അതിരുകല്ലിളക്കാനുള്ള ക്വട്ടേഷനുമായി നാല്‍വര്‍ സംഘം

0
40

നേരംപോക്ക്
എപ്പിസോഡ്-17

നടന്നു പോകുന്ന ജോസും തങ്കച്ചനും. പിന്നാലെ ഓടിവരുന്ന തൊമ്മിക്കുഞ്ഞ്.

തൊമ്മിക്കുഞ്ഞ്: (കൈകൊട്ടിക്കൊണ്ട്) ജോസേ…തങ്കച്ചാ…അവിടെ നിന്നേ…

തങ്കച്ചനും ജോസും തിരിഞ്ഞു നില്‍ക്കുന്നു.

തങ്കച്ചന്‍: എന്നാടാ തൊമ്മിക്കുഞ്ഞേ…

ജോസ്: (തങ്കച്ചനോട്) അവന്റെ വരവ് കണ്ടിട്ട് എന്തോ കോളൊത്ത മട്ടാണ്..

തങ്കച്ചന്‍: അവന്റെ പുറകേ ആരെങ്കിലും ഉണ്ടോയെന്നു നോക്കിയേ…എന്നിട്ടു മതി നില്‍ക്കണോ പോണോയെന്നു തീരുമാനിക്കാന്‍..

തൊമ്മിക്കുഞ്ഞ: (അടുത്തുവന്ന് കിതച്ചുകൊണ്ട്)ഹോ…പുറകേ ഓടി മടുത്തു…വിളിച്ചാല്‍ ഒന്നു കേള്‍ക്കണ്ടേ….

ജോസ്: കിതപ്പു മാറിയിട്ടു പറഞ്ഞാ മതി…അല്ലേല്‍ ശ്വാസം മുട്ടി വടിയാകും….

തങ്കച്ചന്‍: എന്നാ പറ്റി….. നിന്നെ വല്ലവരും തല്ലാന്‍ പിടിച്ചോ…എന്നാ ഫോണ്‍ വിളിച്ചു പറഞ്ഞാ പോരായിരുന്നോ…ഞങ്ങള് വഴി മാറിപോയേനെ…

തൊമ്മിക്കുഞ്ഞ്: ഓഞ്ഞ തമാശ പറയാനുള്ള നേരമല്ല….ഒരു കോളൊത്തിട്ടുണ്ട്…

ജോസ്: ന്റെ തൊമ്മിക്കുഞ്ഞേ…നിന്റെ കോളെല്ലാം അവസാനം പാരയായി മാറുകയാ പതിവ്…

തങ്കച്ചന്‍: ഒരെണ്ണം മേടിക്കാനുള്ള കാശു തടയുന്നതാണേല്‍ ഞാനുണ്ട്…രാവിലെ പെമ്പ്രന്നോത്തിയോട് 500 ചോദിച്ചതിന്റെ തെറി മനസീന്നു പോണേല്‍ അരകുപ്പി കഴിക്കണം…

ജോസ്: എന്നിട്ടു ചെന്നിട്ടുവേണം ബാക്കി തെറികൂടു കേള്‍ക്കാന്‍…

തൊമ്മിക്കുഞ്ഞ്: (ഗൗരവത്തോടെ) ഇതിത്തിരി സംഘര്‍ഷമാ….രണ്ടു കൂട്ടരു തമ്മിലുള്ള ഏറ്റുമുട്ടലാ…

തങ്കച്ചന്‍: എന്നതാ…യുക്രേയ്‌നു റഷ്യയും തമ്മിലാണോ….അങ്ങോട്ടാണേല്‍ ഞാനില്ല…അവിടെ ഭയങ്കര തണുപ്പാ…എനിക്കു തുമ്മലാ…

ജോസ്: അവിടെ അമേരിക്ക ഇടപെട്ടോളും….നീ കാര്യം പറ തൊമ്മിക്കുഞ്ഞേ…

തൊമ്മിക്കുഞ്ഞ്: അതിരു തര്‍ക്കമാ…നമ്മടെയൊരു പയ്യന്റെ അതിരുകേറ്റി ഒരുത്തന്‍ കല്ലിട്ടു…അവനൊരു പാവമാ…അവന്‍ സഹായം തേടി എന്റെ അടുത്തുവന്നു…

തങ്കച്ചന്‍: (കൈ കൊണ്ട് ആംഗ്യം കാണിച്ച്) വല്ലതും തടയുമോ…

തൊമ്മിക്കുഞ്ഞ്: അവന്‍ പറഞ്ഞതുകേട്ടിട്ട് ഏതോ പാവം പിടിച്ചവന്മാരാന്നാ തോന്നുന്നേ…അതല്ലേ ഞാന്‍ കേറി ഇടപെട്ടത്….ഒരു ഫുള്ളൊപ്പിക്കാം….ആയിരം മേടിക്കാം…

ജോസ്: (ഇടയ്ക്കുകയറി) പിന്നെ ടച്ചിംഗ് പരിപ്പു വട മേടിക്കാനുള്ള പൈസ ആരുതരും.

തങ്കച്ചന്‍: എന്നാ പത്തു പരിപ്പുവടയ്ക്കു കൂടി കൂട്ടി ആയിരത്തി നൂറു രൂപയ്ക്ക് ഉറപ്പിച്ചോ…

ജോസ്: അടിപിടിയൊന്നും നടക്കില്ല…ഒണ്‍ലി വാചകം…എനിക്കോടാനൊന്നും പറ്റില്ല…മുട്ടിനുവേദനയുള്ളതാ…

തൊമ്മിക്കുഞ്ഞ്: യ്യേ…കയ്യാങ്കളിയൊന്നുമില്ല…അങ്ങനെയുള്ള കേസ് ഞാന്‍ പിടിക്കുമോ…നമ്മളങ്ങു ചെല്ലുന്നു…കല്ല് മാറ്റിയിടുന്നു…പൈസ മേടിക്കുന്നു …തിരിച്ചുപോരുന്നു….

തങ്കച്ചന്‍: (മുന്നോട്ടു നടക്കാനൊരുങ്ങി) എന്നാ വാ പോയേക്കാം…

ജോസ്: (തടഞ്ഞുകൊണ്ട്) നിങ്ങളെങ്ങോട്ടാ കേറിചാടി പോകുന്നേ…അങ്ങനെ ചുമ്മാ ചെന്നാ അവന് ഒരു വിലയും കാണില്ല…നമ്മള് വലിയ ക്വട്ടേഷന്‍ ടീമാണെന്നു തോന്നണം…

തങ്കച്ചന്‍: അതിനിപ്പം എന്നാ ചെയ്യും..

ജോസ്: നിങ്ങളൊന്നും ചെയ്യേണ്ട…ഞാന്‍ ചെയ്‌തോളാം…നിങ്ങളാ മുളങ്കൂട്ടത്തിന്റെയവിടെ പോയി കിടന്നോ…ഞങ്ങളങ്ങോട്ടു വന്നേക്കാം…ഞാന്‍ പറയുന്നതുപോലെ ചെയ്താ മതി…

തങ്കച്ചന്‍: (തിരിഞ്ഞു നടന്നുകൊണ്ട്) പെട്ടെന്ന് വന്നേക്കണം…കാശുമേടിച്ച് എന്നെ കൂട്ടാതെ അടിച്ചു കിറുങ്ങി വന്നേക്കരുത്…പിന്നെ ഞാന്‍ വേറെ ക്വട്ടേഷന്‍ കൊടുക്കേണ്ടിവരും…

ജോസ്: നിങ്ങളങ്ങോട്ട് ചെല്ല് …ഞങ്ങളിപ്പം വരാം…(നടക്കുന്നു) സിനിമേലൊക്കെ കണ്ടിട്ടേയുള്ളു ക്വട്ടേഷന്‍ പരിപാടി…ഇതൊന്നു പൊലിപ്പിക്കണം….

തൊമ്മിക്കുഞ്ഞ്: നമുക്ക് തകര്‍ക്കാം….ടൂള്‍സ് എന്തേലും എടുക്കണോ…

ജോസ്: (പെട്ടെന്ന് നിന്നിട്ട്) ങേ…വെട്ടും കുത്തുമൊണ്ടോ…ന്റെ തൊമ്മിക്കുഞ്ഞേ ഞാനില്ല….നീ ഞങ്ങളെ കൊലയ്ക്കു കൊടുക്കാന്‍ കൊണ്ടുപോകുവാണോ…

തൊമ്മിക്കുഞ്ഞ്: ഇല്ലെന്ന്…ഇതു ചുമ്മാ ചീള് കേസ്…രണ്ടു മാക്രിക്കുഞ്ഞുങ്ങളെന്നാ അവന്‍ പറഞ്ഞത്…ഞാന്‍ ടൂള്‍സെന്നു പറഞ്ഞത് ഗ്ലാസും വെള്ളവും എടുക്കട്ടേയെന്നാ…

ജോസ്: (ആശ്വാസത്തോടെ) ഹോ… ഞാന്‍ പേടിച്ചുപോയി…തൊമ്മിക്കുഞ്ഞേ…കുപ്പി എത്തിയാല്‍ മതി….ബാക്കിയെല്ലാം…ഗ്ലാസും വെള്ളവും ടച്ചിംഗ്‌സും…. അതിന്റെ പിന്നാലെ നമ്മളെ തേടിയെത്തും.

തൊമ്മിക്കുഞ്ഞ്: (ഉത്സാഹത്തോടെ) എന്നാപ്പിന്നെ നമ്മക്ക് ഉഷറാക്കിയേക്കാം…ഞാന്‍ പോയി അവനെ വിളിച്ചോണ്ടുവരാം…

ജോസ്: വേഗം പോയി കൂട്ടിക്കോണ്ടുവാ…ഇന്നവനെ കറിവെച്ചേക്കാം…

സീന്‍-2

ഒരു ഗുണ്ടാ സ്‌റ്റൈല്‍ വേഷപ്പകര്‍ച്ചയോടെ നില്‍ക്കുന്ന ജോസ്.. ദൂരെ നിന്നും വരുന്ന തൊമ്മിക്കുഞ്ഞും പാപ്പച്ചനും.

തൊമ്മിക്കുഞ്ഞ്: ദേ ..ആ നിക്കണതാണ്…ഗുണ്ട ജോസ്…വെട്ടും കുത്തും കഴിഞ്ഞിട്ട് നേരമില്ല…പുള്ളീടെ ആശാനെയാണ് കാണേണ്ടത്…ഗുണ്ട ജോസ് വഴിയെ ആശാനെ കാണാന്‍ പറ്റൂ…

പാപ്പച്ചന്‍:(ആരാധനയോടെ) ഹോ..കണ്ടാല്‍ അറിയാം വലിയ ഗുണ്ടയാണെന്ന്….. കൊച്ചു ഗുണ്ട ഇങ്ങനെയാണേല്‍ വലിയ ഗുണ്ട എന്നതായിരിക്കും…

തൊമ്മിക്കുഞ്ഞ്: ബഹുമാനത്തോടെ വേണം സംസാരിക്കാന്‍..ഇഷ്ടപ്പെടാത്തതു വല്ലതും പറഞ്ഞാല്‍ അന്നേരമേ കത്തിയെടുത്തു ചാമ്പും..

ഇരുവരും ജോസിന്റെ അടുത്തെത്തി.

ജോസ്: (ഇരുവരെയും രൂക്ഷമായിട്ടു നോക്കി) എന്നതാടാ തൊമ്മിക്കുഞ്ഞേ…വരത്തനെയും കൂട്ടി…പണിയുണ്ടാക്കുമോ….

തൊമ്മിക്കുഞ്ഞ്: (ബഹുമാനംനടിച്ച്) ഞാന്‍ പറഞ്ഞില്ലായിരുന്നോ…ഒരു ക്വട്ടേഷനുണ്ടെന്ന്…ഒരുത്തനെ സ്‌കെച്ച് ചെയ്യണം…ആശാനെ ഒന്നു കാണണം…

ജോസ്: (പാപ്പച്ചനോട്) ങൂംം…ഇവന്‍ പറഞ്ഞതൊക്കെ നേരാണോടാ…

(പെട്ടെന്ന് ചാടി പാപ്പച്ചന്റെ ദേഹം പരിശോധിക്കുന്നു. പാപ്പച്ചന്‍ ഇക്കിളിയിട്ടതുപോലെ ചാടുന്നു)

തൊമ്മിക്കുഞ്ഞ്: (പാപ്പച്ചനെ ആശ്വസിപ്പിക്കാനെന്നവണ്ണം) പേടിക്കേണ്ട…ഗുണ്ടകളങ്ങനെയാ…ഇരുമ്പു വല്ലതും ഉണ്ടോയെന്നു നോക്കിയതാ…

ജോസ്: (പാപ്പച്ചന്റെ അരയില്‍ തപ്പിക്കൊണ്ട്) ഇതെന്നതാടാ അരേല്…സയനൈഡാണോ…

പാപ്പച്ചന്‍: (നാണത്തോടെ) അത് ഏലസ് കെട്ടിയരിക്കുന്നതാ…പേടിപോകാന്‍ അമ്മച്ചി പണ്ട് കെട്ടിയതാ…

ജോസ്; എന്നിട്ട് പേടി പോയോ…

പാപ്പച്ചന്‍: പേടി പോയില്ല…അമ്മച്ചി പോയി…

ജോസ്: ആശാന്റെ അടുത്ത് എങ്ങനെയാ പെരുമാറേണ്ടതെന്ന് പറഞ്ഞു കൊടുത്തിട്ടില്ലേ…മുളമൂട്ടില്‍ തങ്കന്‍ എന്നു പറഞ്ഞാല്‍ ഒരു കാലത്ത് നാട് കിടുകിടാന്ന് വിറയ്ക്കുമായിരുന്നു…

പാപ്പച്ചന്‍: ഇപ്പം പേടിയില്ലേ…

തൊമ്മിക്കുഞ്ഞ്: ഇപ്പം ഈ വാട്‌സാപ്പൊക്കെ വന്നേപിന്നെ പഴയ പേടിയൊന്നുമില്ല…പുള്ളി പറയുന്നതിനേക്കാള്‍ വലിയ തെറിയൊക്കെ വാട്‌സാപ്പില്‍ വരുന്നുണ്ട്…

പാപ്പച്ചന്‍: ഇതെന്നാ ആശാനെ മുളമൂട്ടില്‍ തങ്കന്‍ എന്നു പറയുന്നത്…

ജോസ്: അത് ആശാന്‍ എപ്പഴും മുളഞ്ചുവട്ടിലാ കിടക്കുന്നത്…ആശാന് ദക്ഷിണ വെക്കാനുള്ള പക്കാവട കൊണ്ടുവന്നിട്ടില്ലേ…

പാപ്പച്ചന്‍:(മടിക്കുത്തില്‍ നിന്ന് പായ്ക്കറ്റ് എടുത്ത്) പിന്നെ…കൊണ്ടുവന്നിട്ടുണ്ട്….

ജോസ്: ( പായ്ക്കറ്റിലേക്ക് നോക്കിയിട്ട്) ഇതുംകൊണ്ടങ്ങ് ചെല്ല് …ആശാന്‍ കത്തി പള്ളയ്ക്കു കേറ്റും…തൊമ്മിക്കുഞ്ഞേ നിന്നോട് ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞതല്ലായിരുന്നോ…

പാപ്പച്ചന്‍: (ചാടിക്കേറി) യ്യോ…ഇതു നല്ല വെളിച്ചെണ്ണേലുണ്ടാക്കിയതാ…ഒരു കുഴപ്പോമില്ല…

തൊമ്മിക്കുഞ്ഞ്: (അരിശപ്പെട്ട്)..ങാ…വെളിച്ചെണ്ണേലുണ്ടാക്കി….ആശാന് പല്ലില്ല…പോയി മിക്‌സീ പൊടിച്ചോണ്ടു വാടോ…

പാപ്പച്ചന്‍: യ്യോ…ആശാന്റെ പല്ലിനെന്നാ പറ്റി…

ജോസ്: അതൊരു ഓപ്പറേഷനില്‍ പറ്റിയതാ…

പാപ്പച്ചന്‍: (ആദരവോടെ)വേറെ ഗുണ്ടകളുമായി അടിപിടിയുണ്ടായതായിരിക്കും….

തൊമ്മിക്കുഞ്ഞ്: അടിപിടിയൊന്നുമല്ല….മെഡിക്കല്‍ കോളജില്‍ വെച്ചാ പല്ലു പറിച്ചത്…ഓപ്പറേഷന്‍ വേണമായിരുന്നു.

സീന്‍-3

മുളങ്കാട്ടിലേക്ക് കയറിവരുന്ന ജോസും തൊമ്മിക്കുഞ്ഞും പാപ്പച്ചനും. ഉറക്കം നടിച്ചു കിടക്കുന്ന തങ്കച്ചന്‍.

ജോസ്: ആശാന്‍ ഉറക്കമാണെന്നു തോന്നുന്നു…

(പാളി നോക്കുന്ന തങ്കച്ചന്‍)

തൊമ്മിക്കുഞ്ഞ്: നമുക്കങ്ങു മാറി നില്‍്ക്കാം…ഉറക്കത്തീന്ന് ആശാനെ വിളിച്ചാല്‍..കത്തിയെടുത്ത് തലങ്ങും വിലങ്ങും കുത്തും…(നിലത്തു കുത്തിവെച്ചിരിക്കുന്ന കത്തികാണിച്ചുകൊണ്ട്) കണ്ടോ വീശാന്‍ സൗകര്യത്തിന് കത്തി വെച്ചിരിക്കുന്നത്…

പാപ്പച്ചന്‍: ഇതിപ്പോ..ആര്‍ക്കുവേണേലും വന്ന് ഇങ്ങേരെ കുത്താന്‍ സൗകര്യത്തിന് വെച്ചിരിക്കുന്നതുപോലെ തോന്നുമല്ലോ..

ജോസ്: (ചാടി പാപ്പച്ചന്റെ വാ പൊത്തിക്കൊണ്ട്) മിണ്ടരുത്…വേഗം വാ…

കയ്യാലയുടെ താഴേക്ക് മൂവരും പോകുന്നു.

ജോസ്: ഇയാളിപ്പം ആശാന്റെ കത്തിമുനേല്‍ തീര്‍ന്നേനെ…ഇങ്ങനെയാണേല്‍ നടക്കില്ല….താന്‍ പൊക്കോ…രാത്രി അങ്ങാടീലൊരു വെട്ടുംകുത്തും ഉള്ളതാ…അതിന് റെസ്‌റ്റെടുക്കുവാ ആശാന്‍…അന്നേരമാ തന്റെയൊരു അതിരു കല്ല് മാന്തല്…

പാപ്പച്ചന്‍: യ്യോ..അങ്ങനെ പറയരുത്…ഞാന്‍ അറിയാണ്ടു പറഞ്ഞുപോയതാ…നിങ്ങളൊക്കെ വലിയ ഗുണ്ടകളല്ലേ…ക്ഷമീര്….

ജോസ്: ങാ…ശരി…ഇനിയിങ്ങനെ ആവര്‍ത്തിക്കരുത്…ഗുണ്ടക്കുഞ്ഞേ…അല്ല തൊമ്മിക്കുഞ്ഞേ..ആശാനെണീറ്റോന്നു നോക്കിയേ….

തൊമ്മിക്കുഞ്ഞ്: ഇല്ല…

പാപ്പച്ചന്‍: അതെങ്ങനെയാ ഇവിടെ നിന്ന് അറിയുന്നത്…പോയി നോക്കണ്ടേ…

തൊമ്മിക്കുഞ്ഞ്: മുളയനങ്ങുന്നുണ്ടോയെന്നു നോക്കിയാ മതി…എന്നത്തേലേലും പിടിച്ചേ എണീക്കത്തുള്ളു..

പാപ്പച്ചന്‍: (മുളങ്കൂട്ടത്തിലേക്ക് നോക്കി) അതേണ്ട് മുളയനങ്ങുന്നു…

ജോസ്: എന്നാ ഫോളോ മീ…(പാപ്പച്ചനെ നോക്കി) വലിയൊരു ഗുണ്ടയെ ആണ് കാണാന്‍ പോകുന്നത്….ആ ബഹുമാനവും പേടിയും കാണണം…

സീന്‍-4

ഉറക്കത്തില്‍ നിന്ന് എണീറ്റ് കൈ കുടഞ്ഞ് നിവര്‍ത്തി കോട്ടുവാ ഇടുന്ന തങ്കച്ചന്‍. മൂവരും അങ്ങോട്ട് വരുന്നു.

തങ്കച്ചന്‍: ജോസേ..നീ വടിവാളൊക്കെ കഴുകി വെച്ചോ…ഇന്നലെ അതേലെല്ലാം അപ്പിടി ചോരയായി…ഇന്നു രാത്രി പണിയുള്ളതാ…

ജോസ്: അത് ഞാന്‍ ഇന്നലെ തന്നെ കഴുകി വെച്ചായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഇന്നലത്തെ മുട്ടനാടിന്റെ ബാക്കി ചോര കുടിച്ചാ മതിയോ ഇന്ന്…ഇന്നലെ ആശാന്‍ മുഴുവന്‍ കുടിച്ചില്ലായിരുന്നു….(പാപ്പച്ചനോട് സ്വകാര്യമായി) ഓപ്പറേഷന്‍ കഴിഞ്ഞാല്‍ അന്നേരമേ ആശാന് മുട്ടനാടിന്റെ ചോര കുടിക്കണം.

പാപ്പച്ചന്‍: സ്ഫടികം സിനിമ നേരത്തെ കണ്ടതാണോ…അതോ ഈയിടെ ഇറങ്ങിയപ്പഴാണോ….

തങ്കച്ചന്‍: (ഇഷ്ടപ്പെടാത്ത മട്ടില്‍) ഇവനേതാടാ ഈ മരമാക്രി…(കത്തിയേല്‍ കൈവച്ച്) നമ്മുടെ താവളത്തില്‍ നുഴഞ്ഞുകയറിയതാണോ…

ജോസ്: (തടഞ്ഞുകൊണ്ട്) യ്യോ..ആശാനേ..കത്തിയെടുക്കരുത്…ഞാന്‍ പറഞ്ഞില്ലേ…ഒരു ക്വട്ടേഷനുണ്ടെന്ന്…

തങ്കച്ചന്‍: ഓ… നീ പറഞ്ഞ കല്ല് മാന്തിയിടല്…ജോസേ നീ എന്റെ ശിഷ്യനാണോടാ…കല്ല് മാന്തിയിടാനൊക്കെ ഈ മുളമൂട്ടില്‍ തങ്കനെയാണോ വിളിക്കുന്നത്…നിന്റെ ആശാന്‍ സടകൊഴിഞ്ഞ സിംഹമാണെന്നാണോ നീ കരുതുന്നത്…

ജോസ്: ആശാനെ അങ്ങനെയല്ല…തൊമ്മിക്കുഞ്ഞ് പറഞ്ഞ കേസായതുകൊണ്ടു മാത്രമാ ഞാന്‍ അറ്റന്‍ഡ് ചെയ്തത്..

തൊമ്മിക്കുഞ്ഞ്: (പാപ്പച്ചനോട്) എന്താ ചങ്ങാതി നീ കാണിക്കുന്നത്…സ്ഫടികമൊക്കെ ആശാന്റെ കഥയാ…ചന്തേല്‍ നിക്കറുമിട്ട് അടിയുണ്ടാക്കിയതൊക്കെ ആശാന്റെ കഥകളല്ലെ…

ജോസ്: ആശാന്റേത് വള്ളി നിക്കറായിരുന്നു…മോഹന്‍ലാല് സിനിമേല് നല്ല തിളങ്ങുന്ന നിക്കറായിരുന്നു ഇട്ടത്…

തങ്കച്ചന്‍: (സ്വയം പുകഴ്ത്തുന്ന മട്ടില്‍) മോഹന്‍ലാലിനൊക്കെ നല്ല നിക്കറുവാങ്ങാം…നമ്മളൊക്കെ പാവം ഗുണ്ടകളല്ലേ..നമുക്കീ വള്ളിനിക്കറൊക്കെയേ പറ്റൂ…(ദീര്‍ഘനിശ്വാസം വിട്ട് ) ങാ..അതൊക്കെ ഒരു കാലം….

ജോസ്: (പാപ്പച്ചനോട്) ആശാന് ദക്ഷിണ വെച്ചേ…അതങ്ങട് കൊട്…

പാപ്പച്ചന്‍ ഭക്തിപൂര്‍വം. പൊതി അഴിച്ച് തങ്കച്ചന്റെ മുന്നിലേക്ക് വെയ്ക്കുന്നു.

തങ്കച്ചന്‍:( തുറന്നു നോക്കിക്കൊണ്ട്) എന്താണിത്….(സന്തോഷത്തോടെ പാപ്പച്ചനെ നോക്കിക്കൊണ്ട്) മിടുക്കന്‍…പക്കാവട..അതും മിക്‌സിയിലിട്ട് പൊടിച്ചുകൊണ്ടു വന്നിരിക്കുന്നു…മിടുക്കന്‍.

ഒരു ഇല കോട്ടിയെടുത്ത് പക്കാവട പൊടി വാരി വായിലേക്കിടാന്‍ തുടങ്ങുന്നതു പെട്ടെന്ന് നിര്‍ത്തി

തങ്കച്ചന്‍: (ജോസിനോട്) നീ പുറകിലേക്ക് നോക്കിയിരിക്ക്….(തൊമ്മിക്കുഞ്ഞിനോട്)നീ മുന്നിലേക്ക് നോക്കിയിരിക്ക്…(പാപ്പച്ചനോട്) ആക്രമണം എവിടുന്ന് എപ്പഴാന്ന് അറിയത്തില്ല….ഒരു ഗുണ്ടയുടെ ജീവിതം ഇങ്ങനെയൊക്കെയാ….

ജോസ്: (പിറുപിറുക്കുന്നു) പക്കാവടയ്ക്കകത്ത് കൈയിടാതിരിക്കാനുള്ള പണിയാന്ന് മനസിലായി…

തങ്കച്ചന്‍: (ജോസിനോട്) ശിഷ്യന്‍ എന്തെങ്കിലും പറഞ്ഞോ…

ജോസ്: (വിഷയം മാറ്റി) വലിയ ആശാന് ദക്ഷിണ വെക്കണം..

തങ്കച്ചന്‍: വേണം …വേണം…വലിയ ആശാന്റെ കാല് തൊട്ടുവണങ്ങി..ദക്ഷിണവെച്ചിട്ടേ ഞാന്‍ എന്തു വര്‍ക്കും ഏടുക്കൂ…(പാപ്പച്ചനോട്) നീ പോയി നാലു പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിക്കോണ്ടു വാ….ആശാന് കൊടുക്കണം…

തൊമ്മിക്കുഞ്ഞ്: (പുറത്തേക്ക് നോക്കിയിട്ട്) ജോസേ ഒരാക്രമണം വരുന്നുണ്ട്….പൊസിഷനെടുത്തോ….(എണീറ്റുകൊണ്ട്) അത് നിങ്ങള് നേരിട്ടോ…ഞങ്ങള് പൊറോട്ട ഓപ്പറേഷന് നീങ്ങാം…(പാപ്പച്ചനോട്) ഫോളോ മീ..ക്വിക്ക്….(വേഗം സ്ഥലം കാലിയാക്കുന്നു)

ദൂരെ നിന്നു വരുന്ന ജോസിന്റെ ഭാര്യ.

തങ്കച്ചന്‍: ജോസേ….ഒരു ഗുണ്ട ഇപ്പം തന്നെ അറസ്റ്റിലാകും…

ഭാര്യ: ഞാന്‍ കറിക്കരിഞ്ഞോണ്ടിരുന്ന കത്തിയെടുത്തോണ്ടുപോയിട്ടെന്തിയേ…

ജോസ്: കത്തി എങ്ങോട്ടും ഓടിപ്പോയില്ല് ഇവിടെയുണ്ട്

കത്തി കൊണ്ടുപോയി കൊടുക്കുന്നു.

ഭാര്യ: ഇതേലെങ്ങനെയാ മണ്ണായത്…(നോക്കിയിട്ട്) നിങ്ങളിതിവിടെയെന്നാ പണിയാ…

തങ്കച്ചന്‍: ഞങ്ങളു ചുമ്മാ കാറ്റുകൊണ്ടിരിക്കുവാ…

ജോസ്: ചുമ്മാ പഴയ കഥകളൊക്കെ പറഞ്ഞങ്ങിരിക്കുവാ..

ഭാര്യ: ങും…പുതിയ കഥകളുണ്ടാക്കാതിരുന്നാല്‍ മതി…

ജോസ്: നിന്റെയൊരു സംശയവും…നീ ചെല്ല് അടുക്കളേല്‍ വല്ല പൂച്ചയും കയറും…

ഭാര്യ: ഞാന്‍ പോകുവാ…എന്നെ ഇനീം ഇങ്ങോട്ട് വരുത്തരുത്…

(പോകുന്നു)

സീന്‍-5

കല്ലേലിരിക്കുന്ന മൊട്ട ഗുണ്ട. നടന്നുവരുന്ന നാല്‍വര്‍ സംഘം..

മൊട്ട; ഹാ…ഇതാരെല്ലാമാ…എന്റെ ശിഷ്യന്മാരെല്ലാമുണ്ടല്ലോ…

തങ്കച്ചന്‍: ആശാനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ വന്നതാ…ഇന്നൊരു വര്‍ക്കുണ്ട്…

മൊട്ട: എന്റെ ശിഷ്യന്മാരില്‍ നീയാണേറ്റവും ഗുരുത്വമുള്ളവന്‍…വാ..വരിനെടാ…മക്കളെ…ഉള്ള കല്ലേലൊക്കെയിരിക്ക്…എന്നതാ ഓപ്പറേഷന്‍…കാലുവെട്ടാണോ…കൈവെട്ടാണോ..അതോ തലവെട്ടാണോ…

തങ്കച്ചന്‍: അല്ല ആശാനേ…ഒരു ചീളുകേസാ…അതിരുകല്ല്മാന്തിയിടലാ..

മൊട്ട: (നിരാശയോടെ) ശ്ശെ ..നശിപ്പിച്ചു….നീ എന്റെ വിലകളയുമോടാ…

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിനോട്) ഞാന്‍ നിന്നോട് പറഞ്ഞതല്ലേ…ആശാന് ഇഷ്ടപ്പെടുകേലെന്ന്…

ജോസ്: ആശാന് ദക്ഷിണ കൊടുക്ക് അപ്പം ശരിയാകും…

തങ്കച്ചന്‍: (ആദരവോട്) ആശാനേ..ദക്ഷിണ കൊണ്ടുവന്നിട്ടുണ്ട്. (പാപ്പച്ചനോട് മേടിച്ച് പൊതികൊടുക്കുന്നു)

മൊട്ട;(ശ്വാസം അകത്തേക്ക് വലിച്ച് കണ്ണടച്ച്) ഹാ..ഹ..ഹാ…നല്ല പൊറോട്ടയുടെയും ബീഫിന്റെയും മണം..(തങ്കച്ചനോട്) നീയാടാ എന്റെ ഒറിജിനല്‍ ശിഷ്യന്‍…പോയി വിജയിച്ചുവാ…

തങ്കച്ചന്‍ തലകുനിച്ച് അനുഗ്രഹം വാങ്ങിയെണീക്കുന്നു.

തങ്കച്ചന്‍:(സംഘത്തോട്) വരിനെടാ…(മുന്നോട്ടു നടക്കുന്നു)

ജോസ്: (പിന്നോട്ട് നിന്ന് മോട്ടയോട്) പൊറോട്ടയും ബീഫും ഇരുന്നു തട്ടിയേക്കരുത്. ടച്ചിംഗ്‌സിന് ഇതേയുള്ളു…

മൊട്ട: എന്നാപ്പിന്നെ ഞാനെന്തിനാ ഇവിടെയിരിക്കുന്നേ…(തങ്കച്ചനോട്) എടാ ശിഷ്യാ…എനിക്കും ഓപ്പറേഷനില്‍ പങ്കെടുക്കാനൊരു ആഗ്രഹം…ഒത്തിരി നാളായി ഒരോപ്പറേഷനു പോയിട്ട്….

തൊമ്മിക്കുഞ്ഞ്:(തങ്കച്ചനോട്) അതു പണിയാകും കേട്ടോ…അങ്ങോട്ടുമിങ്ങോട്ടും ചുമക്കേണ്ടിവരും…

തങ്കച്ചന്‍: എന്റെ ആശാനേ ഞാന്‍ കൊണ്ടുപോകും…(തൊമ്മിക്കുഞ്ഞിനോട്) അല്ലെങ്കില്‍ അയാളവിടെയിരുന്ന് ആ പോറോട്ടയും ബീഫും തിന്നും.( മുന്നോട്ട് നടന്ന്) ഞാന്‍ കൃതാര്‍ത്ഥനായി ആശാനേ…കൃതാര്‍ത്ഥനായി…

എല്ലാവരുംകൂടി മൊട്ടയെ പിടിച്ചെണീപ്പിച്ച് പോകുന്നു.

സീന്‍-6

സംഭവസ്ഥലത്തേക്ക് വരുന്ന സംഘം. മൊട്ടയെ ഒരിടത്തിരുത്തുന്നു. പാപ്പച്ചന്‍ ഓടിവന്ന് അതിരുകല്ല് കാണിക്കുന്നു.

പാപ്പച്ചന്‍: ഇതുകണ്ടോ…ഇവിടെ കിടന്നാ കല്ലാ….. അവന്മാര് അങ്ങോട്ടു മാറ്റിയിട്ടു…

മൊട്ട: പറിച്ചെറിയെടാ തങ്കാ കല്ല്…

തങ്കച്ചന്‍ മുണ്ടു മടക്കിക്കുത്തി ഗുണ്ടാ സ്‌റ്റൈലില്‍ വന്ന് കല്ല് പിഴുതെറിയുന്നു. തങ്കച്ചന്റെ അട്ടഹാസം. എല്ലാവരും ആര്‍പ്പുവിളിക്കുന്നു. വിജയിയുടെ പരിവേഷത്തോടെ എല്ലാവരും.

ആഘോഷങ്ങളുടെ മുകളിലേക്ക് പെട്ടെന്ന് ഒരു വണ്ടിയുടെ ഹോണ്‍ വിളി ശബ്ദം. എല്ലവരും നോക്കുന്നു. വളവുതിരിഞ്ഞ് വരുന്ന വണ്ടി.

പാപ്പച്ചന്‍: യ്യോ…ഇതാ മാക്രികളുടെ വണ്ടിയാ…..

തൊമ്മിക്കുഞ്ഞ്: (പേടിയോടെ) പ്രശ്‌നമാകുമോ ജോസേ…

കുറച്ചുദൂരെ മാറി നില്‍ക്കുന്ന വണ്ടി. എല്ലാവരും വണ്ടിയിലോട്ടു നോക്കി നില്‍ക്കുന്നു.

ജോസ്: പാപ്പച്ചാ…നീ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ…(തിരിഞ്ഞു നോക്കുന്നു) അവനെന്തിയേ…പാപ്പച്ചന്‍.

തൊമ്മിക്കുഞ്ഞ്: (ചുറ്റുംനോക്കി) അവന്‍മുങ്ങി..

ജോസ്: ആശാനേ നമ്മളെന്നാ ചെയ്യും…

തങ്കച്ചന്‍: (പേടിച്ച്) ആശാനോ…ആരുടെ ആശാന്‍…

പെട്ടെന്ന് വണ്ടിയുടെ രണ്ടു ഡോറും തുറക്കുന്നു. ഒരേസമയം. രണ്ടു ഒത്തവണ്ണമുള്ളവര്‍ പുറത്തേക്ക്…

തൊമ്മിക്കുഞ്ഞ്: ന്റെമ്മോ…തങ്കച്ചാ..ഇതുകൈവിട്ടുപോകുമേ….ഒരോട്ടോയേലും പിടിച്ചുവരാമെന്നു ഞാന്‍ പറഞ്ഞതാ…

വണ്ടിയേന്നിറങ്ങിയവര്‍ പുറത്തേക്കിറങ്ങി ഒരേപോലെ വണ്ടിയുടെ ബോണറ്റില്‍ കാലെടുത്തുവെച്ചു നില്‍ക്കുന്നു.

തങ്കച്ചന്‍: ജോസേ….ഇനി നോക്കേണ്ട…വിട്ടോടാ…(ഓടുന്നു.)

പിന്നാലെ തൊമ്മിക്കുഞ്ഞും ജോസും.

മൊട്ട: എടാ എന്നെക്കൂടി കൊണ്ടുപോടാ…എന്നെ എടുത്തേടത്തുകൊണ്ടുപോയി വെക്കെടാ…

തങ്കച്ചന്‍: നിങ്ങളെ അവന്മാര് എടുത്തോണ്ടുപൊക്കോളും….

തൊമ്മിക്കുഞ്ഞ്: (ഓടിക്കൊണ്ട്) പോകുന്ന വഴി പൊറോട്ടയും ബീഫും എടുത്തോണം…മറക്കരുത്…

തങ്കച്ചന്‍: വേഗം വിട്ടോ…ഇല്ലേല്‍ അവന്മാര് നമ്മളെ ഫ്രൈയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here