കരാറുകളില്‍ പണം തട്ടുന്ന ഇടനിലക്കാര്‍

0
15

നേരംപോക്ക്
എപ്പിസോഡ്-22

സീന്‍-1

വീടിന്റെ മുന്‍വശം. ജോസ് നടന്നുവന്ന് മണിയടിക്കുന്നു. മൂളിപ്പാട്ടു പാടിയാണ്…

ജോസ്: പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ

വാതില്‍ തുറക്കാഞ്ഞിട്ട് പിന്നെയും തുരുതുരാ മണിയടിക്കുന്നു.

ജോസ്: (അരിശം വരുന്നു) ഹാ…മണ്ട്…എവിടെപോയി കിടക്കുവാ…

അപ്പുറത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നു. വാതില്‍ തുറന്ന് ഭാര്യ പുറത്തേക്ക്.

ഭാര്യ: (ക്ഷുഭിതയായി. മുന്നോട്ടിറങ്ങിവന്ന്) ഹാ…നിങ്ങളായിരുന്നോ…അടിച്ചുകൂട്ടിയത്…നിങ്ങള്‍ക്ക് അടുക്കളവശത്തുകൂടി വരാന്‍മേലായിരുന്നോ…

ജോസ്: (സഗൗരവം. തിരിഞ്ഞു മുന്നോട്ടു നടന്ന്) പിന്‍വഴികള്‍ ഞാന്‍ തേടാറില്ലെന്ന് നിനക്കറിയാന്മേലേ…..

ഭാര്യ: (മുറ്റത്തേക്കിറങ്ങിക്കൊണ്ട്) ഊംംം…ഊടുവഴി മാത്രമേ നടക്കുവെന്ന് വാശിപിടിച്ചു നടക്കുന്നയാളാ വലിയ വകുപ്പ് അടിക്കുന്നത്…

ഭാര്യ പൂച്ചെടികള്‍ക്ക് നനയ്ക്കുന്നതിനു തുടങ്ങുന്നു.

ജോസ്: (ഭാര്യയുടെ പിന്നാലെ) വാതില്‍ തുറന്ന് അകത്തേക്കൊന്നു കേറ്റുന്നതിനാണോ നീ..ഈ വേണ്ടാത്തതെല്ലാം വിളിച്ചു പറയുന്നത്…

ഭാര്യ: (ജോസിന്റെ മുഖത്തേക്കു നോക്കി)ആര്‍ക്കാ അരിശം വരാത്തത്….മണിയടിക്കുമ്പഴേ അടുക്കളേന്ന് ഇവിടം വരെ വരണം…(നനച്ചുകൊണ്ട്)വന്നു കഴിയുമ്പഴാ ചിലപ്പം സഹായം ചോദിച്ച്…അല്ലേല്‍ ആക്രി ചോദിച്ച്…ചുമ്മാ നടപ്പുമാത്രം മെച്ചം… (ജോസിനെ നോക്കി)ആരാന്നറിയുവാണേല്‍ ആവശ്യമുണ്ടേല് മാത്രം വന്നാല്‍ മതിയല്ലോ…അല്ലേലവര് കുറച്ചുനേരം നിന്നേച്ച് പൊക്കോളും…

ജോസ്: ങാ..വീട്ടിലാരുമില്ലെന്ന് കരുതി അവര് പോകുന്നപോക്കിന് എന്തേലും പൊക്കിക്കോണ്ടും പോകും…

ഭാര്യ: പിന്നെ ഇവിടെയങ്ങനെ കിടക്കുവല്ലേ…എടുത്തോണ്ടുപോകാന്‍…ഒരു കാര്യം ചെയ്യ്…നിങ്ങളിവിടെ കാവലിരിക്ക്….

ജോസ്:(ആലോചിച്ച് കുറച്ചുനേരം നടന്ന്) ഞാന്‍ നോക്കിയിട്ട് നിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളു.

ഭാര്യ: എന്നതാ…

ജോസ്: ഒരു കാമറ വെക്കുക…അതാകുമ്പം നിനക്ക് അടുക്കളേലിരുന്ന് എല്ലാം കാണാം…ആരാ വന്നതെന്നും…അവര് വല്ലതും പൊക്കിക്കോണ്ട് പോകുന്നുണ്ടെന്നും എല്ലാം…

ഭാര്യ: അതുകൊള്ളാം…നിങ്ങള് വല്ലപ്പോഴുമെങ്കിലും വേണ്ടീട്ടുള്ള കാര്യം പറയുമല്ലോ…

ജോസ്: നല്ല കാര്യമൊക്കെയാ…പക്ഷേ കാശുചെലവുണ്ട്…നിനക്കുവേണ്ടിയുള്ള ചെലവായതുകൊണ്ട് നീ തന്നെ കാശുമുടക്കണം…

ഭാര്യ: എന്തേലുമാകട്ടെ…ഞാന്‍ കാശുതരാം…എന്നാവേണ്ടിവരും…

ജോസ്: ഒരു… എണ്ണായിരം രൂപ വേണ്ടിവരും…വെക്കുമ്പം നല്ലതുവേണ്ടേ…

തങ്കച്ചന്‍ നടന്നു വരുന്നു.

ഭാര്യ: ങാ…ഇതേണ്ട് നിങ്ങടെ ചങ്ക് ബ്രോ വരുന്നുണ്ട്…വര്‍ത്തമാനം പറഞ്ഞിരിക്കാതെ പെട്ടെന്ന് കാമറക്കാരനെ കൊണ്ടുവാ…(അകത്തേക്ക് കയറി പോകുന്നു)

തങ്കച്ചന്‍: (നടന്നുവന്നുകൊണ്ട്) എന്നാടാ ജോസേ ഭാര്യയും ഭര്‍ത്താവുമായി രാവിലെ ഒരു ഗൂഢാലോചന…

ജോസ്: ഓ…ഒന്നുമില്ല…ഞാനൊരു സിസികാമറ പിടിപ്പിക്കാന്‍ തീരുമാനിച്ചു…നിങ്ങടെ കൈയില്‍ കാമറക്കാരു വല്ലതുമുണ്ടോ…

തങ്കച്ചന്‍: ഹാ..എത്രപേരുവേണം…നമ്മടെ കസ്റ്റഡിയിലുണ്ട്…

ജോസ്: എന്നാ വേഗം വിളി…ഇന്നുതന്നെ ഫിറ്റ് ചെയ്‌തേക്കാം…

തങ്കച്ചന്‍: നമ്മടെ തൊമ്മിക്കുഞ്ഞിന്റെ കൈയില്‍ നല്ലൊരു കാമറക്കാരനുണ്ട്…അവനോട് പറയാം…

ജോസ്: ങാ…എന്നാ ഞാന്‍ തൊമ്മിക്കുഞ്ഞിനെ വിളിക്കാം…(ഫോണെടുക്കുന്നു)

തങ്കച്ചന്‍: (തടഞ്ഞുകൊണ്ട്) വേണ്ട…വേണ്ട..നീ വിളിക്കേണ്ട…അവന്‍ നിന്നോടു കൂടുതല്‍ പൈസ ചോദിക്കും…കരാറ് ഞാന്‍ പിടിച്ചിരിക്കുന്നു…നീ ഒന്നും അറിയേണ്ട…

ജോസ്: ശരി…ഒരു ഏഴായിരത്തിയഞ്ഞൂറു രൂപ തരും…ഞാന്‍ ഒന്നിലും ഇടപെടില്ല….എല്ലാം നിങ്ങടെ ഉത്തരവാദിത്തം…

തങ്കച്ചന്‍: ഓകെ…കാമറ കരാര്‍ ഞാന്‍ പിടിച്ചിരിക്കുന്നു…ധാരണാ പത്രത്തിലോ വല്ലോം ഒപ്പിടണോ…

ജോസ്: നിങ്ങളെക്കുറിച്ച് എനിക്കൊരു ധാരണയുണ്ട് അത് തിരുത്താതിരുന്നാല്‍ മതി…

സീന്‍-2

വഴിയിലൂടെ നടന്നു പോകുന്ന തൊമ്മിക്കുഞ്ഞ്. തങ്കച്ചന്‍ പിന്നാലെ.

തങ്കച്ചന്‍: (കൈകൊട്ടി) തൊമ്മിക്കുഞ്ഞേ…അവിടെ നിന്നേ…

തൊമ്മിക്കുഞ്ഞ്: (തിരിഞ്ഞുനോക്കി) ങാ…തങ്കച്ചനോ…എന്നാ ഉണ്ട്…

തങ്കച്ചന്‍: ഹോ..നിന്നെ എവിടെയെല്ലാം തിരക്കി എന്റെ തൊമ്മിക്കുഞ്ഞേ…ഫോണ്‍ വിളിച്ചിട്ടും കിട്ടുന്നില്ല…

തൊമ്മിക്കുഞ്ഞ്: നമ്മളിങ്ങനെ ഓരോ പരിപാടിയുമായി നടക്കുവല്ലേ….എന്നാത്തിനാ എന്നെ അന്വേഷിച്ചത്…

തങ്കച്ചന്‍: ഒരു കാമറ ഫിറ്റ് ചെയ്യണം…നമ്മടെ ജോസിന്റെ വീട്ടില്…അവന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുവാ…നിന്റയടുത്ത് ഒരു കാമറക്കാരനുണ്ടെന്ന് ഇന്നാള് പറഞ്ഞില്ലേ…

തൊമ്മിക്കുഞ്ഞ: അതു നിസാരമല്ലേ…നമ്മടെ പയ്യനുണ്ട്….ഞാന്‍ എപ്പം വിളിച്ചാലും അവന്‍ ഓടിവരും…

തങ്കച്ചന്‍: എന്നാ ഉറപ്പിച്ചിരിക്കുന്നു…ഏഴായിരം രൂപ തരും…പൈസ ഞാന്‍തന്നോളാം…

തൊമ്മിക്കുഞ്ഞ്: പൈസയുടെ കാര്യം ഏറ്റോണം…പണി കഴിയുമ്പം ഞരങ്ങുകേയും മൂളുകയും ചെയ്‌തേക്കരുത്…ആ ചെറുക്കനൊരു ചൂടനാ…

തങ്കച്ചന്‍: അക്കാര്യത്തിലൊന്നും പേടിക്കേണ്ട…ഇതു ഞാന്‍ കരാറെടുത്തിരിക്കുവല്ലേ….ഇപ്പം നമ്മളു തമ്മില് കരാറ്…

തൊമ്മിക്കുഞ്ഞ്: ഓകെ…എഗ്രീഡ്….

സീന്‍-3

തൊമ്മിക്കുഞ്ഞ്:(ഫോണില്‍) എടാ മോനേ…നമുക്കൊരു കാമറ ഫിറ്റ് ചെയ്യണം….നമ്മടെ സ്വന്തം കക്ഷിയാ…ആ…അതുവന്നു നോക്കിയിട്ടു ചെയ്യാം….രണ്ടെണ്ണം വേണ്ടിവരും……ഒരു ആറായിരത്തിയഞ്ഞൂറു ഞാന്‍ തരും…അതുമതി….പിന്നേം വേണ്ടിവരും….ഇതുസാമ്പിള്….. അടുത്തേന് നമുക്കു കൂട്ടിത്തരാന്ന്… ആദ്യം നീ ഈ വര്‍ക്ക് പിടിക്ക്…കാശ് ഞാന്‍ തന്നോളാം കേട്ടോ…അവരോട് ചോദിക്കേണ്ട്….ഓകെ…ഞാന്‍ ലൊക്കേഷനയച്ചു തന്നേക്കാം…പോര്…

സീന്‍-4

വീടിന്റെ മുന്‍വശം. എല്ലാവരുമുണ്ട്. കാമറയിലേക്ക് നോക്കിനില്‍ക്കുകയാണ് എല്ലാവരും.

തൊമ്മിക്കുഞ്ഞ്: (നടന്നുവരുന്നു. ആധികാരികമായി) ഞാനിത്തിരി തിരക്കായിപ്പോയി…അതാ താമസിച്ചത്…എല്ലാം റെഡിയാക്കിയില്ലേ…ടെസ്റ്റടിച്ചിട്ടല്ലെ പയ്യന്‍ പോയത്….

തങ്കച്ചന്‍: നീയെവിടെയായിരുന്നു തൊമ്മിക്കുഞ്ഞേ…ഞങ്ങള് കാമറയെല്ലാം സെറ്റപ്പാക്കി….

തൊമ്മിക്കുഞ്ഞ്: ഞാന്‍ പയ്യനെല്ലാം പറഞ്ഞുകൊടുത്തിരുന്നു…(കാമറ നോക്കിയിട്ട്) ങാ..കുഴപ്പമില്ലല്ലോ…പറഞ്ഞതുപോലെ തന്നെ വെച്ചിട്ടുണ്ട്…(തിരിഞ്ഞ് ക്ലാസെടുക്കുന്നതുപോലെ) രണ്ടു ആംഗിളിലാണ് കാമറ വെച്ചിരിക്കുന്നത്.. അങ്ങനെയാകുമ്പം അവിടുന്നുവരുന്നവരെയും ഇവിടുന്നുവരുന്നവരെയും എല്ലാം കാണാം…

ഭാര്യ: എനിക്കടുക്കളേലിരുന്നു കാണണം…ഇവിടെ വന്ന് നോക്കാന്‍ പറ്റുകേല…

തൊമ്മിക്കുഞ്ഞ്: അതിനുള്ള സംവിധാനമല്ലേ നമ്മളൊരുക്കിയിരിക്കുന്നത്…അടുക്കളേലിരുന്ന് മൊബൈലേല്‍ക്കൂടി കാണാം…

ജോസ്: നമ്മള് എഐ കാമറയാണ് വെക്കുന്നത്…

ഭാര്യ: അതെന്നതാ കമ്പനിയുടെ പേരാണോ…

ജോസ്: നിനക്കിതൊന്നും അറിയില്ലേ…ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ…കൃത്രിമ ബുദ്ധിയുള്ള കാമറ..

തങ്കച്ചന്‍: ഹേ..കൃത്രിമസാധനങ്ങളൊന്നും വേണ്ട…ഒറിജിനലുതന്നെ മതി…

തൊമ്മിക്കുഞ്ഞ്: തങ്കച്ചന് ഇലക്ട്രോണിക്‌സ് ഡിവൈസുകളെക്കുറിച്ച് വലിയ പിടുത്തമില്ല അല്ലേ….ഇത് കള്ളന്മാര് വന്നാല്‍ അന്നേരെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പു തരും….

ഭാര്യ: അന്നേരം നമ്മളെന്നാ ചെയ്യണം…

തൊമ്മിക്കുഞ്ഞ്: സാധാരണ കള്ളന്മാരെ കണ്ടാല് എന്നാ ചെയ്യും…

ഭാര്യ: നിലവിളിക്കും….

തൊമ്മിക്കുഞ്ഞ്: ങാ…അതുതന്നെ ചെയ്‌തോണം…

തങ്കച്ചന്‍: അന്നേരംതന്നെ പൊലീസിനെ വിവരമറിയിക്കണം…

ജോസ്: പോലീസു വരുവോളം കള്ളന് വെയിറ്റിംഗ് ചാര്‍ജ് നിങ്ങള് കൊടുക്കുമോ…

തൊമ്മിക്കുഞ്ഞ്: (ജോസിനോട് രഹസ്യമായി) ചുമ്മാ തള്ളിമറിക്കരുത്….ഇത് എഐയൊന്നുമല്ല. സാധാരണ കാമറയാ…

ജോസ്: നിനക്കെന്നാ ചേതം…നിന്നോട് ആരും നാളെ വന്ന് ചോദിക്കുകേല…ഇത്തിരി ഗമയ്ക്കിരിക്കട്ടെ…

തങ്കച്ചന്‍: അപ്പോ…ജോസേ നിന്റെ വീട് കാമറ വലയത്തിലായി…

തൊമ്മിക്കുഞ്ഞ്: ജോസേ ഇതു നീ സ്വയം നിനക്കിട്ടുതന്നെ കൊടുത്ത പണിയായി കേട്ടോ…ഇനിയെല്ലാം അടുക്കളേലിരുന്നു കാണും…

തങ്കച്ചന്‍: അതു കാമറയില്ലേലും അങ്ങനെതന്നെയാ…

ഭാര്യ: പിന്നെ എനിക്കതല്ലേ പണി…

തൊമ്മിക്കുഞ്ഞ്: പയ്യന്‍ എല്ലാം മൊബൈലേല്‍ സെറ്റു ചെയ്തു തന്നിട്ടല്ലേ പോയത്…

ജോസ്: (മൊബൈലെടുത്തു കാണിക്കുന്നു) എല്ലാം മൊബൈലേല്‍ ആക്കിയിട്ടുണ്ട്…(എടുത്തു കാണിക്കുന്നു)

തങ്കച്ചന്‍: ങാഹാ…(മൊബൈലുവാങ്ങിനോക്കുന്നു) കൊള്ളാമല്ലോ….അതേണ്ട് നമ്മളെല്ലാവരും…(എല്ലാവരും മൊബൈലേല്‍ നോക്കുന്നു)

മൊബൈലേല്‍ നോക്കിയുള്ള അഭിപ്രായപ്രകടനങ്ങള്‍.

തങ്കച്ചന്‍: ജോസേ നീ ഇനി കുളിച്ചു കുട്ടപ്പനായിട്ടേ നടക്കാവൂ…എപ്പഴും കാമറേല്‍ പിടിച്ചൊണ്ടിരിക്കുവാ…

തൊമ്മിക്കുഞ്ഞ്: പയ്യന്റെ ബില്ലു തീര്‍ക്കണം…അവന്‍ വിളിച്ചായിരുന്നു…

ജോസ്: (ഭാര്യയോട്) നീ ചെന്ന് കാശെടുത്തോണ്ടുവാ…

തൊമ്മിക്കുഞ്ഞ്: (കാമറക്കാരനോട്) ഞാനിടപെട്ടതുകൊണ്ട് കുറഞ്ഞ കാശിന് നടന്നു…അല്ലേല്‍ കാണാമായിരുന്നു…

ഭാര്യ അകത്തുനിന്നും വന്ന്. എണ്ണായിരം രൂപ ജോസിനു കൊടുക്കുന്നു. ജോസ് അതില്‍ നിന്നും അഞ്ഞൂറ് പോക്കറ്റിലിട്ട്ിട്ട് ബാക്കി തങ്കച്ചന് കൊടുക്കുന്നു. തങ്കച്ചന്‍ അതില്‍ നിന്നും അഞ്ഞൂറു പോക്കറ്റിലിട്ടിട്ട് ബാക്കി തൊമ്മിക്കുഞ്ഞിനു കോടുക്കുന്നു. തൊമ്മിക്കുഞ്ഞ് അതില്‍ നിന്നും അഞ്ഞൂറു പോക്കറ്റിലിട്ട്ിട്ട് ഫോണെടുത്തു വിളിക്കുന്നു.

തൊമ്മിക്കുഞ്ഞ്: (പുറകോട്ട് മാറി നിന്ന്) എടാ മാനേ…നിയെവിടെയാ…പൈസ റെഡിയായിട്ടുണ്ട്…ആറായിരത്തീന്ന് വല്ലതും കുറച്ചൂടെ കുറയുമോടെ…ങാ…ശരി ശരി….ഞാനിപ്പം അങ്ങോട്ടുവരാം….

ഇതെല്ലാം കണ്ട് അന്തംവിട്ടു നില്‍ക്കുന്ന ഭാര്യ.

ഭാര്യ: ഇവിടെയെന്നതാ നടക്കുന്നെ…ഇതിന്റെ യഥാര്‍ത്ഥ പൈസയെത്രയാ…ആളാംവണ്ണം എല്ലാവരും പോക്കറ്റില്‍ താഴ്ത്തിയല്ലോ….

ജോസ്: ഇവിടെയിപ്പം നാട്ടുനടപ്പ് ഇങ്ങനെയാ…ഒരാള് ഒരു കോണ്‍ട്രാക്ട് പിടിക്കുന്നു….അയാള് അത് സബ് അടുത്തയാള്‍ക്കു കൊടുക്കുന്നു…അങ്ങനെ കൈമറിഞ്ഞ് കാര്യം ഭംഗിയായി നടക്കുന്നു….ഇടനിലക്കാരില്ലാതെ ഇവിടെ കേരളത്തില് ഒരു കാര്യവും നടക്കില്ല…..എല്ലാവരും ഹാപ്പി…..

ഭാര്യ: പക്ഷേ കാശു പോയത് എന്റെയാ….

എല്ലാരുംകൂടി: കാമറ കിട്ടിയില്ലേ….

LEAVE A REPLY

Please enter your comment!
Please enter your name here