കാട്ടുമൃഗങ്ങളില്‍ നിന്നും നാട്ടുകാരെ ആരുരക്ഷിക്കും

0
12

നേരംപോക്ക്
എപ്പിസോഡ്-26

ജോസും ഭാര്യയും കൂടി പശുക്കൂട് വൃത്തിയാക്കുകയാണ്. തങ്കച്ചനും തൊമ്മിക്കുഞ്ഞും കൂടി നടന്നുവരുന്നു.

തങ്കച്ചന്‍: ഇതെന്നാ ഭാര്യാഭര്‍ത്താക്കന്മാരു രണ്ടുപേരുംകൂടി ഒരുമിച്ചുള്ള ജോലി. ഇതൊരു അപൂര്‍വകാഴ്ചയാണല്ലോ…

ഭാര്യ: വല്ലപ്പഴുമൊക്കെയെ ഇതുസംഭവിക്കുകയുള്ളു…അതുകൊണ്ട് നല്ലതുപോലെ നോക്കിക്കണ്ടോ…

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ…എനിക്കൊരുസംശയം…നമ്മളെപ്പഴും ഭാര്യാഭര്‍ത്താക്കന്മാരെന്നല്ലേ പറയുന്നത്…അതെന്നാ ഭര്‍ത്താവിനെ ആദ്യം പറയാത്തത്….

ജോസ്: അത് തൊമ്മിക്കുഞ്ഞേ…നിനക്ക് ഗ്രാമറ് അറിയത്തില്ലാത്തതുകൊണ്ടാ….കര്‍ത്താവാണ് എപ്പോഴും ആദ്യം പറയുന്നത്…കര്‍മവും ക്രിയയുമൊക്കെ പുറകെയാ…

തങ്കച്ചന്‍: സംസ്‌കൃതത്തില്‍ ഒരു ശ്ലോകമുണ്ട്…ഭാര്യേഷു പ്രഥമ ഭര്‍തൃദ്വിതീയ….

തൊമ്മിക്കുഞ്ഞ്: (ചാടിക്കയറി) യ്യോ…തങ്കച്ചന് സംസ്‌കൃതമൊക്കെ അറിയാമോ…

ജോസ്: തൊമ്മിക്കുഞ്ഞിനോട് പറഞ്ഞോ…. സംസ്‌കൃതവും ഹിന്ദിയും അറിയാവുന്നവരുടെയടുത്ത് മിണ്ടരുത്…

തങ്കച്ചന്‍: (ഗമയില്‍) എനിക്കറിയത്തില്ലാത്ത ഭാഷയുണ്ടോ തൊമ്മിക്കുഞ്ഞേ…അടുത്ത ശ്ലോകം പിടിച്ചോ…
കര്‍മ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചനാ

ജോസ്: അതുകേട്ടപ്പഴാ ഓര്‍ത്തത്…ചനയുള്ള ഒരു പശുവിനെ എവിടെയങ്കിലും കൊടുക്കാനുണ്ടോ…

തങ്കച്ചന്‍: നീ പശുവിനെ മേടിക്കാന്‍ പോകുവാണോ…അതുവേണോ…

ജോസ്: ശുദ്ധമായ പാലു കുടിക്കണം…എന്നാലേ ആരോഗ്യമൊക്കെയൊന്നു പുഷ്ടിപ്പെടൂ…..

ഭാര്യ: ദേ ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം…പശുവിനെ നോക്കാമെന്നുണ്ടെങ്കിലേ മേടിക്കാവൂ…നിങ്ങടെ ആരോഗ്യം പുഷ്ടിപ്പെടുത്താനായിട്ട് എന്റെ ആരോഗ്യം കളയാന്‍ പറ്റില്ല…

തൊമ്മിക്കുഞ്ഞ്: ആദ്യം നിങ്ങളു തമ്മില് ഒരു യോജിപ്പിലെത്ത് … എന്നിട്ടാകട്ടെ അടുത്ത നടപടി…

ഭാര്യ: ദേ…ഞാന്‍ പോകുവാ…ഇനി പശുവിനെ വാങ്ങാന്‍ പോകുവാന്ന് പറഞ്ഞ് പോയി എല്ലാവരുംകൂടി നാലുകാലേ വരരുത്…(പോകുന്നു)

തൊമ്മിക്കുഞ്ഞ്: (ഭാര്യ പോകുന്നത് നോക്കിയിട്ട്) ഇപ്പഴാണ് എനിക്ക് തങ്കച്ചന്‍ നേരത്തെ പറഞ്ഞ ഗ്രാമറ് മനസിലായത്…

തങ്കച്ചന്‍: നീ വൈകിയോടുന്ന വണ്ടിയാണല്ലോ തൊമ്മിക്കുഞ്ഞേ….(തിരിഞ്ഞ് ജോസിനോട്) ജോസേ…എനിക്കു പറയാനുള്ളതേ് പശുവിനെയൊന്നും വാങ്ങാന്‍ നില്‍ക്കേണ്ടെന്നാ…

ജോസ്: അതെന്നാ നിങ്ങളങ്ങനെ പറഞ്ഞത്…ഞാന്‍ പാലുകുടിച്ച് കുട്ടപ്പനാകുമെന്നോര്‍ത്തുള്ള അസൂയയല്ലേ…

തങ്കച്ചന്‍: പിന്നെ…എനിക്കസൂയ…നീ പത്രമൊന്നും വായിക്കുന്നില്ലേ…കാട്ടീന്ന് മൃഗങ്ങളെല്ലാം ജാഥയായി ഇങ്ങോട്ടുപോരുവാ….

തൊമ്മിക്കുഞ്ഞ്: ഓ..അവരും ജാഥ തുടങ്ങിയോ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ….നമ്മള് സീരിയസായിട്ടുള്ള ചര്‍ച്ചയിലേക്ക് കടക്കുവാണ്…അപ്പം നിന്റെ ഊളതമാശ വേണ്ട…

ജോസ്: അതിപ്പ്ം അധികംതാമസിയാതെ കാടും നാടും ഒരുപോലാകും….

തങ്കച്ചന്‍: അതാ ഞാന്‍ പറഞ്ഞത്…പശുവിനെയൊന്നും വളര്‍ത്തേണ്ട…വല്ല പുലിയും വന്നു പിടിച്ചോണ്ടുപോകും…

ജോസ്: അപ്പന്റെ കാലത്ത് പശുക്കൂട്ടീന്ന് പുലി പശുവിനെ പിടിച്ചോണ്ടുപോയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്…ഇതിന്റെ അപ്പുറത്തെ നമ്മടെ പറമ്പ് പാറക്കൂട്ടമാ…നേരത്തെ അത് പുലിമടയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്…

തങ്കച്ചന്‍: എന്റെ ജോസെ നീയൊന്നു പതുക്കെ പറ…. വനംവകുപ്പോ വല്ല മൃഗസ്‌നേഹികളോ കേട്ടാല്‍ അതുമതി…നീ പുലിയുടെ സ്ഥലംകയ്യേറിയെന്ന് പറഞ്ഞ് പിടിച്ച് അകത്തിടും…

തൊമ്മിക്കുഞ്ഞ്: ഫോറസ്റ്റുകാര് പിടിച്ചോണ്ടുപോയാല്‍ പോലീസുകാരെക്കാള്‍ ഭയങ്കരമാന്നാ പറയുന്നത്…എങ്ങോട്ടാ കൊണ്ടുപോകുന്നതെന്നു പോലും അറിയില്ല…ഇടിച്ച് ഇഞ്ചപരുവമാക്കും…

തങ്കച്ചന്‍: അതുഞാനും കേട്ടിട്ടുണ്ട്…വല്ല കാട്ടുമുയലിനെും വെടിവെച്ചു പിടിക്കുന്നോരെ വരെ ഇവന്മാര് കൊണ്ടുപോയി തല്ലിച്ചതക്കും…

തൊമ്മിക്കുഞ്ഞ്: എനിക്കു മനസിലാകാത്തത്….കാട്ടുമൃഗങ്ങള് നാട്ടുകാരെ ആക്രമിക്കുന്നുണ്ട്….പക്ഷേ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെപോലും ആക്രമിച്ചതായി കേട്ടിട്ടില്ല…

തങ്കച്ചന്‍: കാട്ടാനയൊക്കെ എത്രഫോറസ്റ്റ് വാച്ചര്‍മാരെയാ ആക്രമിക്കുന്നത്…

ജോസ്: നിങ്ങളെന്തറിഞ്ഞിട്ടാ ഈ പറയുന്നത്…അതൊക്കെ താത്ക്കാലിക ജീവനക്കാരാ…നാട്ടുകാരില്‍ നിന്നും എടുക്കുന്നത്…

തങ്കച്ചന്‍: ജോസേ…എല്ലാവരും ഒന്നു തയാറായി ഇരുന്നോ….എപ്പംവേണമെങ്കിലും കാടിറങ്ങി എല്ലാവരും കൂടി ഇങ്ങുവരും…

തൊമ്മിക്കുഞ്ഞ്: നിങ്ങള് വര്‍ത്തമാനം പറഞ്ഞിരിക്ക്..ഞാന്‍ ഒന്നു മയങ്ങാം…ഇന്നലെ ഉറക്കം ശരിയായില്ല…(കിടക്കുന്നു)

ജോസ്: തൊമ്മിക്കുഞ്ഞിനെ സമ്മതിക്കണം…ഒന്നു തലചായ്ക്കാന്‍ സ്ഥലം കിട്ടിയാല്‍മതി…ഉറങ്ങാന്‍…

തങ്കച്ചന്‍: നിഷ്‌കളങ്കമനസുള്ളവരങ്ങനെയാ..

ജോസ്: (നോക്കിയിട്ട്) ങാ…ഉറങ്ങുമ്പം….

ഉറങ്ങുന്ന തൊമ്മിക്കുഞ്ഞിലേക്ക് കാമറ. തൊമ്മിക്കുഞ്ഞ് സ്വപ്‌നം കാണുകയാണ്.

സീന്‍-2

തൊമ്മിക്കുഞ്ഞ് പാറപ്പുറത്തിരിക്കുന്നു. ഓടിവരുന്ന ജോസും തങ്കച്ചനും.

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…കാട്ടുപോത്തിറങ്ങി…മൂന്നുനാലെണ്ണമുണ്ട്…

തൊമ്മിക്കുഞ്ഞ്: അയ്യോ…ഓടിക്കോ…(ഓടാനൊരുങ്ങുന്നു)

ജോസ്: (തടഞ്ഞുകൊണ്ട്) എങ്ങോട്ടാ ഓടുന്നത്…ഓടിയിട്ടൊന്നും രക്ഷയില്ല…നേരിടണം…

തൊമ്മിക്കുഞ്ഞ്: കാട്ടുപോത്തിനെ നേരിടാനോ…നടക്കുന്ന കാര്യം പറ ജോസേ…നമുക്ക് പോലീസ് സ്‌റ്റേഷനിലോട്ടു പോകാം…

തങ്കച്ചന്‍: ങാ..ഫസ്റ്റ്..അതിനേക്കാള്‍ ഭേദം കാട്ടുപോത്തിന്റെ വായിലോട്ടു ചെന്നു കേറുന്നതാ…അവര് കാട്ടുപോത്തിനെതിരെ സംഘം ചേരുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നടക്കുകയാ…

തൊമ്മിക്കുഞ്ഞ്: എന്നാ നമുക്ക് കളക്ടറെയോ ഫോറസ്റ്റുകാരെയോ വിളിക്കാം…

തങ്കച്ചന്‍: അവര് തമ്മില്‍ ഭയങ്കര തര്‍ക്കം നടക്കുകയാ…കാട്ടുപോത്തിനെ വെടിവയ്ക്കാനുള്ള ഉത്തരവിടാന്‍ ആര്‍ക്കാ അധികാരം എന്നതിനെച്ചൊല്ലി…

ജോസ്: പണ്ട് അമ്മായിയമ്മയും മരുമകളും കൂടി ഭിക്ഷക്കാരനോട് ഇവിടെയൊന്നുമില്ലെന്നു പറയാനുള്ള അധികാരം ആര്‍ക്കായെന്നു തര്‍ക്കിച്ചതുപോലെയാ അത്…

തൊമ്മിക്കുഞ്ഞ്: എന്നാ മന്ത്രിയെ വിളിച്ചാലോ…

തങ്കച്ചന്‍: മന്ത്രി പറയുന്നത് കാട്ടുപോത്തുകള് മര്യാദക്കാരാന്നാ…അവരെ ഉപദ്രവിക്കരുതെന്ന്…

ജോസ്: എന്നിട്ട് അവര്‍ക്കൊക്കെ നാട്ടില്‍ക്കൂടി ഇറങ്ങിനടക്കാന്‍ ഇടവുംവലവും നൂറാളും മുന്നിലും പിന്നിലും 40 വണ്ടിയും വേണമല്ലോ…

തൊമ്മിക്കുഞ്ഞ്: അങ്ങനെയാണേല്‍ നമ്മളെ ആരു രക്ഷിക്കും…

തങ്കച്ചന്‍: അതൊരു ഉത്തരമില്ലാത്ത ചോദ്യമാ…

ജോസേ: (കാട്ടിലേക്കു നോക്കി) അതെന്നാ അവിടെ ഒരു അനക്കം…

തങ്കച്ചന്‍: (സൂക്ഷിച്ചുനോക്കി) കാട്ടുപോത്തുതന്നെ…ഓടിക്കോടാ…

തൊമ്മിക്കുഞ്ഞ്: (നിലവിളിക്കുന്നു) അയ്യോ…കാട്ടുപോത്ത് കൊല്ലുന്നേ….

സീന്‍-3

സ്വപ്‌നത്തില്‍ നിന്നുണരുന്ന തൊമ്മിക്കുഞ്ഞ് അലറിവിളിക്കുന്നു.

തൊമ്മിക്കുഞ്ഞ്: കാട്ടുപോത്തുവന്നേ….കൊല്ലുന്നേ….

ഓടിവരുന്ന തങ്കച്ചനും ജോസും ഭാര്യയും.

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ എന്നാ പറ്റി…

ജോസ്: നിങ്ങളെ ആരാ കൊല്ലാന്‍ വന്നത്..

തൊമ്മിക്കുഞ്ഞ്: (പേടിയോടെ) കാട്ടുപോത്ത്….ദാ..അവിടെ…നിങ്ങളെല്ലാം ഓടി…

തങ്കച്ചന്‍: സ്വപ്‌നംകണ്ട് നിലവിളിച്ചതാ അല്ലേ…

തൊമ്മിക്കുഞ്ഞ്: സ്വപ്‌നമായിരുന്നോ…യ്യോ..ഞാന്‍ ശരിക്കും പേടിച്ചുപോയി…

തങ്കച്ചന്‍: സ്വപ്‌നം കണ്ടപ്പോള്‍ നീ ഇത്രയും പേടിച്ചെങ്കില്‍ ഇതിനെയൊക്കെ നേരിട്ടു കാണുന്ന ആ നാട്ടുകാരുടെ കാര്യമൊന്നോര്‍ത്തേ….

ജോസ്: നമ്മളോര്‍ത്തിട്ടു കാര്യമുണ്ടോ….ഓര്‍ക്കേണ്ടവര് ഓര്‍ക്കേണ്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here