ഭാര്യയെ വരച്ചവരേല്‍ നിര്‍ത്തും

0
134

ചുമ്മാ…ഒരു…നേരംപോക്ക്
എപ്പിസോഡ്-11

വീടിന്റെ ഒരു വശത്ത് പാചകത്തിനുള്ള ഒരുക്കത്തിലാണ് ജോസ്. ഒരു മേശയിട്ട് അതില്‍ സ്റ്റൗ. അടുപ്പില്‍ ഒരു പാത്രത്തില്‍ എന്തോ തിളയ്ക്കുന്നുണ്ട്. മേശപ്പുറത്ത് കുറച്ച് പച്ചക്കറികള്‍ നിരത്തി വെച്ചിരിക്കുന്നു. ജോസ് ധൃതിയില്‍ എന്തൊക്കെയോ അരിയുന്നു. അതിനിടയ്ക്ക് പാത്രത്തില്‍ ഇളക്കുന്നുണ്ട്. ചട്ടുകം കൊണ്ട് പാത്രത്തില്‍ രണ്ട് തട്ടി ഒരു പാചകക്കാരന്റെ സ്റ്റൈല്‍.

ദൂരെ നിന്നും നടന്നുവരുന്ന തങ്കച്ചന്‍. ജോസിന്റെ പരിപാടികള്‍ കണ്ട് അത്ഭുതത്തോടെയാണ് വരവ്.

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) അവസാനം അത് സംഭവിച്ചോടാ ജോസേ….

ജോസ്: എന്നാ സംഭവിച്ചോന്ന്…

തങ്കച്ചന്‍: നിന്നെ വീട്ടിന്ന് അവള് പുറത്താക്കിയോ…വെപ്പും കുടിയുമൊക്കെ പുറത്തോട്ടായതുകൊണ്ട് ചോദിച്ചതാ….

ജോസ്: അവളല്ല…അവളടെ കീച്ചിപ്പാപ്പന്‍ വിചാരിച്ചാ നടക്കുകേല…നിങ്ങടെ പെമ്പ്രന്നോത്തിയെ പോലെയാ എല്ലാവരുമെന്നാണോ നിങ്ങള് കരുതിയത്….

തങ്കച്ചന്‍: അതുപിന്നെ…അടുക്കളയ്ക്കകത്തു ചെയ്യേണ്ട കാര്യങ്ങള് മുറ്റത്തിന്റെ കോണേലിരുന്നു ചെയ്താല്‍ ആരും സംശയിക്കില്ലേ…

ജോസ്: ന്റെ തങ്കച്ചാ…നിങ്ങള് കാള പെറ്റെന്ന് കേള്‍ക്കുമ്പഴേ കയറെടുക്കാതെ…ആദ്യം എന്നതാ സംഭവമെന്ന് ചോദിച്ചു മനസിലാക്കണം…

തങ്കച്ചന്‍: ആട്ടെ എന്നതാ കാര്യം…ഇവിടെ വല്ല സദ്യയുമുണ്ടോ…എന്നാ ഞാനങ്ങു പോയേക്കാം(തിരി്ഞ്ഞുകൊണ്ട്) വിളിക്കാത്തിടത്ത് ഉണ്ണാന്‍ പോകുന്ന പരിപാടി നമുക്കില്ല..

ജോസ്: ഹാ…നിങ്ങള് പോകാതെ…അവിടെ നില്ല്…കാര്യങ്ങള് പറയാം…നിങ്ങടെ സഹായം കൂടിവേണം…

തങ്കച്ചന്‍: അതുശരി അവടെ അവള് ചക്കക്കുരു ചെരണ്ടാന്‍ പറഞ്ഞപ്പഴാ വീട്ടീന്ന് ചാടിയത്…ഇതിപ്പം ഇവിടെ വന്ന് ഉള്ളീടെ തോലു പൊളിക്കണമെന്നാണോ…നടക്കുകേല മോനേ…വേറെ ആളെ നോക്ക്…

ജോസ്: ഇത് നിങ്ങള് അടുക്കളപ്പടിയേലിരുന്ന് ചക്കക്കുരു ചെരണ്ടുന്നതുപോലെയല്ല…വമ്പന്‍ പരിപാടിയാ…ഇതിപ്പം ഒരു ചെറിയ ചുവടുവെയ്പാ പക്ഷേ വലിയൊരു കുതിച്ചുചാട്ടത്തിനാ…

തങ്കച്ചന്‍: അത് പണ്ട് ചന്ദ്രനില്‍ ചെന്നപ്പം അവര് പറഞ്ഞത്….ഇവിടെ നിന്റെ പെരക്കോണിലിരുന്ന് നീ എങ്ങോട്ട് കുതിച്ചു ചാടാനാ….

ജോസ്: ആ…ഇതല്ലേ നിങ്ങളടെ കുഴപ്പം…എന്നെ ഒരു വകവെയ്പ്പില്ല…ഞാന്‍ ഒരു പാചക രത്‌നമാകാനുള്ള തയാറെടുപ്പിലാണ്…

തങ്കച്ചന്‍: എന്നതാന്നാ പറഞ്ഞത്…രത്‌നമോ…എടാ മുക്കുപണ്ടം എന്തേരെ ഉരച്ചാലും രത്‌നമാകുമോ….

ജോസ്: നിങ്ങള് പത്രമൊന്നും വായിക്കുന്നില്ലേ…നമ്മടെ പഴയിടം ഇനി സ്‌കൂള്‍ മേളയ്‌ക്കൊന്നും പാചകത്തിനില്ല….ഞാനൊരു കൈ നോക്കാന്‍ തീരുമാനിച്ചു…

തങ്കച്ചന്‍: നീ എന്നതാ ഈപറയുന്നത്….രണ്ടു ചീനിച്ചട്ടിയുമായിട്ട് ചെന്നാ അവിടെ കാര്യങ്ങള് നടക്കുമെന്നാണോ…

ജോസ്: ഇത് ഓരോന്നിന്റെയും പ്രോട്ടോ ടൈപ്പ് നമ്മള് ഉണ്ടാക്കി നോക്കുന്നതല്ലേ…ഇതിപ്പം മൂന്നുപേര്‍ക്കുള്ളതാ ഉണ്ടാക്കുന്നതെങ്കില്‍ അതിന്റെ പതിനായിരത്തിന്റെയും ഇരുപതിനായിരത്തിന്റെയും ഗുണിതങ്ങളാക്കിയാല്‍മതി….സോ സിംപിള്‍ മാന്‍…

തങ്കച്ചന്‍: നീ ഇത്ര നിസ്സാരമായിട്ടാണോ ഇതിനെയൊക്കെ കാണുന്നത്….

ജോസ്: നിസാരമായിട്ടൊന്നുമല്ല…ഞാന്‍ എല്ലാം വെല്‍പ്ലാന്‍ഡാണ്…മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഞാന്‍ സദ്യപരിപാടിക്കു കേറും…എന്റെ കറിയുടെ രുചി തലയ്ക്കുപിടിച്ച് മന്ത്രി നേരെ അടുക്കളേലൊട്ടു വരും…എന്നെ നോക്കി പോരുന്നോ എന്റെ കൂടെ എന്നു ചോദിക്കും…പിന്നെ നമ്മള് രക്ഷപ്പെട്ടില്ലേ…

തങ്കച്ചന്‍: സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമ ഇന്നലെ കണ്ടതാണോ…അതോ നേരത്തെ കണ്ടത് ഓര്‍മയിലിരിക്കുന്നതാണോ…

ജോസ്: ഓ…അതിലും ഇങ്ങനെയൊരു സംഭവമുണ്ടല്ലേ….

തങ്കച്ചന്‍: എന്നാപ്പിന്നെ നിനക്ക് അടുക്കളയ്ക്കകത്തിരുന്ന് ചെയ്യാന്‍ മേലെ…ഇങ്ങനെ മുറ്റത്ത് വന്നിരിക്കാതെ…

ജോസ്: അടുക്കളേലായിരുന്നു…അവള് അവിടുന്ന് ചാടിച്ചതാ…അവള്‍ടെ പണിക്ക് തടസമാന്നു പറഞ്ഞ്…

തങ്കച്ചന്‍: അതല്ലേലും ഈ പെണ്ണുങ്ങള് നമുക്ക് ഒരു സപ്പോര്‍ട്ടല്ല…നമ്മളെപ്പഴും പുതിയ ഐഡിയാസ് കൊണ്ടുവരുമ്പംഅവര് അതിനോട് സഹകരിക്കുകേല…അവര്‍ക്ക് ഇങ്ങനെ ഇരുണ്ട് വെളുത്ത് കാലം കഴിഞ്ഞാല്‍ മതി…

ജോസ്: (അകത്തോട്ട് നോക്കി) എപ്പം വേണേലും അവള് വന്ന് എല്ലാം പൊക്കിക്കോണ്ട് പോകും…ഞാന്‍ ഓടാന്‍ റെഡിയായിട്ടാ നിക്കുന്നത്…

തങ്കച്ചന്‍: ങാ..അങ്ങനെ ഒരു കരുതല് ഉള്ളത് നല്ലതാ…എവിടെയേലും സദ്യ നടത്താന്‍ പോയാലും ഓടാനുള്ള മുന്‍കരുതല് നല്ലതാ…

ജോസ്: നിങ്ങള് ചുമ്മാ കരിനാക്ക് വളച്ചൊന്നും പറയരുത്…ഞാന്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുവാ…അന്നേരമാണോ ഇങ്ങനത്തെ പറച്ചില്…

തങ്കച്ചന്‍: ങാ…എന്നാലിപ്പം ഓരോ വീട്ടിലും സംരംഭമെന്നു പറഞ്ഞ് സര്‍ക്കാരിന് പരിപാടിയുണ്ട്…അതിനൊന്നു കൊടുത്താലോ…ബാങ്കീന്നു ലോണും കിട്ടും….

ജോസ്: അതു ശരി…നിങ്ങള് തെണ്ടാനുള്ള വഴി പറഞ്ഞുതരുവാണോ…ഓഫീസിലും ബാങ്കിലും കയറിയിറങ്ങി അവസാനം ഞാന്‍ ഒരുഗതിയും പരഗതിയുമില്ലാത്തവനായി മാറാനാണോ…അതൊക്കെ അവര്‍ക്ക് എല്ലാ മാസവും ശമ്പളം കിട്ടാനുള്ള പരിപാടികളാ…പൂച്ച എലിയെയിട്ടു തട്ടിക്കളിക്കുന്നതുപോലെ തട്ടാന്‍ ആരെയെങ്കിലുമൊക്കെ വേണ്ടേ….

തങ്കച്ചന്‍: (ആകെമൊത്തം നോക്കിയിട്ട്) നിനക്ക് ഒരു പാചകക്കാരന്റെ ലുക്കങ്ങോട്ട് വരുന്നില്ലല്ലോ….നിയിങ്ങനെ തവള കിണറ്റിലോട്ടു ചാടാന്‍ നോക്കിയിരിക്കുന്നതുപോലെ പാത്രത്തിനകത്തോട്ടു നോക്കിയിരുന്നാല്‍ ആരും ഗുമ്മില്ല…

ജോസ്: ഓ പിന്നെ….നിങ്ങളൊരു വലിയ ഗുമ്മുകാരന്‍…

തങ്കച്ചന്‍: അതല്ലെടാ ജോസേ…അതിലും കാര്യമുണ്ട്. (ആംഗ്യം കാണിച്ചുകൊണ്ട്) ഇങ്ങനെ പാത്രത്തിലോട്ടു നോക്കി നില്‍ക്കരുത്…ഇച്ചിര മാറി ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ വേണം നില്‍ക്കാന്‍.(അഭിനയിച്ചു കാണിക്കുന്നു)

ജോസ്: (മാറിനിന്നുകൊണ്ട്) ഇങ്ങനെ മതിയോ..

തങ്കച്ചന്‍: ഉപ്പും കറിവേപ്പിലയുമൊക്കെ അളന്നെടുത്തിടുന്നതുപോലെ ഇടരുത്…വെറുതെ വാരിയിടുകയേ ചെയ്യാവുള്ളു…ഇതെല്ലാം ഒരു മരുങ്ങാണെന്നു തോന്നിക്കണം…ഇതാ ഇങ്ങനെ…(കറിവേപ്പില വാരി വിതറുന്നു. എല്ലാം പാത്രത്തിനു പുറത്തേക്ക് പറന്നു വീഴുന്നു.)

ജോസ്: ആണ്ടേ…എല്ലാം പോയി…നിങ്ങളെന്നാ പണിയാ കാണിച്ചത്…അവള് വീട്ടീന്നു കൊണ്ടുവെച്ചിരുന്നതാ…കഷായത്തിനു മരുന്നിടുന്നതുപോലെ എണ്ണി കറിക്കകത്തിട്ടോണ്ടിരുന്നതാ….നിങ്ങളെന്നെ തെറി കേള്‍പ്പിക്കുമോ…

തങ്കച്ചന്‍: നീ ഇരുപത്തിയഞ്ചു പൈസേടെ വാ വട്ടമുള്ള പാത്രം വെച്ചത് എന്റെ കുഴപ്പമാണോ…ഇതുക്കൂട്ടു പരിപാടിക്ക് വാര്‍പ്പും ചെമ്പുമൊക്കെ വേണം…അതൊന്നുമില്ലാത്തവന്‍ ഈ പരിപാടിക്ക് ഇറങ്ങരുത്…

ജോസ്: അതൊക്കെ എത്രവേണേലും ഒപ്പിക്കാം….പ്രശ്‌നമില്ല…

തങ്കച്ചന്‍: പക്ഷേ വേറെ ഒരു വലിയ പ്രശ്‌നമുണ്ടല്ലോ…

ജോസ്: അതെന്നതാ…നിങ്ങളീ മാപ്രകളെപോലെ പ്രശ്‌നമുണ്ടോയെന്നു നോക്കി നടക്കുകയാണോ…

തങ്കച്ചന്‍: അതല്ലെന്നേ….നീ അറിഞ്ഞില്ലേ…ഇനിയിപ്പം കലോത്സവത്തിനൊക്കെ പച്ചക്കറി മാത്രം പോര…ഇറച്ചിയും മീനും വേണ്ടിവരും…

ജോസ്: അത് ഒരു മാപ്ര കുത്തിതിരിപ്പിനുള്ള പണിയുണ്ടാക്കിയതല്ലേ….ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടവന്‍ വീട്ടില്‍ പച്ചക്കറിയെ വെക്കുവുള്ളു…പിള്ളേര് കൊതിമൂത്ത് രണ്ട് ചിക്കന്‍ കാല് വേണമെന്ന് പറഞ്ഞാലും മേടിച്ചുകൊടുക്കുകേല…എന്നിട്ടാ നാട്ടുകാരുടെ പിള്ളേരെ ഇറച്ചി തീറ്റിക്കാന്‍ നടക്കുന്നത്…

തങ്കച്ചന്‍: അത് അവന്റെ പിള്ളേര് പള്ളിക്കൂടത്തില്‍ ചെല്ലുമ്പം വേറെ പിള്ളേരുടെ പാത്രത്തില്‍ കൈയിട്ടു വാരുന്നു കാണും…ഇവിടെയിപ്പം കലോത്സവത്തിന് കുഴിമന്തിയും ബിരിയാണിയുമൊക്കെ വിളമ്പി ആര്‍ക്കേലും വയറ്റിപ്പിടിക്കായ്ക വന്നാലല്ലേ ഇവന്‍മാര്‍ക്ക് അതിനേക്കുറിച്ച് ഘോരഘോരം ചര്‍ച്ച ചെയ്യാനാവൂ…വര്‍ഷങ്ങളായി ഒരു കുഴപ്പവുമില്ലാതെ ഭംഗിയായി നടക്കുന്ന കലോത്സവം ഇത്തവണ അവന്റെ ഇറച്ചിക്കറിയുടെ ചാറ് വീണ് മൊത്തം അലങ്കോലമായില്ലേ…

ജോസ്: ഇനിയിപ്പം നോണ്‍വെജ് വേണേലും നമ്മളു വിളമ്പും…വെജ് വേണ്ടവര്‍ക്ക് അത് …നോണ്‍ വേണ്ടവര്‍ക്ക് അത്…അപ്പപ്പിന്നെ പരാതിയില്ലല്ലോ…

തങ്കച്ചന്‍: നീയെന്നാ പെരുന്തച്ചനോ….കുളം വട്ടത്തില്‍ വേണം നീളത്തില്‍ വേണമെന്ന് പറഞ്ഞ് വഴക്കിട്ടവര്‍ക്ക് അവരവരുടെ തോന്നലുപോലെയുള്ള കുളം കുഴിച്ചുകൊടുത്തതുപോലെ….

ജോസ്: ങാ…നമ്മടെയിവിടെ ജീവിക്കണേല്‍ പെരുന്തച്ചനേപ്പോലുള്ളവര്‍ക്കേ പറ്റൂ…ചിക്കന്‍ ഞാനൊരു 250 ഐറ്റം വിളമ്പും…ഏതു തരത്തിലുള്ള ചിക്കന്‍ കറിയും കൊടുക്കും….

തങ്കച്ചന്‍: ങേ…നീ അതെങ്ങനെ ഒപ്പിക്കും…

ജോസ്: ന്റെ തങ്കച്ചാ അത് ഈസിയല്ലേ….കുറേ ചിക്കന്‍ അങ്ങ് വറുത്തുകൂട്ടും….പിന്നെ പല ടൈപ്പ് ഗ്രേവി…ചാറ് ഉണ്ടാക്കും…പല കളറില്‍…പിന്നെ ഓരോ പേരിട്ട് അങ്ങ് വിളമ്പും…

തങ്കച്ചന്‍: ങാ…എന്നാപ്പിന്നെ നിനക്ക് തിരുവനന്തപുരത്തോ കണ്ണൂരോ സ്ഥിരം സദ്യയുണ്ടാക്കാനുള്ള പണി കിട്ടും…

ജോസ്: അങ്ങനെ കിട്ടിയാ ഞാന്‍ രക്ഷപ്പെട്ടു…അസിസ്റ്റന്റായിട്ട് നിങ്ങളെയും കൊണ്ടുപോകാം…

തങ്കച്ചന്‍: ഓാാ…വിയ്യൂരും പൂജപ്പുരയും കിടക്കാന്‍ എനിക്കു സമയമായില്ല…

ജോസ്: അതുശരി…നിങ്ങള് ആക്കിയതാ അല്ലേ…

തങ്കച്ചന്‍: (അടുക്കളവശത്തേക്ക് നോക്കി) നിന്റെ വീട്ടുകാരത്തി ഇവിടെയില്ലേ….നീ ഇത്രധൈര്യത്തില് നില്‍ക്കുന്നത്…ഇപ്പം ഓടിക്കേണ്ട സമയം കഴിഞ്ഞല്ലോ…

ജോസ്: (പുച്ഛസ്വരത്തില്‍) അവള്…എന്നെ…ഓടിക്കുമെന്ന്…നിങ്ങള് ഭാര്യയെ പേടിച്ചു കഴിയുവാന്നു കരുതി എല്ലാവരെയും അങ്ങനെ കൂട്ടരുത്….വരച്ച വരേലാ ഞാന്‍ അവളെ നിര്‍ത്തിയേക്കുന്നത്….

ജോസിന്റെ പിന്നില്‍ ഭാര്യ…കലി കയറി നില്‍ക്കുവാണ്…ജോസ് അറിഞ്ഞിട്ടില്ല. തങ്കച്ചന്‍ അങ്ങോട്ടു തിരിഞ്ഞു നില്‍ക്കുന്നതുകൊണ്ട് കാണുന്നുണ്ട്. കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ തങ്കച്ചന്‍ സാവധാനം കസേരയില്‍ നിന്നും എണീല്‍ക്കുന്നു.

തങ്കച്ചന്‍: ജോസേ….നീ ആ വര എന്നാ ഇങ്ങോട്ടൊന്നു മാറ്റിവരച്ചേരെ….ഞാന്‍ അങ്ങ് മാറിക്കോളാം…പഞ്ചായത്തി വരെ പോണം വീട്ടുകരം അടച്ചില്ല…

ധൃതിയില്‍ പോകുന്നു. പിന്നിലോട്ടു നോക്കി തങ്കച്ചന്‍ പോകുന്നതില് പന്തികേട് തോന്നി ജോസ് പിന്നിലോട്ട് നോക്കുമ്പോള്‍ ഭാര്യ. ഞെട്ടി പാചകം ഇട്ടേച്ച് ജോസും തങ്കച്ചന്റെ പിന്നാലെ.

ജോസ്: തങ്കച്ചാ…നില്ല്…ഞാനും പഞ്ചായത്തിലോട്ടുണ്ട്…

തങ്കച്ചന്‍: എന്തിനാ…ഡെത്ത് സര്‍ട്ടിഫിക്കറ്റ് മേടിക്കാനാണോ….

LEAVE A REPLY

Please enter your comment!
Please enter your name here