ഷോര്‍ട്ട് ഫിലിമില്‍ നായകനാകാനുള്ള മോഹം ഭാര്യയുടെ കണ്ണുരുട്ടലില്‍ പൊലിഞ്ഞു

0
43

നേരംപോക്ക്
എപ്പസോഡ്-23

വീടിന്റെ മുന്‍വശം. അന്താക്ഷരി കളിയാണ് മൂവരും.

തങ്കച്ചന്‍: അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍ അണിയൂ…അണിയൂ…. അ….പോരട്ടെ

ജോസ്: ഹോ…അനുരാഗിണി മാലയുമായി ഇപ്പം വരും….

തങ്കച്ചന്‍: എത്ര പേര് മാലയുമായി വന്നിട്ടുണ്ടെടാ…അതൊക്കെയൊരു കാലം….തൊമ്മിക്കുഞ്ഞേ നീ അയെ പിടി…

തൊമ്മിക്കുഞ്ഞ്: അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പവള്ളം…. ജോസേ…വ…

ജോസ്: വളകിലുക്കം കേള്‍ക്കണല്ലോ ആരാരോ പോണതാരോ…

പാട്ടുമുറിച്ചുകൊണ്ട് ഒരു കൈ നിറയെ കല്ല് ജോസിന്റെ മുന്നിലേക്ക്.

ഭാര്യ: ആരാ പോണതെന്ന് ഞാന്‍ നോക്കിയേച്ചു വരാം…അതുവരെ ഇനിയിരുന്ന് കല്ലുകളിക്ക്..

ജോസ്: ശ്ശെ…ഞങ്ങള് നല്ല രസത്തില്‍ കളിച്ചുവരുവായിരുന്നു…അതിന്റെ സുഖം കളഞ്ഞു…

തങ്കച്ചന്‍: വീട്ടിലിരുത്തുകേലാത്തതുകൊണ്ടാ ഇങ്ങോട്ടുവന്നത്…അന്നേരം ഇവിടെ അതിന്റെയപ്പുറമാണോ….

ഭാര്യ: നിങ്ങള്‍ക്കിങ്ങനെ പിള്ളേരു കളിച്ചിരിക്കാതെ വേറെ എന്തെങ്കിലും പ്രയോജനമുള്ളതു ചെയ്തുകൂടെ…

ജോസ്: ആറും അറുപതും ഒരുപോലെയാന്നാ പറയുന്നത്…ഞങ്ങള്‍ക്കിനി പിള്ളേരു കളിക്കാം…

ഭാര്യ: അത് ആണുങ്ങള്‍ക്കുമാത്രമായിട്ടല്ല…ഞങ്ങള്ു പെണ്ണുങ്ങളെയും കൂടികൂട്ടിയാ…

ജോസ്: നിങ്ങളും പിള്ളേരു കളിച്ചോ…അടുക്കളേല്‍ വരുമ്പം എന്തേലും കണ്ടേച്ചാല്‍ മതി…

ഭാര്യ: നിങ്ങളോടൊക്കെ പറയുന്ന എന്നെവേണം പറയാന്‍..(അകത്തേക്ക് പോകുന്നു).

ജോസ്: ങാ…നീ…പോ…

തൊമ്മിക്കുഞ്ഞ്: ജോസെ..അതൊരു ഐഡിയായാ…നമുക്കിത്തിരി കല്ലുകളിച്ചാലോ…

ജോസ്: എന്നാ ഞാന്‍ പോയി കല്ലു പെറുക്കിക്കൊണ്ടുവരാം…പണ്ടു ചെറുപ്പത്തില്‍ പെങ്ങമ്മാരുടെ കൂടെ കളിച്ചതാ …പിന്നെ കളിച്ചിട്ടില്ല….

തങ്കച്ചന്‍: ശ്ശെ..അതൊക്കെ നമുക്കു ചേര്‍ന്ന കളിയല്ല…നമുക്കിത്തിരികൂടി…എനര്‍ജെറ്റിക്കായിട്ടുള്ള എന്തെങ്കിലും പിരപാടി മതി…

തൊമ്മിക്കുഞ്ഞ്: എന്ന നമുക്കു നായാട്ടിനു പോയാലോ…അതാകുമ്പം ഒരു ഗുമ്മുണ്ട്….

തങ്കച്ചന്‍: അതുകൊള്ളാം..പണ്ട് ഞാന്‍ മലബാറിന് പാപ്പന്റെ അടുത്തുപോയപ്പോള്‍ വേട്ടയ്ക്കു പോയതാ…ഹോ..അതൊരു സംഭവമാ..ഇപ്പഴും രോമം എണീറ്റുനിക്കും…കണ്ടോ..(കാണിക്കുന്നു)

ജോസ്: എണീറ്റ് ഓടിപ്പോകാതെ നോക്കിക്കോണം…

തങ്കച്ചന്‍: പാപ്പന്റെ കൈയില് തോക്കുണ്ട്…എന്റെ കൈയില്‍ കഠാരയും…വനത്തിലോട്ടങ്ങു കയറി….പാപ്പന്‍ ഒരു പന്നിയെ വെടിവെച്ച് അതിന്റെ പുറകേപോയി….ഞാന്‍ ഒറ്റയ്ക്ക് …കൊടുംവനമാ…പുറകിലൊരു അനക്കം…ഞാന്‍ തിരിഞ്ഞു നോക്കി…ഒരു പുലി…അവന്‍ പതുങ്ങുകയാണ്…പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് എനിക്കറിയാം…

തൊമ്മിക്കുഞ്ഞ്: അന്ന് പുലിമുരുകന്‍ ഇറങ്ങിയായിരുന്നോ…

തങ്കച്ചന്‍: പുലി ഒറ്റകുതിപ്പ്…ഞാന്‍ പുറകോട്ട് മലര്‍ന്ന് മുട്ടേ തെന്നിനീങ്ങി…ഒപ്പം കത്തി പുലിയുടെ നെഞ്ചിന് കുത്തിയിറക്കി…കഠാരയുമായി പുലി എങ്ങോ ഓടിമറഞ്ഞു…

ജോസ്: ചുരുക്കത്തില്‍ പാപ്പന്റെ കത്തി ആവഴി പോയി…

തൊമ്മിക്കുഞ്ഞ്: അതിനേക്കാള്‍ പലിയൊരു കത്തിയേയല്ലെ പുലി ഇട്ടേച്ചുപോയത്…

തങ്കച്ചന്‍: ഇനിയുമുണ്ട് എന്റെ വേട്ടക്കഥകള്‍…പറയണോ…

ജോസ്: വേണ്ട…നമുക്ക് പിന്നെ പുസ്തകമായിട്ട് ഇറക്കാം…

തൊമ്മിക്കുഞ്ഞ്: നിങ്ങളിങ്ങനെ ചളിയടിച്ചിരിക്കാതെ എന്തെങ്കിലും ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങള് പറ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ നീ തന്നെ പറ…നിനക്കാ എപ്പഴും പുതിയ ഐഡിയാസ് വരുന്നത്…

ജോസ്: വീട്ടീന്ന് ഇറക്കിവിടുന്ന തരത്തിലുള്ളതായിരിക്കരുത്…

തൊമ്മിക്കുഞ്ഞ്: നമുക്കൊരു ഷോര്‍ട്ട് ഫിലിം പിടിച്ചാലോ…

തങ്കച്ചന്‍: സിനിമാ പിടുത്തമോ…അതൊന്നുവേണ്ട…അതൊക്കെ കാശുകളയുന്ന പരിപാടിയാ..

തൊമ്മിക്കുഞ്ഞ്: സിനിമാ പിടുത്തമൊക്കെ വലിയപൂത്തകാശുള്ളവര്‍ക്ക്…നമ്മളെപ്പോലെ പാവങ്ങളുടെ സിനിമാ പിടുത്തമാ ഷോര്‍ട്ട് ഫിലിം…

ജോസ്: അതുകൊള്ളാം ഒന്നഭിനയിക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു…

തങ്കച്ചന്‍: അതിന് കാമറയൊക്കെ വേണ്ടേ…

തൊമ്മിക്കുഞ്ഞ്: അതിനീ മൊബൈലൊക്കെ മതി…അതൊക്കെ ഞാന്‍ ഏര്‍്പ്പാടാക്കിക്കൊള്ളാം….കഥയും എന്‍രെ കയിലുണ്ട്…

തങ്കച്ചന്‍: കഥയെന്നതാ കേള്‍ക്കട്ടെ….

തൊമ്മിക്കുഞ്ഞ്: ഒരു മുതലാളി ചെക്കന്‍ പാവപ്പെട്ട വീട്ടിലെ പെണ്ണിനെ പ്രണയിച്ചു കല്യാണം കഴിക്കുന്നതാ…

തങ്കച്ചന്‍: കഥകൊള്ളാം…നിങ്ങള് നിര്‍ബന്ധിക്കുവാണേല്‍ ഞാന്‍ നായകനായിക്കൊള്ളാം…

ജോസ്: വേണ്ട…നിര്‍ബന്ധിക്കുന്നില്ല…ഞാന്‍ നായകനായിക്കൊള്ളാം…

തങ്കച്ചന്‍: നായകന്‍ ഞാന്‍ തന്നെ…എടാ…നിനക്കൊരു നായകന്റെ ലുക്കില്ല…ഒരു മുതലാളിപ്പയ്യനായിട്ട് അഭിനയിക്കണേല്‍ ഞാന്‍ തന്നെ വേണം…

ജോസ്: എന്റെ ചെറുപ്പത്തില്‍ എന്നെ എല്ലാവരും കൊച്ചു മുതലാളീന്നാ വിളിച്ചോണ്ടിരുന്നത്….

തങ്കച്ചന്‍: അതൊന്നും എനിക്കറിയേണ്ട…നായകന്‍ ഞാന്‍ തന്നെ അതിലൊരു മാറ്റവുമില്ല..

തൊമ്മിക്കുഞ്ഞ്: അതുകൊള്ളാമല്ലോ…നായകനെ തീരുമാനിക്കുന്നത് സംവിധായകനാ…ഞാന്‍ പറയും….അതു നടക്കും…

തങ്കച്ചന്‍: ഞാനല്ല നായകനെങ്കില്‍ നീ ആശുപത്രിയില്‍ കിടന്നേ പടംപിടിക്കൂ….

ജോസ്: എന്നാ ഒരു കാര്യംചെയ്യ് പകുതി ഭാഗംവരെ ഞാന്‍ നായകന്‍ അതുകഴിഞ്ഞ് നിങ്ങളായിക്കോ…

തൊമ്മിക്കുഞ്ഞ്: ഇതെന്നാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ ടേം വെച്ചു കളിക്കാന്‍…

ജോസ്: എന്നാ നമുക്ക് ഇരട്ടക്ലൈമാക്‌സ് വെച്ചാലോ…

തങ്കച്ചന്‍: അതൊന്നും നടപ്പില്ല….ഞാന്‍ നിറഞ്ഞു നില്‍ക്കണം…ജോസ് വില്ലനായിക്കോ…വില്ലനെ ഞാന്‍ അടിച്ചുപരത്തി കാമുകിയെയും കൊണ്ട് പോകുന്നതായിരിക്കണം ക്ലൈമാക്‌സ്…

ജോസ്: വയസനാംകാലത്തെ മോഹം കൊള്ളാം… പക്ഷേ ഇവിടെ നടക്കുകേല…

തങ്കച്ചന്‍: ഒരു തരം…. രണ്ടുതരം…മൂന്നുതരം…ഞാന്‍ തന്നെ നായകന്‍…

ജോസ്; (ഫോണെടുത്ത്ുകൊണ്ട്) ഞാനിപ്പം വരാമേ…ഒരാളെ വിളിക്കാനുണ്ട്…

സീന്‍-2

ജോസ് ഫോണ്‍ ചെയ്യുന്നു.

ജോസ്: അതേ…പാവപ്പെട്ട വീട്ടിലെ പെണ്ണിനെ പ്രേമിക്കാനാ പരിപാടി…അയ്യോ…ഒന്നും ചെയ്യരുത്…ഞാന്‍ ഒന്നു പറഞ്ഞോട്ടെ…കാറാതെ…നെഞ്ചത്തടിക്കരുത്…ഇതു ഷോര്‍ട്ഫിലിമിന്റെ കഥയാ്‌ന്നേ…ഒറിജിനലല്ല….ശ്ശെ..വെച്ചോ…

അവര് ഞാന്‍ പറഞ്ഞതുകേട്ടില്ല…കഥയാന്ന് മനസിലായില്ലെന്നു തോന്നുന്നു…

സീന്‍-3

ജോസ് മുന്‍വശത്തേക്ക് വരുന്നു.

ജോസ്: തങ്കച്ചാ…നിങ്ങള് തന്നെ നായകനായിക്കോ…എനിക്ക് കുഴപ്പമില്ല….പറ്റുകേലെന്നു പിന്നെ പറഞ്ഞേക്കരുത്…

തങ്കച്ചന്‍: ഇപ്പം നിനക്ക് ബോധംവെച്ചോ…എപ്പഴാ ഷൂട്ടിംഗ് തുട്ങ്ങുന്നേ…

തൊമ്മിക്കുഞ്ഞ്: നായികയെ കിട്ടിയാല്‍ അപ്പം തുടങ്ങാം…പക്ഷേ കാശുകൊടുക്കേണ്ടിവരും…

തങ്കച്ചന്‍: കാശൊരുപ്രശ്‌നമല്ല…ഞാന്‍മുടക്കിക്കോളാം…

തൊമ്മിക്കുഞ്ഞ്: (അത്ഭുതത്തോടെ)ഒരു സോഡാനാരങ്ങാവെള്ളം മേടി്ച്ചുതരുകേലാത്തയാളാണോ ഈ പറയുന്നത്.

തങ്കച്ചന്‍: ഒരു നല്ല കാര്യത്തിനല്ലേ തൊമ്മിക്കുഞ്ഞേ…

തൊമ്മിക്കുഞ്ഞ്: എന്നാ ഞാനിപ്പം ത്‌നനെ നായികയെ ബുക്കുചെയ്‌തേക്കാം…

ജോസ്: (തടഞ്ഞുകൊണ്ട്) വരട്ടെ…ഒരു ഫോണ്‍വരാനുണ്ട്…അതുകൂടിയൊന്നു കഴിഞ്ഞിട്ടുമതി….

തങ്കച്ചന്റെ ഫോണ്‍ ബെല്ലടിക്കുന്നു.

തങ്കച്ചന്‍: (ഫോണ്‍ എടുത്തുനോക്കി) ഭാര്യയാണല്ലോ..എന്നാ പറ്റി…..ഹലോ…ങേ…നീയെന്തിനാ നിലവിളിക്കുന്നേ…ആരു പറഞ്ഞു…ഞാനെവിടെപോയെന്ന്…ഞാനിവിടെയുണ്ട്…..ഞാന്‍ ആരുടെയും കൂടെ പോയില്ല…ന്റെ പൊന്നേ നീ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്….നാട്ടുകാരെ വിളിച്ചുകൂട്ടരുത്…
ഞാനിപ്പം അങ്ങോട്ടുവരാം….ഫോണ്‍വെക്ക്…

(ഫോണ്‍വെച്ചിട്ട്) ഏതുസാമദ്രോഹിയാടാ ഈ കൊലച്ചതി ചെയ്തത്…സിനിമാക്കഥ വീട്ടിലറിഞ്ഞു….ഞാന്‍ എങ്ങാണ്ടോട്ടോ പോയെന്നൊക്കെയാ അവളു പറയുന്നത്…ആരോ ഒറഅരിക്കൊടുത്തതാ…ജോസേ…(അടിമുടിനോക്കി. നടക്കുന്നു. തിരിഞ്ഞുനോക്കി) ജീവനോടെയുണ്ടെങ്കില്‍ നാളെ വന്ന് ഞാന്‍ പകരം ചോദിക്കും.

തൊമ്മിക്കുഞ്ഞ്: പടം ഇറങ്ങി പെട്ടിക്കകത്തായെന്നു കേട്ടിട്ടുണ്ട്…ഇത് പടം ഇറങ്ങുന്നതിനുമുന്നേ പെട്ടിക്കകത്താകുമെന്നാ തോന്നുന്നേ…

LEAVE A REPLY

Please enter your comment!
Please enter your name here