പ്രാങ്ക് വീഡിയോ ചെയ്യാനിറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

0
12

നേരംപോക്ക്
എപ്പിസോഡ്-25

സീന്‍-1

തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. വെറുതെ ഇരിക്കുകയാണ്.
തങ്കച്ചന്‍ മൊബൈലില്‍ നോക്കി രസംപിടിച്ചിരിക്കുന്നു.
തൊമ്മിക്കുഞ്ഞ് കിടക്കുകയാണ്. കാലിന്റെ മുകളില്‍ കാലുകയറ്റി പാട്ടുപാടി രസിച്ചങ്ങനെ കിടക്കുന്നു. സ്വപ്‌നങ്ങള്‍…സ്വപന്ങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ…
ജോസ് ചെവിയില്‍ കോഴിപ്പപ്പ് തിരുകി ഇമ്പത്തില്‍ ഇരിക്കുന്നു.

തങ്കച്ചന്‍: (മൊബൈലില്‍ നോക്കി ചിരിച്ച്) ഹോ…ഇപ്പം അവന്‍് അടി മേടിച്ചേനെ. ഭാഗ്യത്തിനു രക്ഷപ്പെട്ടു..

ജോസ്: (ചെവിയില്‍ തിരുകിക്കൊണ്ട്) എന്നതാ..ആര് അടി മേടിച്ചേനെന്നാ..

തങ്കച്ചന്‍: നീ ഇതു കണ്ടിട്ടില്ലേ… ഒരു വീഡിയോയാ…ചുമ്മാ ഓരോരുത്തന്മാരെ വഴിയില്‍കൂടി നടക്കുമ്പം തോണ്ടും കളിയാക്കും….അവര് ആകപ്പാടെ ചമ്മിനാറും…അടിപൊട്ടുമെന്നാകുമ്പം സത്യം പറയും…ചുമ്മാ കളിപ്പിക്കാനാന്നു പറഞ്ഞ് കാമറയിലെടുക്കുന്നത് കാണിക്കും…

ജോസ്: ചുമ്മാ അടി ചോദിച്ചുമേടിക്കുന്ന പരിപാടിയല്ലേ…

തൊമ്മിക്കുഞ്ഞ്:(ചാടിയെണീറ്റ്) ഇത് പ്രാങ്ക് വീഡിയോ…നിങ്ങള്‍ക്കറിയാന്മേലെ…..

തങ്കച്ചന്‍: അതുതന്നെ…പ്രാങ്ക്…

തൊമ്മിക്കുഞ്ഞ്: ഇതിപ്പം ന്യൂജെന്‍ പിള്ളേരുടെ സ്ഥിരം പണിയല്ലേ…പണ്ട് ചാനലിലൊക്കെയായിരുന്നു…ഇപ്പം യുട്യൂബ് വന്നതോടെ പിള്ളേര് സെറ്റെല്ലാം ഇറങ്ങിയിരിക്കുവല്ലേ…

ജോസ്: ഞാന്‍ കണ്ടിട്ടുണ്ട്…ശുദ്ധപോക്രിത്തരമല്ലെ ഇവന്മാര് കാണിക്കുന്നത്…വെറുതെ ആളെ പേടിപ്പിക്കുക…പൊട്ടനാക്കുക….

തങ്കച്ചന്‍: ഹേ…ചുമ്മാ രസമല്ലേ…(ഗൗരവത്തില്‍) നീ ഇതിലെ ഹാസ്യത്തിന്റെ അംശം കാണാതെ പോകരുത്…

ജോസ്: അല്ലേലും ആളെ വടിയാക്കുന്ന കാര്യത്തില്‍ നിങ്ങള് കേമനാണല്ലോ…

തൊമ്മിക്കുഞ്ഞ്: എന്നാ പറഞ്ഞാലും ആളെ വടിയാക്കി രസിക്കുന്നത് മാറിനിന്നു കാണുന്നത് ഒരു പ്രത്യേകസുഖമാ…

ജോസ്: എന്റെയടുത്തെങ്ങാനും ഇതുക്കൂട്ടു പരിപാടിയെങ്ങാനുമായിട്ടുവന്നാല്‍ അവന്റെ കാലുഞാന്‍ തല്ലിയൊടിക്കും…

തൊമ്മിക്കുഞ്ഞ്: അടിയേലോട്ടുവരുമ്പഴേക്ക് കാമറ കാണിച്ചുകൊടുക്കും…പിന്നെ ആരും ഒന്നും പറയില്ല…

ജോസ്: ഞാനവന്റെ കാമറയും അടിച്ചുപൊട്ടിക്കും…

തങ്കച്ചന്‍: നീഇങ്ങനെയൊരു അരസികനായിപ്പോയല്ലോടാ ജോസേ…ഇത്രേംനാളും ഞങ്ങളുടെ കൂടെ കൂടിയിട്ടും നിനക്കാ രസികത്തം പകര്‍ന്നു കിട്ടിയില്ലല്ലോ..

തൊമ്മിക്കുഞ്ഞ്: (ഉത്സാഹത്തോടെ) തങ്കച്ചാ നമ്മള്‍ക്കുമൊരു പ്രാങ്ക് വീഡിയോ ചെയ്താലോ..

ജോസ്: ന്റെ തൊമ്മിക്കുഞ്ഞേ…ഇടിയുടെ പെരുന്നാളായിരിക്കും…വെറുതെ ആവശ്യമില്ലാത്ത പണിക്ക് ഇറങ്ങരുത്…

തങ്കച്ചന്‍: (സംശയത്തോടെ) തൊമ്മിക്കുഞ്ഞേ…അതൊക്കെ ന്യൂജെന്‍ പരിപാടിയല്ലേ…നമ്മള്‍ക്ക് വഴങ്ങുമോ…

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ…ശരിരത്തിന്റെ പ്രായമല്ല…മനസിന്റെ പ്രായമാ നോക്കേണ്ടത്….നമ്മളിപ്പഴും ന്യൂജെനല്ലേ മനസുകൊണ്ട്…

ജോസ്: ശരീരത്തിനകത്തല്ലെ മനസിരിക്കുന്നത്…അതിനു വേറെ പ്രായമാണോ….

തൊമ്മിക്കുഞ്ഞ്: ജോസേ നീ എല്ലാത്തിനുമിങ്ങനെ വാക്യാര്‍ത്ഥം മാത്രമെടുക്കരുത്….വാച്യാര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്…

തങ്കച്ചന്‍: അവനോട് പറഞ്ഞിട്ടു കാര്യമില്ല…നമ്മള്‍ക്കുള്ളതുപോലെയൊരു കലാഹൃദയം അവനില്ല…

ജോസ്: ഇടികിട്ടി ഹൃദയം കലങ്ങുമ്പം മനസിലാകും…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ നീ പറ…എന്നതാ പരിപാടി…

തൊമ്മിക്കുഞ്ഞ്: നമ്മള് വഴിയിലോട്ട് ഇറങ്ങുന്നു…ഒരുത്തനെ പിടിക്കുന്നു…പ്രാങ്ക് ചെയ്യുന്നു…

തങ്കച്ചന്‍: ഇവന്‍ പറഞ്ഞതുപോലെ ഇടികിട്ടുമോ…

തൊമ്മിക്കുഞ്ഞ്: അതു നമ്മള് നോക്കിയുംകണ്ടും ചെയ്യണം…വല്ല അപ്പാവികളെയും പിടിച്ചാല്‍ മതി…ഇടികിട്ടുമെന്നു തോന്നുന്നവരെ ചെയ്യേണ്ട…

ജോസ്: അതേ ഈ പരിപാടിക്കു ഞാനില്ല…നിങ്ങള് ഓടി രക്ഷപ്പെടും…എനിക്ക് മുട്ടിനുവേദനയുള്ളതാ…ഓടാന്‍ പറ്റുകേല…

തൊമ്മിക്കുഞ്ഞ്: ഒരു കാര്യം ചെയ്യ്…മറഞ്ഞിരുന്ന് എല്ലാം വീഡിയോയില്‍ പിടിക്കാമല്ലോ…ഞങ്ങള് കാമറ അവിടെയെന്ന് ചൂണ്ടിക്കാണിക്കുമ്പം ഇറങ്ങിവന്നാല് മതി.

ജോസ്: അതു ഞാനേറ്റു….(ഫോണെടുത്ത്) അപ്പോ കാമറാമാന്‍ റെഡി…

തങ്കച്ചന്‍: നമ്മളെന്നതാ പറയുന്നത്…എങ്ങനെയാ ഓപ്പറേഷന്‍…

തൊമ്മിക്കുഞ്ഞ്: അതൊക്കെ എനിക്ക് വ്യക്തമായ പ്ലാനിംഗുണ്ട്…എന്റെ കൂടെ നിന്നാല്‍ മതി.. എല്ലാം പറഞ്ഞുതരാം…ചലോ…

സീന്‍-2

മൂവരും ഒരു മുക്കില്‍ നില്‍ക്കുന്നു. നിര്‍ദേശങ്ങള്‍ നല്‍കി ഉഷാറായി തൊമ്മിക്കുഞ്ഞ്.

തൊമ്മിക്കുഞ്ഞ്: ജോസേ നീ അവിടെ ആ മരത്തിനു മറഞ്ഞിരുന്ന് വീഡിയോ പിടിക്കണം…ഞങ്ങള് പറയുമ്പം ചാടിവരണം…

ജോസ്: ഓകെ…ഞാന്‍ റെഡി…(മരത്തിന്റെ പിന്നില്‍ പോയിനില്‍ക്കുന്നു)

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ ആദ്യം വരുന്നത് ആരെയാണെങ്കിലും നമുക്കു പിടിക്കാം….

തങ്കച്ചന്‍: ഒരുത്തന്‍ വരുന്നുണ്ട്…നോക്കിക്കേ…

തൊമ്മിക്കുഞ്ഞ്: ഓകെ റെഡിയായിക്കോ…ജോസേ…സ്റ്റാര്‍ട്ട്..കാമറ ..ആക്ഷന്‍..

ദൂരെ നിന്നും ഇത്തിരി വണ്ണമൊക്കെയുള്ള ഒരാള്‍ നടന്നുവരുന്നു.

തങ്കച്ചന്‍: (ഇത്തിരി പേടിയോടെ) തൊമ്മിക്കുഞ്ഞേ…അവനെവേണോ…നല്ല കട്ടയാ….

തൊമ്മിക്കുഞ്ഞ്: നിങ്ങള് ധൈര്യമായിരിക്ക്….വണ്ണമുള്ളവരൊക്കെ പാവങ്ങളാ…ഒന്നും ചെയ്യില്ല…പേടിച്ചുതൂറികളാ….നിങ്ങളുടെ കാര്യം തന്നെ നോക്കിയാ പോരെ…

തങ്കച്ചന്‍: അതിനിടേക്കൂടെ താങ്ങിക്കോണം…

അപരിചിതന്‍ അടുത്തുവരുന്നു.

തൊമ്മിക്കുഞ്ഞ്: (ചിരപരിചിതനെപ്പോലെ) ആ…എവിടെപോയി….

അപരിചിതന്‍: (ആളെ മനസിലാകാതെ) ഞാന്‍ കവലെ വരെപോയതാ…

തൊമ്മിക്കുഞ്ഞ്: (അടുത്തോട്ടുവന്ന്) ഞാന്‍ ചാക്കോച്ചനെ കാത്തുനില്‍്ക്കുവാരുന്നു….

അപരിചിതന്‍: ഞാന്‍ ചാക്കോച്ചനല്ല…നിങ്ങള്‍ക്ക് ആളുമാറിപ്പോയി…

തൊമ്മിക്കുഞ്ഞ്: നമ്പരിറക്കല്ലേ…നമ്പരിറക്കല്ലേ..ഇതുപോലത്തെ ഒത്തിരി നമ്പരു കണ്ടിട്ടുള്ളയാളാ തൊമ്മിക്കുഞ്ഞ്…

അപരിചിതന്‍: ഞാനെന്തിനാ നിങ്ങടെയടുത്ത് നമ്പരിറക്കുന്നത്…

തങ്കച്ചന്‍: (തെല്ലു ഭീഷണിസ്വരം) തൊമ്മിക്കുഞ്ഞേ…ഞാനിടപെടാറായോ…

തൊമ്മിക്കുഞ്ഞ്: യ്യോ…ഇപ്പം വേണ്ട…ഞാനൊന്നു സംസാരിക്കട്ടെ…(അപരിചിതനോട്) ഇങ്ങേരെ അറിയുമോ…മാടമല തങ്കനാ…

അപരിചിതന്‍: ഇയാളേതുമലേലെ തങ്കനാണേലും എനിക്കെന്നാ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു.

അപരിചിതന്‍: നിങ്ങളിതെന്നതാ പറയുന്നത്…ഞാന്‍ പോകുവാ…

തൊമ്മിക്കുഞ്ഞ്: (അപരിചിതനെ തടഞ്ഞ് ചൂടായി) അതു ശരി. രൂപാ എണ്ണി മേടിച്ചപ്പം നിനക്കെന്നെ അറിയാമായിരുന്നല്ലോ…ഇപ്പം കാശു തിരിച്ചുതരാന്‍ കഴിയാഞ്ഞിട്ട് അടവിറക്കുന്നോ…

അപരിചിതന്‍: നിങ്ങളിതെന്നതാ പറയുന്നത്….ഞാന്‍ നിങ്ങളെ അറിയുക പോലുമില്ല…പിന്നെയെങ്ങനാ കാശു കടം മേടിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: വിളച്ചിലിറക്കരുതേ….നീ ഈ നമ്പരിടുമെന്നെനിക്കറിയാം..അതുകൊണ്ടാ ഞാന്‍ മാടമല തങ്കനെയും കൂടി കൂട്ടിയത്…ഇനി ഇവന്റെ ഫീസും കൂടികൂട്ടി രൂപാ പന്തീരായിരം തരണം…

തങ്കച്ചന്‍: (ഗുണ്ടാസ്റ്റൈലില്‍) കാശെടുക്കെടാ ചെറുക്കാ…വെറുതെ എന്റെ കൈക്കു പണിയുണ്ടാക്കരുത്…

അപരിചിതന്‍: ഇതെന്നാ പകല്‍കൊള്ളയോ….

തൊമ്മിക്കുഞ്ഞ്: കൊള്ളയൊന്നുമല്ല…മേടിച്ച കാശു തന്നാല്‍മതി…

അപരിചിതന്‍: (മുണ്ടുമടക്കിക്കുത്തി) അതുശരി പിടിച്ചുപറിയാ അല്ലേ…

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിനോട് ചെവിയില്‍) പണി പാളും…വേഗം കാമറ പറ…

തൊമ്മിക്കുഞ്ഞ്: (മുക്കിയും മൂളിയും) അതുപിന്നെ….

അപരിചിതന്‍: (തൊമ്മിക്കുഞ്ഞിനെ പിന്നിലേക്ക് തള്ളി) നീ ഒരു പിന്നെയും പറയേണ്ട…നിനക്കെത്ര കാശാടാ ഞാന്‍ തരാനുള്ളത്…

തങ്കച്ചന്‍: (തടസംപിടിച്ച്) അതൊന്നും തോന്നരുത്…ഞങ്ങള് ഒരു കളി കളിച്ചതാ…

അപരിചിതന്‍: നിന്നെയൊക്കെ ഞാന്‍ കളി പഠിപ്പിക്കാമെടാ…ബ്ലേഡു തോമായുടെ അടുത്താണോ നിന്റെ കളി…

ജോസ്: (മരത്തിന്റെ മറവിലിരുന്ന്) ന്റെ ദൈവമേ..ബ്ലേഡുതോമായ്ക്കാണോ ഇവന്മാര് വട്ടം വെച്ചത്…കാമറാക്കാരനായത് നന്നായി…

തൊമ്മിക്കുഞ്ഞ്: (പറ്റിച്ചേയെന്നമട്ടില്‍) അയ്യയ്യോ..മക്കള് പേടിച്ചേ….ഞങ്ങള് പ്രാങ്കുവായിരുന്നു….

തങ്കച്ചന്‍: ഞങ്ങള് ചുമ്മാ തമാശിന് വീഡിയോ പിടിക്കുവല്ലായിരുന്നോ….

അപരിചിതന്‍: അതുശരി പണം തട്ടാന്‍ പറ്റുകേലെന്നു കണ്ടപ്പോ അടുത്ത വിളച്ചിലിറക്കുവാണോ…നിന്നെയൊക്കെ ഞാന്‍….

തൊമ്മിക്കുഞ്ഞും തങ്കച്ചനും: ഞങ്ങള് പറഞ്ഞത് സത്യമാ…കാമറ അവിടെയുണ്ടെന്നേ…ജോസെ…ഇറങ്ങിവാടാ….

ജോസ്: (മരത്തിനു പിന്നിലിരുന്ന് ആത്മഗതം) പിന്നെ…. എന്റെ പട്ടിവരും…വെറുതെ ഇടിമേടിക്കാന്‍…

അപരിചിതന്‍: (രണ്ടുപേരെയും കോളറേല്‍ തൂക്കിയെടുത്ത്) അങ്ങോട്ടുനോക്കേണ്ടെടാ ഇങ്ങോട്ടുനോക്കെടാ…(രണ്ടുപേരെയും മുഖത്തോട്ടു നോക്കി) മേലാല്‍ ഇപ്പണിയുമായി ഇറങ്ങരുത്.

തൊമ്മിക്കുഞ്ഞും തങ്കച്ചനും: (ദയനീയമായി) ഞങ്ങളെ ഒന്നും ചെയ്യരുതേ…

അപരിചിതന്‍: കിടന്നു മോങ്ങുന്നോടാ…(തള്ളിയിടുന്നു) അവിടെ കിടക്ക്…(രണ്ടുപേരും തെറിച്ചുതാഴെ വീഴുന്നു. കൈചൂണ്ടി ) മേലാല്‍…..(കൈചൂണ്ടിയുള്ള മുന്നറിയിപ്പ്) ഓര്‍മയ്ക്ക് ഇതുംകൂടിയിരിക്കട്ടെ….(രണ്ടു ചവിട്ട്)

ഇരുവരും ചുരുണ്ടുകൂടി നിലവിളിക്കുന്നു. അപരിചിതന്‍ മുണ്ടു മടക്കിക്കുത്തി നടന്നുപോകുന്നു.

ജോസ് മരത്തിന്റെ മറവില്‍ നിന്നും പുറത്തേക്ക്.

ജോസ്: (ഇരുവരുടെയും അടുത്തുവന്ന് കുനിഞ്ഞ്) പ്രാങ്ക് എങ്ങനെയുണ്ടായിരുന്നു…

ഇരുവരും കൈകുത്തി എണീറ്റിരിക്കുന്നു.

തങ്കച്ചന്‍: ഇറങ്ങിവന്ന് ഞങ്ങളെ രക്ഷിക്കേണ്ടായിരുന്നോടാ…

ജോസ്: അന്നേരം വീഡിയോ എടുക്കേണ്ടെ…

തൊമ്മിക്കുഞ്ഞ്: മൊത്തെം എടുത്തോ…ഡിലീറ്റ് ചെയ്തുകള അല്ലെങ്കില്‍ അറിയാതെ എവിടെയേലും കയറിപോകും…

ജോസ്: അറിയാതെ എവിടെയും പോകില്ല…അറിഞ്ഞോണ്ടുതന്നെ പോകും…(നടന്നുകൊണ്ട്) ഇതെന്റെ പ്രാങ്ക്….ഇതുഞാന്‍ വൈറലാക്കും…

ഇരുവരും: ചതിക്കല്ലേടാ….

LEAVE A REPLY

Please enter your comment!
Please enter your name here