ചേട്ടന്റെ പിരിയിളകിയോ?

0
119

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-32

ചേട്ടന്‍ വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഓടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചേടത്തി അകത്തുനിന്നും ഇറങ്ങിവരുമ്പോള്‍ ഇതാണ് കാണുന്നത്.

ചേടത്തി: നിങ്ങളിതെന്നാ കാണിക്കുവാ…തലേടെ ആണിയിളകിയോ…

ചേട്ടന്‍: (കലിച്ച്) ആണിയിളകിയത് നിന്റെ….അരുവാക്കുഴി ചാക്കോ മാപ്പിളേടെ…

ചേടത്തി: ങാ…എന്റപ്പനു പറഞ്ഞോ…അങ്ങേര്‍ക്ക് ആണിയിളകിയിരുന്ന നേരത്താ നിങ്ങടെ ആലോചന വന്നത്…അല്ലേലെനിക്കീ ഗതി വരില്ലായിരുന്നു…

ചേട്ടന്‍: (നിരാശയോടെ) ഞാനെന്തേലും കാര്യമായി ചിന്തിച്ചിരിക്കുമ്പം കേറിവരും…എല്ലാം നശിപ്പിക്കാന്‍…

ചേടത്തി: ഇതെന്നതാ നിങ്ങളിത്ര കാര്യമായിട്ടു ചിന്തിച്ചത്…പറ ഞാനും കൂടി കേള്‍ക്കട്ടെ…

ചേട്ടന്‍: (മുന്നോട്ടുവന്ന്) എടീ…അതേ…നമ്മളീ…(പിന്നോട്ടു വലിഞ്ഞ്) അല്ലേല്‍ വേണ്ട…എന്റെ ഒരു തലത്തില്‍ നിന്ന് കാര്യങ്ങള്‍ ചിന്തിക്കാനുള്ള കഴിവു നിനക്കില്ല…

ചേടത്തി: ശ്ശെ …നിങ്ങള് പറ…എനിക്കും നിങ്ങടെ തലത്തിലോട്ട് ഉയരണമെന്നുണ്ട്…ഒന്നു സഹായിക്ക്…

ചേട്ടന്‍: എടീ..ഞാനീ ഭൂമിയുടെ കാര്യമോര്‍ക്കുവായിരുന്നു…ഭൂമി സ്വയം കറങ്ങുന്നില്ലേ…ഇങ്ങനെ (കറങ്ങി കാണിക്കുന്നു) സൂര്യനെയും ചുറ്റുന്നു..ഇങ്ങനെ (വട്ടത്തില്‍ കറങ്ങി കാണിക്കുന്നു) ഇതു രണ്ടും ഒരേസമയം ചെയ്യുവാ. സ്വയം കറങ്ങുന്നു…സൂര്യനെയും ചുറ്റുന്നു …ഇങ്ങനെ…(കറങ്ങി തലചുറ്റി കസേരയിലേക്ക് വീഴുന്നു)….യ്യോ…

ചേടത്തി: (താങ്ങിപ്പിടിച്ച്) യ്യോ…ഇപ്പം കാണായിരുന്നു…വീണ് നടുവൊടിഞ്ഞേനെ..കസേരയുണ്ടായിരുന്നതു ഭാഗ്യം….

ചേട്ടന്‍: (തലചുററി കുമ്പിട്ട് ) ഹോ…ഹോ..ഭൂമിയെ സമ്മതിക്കണം…ഞാനൊന്നു കറങ്ങിയപ്പോഴേക്കും തലകറങ്ങി താഴെപ്പോയി….ഭൂമി എത്രനാളായി ഇ്ങ്ങനെ കറങ്ങുന്നു…(ചേടത്തിയെ നോക്കി) പിടിച്ചു നില്‍ക്കുന്നില്ലേ…

ചേട്ടന്‍: (കിതപ്പ് മാറിയിട്ടില്ല) അതാ പറഞ്ഞത്…നിനക്ക് എന്റെ തലത്തിലേക്ക് ഉയര്‍ന്നു ചിന്തിക്കാനാവില്ല..

ചേടത്തി: ന്റെ പൊന്നോ…ഇതുപോലെ ഉയര്‍ന്നു ചിന്തിച്ച് തലചുറ്റിവീഴാന്‍ ഞാനില്ല…നമ്മളീ താഴെത്തന്നെ ഇരുന്നോളാം….(ഭിത്തിയേലിരിക്കുന്നു) അതേയ് ഞാന്‍ നിങ്ങളോടൊരു കാര്യം പറയാന്‍ വന്നതാ…അന്നേരമല്ലേ ഇവിടെ കറക്കം…

ചേട്ടന്‍: ങാ…പറഞ്ഞോ…വേണ്ടീട്ടുള്ളതുവല്ലതുമാണോ…

ചേടത്തി: ഞാന്‍ പിന്നെ വേണ്ടീട്ടുള്ളതല്ലാതെ ആവശ്യമില്ലാത്ത കാര്യങ്ങളെന്തേലും പറഞ്ഞിട്ടുണ്ടോ…

ചേട്ടന്‍: ആവശ്യമില്ലാത്തതല്ലാതെ വേണ്ടീട്ടുള്ള കാര്യമെന്തേലും പറഞ്ഞിട്ടുണ്ടോയെന്നു നോക്കുവായിരിക്കും എളുപ്പം…

ചേടത്തി: ഇതാ നിങ്ങടെ കുഴപ്പം…എന്തേലുമൊന്നു പറയാന്‍ വരുമ്പം ഒരുമാതിരി ചൊറിയുന്ന വര്‍ത്തമാനം പറയും…

ചേട്ടന്‍: അതൊക്കെ പോട്ടെ…നീ കാര്യം പറ…

ചേടത്തി: ചെറുക്കനും അവളുംകൂടി കറങ്ങാന്‍ പോയിരിക്കുവാ…അതുപറയാന്‍ വന്നപ്പഴാ നിങ്ങളിവിടെ കിടന്ന് കറങ്ങുന്നത്…

ചേട്ടന്‍: അവരുപോവട്ടെടീ…ആവുന്ന പ്രായത്തില്‍ നമ്മളും കറങ്ങിയിട്ടുള്ളതല്ലേ…

ചേടത്തി: ആരുകറങ്ങി…നിങ്ങളു കറങ്ങി…ഞാനിവിടെ റബറിന്റെ ചുവട്ടില്‍ കിടന്ന് കറങ്ങി…

ചേട്ടന്‍: എടീ റബറുവെട്ടുംകഴിഞ്ഞ് അന്നത്തെ കാലത്ത് പോകാന്‍ പറ്റുന്നിടത്തൊക്കെ പോയി…

ചേടത്തി: ഹോ…എങ്ങോട്ടെങ്കിലുമൊന്നു പോകാനിറങ്ങിയാ നിങ്ങടെ അമ്മ കിടന്ന് എന്നാ ബഹളമായിരുന്നു…

ചേട്ടന്‍: അതുതന്നെയല്ലെ നീയിപ്പം കാണിക്കുന്നത്…

ചേടത്തി: ഞാനെന്നാ ബഹളം വെച്ചെന്നാ മനുഷ്യാ നിങ്ങള് പറയുന്നത്…അവളെന്നോടു പോകുവാന്ന് പറഞ്ഞു…തിരിഞ്ഞു നോക്കാതെ അങ്ങുപോയി…

ചേട്ടന്‍: ഒന്നും പറയാന്‍ പറ്റാത്തതിലേ സങ്കടമാ നിനക്കല്ലേ…

ചേടത്തി: ഹോ…ഇങ്ങേരെക്കൊണ്ടു തോറ്റു…ന്റെ പൊന്നോ…നമ്മക്കും എങ്ങോട്ടേലുമൊന്നുപോകാമെന്നു പറയാനാ ഞാന്‍ വന്നത്…അന്നേരം അത് വളച്ചൊടിച്ച് എങ്ങോട്ടു കൊണ്ടുപോയെന്ന് നോക്കിയേ…

ചേട്ടന്‍: വളയ്ക്കുകയും ഒടിക്കുകയുമൊന്നും വേണ്ടല്ലോ…നിന്റെ മനസിലിരിപ്പ് എന്താണെന്ന് എനിക്കറിയാന്മേലേ…

ചേടത്തി: അതുവിട്…ഞാന്‍ ചോദിച്ചതിനുത്തരം പറ…നമുക്കെവിടേലും പോകാം…

ചേട്ടന്‍: അതിന്റെയുത്തരം ഞാന്‍ ആദ്യമേ പറഞ്ഞല്ലോ…പോകേണ്ടകാലത്ത് പോകാന്‍ പറ്റുന്നിടത്തൊക്കെ പോയിട്ടുണ്ട്….

ചേടത്തി: (നിരാശയോടെ) ഇങ്ങേരുടെ കൂടെ ഇത്രയും നാള്‍ എങ്ങനെ ജീവിച്ചെന്നോര്‍ത്ത് എനിക്കുതന്നെ അത്ഭുതം തോന്നുന്നു…

ചേട്ടന്‍: (മൈന്‍ഡ് ചെയ്യാതെ പത്രമെടുത്തു നിവര്‍ത്തി വായിക്കാന്‍ ശ്രമിക്കുന്നു) ഇതെന്നാ അക്ഷരം പിടിക്കുന്നില്ലല്ലോ…ആകപ്പാടെ ഒരു മങ്ങല്‍…

ചേടത്തി: (ചാടിത്തുള്ളിയെണീറ്റ്) അത് വട്ടം കറങ്ങി തലചുറ്റിയിട്ട്…അടങ്ങിയിരിക്കണം…. (പോകുന്നു)

ചേട്ടന്‍: (കസേരയില്‍ പുറകോട്ട് മറിഞ്ഞ്) എന്റെ ഭൂമീദേവീ…

സീന്‍-2

ചേട്ടന്‍ മുറ്റത്തിന്റെ ഒരു കോണില്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുകയാണ്. ഇടയ്ക്ക് അതിശയഭാവത്തില്‍ തലകുലുക്കുന്നുണ്ട്. മുറ്റത്തുകൂടി നടന്നുവരുന്ന ചേടത്തി. ചേട്ടന്റെ നില്‍പുകണ്ട് അതിശയഭാവത്തില്‍.

ചേടത്തി: നിങ്ങള് കറക്കം കഴിഞ്ഞ് മേലോട്ടു നോക്കി നില്‍്പ്പായോ…

ചേട്ടന്‍: (ഞെട്ടിത്തിരിഞ്ഞ്) ഹോ…പേടിപ്പിച്ചല്ലോ…എന്റെ കോണ്‍സെന്‍ട്രേഷന്‍ കളഞ്ഞു…

ചേടത്തി: നിങ്ങളെന്നതാ ഇത്രം കോണ്‍സെന്‍ട്രേറ്റ് ചെയോതോണ്ടിരുന്നത്…

ചേട്ടന്‍: നിനക്ക് മനസിലാകുകേല…ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള …ഒരു…ക്പ്പാസിറ്റി നിനക്കില്ല…

ചേടത്തി: എന്നാ പറയേണ്ട..ഞാന്‍ പൊക്കോളാം…(തിരിഞ്ഞു നടക്കുന്നു)

ചേട്ടന്‍: അല്ലേലവിടെ നിക്ക്…പറയാം…എന്റെ ചിന്തകളുടെ വലിപ്പം നിനക്ക് മനസിലാക്കാനാവുമല്ലോ…

ചേടത്തി: (തിരിഞ്ഞ് നിന്ന്) ഓ…എന്നാലാ വലിപ്പമുള്ള ചിന്തകളൊന്നും പറഞ്ഞേ…

ചേട്ടന്‍: (നടന്ന് മേലോട്ടു ചൂണ്ടിക്കാണിച്ച്) എടീ…നീ അങ്ങോട്ടു നോക്കിക്കേ…

ചേടത്തി: (മേലോട്ടുനോക്കി) അവിടെയെന്നതാ ആകാശം…

ചേട്ടന്‍: അതാണ് കാഴ്ചപ്പാടിന്റെ വ്യത്യാസം…നീ കാണുന്നത് വെറും ആകാശമാണെങ്കില്‍ ഞാന് #കാണുന്നത് മറ്റൊന്ന്….

ചേടത്തി: (മേലോട്ടു നോക്കി) വേറെയെന്നതാ അവിടെ…ആകാശമല്ലെ…പിന്നെ കുറേ മേഘങ്ങള്…അതിനെയല്ലെ നമ്മള് ആകാശമെന്ന് പറയുന്നത്…

ചേട്ടന്‍: എടീ…പൊട്ടി…ആകാശമെന്നത് വെറുമൊരു സങ്കല്‍പമാ…(മുകളിലേക്ക് നോക്കി) അതങ്ങനെ പ്രപഞ്ചം നീണ്ടു കിടക്കുവാ…അവിടെയും തെറ്റി…നീണ്ടാണോ ഉരുണ്ടാണോയെന്ന് നമുക്ക് വ്യക്തതയില്ല…

ചേടത്തി: ഹോ…ഇതു കൈവിട്ടുപോയി…

ചേട്ടന്‍: (ശ്രദ്ധിക്കാതെ) നമ്മുടെ മുകളിലാണോ താഴെയാണോ ആകാശം…

ചേടത്തി: അതു പറയാന്‍ ഉയര്‍ന്ന ചിന്തയൊന്നുംവേണ്ട…മുകളില്‍…

ചേട്ടന്‍: (മിടുക്കോടെ) നിനക്കുപിന്നെയും തെറ്റി…നമ്മുടെ മറുവശത്ത് അതായത് ഭൂമിയുടെ മറുവശത്ത് അമേരിക്കയാണല്ലോ…അവനെവിടെയാ ആകാശം…അവന്റെ മുകളില്.. അതായത് നമ്മുടെ താഴെ…അന്നേരം മുകളിലും താഴെയെന്നുമുള്ള സങ്കലപവും തെറ്റിയില്ലെ..

ചേടത്തി: (അതിശയത്തില്‍) നിങ്ങളിതെന്നതാ മനുഷ്യാ പറയുന്നേ…

ചേട്ടന്‍: തീര്‍ന്നില്ല…നീയൊന്നാലോചിച്ചേ…(മുകലിലേക്ക് നോക്കി) കണ്ടോ അവിടെയെല്ലാം നക്ഷത്രങ്ങളും ഗ്രഹങ്ങളുമാ…എല്ലാം വെറുതെ ആകാശത്ത് നില്‍ക്കുവാ…അല്ല കിടന്ന് കറങ്ങുവാ…അവിടെനിന്നു നോക്കുമ്പം നമ്മള്ും കിടന്ന് കറങ്ങുവാ…എവിടെയേലും പിടുത്തമുണ്ടോ…താഴോട്ടുപോയാല് #എങ്ങോട്ടുപോകും…സമ്മതിക്കണം….സമ്മതിക്കണം…(പറഞ്ഞോണ്ട് മുറ്റത്തിന്റെ കോണിലേക്ക് മുകളിലേക്ക നോക്കി പോകുന്നു)

ചേടത്തിയുടെ ഫോണ്‍ ബെല്ലടിക്കുന്നു.

ചേടത്തി: (ഫോണെടുത്ത്) ങേ…വത്സമ്മേ…ഞാന്‍ വിളിച്ചായിരുന്നേ…കുര്യാപ്പിക്ക് അന്നെങ്ങനെയായിരുന്നു തുടക്കം…പിച്ചും പേയും പറച്ചിലായിരുന്നോ… ങാ…എന്നാ ഇവിടെ കൂട്ടുകാരനും അങ്ങനെതന്നെയാ…ഇതുപകരുന്നതാണോ…കുര്യാപ്പിക്ക് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പം ഇങ്ങേര്‍ക്കും…മരുന്നിരുപ്പുണ്ടോ…എന്നാ ഞാനങ്ങുവരാം…രണ്ടെണ്ണം വേണം…തുടക്കത്തിലേ അതങ്ങുകൊടുക്കാം…കുറഞ്ഞോളും…ഞാനങ്ങുവരാം….(ഇടയ്ക്കിടയ്ക്ക ചേടത്തി ചേട്ടനെ നോക്കിക്കൊണ്ടാണ് സംസാരം. ചേട്ടന്‍ അവിടെ മേലോട്ടുനോക്കി തലകുലുക്കി നില്‍ക്കുന്നു)

ചേടത്തി ഫോണ്‍ വെച്ചിട്ട് ചേട്ടന്റെ അടുത്തേക്ക്.

ചേടത്തി: അതേയ് കുര്യാപ്പീടെ….

ചേട്ടന്‍: (പെട്ടെന്ന് തിരിഞ്ഞ്) അവന്റെ വട്ടു കുറഞ്ഞോ…ഒന്നു കാണാന്‍ പോകാന്‍ പറ്റിയില്ല…

ചേടത്തി: കുര്യാപ്പീടെ വത്സമ്മയാ വിളിച്ചത്…ഞാനൊന്നവിടെവരെപോയിട്ടു വരാം…

ചേട്ടന്‍; പോകുന്നതൊക്കെ കൊള്ളാം..സൂക്ഷിച്ചോണം…കുര്യാപ്പി ഇച്ചിര വയലന്റാന്നാ കേട്ടത്…(തിരിഞ്ഞ് പഴയപടി ആകാശത്തേക്ക് നോക്കി നില്‍ക്കുന്നു)

ചേടത്തി: (തിരിഞ്ഞുനടന്നുകൊണ്ട്) ഇവിടെയിനിയെപ്പഴാണോ വയലന്റാകുന്നത്…അതിനുമുമ്പ് ഗുളിക മേടിച്ചുകൊടുക്കാം….

സീന്‍-3

പത്രം വായിച്ചിരിക്കുന്ന ചേട്ടന്‍. ഫോണ്‍ ബെല്ലടിക്കുന്നു.

ചേട്ടന്‍: (ഫോണ്‍ നോക്കിയി്ട്ട്) കുര്യാപ്പിയാണല്ലോ…അവന്റെ വട്ടൊക്കെ കുറഞ്ഞോ..(ഫോണെടുത്ത്) കുര്യാപ്പി…എന്നാ പറയുന്നു…എത്രനാളായി കണ്ടിട്ട്…ഞാനങ്ങോട്ടിറങ്ങണമെന്നു കരുതിയിരിക്കുവായിരുന്നു….ങേ…എനിക്കെന്നാ മാറ്റം…ഒന്നുമില്ല…ശബ്ദത്തിലെന്നാ…ഒന്നുമില്ല…വ്‌ട്ടോ…പോടാ…നിനക്കല്ലായിരുന്നോ…മുഴുത്തവട്ട്…ങേ…നിന്റെ ഗുളിക ഭാര്യ വന്ന് മേടിച്ചോണ്ടുപോയെന്നോ…ങാഹാ..അവളിങ്ങോട്ടു വരട്ടെ…(കലികയറി പത്രം വലിച്ചെറിഞ്ഞെണീക്കുന്നു)

സീന്‍-4

കലികയറി മുറ്റത്തു കൂടി നടക്കുന്ന ചേട്ടന്‍. നടന്നുവരുന്ന ചേടത്തി. ചേടത്തിയെ കണ്ടതും ചേട്ടന്‍ അങ്ങോട്ടു പായുന്നു.

ചേട്ടന്‍: നീയെവിടെ പോയതായിരുന്നെടീ….

ചേടത്തി: (പന്തികേടു തോന്നി) ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടല്ലേ പോയത്…കുര്യാപ്പീടെ വീട്ടില്‍…

ചേട്ടന്‍: എന്തിനു പോയതാണെന്ന്…നീ അവന്റെ വട്ടുഗുളിക മേടിക്കാന്‍ പോയതല്ലേ…

ചേടത്തി: (പരുമ്മി) അതുപിന്നെ…നിങ്ങള് ലക്കുംലഗാനുമില്ലാത്ത കാര്യങ്ങള് പറഞ്ഞാ ആര്‍്ക്കും സംശയം തോന്നില്ലേ…

ചേട്ടന്‍: (മുന്നോട്ടാഞ്ഞ്) വട്ടനല്ലെടീ…എന്നെ നീ ഇന്നൊരു കൊലപാതകിയാക്കും…(ചേടത്തി അകത്തേക്കോടുന്നു. പിന്നാലെ ചേട്ടനും)

ചേട്ടന്‍ തിരിച്ചുവരുന്നു.

ചേട്ടന്‍: ഹോ…ഇപ്പം പണി കിട്ടിയേനേ…ചെറുക്കനിവിടെയില്ലാഞ്ഞതു നന്നായി…അല്ലേല്‍ പിടിച്ചുകെട്ടി കൊണ്ടുപോയേനെ…(ഇരുന്നു പത്രമെടുത്തു നിവര്‍ത്തി) ഇനി മേലാല്‍ വേണ്ടാത്ത പുസ്തകങ്ങള് വായിക്കുകേല…

LEAVE A REPLY

Please enter your comment!
Please enter your name here