കൃഷി പഠിക്കാന്‍ ഇസ്രയേലിലേക്ക്

0
60

ചുമ്മാ..ഒരു..നേരംപോക്ക്
എപ്പിസോഡ്-12

വീട്ടിലേക്ക് നടന്നുവരുന്ന തങ്കച്ചന്‍. മുന്‍വശത്ത് ആരെയും കാണാഞ്ഞിട്ട് ഉറക്കെ വിളിക്കുന്നു.

തങ്കച്ചന്‍: ജോസേ…എടാ….ജോസേ…
കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

തങ്കച്ചന്‍: (അസ്വസ്ഥനായി)ഇവനിതെവിടെ പോയികിടക്കുന്നു. (തുങ്ങികിടക്കുന്ന മണി കണ്ടിട്ട്) ങേ…ഇത് വലിയ പര്‍ണശാലപോലെയാണല്ലോ…ദര്‍ശനം വേണ്ടവര്‍ മണിയടിക്കണമായിരിക്കും(ചിരിച്ചുകൊണ്ട്) ഇവന്റെ ഓരോ പരിപാടികള്.. ദര്‍ശനം നല്‍കണേ…ദര്‍ശനം നല്‍കണേ…( പാട്ടുപാടി മണിയടിച്ചുകൊണ്ട്) ഇതു രസമാണല്ലോ…ചുമ്മായിരിക്കുമ്പം ഒരു നേരംപോക്കിന് കൊള്ളാം…

വാതില്‍ക്കല്‍ ജോസിന്റെ ഭാര്യ

ഭാര്യ: (ചിരിച്ചുകൊണ്ട്) അത് വലിച്ചുപൊട്ടിച്ചേക്കല്ലേ…ചെറുതായിട്ടു പിടിപ്പിച്ചിട്ടേയുള്ളു…

തങ്കച്ചന്‍: (തിരിഞ്ഞുനോക്കി)ങാഹാ…ഇവിടെയുണ്ടായിരുന്നോ…എന്തിയേ കണവന്‍….ലോക്കപ്പിലിട്ടിരിക്കുവാണോ…

ഭാര്യ: (വലിയ താത്പര്യമില്ലാത്ത മട്ടില്‍) ഊംംം….ലോക്കപ്പ്…അകത്ത് തുണി തേക്കുവാ….ചെറുക്കന്‍ കല്യാണത്തിനിട്ട കോട്ട് എടുത്ത് തേക്കുന്നുണ്ട്….എന്നാത്തിനാണോ ആവോ…

ജോസ് അകത്ത്ു നിന്ന് വരുന്നു. നല്ല ഉത്സാഹത്തിലാണ്.

ജോസ്: തങ്കച്ചാ…എല്ലാം റെഡിയാക്കിയോ…ഞാന്‍ ഓരോന്നായിട്ട് അടുക്കിവെക്കുവായിരുന്നു….

തങ്കച്ചന്‍: നീ വിളിച്ചു പറഞ്ഞത് ഏതാണ്ടൊക്കെയേ എനിക്കു മനസിലായുള്ളു…നീ വിശദമായിട്ടൊന്നു പറഞ്ഞേ…

ജോസ്: ഹാ…ഞാന്‍ എല്ലാം പറഞ്ഞതല്ലേ….നമ്മള് ഇസ്രായേലിനു പോകുന്നു….അവിടുത്തെ കൃഷി പഠിക്കാന്‍….

ഭാര്യ: ഇവിടെ ഒരു കാന്താരി പോലും നടുകേലാത്തവരാ ഇസ്രായേലിലെ കൃഷി പഠിക്കാന്‍ പോകുന്നത്…ഈ വട്ടുകളി കേട്ടിരിക്കാന്‍ എനിക്കു നേരമില്ലേ…ഞാന്‍ പോകുവാ….

ജോസ്:(പുച്ഛസ്വരത്തില്‍) നിനക്കെന്നാ പൂട്ടയ്ക്കാ അറിയാം…അല്ലേലും പൂച്ചയ്‌ക്കെന്നാ പൊന്നുരുക്കുന്നിടത്തു കാര്യ…നീ പോ…

ജോസിനെ കത്രിച്ചൊന്നു നോക്കി ഭാര്യ അകത്തേക്ക്.

തങ്കച്ചന്‍: അവളുമായിട്ട് നീ പിന്നെ ഗുസ്തി പിടിക്ക്…ഇപ്പം നീ ഇതൊന്നു പറഞ്ഞേ….

ജോസ്: തങ്കച്ചാ…സംഭവമിത്രയേയുള്ളു…നമ്മള്‍ ഇസ്രായേലിനു പോകുന്നു..അവിടുത്തെ കൃഷി പഠിക്കാന്‍…

തങ്കച്ചന്‍: ഹാ…നീ ചുമ്മാ അതുതന്നെ തന്നേംപിന്നേം പറഞ്ഞോണ്ടിരുന്നാലെങ്ങനാ….എങ്ങനെ പോകും…ആരുകൊണ്ടുപോകും…

ജോസ്: നിങ്ങള് ചുമ്മാ കിടന്ന് പെടയ്ക്കാതെ…നമ്മടെ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഇസ്രയേലിന് കൃഷി പഠിക്കാന്‍ പോകുന്നു…അക്കൂടെ പത്തുമുപ്പത് കര്‍ഷകരെക്കൂടി കൊണ്ടുപോകുന്നു..

തങ്കച്ചന്‍: ഓ..മന്ത്രിമാരൊക്കെ നമ്മളെ കൊണ്ടുപോകുവാ. അവര് അവരുടെ ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും സെക്രട്ടറിമാരെയും കൂട്ടിയല്ലേ വിദേശ പര്യടനം സാധാരണ നടത്താറ്…

ജോസ്: അങ്ങനെയാണ് നാട്ടുനടപ്പ്…ഇതിപ്പം കണ്ണുതട്ടാതിരിക്കാനായിരിക്കും കൃഷിക്കാരെയും കൊണ്ടുപോകുന്നുണ്ട്….

തങ്കച്ചന്‍: അങ്ങനെയാണെങ്കിലും അവര്‍ക്ക് വേണ്ടപ്പെട്ടവരെ കര്‍ഷകരെന്നു നെറ്റിയേല് എഴുതിയൊട്ടിച്ച് കൊണ്ടുപോകുകയല്ലേ ഉള്ളൂ…

ജോസ്: നിങ്ങളെന്നെക്കുറിച്ചെന്നാന്നാ കരുതിയിരിക്കുന്നത്…എനിക്കിവിടെ മാത്രമല്ല…അങ്ങ് തിരുവനന്തപുരത്തുമുണ്ട് പിടി….

തങ്കച്ചന്‍: നീ ചുമ്മാ തവള പാണ്ടിലോറിയുടെ മുന്നില്‍ നെഞ്ചുവിരിക്കുന്നതുപോലെ ഞെളിയാതെ കാര്യം പറ…

ജോസ്: നിങ്ങളെ ഞാനെങ്ങനെ വിശ്വസിപ്പിക്കും….തിരുവനന്തപുരത്ത് എനിക്കുവേണ്ടപ്പെട്ട ഒരാള്‍ വഴി ഞാന്‍ നടത്തിയ ഓപ്പറേഷനാണ്…

തങ്കച്ചന്‍: പെമ്പ്രന്നോത്തിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞു. അവളും വരുന്നുണ്ടെന്ന് പറഞ്ഞ് ചട്ടേംമുണ്ടുമെല്ലാം അലക്കിയുണങ്ങുന്നുണ്ട്….നമ്മള് കൃഷി കണ്ടേച്ചു വരുമ്പഴേക്ക് അവള് ഗാഗുല്‍ത്താമലേലും ബെത്‌ലഹേമിലുമൊക്കെ പോയേച്ച് അവിടെ നിന്നേക്കാമെന്നാ അവള് പറഞ്ഞത്..

ജോസ്: (അരിശപ്പെട്ട്) പിന്നെ…ബെത്‌ലഹേമിലെ പള്ളീലെ കൊടിമരത്തിന്റെ ചുവട്ടില്‍ കണ്ടേക്കാന്‍ പറ…നിങ്ങളേത് കോത്താഴത്തുകാരനാ…ആരെങ്കിലും സദ്യയുണ്ണാന്‍ വീട്ടീന്ന് പൊതിയും കെട്ടിപ്പോകുമോ…

തങ്കച്ചന്‍: നീ ചൂടാകാതെ…അവളെയൊക്കെ നമ്മള്‍ക്ക് എന്തെങ്കിലും പറഞ്ഞ് ഒതുക്കാം…അല്ലേല് അവളെ മുന്‍വശത്തുനിര്‍ത്തിയിട്ട് ഞാന്‍ അടുക്കളവശത്തുകൂടി ചാടും…

ജോസ്: അല്ലേലും മുങ്ങാന്‍ നിങ്ങള് മിടുക്കനാണല്ലോ…സമയമാകുമ്പം ചേടത്തിയേയും തോളേല്‍ വെച്ചോണ്ട് വന്നാല്‍ പരിപാടിയെല്ലാം പൊളിയും…അതുനേരത്തെ പറഞ്ഞേക്കാം…

തങ്കച്ചന്‍: നീ ചുമ്മാ അതും പറഞ്ഞിരിക്കാതെ നമ്മടെ പ്ലാനും പരിപാടിയും പറ…

ജോസ്: അതു കൂടുതല് കാര്യങ്ങള് അറിയ്തതില്ല…അവിടെ പോകുന്നു അവിടുത്തെ കൃഷിയെല്ലാം കാണുന്നു…ഇവിടെ വന്ന് അതുപോലെ കൃഷി ചെയ്യുന്നു…

തങ്കച്ചന്‍: അതെങ്ങനെ ശരിയാകും…അവിടുത്തെ കാലാവസ്ഥയല്ലല്ലോ…നമ്മടെയിവിടെ….പിന്നെങ്ങനെ അവിടുത്തെ കൃഷി ഇവിടെ ചെയ്യാന്‍ പറ്റും..

ജോസ്: നിങ്ങള് ചുമ്മാ ആവശ്യമില്ലാത്ത ചോദ്യങ്ങളൊന്നും ചോദിക്കാതെ…ഇസ്രായേല് കാണണോ…എങ്കില്‍ മിണ്ടാതെ അവിടെയിരുന്നോണം….

തങ്കച്ചന്‍: ങാ….ഇപ്പഴാ ഓര്‍ത്തത്…നീ ഇന്നാള് ഇതുപോലെ ആന്ധ്രായിലെ കൃഷി പഠിക്കാന്‍ ആരാണ്ടുടെ കൂടെ പോയില്ലായിരുന്നോ…എന്നിട്ടിവിടെ വന്ന് ആന്ധ്രായിലെ എന്നാ കൃഷിയാ ചെയ്തത്.

ജോസ്: നിങ്ങള്‍ക്ക് അപ്പം തിന്നാല്‍പോരെ കുഴി എണ്ണണോ….എവിടെയെങ്കിലും പോയി എന്തെങ്കിലും കാണുമ്പഴേ ഇവിടെ ചെയ്യാന്‍ പറ്റുമോ…അതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണോ….ഇതുക്കൂട്ട് ചോദ്യങ്ങള് കൂടുതല് ചോദിച്ചാല്‍ നിങ്ങളടെ പേര് ഞാന്‍ വെ്ട്ടുമേ….

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) മനസിലായി…എല്ലാം മനസിലായി….

ജോസ്: അവിടെ ചെന്നിട്ട് വേണം പോളീഹൗസൊന്നു പോയി കാണാന്‍…

തങ്കച്ചന്‍: ഓ…പോളീടെ വീട്ടിലോട്ടൊന്നും ഞാന്‍ വരുന്നില്ല…അവനിവിടെ വന്നാല്‍ എന്റെ വീട്ടില്‍ വരുകേല…പുത്തന്‍പണക്കാരന്റെ മുഴുവന്‍ ഉങ്കുമുണ്ട് അവന്..

ജോസ്: (അതിശയത്തോടെ) നിങ്ങളേത് പോളീടെ കാര്യമാ പറയുന്നത്…

തങ്കച്ചന്‍: ഹാ…നീ അറിയുകേലേ…വീട്ടി കയ്യാലപ്പണിക്കു വന്നിരുന്ന കുട്ടപ്പായീടെ മോന്‍ പോളി….അവനിപ്പം ഇസ്രായേലിലാ…പത്തു കാശുണ്ടായപ്പം അവന് നമ്മളെ ഒന്നും ഒരു വകവെപ്പുമില്ല….

ജോസ്: (തലേല്‍ കൈവെച്ച്) നിങ്ങളെക്കൊണ്ട് ഞാന്‍ തോറ്റു….നിങ്ങളെന്റെ പേര് കളയും….കുട്ടപ്പായിടെ മോന്‍ പോളിയല്ല….ഇതു പോളിഹൗസ്…പച്ചക്കറി കൃഷിയാ…പോളിത്തീന്‍ ഷീറ്റ്ിന് മറയിട്ട് ചെയ്യുന്നത്….

തങ്കച്ചന്‍: ന്റെ പൊന്നെടാ ഉവ്വേ…എനിക്ക് അബദ്ധം പറ്റിയതാ…പെട്ടെന്ന് ഓര്‍ത്തില്ല…ഇതെനിക്കറിയാം….പണ്ട് നമ്മടെ സര്‍ക്കാര് എല്ലാ പഞ്ചായത്തിലും പോളീഹൗസുണ്ടാക്കുമെന്ന് പറഞ്ഞ് കുറെ ധനസഹായമൊക്കെ കൊടുത്തായിരുന്നു…

ജോസ്: ശരിയാണല്ലോ….നിങ്ങടെ മൂത്തവന്‍ അന്ന് ഒരെണ്ണം ഉണ്ടാക്കിയായിരുന്നല്ലോ….അതിനെന്നാ പറ്റി….

തങ്കച്ചന്‍: പിന്നെ…അന്ന് കുറേനാളത്തേക്ക് ഉദ്യോഗസ്തന്മാരെല്ലാം കേറിയിറങ്ങി നടക്കുവല്ലായിരുന്നോ…ഇപ്പം അതേണ്ട് പറമ്പില്‍ കുറേ പൈപ്പും പോളീത്തീന്‍ ഷീറ്റും കിടക്കുകയാണ്.

ജോസ്: സംഭവം പൊളിഞ്ഞല്ലേ…അവന്‍ പറഞ്ഞായിരുന്നു…

തങ്കച്ചന്‍: അതുവല്ലതും ഇവിടെ നടക്കുവോ….അവിടുത്തെ കാലാവസ്ഥയ്ക്ക് അങ്ങനെ വേണം….പിന്നെ വിത്തൊക്കെ നല്ലതായിരിക്കണം…അല്ലാതെ ഇവിടെ പന്തലിട്ട് വളര്‍ത്തുന്നത് പോളിഹൗസില്‍ നടക്കില്ല…

ജോസ്: അതുമല്ല ഈ ഉണ്ടാകുന്നതെല്ലാം വില്‍ക്കണ്ടേ…അതാര് എവിടെ കൊണ്ടുപോകും…പോളിഹൗസും പണിത് സബ്‌സിഡിയും ത്ന്നിട്ട് കൃഷിവകുപ്പുകാര് പോകും….പിന്നെ കര്‍ഷകന്‍ അതിന്റെ മുന്നില്‍ തലയ്ക്ക് കൈയും കോടുത്തിരിക്കും…

തങ്കച്ചന്‍: അതൊക്കെപോട്ടെ…ഇസ്രായേലിലെ കാര്യം പറ…നമുക്ക് അവിടെ ചെന്ന് കുറച്ച് സ്ഥലം പാട്ടത്തിനിടെത്ത് വല്ല കപ്പ കൃഷിയും നടത്തിയാലോ…അവിടെല്ലാം ഫോട്ടോയില്‍ കാണുമ്പം തരിശുഭൂമിയാ….വേണേല്‍ മല മൊത്തം ഇങ്ങു പാട്ടത്തിനെടുക്കാം….

ജോസ്: എന്തിന് കപ്പയാക്കുന്നു…റബര്‍ കൃഷി നടത്താം…

തങ്കച്ചന്‍: എന്തിന് മര്യാദയ്ക്ക് ജീവിക്കുന്ന അവന്മാരെക്കൂടി മുടിപ്പിക്കാനോ….

ജോസ്: കപ്പയിട്ടാല്‍ അവിടെ തൊരപ്പന്മാരുണ്ടാവുമോ ആവോ…

തങ്കച്ചന്‍: തൊരപ്പന്മാര് കാണാന്‍ സാധ്യത കുറവാ…അവിടെ എ്പ്പഴും പടക്കം പൊട്ടീരല്ലേ…അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും മിസൈലും ബോംബും ചുമ്മാ ചറപിറയല്ലേ….ടിവീല് എപ്പഴും കാണാം….

ജോസ്: അതുശരിയാ…ഞാന്‍ കഴിഞ്ഞ ദിവസം പറമ്പില്‍ തൊരപ്പന്റെ മാളത്തിലെല്ലാം ഓലപ്പടക്കം തിരുകി പൊട്ടിച്ചു….ഇനി ഒറ്റയെണ്ണം കാണാന്‍ വഴിയില്ല….

തങ്കച്ചന്‍: നീ പതുക്കെ പറ…ഏതേലും തൊരപ്പന്‍ കേട്ടിട്ട് പരാതി കൊടുത്താല്‍ നീ അകത്താ….

ജോസ്: കപ്പയും റബറുമൊന്നുമല്ല അവിടെ നമുക്ക് വല്ല മുന്തിരി കൃഷിയും നടത്തി മുതലാളിയാകാം….എന്നിട്ട് അഞ്ചെട്ടു കു്പ്പി വൈനുമായി ഇവിടെയെത്തി ഒന്നു വിലസാം…

തങ്കച്ചന്‍: അങ്ങനെയൊക്കെ പറ്റുമോ…പോയപോലെ തിരിച്ചുവരേണ്ടിവരും…പറ്റുമെങ്കില്‍ എ്ല്ലായിടവും ഒന്നു കണ്ടുകേട്ടു പോരാം…അല്ലാതെ അവരുടെ കൃഷിയും ടെക്‌നോളജിയുമൊന്നും നമുക്കു പറ്റുകേല…

ജോസ്: അവിടെ മൊത്തം ഹൈടെക് കൃഷിയാ…അതിവിടെ പറ്റുമോ…ഇവിടുത്തേത് ഉഡായിപ്പ് കൃഷിയല്ലേ….ഓരോ പേരിട്ട് ഓരോ പദ്ധതി…എന്നിട്ട് കാശ് അടിച്ചു മാറ്റുക….ഉദ്യോഗസ്ഥര് കറങ്ങി നടക്കുക…

തങ്കച്ചന്‍: അതെന്തേലും ആകട്ടെ…എത്രദിവസത്തെ പരിപാടിയാ….റബറ് വെട്ടാനൊക്കെ ആളെ ഏര്‍്പ്പാടാക്കണം…അതിനാ ….

ജോസിന്റെ ഫോണ്‍ ബെല്ലടിക്കുന്നു..

ജോസ്: (ഫോണെടുത്തു നോക്കിയിട്ട്) ങാഹാ…തിരുവനനന്തപുരമാണല്ലോ….

തങ്കച്ചന്‍: (ആകാംക്ഷയോടെ) അടുത്തവണ്ടിക്ക് കയറിപോകാനാണോ…

ജോസ്: (മിണ്ടരുതെന്ന് ആംഗ്യം കാണിക്കുന്നു. ഫോണെടുത്ത് സംസാരിക്കുന്നു) ഹലോ….എന്നാ ഉണ്ടോ….ഇവിടെ ഞങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു….എപ്പം പറഞ്ഞാലും റെഡി…..ങേ……അതെന്നാ…..അതുനടക്കുമോ….ങാ…അത് ആലോചിക്കണം…എന്നിട്ടു പറയാം…ശരി ഓകെ.

തങ്കച്ചന്‍: (ആകാംക്ഷയോടെ) എന്നാ പറ്റി…പ്രശ്‌നം വല്ലതും ഉണ്ടോ…

ജോസ്: ചെറിയൊരു പ്രശ്‌നമുണ്ട്…..പോകണമെങ്കില്‍ മൂന്നുലക്ഷം രൂപ കൊടുക്കണം…ചെലവുകാശ്….

തങ്കച്ചന്‍: ങേ…മൂന്നുലക്ഷമോ…അതെന്നാ പരിപാടിയാ…കാശുമുടക്കിയുള്ള പരിപാടിക്കു ഞാനില്ല….മന്ത്രിയും ഉദ്യോഗ്സ്ഥരുമൊക്കെ പൈസ കൊടുക്കണോ…

ജോസ്: മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊന്നും പൈസ വേണ്ട ഫ്രീയാ….കര്‍ഷകര്‍ക്കു പൈസ കൊടുക്കണം…

തങ്കച്ചന്‍: അതെന്നാ കോപ്പിലെ പരിപാടായി….മന്ത്രിയും ഉദ്യോഗസ്ഥരുംകൂടി പഠിച്ചേച്ച് വന്നിട്ട് കൃഷി ചെയ്യുമോ…അവരവിടെ പോയിട്ട് അന്ധന്മാര് ആനയെ കണ്ടതുപോലെ ഇവിടെ വന്ന് നമ്മളെ പഠിപ്പിക്കും…എന്നിട്ട് നമ്മള് വേണം അനുഭവിക്കാന്‍….

ജോസ്: അതങ്ങനെയേ വരൂ എന്നുറപ്പല്ലേ…അവര് വന്ന് പദ്ധതി തയാറാക്കും….നമ്മള് ലോണെടുത്ത് ചെയ്യും….പിന്നെ അവര് തിരിഞ്ഞു നോക്കില്ല…അവസാനം ബാങ്കുകാര് ജപ്തി നോട്ടീസുമായി വീട്ടുപടിക്കല്‍ വന്ന് ചെണ്ടകൊട്ടും….

തങ്കച്ചന്‍: ഇനി പെമ്പ്രന്നോത്തിയോട് എന്തുസമാധാനം പറയുമെന്നാ ഞാനോര്‍ക്കുന്നത്….(ഫോണ്‍ ബെല്ലടിക്കുന്നു) ഹോ…പറഞ്ഞു നാക്കുവായിലിട്ടില്ല….ഇതേ അവള് വിളിക്കുന്നു….

ജോസ്: നിങ്ങളെ കാണാഞ്ഞപ്പം ഇനി ഇസ്രായേലിനു പോയെന്നു കരുതിയോ….

തങ്കച്ചന്‍: (ഫോണെടുത്ത്) എന്നാടീ…ഞാനങ്ങോട്ടു വരും ഇപ്പം….ങേ….അതെന്നാത്തിന്……നീ ഈ സമയത്തിനകം അയലോക്കംകാരെ മുഴുവന്‍ അറിയിച്ചോ….നിന്നോടു ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ എന്നതേലും കേള്‍ക്കുമ്പഴേ പെരപ്പുറത്തുകേറി വിളിച്ചു കൂവരുതെന്ന്….നീ വെക്ക്…ഞാന്‍ അങ്ങോട്ട് വരുമ്പം പറയാം….

ജോസ്: എന്നാ സംഭവം…. നിങ്ങള്‍ക്കിനി വീട്ടിക്കേറാന്‍ പറ്റുകേലെ…. ഇസ്രായേലിനു തന്നെ പോകേണ്ടിവരുമോ….

തങ്കച്ചന്‍: പൊക്കോണം നീ അവിടുന്ന്…ഓരോ കൊപ്പരം ഒപ്പിച്ചുവെച്ചിട്ട്…. അവള് അയലോക്കംകാരോട് മുഴുവന്‍ ഞാന്‍ ഇസ്രായേലിന് പോകുവാന്ന് പറഞ്ഞു….ദേണ്ട് രാവിലെ മോളിക്കുട്ടി ഒരു പാത്രം അച്ചാറുമായിട്ട് വന്നിരിക്കുന്നു….അവളടെ മോന്‍ അവിടെയാ…അവന് കൊടുക്കാന്‍…

ജോസ്: എന്നാ അനങ്ങാതിരുന്നാ മതി….വൈകുന്നേരമാകുമ്പഴേക്ക് നിങ്ങള്‍ക്ക് കുറേ സാധനങ്ങളും കൂടി കിട്ടും…. ഒരു കാര്യം ചെയ്യ് നിങ്ങള് ചെന്ന് അച്ചാറെടുത്തോണ്ടു വാ നമ്മക്ക് ടച്ചിംഗ്‌സായിട്ടു കൂട്ടാം….ഞാനന്നേരത്തേക്ക് ഒരു കുപ്പി സംഘടിപ്പിക്കാം…..

ഭാര്യ പിന്നില്‍ വന്ന് നില്‍ക്കുന്നത് ഇരുവരും അറിഞ്ഞിട്ടില്ല.

ഭാര്യ: എല്ലാ പരിപാടിയും ഇങ്ങനെയെ അവസാനിക്കുവൊള്ളുവെന്ന് എനിക്കറിയാം….ഞാന്‍ നോക്കിയാ നിന്നിരുന്നത്…..ഇങ്ങുവാ…ഞാന്‍ വിറകുംമുട്ടികൊണ്ടുള്ള ടച്ചിംഗ്‌സ് റെഡിയാക്കിയിട്ടുണ്ട്…

തങ്കച്ചന്‍: (ഇറങ്ങിയോടിക്കൊണ്ട്) ന്റെ ദൈവമേ…വീട്ടിലോട്ടും ചെല്ലത്തില്ല…ഇവിടേ നില്‍ക്കത്തില്ല…..ഇവന്റെ കൂടെ എന്നാ പരിപാടിക്കിറങ്ങിയാലും ഇതാണല്ലോ അവസ്ഥ…….

LEAVE A REPLY

Please enter your comment!
Please enter your name here