ചുമ്മാ..ഒരു..നേരംപോക്ക്
എപ്പിസോഡ്-18
തങ്കച്ചനും ജോസും ചുമ്മാ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ദൂരേക്കു കല്ലെടുത്തെറിഞ്ഞു കളിക്കുകയാണ് തങ്കച്ചന്‍.
ജോസ്: ഒരു രസോമില്ല….എന്തെങ്കിലുമൊക്കെ പരിപാടികളുണ്ടെങ്കിലേ ഒരു ഉണര്‍വുള്ളു.
തങ്കച്ചന്‍: നീ അടങ്ങിയിരി..എന്തെങ്കിലുമൊക്കെ വന്നുകേറിക്കൊള്ളും..
തങ്കച്ചന്‍ കല്ലെടുത്തെറിഞ്ഞു കളിക്കുന്നത് അന്നേരമാണ് ജോസ് ശ്രദ്ധിച്ചത്.
ജോസ്: നിങ്ങളിതെന്നാ പണിയാ കാണിക്കുന്നത്….ആ ചരലു മുഴുവന്‍ വാരിയെറിയുകയാണോ…
തങ്കച്ചന്‍: ഹോ…മുറ്റത്തു കിടക്കുന്ന കല്ലിനുവരെ കണക്കു പറയാതെടാ…ഇതെല്ലാം ദൈവം സൃഷ്ടിക്കുന്നതല്ലേ…
ജോസ്: ങാ…ദൈവമായിരിക്കും സൃഷ്ടിച്ചത്….ഞാന്‍ പാറമടക്കാരനോട് പതിനായിരം കൊടുത്താ മേടിച്ചത്…
തങ്കച്ചന്‍: ദേ…ഇനി അതിനു നീ കണക്കു പറയേണ്ട…ഞാന്‍ എറിഞ്ഞ കല്ലെല്ലാം പെറുക്കിയെടുത്ത് കിടന്നേടത്ത് കൊണ്ടുവന്ന് ഇട്ടേക്കാം…(എണീക്കുന്നു. ദൂരേന്ന് തൊമ്മിക്കുഞ്ഞ് വരുന്നത് കാണുന്നു.) ങാ…നീയല്ലേ പറഞ്ഞത് എന്തേലുമൊക്കെ പരിപാടി വേണമെന്ന്…തൊമ്മിക്കുഞ്ഞ് വരുന്നുണ്ട്…എന്തേലുമൊപ്പിച്ചോണ്ടേ അവന്‍ വരുവുള്ളു.
ജോസ്: വരാനുള്ളത് ഇങ്ങോട്ടുവന്നുകേറിക്കൊള്ളുമെന്ന് പറഞ്ഞപ്പം ഇത്രപെട്ടെന്ന് വരുമെന്നു കരുതിയില്ല…ഇനിയിപ്പം തല്ല് ഭാര്യേടെ കൈയീന്നാണോ നാട്ടുകാരുടെ കൈയീന്നാണോയെന്ന് നോക്കിയാല്‍ മതി.
തൊമ്മിക്കുഞ്ഞ്: ഇന്നെന്നാ പരിപാടിയൊന്നുമില്ലേ…ചുമ്മാ കുത്തിയിരിക്കുവാണോ…
തങ്കച്ചന്‍: ഞങ്ങളങ്ങോട്ടുവരാന്‍ തുടങ്ങുകായിരുന്നു…
തൊമ്മിക്കുഞ്ഞ്: അതെന്നാ വിശേഷം വല്ലതുമുണ്ടോ…
തങ്കച്ചന്‍: എന്നും നീ ഇങ്ങോട്ടുവന്നിട്ടല്ലേ ഇടിമേടിച്ചുതരുന്നത്…ഇന്ന് കാണാഞ്ഞപ്പം അങ്ങോട്ടുവന്ന് മേടിച്ചേക്കാമെന്നു കരുതി….
തൊമ്മിക്കുഞ്ഞ്: ഇന്ന് വീട്ടിലാരുമില്ല…ഭാര്യ അവള്‍ടെ അമ്മയ്ക്കു കൂട്ടിരിക്കാന്‍ പോയി.
ജോസ്: അമ്മയ്ക്ക് കൂട്ടിന് നിങ്ങടെ അളിയനില്ലേ…അവനെവിടെപോയി…
തൊമ്മിക്കുഞ്ഞ്: അവന്റെ കൂടെ പത്താംക്ലാസില്‍ പഠിച്ചവരുടെ കൂടിച്ചേരലാ ഇന്ന്.. അവന്‍ അതിനു പോയിരിക്കുവാ..
ജോസ്: ങാഹാ…അവന്‍ പത്താം ക്ലാസുവരെ പഠിച്ചതാ അല്ലേ…കണ്ടാല്‍ പറയുകേല…
തൊമ്മിക്കുഞ്ഞ്: അവന്‍ നേരത്തെ പത്താംക്ലാസില്‍ പഠിച്ചകാര്യമൊക്കെ പറയുമായിരുന്നു…എനിക്കത്ര വിശ്വാസമൊന്നുമില്ലായിരുന്നു.
തങ്കച്ചന്‍: നിങ്ങളവനെ വിട്…ഞാന്‍ അതിന്റെ വേറെ ഒരു വശമാ ആലോചിക്കുന്നത്…
തൊമ്മിക്കുഞ്ഞ്: (ഇടയ്ക്ക് ചാടി) ദേ..ആളില്ലെന്നു കരുതി കുപ്പിയുമായിട്ട് വീട്ടില്‍കൂടാമെന്ന് കരുതേണ്ട…സിസികാമറയുണ്ട്..ദുബായീന്നും യുകേന്നുമൊക്കെ വിളിവരും..അവള് പറന്നുവരും…
ജോസ്: സിസികാമറ കേടാക്കാനുള്ള വിദ്യയൊക്കെ എനിക്കറിയാം…(കാണിച്ചുകൊണ്ട്) നമ്മളിങ്ങനെ കാമറയ്ക്ക് പുറംതിരിഞ്ഞ് നടന്നുചെന്ന് പുറകിലോട്ട് കൈയിട്ട് കാമറ ഒരു തുണികൊണ്ട് മൂടിയിടണം…
തൊമ്മിക്കുഞ്ഞ്: പിന്നെ…കാമറ മൂടുന്നതിനുമുന്നേ…നിന്റെ കഷണ്ടിത്തല മൂടണം…അല്ലേലെല്ലാവരും തിരിച്ചറിയും….
തങ്കച്ചന്‍: ശ്ശെ…ഒരു കാര്യം പറഞ്ഞുവരുമ്പം ചുമ്മാ ഊളത്തരങ്ങളെഴുന്നള്ളിച്ചോണ്ടുവരരുത്…പറയാന്‍ വരുന്നതിന്റെ ഫ്‌ളോ പോകും…
ജോസ്: നിങ്ങള് വായിവെച്ചോണ്ടിരുന്നാല്‍ ഞങ്ങളെങ്ങനെ അറിയും…ഇങ്ങ് ചാടിച്ചുവിട്…
തങ്കച്ചന്‍: നമുക്കും പത്താംക്ലാസില്‍ പഠിച്ചവരുടെ ഒരു റീ യൂണിയന്‍വെച്ചാലോ…
ജോസ്: ഹേ…യൂണിയന്‍ കളിക്കൊന്നും ഞാനില്ല…
തൊമ്മിക്കുഞ്ഞ്: ശ്ശെ ഇതെന്തായിത്…യൂണിയന്‍കളിയല്ലെന്ന്..റീയൂണിയന്‍…കൂടിച്ചേരല്‍..
തങ്കച്ചന്‍: നമ്മടെകൂടെ പത്താം ക്ലാസില്‍ പഠിച്ചവരെല്ലാം കൂടി ഒന്നിച്ചുകൂടുന്നു…
ജോസ്: അതുകൊള്ളാം…പഴയആള്‍ക്കാരെയെല്ലാം ഒന്നുകൂടി കാണാം…ഓര്‍മകളൊക്കെ പുതുക്കാം…(അങ്ങനെ ലയിച്ചു നില്‍ക്കുന്നു)
തങ്കച്ചന്‍: നീ വലിയ പുതുക്കലൊന്നും നടത്താന്‍ നിക്കേണ്ട…വണ്ടിയെങ്ങോട്ടാ പോകുന്നതെന്നു മനസിലായി…
തൊമ്മിക്കുഞ്ഞ്: ശരിയാ…പഴയ പ്രണയങ്ങളൊക്കെ വീണ്ടും തളിരിടുന്നത് ഇങ്ങനത്തെ റീയൂണിയനിലാ…
ജോസ്: പിന്നെ…ഇവിടെ മുട്ടിനുവേദനയായിട്ടു എണീറ്റു നില്‍ക്കാന്‍മേല…അന്നേരമാ തളിരിടാന്‍ പോകുന്നത്…
തങ്കച്ചന്‍: പക്ഷേ…ആള്‍ക്കാരെയെല്ലാം എങ്ങനെ ഒന്നിച്ചുകൂട്ടും…ആണുങ്ങളെ ഈ ചുറ്റുവട്ടത്തൊക്കെ കണ്ടെത്താം…പക്ഷേ..പെണ്‍പിള്ളേരെ എങ്ങനെ കണ്ടെത്തും…
തൊമ്മിക്കുഞ്ഞ്: അതൊക്കെ ഞാനേറ്റു…ഈ തൊമ്മിക്കുഞ്ഞ് ഇവിടെയുള്ളപ്പോ എന്നതാ പറ്റില്ലാത്തത്…
ജോസ്: നമുക്കൊരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം…അങ്ങനെയാണേല്‍ എല്ലാവരുമായും ചാറ്റ് ചെയ്യാമല്ലോ..
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ …അവനങ്ങുകേറിക്കേറി പോകുവാ കേട്ടോ…ഇനി താഴെയിറക്കാന്‍ പെമ്പ്രന്നോത്തിയെ വിളിക്കേണ്ടിവരും…
തൊമ്മിക്കുഞ്ഞ്: നിങ്ങള് എല്ലാം പ്ലാന്‍ ചെയ്യ്…ഞാന്‍ അന്നേരത്തേക്ക് ഫോണ്‍നമ്പരുകള്‍ സംഘടിപ്പിക്കാമോയെന്ന് നോക്കട്ടെ…
(ജോസിന്റെ ഭാര്യ അകത്തുനിന്നുംവരുന്നു.
തങ്കച്ചന്‍: എന്നാ…എല്ലാം പെട്ടെന്നാകട്ടെ….
മൂവരും പിരിയുന്നു. ജോസ് വീട്ടിലേക്ക് കയറിവരുന്നു
ഭാര്യ: (ജോസിനെ തടഞ്ഞുകൊണ്ട്) അതെന്നാ മൂന്നുപേരും എന്നെ കണ്ടപ്പഴേ മൂന്നുവഴിക്ക് മുങ്ങിയത്…
ജോസ്: ആരു മുങ്ങി…അവര് പോയി…അതു നിന്നെ കണ്ടിട്ടൊന്നുമല്ല….അല്ലേലും നിന്നെ കാണുമ്പഴേ അവരെന്തിനാ മുങ്ങുന്നത്…
ഭാര്യ: (സംശയത്തോടെ) മൂന്നുംകൂടി കൂടിയാല്‍ പേടിക്കണം…എന്നായൊക്കെയാ ഒപ്പിക്കുന്നതെന്ന് പറയാന്‍ പറ്റുകേല…
ജോസ്: പിന്നെ…നിന്റെയൊരു സംശയവും…നീ കഴിക്കാനെനെന്തെങ്കിലും എടുക്ക്…വിശക്കുന്നു…
ഇരുവരും അകത്തേക്ക്
സീന്‍-2
വീട്ടിലേക്കു നടന്നുവരുന്ന തങ്കച്ചനും ജോസും. പിന്നിലൂടെ ഓടിവരുന്ന തൊമ്മിക്കുഞ്ഞ്.
തൊമ്മിക്കുഞ്ഞ്: ജോസേ…അവിടെ നിന്നേ…
തങ്കച്ചനും ജോസും തിരിഞ്ഞുനോക്കുന്നു.
തങ്കച്ചന്‍: എടാ…തൊമ്മിക്കുഞ്ഞേ…ഇപ്പംവരാമെന്നു പറഞ്ഞുപോയ നിന്നെ കണ്ടിട്ടു രണ്ടുദിവസമായല്ലോ…
തൊമ്മിക്കുഞ്ഞ്: (ഒപ്പംനടന്ന്) നിങ്ങള് ചുമ്മാ ഇവിടെയിരുന്ന് തള്ളമറിക്കുന്നതുപോലെയല്ല…സമയമെടുത്താലെന്താ ഞാനേറ്റ കാര്യം നടത്തും…
ജോസ്:എല്ലാരുടെയും നമ്പരു കിട്ടിയോ…
തൊമ്മിക്കുഞ്ഞ്: (ഗമയില്‍) പിന്നെ കിട്ടാതെ…(പോക്കറ്റില്‍ നിന്നും കടലാസെടുത്ത് കാണിച്ച്) കണ്ടോ..എല്ലാരുടെയും കിട്ടി…ഒന്നു രണ്ട് പേര് വിദേശത്താ…മക്കളുടെകൂടെ…അവരെയും വിളിക്കാം….
ജോസ്: എന്നാ…ആദ്യം നമുക്ക് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കാം…
തങ്കച്ചന്‍: അവന് ഗ്രൂപ്പുണ്ടാക്കി കളിക്കാനാ ധൃതി…ആദ്യം എല്ലാവരെയും വിളിക്കണം…നീ ലിസ്റ്റു കാണിച്ചേ..
ജോസ്: നമ്മള് പത്തുനാല്‍പത് പേരില്ലായിരുന്നോ…
തങ്കച്ചന്‍: (കടലാസ് വാങ്ങിക്കൊണ്ട്.) പിന്നെ…എല്ലാവരെയും വിളിച്ചുകൂട്ട് നല്ല പണിയാ…(ലിസ്റ്റ് നോക്കിയിട്ട്) എടാ ഇത് പതിനാലുപേരെയുള്ളല്ലോ…ബാക്കിയെവിടെ…
തൊമ്മിക്കുഞ്ഞ്: ഇതു പെണ്ണുങ്ങടെയാ…ആണുങ്ങളുടെ എഴുതിയത് വീട്ടിലിരുപ്പുണ്ട്….ഞാനെടുത്തില്ല…
ജോസ്; (ചാടിക്കയറി) അതുകൊള്ളാം…ഐ റിയലി അപ്രിഷ്യേറ്റ് യു…ആണുങ്ങളെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്താല്‍ മതി…അവന്മാര് ഇങ്ങോട്ടു വിളിച്ചോളും…പെണ്ണുങ്ങളെ നമ്മള് അങ്ങോട്ടു വിളിക്കണം…എന്നാലെവരൂ…
തങ്കച്ചന്‍: അവന്റെ ചാട്ടം കണ്ടോ…പലയിടത്തും ഇങ്ങനത്തെ റിയൂണിയന്‍ നടത്തി അവസാനം കുടുംബകലഹത്തിലാ അവസാനിച്ചിരിക്കുന്നത്…
ജോസ്: നിങ്ങള് ചുമ്മാ ആവശ്യമില്ലാത്ത കാര്യം പറയാതെ ആ ലിസ്റ്റ് ഇങ്ങ് കാണിച്ച്….(ലിസ്റ്റ് വാങ്ങി നോക്കി) ങാഹാ…എല്ലാവരുടെയും ഉണ്ടല്ലോ…ശോശാമ്മ..ഏലിക്കുട്ടി…റോസമ്മ…ത്രേസ്യാമ്മ..
തങ്കച്ചന്‍: (ഇടയ്ക്കു കയറി) ങേ..ത്രേസ്യാമ്മേടെ കിട്ടിയോ…അവളുടെ ബുക്ക് നോക്കിയായിരുന്നു ഞാന്‍ കണക്കു ചെയ്‌തോണ്ടിരുന്നത്…
ജോസ്: പിന്നെ…. കണക്ക് ചെയ്‌തോണ്ടിരുന്നത്…കണക്ക് ബുക്കിനകത്ത് വെച്ച് അവള്‍ക്ക് പ്രേമലേഖനം കൊടുത്തേച്ച് സാറിന്റെ തല്ല് മേടിച്ച കഥയൊക്കെ വിളിച്ചു പറയിക്കരുത്…
തങ്കച്ചന്‍: (ചമ്മലോടെ) നീയതൊക്കെ ഓര്‍ത്തിരിപ്പുണ്ടോ… എന്നാ ത്രേസ്യാമ്മെ തന്നെ വിളിച്ച് ഉദ്ഘാടനംചെയ്യാം…
ജോസ്: (ലിസ്റ്റ് കൊടുത്തോണ്ട്) ഇന്നാ കയ്യോടെ വിളിക്ക്…
തങ്കച്ചന്‍: (കടലാസുനോക്കി ഡയല് ചെയ്യുന്നു) ദൈവമേ എത്രനാള് കഴിഞ്ഞാ അവടെ ശബ്ദമൊന്നു കേള്‍ക്കുന്നത്…(ഈണത്തില്‍) ആ സ്വരമാധുരിയില്‍ ഞാനിന്നലിയും (രണ്ടുപേരെയും നോക്കി) ബെല്ലുണ്ട്…എടുക്കുന്നില്ല…ങാങാ..ഹലോ…ത്രേസ്യാമ്മയല്ലേ…ഹലോ…ഞാനാ തങ്കച്ചന്‍….ഓര്‍ക്കുന്നുണ്ടോ…..ഹലോ…ഹലോ…കേള്‍ക്കത്തില്ലേ…ഹലോ…ഞാനാ ഒരുമിച്ചു പഠിച്ച തങ്കച്ചന്‍….ഹലോ…ഹലോ…ങേ…അതെയോ….അതുശരി…ങാ…എന്നാപ്പിന്നെ വിളിക്കാം….(നിരാശയോടെ ഇരിക്കുന്നു)
ജോസ്: എന്നാ പറ്റി..തലയ്ക്കടി കിട്ടിയതുപോലെയിരിക്കുന്നത്…അവള് വല്ല തെറിയും പറഞ്ഞോ…
തങ്കച്ചന്‍: എടാ..അവള്‍ടെ ചെവിയൊന്നും കേള്‍ക്കുകേല…ചുമ്മാ ഹലോ ഹലോ വെച്ചോണ്ടിരിക്കുവാ…ഹോംനേഴ്‌സാ എടുത്തത്…കിടപ്പായെന്ന്… (നിരാശയോടെ) സകല മൂഡുംപോയി…ശ്ശെ…എന്നാ നല്ല ശബ്ദമായിരുന്നു അവളള്‍ടേത്…ഇപ്പം ഒരുമാതിരി കരകരാന്ന്…
ജോസ്: ഞാന്‍ അന്നക്കുട്ടിയെ വിളിക്കട്ടെ…എവിടെയാണോ ആവോ….(ഫോണ്‍ കടലാസ് നോക്കി ഡയലു ചെയ്യുന്നു) ഹലോ….അന്നക്കുട്ടിയല്ലേ….ഓര്‍മയുണ്ടോ ഈ ശ്ബ്ദം….ജോസാണ്….പത്ത് ബിയില്‍ മൂന്നാമത്തെ ബെഞ്ചേലിരുന്ന….ങ്ഹാ…ഇപ്പം ഓര്‍ക്കുന്നുണ്ടല്ലേ…..നമ്പരൊക്കെ കിട്ടി….നമ്മള് കൂടെ അന്ന് പഠിച്ചവരുടെയെല്ലാം ഒരു കൂടിച്ചേരലുണ്ട്…ങേ…അടുത്തദിവസം തന്നെ…അതേക്കുറിച്ചു പറയാന്‍ വിളിച്ചതാ….(വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടന്നു നീങ്ങുന്നു)
തങ്കച്ചന്‍: (നിരാശയോടെ) അമ്പടാ…അവന് കിട്ടി…
തൊമ്മിക്കുഞ്ഞ്: എന്നാ ഞാന്‍…ശോശാമ്മെ വിളിക്കാം…(കടലാസു നോക്കി വിളിക്കുന്നു) ഹലോ…ശോശാമ്മോ….(ചിരിക്കുന്നു) മനസിലായോ…ചിരി കേട്ടിട്ടും മനസിലായില്ലേ….കുറേക്കാലം മുമ്പ് പത്താംക്ലാസില്‍ എന്നും നെല്ലിക്കായുമായി വരുന്ന തൊമ്മിക്കുഞ്ഞിനെ ഓര്‍ക്കുന്നുണ്ടോ….(വട്ടംകറങ്ങി) ഇപ്പം പിടികിട്ടി….അങ്ങനെ മറക്കാന്‍ പറ്റില്ലല്ലോ….പിന്നെ…എന്നായൊക്കെയുണ്ട് വിശേഷങ്ങള്‍…ഞാന്‍ വിളിച്ചതേ…(വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടന്നു നീങ്ങുന്നു)
തൊമ്മിക്കുഞ്ഞ് പോകുന്നത് നിരാശയോടെ നോക്കിയിരിക്കുന്ന തങ്കച്ചന്‍.
തങ്കച്ചന്‍: ഇവനൊക്കെ ഒറ്റ വിളിക്കുതന്നെ സെറ്റാണല്ലോ…(ലിസ്‌റ്റെടുക്കുന്നു) ആരെയാ വിളിക്കേണ്ടത്….കറക്കികുത്തി വിളിക്കാം…(കറക്കികുത്തുന്നു. നോക്കിയിട്ട്) ങാഹാ…ഏലിക്കുട്ടി…കൊള്ളാം..വിളിച്ചുകളയാം….(ഡയലുചെയ്യുന്നു)ഹലോ….തങ്കച്ചനാണേ….ങേ…നമ്പരുമാറിപ്പോയോ…ആണുങ്ങളാരാണ്ടാണല്ലോ…(സന്തോഷംമാറി പരുങ്ങലോടെ) ഏലിക്കുട്ടിയില്ലേ….ഇല്ല ഒന്നും വേണ്ട….ഞങ്ങള് പത്താംക്ലാസില്‍ ഒരുമിച്ചു പഠിച്ചതാ….ങേ…(്അപ്പുറത്തുനിന്നും പരുക്കന്‍സംസാരമാണെന്ന് മുഖത്തുനിന്നറിയാം) ന്റെ പൊന്നേ…ഞാന്‍ ഫോണ്‍വിളിച്ചത്….(അപ്പുറത്തുനിന്നുംകട്ടാക്കി) വെച്ചോ…യ്യോ…അയാളേതാണ്ട് സംശയരോഗിയാ…ശ്ശെ (നോക്കുമ്പോള്‍ ഫോണ്‍വിളിച്ചു തകര്‍ക്കുകയാണ് തൊമ്മിക്കുഞ്ഞും ജോസും) അമ്പടാ അവന്മാര് വിലസുവാണല്ലോ…
തൊമ്മിക്കുഞ്ഞ് ഇരുന്നും കിടന്നും വിളിക്കുന്നു. ജോസ് തൂണിന് വട്ടംകറങ്ങുന്നു. കാലുകൊണ്ട് ഇമ്പത്തിന് കല്ല് തൊഴിച്ചുതെറിപ്പിക്കുന്നു. ഇതെല്ലാം കണ്ട് നിരാശനായി ഇരിക്കുന്ന തങ്കച്ചന്‍. ഈ സമയത്താണ് അകത്തുനിന്നും ഭാര്യ ഇറങ്ങിവരുന്നത്.
ഭാര്യ: (മുറ്റത്തേക്ക് നോക്കിയിട്ട്) ഇവിടെയെന്നതാ നടക്കുന്നത്..
തങ്കച്ചന്‍: (സഹതാപം മുഖത്തുവരുത്തി) നീ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലേ…
ഭാര്യ: എന്നതാ…ഇവരാരെയാ ഇങ്ങനെ സുഖിച്ചിരുന്ന് ഫോണ്‍വിളിക്കുന്നത്…
തങ്കച്ചന്‍: പത്താംക്ലാസില്‍ ഒരുമിച്ചു പഠിച്ചവരെ വിളിക്കുവാന്നാ എന്നോട് പറഞ്ഞത്…
ഭാര്യ: ങാ…പത്താംക്ലാസുകാരുടെ റീ യൂണിയനുണ്ടെന്ന് പറഞ്ഞായിരുന്നു…
തങ്കച്ചന്‍: (കടലാസു നീ്ട്ടിക്കൊണ്ട്) ദേ…ഇന്നാ നോക്ക്…വിള്ിക്കേണ്ടവരുടെ ലിസ്റ്റാ…
ഭാര്യ: (വായിച്ചുനോക്കിയിട്ട്) ങേ…ഇതു പെണ്ണുങ്ങടെ പേരുമാത്രമേയുള്ളല്ലോ…
തങ്കച്ചന്‍:(നിഷ്‌കളങ്കനായി) അതല്ലേ ഞാനും ചോദിക്കുന്നത് പെണ്ണുങ്ങളെ മാത്രം വിളിച്ചാല്‍ മതിയോ…
ഭാര്യ: (ജോസിനെ നോക്കിയിട്ട്) അമ്പ…അങ്ങനെ വിളിച്ചു സുഖിക്കുവാ…(കൈകൊട്ടി വിളിച്ച്) ദേ…ഇതെന്നാ പരിപാടിയാ…
ജോസും തൊമ്മിക്കുഞ്ഞും ശ്രദ്ധിക്കുന്നു.
ജോസ്: നിന്നോട് ഞാന്‍ പറഞ്ഞില്ലായിരുന്നോ…പത്താംക്ലാസുകാരുടെ റീയൂണിയന്‍…
ഭാര്യ: (പറഞ്ഞുനിര്‍ത്തുംമുന്നേ) എന്നേച്ച് ആരെയാവിളിക്കുന്നത്.
ജോസ്: അന്നക്കുട്ടിയെ…അല്ല അന്നക്കുട്ടനെ…
ഭാര്യ: (കടലാസു കീറിപറത്തിക്കൊണ്ട്)ഇതുംകൂടി കുട്ടന് കൊടുത്തേര്…(തങ്കച്ചനെ നോക്കിക്കൊണ്ട്) കണ്ടോ…ചേട്ടന്‍ ഇങ്ങനത്തെ വേണ്ടാതീനത്തിന് പോകുന്നില്ലല്ലോ…
തങ്കച്ചന്‍: ഞാന്‍ നിങ്ങളോട് അന്നേരമേ പറഞ്ഞതല്ലേ….ഇതുക്കൂട്ട് പരിപാടിയൊന്നും വേണ്ടെന്ന്…
തൊമ്മിക്കുഞ്ഞ്: (കുത്തിയിരുന്ന് കടലാസുതുണ്ടുകള്‍ പെറുക്കികൊണ്ട്) തുണ്ടംതുണ്ടമാക്കിക്കളഞ്ഞല്ലോ…ഞാന്‍ എന്തേരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ചതാ…
ഭാര്യ: കഷ്ടപ്പെട്ട കാര്യം ഞാന്‍ ചേച്ചിയെ വിളിച്ചുപറഞ്ഞേക്കാം…(അകത്തേക്കു പോകുന്നു)
തൊമ്മിക്കുഞ്ഞ്: (തലയില്‍കൈവെച്ചുകൊണ്ട്) ചതിക്കല്ലേ പൊന്നേ…
ജോസ്: (തങ്കച്ചനോട്) പിന്നില്‍ നിന്ന് കുത്തിയെന്നു കേട്ടിട്ടേയുള്ളു…നിങ്ങളതുക്കൂട്ടു പണിയാ ചെയ്തത്.
തങ്കച്ചന്‍: അതേയ്…ഞാന്‍ വിളിച്ചതൊന്നും കിട്ടിയില്ല…നോക്കിയപ്പോ രണ്ടുംകൂടി നിന്നങ്ങു സൊള്ളുന്നു…ഞാന്‍ വിടുമോ…
ജോസ്: തൊമ്മിക്കുഞ്ഞേ…പിടിച്ചോടാ ഇയാളെ…അങ്ങനെയിപ്പം പാരപണിതിട്ടു കേമനാകണ്ട…
രണ്ടുപേരുംകൂടി തങ്കച്ചനെ പിടിക്കാന്‍ മുന്നോട്ട്.. അവരെ വെട്ടിച്ച് തങ്കച്ചന്‍ മുന്നോട്ട്.