നേരംപോക്ക്
എപ്പിസോഡ്-27
ചാരുബഞ്ചിലിരിക്കുന്ന ജോസും തങ്കച്ചനും. തൊമ്മിക്കുഞ്ഞ് നില്‍ക്കുകയാണ്.
തങ്കച്ചന്‍: ജോസേ ഒരു ആഘോഷം വെച്ചിട്ടു നാളെത്രയായെടാ…
ജോസ്: എന്തേലും ഒരു കാരണം വേണ്ടേ ആഘോഷിക്കാന്‍…
തൊമ്മിക്കുഞ്ഞ്: കാരണമില്ലെങ്കില്‍ നമ്മളായിട്ട് ഉണ്ടാക്കണം…
തങ്കച്ചന്‍: ഒരു കാര്യം ചെയ്യ്…തൊമ്മിക്കുഞ്ഞേ…നീ വലിയ പാചകക്കാരനാന്നല്ലെ പറയുന്നത്…നിന്റെ എന്തേലും ഒരൈറ്റം ഉണ്ടാക്ക്….നമുക്ക് ആഘോഷമാക്കിയേക്കാം…
തൊമ്മിക്കുഞ്ഞ്: പാചകക്കാരന്‍ എന്നു പറയരുത്…ഞാന്‍ ഷെഫായിരുന്നു…
തങ്കച്ചന്‍: അതുശരി..ഞാനിത്തിരി പരിഷ്‌കാരമായിക്കോട്ടെയെന്ന് കരുതിയാ….അങ്ങനെ പറഞ്ഞത്…അന്നേരം അതും നിനക്ക് പിടിച്ചില്ലേ…ഞങ്ങടെയിവിടെ കുശിനിക്കാരന്‍….കോക്കി എന്നൊക്കെയാ പറയുക…
തൊമ്മിക്കുഞ്ഞ്: നിങ്ങള്‍ക്കറിയാമോ…ഞാന്‍ 40 കൊല്ലം ഗോവയിലും കുവൈറ്റിലുമൊക്കെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ ഷെഫായിരുന്നു…ഫ്രഞ്ച് ആര്‍മിയുടെ ഷെഫായിരുന്നു…കുവൈറ്റില്….
ജോസ്: എന്നാ യുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടു കാണുമല്ലോ…
തൊമ്മിക്കുഞ്ഞ്: ഉണ്ടോന്ന്….ഞാന്‍ കൂടുതല്‍ സമയവും കിച്ചണിലായിരിക്കുമല്ലോ…അതുകൊണ്ട് യുദ്ധത്തിലൊന്നും കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ പറ്റിയില്ല….
തങ്കച്ചന്‍: (അത്ഭുതത്തോടെ) ഇറാഖ് യുദ്ധത്തിന്റെ സമയത്തോ…
തൊമ്മിക്കുഞ്ഞ്: അതല്ലേ രസം…ട്രൂപ്പ് കുവൈറ്റിലേക്ക് പോയപ്പോ ഞാന്‍ പോയില്ല…അവിടെച്ചെന്നിട്ട് രാവിലെ കേണല് കാപ്പികുടിക്കാനിരുന്നപ്പോ ഒരു ദോശ…ശ്ശെ അല്ല ഒരു ബ്രെഡ് ടോസ്റ്റ് എടുത്തുവായി വെച്ചിട്ട് ഒരൊറ്റതുപ്പ്….കൂടെ ഒരു അലര്‍ച്ചയും…വെയര്‍ ഈസ് മിസ്റ്റര്‍ തൊമ്മിക്കുഞ്ഞ്…..പട്ടാളക്കാര് വിറച്ചോണ്ടു പറഞ്ഞ് അങ്ങേര് വന്നില്ലെന്ന്…കേണല് എണീറ്റിട്ട് ഒരു അലര്‍ച്ച…വൈകീട്ട് കഞ്ഞി വെക്കുന്നത് തൊമ്മിക്കുഞ്ഞായിരിക്കണമെന്ന്…അന്നേരെ ഒരു ഹെലികോപ്റ്ററ് വന്ന് എന്നെ പൊക്കിയെടുത്തോണ്ടു പോയി….
ജോസ്: എന്നാ എയര്‍ലിഫ്റ്റിംഗായിരുന്നു…
തങ്കച്ചന്‍: (കളിയാക്കുന്നതുപോലെ) ഇപ്പം കേണല് കഞ്ഞികുടിക്കുന്നതെങ്ങനാ…
തൊമ്മിക്കുഞ്ഞ്: അങ്ങേര് തൊണ്ണേല് കോഴിക്കാല് കുടുങ്ങി മരിച്ചുപോയി…
തങ്കച്ചന്‍: സൂക്ഷിച്ചോണം അങ്ങേര് അവിടുന്ന് നിന്നെ പൊക്കാന്‍വരും…
ജോസ്: അതുമിതും പറയാതെ എന്നതാ ഉണ്ടാക്കേണ്ടതെന്നു പറ…
തൊമ്മിക്കുഞ്ഞ്: നിങ്ങള്‍ക്കെന്നതാ വേണ്ടതെന്ന് പറ…ഞാന്‍ ഉണ്ടാക്കിത്തരാം….ചിക്കന്‍ കൊണ്ട് 750 ഐറ്റം ഞാന്‍ ഉണ്ടാക്കും…
ജോസ്: എന്നാ ഒരു കോഴിഫാം മൊത്തമായിട്ട് മേടിക്കേണ്ടിവരും….
തൊമ്മിക്കുഞ്ഞ്: വെസ്റ്റേണ്‍, ഗോവന്‍, അറബിക്, ചൈനീസ്…എതുസ്‌റ്റൈല്‍ വേണം പറ…
ഭാര്യ വരുന്നു.
ഭാര്യ: നിങ്ങളിവിടെ വാചകമടിച്ചിരിക്കുകയാണോ…ചക്കയിട്ടു തരാമെന്ന് പറഞ്ഞ് പോന്നിട്ട്…
തങ്കച്ചന്‍: (പെട്ടെന്ന് ഐഡിയ കിട്ടിയതുപോലെ) അതുമതി….നാടന്‍ സ്‌റ്റൈല്…ചക്കയിട്ടു വേവിച്ചാലോ…
തൊമ്മിക്കുഞ്ഞ്: (ഇഷ്ടപ്പെടാതെ) ചക്കയോ…അതൊക്കെ നാടന്‍കേസല്ലെ…
ജോസ്: അത് സൂപ്പര്‍ ഐഡിയായാ…നമ്മള് ചക്കയിടുന്നു…വെട്ടുന്നു…അരിയുന്നു…വേവിക്കുന്നു…നല്ല കാന്താരിമുളക് ചമ്മന്തിയും കൂട്ടി തട്ടുന്നു…
തങ്കച്ചന്‍:ഹാ..കേട്ടിട്ട് വായിലൂടെ കപ്പലോടിക്കാറായി…വാ..എന്നാ അതുതന്നെ…
ഭാര്യ: എന്നെക്കൊണ്ട് ഒറ്റയ്ക്ക് ചക്കവെട്ടി വേവിക്കാന്‍ പറ്റില്ല കേട്ടോ…
തങ്കച്ചന്‍: നീ കൂടേണ്ട…ഇതുഞങ്ങള് തന്നെ കൈകാര്യം ചെയ്‌തോളാം….എനിക്ക് ഏഴുമിനിറ്റ് മതി ചക്കവെട്ടാന്‍…
ജോസ്: ഏഴുമിനിറ്റുവേണോ…ചക്കയ്ക്കിട്ട് ഒരു വെട്ടുകൊടുക്കാന്‍…
തൊമ്മിക്കുഞ്ഞ്: നാടന്‍ കേസായതുകൊണ്ട്…എനിക്കു വലിയ താത്പര്യമില്ല…എന്നാലും കൂടാം…ഞാന്‍ പോയി ഒന്നുതയാറായിവരാം…(പോകുന്നു)
തങ്കച്ചന്‍: ഇവനിതെവിടെ പോകുന്നതാ…ആ…എന്തേലുമാകട്ടെ…നമുക്ക് പ്ലാവിന്‍ചുവട്ടിലോട്ട് പോകാം…
സീന്‍-2
തങ്കച്ചനും ജോസും നോക്കിനില്‍ക്കുന്നു.
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞിനെ കാണുന്നില്ലല്ലോ…
ജോസ്: (ദൂരേക്ക് നോക്കിയിട്ട്) അതാരാ വെള്ളക്കോട്ടും തൊപ്പിയുമൊക്കെയിട്ട് വരുന്നത്….
തൊമ്മിക്കുഞ്ഞ് നടന്നുവരുന്നു.
തങ്കച്ചന്‍: ഇതാര്..കണ്ടിട്ട്…ഇന്ത്യന്‍കോഫീഹൗസീന്ന് ഇറങ്ങിയോടിയതോ വല്ലതുമാണോ…
ജോസ്: യ്യോ…ഇതു നമ്മുടെ തൊമ്മിക്കുഞ്ഞല്ലേ…
തൊമ്മിക്കുഞ്ഞ്: (നടന്നു വന്നുകൊണ്ട്) എന്തായിങ്ങനെ നില്‍ക്കുന്നത്…നമുക്ക് തുടങ്ങുവല്ലേ…
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ ഇതെന്നാ വേഷമാ…ഇതെന്നാ ഭാവിച്ചാ…
തൊമ്മിക്കുഞ്ഞ്: ഇത് ഞങ്ങള് ഷെഫുകളുടെ വേഷം…ഇതിട്ടാലേ പാചകത്തിന് ഒരു ഗുമ്മുള്ളു…
തങ്കച്ചന്‍: ഒരു കാര്യം പറഞ്ഞേക്കാം….ഉള്ളവേഗം വീട്ടികൊണ്ടുപോയി ഊരിയിട്ടോണം…അല്ലെങ്കില്‍ അടുപ്പിലിട്ട് കത്തിക്കും ഞാന്‍..ഇതു നാടന്‍ പരിപാടിയാ…
തൊമ്മിക്കുഞ്ഞ്: (വിഷമത്തോടെ) എന്നാ ഞാന്‍ മാറ്റിയിട്ടുവരാം…
തങ്കച്ചന്‍: വിട്ടോ…അതാ നിന്റെ തടിക്കുനല്ലത്….
സീന്‍-3
പ്ലാവിന്റെ ചുവട്ടില്‍ എല്ലാവരും.
തൊമ്മിക്കുഞ്ഞ്: നല്ല മൂത്തത് നോക്കിയിടണം…
ജോസ്: (ഭാര്യയോട്) നീ പോയി ആ തോട്ടിയിങ്ങെടുത്തോണ്ടുവാ…
തങ്കച്ചന്‍: (ക്ഷുഭിതനായി) എന്നെ നിര്‍ത്തിക്കൊണ്ടാണോടാ ജോസേ ഇങ്ങനെ പറയുന്നത്…എന്നെ അപമാനിക്കാനാണോ…
ജോസ്: അതിന് ഞാനെന്നാ പറഞ്ഞു…
തങ്കച്ചന്‍: ഞാനിവിടെയുള്ളപ്പം നീ ചക്കയിടാന്‍ തോട്ടിയെടുക്കുന്നത്…തോട്ടി കണ്ടാല്‍ ഞാന്‍ ചവുട്ടിയൊടിക്കും…
തൊമ്മിക്കുഞ്ഞ്: യ്യോ…തങ്കച്ചന്‍ പ്ലാവേല്‍ കയറുമോ…
തങ്കച്ചന്‍: കയറുമോയെന്ന്…മരത്തേല്‍കയറ്റത്തില്‍ എന്നെ വെല്ലാന്‍ ഈ ഏരിയായില് ആരുമില്ല…
ജോസ്: അങ്ങനെയല്ലെ ഒരു പഴഞ്ചൊല്ലുതന്നെയുണ്ടായത്…പഠിക്കാന്‍ വിട്ടപ്പം പ്ലാവേല്‍കേറി നടന്നെന്ന്…
തങ്കച്ചന്‍: ചുമ്മാ കളിയാക്കാതെടാ ജോസേ…കേട്ടോ തൊമ്മിക്കുഞ്ഞേ…ചെറുപ്പത്തില്‍ അമ്മ എന്നെയും കൊണ്ട് ചക്കപറിക്കാന്‍ പോകും…അന്ന് പറമ്പിലിങ്ങനെ പ്ലാവു നിരന്നു നില്‍ക്കുവാ…ഞാന്‍ പ്ലാവേല്‍ കയറും….അമ്മ നോക്കുമ്പം കുറച്ചുകഴിഞ്ഞ് ഒരു കിലോമീറ്ററപ്പുറണുള്ള പ്ലാവേന്നാ ചക്കവീഴുന്നത്…
തൊമ്മിക്കുഞ്ഞ്: യ്യോ…അതെങ്ങനെ ..ആ പ്ലാവേല്‍ വേറേ ആരെങ്കിലും കയറിയോ…
തങ്കച്ചന്‍: വേറെ ആരുമല്ല…ഞാന്‍ തന്നെ…കേറിയ പ്ലാവേല് മൂത്ത ചക്കയില്ലാഞ്ഞിട്ട്..ഞാന്‍ അടുത്തപ്ലാവേലോട്ട് പോകും…നിലത്തിറങ്ങിയാല്‍ പിന്നെയും കയറേണ്ടെ…ഞാന്‍ പ്ലാവിന്റെ ഏരത്തേക്കൂടി തൂങ്ങിയാടിയങ്ങുപോകും…
ജോസ്: നിങ്ങള് പ്ലാവ് തള്ളി മറിക്കാതെ…കയറി ചക്കയിട്…
തങ്കച്ചന്‍ പ്ലാവിന്‍ചുവട്ടിലേക്ക് പോകുന്നു…
തങ്കച്ചന്‍: ഇത്തിരി മാറി നിന്നോണം…ചക്കതലേല്‍വീണെന്നു പറഞ്ഞ് കാറിയേക്കരുത്…
പ്ലാവേല്‍ കയറാന്‍ ശ്രമിക്കുന്ന തങ്കച്ചന്‍.
തങ്കച്ചന്‍: (ആത്മഗതം) പുല്ല്….വെറുതെ ആവേശത്തിനു പറഞ്ഞതാ…ഇതിപ്പം എങ്ങനെയാ ഒന്നുതലയൂരുന്നത്…കേറിയാല്‍ താഴെകിടക്കുമെന്നുറപ്പാ…
ജോസ്: നിങ്ങളെന്നതാ പിറുപിറുക്കുന്നത്…
തങ്കച്ചന്‍: ഞാന്‍ പ്ലാവിനോട് അനുവാദം ചോദിക്കുകയാ..ചക്കയിടാന്‍…
തൊമ്മിക്കുഞ്ഞ്: തങ്കച്ചനെല്ലാം ആചാരപ്രകാരമേ ചെയ്യൂ…
തങ്കച്ചന്‍: ജോസേ ഏതു ചക്കയാ ഇടുന്നത്…
ജോസ്: താഴെകിടക്കുന്നത് ഇട്ടാല്‍ മതി..
തങ്കച്ചന്‍: (പിടിവള്ളികിട്ടിയതുപോലെ) നീ വേറെ ആളെ നോക്ക്…എന്നെ അപമാനിക്കുവാണോ…ഈ അരച്ചാണ്‍ കയറാന്‍ എന്നെ കിട്ടില്ല…തുഞ്ചത്തുകിടക്കുന്നതിടാനാണേല്‍ ഞാന്‍ കയറാം…
തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ പറയുന്നത് കേട്ട് തോട്ടി ചവുട്ടിയൊടിച്ചു കളയാഞ്ഞത് നന്നായി…
ജോസ് തോട്ടികൊണ്ട് ചക്കയിടുന്നു
തൊമ്മിക്കുഞ്ഞ്: (ആര്‍ത്തുവിളിക്കുന്നു) ജോസ് ചക്കയിട്ടേ..ജോസ് ചക്കയിട്ടേ…
തങ്കച്ചന്‍: ഒരു ചക്കയിട്ടതിനെന്നാ..കീരിക്കാടന്‍ വീണേ…എന്നു വിളിച്ചുകൂവുന്നതുപോലെ കൂവുന്നത്..
തൊമ്മിക്കുഞ്ഞ്: ചുമ്മാ…ഒരു ഓളമായിക്കോട്ടെയെന്നു കരുതി…..
ജോസ് ചക്കയെടുത്ത് തോളേല്‍ വെക്കുന്നു.
ജോസ്: ഒന്നാം കുന്നിലേറി പോകേണ്ടേ….
എല്ലാവരും കൂടി: അവിടുന്ന് തലേംകുത്തി ചാടേണ്ടേ…
തങ്കച്ചന്‍: രണ്ടാം കുന്നിലേറി പോകേണ്ടേ
എല്ലാവരും: അവിടുന്ന് തലേംകുത്തി തലേംകുത്തി ചാടേണ്ടേ…
നടന്നു പോകുന്നു.
സീന്‍-4
ചക്ക താഴേക്കു വെക്കുന്നു.
തങ്കച്ചന്‍: എല്ലാം വേഗം സെറ്റപ്പാക്കിയേ….ചക്കവെട്ടുക…പെറുക്കുക…അരിയുക ഇതൊക്കെ ഒരുകലയാ….
ജോസ്: എന്നാ കലാപരമായിട്ട് നിങ്ങളങ്ങ് ചെയ്യ്….
തങ്കച്ചന്‍ ഇരുന്നു ചക്ക വെട്ടുന്നു. മുറിച്ച് ചക്കതുണ്ടമാക്കി വെക്കുന്നു.
തങ്കച്ചന്‍: കയ്യേലും കത്തിയേലുമെല്ലാം മുളഞ്ഞിനായി….
ജോസ്: പണ്ടൊക്കെ മണ്ണെണ്ണകൊണ്ട് തൂത്തായിരുന്നു…മുളഞ്ഞീന്‍ കളഞ്ഞിരുന്നത്…
ഭാര്യ: യ്യോ…മണ്ണെണ്ണ വേണ്ട…റേഷന്‍കടേന്ന് കെഞ്ചിചോദിച്ചിട്ടാ അരലിറ്ററ് കിട്ടിയത്…വെളിച്ചെണ്ണതരാം…
തൊമ്മിക്കുഞ്ഞ്: കഴിക്കാനുള്ളത് ഉണ്ടാക്കുമ്പഴാണോ മണ്ണെണ്ണകയ്യേല്‍ തൂക്കുന്നത്….വയറ്റില്‍ചെന്നാല്‍ കാണാം…
ജോസ്: മണ്ണെണ്ണയേക്കാള്‍ പേടിക്കണം ഇപ്പഴത്തെ വെളിച്ചെണ്ണയെ…കരിഓയിലീന്നുവരെയാ വെളിച്ചെണ്ണയുണ്ടാക്കുന്നതെന്നാ പറയുന്നത്…
തങ്കച്ചന്‍: അപ്പഴേ…ഇതെങ്ങനെയാ അരിയണോ..കീന്തണോ…
തൊമ്മിക്കുഞ്ഞ്: അതെന്നാ എല്ലാം ഒന്നുതന്നെയല്ലെ…
ജോസ്: തൊമ്മിക്കുഞ്ഞേ…നീ അറേബ്യനും വെസ്‌റ്റേണുമൊക്കെ ചെയ്‌തോണ്ടു നടന്നപ്പോള്‍ നാടിന്റെ കാര്യം മറന്നോ….കീന്തനിങ്ങനെ അരിയും (കാണിച്ചുകൊടുക്കുന്നു) അരിയന്‍ അതായത് കുഴയന്‍ വേവിക്കാനാണേല്‍ ഇങ്ങനെ അരിയും…കീന്തന്‍ തേങ്ങായുംമുളകും അരച്ചിട്ട് വേവിക്കും….അരിയന്‍ വെറുതെ വേവിച്ച് കുഴച്ചെടുക്കും…
തങ്കച്ചന്‍: അരിയന്‍മതി….കുഴയന്‍ചക്കയും കാന്താരിമുളകിട്ട് അരച്ച ചമ്മന്തിയും ചേര്‍ത്തൊരു പിടിപിടിക്കണം…ആഹഹാ…
ജോസ്: എന്നാല്‍ മേളം തുടങ്ങട്ടെ….
തൊമ്മിക്കുഞ്ഞ്: ആര്‍പ്പോ…ഈര്‍റോ..ഈര്‍റോ…
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…ഇതു വള്ളംകളിയല്ല…ചക്ക പെറുക്കെടാ…
പെറുക്കലും അരിയലും. അതിനിടയിലെ കൊച്ചുവര്‍ത്തമാനങ്ങള്‍.
ജോസ്: തങ്കച്ചാ നിങ്ങടെ തലേലൊക്കെ ചകിണിയായല്ലോ…
തങ്കച്ചന്‍: അതുപണ്ടുമുതലേ അങ്ങനെയാ…ചക്കവെട്ടുമ്പം എന്റെ തലേല്‍വരെ ചകിണിയാകും…ഇപ്പം പിന്നെ എളുപ്പമുണ്ട്…പണ്ട് ഇങ്ങനെ കുരുവിക്കൂടു തലമുടിയായിരുന്നു..എല്ലാം അതിന്റെടേന്ന് പെറുക്കിക്കളയാന്‍ പാടായിരുന്നു.
ജോസ്: എന്റെ മുടിയും കുരുവിക്കൂടായിരുന്നു…
തങ്കച്ചന്‍: അതേതുകുരുവിയാടാ നിന്റെ ചാണത്തലേല്‍ വന്ന് കൂടുകൂട്ടിയത്…
ഭാര്യ: കളിയാക്കണ്ടകേട്ടോ. അന്ന് മുടിയുണ്ടായിരുന്നു. നിന്നെക്കാളും മുടിയുണ്ടല്ലോ ഇങ്ങേര്‍ക്കെന്ന് ഫോട്ടോ കണ്ടിട്ട് കൂട്ടുകാരികളൊക്കെ പറഞ്ഞത് ഞാനോര്‍ക്കുന്നു.
തൊമ്മിക്കുഞ്ഞ്: ന്റെ ദൈവമേ സമ്മതിച്ചു…ഇന്നത്തെക്കാലത്ത് ഇങ്ങനെ കെട്ടിയോന്മാരെ സപ്പോര്‍ട്ട് ചെയ്യുന്ന ഭാര്യമാരുണ്ടോ….
ചക്ക പെറുക്കുന്നതിനിടെ ഉറക്കം തൂങ്ങുന്ന ജോസ്
തങ്കച്ചന്‍: നീയെന്നാടാ ജോസേ ഇതിനിടയ്ക്ക് ഉറങ്ങുന്നത്..
ജോസ്: ചക്ക കീന്താന്‍ തുടങ്ങിയാല്‍ അന്നേരേ എനിക്കുറക്കം വരും…
ഭാര്യ: ഇതുസ്ഥിരമുള്ള പരിപാടിയാ….ഞാനെല്ലാം ചെയ്തുതീര്‍ത്തുകഴിയുമ്പം കൃത്യം ഉറക്കം തെളിയുകയും ചെയ്യും.
ചക്ക അരിയുന്നതിന്റെ ദൃശ്യങ്ങള്‍. മൊത്തം അരിഞ്ഞ് പാത്രത്തിലാക്കി.
തങ്കച്ചന്‍: (തീര്‍ന്നതിന്റെ ആശ്വാസത്തില്‍) യ്യോ…കാലുമരയ്ക്കുന്നു…എന്നതാണേലും ചക്ക പാത്രത്തിലായി…
ഭാര്യ: എന്നാ ഞാന്‍ അടുക്കളേല്‍ കൊണ്ടുപോയി വേവിച്ചോണ്ടുവരാം…
തങ്കച്ചന്‍: ഏയ് അതുവേണ്ട…ഇവിടെ അടുപ്പുകൂട്ടി വേവിക്കണം…എന്നാലേ ഒരു നൊസ്റ്റാള്‍ജിയ ഫീല് ചെയ്യുവുള്ളു.
കല്ലെടുത്തുവെച്ച് അടുപ്പുകൂട്ടി കത്തിച്ച് പാത്രം തീയേല്‍വെച്ച് വേവിക്കുന്നു.
ഭാര്യ: എന്നാ ഞാന്‍ കാന്താരിമുളക് ചമ്മന്തി അരച്ചോണ്ടുവരട്ടെ…ചക്കവേവുമ്പഴത്തേക്ക്….
ജോസ്: അതും നൊസ്റ്റാള്‍ജിയ ആയിക്കോട്ടെ..മിക്‌സിയില്‍ അരയ്‌ക്കേണ്ട…കല്ലേലരച്ചോ….
ഭാര്യ: ഞാന്‍കുറേനാള് കല്ലേലരച്ചതാ…എനിക്കു വലിയ നൊസ്റ്റാള്‍ജിയ ഒന്നുമില്ല….നിങ്ങള് നൊസ്റ്റാള്‍ജിയാക്കാര് വന്ന് അരച്ചോ…
തങ്കച്ചന്‍: ജോസേ…ആ നോസ്റ്റാള്‍ജിയ പണിയാകും…
ജോസ്: ങാ…എന്നാ സമയം പോയില്ലേ…വേറൊരുദിവസമാകട്ടെ…നീ പോയി അരച്ചോണ്ടുവാ…
തങ്കച്ചന്‍: ഞാന്‍ പോയി വാഴയില കീറിക്കോണ്ടുവരാം….
തൊമ്മിക്കുഞ്ഞ് പാത്രത്തിന്റെ മൂടി തുറക്കുന്നു. ആവി പൊങ്ങുന്ന പാത്രം.
തൊമ്മിക്കുഞ്ഞ്: ആഹഹാ…സംഭവം റെഡി…
ഭാര്യ: (നടന്നുവന്നുകൊണ്ട്) ചമ്മന്തി റെഡി
തങ്കച്ചന്‍: വാഴയില റെഡി.
ജോസ്: ഇനി കുഴയ്ക്കണം. കോലെടുത്തേ.(കുഴയ്ക്കുന്നു)
തങ്കച്ചന്‍: (പാത്രത്തിലേക്ക് നോക്കി)നല്ല സൂപ്പര്‍ സാധനം….ജോസേ നീ ആ സ്‌റ്റൈലിലൊന്നു വിളമ്പിക്കേ…
ഇലകളില്‍ വിളമ്പി നടുക്കു തവികൊണ്ട് തന്നെ കുഴി കുഴിച്ച് ചമ്മന്തി ഒഴിച്ചു വിളമ്പല്‍. എല്ലാവരും വട്ടത്തിലിരുന്ന് കഴിക്കുന്നു.
തങ്കച്ചന്‍: (കഴിച്ചുകൊണ്ട്) തൊമ്മിക്കുഞ്ഞേ….നിന്റെ അറേബ്യനും വെസ്റ്റേണുമൊക്കെ ഇതിന്റെ ഏഴയലോക്കത്തുവരുമോ…
തൊമ്മിക്കുഞ്ഞ്: അതൊക്കെ വയറ്റുപിഴപ്പിനുള്ള പരിപാടികളല്ലേ…നമ്മടെ വയറിനു പിടിക്കുന്നത് ഇതൊക്കെ ത്‌ന്നെ…
ജോസ്: എന്നാ നമുക്കൊരു സെല്‍ഫിയെടുത്താലോ…പിള്ളേര്‍ക്കൊക്കെ അയച്ചുകൊടുക്കാം…അവന്മാര് അവിടുന്ന് കോഴിയെ നിര്‍ത്തിപ്പൊരിക്കുന്നതിന്റെ അയക്കുന്നതാ….അങ്ങോട്ടുമൊരെണ്ണം ഇരിക്കട്ടെ…
തങ്കച്ചന്‍: അതുസൂപ്പര്‍ ഐഡിയായാ…ന്യൂജെന്‍ സ്റ്റൈലിനു ബദലായി നമ്മടെ ഓള്‍ഡ് ജെന്‍ സ്‌റ്റൈലൊന്നിരിക്കട്ടെ….
സെല്‍ഫിക്കുള്ള ഒരുക്കങ്ങള്‍. ജോസാണ് സെല്‍ഫിയെടുക്കുന്നത്. എല്ലാവരും അനങ്ങാതെ ഫോട്ടോയ്ക്ക് പോസു ചെയ്യുന്നു.
ജോസ്: ഇങ്ങനെയാണോ ഫോട്ടോയ്ക്ക് പോസു ചെയ്യുന്നത്. ഒന്നോളംവെച്ചേ…
കൈകളുയര്‍ത്തിയും ഇലക്കീറിലെ ചക്കയുയര്‍ത്തിയും ആര്‍പ്പുവിളിച്ച് സെല്‍ഫി ക്ലിക്ക്.