തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം

0
38

ചുമ്മാ..ഒരു..നേരംപോക്ക്
എപ്പിസോഡ്-14

പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചനും ജോസും. പത്രം വായിച്ചു മടക്കിവെച്ചുകൊണ്ട് ജോസ്

ജോസ്: ഇപ്രാവശ്യത്തെ ബജറ്റ് എന്നാ ചെയ്ത്താ ചെയ്തത്…ജീവിതം കോഞ്ഞാട്ടയായി പോകും ഇങ്ങനെയാണേല്‍…

തങ്കച്ചന്‍: (പത്രം വായന നിര്‍ത്തി) അതെന്നാടാ..ബജറ്റിനെന്നാ കുഴപ്പം…

ജോസ്: ഇത്രോം പത്രം വായിച്ചിട്ടും ബജറ്റിനെന്നാ കുഴപ്പമെന്നു മനസിലായില്ലേ….

തങ്കച്ചന്‍: മാപ്രകളു പറയുന്നത് അതേപടി തൊണ്ടതൊടാതെ വിഴുങ്ങരുത്…കാര്യങ്ങളു സ്വയം പഠിച്ചു മനസിലാക്കണം…

ജോസ്: ഇതു പരീക്ഷയ്ക്കു പഠിക്കുന്നതുപോലെ പഠിക്കുകയൊന്നും വേണ്ട..ബോധമുള്ളവന് കേള്‍ക്കുമ്പഴേ മനസിലാകും…

തങ്കച്ചന്‍: അതിന് ആര്‍ക്കാ ഇവിടെ ബോധമുള്ളത്..ഞങ്ങലുടെ ഗവണ്‍മെന്റിനെ കുറ്റം പറയണമെന്നേ എല്ലാവര്‍ക്കുമുള്ളു..

ജോസ്: (ചാടിയെണീറ്റ്) നിങ്ങളടെ ഗവണ്‍മെന്റോ…അതെന്നാ നിങ്ങള്‍ക്കു മാത്രമായിട്ടൊരു ഗവണ്‍മെന്റ്…അപ്പം ഞാനീ നാട്ടുകാരനല്ലെ…

തങ്കച്ചന്‍: നീ അപ്പുറത്തല്ലേ വോട്ടുചെയ്തത്…അതുംപോരാഞ്ഞിട്ട് കേന്ദ്രം കാണിക്കുന്ന കൊള്ളരുതായ്മയൊന്നും നീയൊന്നും കണ്ടമട്ട് കാണിക്കുന്നില്ലല്ലോ…

ജോസ്: ഞാന്‍ കേരളത്തിലെ കാര്യം പറയുമ്പം നിങ്ങളെന്നാത്തിനാ കേന്ദ്രത്തിലോട്ടു പോകുന്നത്.. എനിക്ക് നിങ്ങളോട് തര്‍ക്കിക്കാന്‍ താത്പര്യമില്ല. ഞാന്‍ പോകുവാ…(വീട്ടിലോട്ട് നടന്നു നീങ്ങുന്നു)

തങ്കച്ചന്‍: (ചാടിയെണീറ്റ്) അമ്പടാ…ഉത്തരംമുട്ടിയപ്പം ചാടിയെണീറ്റ് ഓടുന്നോ…നിന്നെ ഞാനങ്ങനെ വിടല്ലെടാ…(പുറകെ പോകുന്നു)

ജോസ്: ദേ..തര്‍ക്കിക്കാന്‍ ഞാനില്ല…പറയാനാണെങ്കില്‍ എനിക്കും കുറേ പറയാനുണ്ട്…

തങ്കച്ചന്‍: നീ പറയെടാ…എല്ലാത്തിനും മറുപടി എന്റെ കൈയിലുണ്ടെടാ…നിന്റെയൊക്കെ കള്ളത്തരം ഞങ്ങള് പൊളിക്കും…

ജോസ്: നിങ്ങള് കേന്ദ്രത്തില്‍ നിന്ന് കൈനീട്ടി വാങ്ങിയെട്ട് നിങ്ങടെയാണെന്ന് പറഞ്ഞ് പോച്ചാ അടിക്കുന്നവരല്ലേ…

തങ്കച്ചന്‍: നീ ചുമ്മാ അങ്ങനെ വഴുവഴാന്നു പറഞ്ഞാല്‍ പോര…തെളിവു സഹിതം പറയെടാ…

ജോസ്: തെളിവിനെന്തിനു വേറെ പോണം…കേന്ദ്രത്തില്‍ നിന്നു കൊടുത്ത റേഷനരി നിങ്ങള് കൊടുക്കുന്നതാന്നു പറഞ്ഞ് ആളു കളിച്ചില്ലേ…

തങ്കച്ചന്‍: എന്നിട്ടെന്തിയേ ഇപ്പം റേഷന്‍…അരി സൗജന്യമാക്കുകയാന്നു പറഞ്ഞിട്ട് ഉണ്ടായിരുന്ന അരി കൂടി നിങ്ങളില്ലെന്നാക്കിയില്ലേ…

ജോസ്: കേന്ദ്രത്തില്‍ നിന്ന് എല്ലാം മേടിച്ചെടുക്കുകയും ചെയ്യും എന്നിട്ടുളുപ്പില്ലാതെ കേന്ദ്രത്തെ കുറ്റം പറയുകയും ചെയ്യും.

തങ്കച്ചന്‍: പിന്നെ അങ്ങോട്ടു ചെന്നാല്‍മതി കൊട്ടപ്പടി കിട്ടും…അവിടെ ചെല്ലുമ്പം പറയുന്നത് ഇവിടുത്തേക്കാള്‍ ദാരിദ്യമാ അവിടേന്നാ പറയുന്നത്…പെട്രോളും ഡീസലും വിറ്റ് നമ്മളോട് മേടിക്കുന്നത് എങ്ങോട്ടു പോകുന്നോ എന്തോ…

ജോസ്: പെട്രോളിന്റെയും ഡീസലിന്റെയും കാര്യം ഇനി നിങ്ങള് മിണ്ടരുത്…അതിന്റെ മേലേകേറി വീണ്ടും കാശുണ്ടാക്കാനാ നിങ്ങടെ നോട്ടം…

തങ്കച്ചന്‍: ഞങ്ങള്‍ക്കുമിവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം വേണ്ടേ…

ജോസ്: പത്തും അമ്പതും ലക്ഷത്തിന്റെ വണ്ടികളല്ലേ ചുമ്മാ പുകുപുകാന്ന് മേടിച്ചു കൂട്ടുന്നത്. പശുക്കൂട് പണിയുന്നു…മതിലു കെട്ടുന്നു…അതൊക്കെ നാട്ടുകാര്‍ക്കുവേണ്ടിയാണോ…

തങ്കച്ചന്‍: (ചൂടായി) ഞങ്ങള് വണ്ടി മേടിക്കും…പശുക്കൂട് പണിയും…മതിലും കെട്ടും നിനക്കെന്നാ കുഴപ്പം…

ജോസ്:(ചൂടായി) ഞങ്ങള് വലിച്ചു താഴെയിടും…അന്നേരം മനസിലാകും…

ഇരുവരും മുഖാമുഖം.

അകത്തു നിന്നും മുറ്റത്തെ ബഹളം കേട്ട് പുറത്തേക്ക് വരുന്ന ഭാര്യ ഇതു കണ്ട് അന്തിച്ചു നില്‍ക്കുന്നു.

ഭാര്യ: നിങ്ങളിതെന്നാ ഇവിടെ കിടന്ന് വഴക്കുകൂടുന്നത്…നാട്ടുകാര് ഓടി വരും…ഒന്നു നിര്‍ത്ത്..

ഭാര്യ പറയുന്നത് ഇരുവരും ശ്രദ്ധിക്കുന്നതേയില്ല. അവിടെ അടി മൂക്കുകയാണ്.

തങ്കച്ചന്‍: പിന്നെ നീ ഞൊട്ടും..

ജോസ്: അതു കാണിച്ചു തരാം…

ഭാര്യ: ഞാനിപ്പം ശരിയാക്കിത്തരാം…(അകത്തേക്കു പോകുന്നു)

തങ്കച്ചന്‍: എടാ എന്തെല്ലാം ആരോപണങ്ങള് നിങ്ങള് കൊണ്ടുവന്നു…വല്ലതും ഏറ്റോ…ഞങ്ങള് അന്തസായിട്ടു കസേരയിലിരിക്കും…

ജോസ്: ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതും തണലാണെന്നു പറഞ്ഞിരുന്നാല്‍ എന്തു ചെയ്യും…

തങ്കച്ചന്‍: ആരൂടെ ആസനത്തിലാടാ ആലു കിളിര്‍ത്തത്…(ജോസിന്റെ ഷര്‍ട്ടില്‍ കയറി പിടിക്കുന്നു)

ഇതുകണ്ടോണ്ടാണ് ഭാര്യ വരുന്നത്..കൈയിലൊരു കപ്പില്‍ വെള്ളം…
ഭാര്യ: രണ്ടും കൂടി തമ്മിലടിച്ചു ചാകുമോ…(കൈയിലിരുന്ന കപ്പിലെ വെള്ളം രണ്ടുപേരുടെയും ദേഹത്തേക്ക് ഒഴിക്കുന്നു)

വെള്ളം ദേഹത്തുവീണതോടെ രണ്ടുപേരും പിടിവിട്ടു. ഭാര്യയോട് ചൂടാകുന്നു.

ജോസ്: ഇതെന്നാ പണിയാ നീ കാണിച്ചത്…ദേഹത്തോട്ട് വെള്ളം ഒഴിച്ചത്…

ഭാര്യ: തലേലിത്തിരി വെള്ളം വീണാലെങ്കിലും ബോധം വരുമോന്നു നോക്കിയതാ…

തങ്കച്ചന്‍: ഞങ്ങടെ ബോധത്തിനെന്നാ കുഴപ്പം…ചുമ്മാ വെള്ളോം ഒഴിച്ചേച്ചിരുന്ന് അതചുമിതും പറയുന്നോ..

ഭാര്യ: ബോധമുള്ളോര് വല്ലവരം രാഷ്ട്രീയം പറഞ്ഞ് തമ്മില്‍ തല്ലുമോ…അവനോന്റെ കാര്യം നോക്കി ജീവിക്കാന്‍ നോക്ക്..നേതാക്കള് അവരുടെ കാര്യം നോക്കും…നിങ്ങളെപോലുള്ളവര് ഇങ്ങനെ തമ്മിലടിച്ചു ചാകും… (അരിശപ്പെട്ട് അകത്തേക്ക് കയറി പോകുന്നു)

തങ്കച്ചനും ജോസും ദേഹത്തെ വെള്ളം തൂക്കുന്നു.

ജോസ്: (ചമ്മലോടെ) അവള് പറഞ്ഞതിലും കാര്യമുണ്ട്. വല്ല കാര്യവുമുണ്ടോ വല്ലോര്‍ക്കും വേണ്ടി അടികൂടാന്‍……

തങ്കച്ചന്‍: ചുമ്മാ…നാണക്കേടായിപ്പോയി…പിള്ളേരെപ്പോലെ…

ജോസ്: ങാ…അതെല്ലാം പോട്ടെ…ഇനി ഒരു കാര്യം….നമ്മള് മേലില്‍ രാഷ്ട്രീയം പറയില്ല…

തങ്കച്ചന്‍: (കൈകൊടുത്തുകൊണ്ട്) അങ്ങനെ തന്നെ…നമ്മള്‍ക്കിടയില്‍ ഇനി രാഷ്ട്രീയമില്ല….

ജോസ്: (തോളില്‍ കൈയിട്ടുകൊണ്ട്) വാ…നമ്മള്‍ക്കൊന്ന് കറങ്ങിയേച്ചു വരാം.

തോളില്‍ കൈയിട്ട് ഇരുവരും നടന്നു നീങ്ങുന്നു.

അകത്തു നിന്നു വരുന്ന ഭാര്യ അന്തംവിട്ടുനില്‍ക്കുന്നു.

ഭാര്യ: ന്റെ ദൈവമേ…ഇപ്പം ഇവിടെ കിടന്ന് അടി കൂടിയവരല്ലേയിത്…(ഉറക്കെ) നിങ്ങളെങ്ങോട്ടാ..

തങ്കച്ചന്‍: കര്‍ഷകരല്ലേ മാഡം…അല്പം കള പറിക്കാന്‍ പോകുവാ…

ഇരുവരും ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here