രം വായന നിര്‍ത്തി അകത്തേക്ക് ശ്രദ്ധിച്ച്) അവളുടെ അനക്കമൊന്നും കേള്‍ക്കുന്നില്ല്‌ല്ലോ…ഇനി അടുക്കളവഴിയെങ്ങാനും ചാടിപ്പോയോ.. (ചാടിയെണീറ്റ വീടിന്റെ പിന്നിലേക്ക് നടന്ന്) അവളുടെ കാര്യമായതുകൊണ്ട് പറയാന്‍ പറ്റുകേല..മുങ്ങാന്‍ മിടുക്കത്തിയാ..

ചേടത്തി: (അകത്തുനിന്നും വന്ന്) നിങ്ങളെന്നാ അടുക്കളവശത്തു നിന്നു പരുമ്മുന്നത്…

ചേട്ടന്‍: (തിരിഞ്ഞുനോക്കി)ങാ…നീ പോയില്ലായിരുന്നോ…അടുക്കളവശത്തുകൂടിയെങ്ങാനും ചാടിമുങ്ങിയോയെന്ന്ു നോക്കിയതാ…

ചേടത്തി: പിന്നെ..എനിക്കങ്ങനെ അടുക്കളവശത്തുകൂടി മുങ്ങേണ്ട കാര്യമില്ലല്ലോ…ഞാന്‍ കേറിവന്നതേ മുന്‍വശത്തുകൂടിയാ…

ചേട്ടന്‍: ആങ്ങളേ കാണാന്‍ പോക്ക് വേണ്ടെന്നുവെച്ചോ…(ഗമയില്‍) എന്റെ വിലക്ക് ..വിലക്കാന്ന് നിനക്കറിയാം…അല്ലേ…

ചേടത്തി: പിന്നെ വിലക്ക്…ഞാന്‍ വീട്ടി പോണമെന്നു തീരുമാനിച്ചതാ…അതു നടന്നിരിക്കും…

ചേട്ടന്‍: എന്നാ കാക്ക മലര്‍ന്നു പറക്കും…

ചേടത്തി: കാക്ക എന്നും പറക്കുന്നതുപോലെ പറന്നോളും…ഞാന്‍ വീട്ടി പോകുന്നേന് കാക്കയെന്തിനാ മലര്‍ന്നു പറക്കുന്നത്…

ചേട്ടന്‍: (തലകുലുക്കി) എന്നെ വെല്ലുവിളിച്ച് നീ പോകുന്നതൊന്നു കാണണം..

ചേടത്തി: ങാ…കാണാം…

ചേട്ടന്‍: കാണാം.

രണ്ടുപേരും പരസ്പരം തലകുലുക്കി നില്‍ക്കുന്നു.

സീന്‍-3.

ചേടത്തി ആരെയോ ഫോണ്‍ വിളിക്കുകയാണ്.

ചേടത്തി: ഹലോ..ചേച്ചീ…എന്നാ ഉണ്ട് വിശേഷം..ക്ഷണീമൊക്കെ കുറവുണ്ടോ…ഓ ഇവിടെയെന്നാ വിശേഷം…ങാ..പിന്നെ ആങ്ങളേടെ വിരല് റബര്‍ റോളറിന്റെയെടേല്‍ പോയി…ആശുപത്രീലാ…കാണാന്‍ പോയില്ല…ചേട്ടന്‍ വിടുകേല…ങേ…ചേച്ചി പറയാമെന്നോ….ചേച്ചി വീട്ടി വിടാന്‍ പറയേണ്ട…എന്തേലും സൂത്രം പ്രയോഗിച്ചാല്‍ മതി…ങാ…അതുമതി ചേച്ചി…എന്നാ ശരി..വെച്ചേക്കാം…

സീന്‍-4

ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി വരുന്നു.

ചേട്ടന്‍: ദേ…വീണ്ടും കട്ടന്‍ കാപ്പി…അടുക്കളേല്‍ കാപ്പിപ്പൊടി തീരുമെന്നേയുള്ളു…എന്റെ തീരുമാനത്തില്‍ ഒരു മാറ്റവും വരില്ല.

ചേടത്തി: ഞാന്‍ തീരുമാനം മാറ്റാന്‍ പറഞ്ഞില്ലല്ലോ..നിങ്ങള് കാപ്പി കുടി…

ചേട്ടന്‍ ഗ്ലാസ് വാങ്ങി കാപ്പി കുടിക്കുന്നു. ഫോണ്‍ ബെല്ലടിക്കുന്നു. ചേട്ടന്‍ ഫോണെടുക്കുന്നു.

ചേട്ടന്‍: ചേച്ചിയാണല്ലോ…രാവിലെ വിളിച്ചതാണല്ലോ…എന്നാ പറ്റിയോ…(ഫോണില്‍) ചേച്ചി ..എന്നാ പറ്റി…തലകറങ്ങിയോ…യ്യോ…ആശുപത്രി പോയോ…ങേ…പോയില്ലേ…അവനെക്കൂട്ടി ആശുപത്രി പെട്ടെന്ന് പോ…ഞാനിപ്പം വരാം…ദേ ഇറങ്ങി…

ചേടത്തി: എന്നാ പറ്റി…ചേച്ചിക്കെന്നാ പറ്റി…

ചേട്ടന്‍:(ധൃതിയില്‍) ചേച്ചിക്കു തലകറക്കം…എനിക്കുപോണം…ഷര്‍ട്ടുംുമുണ്ടും തേച്ചതിരിപ്പുണ്ടോ….

ചേടത്തി: ഓ..ചേച്ചിക്കിടയ്ക്കിടയ്ക്ക് തലകറക്കം വരുന്നതാ..അതിനിപ്പം നിങ്ങളെന്നാത്തിനാ ഓടി്പപോകുന്നത്…അവിടെ പിള്ളേരില്ല…

ചേട്ടന്‍: പൊക്കോണം…ചേച്ചിക്ക് ഞാന്‍ ചെന്നാലേ ആശ്വാസമാകുവൊള്ളു…

ചേടത്തി: ഇനി നാളെ പോകാം…ധൃതിപിടിച്ചു പോകേണ്ടെ്‌നനല്ലേ ഞാന്‍ പറഞ്ഞുള്ളു…

ചേട്ടന്‍: നിനക്കങ്ങനെ പറയാം…എനിക്കെന്റെ ചേച്ചിയെ അമ്മയെപ്പോലെയാ…(അകത്തോട്ടു പായുന്നു)

സീന്‍-5

ചേട്ടന്‍ ഷര്‍ട്ടിന്റെ ബട്ടന്‍സിട്ടോണ്ട് ഇറങ്ങിവരുന്നു. ധൃതിയിലാണ്

ചേട്ടന്‍: (അകത്തോട്ടു നോക്കി) ചേച്ചി അവിടെ കെടക്കാന്‍ പറഞ്ഞാല്‍ ഞാന്‍ നാളെയേ വരൂ…

ചേടത്തി: (അകത്തുനിന്നുംവന്ന്) അതേയ്…അങ്ഹനെയങ്ങുപോകാന്‍ വരട്ടെ…കുറച്ചുമുന്നേ…എന്റെ വീട്ടില്‍ പോകാന്‍ ഞാന്‍ തുടങ്ങിയപ്പം എന്നാത നിങ്ങള് പറഞ്ഞത്…

ചേട്ടന്‍: എടീ…ഇത് ചേച്ചിക്ക് തലകറക്കമായിട്ടല്ലേ..

ചേടത്തി: എന്റെ ആങ്ങളേടെ വിരലുമുറിഞ്ഞായിരുന്നു…

ചേട്ടന്‍: അതിപ്പം നിന്റെ ആങ്ങളേപോലെയാണോ ചേച്ചി…

ചേടത്തി: അതുശരിയാ…നിങ്ങടെ ചേച്ചിയെപ്പോലെയല്ല നിങ്ങള്‍ക്ക് എ്‌ന്റെ ആങ്ങള…

ചേട്ടന്‍: ഹോ…സമയം പോകുന്നു…നിനക്കിപ്പം എന്നതാ വേണ്ടത്…

ചേടത്തി: എനിക്കിക്കാര്യത്തില്‍ തീരുമാനമുണ്ടാകമം ..എന്നിട്ടു നിങ്ങള് പോയാല്‍മതി..

ചേട്ടന്‍: (മുന്നോട്ട് നടന്ന് തിരിച്ചുവന്ന്) ഒരു കാര്യം ചെയ്യ്. പോകുന്ന വഴി നിന്നെ നിന്റെ വീട്ടിലിറക്കിയേക്കാം…നാളെ തിരിച്ചുവരുന്നവഴി നമുക്കൊരുമിച്ചു പോകാം…പ്രശ്‌നം തീര്‍ന്നില്ലേ….

ചേടത്തി: (സന്തോഷത്തോടെ) അതുമതി..(തിരിഞ്ഞുനടന്ന്) ന്റെ ചേച്ചീ..ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ…

ചേട്ടന്‍: നീയെന്നതാ പറഞ്ഞത്…

ചേടത്തി: ചേച്ചി പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന്…(അകത്തേക്ക് കയറിപോകുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here