സ്വപ്‌നത്തില്‍ വീണ്ടും ബാല്യകാലത്തെത്തിയപ്പോള്‍

0
41

നേരംപോക്ക്
എപ്പിസോഡ് -13

റോഡിന്റെ സൈഡില്‍ നിന്ന് തങ്കച്ചന്‍ ആരെയോ വിളിക്കുകയാണ്. അതു കണ്ടോണ്ട് വരുന്ന ജോസ്.

ജോസ്: നിങ്ങളാരോടാ വര്‍ത്തമാനം പറയുന്നത്..

തങ്കച്ചന്‍: (തിരിഞ്ഞു നോക്കി) ഹും അവന്റെ പോക്കുകണ്ടില്ലേ.

ജോസ്: ആരാ….

തങ്കച്ചന്‍: ആ…കുട്ടപ്പായീടെ മോന്‍…അവനോട് ഞാന്‍ കുട്ടപ്പായി അവിടെയുണ്ടോന്നു ചോദിച്ചു….അവന്‍ കേട്ടമട്ടു കണ്ടില്ല.. ചെവിയില് വള്ളി കുത്തിതിരുകി മൊബൈലേലും തോണ്ടിയാ പോക്ക്.. ചുറ്റുവട്ടത്തു നടക്കുന്നതെന്തേലും ഇവന്‍ അറിയുന്നുണ്ടോ…

ജോസ്: അതിനിവന്മാര്‍ക്ക് ചുറ്റും നടക്കുന്നതെന്താന്നോ വല്ലതും അറിയാമോ.

ഇരുവരും ഒരുമിച്ച് മുന്നോട്ട് നടക്കുന്നു.

തങ്കച്ചന്‍: മൊബൈലേല്‍ വല്ലതും വന്നാല്‍ അറിയും അല്ലേല്‍ പൂട്ടയ്ക്കാന്നറിയാം.

ജോസ്: ഇവന്റെയൊക്കെ വീട്ടില്‍ തള്ളമാര് വീട്ടില്‍ ചോറ് വിളമ്പിയിട്ട് ഫോണ്‍ വിളിച്ചായിരിക്കും പറയുന്നത്.

തങ്കച്ചന്‍: അതിനാര്‍ക്കുവേണമെടേ ചോറ്…ഇപ്പം എല്ലാവനും നൂഡില്‍സ് മതി.

ജോസ്: അതെന്തുവാ …ഈ മണ്ണിരപോലെ വള്ളിയായിട്ടു കിടക്കുന്നതല്ലേ.

തങ്കച്ചന്‍: അതുതന്നെ.

നടന്നുവന്ന് കല്ലേല്‍ ഇരിക്കുന്നു.

ജോസ്: ഈ മൊബൈലേ നോക്കി പിള്ളാരുടെ കണ്ണും ചെവിയുമെല്ലാം അടിച്ചുപോകുമെന്നാ തോന്നുന്നത്.

തങ്കച്ചന്‍: എപ്പം നോക്കിയാലും പിള്ളേര് മൊബൈലേലാ…ഇത്രയും കാലം സ്‌കൂളില്‍ ചെന്നാലേലും മൊബൈലു താഴെ വെയ്ക്കുമായിരുന്നു. ഇപ്പം സാറന്മാരും എല്ലാം പറയുന്നത് മൊബൈലേല്‍ കൂടിയാ.

ജോസ്: കൊറോണ വന്നപ്പോ തുടങ്ങിയതാ അത്. അന്ന് ക്ലാസെല്ലാം ഓണ്‍ലൈനല്ലായിരുന്നോ.

തങ്കച്ചന്‍: ഇപ്പം മൊബൈല് താഴെവെയ്‌ക്കെടാ എന്നു പറഞ്ഞാല്‍ സാറ് അയച്ചുതന്ന നോട്ടെഴുതുവാന്നാ പിള്ളേര് പറയുന്നത്.

ജോസ്: മൊബൈലിനെ നമുക്ക് തള്ളിപ്പറയാന്‍ പറ്റില്ല. അതുകൊണ്ട് നമുക്ക് എന്തെല്ലാം കാര്യങ്ങള്‍ എളുപ്പമായി.

തങ്കച്ചന്‍: പക്ഷേ…ഇവന്‍മാര് ഇതിനൊന്നുമല്ലല്ലോ ഉപയോഗിക്കുന്നത്. ചുമ്മാ ഗെയിം കളിക്കാനും മറ്റുമല്ലേ. നീയിപ്പം ആ ബസ് സ്റ്റോപ്പിലോട്ടു ചെന്നു നോക്കിയാ കാണാം കളി. എല്ലാം മൊബൈലിലും കുത്തിയിരിക്കുവായിരിക്കും. ഒറ്റ ഒരെണ്ണം അങ്ങോട്ടുമിങ്ങോട്ടും രണ്ടക്ഷരം മിണ്ടില്ല.

ജോസ്: ഇവന്മാര് ഇങ്ങനെപോയാല്‍ വര്‍ത്തമാനം പറയാന്‍ മറന്നു പോകുമോയെന്നാ എന്റെ പേടി.

തങ്കച്ചന്‍: നമ്മുടെയൊക്കെ കാലത്ത് എന്തെല്ലാം കളികളായിരിന്നു. ..

ജോസ്: അതൊരുകാലം കളിയും ബഹളവും…എന്നാ പുകിലായിരുന്നു..

തങ്കച്ചന്‍: ഇന്നിവന്മാര്‍ക്കൊക്കെ അതു വല്ലതും അറിയാമോ.

ജോസ്: ഇവന്മാര് ഇപ്പം വിരലേല്‍ തോണ്ടി കളിക്കുന്ന സമയത്ത് നമ്മള്‍ വട്ടു കളിക്കുവായിരുന്നു. എന്നാ രസമായിരുന്നു.

തങ്കച്ചന്‍: ശരിയാ…പള്ളിക്കൂടത്തിലോട്ടു പോകുന്ന വഴിക്കുവരെ നമ്മളിരുന്നു കളിക്കുവായിരുന്നു.

ജോസ്: നമ്മടെയിവിടെയേ വട്ടുകളിയെന്നു പറയുവൊള്ളു. ഞാന്‍ അന്ന് എന്റെ അമ്മവീട്ടില്‍ ചെന്നപ്പോള്‍ വട്ടുകളിക്കാമെന്ന് അമ്മാവന്റെ പിളേളരൊടു പറഞ്ഞപ്പോള്‍ അവന്മാര് കളിയാക്കി കൂവി. അവിടെ വട്ടുകളിയെന്നു പറഞ്ഞാല്‍ തലയ്‌ക്കോളമുള്ളവരുടെ കാട്ടായത്തെയാ.

തങ്കച്ചന്‍: അപ്പം നിന്റെ കളി തന്നെ….

ജോസ്: അവന്മാര് പറഞ്ഞു ഗോലി കളിക്കാമെന്ന്. അവന്മാര് കളിക്കാന്‍ വന്നതോ …വട്ടുമായിട്ട്… നമ്മുടെ വട്ടാണ് അവരുടെ ഗോലി.

തങ്കച്ചന്‍: എന്നാ പറഞ്ഞാലും കളി സൂപ്പറാ…

ജോസ്: ഏറ്റവും രസം തോറ്റവന്റെ കൈമുട്ട് അടിച്ചുപൊട്ടിക്കാമെന്നുള്ളതാ.

തങ്കച്ചന്‍: കൈമുട്ടിനടിക്കുമ്പോ അന്ന് നല്ല വേദനയായിരുന്നെങ്കിലും ഇന്ന് അതോര്‍ക്കുമ്പോള്‍ നല്ല ഒരു സുഖമാ…
(ആ ഓര്‍മയില്‍ അങ്ങനെ കൈമുട്ടു തടവി ലയിച്ചിരിക്കുന്നു.) ഇരുവരും വട്ടുകളിയുടെ ഓര്‍മകളിലാണ്.
നിലത്തുകിടന്ന ഒരു കല്ലെടുത്ത് കൈവിരലില്‍ തെറ്റിച്ചു വിട്ടുകൊണ്ട് തങ്കച്ചന്‍:
നമുക്ക് ഒന്നൂടെ അക്കളി കളിച്ചാലോ

ഓര്‍മകളില്‍ നിന്നുണര്‍ന്ന് ജോസ് : അതിനിനി വട്ടിനെവിടെ പോകും. ആരോടെങ്കിലും പോയി വട്ടുണ്ടോയെന്നു ചോദിച്ചാല്‍ അവന്‍ എടുത്തിട്ടു പെരുമാറും.

തങ്കച്ചന്‍: അതൊക്കെ ഞാന്‍ സംഘടിപ്പിക്കാം. കുറച്ചു വട്ടുസോഡാ കുപ്പിയുണ്ടായിരുന്നു. അതെല്ലാം ഉരുണ്ടു ചാടി പൊട്ടിയപ്പം വട്ട് ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്.

ജോസ്: ഹോ…വട്ടു സോഡാ..അതൊരു സംഭവമായിരുന്നു. ഇപ്പം അതൊക്കെയുണ്ടോ…സോഡായിങ്ങനെ കമത്തിയിട്ട് വിരലിട്ടൊരു പൊട്ടീരുണ്ട്. (ആംഗ്യം കാണിക്കുന്നു) ഹോ…അതൊരു സംഭവമാ… (കൈകളുയര്‍ത്തി ചാടിയെണീക്കുന്നു) നൊസ്റ്റാള്‍ജിയാ….നൊസ്റ്റാള്‍ജിയാ….

തങ്കച്ചന്‍: നിനക്കെന്നാ പറ്റി….ഇതെന്നാ പറയുന്നേ…

ജോസ്: ന്റെ തങ്കച്ചാ…നൊസ്റ്റാള്‍ജിയാന്നു പറഞ്ഞാല്‍ ഗൃഹാതുരത്വം…അതീ പഴയ ഓര്‍മകളൊക്കെ ഇങ്ങനെ തള്ളിക്കയറി വരുമ്പോളുണ്ടാകുന്ന ഒരു രസമുണ്ടല്ലോ…

തങ്കച്ചന്‍: ശരിയാ പണ്ട് മാവേലെറിഞ്ഞതും കണക്കുസാറിന്റെ അടി മേടിച്ചതുമൊക്കെ ഓര്‍ക്കുമ്പം ഇപ്പോ ഒരു രസമുണ്ട്.

ജോസ്: അത് തങ്കച്ചാ അന്ന് സങ്കടം തോന്നിയാലും പിന്നെ ഓര്‍മകള്‍ക്ക് എപ്പഴും മധുരമാ…ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ നൊസ്റ്റടിക്കുക…

തങ്കച്ചന്‍: (പുളകം കൊള്ളുന്നതുപോലെ കാണിച്ച്) ഹോ….എനിക്കും നൊസ്റ്റടിച്ചു…

ജോസ്: നമുക്ക് പഴയ കമ്പനിക്കാരെയെല്ലാം ഒന്നു വിളിച്ചുകൂട്ടിയാലോ…

തങ്കച്ചന്‍: അതിന് എല്ലാവരെയും എവിടെച്ചെന്ന് കണ്ടുകൂടാനാ..ഓരോുത്തരും ഓരോ വഴിക്കായിപ്പോയില്ലേ…നമ്മള് ഒന്നോ രണ്ടോ പേരെ ഇപ്പഴും അടുപ്പമുള്ളു…എല്ലാവരും ജീവിച്ചിരിപ്പുണ്ടോയെന്നു തന്നെ സംശയമാ..

ജോസ്: അതൊക്കെ നമുക്ക് കണ്ടുപിടിക്കാം…എല്ലാവരുടെയും അഡ്രസും ഫോണ്‍നമ്പറും തപ്പിപ്പിടിച്ച് വിളിച്ചാല്‍ മതി…പത്താം ക്ലാസുകാരുടെ കൂട്ടായ്മ…സൂപ്പര്‍ ഐഡിയായല്ലേ..

തങ്കച്ചന്‍: ഐഡിയായൊക്കെ എനിക്കിഷ്ടപ്പെട്ടു…പക്ഷേ നിനക്ക് ഇത്തിരി ദുരുദ്ദേശമില്ലേയെന്ന് എനിക്കൊരു സംശയം…പഴയ കണക്ഷന്‍സൊക്കെ വയസനാംകാലത്ത് തപ്പിയെടുക്കാനുള്ള പരിപാടിയാണോ…

ജോസ്: നിങ്ങളു ചുമ്മാ എഴുതാപ്പുറം വായിക്കാതെ….നമുക്ക് പഴയ ഓര്‍മകളൊക്കെ അയവിറക്കി കുറച്ചുസമയം ചെലവഴിക്കണം…അത്രതന്നെ…

തങ്കച്ചന്‍: എല്ലാവരും വരുമോ…ശോശാമ്മ വരുമോടാ….(ചിരിക്കുന്നു)

ജോസ്: അതെന്നാ …ശോശാമ്മ മാത്രമല്ല..ത്രേസ്യായും മറിയോം സുമതിയുമൊക്കെവരും….

തങ്കച്ചന്‍: ഹോ…നീ ഈ പേരെല്ലാം ഇങ്ങനെ കാണാപ്പാഠം പഠിച്ചിരിക്കുവാണോ….നിനക്കു ഭയങ്കര മറവിയാന്നു പറയുകയും ചെയ്യും…

ജോസ്: ഇതൊക്കെ അങ്ങനെ മറക്കാന്‍ പറ്റുമോ….ഇതൊക്കെയല്ലെ നമ്മടെ ഓര്‍മകളിലിങ്ങനെ പച്ചപിടിച്ചു നില്‍ക്കുന്നേ…

തങ്കച്ചന്‍: ങാ…ശോശാമ്മയെ നിനക്ക് മറക്കാന്‍ പറ്റില്ലെന്ന് എനിക്കറിയാം….അവളിപ്പം എവിടെയാണോ ആവോ…

ജോസ്: നിങ്ങള് ചുമ്മാ ആവശ്യമില്ലാത്തതൊക്കെ വിളിച്ചു പറയരുത്….അവള് വീട്ടിലുണ്ട്…പെരയ്ക്കകത്താ ഇരിക്കുന്നതെങ്കിലും ഒരു ചെവി ഇവിടെയാ….

തങ്കച്ചന്‍: ങാ…നീ എന്നെ വേണ്ട രീതിയില്‍ കണ്ടാല്‍ ഞാനോന്നും പറയാതിരിക്കാം…

ജോസ്: അന്നൊക്കെ എന്നാ രസമായിരുന്നല്ലേ…

തങ്കച്ചന്‍: (പഴയ ഓര്‍മകളിലേക്ക് മുങ്ങുന്നു. തലചായ്ച്ച് കണ്ണുകളടച്ച്…ആസ്വദിച്ച്) അതൊക്കെ ഒരു കാലം…

ഫ്‌ളാഷ്ബാക്കിലേക്ക്

പള്ളിക്കൂടം വിട്ടുവരുന്ന തങ്കച്ചനും ജോസും. പുസ്തകക്കെട്ട് തോളിലും കൈയിലുമായി പിടിച്ചിരിക്കുന്നു. വെറുതെ അലസമായി കല്ലുപെറുക്കിയെറിഞ്ഞും പള്ള കമ്പിനടിച്ചു തെറിപ്പിച്ചുമുള്ള വരവാണ്.

ജോസ്: (നടന്നുവരുമ്പോള്‍ മുകളിലേക്ക് നോക്കി) തങ്കച്ചാ…പൈലിച്ചേട്ടന്റെ മാവേല്‍ നല്ല മുഴുത്ത മാങ്ങാ….എറിഞ്ഞിട്ടാലോ…

തങ്കച്ചന്‍: അയാള് കണ്ടാല്‍ കൊല്ലും…ഉപ്പുണ്ടോ നിന്റെ കൈയില്‍…

ജോസ്: ങാ…ഉണ്ട്…എറിയെടാ വേഗം…(പുസ്തകം താഴെവെച്ച് കല്ലു പെറുക്കിയെറിയുന്നു).

തങ്കച്ചന്‍: (കമ്പ് ചുഴറ്റിയെറിഞ്ഞുകൊണ്ട്) ഇന്നൊരു നാലെണ്ണം ഞാന്‍ വീഴ്ത്തും…(മാങ്ങ വീഴുന്ന ശബ്ദം) എടുക്കെടാ വേഗം

ഇരുവരും ചാടിവീണ് മാങ്ങായെടുക്കുന്നു.

ദൂരെ നിന്നും ഒരുശബ്ദം: ആരെടാ മാവേലെറിയുന്നത്…നില്ലെടാ അവിടെ..

തങ്കച്ചന്‍: ആണ്ടെടാ കാലന്‍ പൈലി…എടുത്തോടാ…ഓടിക്കോടാ…

ഇരുവരും മാങ്ങയും പുസ്തകവും എടുത്ത് ചാടിയോടുന്നു.

ഇടവഴിയിലേക്ക് വന്നിറങ്ങുന്ന ജോസും തങ്കച്ചനും. പൈലിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടുള്ള വരവാണ്. മടുത്ത് കിതച്ച് നിലത്തിരിക്കുന്നു.

ജോസ്: ഹോ..കഷ്ടിച്ചാ രക്ഷപ്പെട്ടത്…

തങ്കച്ചന്‍: രണ്ടു മാങ്ങ കിട്ടി…മൂന്നു നാലെണ്ണം കൂടി അവിടെ കിടപ്പുണ്ട്.

ജോസ്: ങാ..അതെടുക്കാന്‍ അവിടെ നിന്നാ കാലന്‍ നമ്മളെ അടിച്ചുകൊന്നേനെ…

തങ്കച്ചന്‍: നീ ഉപ്പെടുക്ക്…പൊട്ടിച്ചു തിന്നാം…

ജോസ് കടലാസുപൊതിയില്‍ നിന്നും ഉപ്പെടുത്തുവെക്കുന്നു. രണ്ടു പേരും കൂടി ആസ്വദിച്ചു മാങ്ങാ തിന്നുകയാണ്. പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ശബ്ദം.

എന്നാ പണിയാടാ…

രണ്ടുപേരും ഞെട്ടിത്തിരിഞ്ഞുനോക്കുന്നു. തങ്കച്ചന്റെ അപ്പനാണ്.

ഓടിക്കോടാ എന്നു നിലവിളിച്ചു കൊണ്ട് ജോസ് പുസ്തകം വാരിയെടുത്ത് ഓടുന്നു.

അപ്പന്‍: (ചുരുട്ടി പിടിച്ച് അടിച്ചുകൊണ്ട്) പള്ളിക്കൂടം വിട്ടാല്‍ വീട്ടിവരാതെ തെണ്ടിനടക്കുവാ അല്ലേടാ…

തങ്കച്ചന്‍: (അപ്പന്റെ അടിയില്‍ ചൂളിനിന്ന് നിലവിളിക്കുന്നു) അയ്യോ…അപ്പാ…അടിക്കല്ലെ അപ്പാ…ജോസാ എന്നെ വിളിച്ചോണ്ടു വന്നതപ്പാ…ഒന്നും ചെയ്യല്ലേ…

ഭിത്തിയില്‍ ചാരിയിരുന്ന് കരയുന്ന തങ്കച്ചന്റെ ദൃശ്യം.

തങ്കച്ചനെ കുലുക്കി വിളിക്കുന്ന ജോസ്: നിങ്ങളിതെന്നാ കിടന്ന് കാറുന്നത്..എന്നാ പറ്റി…

ജോസിന്റെ ഭാര്യയും ഓടിയെത്തുന്നു.

ജോസിന്റെ കാലേല്‍പിടിച്ച് തങ്കച്ചന്‍: എന്നെ തല്ലല്ലേ അപ്പാ…ജോസാ എന്നെ വിളിച്ചോണ്ടു വന്നേ…(കാറുന്നു)

ജോസ്: ഞാനെപ്പഴാ നിങ്ങടെ അപ്പനായത്…എണീക്കെടോ..ഇങ്ങോട്ട്…

ഇപ്പോഴാണ് തങ്കച്ചന് സ്ഥലകാലബോധം വന്നത്.

തങ്കച്ചന്‍: (ചമ്മലോടെ എണീറ്റ്) എന്നതാടാ ജോസേ…എന്നതാ സംഭവം…

ജോസ്: അതല്ലേ ഞാന്‍ അങ്ങോട്ട് ചെദിച്ചത്…എന്നതാന്ന്..

ഭാര്യ: നിങ്ങളിങ്ങേരെ എന്നാ കാണിച്ചു മനുഷ്യാ….

ജോസ്:(ചൂടായി) പൊക്കോണം അവിടുന്ന്…ഞാനെന്നാ കാണിച്ചെന്ന്…ഇങ്ങേര് ഇവിടെയിരുന്ന് ഉറങ്ങി ഏതാണ്ട് സ്വപനം കണ്ടതാ…

തങ്കച്ചന്‍: നിങ്ങള് തമ്മി വഴക്കുണ്ടാക്കണ്ട…പണ്ട് പള്ളിക്കൂടം വിട്ടുവന്ന വഴിക്ക് നമ്മള് രണ്ടുംകൂടി മാങ്ങാപറിച്ചതിന് അപ്പന്‍ പിടിച്ച് അടിച്ചത് സ്വപനം കണ്ടതാ…

ഭാര്യ: (താടിക്കു കൈ കൊടുത്ത്) ഈപ്രായത്തിലാണോ എന്റെ തമ്പുരാനേ…പണ്ട് മാവേലെറിഞ്ഞതിന് അപ്പന്‍ അടിച്ചത് സ്വപനം കാണുന്നത്…നിങ്ങള്‍ക്കൊക്കെ തലയ്ക്കു വല്ല ഓളവുമുണ്ടോ…

തങ്കച്ചന്‍: ഓളം ഇങ്ങേര്‍ക്കാ….

ജോസ്: ഞാനെന്നാ കാണിച്ചു…

തങ്കച്ചന്‍: നീയല്ലെ നോസ്റ്റാള്‍ജിയാന്നു പറഞ്ഞ് പഴയ കാര്യമൊക്കെ ഓര്‍മിപ്പിച്ചത്…

ജോസ്: ഹാ…അതു ഞാന്‍ മനസിന് ആനന്ദം തരുന്ന കാര്യമായിട്ടല്ലെ പറഞ്ഞത്…ഇങ്ങനെ കിടന്ന് നിലവിളിക്കാനാണോ…

തങ്കച്ചന്‍: (അരിശപ്പെട്ട്) ആനന്ദം….പേടിച്ച് മനുഷ്യന്റെ ഊപ്പാടിളകിപ്പോയി….

ജോസ്: അപ്പം നിങ്ങള്‍ക്ക് പഴയകാലത്തേക്ക് മടങ്ങിപ്പോകേണ്ടേ…

തങ്കച്ചന്‍: ന്റെ പൊന്നെടാ ഉവ്വേ…എനിക്കൊരു കാലത്തേക്കും മടങ്ങിപ്പോകേണ്ട…ഈ കാലത്തുതന്നെ ജീവിച്ചാമതി…അന്നു വലുതാകാനായിട്ട് പുണ്യാളന്റെയടുത്ത് എന്തു മെഴുകുതിരി കത്തിച്ചിട്ടുണ്ടെന്നറിയാമോ….ഇനി മെഴുകുതിരി കത്തിക്കാന്‍ ഞാനില്ല.

ഭാര്യ: (അത്ഭുതപ്പെട്ട്) ഇവിടെയെന്നതാ നടക്കുന്നത്…നാട്ടുകാരെക്കൊണ്ട് പറയിക്കുമോ…

തങ്കച്ചന്‍: (അരിശവും സങ്കടവും) ഇനി ഇവിടെ നിന്നാല്‍ നാട്ടുകാരല്ല …ഞാന്‍ തന്നെ പറയും….ഞാന്‍ പോകുവാ…(കുറച്ചുനടന്നിട്ട് തിരിഞ്ഞുനിന്ന്) ഇവളു നില്‍ക്കുന്നതുകൊണ്ട് ഞാനിപ്പം ഒന്നും പറയുന്നില്ല…പിന്നെ കണ്ടോളാം….(നടന്നു പോകുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here