വീട്ടിലേക്ക് ഇടിച്ചുകയറിയ അപരിചിതന്‍

0
31

ചുമ്മാ…ഒരു…നേരംപോക്ക്
എപ്പിസോഡ്-15

ജോസും തങ്കച്ചനും പത്രം വായിച്ചുകൊണ്ടിരിക്കുന്നു.

തങ്കച്ചന്‍: ഹോ…ഇന്നു പത്രത്തില്‍ കാര്യമായിട്ടൊന്നുമില്ല…(പത്രം മടക്കി താഴേക്കുവെയ്്ക്കുന്നു)

ജോസ്: (പത്രത്തില്‍ നിന്നും തലയുയര്‍ത്തി) എന്നിട്ടാണോ ശ്വാസം പോലും വിടാതെ ഒരുമണിക്കൂറായി പത്രത്തിനകത്ത് കമിഴ്ന്നു കിടന്നത്…

തങ്കച്ചന്‍: അതുപിന്നെ…ആദ്യം മുതല് അവസാനം വരെ വായിക്കും…എന്നാലും ഇന്ന് എല്ലാദിവസത്തെയും പോലെ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടിയില്ല…

ജോസ്: പിന്നെ..നിങ്ങള്‍ക്ക് സാറ്റിസ്ഫാക്ഷന്‍ ഉണ്ടാക്കാന്‍ വേണ്ടി അവര് ഇല്ലാത്തത് എഴുതിവിടണോ…എന്തായാലും ഏഴുരൂപ അമ്പതു പൈസയല്ലേ കൊടുക്കുന്നുള്ളു…

തങ്കച്ചന്‍: അതങ്ങനെയല്ലെടാ…പത്രം വായിച്ചുകഴിഞ്ഞാല്‍ നമുക്ക് ആരെയെങ്കിലും രണ്ടു തെറിപറയാനുള്ള വകുപ്പ് ഉണ്ടാകണം…എന്നാലെ ഒരു ഉണര്‍വ് കിട്ടുകയുള്ളു….

ജോസ്: (പത്രംമടക്കി വെച്ചുകൊണ്ട്) അതാരാ …ആരോ ഇങ്ങോട്ടു വരുന്നുണ്ടല്ലോ….

തങ്കച്ചന്‍: (തിരിഞ്ഞു നോക്കിക്കൊണ്ട്) വല്ല പിരിവുകാരോ…ബന്ധുക്കാരോ വല്ലതും ആണോ…

ജോസ്: ഏയ്….വലിയ പരിചയമില്ലാത്തയാളാ…

തങ്കച്ചന്‍: ഇനി നിന്റെ പെമ്പ്രന്നോത്തിയുടെ വല്ല ബന്ധുക്കാരുമാണോ…

ജോസ്: അവള്‍ക്ക് ഞാനറിയാത്ത ബന്ധുക്കളാരാ ഉള്ളത്…

നടന്നടുത്തേക്ക് വരുന്ന അപരിചിതന്‍

അപരിചിതന്‍: (ചിരപരിചിതമ്പെപോലെ) ഹായ്…ജോസേ…പത്രംവായനകഴിഞ്ഞോ…തങ്കച്ചനുമുണ്ടല്ലോ…നിങ്ങളല്ലേലും ഒരമ്മ പെറ്റ മക്കളെപ്പോലെയല്ലേ…

തങ്കച്ചന്‍: പിന്നെ..വരുന്ന വഴിയാണോ…

ജോസ് അന്തംവിട്ടുനില്‍ക്കുവാണ്. ആളെ മനസിലായില്ല.

അപരിചിതന്‍: അതെന്നാ ചോദ്യമാ…എവിടുന്നു വരാനാ…ഇവിടുന്നു പോകുന്നു…ഇവിടേക്ക് വരുന്നു…

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) അതു കലക്കി…സൂപ്പര്‍ ഡയലോഗ്…എനിക്ക് ഫിലോസഫിക്കലായിട്ടു സംസാരിക്കുന്നവരെ ഇഷ്ടമാ…

അപരിചിതന്‍: അതല്ലേലും നമ്മള് പണ്ടേ പിലോസഫിക്കലായിട്ടല്ലേ സംസാരിക്കാറുള്ളു…(ആംഗ്യം കാണിച്ചുകൊണ്ട്) രണ്ടെണ്ണം ചെന്നാല്‍ ഫിലോസഫി കൂടും…

ജോസ്: അല്ല ..അതു പിന്നെ…

ജോസിനെ സംസാരിക്കാന്‍ അനുവദിക്കാതെ തങ്കച്ചന്‍ മുന്നോട്ടുകയറി നില്‍ക്കുന്നു.

തങ്കച്ചന്‍: (വീശുന്ന കാര്യം കേട്ടപ്പോ സന്തോഷം കൂടി) ങാഹാ..സാധനം കൈയിലുണ്ടോ…

അപരിചിതന്‍: (സിനിമാ ഡയലോഗിനെ അനുകരിച്ച് കൈപൊക്കി) സാധനം കൈയിലുണ്ട്…ഞാന്‍ വീട്ടിലോട്ടുചെന്നിട്ട് ഒന്നു ഫ്രഷായിട്ട് വരാം. (നടന്നു മുന്നോട്ടു പോകുന്നു.)

ജോസ്: (തങ്കച്ചനെ ചാടിപിടിച്ച്) നിങ്ങളിതാരാന്നു കരുതിയാ വലിയ ലോഹ്യം പറഞ്ഞത്…

തങ്കച്ചന്‍: അതുശരി…അപ്പം നിനക്കറിയത്തില്ലേ…ഞാന്‍ കരുതി നിന്റെ ആരാണ്ടാന്ന്…

ജോസ്: അതെന്നാ പരിപാടിയാ…നിങ്ങള് ലോഹ്യം കാണിച്ചപ്പം നിങ്ങള്‍ക്കറിയാമെന്നാ ഞാനോര്‍ത്തത്..

തങ്കച്ചന്‍: (ചൂടായി) നിന്റെ വീട്ടിലോട്ടു വരുന്നവരെ നിനക്കല്ലേ അറിയത്തുള്ളോ…എനിക്കെങ്ങനെ അറിയാം…ഞാന്‍ ചുമ്മാ ലോഹ്യം പറഞ്ഞെന്നേയുള്ളു…

ജോസ്: (വീട്ടിലോട്ടു നോക്കി) ന്റെ ദൈവമേ…ദേണ്ടേ അവന്‍ പെരയ്ക്കകത്തേക്കു കയറിപോകുന്നു…അവള് മാത്രമേ വീട്ടിലുള്ളു…

തങ്കച്ചന്‍:(മുന്നോട്ട് നീങ്ങി) എന്നാലിന്നവന്‍ വെട്ടുകത്തിയേ തീരും…

ജോസ്: വേഗം വാ…ആരാണോ ആവോ…അവനെ തടയേണ്ടതായിരുന്നു…(മുന്നോട്ടു നടക്കുന്നു) അന്നേരം നിങ്ങളാ ഓരോന്നു പറഞ്ഞ് നിന്നത്…(തിരിഞ്ഞു നോക്കുമ്പോ തങ്കച്ചന്‍ തിരിഞ്ഞോടുന്നു) നിങ്ങളങ്ങോട്ടോടുന്നതെന്തിനാ ഇങ്ങോട്ടു വാടോ…

തങ്കച്ചന്‍: (തിരിഞ്ഞു നിന്ന്) ഞാന്‍ പത്തുപേരെക്കൂട്ടി വരാം..

ജോസ്: എന്തിന് ഞങ്ങടെ ശവമെടുക്കാനോ…പേടിച്ചിട്ട് എന്റെ കൈയും കാലും വിറയ്ക്കുന്നു..

തങ്കച്ചന്‍: (മടിച്ച്) ഞാന്‍ വരണോ…നിങ്ങള് വല്ല സ്വന്തക്കാരായിരിക്കും…നിങ്ങളു മിണ്ടിയും പറഞ്ഞുമിരിക്കുമ്പം ഞാനെന്തിനാ…

ജോസ്: (ചാടി കൈയേപിടിച്ച് )വിളച്ചിലെടുക്കാതെ വാ…

രണ്ടുപേരും മുന്നോട്ട്.. വീടിന്റെ മുന്നില്‍ നിന്ന് അകത്തേക്ക് എത്തി നോക്കുന്നു.

തങ്കച്ചന്‍: പൊലീസിനെ വിളിക്കണോ…

ജോസ്: പിടിച്ചു കെട്ടിയിട്ടാട്ടെ…

അകത്തു നിന്നിറങ്ങിവരുന്ന അപരിചിതന്‍. ഷര്‍ട്ടൂരി തോളേലിട്ടിരിക്കുന്നു. ബനിയനുണ്ട്.

അപരിചിതന്‍: (അരിശപ്പെട്ട്) ജോസേ നിന്നോടു ഞാന്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്…എന്റെ മുറി കൊണ്ടുവന്ന് നിന്റെ തുണിയെല്ലാം പറിച്ചിടരുതെന്ന്…എല്ലാം കൂടി ഞാന്‍ വാരിക്കൂട്ടി നിന്റെ മുറീല്‍കൊണ്ടുപോയി ഇട്ടിട്ടുണ്ട്…

ജോസ്: (ആദ്യം അരിശം വന്നെങ്കിലും അതടക്കി) അതല്ല നിങ്ങളാരാ..എനിക്കു മനസിലായില്ല…

അപരിചിതന്‍: (അതുശ്രദ്ധിക്കാതെ) ഞാനിത്തിരി പഴങ്കഞ്ഞിയും മീന്‍കറിയും കഴിച്ചിട്ടുവരാം…അതിനി ആരെങ്കിലും എടുത്തു കഴിച്ചുകാണുവോ ആവോ…(അകത്തേക്ക് പോകുന്നു)

തങ്കച്ചന്‍: ഒന്നുകില്‍ ഏതെ വട്ടാശുപത്രീല്‍ന്ന് ചാടിയതാ…അല്ലേല്‍ നിന്റെ ഏതോ പഴയ കമ്പനിയാ…

ജോസ്: ഇതിപ്പം എന്നതാ ചെയ്യുന്നേ…ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ…

അടുക്കളവശത്തുകൂടി ഓടിയെത്തുന്ന ഭാര്യ

ഭാര്യ: (പേടിച്ച്) നിങ്ങളിവിടെ നില്‍ക്കുവാണോ…അതേണ്ട് ഒരുത്തന്‍ അടുക്കളേല്‍ വന്നിരുന്ന് കഞ്ഞിക്കലത്തില്‍ കൈയിട്ടു വാരുന്നു…

തങ്കച്ചന്‍: ആണ്ട് ഇപ്പം എല്ലാം പൂര്‍ത്തിയായി…ജോസേ ഇനി നോക്കി നില്‍ക്കേണ്ട…ഞാന്‍ ഒന്ന് രണ്ട് മൂന്ന് എന്നു പറുമ്പം അടുക്കളേലോട്ട് ഇരച്ചുകയറുക…അടിച്ചുവീഴ്ത്തുക…ഓപ്പറേഷന്‍ പഴേങ്കഞ്ഞി…കണ്ടിട്ട് ഒരു തീറ്റ പ്രാന്തനാ അതുകൊണ്ട് തിന്നുമ്പം കണ്ണുകാണാന്‍ സാധ്യതയില്ല..നമുക്ക് കീഴ്‌പ്പെടുത്തുക…

ഭാര്യ: നിങ്ങടെ ഓ്പ്പറേഷന്‍…ഞാന്‍ നാട്ടുകാരെ വിളിച്ചുകൂട്ടാന്‍ പോകുവാ…

ജോസ്: (തടഞ്ഞുകൊണ്ട്) നീ ചുമ്മാ ആളെകൂട്ടാതെ…ഇതുനമുക്ക് കൈകാര്യം ചെയ്യാവുന്ന വിഷമേയുള്ളു….

മുഖം തുടച്ചുകൊണ്ട് പുറത്തേക്ക് വരുന്ന അപരിചിതന്‍.

അപരിചിതന്‍: ങാഹാ…നിങ്ങളിവിടെ നില്‍ക്കുവാണോ…(തോളില്‍ കിടന്ന ഷര്‍ട്ട് കസേരയിലേക്കിട്ടു മുറ്റത്തോട്ടിറങ്ങിക്കൊണ്ട്) ഞാനാ തോട്ടത്തിലൊന്നു നോക്കിയിട്ടുവരാം…ആ റബറ് വെട്ടുകാരനേ പിരിയനാ…അവന്‍ പാലു ചണ്ടിയാക്കി മുക്കും..നോട്ടം വേണം…
(താഴോട്ടിറങ്ങുമ്പം) ആടിനെ അഴിച്ചുകെട്ടിയോ ജോസേ…ആ മുട്ടനെ നമുക്ക് കൊടുത്തേക്കാം കേട്ടോ…

മൂവരും അന്തിച്ചു നില്‍ക്കുന്നു.

തങ്കച്ചന്‍: ഇതാരാന്നു എനിക്കു മനസിലാകാത്തത്…എന്തായാലും ഇവിടെയൊക്കെ നല്ല പരിചയമുള്ളയാളാ…

ജോസ്:അതല്ലേ പ്രശ്‌നം..അല്ലേല്‍ കുത്തിനു പിടിച്ചു നാലു ചാമ്പുചാമ്പിയാല്‍ കിളി പറയുന്നപോലെ പറയും…

ഭാര്യ: കിളിപോയതുപോലെ നില്‍ക്കുവാ എന്നിട്ടും വീരസ്യത്തിനു ഒരു കുറവുമില്ല…പിടിച്ചു നിര്‍ത്തിയങ്ങു ചോദിക്കാന്‍മേലെ..

ജോസ്: (ചൂടായി) എന്നാ പിന്നെ നിനക്കങ്ങു ചോദിക്കാന്‍ മേലായിരുന്നോ…ആരാ എന്നതാന്ന് അറിയാതെ ചുമ്മാ ഒന്നും പറ്റുകേല…

തങ്കച്ചന്‍: (ആലോചിച്ച്) എനിക്ക് തോന്നുന്നത് ഈയിടെ മമ്മൂട്ടിടെ ഒരു സിനിമ ഇറങ്ങിയായിരുന്നു …എന്തോ ഒരു മയക്കമെന്നോ മറ്റോ…അതിലിങ്ങനെയായിരുന്നു…അത് എട്ടുപത്തു പ്രാവശ്യം കണ്ട് ചാനലുപോയ വല്ലവരും ആണോ.

കസേരയില്‍ അപരിചിതന്‍ ഊരിയിട്ടിരുന്ന ഷര്‍ട്ടില്‍ നിന്നും ഫോണ്‍ ബെല്ലടിക്കുന്നു. ബോംബ് പൊട്ടിയതുപോലെ മൂവരും ഞെട്ടുന്നു.

ജോസ്: അയാളുടെ ഫോണാ…

ഭാര്യ: എടുത്തു നോക്കിയേ…എന്നതാന്ന് അറിയമല്ലോ…

തങ്കച്ചന്‍: (ചാടിതടഞ്ഞുകൊണ്ട്) ചുമ്മാ എടുക്കരുത്…ചിലപ്പോ വല്ല മൊബൈല്‍ ഫോണ്‍ ബോംബോ മറ്റോ ആണോ…എടുക്കുമ്പം പൊട്ടിത്തെറിക്കും…

ജോസ്: (ഫോണ്‍ എടുക്കാന്‍ തുടങ്ങുന്നു) പൊട്ടുന്നേ പൊട്ടട്ടെ…

തങ്കച്ചന്‍: (കാര്യങ്ങളുടെ നിയന്ത്രണം ഏറ്റടുത്ത് കൈകൊണ്ട് ആംഗ്യം കാണിച്ച്) ബോംബാണേല്‍ അന്നേരെ നിലത്തു കമിഴ്ന്നു കിടന്നോണം..

ജോസ്: (ഫോണ്‍ പോക്കറ്റില്‍ നിന്നും എടുത്തുകൊണ്ട്) അന്നേരെ കമിഴ്ന്ന് കിടക്കാന്‍ പറ്റുകേല. ബോംബു പൊട്ടിയാല്‍ മുകളിലോട്ട് പൊങ്ങിയിട്ട് അഞ്ചുമിനിറ്റെടുക്കും താഴെ വരാന്‍..

(ഫോണ്‍ നോക്കിയിട്ട്) ഇതു പരിചയമുള്ള നമ്പരാണല്ലോ…

ഭാര്യ: എന്നാ സ്പീക്കറിലിട്…

തങ്കച്ചന്‍: (പേടിച്ച് അല്പം പിന്നോട്ടു മാറി) സ്പീക്കറിലിട്ടോ പൊട്ടുമ്പം നല്ല ഒച്ചയായിരിക്കും…

ജോസ്: നിങ്ങള് ചുമ്മാ ആളെ പേടിപ്പിക്കാതെ..(ഫോ്ണ്‍ഓണാക്കുന്നു) ഫോണില്‍ നിന്നൊരു സ്ത്രീ ശബ്ദം.

സ്ത്രീ ശബ്ദം: എടാ മത്തായിക്കുഞ്ഞേ…അവന്മാര് പേടിച്ചോടാ…നല്ലോണം വിറപ്പിച്ചോ…അന്നു ഞാന്‍ കുറേ ഞെട്ടിയതാ…ജോസിന്റെ കൂട്ടുകാരന്‍ തങ്കച്ചനുണ്ട്…അവന്‍ പേടിച്ചു മുള്ളണം…

(തങ്കച്ചന്‍ എന്തോ പറയാന്‍ തുടങ്ങുന്നു. ജോസ് മിണ്ടരുതെന്ന് ആംഗ്യം കാണിക്കുന്നു.)
നീ അവിടെത്തന്നെയല്ലേ….എന്നാ മിണ്ടാത്തത്.

ജോസ്: (മൂക്ക് ്അടച്ചുപിടിച്ച് ശബ്ദം മാറ്റി) ങും…പിന്നെ…പിന്നെ…

സ്ത്രീ ശബ്ദം: ങാ…ശരി…കഴിയുമ്പം വിളിക്കണം കേട്ടോ…

ജോസ്:(ഫോണ്‍ കട്ടു ചെയ്ത് വിജയീ ഭാവത്തില്‍) ഇപ്പം ആളെ പിടികിട്ടി…

ഭാര്യ: ആരാ…

ജോസ്: (തങ്കച്ചന്റെ നേരെ തിരിഞ്ഞ്) നിങ്ങളോര്‍ക്കുന്നില്ലേ…നമ്മള് തെയ്യാമ്മ പേരമ്മേടെ വീട്ടിപോയി അവരെ പൊലീസീന്നു പറഞ്ഞ് പേടിപ്പിച്ചത്….

തങ്കച്ചന്‍: (പിടികിട്ടിയപോലെ) ങാ…അതാണ് സംഭവം…നീ മതിലിന്റെ പുറകില്‍ ഒളിച്ചിരുന്നിട്ട് ഞാന് #പൊലീസാന്ന് പറഞ്ഞ് അവരെ വിറപ്പിച്ചത്…

ഭാര്യ: (അരിശപ്പെട്ട്) രണ്ടും കൂടി കുട്ടിക്കളി കളിച്ച് നടന്നിട്ട് ബാക്കിയുള്ളവര് പേടിച്ചു പോയി…

ജോസ്: ഇതിനു നമുക്ക് മറുപണി കൊടുക്കാം….(ഇരുത്തിമുളീ) നീയൊരു നീളമുള്ള തോര്‍ത്തിങ്ങെടുത്തോണ്ടുവാ…

ഭാര്യ: (അരിശപ്പെട്ട്) പിന്നെ നിങ്ങടെ പിള്ളേരു കളിക്കു കൂട്ടുനില്‍ക്കലല്ലെ എന്റെ പണി…(അകത്തേക്കു കയറി പോകുന്നു)

തങ്കച്ചന്‍( താഴേക്കു നോക്കിയിട്ട്) ജോസേ അവന്‍ വരുന്നുണ്ട്…

ജോസ് പുറകില്‍ തോര്‍ത്തുമായിട്ട് റെഡിയായി നില്‍ക്കുന്നു. തങ്കച്ചനും പിടിക്കാന്‍ റെഡിയാണ്. ഇതൊന്നുമറിയാതെ കൂളായി കയറിവരുന്ന മത്തായിക്കുഞ്ഞ്..

മത്തായിക്കുഞ്ഞ്: ജോസേ രണ്ടാമത്തെ ബ്ലോക്ക് അവന്‍ വെട്ടിയിട്ടില്ല കേട്ടോ…ഞാന്‍ പോയി നോക്കിയത് നന്നായി…

തങ്കച്ചന്‍: ഞങ്ങളും നോക്കി നില്‍ക്കുവായിരുന്നു.
പറഞ്ഞു തീര്‍ന്നതും രണ്ടുപേരുംകൂടി മത്തായിക്കുഞ്ഞിനെ വട്ടം പിടിക്കുന്നു.

മത്തായിക്കുഞ്ഞ്: (പണിപാളിയെന്നു മനസിലായി) നിങ്ങളിതെന്നതാ ഈ കാണിക്കുന്നേ…

തങ്കച്ചന്‍: കുതിരവട്ടത്തുനിന്നു ഒരുത്തന്‍ ചാടിപ്പോയെന്ന് വാട്ടസാപ്പിലുണ്ടായിരുന്നു…

ജോസ്: ഇതേപോലെ തന്നെയിരിക്കും…പിടിച്ചു കൊടുക്കുന്നവര്‍ക്ക് പതിനായിരം രൂപ സമ്മാനമുണ്ട്…

മത്തായിക്കുഞ്ഞ്: ന്റെ പൊന്നെടാ ഉവ്വേ…നിങ്ങളെ ചുമ്മാ കലിപ്പിച്ചതാ….ഞാന്‍ തെയ്യാമ്മ പേരമ്മേടെ ചേട്ടന്റെ മകനാ…മത്തായിക്കുഞ്ഞ്.. പേരമ്മയൊക്കെ റോഡില്‍ കാറേലുണ്ട്…സംശയമുണ്ടേല്‍ വിളിക്ക്…

ജോസ്: ഏതേലും വട്ടന്‍ തനിക്കുവട്ടാണെന്നു പറയുമോ…കുതിരവട്ടത്തുനിന്ന് ഇപ്പം ആളെത്തും…

തങ്കച്ചന്‍: രണ്ടു പ്രാവശ്യം ഷോക്കടിപ്പിക്കുമ്പം മാറാനുള്ളതേയുള്ളു…

മത്തായിക്കുഞ്ഞ് കുതറിമാറാന്‍ ശ്രമിക്കുന്നു..തങ്കച്ചന്‍ അരേല്‍ വട്ടം പിടിക്കുന്നു.

മത്തായിക്കുഞ്ഞ്: അരേല്‍ പിടിക്കരുത്…കുപ്പി താഴെപ്പോകും…

കുപ്പി കൈയിലുണ്ടെമ്മ് അറിഞ്ഞപ്പഴേ രണ്ടുപേര്‍ക്കും സന്തോഷമായി.

ജോസ്: എടാ …ഒടിയന്റെയടുത്താണോ മായ കാണിക്കുന്നത്…

മത്തായിക്കുഞ്ഞ്: നിങ്ങള്‍ക്കെങ്ങനെ മനസിലായി…പേരമ്മ വന്നോ…

തങ്കച്ചന്‍: (ചിരിച്ചു കൊണ്ട്) കറങ്ങി നടക്കുമ്പം ഫോണ്‍ എടുത്തോണ്ടുപോകാന്‍ ശ്രദ്ധിക്കണം…

മത്തായിക്കുഞ്ഞ്: ശ്ശെടാ..അബദ്ധം പറ്റി…

ജോസ്: പിന്നെ…എളേമയോട് ടെന്‍ഷന്‍ കയറി എപ്പഴുമെപ്പഴും വിളിക്കരുതെന്നും പറയണം…

തങ്കച്ചന്‍: ഒരുകാര്യം ചെയ്യ്…കുപ്പി താഴെപ്പോകാതെ തൊണ്ടി എളേമേടെ അടുത്തോട്ടു കൊണ്ടുപോകാം…എളേമ്മയയ്ക്കും ഒരു സര്‍പ്രൈസാകട്ടെ…പൊക്കിക്കോ…

മത്തായിക്കുഞ്ഞിനെ രണ്ടു സൈഡിലും നിന്ന് പൊക്കിക്കോണ്ടുപോകുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here