യുട്യൂബ് ഫാമിലിയാകാന്‍ ശ്രമിച്ചതാ

0
146

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-33

തിളങ്ങുന്ന സാരിയും ആഭരണങ്ങളുമണിഞ്ഞ് ചേടത്തി പുറത്തേക്കു വരുന്നു. വരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന ചേട്ടന്‍.

ചേട്ടന്‍: ഇതെന്നാ കല്യാണത്തിനു പോകുവാണോ….എവിടെയാ..

ചേടത്തി: ങേ…ഇതെന്നാ ചോദ്യമാ…നിങ്ങളീ വേഷത്തിലിരിക്കുവാണോ…നല്ല ഡ്രസിട്ടുവാ…

ചേട്ടന്‍: അതിന് ഇന്ന് ആരും കല്യാണം വിളിച്ചിട്ടൊന്നുമില്ലല്ലോ…

ചേടത്തി്: കല്യാണമോ…ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ ഇന്ന് സിനിമയെടുക്കാന്‍ ആളുവരുമെന്ന്…

ചേട്ടന്‍: (പെട്ടെന്ന് ഓര്‍ത്തതുപോലെ) യ്യോ…യു ട്യൂബ് വീഡിയോ…(ചാടിയെണീറ്റ്) നീ അണിഞ്ഞൊരുങ്ങി അല്ലേ…ഞാനും ഒരുങ്ങിവരാം…(ധൃതിയില്‍ പോകുന്നു) ഷര്‍ട്ട് തേച്ചുവെച്ചിരിക്കുവാണോ…(അകത്തേക്കു പോകുന്നു)

ചേടത്തി: (പിന്നാലെ പോകുന്നു) സാരി ഇതുമതിയോ…

സീന്‍-2

അകത്തുനിന്നും ഉടുത്തൊരുങ്ങിയിറങ്ങിവരുന്ന രണ്ടു പേരും. ഒരുക്കം സ്വയംവിലയിരുത്തിയാണ് വരുന്നത്.

ചേട്ടന്‍: പൗഡറ് കുറഞ്ഞുപോയോ…

ചേടത്തി: ഒരു വര്‍ഷത്തേക്കുള്ള പൗഡറാ എടുത്തു കമിഴ്ത്തിയത്…

ചേട്ടന്‍: വീഡിയോ പിടിക്കുന്നതല്ലേ…നല്ല മണം കിട്ടിക്കോട്ടെ…

ചേടത്തി: കാമറായ്ക്കകത്തു മണം കിട്ടുകേല…

ചേട്ടന്‍: തകര്‍ത്തഭിനയിച്ചോണം…

ഒരാള്‍ കാമറയുമായി ഓടിയെത്തിയിട്ട് തിരിച്ചുപോകുന്നു. യുട്യൂബ് സംവിധായകനാണ്. ഷോട്ടിന്റെ ആംഗിളുകള്‍ നോക്കിയതാണ്.

ചേട്ടന്‍്: കുട്ടനല്ലേ അത്…സംവിധായകന്‍…അതെന്നാ വന്നപടിയേ തിരിച്ചുപോകുന്നത്…

രണ്ടുപേരും പുറത്തേക്കിറങ്ങുന്നു.

കുട്ടന്‍: (കാമറയുമായി ഇവരുടെ മുന്നിലേക്കുവരുന്നു.) നിങ്ങളിതെന്നാ വല്ല കല്യാണത്തിനും പോകുവാണോ…

ചേട്ടന്‍: കുട്ടാ…

കുട്ടന്‍: ഞാന്‍ വരുമെന്ന് പറഞ്ഞിരുന്നതല്ലേ…ഷെഡ്യൂള് മുടങ്ങാന്‍ ഞാന്‍ സമ്മതിക്കുകേല…

ചേടത്തി: ഞങ്ങളേ…

കുട്ടന്‍: ടൈറ്റ് വര്‍ക്കിനിടയിലാ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ചത്…

ചേടത്തി: (ചാടിക്കയറി) ഞങ്ങള്‍ക്കു പറയാനൊരു അവസരം താടോ…

ചേട്ടന്‍: ഒരുങ്ങിയിരിക്കണമെന്ന് പറഞ്ഞില്ലേ…അതുകൊണ്ട് ഞങ്ങള്‍ നല്ലപോലെ ഒരുങ്ങിയിരിക്കുവാ…മുണ്ട് പോരേ..പാന്റിടണോ…

കുട്ടന്‍: (തലയ്ക്കടിച്ച്) ന്റെ പൊന്നുചേട്ടാ…ഒരുങ്ങണമെന്ന് പറഞ്ഞത് വടിപ്പശയിട്ട മുണ്ടും ഷര്‍ട്ടുമിട്ട് പൗഡറുമിട്ടിരിക്കാനല്ല…അഭിനയിക്കാന്‍ തയാറെടുക്കാനാ പറഞ്ഞത്…

ചേടത്തി: സീരിയലിനകത്ത് അമ്മായിയമ്മയും മരുമകളും നല്ല സാരിയുമുടുത്ത് മാലയെല്ലാമിട്ടാണല്ലോ നില്‍ക്കുന്നത്…

കുട്ടന്‍: അതു സീരിയല്…

ചേടത്തി: (ഇടയ്ക്കുകയറി) മാല അഞ്ചാറെണ്ണമുണ്ടായിരുന്നതാന്നേ…ഇങ്ങേര് കൊണ്ടുപോയി പണയംവെച്ചു…വേണേല്‍ നാത്തൂനോടുമേടിക്കാം….

ചേട്ടന്‍: നീയങ്ങുചെന്നാല്‍ മതി ഇപ്പം കിട്ടും…

ചേടത്തി: എങ്ങനെ ഊരുറപ്പിച്ചുതരും…ഇന്നാള് കല്യാണത്തിനിടാന്‍ മേടിച്ചത് വന്നവഴിക്ക് കൊണ്ടുപോയി പണയംവെച്ചു…അതിതുവരെ എടുത്തുകൊടുത്തില്ല…

ചേട്ടന്‍്: അവളോട് എപ്പം വേണേലും പോയി എടുത്തോളാന്‍ ഞാന്‍ പറഞ്ഞതല്ലേ…

ചേടത്തി: ചുമ്മാ എടുത്തോളാന്‍ പറഞ്ഞാല്‍പോര…കാശുംകൂടി കൊടുക്കണം…

ചേട്ടന്‍: എടുക്കാന്‍ കാശുണ്ടെങ്കില്‍ ഞാന്‍ പണയംവെക്കുമോ…

കുട്ടന്‍: (ചാടിക്കയറി) മതി …മതി…ഇതുമതി…ഇതാണ് ഞാനുദ്ദേശിച്ചത്…ഇതുപോലിങ്ങോട്ടു പോരട്ടെ…

ചേട്ടന്‍: നീ ഞങ്ങടെ തമ്മിലടി നാട്ടുകാരെ കാണിക്കാന്‍ വന്നതാണോ…

കുട്ടന്‍: (ഇഷ്ടപ്പെടാതെ) പുട്ടിയിട്ട് നില്‍ക്കുവാണല്ലോ…സ്‌ക്രിപ്റ്റ് പഠിച്ചോ…

ചേട്ടന്‍: സ്‌ക്രിപ്‌റ്റൊന്നും വായിച്ചില്ല.. പറഞ്ഞുതന്നാ മതി…ഞാനഭിനയിച്ചോളാം…

കുട്ടന്‍: പുട്ടിയിടാന്‍ മറന്നില്ലല്ലോ….സ്‌ക്രിപ്റ്റ് വായിക്കാതെങ്ങനാ…

ചേട്ടന്‍: സമയം കിട്ടേണ്ടെ…ഭയങ്കര തിരക്കാന്നേ….നിലത്തുനില്‍ക്കാന്‍ നേരമില്ല…

കുട്ടന്‍: അണിഞ്ഞൊരുങ്ങി നില്‍ക്കുവാ…വേഗം പോയി സാധാരണ വീട്ടിലിടുന്ന വേഷമിട്ടുവാ…അഭിനയിക്കണമെന്നുണ്ടേല്…

രണ്ടുപേരും അകത്തേക്കുപോയി വേഷംമാറിവരുന്നു.

കുട്ടന്‍: സക്രിപ്റ്റ് പഠിക്കാത്തതിനാല്‍ പ്ലാന്‍ എ നടക്കില്ല…അതുകൊണ്ട് പ്ലാന്‍ ബി എടുക്കുവാ…

ചേടത്തി: പ്ലാന്‍ ബി എടുക്കും മുമ്പ് ഒരുകാര്യം…സംവിധായകനാരാ…

കുട്ടന്‍: ഞാന്‍ തന്നെ…

ചേടത്തി: നിര്‍മാതാവോ…

കുട്ടന്‍: ഞാന്‍ തന്നെ…

ചേടത്തി്: സ്‌ക്രിപ്റ്റ് ആരാ…

കുട്ടന്‍: ഞാന്‍ തന്നെ…

ചേടത്തി: കാമറയും എഡിറ്റിങ്ങുമോ…

കുട്ടന്‍: ഞാന്‍ തന്നെ…

ചേടത്തി്: ഒരു കൊച്ചുബാലചന്ദ്രമേനോനാ അല്ലേ…

കുട്ടന്‍; (അഭിമാനത്തോടെ) ന്യൂജന്‍ ബാലചന്ദ്രമേനോനെന്നാണ് ഞാന്‍ അറിയപ്പെടുന്നത്…

ചേട്ടന്‍്: സന്തോഷ് പണ്ഡിറ്റും ഇങ്ങനെതന്നെയാ…

കുട്ടന്‍: (ധൃതിയില്‍) നമുക്കു തുടങ്ങാം…ആദ്യം എന്റെ ഒരു ഇന്‍ട്രോ…എന്റെ മുഖം കണ്ടാലേ ആള്‍ക്കാര് കേറൂ… (സെല്‍ഫിയെടുക്കുന്ന സ്റ്റൈലില്‍ കാമറ പിടിച്ച്) ഹായ്..ഗൈസ്…കുട്ടന്‍സ് വ്‌ളോഗിലേക്ക് സ്വാഗതം..നമ്മളിന്ന് ചേട്ടന്റെയും ചേടത്തിയുടെയുമൊപ്പമാണ്…അവരുടെ രസകരമായ ഒരു ദിവസം ഇന്ന് നിങ്ങള്‍ക്കായി പകര്‍ത്തുകയാണ്…നമ്മടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ ചെയ്യുക…ഒരു ലൈക്കും..ഇനി കാമറ ചേട്ടന്റെയും ചേടത്തിയുടെയും ജീവിതത്തിലേക്ക്…

(രണ്ടുപേരും ഫോട്ടോക്കു പോസുചെയ്യുന്നതുപോലെ നില്‍ക്കുന്നു) ഇതെന്നാ കാണിക്കുവാ…ഗ്രൂപ്പുഫോട്ടോയെടുക്കാന്‍ വിളിച്ചതല്ല…നിങ്ങടെ സാധാരണ ഒരു ദിവസം എങ്ങനെ തുടങ്ങുന്നു…അതുപോലെ ചെയ്യ്…

ചേട്ടന്‍ കസേരയിലിരുന്ന് പത്രം വായിക്കാന്‍ തുടങ്ങുന്നു. ചേടത്തി ഇരുന്ന് മൊബൈലേല്‍ തോണ്ടുന്നു.

കുട്ടന്‍:(കുറച്ചുനേരം നോ്ക്കിനിന്നിട്ട്) അതുശരി വിശ്രമിക്കാനുള്ള പരിപാടിയാണോ…

ചേട്ടന്‍: നീയല്ലെ പറഞ്ഞത്…ഞങ്ങടെ പതിവ് പരിപാടി ചെയ്യാന്‍…ഇതാണ് ഞങ്ങടെ പതിവ്…

ചേടത്തി: ഭക്ഷണോം വിശ്രമോം മാത്രം…

കുട്ടന്‍: അതിട്ടാല്‍ ആരും കാണാന്‍ കേറില്ല…പിള്ളേരെന്തിയേ…അവരുകൂടിയുണ്ടായിരുന്നേല്‍ ലൈവായേനേ…ഇതു ചുമ്മാ എല്ലാംകൂടി വെറുതേ തിണ്ണേലിരിക്കുന്നത് എടുത്തിട്ടാല്‍ വീഡിയോയുടെ അടീല്‍ തെറിവിളിയായിരിക്കും…

ചേടത്തി: പിള്ളേര് പള്ളിക്കൂടത്തില്‍ പോയി…

കുട്ടന്‍: ഇന്ന് അവധിയെടുക്കാന്‍ പറയാന്മേലായിരുന്നോ…വീഡിയോയെടുക്കുവാന്നു പറഞ്ഞാല്‍ പിള്ളേര് നിന്നേനേ…

ചേടത്തി: ഞാന്‍ പറഞ്ഞതാ നിക്കാന്‍…ഇന്ന് ഉച്ചക്കഞ്ഞിക്കുപകരം ബിരിയാണിയാന്ന് പറഞ്ഞ് അവര് നേരത്തെ പോയി…

ചേട്ടന്‍: എന്നാ ഉച്ചയാകുമ്പം പള്ളിക്കൂടം വരെ പോയാലോ…പിള്ളേരടെ പഠിത്തകാര്യങ്ങളോക്കെ ഒന്നന്വേഷിക്കാം…

കുട്ടന്‍: നിങ്ങളിങ്ങനെ അതുമിതും പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ല…ഒന്നാമതെ കാര്‍ന്നോന്മാരുടെ കോപ്രായം കാണാന്‍ ആരും കേറില്ല…

ചേട്ടന്‍: ആരാടോ കാര്‍ന്നോര്…എന്നേക്കാളും രണ്ടു വയസു കൂടുതലുണ്ട് മമ്മൂട്ടിക്ക്…എന്നിട്ടും അങ്ങേര് നിങ്ങള്‍ക്കൊക്കെ ചുള്ളന്‍…ഞങ്ങള് കാര്‍ന്നോന്മാര്…

കുട്ടന്‍: ഡെയിലി ലൈഫ് എടുക്കാനാ നമ്മടെ പരിപാടി…അതായത് നിങ്ങടെ രാവിലെ മുതലുള്ള ഭക്ഷണവും പരിപാടിയുമൊക്കെ….ഈ നേരത്തെ ഞാന്‍ വല്ല സിനിമാ നടിമാരുടെയുമെടുക്കാന്‍ പോയ ആള്‍ക്കാര് ഇടിച്ചുകയറും….

തങ്കച്ചന്‍: ഇതിപ്പം ഒരു ദിവസത്തെ പരിപാടിയെന്നു പറഞ്ഞാല്‍ രാവിലെ എണീക്കുമ്പഴേ പല്ലുതേക്കും…ഒരു കട്ടന്‍ കാപ്പി കുടിക്കും..കക്കൂസില്‍ പോകും…പിന്നെ ലൈറ്റായിട്ട് 6 ദോശ കഴിക്കും…പത്രം വായിക്കും…10 മണിയാകുമ്പം പഴേങ്കഞ്ഞി കുടിക്കും…ഇച്ചിര കിടന്നുറങ്ങും…ഉച്ചയ്ക്ക ചോറുണ്ണും…ഉറങ്ങും…എണീറ്റ് കട്ടന്‍ കാപ്പി കുടിക്കും…അഞ്ചു മണിയാകുമ്പം കപ്പവേവിച്ചത് തിന്നും…8 മണിയാകുമ്പം അത്താഴവും കഴിച്ചു പുതച്ചുമൂടി കിടന്നുറങ്ങും…ഇടയ്ക്ക് കിട്ടുന്ന നേരത്ത് ഇവിടെ വന്നിരുന്ന് കുറച്ച് പരദൂഷണം പറയും…

കുട്ടന്‍: (ആലോചിച്ച്) ഇതിനകത്ത് പരദൂഷണം കൊള്ളാം….അതുനോക്കിയാലോ…

ചേട്ടന്‍ പരദൂഷണം പറഞ്ഞാല്‍ മതിയെങ്കില്‍ നമുക്ക് അടിച്ചുപൊളിക്കാം…

ചേടത്തി: ദേ…ഒരു കാര്യം..പരദൂഷണം പറയാന്‍ ഞാനില്ല…എനിക്കിഷ്ടമില്ലാത്ത കാര്യമാ അത്…അപ്പുറത്തെ സൂസമ്മേടെ സ്ഥിരം പണിയാ…ചുമ്മാ ആള്‍ക്കാരെ കുറിച്ച് അതുമിതും പറഞ്ഞോണ്ടു നടക്കുക…അവള്‍ക്ക് വീട്ടില്‍ വേറെ പണിയൊന്നുമില്ലെന്നേ…കെട്ടിയോന്‍ ഒരു മണകുണാഞ്ചനാ…അയാള്‍ അവളെ തോന്നുംപടി വിട്ടേക്കുവാ…അവളിങ്ങനെ നടക്കുവാ…അവളടെ നടപ്പുതന്നെ കണ്ടാല്‍മതി…ഇങ്ങനെ ആടിക്കുഴഞ്ഞ്…

കുട്ടന്‍: ചേച്ചീ…ഇത്രേം മതി…ഇതാണ് പരദൂഷണം….

ചേട്ടന്‍്: നീ വായിത്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞാല്‍ അതെല്ലാം യുട്യൂബില്‍ വരും…സൂസമ്മയും കെട്ടിയോനും ഇവിടെ വന്ന് തെറിവിളിക്കും…കണ്ണുപൊട്ടുന്ന തെറിയാ അവളുടേത്…

കുട്ടന്‍: അതുകൊള്ളാം…ഇപ്പം ചെന്നു പറഞ്ഞാല്‍ സൂസമ്മ വരുമോ…നല്ല ഒരു സീനായിരിക്കും…

ചേട്ടന്‍: എന്നാപ്പിന്നെ നിന്റെ ശവമടക്കിന്റെ ലൈവും കൂടിയെടുക്കാം…

കുട്ടന്‍: (വാച്ചില്‍ നോക്കി) സമയം പോകുന്നു…ഗെറ്റ് റെഡി..

ചേട്ടന്‍: ഞങ്ങളെപ്പഴേ റെഡി…നീ ചുമ്മാ പിച്ചുംപേയും പറഞ്ഞോണ്ടിരുന്നാല്‍ കാര്യം നടക്കുമോ…

കുട്ടന്‍: അതേ..ആള്‍ക്കാര്‍ക്ക് വേണ്ടത് എന്റര്‍ടെയിന്‍മെന്റാ…നിങ്ങളിങ്ങനെ ചിരിച്ചുകളിച്ചു സമയം ചെലവഴിക്കുന്നു…അതുകാണുമ്പം ആള്‍ക്കാര്‍ക്കൊരു കുളിര്‍മ…അതുവന്നാല്‍ നമ്മള്‍ ജയിച്ചു…

ചേട്ടന്‍: (ചേടത്തിയെ നോക്കി) ഇവള്‍ടെ മുഖത്തോട്ടു നോക്കിയാല്‍ എങ്ങനെ ചിരിവരും….

ചേടത്തി: കണ്ണാടിയെടുത്ത് തന്നത്താനെ നോക്ക് …അന്നേരം ചിരിവരും…

കുട്ടന്‍: അഭിനയമല്ലെ….ഞാന്‍ ആക്ഷന്‍ എന്നു പറയുമ്പം തുടങ്ങണം…കട്ട് എന്നു പറയുമ്പോള്‍ നിര്‍ത്തണം….പഴയ കാര്യങ്ങള് എന്തെങ്കിലും പറഞ്ഞിങ്ങനെ നടന്നു തുടങ്ങിക്കോ…

ചേട്ടന്‍: (ഹാപ്പിമൂഡില്‍ നടന്ന്) നമുക്ക് നാളെ പുറത്തേക്കൊന്നു പോയാലോ…

ചേടത്തി: ശരിയാ..കുറച്ചുനാളായി പുറത്തേക്ക് പോയിട്ട്…

ചേട്ടന്‍: നാളെ പുറത്തുനിന്നും കഴിക്കാം…ഒരു ചേഞ്ചായിക്കോട്ടെ….

ചേടത്തി: (കാമറയിലേക്ക് നോക്കി) നാളെ ഞങ്ങള് ഒരു ഔട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുവാണ്…ഒന്നു കറങ്ങും…സിനിമ കാണും….ബീച്ചില്‍ പോകും…അങ്ങനെ പലപല പരിപാടികള്‍…

കുട്ടന്‍: കട്ട്…കൊള്ളാം…(കാമറയില്‍ എടുത്ത ഭാഗങ്ങള്‍ നോക്കുന്നു)

ചേട്ടന്‍: നീ നോക്കിയിരുന്നോടി…നിന്നെ ഞാന്‍ കൊണ്ടുപോകാം…

ചേടത്തി: അല്ലേലും നിങ്ങടെ കൂടെ ആരുവരുന്നു…എനിക്കുവേണേല്‍ ഞാന്‍ ഒറ്റക്കുപോകും…

ചേട്ടന്‍: നീ പടിക്കു പുറത്തിറങ്ങില്ല…

ചേടത്തി: കാണാം…

ചേട്ടന്‍: കാണാം…

ഇരുവരും മുഖാമുഖം.

കുട്ടന്‍: ആക്ഷന്‍…

രണ്ടുപേരും വീണ്ടും ചിരിച്ച് വര്‍്ത്തമാനം പറഞ്ഞു നടക്കുന്നു.

കുട്ടന്‍: കട്ട്..

ഇരുവരും തമ്മില്‍ വഴക്ക്…

കുട്ടന്‍: നിര്‍ത്തിക്കേ….ഇനി ഇത്തിരി റൊമാന്‍സ് വേണം….

ചേട്ടന്‍: (ചേടത്തിയുടെ മുഖത്തേക്കു നോക്കി) ഹും…റൊമാന്‍സ്….റോമാന്‍സെന്നു പറഞ്ഞാലെന്നതാന്ന് നിനക്കറിയാമോ…

ചേടത്തി: എന്നെ അത്രയ്ക്കങ്ങ് കൊച്ചാക്കണ്ട…റൊമാന്‍സെന്നു പറഞ്ഞാല്‍ പ്രകൃതി ഭംഗി…അതൊക്കെയെനിക്കറിയാം…

ചേട്ടന്‍: കണ്ടില്ലേ…ഇവളുടെകൂടെയാണ് റൊമാന്‍സ്….

കുട്ടന്‍: പഴയ പ്രേമം…. അങ്ങനെയെന്തെങ്കിലും കഥകള്‍ അയവിറക്കിയാല്‍മതി…

ചേടത്തി: അതിങ്ങേര് കുറേപ്പറയും…കുറ്റിംപറിച്ചു നടക്കുവല്ലായിരുന്നോ…അയവിറക്കാന്‍ കുറേക്കാണുമല്ലോ…

കുട്ടന്‍: എന്നാ തട്ടിക്കോ…ആക്ഷന്‍…

ചേട്ടന്‍: (പ്രണയഗാനം മുളൂന്നു)

ചേടത്തി: ഇതെന്നാ പാട്ടൊക്കെ…പഴയ വല്ല ഓര്‍മകളും കയറിവരുന്നതാണോ…

ചേട്ടന്‍: എടീ…ഞാനിങ്ങനെ പഴയ കാര്യങ്ങളൊക്കെ ഓര്‍ക്കുവായിരുന്നു….

ചേടത്തി: പഴയ കാര്യമെന്താ…വല്ല പ്രേമകഥകളുമാണോ…ഞാനുംകൂടി കേള്‍ക്കട്ടെ…

ചേട്ടന്‍: പറഞ്ഞാല്‍ നിനക്ക് ഫീല് ചെയ്യുമോ…

ചേടത്തി: പിന്നെ…ഈ പ്രായമായപ്പം ഇനിയാ ….നിങ്ങടെ പഴയ പ്രേമകഥ കേട്ട് ഫീല് ചെയ്യാന്‍ നിങ്ങള് പറ..

ചേട്ടന്‍: ഞാന്‍ മേഴ്‌സിയെക്കുറിച്ചോര്‍്ക്കുവായിരുന്നു…അവളുടെ ചിരിയും നുണക്കുഴിയും…നോക്കിയാല്‍ നോക്കിയങ്ങിരിക്കും….

ചേടത്തി: (പല്ലിറുമ്മി) മേഴ്‌സിയോ…അക്കഥ ഞാന്‍ കേട്ടിട്ടില്ലല്ലോ…

ചേട്ടന്‍: മേഴ്‌സിയിപ്പഴും…(ചങ്കില്‍ തൊട്ട്) ഇവിടെയുണ്ട്…(നിര്‍വൃതിയോടെ) അതൊരുകാലം…സ്‌കൂളില്‍ അവള്‍ക്കു കിട്ടുന്ന ഉപ്പുമാവിന്റെ പകുതി ആരും കാണാതെ എനിക്കുകൊണ്ടുവന്നു തരുമായിരുന്നു…

ചേടത്തി: പള്ളിക്കൂടം കഴിഞ്ഞപ്പോ പിന്നെ കണ്ടിട്ടില്ലായിരിക്കും…

ചേട്ടന്‍: പഠിത്തം കഴിഞ്ഞപ്പഴും…ഞാന്‍ മിക്കവാറും അവളുടെ വീടിനുമുന്നിലൂടെ പോകും…കത്തെഴുതി കല്ലിനു കീഴെവെക്കും…

ചേടത്തി: (ആകാംക്ഷയോടെ) എന്നിട്ടോ…

ചേട്ടന്‍: ഒരു ദിവസം അവളുടെ ആങ്ങള ചെറുക്കന്‍ പട്ടിയെ എറിയാന്‍ വഴീന്ന് കല്ലെടുത്തപ്പം അതിനടീന്ന് കത്ത് പൊക്കി…പിന്നെ വലിയ ബഹളമായി…പിറ്റേ ആഴ്ച അവളെ കെട്ടിച്ചുവിട്ടു….പിന്നെ വല്ലപ്പഴും പെരുന്നാളിനു വരുമ്പം കാണും…ആ നുണക്കുഴി അങ്ങനെതന്നെ ഇപ്പഴുമുണ്ട്…(എല്ലാംമറന്നു നില്‍്ക്കുന്നു)

കുട്ടന്‍: കട്ട്…ഓക്കെ…ഇതു കൊള്ളാം കലക്കും…

ചേട്ടന്‍ ഒന്നുമറിയുന്നില്ല. ഓര്‍മകളില്‍ ലയിച്ചു നില്‍ക്കുവാണ്. കുട്ടന്‍ കുലുക്കി വിളിക്കാന്‍ നോക്കുന്നു.

ചേടത്തി: ഞാന്‍ ഉണര്‍ത്തിക്കോളാം…നുണക്കൂഴീ പോയതാ…ഇനി വലിച്ചുകയറ്റണം…കുട്ടന്‍ പൊക്കോ…

കുട്ടന്‍: വീഡിയോ ഇട്ടുകഴിഞ്ഞു ഞാന്‍ വിളിക്കാം….(പോകുന്നു)

ചേടത്തി: (ചേട്ടന്റെയടുത്തുചെന്ന്) നുണക്കുഴിക്കകത്തുന്നു കേറിവന്നേ…ഒരുകാര്യം പറയാനുണ്ട്….

ചേട്ടന്‍: ഹോ…കുറച്ചുനേരത്തേക്ക് ഞാനീ ലോകത്തല്ലായിരുന്നു…കുട്ടന്‍ പോയോ..

ചേടത്തി: കുട്ടനൊക്കെ പോയി…നിങ്ങളിങ്ങുവന്നേ…ഒരുകാര്യം പറയാനുണ്ട്… (പിന്‍വശത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു)

ചേട്ടന്‍: (പിന്നില്‍ നിന്നും നിലവിളി) ന്റയ്യോ…എന്നെ ഒന്നും ചെയ്യരുതേ…

ഓടിവരുന്ന കുട്ടന്‍.

കുട്ടന്‍: എന്നാപറ്റി…ഒരുനിലവിളി കേട്ടത്…

ചേടത്തി: (പിന്നില്‍നിന്നു വന്ന്) ഓ…ഒന്നുമില്ല…ചേട്ടനെന്തോ ഓര്‍ത്ത് നടന്നപ്പോ തട്ടിവീണതാ…(തിരിഞ്ഞു നടന്നോ) കുട്ടന്‍ പൊക്കോ…

കുട്ടന്‍: (തിരിഞ്ഞു നടന്ന്) നില്‍ക്കുന്നത് പന്തിയല്ല…ചിലപ്പം ഞാനും തട്ടിവീഴും….(പോകുന്നു)

പിന്നിലെ മുറ്റത്ത് ചേട്ടന്‍ നിലത്തു ചുരുണ്ടിരിക്കുന്നു.

ചേട്ടന്‍: (കൈകൂപ്പി) കടുംകൈ ചെയ്യരുതെടീ…ഞാന്‍ ചുമ്മാ കഥപറഞ്ഞതാണേ…വീഡിയോ വൈറലാകാന്‍ പറഞ്ഞതാണേ…

ചേടത്തി: നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടുള്ളതാ…പഴയ കഥയെല്ലാം കുഴിവെട്ടിമൂടിക്കോണമെന്ന്…അന്നേരമാ നുണക്കുഴി…(പോകുന്നു)

ചേട്ടന്‍: ന്റെ മേഴ്‌സീ…അന്ന് നിന്റെ അപ്പന്റെയും വീട്ടുകാരുടെയും ഇടി…ഇന്നിപ്പം ഭാര്യേടെ ഇടി…നിന്റെ പേരില്‍ എന്നും ഇടികൊള്ളാനേ എനിക്കുയോഗമുള്ളോടി…

ചേട്ടന്റെ തലയ്ക്കുമുകളിലൂടെ ചകിരിത്തൊണ്ട് പറന്നു പോകുന്നു. ചേടത്തിയുടെ ഏറാണ്.

ചേട്ടന്‍: (തലകുനിച്ച് ഒഴിഞ്ഞ്) ജസ്റ്റ് മിസിംഗ്…

LEAVE A REPLY

Please enter your comment!
Please enter your name here