സിബിഐ ചമഞ്ഞായിരുന്നു അന്വേഷണം. പ്രതി പിടിയിലായപ്പോള്‍ ഞെട്ടി

0
12

നേരംപോക്ക്
എപ്പിസോഡ്-20

തങ്കച്ചനും ജോസും പഞ്ചപിടിക്കുന്നു. പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊമ്മിക്കുഞ്ഞ്. ജോസിനെ മലര്‍ത്തിയടിച്ച് തങ്കച്ചന്‍. തങ്കച്ചനും തൊമ്മിക്കുഞ്ഞും ആരവം മുഴക്കുന്നു. അതിനു മുകളിലേക്ക് ജോസിന്റെ ഭാര്യയുടെ നിലവിളി. ആരവങ്ങള്‍ നിര്‍ത്തി മൂവരും ശ്രദ്ധിക്കുന്നു.

ജോസ്: അതവളുടെ നിലവിളിയാണല്ലോ…(ഓടുന്നു)

തങ്കച്ചന്‍: യ്യോ…എന്നാപറ്റി…വാടാ തൊമ്മിക്കുഞ്ഞേ…(പുറകേ പായുന്നു)

ഭാര്യ നിലവിളിച്ചുകൊണ്ടു പാഞ്ഞുവരുന്നു.

ഭാര്യ: യ്യോ…പോയി…

ജോസ്: എന്നാ പറ്റി…ആര് പോയെന്ന്…

തങ്കച്ചന്‍: അവന്‍ പോയില്ലെന്നേ…ഇതല്ലേ നില്‍ക്കുന്നത്…

ഭാര്യ: നമ്മടെ പൂവന്‍ കോഴിയെ കാണാനില്ല…

ജോസ്: ഹോ..ഇതാണോ ഇത്ര വലിയ കാര്യം…ഞാന്‍ പേടിച്ചുപോയി…

തങ്കച്ചന്‍: ചുമ്മാ മനുഷ്യരെ പേടിപ്പിക്കാതെ…അവനെവിടെയെങ്കിലും കറങ്ങാന്‍ പോയതായിരിക്കും…ഇപ്പം വരും.

ഭാര്യ: ഇല്ലെന്നേ…ഞാന്‍ കൂടു തുറക്കാന്‍ ചെന്നപ്പോ പെടകള് മാത്രമേയുള്ളു…അവനില്ല…

ജോസ്: ഇന്നലെ കൂടടച്ചപ്പോ ഉണ്ടായിരുന്നോ…

ഭാര്യ: ഉണ്ടായിരുന്നു…ഞാനെന്നും നോക്കിയിട്ടേ കൂടടയ്ക്കുകയുള്ളു…

തൊമ്മിക്കുഞ്ഞ്: എന്നാപ്പിന്നെ വല്ല പാക്കാനും പിടിച്ചോണ്ടു പോയതായിരിക്കും…

ജോസ്: പിന്നെ…അടച്ചിട്ട കൂട്ടിന്ന് പാക്കാന്‍ പിടിക്കുവോ…നീ ഒന്നുകൂടി ഓര്‍ത്തേ ഇന്നലെ കൂട്ടില്‍ കയറിയായിരുന്നോ…

ഭാര്യ: നിങ്ങള് ചുമ്മാ അതും പറഞ്ഞിരിക്കാതെ കോഴിയെ പോയി അന്വേഷിക്ക് മനുഷ്യാ…

തങ്കച്ചന്‍: അതിപ്പം വല്ലവന്റെയും ചട്ടിയില്‍ കയറിക്കാണും…

ഭാര്യ: എന്റെ കോഴിയെ വല്ലവനും കൊണ്ടുപോയി തിന്നതാണേല്‍ അവന് വയറിളകി ചാകും…

ജോസ്: (തടഞ്ഞുകൊണ്ട്) നീ ചുമ്മാ വെറുതെ പ്രാകിനേര്‍ന്ന് സമയം കളയാതെ …നമുക്ക് എന്നാ പറ്റിയതെന്ന് അന്വേഷിക്കാം.

തങ്കച്ചന്‍: കേട്ടിടത്തോളം വെച്ച് നോക്കുമ്പം വല്ല കള്ളനും കൊണ്ടുപോയതാകാനാണ് സാധ്യത.

ജോസ്: പിന്നെ തീക്കട്ടേല്‍ ഉറുമ്പരിക്കുമോ….എന്റെ വീട്ടില്‍ കയറി കക്കാന്‍ ധൈര്യമുള്ള കള്ളന്‍ ഈ നാട്ടിലില്ല.

തൊമ്മിക്കുഞ്ഞ്: പിന്നെ ഇരുട്ടിയാല്‍ വീടിനു പുറത്തിറങ്ങുകേലാത്തവനാ…ഗീര്‍വാണത്തിന് ഒരു കുറവുമില്ല…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…നീയിങ്ങുവന്നേ…ഒരു കാര്യം പറയട്ട്…

തങ്കച്ചനും തൊമ്മിക്കുഞ്ഞും മാറിനിന്ന് സ്വകാര്യം പറയുന്നു.

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…ഈ കേസ് നമുക്കിങ്ങു പിടിച്ചാലോ…

തൊമ്മിക്കുഞ്ഞ്: അതു പാരയാകും കേട്ടോ…നമ്മളിപ്പം എവിടെ ചെന്നാ കോഴിയെ പിടിച്ചു കൊടുക്കുന്നേ…

തങ്കച്ചന്‍: കോഴി പോയ വഴിയെ നമ്മള്‍ പോകുന്നു…പ്രതിയാരെന്ന് കണ്ടു പിടിച്ചുകൊടുക്കുന്നു…

തോമ്മിക്കുഞ്ഞ്: (ആലോചിച്ച്) അതുവേണേല്‍ നടക്കും…കോഴിയെ ജീവനോടെ കൊടുക്കാമെന്നൊന്നും ഏല്‍ക്കാന്‍ പറ്റില്ല…

തങ്കച്ചന്‍: ഇന്നത്തെ കാര്യം നടക്കുമോയെന്ന് നോക്ക്…ഒത്താല്‍ ഒത്തു…

തൊമ്മിക്കുഞ്ഞ്: എന്നാല്‍ വാ …ഒന്നു പയറ്റി നോക്കാം…

തൊമ്മിക്കുഞ്ഞും തങ്കച്ചനും ജോസിന്റെയും ഭാര്യയുടെയും അടുത്തേക്ക്.

തൊമ്മിക്കുഞ്ഞ്: ഇതു നമ്മള് വളരെ ഗൗരവത്തിലെടുക്കേണ്ട ഒരു വിഷയമാണ്….ഇപ്പം കോഴി…ഇനി നാളെയെന്തൊക്കെ കാണാതെ പോകുമെന്ന് ആര്‍ക്കറിയാം….

ജോസ്: തൊമ്മിക്കുഞ്ഞേ…നീയെന്നതാ പറഞ്ഞു വരുന്നത്…

തൊമ്മിക്കുഞ്ഞ്: കോഴി പോയതെങ്ങനെയെന്ന് കണ്ടുപിടിക്കണം..അല്ലെങ്കില്‍ നാളെ അത് പ്രശ്‌നമാകും…

തങ്കച്ചന്‍: അതെ…ചിലപ്പം പാക്കാനായിരിക്കാം…കള്ളനായിരിക്കാം…ചിലപ്പോ ഒളിച്ചോടിയതായിരിക്കാം…എന്താണെങ്കിലും എങ്ങനെ സംഭവിച്ചുവെന്ന് കണ്ടുപിടിക്കണം…

ഭാര്യ: എന്നാ പൊലീസില്‍ കേസു കൊടുക്കാം…

ജോസ്: (ചാടിക്കയറി) അതൊന്നും വേണ്ട…ബാക്കി കോഴിയെ അവന്മാര്‍ക്ക് കറിവെച്ചു കൊടുക്കേണ്ടിവരും..

തങ്കച്ചന്‍: പൊലീസൊന്നും വേണ്ട….ഒരഞ്ഞൂറു മുടക്കാമെങ്കില്‍ ഈ കേസു തെളിയിക്കാം…

ഭാര്യ: പൈസയൊക്കെ തരാം…കോഴിയെ ആരാ കൊണ്ടുപോയതെന്ന് അറിഞ്ഞാല്‍മതി…എന്നിട്ടു വേണം എനിക്കു രണ്ടെണ്ണം പറയാന്‍…

തൊമ്മിക്കുഞ്ഞ്: എന്നാ അഞ്ഞൂറ്റി പത്തുരൂപ ഇട്ടോ…

തങ്കച്ചന്‍: അതെന്നാത്തിനാ പത്തുരൂപാകൂടി..

തൊമ്മിക്കുഞ്ഞ്: അത് പുണ്യാളച്ചന്റെ കപ്പേളേല്‍ നേര്‍ച്ചയിടാനാ…കാണാതെ പോകുന്ന ഏതു സാധാനവും പുണ്യാളച്ചന് പത്തുരൂപ നേര്‍ച്ചനേര്‍ന്നാല്‍ കിട്ടുമെന്ന് വീട്ടുകാരത്തി പറയാറുണ്ട്…

ഭാര്യ: എന്നാ ഞാന്‍ പുണ്യാളച്ചന് നേര്‍ച്ചയിട്ടോളാം…

തൊമ്മിക്കുഞ്ഞ്: അതുപറ്റുകേല….താന്‍പാതി ദൈവം പാതിയെന്നാ…സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും…

ഭാര്യ: എനിക്കെന്റെ കോഴിയെങ്ങനാ പോയതെന്ന് അറിഞ്ഞാല്‍മതി…ഞാന്‍ പൊന്നുപോലെ വളര്‍ത്തിയതാ…

തങ്കച്ചന്‍: മാഡം പോയി റെസ്‌റ്റെടുക്ക്…ഈ കേസ് സിബിഐക്ക് വിട്ടുവെന്ന് കരുതിയാല്‍മതി…

ഭാര്യ: എന്റെ പുണ്യാളച്ചാ…കോഴിയെ കിട്ടണേ…(പോകുന്നു)

ജോസ്: അതുശരി…രണ്ടുംകൂടി കൂശുതട്ടാനുള്ള പണിയാ അല്ലേ…എന്നെകൂട്ടിയില്ലേല്‍ ഞാന്‍ കലക്കും..

തങ്കച്ചന്‍: നിന്നെ കൂട്ടാതിരിക്കുമോ…നിന്നെ ഡപ്യൂട്ടേഷനിലെടുത്തിരിക്കുന്നു…അ്‌പ്പോള്‍ നമ്മള്‍ ഈ നിമിഷം അന്വേഷണം സ്റ്റാര്‍ട്ട് ചെയ്യുകയാണ്….ഫോളോ മി…

തങ്കച്ചന്‍ സേതുരാമയ്യര്‍ സ്‌റ്റൈലില്‍ കൈ പിന്നോട്ടു കെട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ജോസും തൊമ്മിക്കുഞ്ഞും പിന്നാലെ.

കുറച്ചുനേരം നടന്നുമടുത്ത് ജോസ് ഇരിക്കുന്നു.

ജോസ്: ചുമ്മാ തെക്കോട്ടും വടക്കോട്ടും നടക്കാതെ കാര്യം പറ…എനിക്കു മുട്ടിനുവേദനയുള്ളതാ…

തങ്കച്ചന്‍: (കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച്) കമോണ്‍…രാത്രി കോഴിക്കൂട് അടച്ചു…കോഴി അകത്തുണ്ടായിരുന്നുവെന്നും പറയുമ്പോള്‍ ആരോ കോഴിക്കൂട് തുറന്ന് കോഴിയെ കൊണ്ടുപോയതാണെന്ന് മനസിലാക്കണം….(കൈകള്‍ കെട്ടി അടുത്തുള്ള തൂണേല്‍ ചാരി നിന്നുകൊണ്ട്) അങ്ങനെവരുമ്പോള്‍ നമ്മുടെ അന്വേഷണം കോഴിക്കൂടിന്റെ ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കണം.

തൊമ്മിക്കുഞ്ഞ്: നിങ്ങള് ചുമ്മാ സിബിഐ സിനിമയെല്ലാം കണ്ടേച്ച്…വേഷം കെട്ടുവാണോ…

തങ്കച്ചന്‍: (ഗൗരവത്തില്‍) ഒരു അന്വേഷണോദ്യോഗസ്ഥന് കേസന്വേഷണത്തിനിടെ ആരും സഞ്ചരിക്കാത്ത വഴികളില്‍ കൂടി സഞ്ചരിക്കേണ്ടിവരും.

ജോസ്: എന്നാ..ആ ഇഞ്ചക്കാടിനകത്തുകൂടി സഞ്ചരിച്ചോ…അതിലെ ആരും വഴിനടപ്പുള്ളതല്ല.

തങ്കച്ചന്‍: (പെട്ടെന്ന് മുന്നോട്ട് നീങ്ങി) ഫോളോ മി…ഒരു ടേപ്പും..ഭൂതക്കണ്ണാടിയുമെടുത്തോ…

തൊമ്മിക്കുഞ്ഞ്: കോഴിയുടെ ഡമ്മി വേണ്ടിവരുമോ…

സീന്‍-2

സംഘം കോഴിക്കൂടിനടുത്ത്

തങ്കച്ചന്‍: ജോസേ…തൊമ്മിക്കുഞ്ഞേ…അളന്നേ…

തൊമ്മിക്കുഞ്ഞും ജോസും കോഴിക്കൂട് അളക്കുന്നു.

തൊമ്മിക്കുഞ്ഞ്: ഡമ്മി ടു ഡമ്മി…അല്ല…നീളം 4 മീറ്റര്‍

ജോസ്: നിങ്ങളെന്നാ വേറെ കോഴിക്കൂട് പണിയാനാണോ…

തങ്കച്ചന്‍: അഞ്ഞൂറു മേടിക്കുന്നതല്ലേ അതിനുള്ള പണിയെടുക്കണം. തൊമ്മിക്കുഞ്ഞേ…ഭൂതക്കണ്ണാടിയെടുക്ക്.

ഭൂതക്കണ്ണാടിയുമായി നിലത്തിരുന്നു പരിശോധിക്കുന്ന തങ്കച്ചന്‍.

തങ്കച്ചന്‍: രണ്ടു കാല്‍പാദങ്ങള്‍ ഒരു സ്ത്രീയുടെയും പുരുഷന്റെയും കാണുന്നുണ്ട്…

ജോസ്: നിങ്ങള്‍ക്കെങ്ങനെ മനസിലായി സ്ത്രീയുടെയും പുരുഷന്റെയുമാണെന്ന്…

തങ്കച്ചന്‍: അതിന് അ്‌വേഷണബുദ്ധിവേണം…സ്ത്രീയുടെ കാല്‍പാദം ഭൂമിയില്‍ ആഴത്തില്‍ പതിയില്ല…പുരുഷന്‍ അമര്‍ത്തിച്ചവിട്ടും….

തൊമ്മിക്കുഞ്ഞ്: നിങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു…കുടുംബസമേതം വന്നായിരുന്നോ കോഴിപിടുത്തം…ഇനിയിപ്പം പുരുഷന്റെയും സ്ത്രീയുടെയും കാലടയാളം എടുത്താല്‍ മതിയല്ലെ ആളെ പിടിക്കാമല്ലോ..

തങ്കച്ചന്‍: നിന്നെ ഞാനെങ്ങനെ എന്റെ അസിസ്റ്റന്റാക്കും തൊമ്മിക്കുഞ്ഞേ…ഇവിടെ സ്ത്രീയുടെ കാല്‍പാദം ഇവന്റെ ഭാര്യയുടേതാ…കോഴിക്കൂട് തുറക്കാന്‍ ഇന്നു രാവിലെ വ്ന്നില്ലേ…

തൊമ്മിക്കുഞ്ഞ്: എന്നാ പുരുഷന്റെ കാടലടയാളം എടുത്താല്‍ മതി.

തങ്കച്ചന്‍: മുന്നോട്ടാഞ്ഞ് നടക്കുന്നയാളാണ്….

തൊമ്മിക്കുഞ്ഞ്: (അത്ഭുതത്തോടെ) യ്യോ…അതെങ്ങനെ മനസിലായി…

തങ്കച്ചന്‍: പാദത്തിന്റെ മുന്‍വശത്താണ് കൂടുതല്‍ ബലം കൊടുത്തിരിക്കുന്നത്….അതു ചിലപ്പോള്‍ മുട്ടിനുള്ള വേദനകൊണ്ടായിരിക്കാം…

ജോസിന്റെ മുന്നില്‍ നിന്നാണ് തങ്കച്ചന്‍ പറഞ്ഞുനിര്‍ത്തിയെണീക്കുന്നത്. ജോസിന്റെകാല്‍പാദത്തിലൂടെ കണ്ണുകളോടിച്ച് ജോസിന്റെ മുഖത്തേക്ക്.

തങ്കച്ചന്‍: കോഴിയെ കട്ടവന്റെ തലേല്‍ പപ്പ് കാണും.

ജോസ്: (തലേല്‍ തൂക്കാനായി കൈകള്‍ മുകളിലോട്ട് കൊണ്ടുപോകുമ്പോള്‍ ജോസിന്റെ ഫോണ്‍ ബെല്ലടിക്കുന്നു. ഫോണെടുക്കുന്നു.) ഹലോ…ങേ…കോഴിയെ വേണ്ടെ…അതെന്നാ…എന്നു പറഞ്ഞാലെങ്ങനാ…ഭാര്യ വേണ്ടെന്നു കരുതി….വേണ്ട..വേണ്ട..ഇങ്ങോട്ടുകൊണ്ടുവരേണ്ട…ഞാനങ്ങോട്ടുവരാം…

തങ്കച്ചനും തൊമ്മിക്കുഞ്ഞും ഇതിനിടയില്‍ ജോസിന്റെ ഇരുവശങ്ങളില്‍ നിലയുറപ്പിക്കുന്നു.

തങ്കച്ചന്‍: കോഴിക്കള്ളനെ കൈയോടെ പിടിച്ചു.

തൊമ്മിക്കുഞ്ഞ്: ഇനി തൊണ്ടികൂടി കണ്ടെടുത്ത് ഭാര്യേടെ കോടതിയില്‍ ഹാജരാക്കാം…ശിക്ഷ പുള്ളിക്കാരത്തി വിധിക്കട്ടെ..

ജോസ്: ചതിക്കരുത്….അവളോട് പറയരുത്…ഒതുക്കിതീര്‍ക്കാം…ആ വേട്ടാവളിയന്‍ കോഴിയെ തരാമോയെന്നു ചോദിച്ചു…ഞാന്‍ കോടുത്തു…കോഴിയുമായിട്ടു ചെന്നപ്പം അവന്റെ ഭാര്യ പറയുകാ വിലക്കൂടുതലാന്ന്…തിരിച്ചുകൊടുത്തേക്കാന്‍…

തങ്കച്ചന്‍: കേസ് ഒതുക്കാം…ഇത്തിരി ചിലവുവരും…

ജോസ്: അത്പ്രശശ്‌നമില്ല…അഞ്ഞൂറിടാം…

തങ്കച്ചന്‍: ഓകെ…എങ്കില്‍ കേസ് ക്ലോസ് ചെയ്‌തേക്കാം… ഫോളോമി..

തൊമ്മിക്കുഞ്ഞ്: അവിടുന്ന് അഞ്ഞൂറ്…ഇവിടുന്ന് അഞ്ഞൂറ്…ന്റെ ദൈവമേ ഇന്നു കണികണ്ടവനെ എന്നും കാണിക്കണേ….പുണ്യാളച്ചന് പത്തല്ല ഇരുപതിടും ഇ്ന്നു ഞാന്‍.

സീന്‍- 3

വീടിനു മുന്‍വശം. ജോസും ഭാര്യയും തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: കേസ് തെളിഞ്ഞിരിക്കുന്നു. കോഴിയെ ജീവനോടെ് തന്നെ ഇവിടെ എത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇ്‌പ്പോള്‍ വെളിപ്പെടുത്തില്ല. ..അന്വേഷണ്തതെ ബാധിക്കും.

ഭാര്യ: കോഴിയെ കിട്ടിയോ…പുണ്യാളച്ചന്‍ കാത്തു.

തങ്കച്ചന്‍: അന്വേഷണസംഘത്തിന്റെ ഫീസ് കിട്ടിയാ കോഴിയെ കസ്റ്റഡിയിലെടുക്കാന്‍ പുറപ്പെടാം.

ഭാര്യ: കോഴിയെ കൊണ്ടുവരുമ്പം തന്നാല്‍ പോരേ..

തങ്കച്ചന്‍: അതുവേണ്ട…ഫീസ് അടച്ചാലേ കോഴി വരൂ…അല്ലേല്‍ പിന്നെ ഞങ്ങള് കോഴി മോഷണത്തിന് ഇറങ്ങേണ്ടിവരും.

ജോസ്: (ഭാര്യയെ സോപ്പിടാനായി) ഫീസിത്തിരി കൂടിപ്പോയില്ലേ…കുറച്ചു കുറയ്ക്കാന്‍മേലേ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…തലേന്ന് നമ്മള്തന്നെ കോഴിപപ്പെടുക്കണോ…

തൊമ്മിക്കുഞ്ഞ്: ചിലപ്പം വേണ്ടിവരും.

ജോസ്: (പെട്ടെന്ന്) നീ വേഗം ഇവര്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്ക്..വാക്കുപറഞ്ഞാല്‍ വാക്കായിരിക്കണം…കോഴിയെ കിട്ടുകയും ചെയ്തു…എല്ലാവര്‍ക്കും സന്തോഷം…

ഭാര്യ: എന്നാലും ഇത്ര പെട്ടെന്ന് കോഴിയെ കണ്ടു പിടിച്ചല്ലോ.

തങ്കച്ചന്‍: (ഒരു കൈ കൊണ്ട് ജോസിന്റെ ഷര്‍ട്ടിന്റെ കോളറിനു പിടിച്ചുകൊണ്ട്) ഏതു കോഴിക്കള്ളനെയും ഞാന്‍ പൊക്കും…നിസാരമായി….അല്ലേടെ ജോസേ…

ജോസ്: (ചമ്മലുമറച്ചുകൊണ്ട്) പിന്നല്ലാതെ…തങ്കച്ചനാരാ മോന്‍…

LEAVE A REPLY

Please enter your comment!
Please enter your name here