ഷെയറിട്ടെടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും

0
26

നേരംപോക്ക്
എപ്പിസോഡ്-28

സീന്‍-1

വരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന ജോസ്. ഭാര്യ ഒരു തുണ്ടു കടലാസുമായി വരുന്നു.

ഭാര്യ: ഇതെന്നതാ നിങ്ങടെ പോക്കറ്റില്‍ കിടന്നതാ…ഏതാണ്ട് നമ്പരൊക്കെ എഴുതിയിട്ടുണ്ട്.

ജോസ്: അതുശരി…എന്റെ പോക്കറ്റ് തപ്പലാ അല്ലേ പണി…കാശുപോകുന്ന വഴി ഇപ്പഴല്ലേ മനസിലായത്…

ഭാര്യ: പിന്നെ നിങ്ങടെ പോക്കറ്റില്‍ കാശ്…അതിലുംഭേദം കേരളസര്‍ക്കാരിന്റെ ഖജനാവി തപ്പുന്നതാ….

ജോസ്: നീയങ്ങു ചെന്നാ മതി തപ്പാന്‍…കൈയിലുള്ളതുംകൂടി അവരുമേടിക്കും…

ഭാര്യ: ഈ നമ്പരെന്നതാന്നു പറ…

ജോസ്: (കടലാസുമേടിച്ചു നോക്കിയിട്ട്)ങാ…ഇതു ലോട്ടറി നമ്പരല്ലേ…

ഭാര്യ: അതെന്നാത്തിനാ കടലാസേല്‍ കുറിച്ചുവെച്ചിരിക്കുന്നത്…

ജോസ്: തങ്കച്ചനും ഞാനുംകൂടി ഷെയറിട്ടുമേടിച്ചതാ….രാവിലെ പത്രത്തില്‍ നോക്കാനായിട്ടു ഞാന്‍ നമ്പരു കുറിച്ചെടുത്തതാ…

ഭാര്യ: എന്നാ നോക്കിയേ…അടിച്ചോന്നറിയാല്ലോ…

ജോസ്: നോക്കിയേക്കാം….(പത്രത്തില്‍ ഒത്തുനോക്കുന്നു. അത്ഭുതത്തോടെ വീണ്ടും നോക്കുന്നു) അടിച്ചൂ…ഒരു ലക്ഷം….

ഭാര്യ: നേരാണോ…ഹോ…ദൈവത്തിനുസ്തുതി…ഇന്നു രാവിലേംകൂടി ഞാനോര്‍ത്തതാ പുതിയൊരു സാരി..മേടിക്കണമെന്ന്….രണ്ടു പവന്‍ മേടിക്കായിരിക്കുമല്ലേ…

ജോസ്: ങാ…അന്നേരേ സാരീം സ്വര്‍ണോം…ഇതി പകുതി തങ്കച്ചനുള്ളതാ.. ഒരു ലക്ഷത്തിന്റെ അറുപതോ എഴുപതോമറ്റോ സമ്മാനമായി കയ്യീ കിട്ടുവൊള്ളു…

ഭാര്യ: ഹോ…നിങ്ങളെകൊണ്ടുതോറ്റു…ഒരു കാര്യവും വേണ്ടിയതുപോലെ ചെയ്യുകേല…അതുതന്നെയെടുത്തായിരുന്നേല്‍ മുഴുവന്‍ പൈസയും നമുക്കു കിട്ടുകേലായിരുന്നോ….

ജോസ്: ആര്‍ത്തി കൊള്ളുകേല കേട്ടോ…ഞാന്‍ തങ്കച്ചനെ വിളിക്കട്ടെ…അറിഞ്ഞുകാണുമോ എന്തോ…

ഫോണെടുത്തു വിളിക്കുന്നു.

ജോസ്: (സന്തോഷത്തോടെ) തങ്കച്ചാ…അടിച്ചു ഭാഗ്യവാന്‍…ങേ…നമ്മടെ ടിക്കറ്റിന് ലോട്ടറിയടിച്ചെന്ന്…ങേ…നിങ്ങളെന്നതാ ഈ പറയുന്നത്…മൊട്ടായി വേണമെന്നോ…എല്ലാം മേടിക്കാം….നിങ്ങളിങ്ങു വാ…ങേ…വഴി അറിയുകേലെന്നോ…ഇതെന്നാ രാവിലെ വീശിയോ…വേഗം വാ…കളിക്കാതെ…

ഭാര്യ: എന്നാ പറഞ്ഞു…ടിക്കറ്റുമായിട്ടു ഇപ്പം വരുമോ…

ജോസ്: ങാ..വരും…ഒരു പരസ്പരബന്ധമില്ലാത്ത സംസാരമാ…

ഭാര്യ: ലോട്ടറിയടിച്ചെന്ന് അറിഞ്ഞുകാണും…വിളച്ചിലെടുക്കുന്നതാ…

ജോസ്: തൊമ്മിക്കുഞ്ഞിനെ ഒന്നു വിളിച്ചുനോക്കട്ടെ….(ഫോണ്‍ വിളിക്കുന്നു) സ്വിച്ച് ഓഫാണല്ലോ…

ഭാര്യ: ങാ…എന്നാലുറപ്പിച്ചു…രണ്ടും കൂടി കാശുമായിട്ടു മുങ്ങി…

ജോസ്: (അരിശപ്പെട്ട്) പൊക്കോണം നീ…അവരങ്ങനെയൊന്നും ചെയ്യില്ല…(സംശയിച്ച്) മുങ്ങുമോ…

ഭാര്യ: എന്നെക്കാളും നല്ലതുപോലെ നിങ്ങള്‍ക്കറിയാന്‍മേലേ…

സീന്‍-2

ജോസ് മുറ്റത്തുകൂടി അസ്വസ്ഥനായിട്ട് നടക്കുന്നു. ഭാര്യ ഇറങ്ങിവരുന്നു.

ഭാര്യ: ചങ്ക് ബ്രോസിനെയൊന്നും കണ്ടില്ലല്ലോ…ലോട്ടറിയടിച്ചതെ മുങ്ങിയോ….

ജോസ്: അവരെവിടെ പോകാന്‍ ഇപ്പം വരും…

ഭാര്യ: ങൂംംം…വരുംവരും നോക്കിയിരുന്നോ…ഭാഗ്യദേവത ഇങ്ങോട്ടുവന്നതാ…തട്ടിക്കളഞ്ഞേച്ച് ചുമ്മാ എരിപൊരി നടക്കുവാ….

ജോസ്: നീ മിണ്ടാതിരി…ഭാഗ്യദേവതെ നീ കൂട്ടിക്കോണ്ടുവന്നതൊന്നുമല്ലല്ലോ…

തങ്കച്ചനും ജോസും നടന്നു വരുന്നു

ഭാര്യ: ങാ…ഇതേ രണ്ടു പേരും വരുന്നുണ്ട്.

ജോസ്: (സന്തോഷത്തോടെ) നീയല്ലേ മുങ്ങുമെന്ന് പറഞ്ഞത്…

സീന്‍_2

തങ്കച്ചനും തൊമ്മിക്കുഞ്ഞും നടന്നുവരുന്നു.

തങ്കച്ചന്‍: (പിള്ളേരുടെ ഭാവഹാവാദികളോടെ) എനിക്കു വീട്ടി പോണം…എന്നെ വിട്…

തൊമ്മിക്കുഞ്ഞ്: നമ്മള് ജോസിന്റെ വീട്ടിലോട്ടാന്നെ പോകുന്നത്…

തങ്കച്ചന്‍: ഞാന്‍ അങ്ങോട്ടില്ല…അവന്‍ അഴുക്കാ…വെറുതെ വഴക്കുണ്ടാക്കും….

തൊമ്മിക്കുഞ്ഞ്: നിങ്ങളിതെന്നതാ പറയുന്നത്…എനിക്കു മനസിലാകുന്നില്ല….

തങ്കച്ചന്‍: നമുക്ക് വണ്ടിയോടിച്ചു കളിക്കാം…ന്റെ പുറകേ പോര്…(വണ്ടിയോടിച്ചു തിരിച്ചു പോകാന്‍ തുടങ്ങുന്നു.)

തൊമ്മിക്കുഞ്ഞ്: ഹേ..ഇതെന്നാ കാണിക്കുന്നത്…ഇങ്ങോട്ടുവാ….(പിടിച്ചു വലിക്കുന്നു.)

ജോസ്: (ഭാര്യയോട്) അതെന്നതാ അവരവിടെ കാണിക്കുന്നത്…പിടിയും വലിയുമൊക്കെയാണല്ലോ…

ഭാര്യ: സമ്മാനം കിട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണോ…

തങ്കച്ചന്‍ വണ്ടിയോടിച്ച് നേരെ മുറ്റത്തേക്ക്.

തങ്കച്ചന്‍: (സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിക്കൊണ്ട്) എടാ..ജോസേ…ന്റെ വണ്ടീടെ ബ്രേക്ക് എങ്ങനെയുണ്ടെടാ….

തൊമ്മിക്കുഞ്ഞ്: (പിന്നാലെ വന്നുകൊണ്ട്) ഇയാള്‍ക്കിതെന്തുപറ്റിയതാ….കുറേനേരമായി തുടങ്ങിയിട്ട്…

ജോസ്: ടോ…വിളച്ചിലെടുക്കാതെ ലോട്ടറി ടിക്കറ്റെടുക്ക്…ഒരു ലക്ഷമാ അടിച്ചത്…

തൊമ്മിക്കുഞ്ഞ: ങേ…ഒരു ലക്ഷമടിച്ചോ…എന്നാ നമ്മളിന്നു പൊളിക്കും.

ഭാര്യ: ങാ..പൊളിക്കും…ഇവരു രണ്ടും കൂടിയാ ടിക്കറ്റെടുത്തത്..ജോസിന്റെ വീതം ഇങ്ങുതന്നേര്…ബാക്കി നിങ്ങളെന്നാന്നുവെച്ചാ കാണിച്ചോ…

തൊമ്മിക്കുഞ്ഞ്: നിങ്ങള് ഷെയറിട്ടാണോ എടുത്തത്…എന്നോടു പറഞ്ഞാ…ഞാനും കൂടിയേനെയല്ലോ…ഇനിയിട്ടാല്‍മതിയോ…

ജോസ്:അടുത്ത ടിക്കറ്റിനിടാം…ഇപ്പം ഇതൊന്നുമേടിക്കട്ടെ…തങ്കച്ചാ ടിക്കറ്റെടുക്ക്…

തങ്കച്ചന്‍: (പോക്കറ്റില്‍ പൊത്തിപ്പിടിച്ചുകൊണ്ട്) തീപ്പെട്ടിപടം ഞാന്‍ തരൂല്ല….എടാ തൊമ്മിക്കുഞ്ഞേ…ഇവനെന്റെ തീപ്പെട്ടിപ്പടം തട്ടിപ്പറിക്കും…ഇങ്ങോട്ടുവരേണ്ടെന്നു ഞാന്‍ പറഞ്ഞതല്ലേ…

തൊമ്മിക്കുഞ്ഞ്: ഇയാളിതെന്നാ ഒക്കെയാ പറയുന്നത്…

ജോസ്: ചുമ്മാ വെളച്ചിലിറക്കുന്നതല്ലേ….

ഭാര്യ: ഇനി ലോട്ടറിയടിച്ചെന്നു കേട്ടപ്പോ….ഷോക്കായിപ്പോയതാണോ…

തങ്കച്ചന്‍: യ്യോ…അമ്മച്ചി ഇവിടെയുണ്ടായിരുന്നോ…ചാച്ചനെന്തിയേ അമ്മച്ചീ…

ഭാര്യ:(ഇഷ്ടപ്പെടാതെ) ങേ…അമ്മച്ചിയോ…ചേട്ടനെന്നെ ഞാന്‍ വിളിച്ചിട്ടുള്ളു കേട്ടോ…

തങ്കച്ചന്‍ മുറ്റത്തുകൂടി പിള്ളേരു കളിച്ചു നടക്കുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ…ഇതുകൈവിട്ടുപോയ കേസാണെന്നാ തോന്നുന്നേ…

ജോസ്: നിങ്ങള്‍ക്കെവിടുന്നാ ഇയാളെ കിട്ടിയത്…

തൊമ്മിക്കുഞ്ഞ്: ഞാനിങ്ങോട്ടു വരുമ്പം വഴിയില്‍ നില്‍പുണ്ട്…ഏതാണ്ടൊക്കെ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

തങ്കച്ചന്‍: (ഓടിവന്ന്) എനിക്കു കോലുമിഠായി വേണം…

ഭാര്യ: ങേ….കോലുമിഠായി തിന്നാന്‍ പറ്റിയ പ്രായം….ഇവിടെയെങ്ങുമില്ല…

തൊമ്മിക്കുഞ്ഞ്: അരിശപ്പെടാതെ…മാനസികനിലതെറ്റിയതാ…ആരീതിയില്‍ വേണം കൈകാര്യം ചെയ്യാന്‍.

തങ്കച്ചന്‍: (ശാഠ്യത്തോടെ)എനിക്കുകോലുമിഠായി വേണം…ചാച്ചനിന്നലെ മേടിച്ചോണ്ടു വന്നത് ഞാന്‍ കണ്ടതാണല്ലോ….

ജോസ്: നീ ഒരു കോലുമിഠായി…പിള്ളേര്‍ക്ക് മേടിച്ചത് അവിടെയിരിപ്പുണ്ട് …എടുത്തുകൊടുക്ക്….

ഭാര്യ അകത്തുപോയി മിഠായി എടുത്തുകൊണ്ടുവരുന്നു. തങ്കച്ചന്‍മുറ്റത്തുകൂടി വണ്ടിയോടിച്ചു കളിക്കുവാണ്.

ഭാര്യ: ഇന്നാ മിഠായി…

ജോസ് വാങ്ങുന്നു. കടലാസ് അഴിച്ച് വായിലേക്ക് വെയ്ക്കുന്നു. എല്ലാവരും തങ്കച്ചന്റെ കളി കണ്ടോണ്ടിരിക്കുവാണ്.

തങ്കച്ചന്‍: (ഓടി വന്ന് ബ്രേക്കിട്ട് ) അമ്മച്ചി കോലു മിഠായി താ…(ജോസിനെ നോക്കിയിട്ട്) എനിക്കുതരാതെ തിന്നുവാ അല്ലേ…(കേറി പിടിക്കാന്‍ തുടങ്ങുന്നു. ജോസ് ഓടി മാറുന്നു)

ഭാര്യ: ന്റെ പൊന്നേ അതു നിങ്ങള് തിന്നോ…

ജോസ്: (ഓടിമാറിക്കൊണ്ട്) ഞാന്‍ ഓര്‍ക്കാതെയെടുത്ത് വായില്‍വെച്ചതാ…നീ ഒരെണ്ണം കൂടി എടുത്തുകൊടുക്ക്….

തൊമ്മിക്കുഞ്ഞ്: എന്നാ എനിക്കുംകൂടി ഒരെണ്ണമെടുത്തോ..

ഭാര്യ തൊമ്മിക്കുഞ്ഞിനെ ഒന്നു നോക്കി അകത്തേക്കു പോകുന്നു. തിരികെ വന്ന് രണ്ട് കോലു മിഠായി കൊടുക്കുന്നു. തങ്കച്ചനും തൊമ്മിക്കുഞ്ഞും കടലാസഴിച്ച് മിഠായി വായില്‍വെക്കുന്നു. മൂന്നു പേരും ആംഗ്യവി്‌ക്ഷേപങ്ങളോടെ മിഠായി ആസ്വദിച്ചു കഴിക്കുന്നു.

തങ്കച്ചന്‍: നല്ല മധുരമാ…. അല്ലേടാ ജോസേ…

ഭാര്യ: (താടിക്കു കൈകൊടുത്ത്) ന്റെ ദൈവമേ…ഞാനെന്നാ കൂത്തുകളിയാ ഈ കാണുന്നത്…ഇനി പിള്ളേര് വരുമ്പം അവരോട് എന്നാ പറയും…ഇതൊക്കെ കണ്ടോണ്ടു നിന്നാല്‍ വല്ലോം പറഞ്ഞുപോകും.(അകത്തേക്കു പോകുന്നു.)

തൊമ്മിക്കുഞ്ഞ: (ജോസിനെ മാറ്റി നിര്‍ത്തി. മിഠായി ഊമ്പിക്കൊണ്ട്) അതേയ്..കാര്യങ്ങള് നമ്മള് വിചാരിക്കുന്നതുപോലെയല്ല….കണ്ടേടത്തോളം സീരിയസാ…വെച്ചോണ്ടിരിക്കുന്നതു ശരിയല്ല….വീട്ടുകാരെ അറിയിക്കണം…

ജോസ്: (മിഠായി ഊമ്പിക്കൊണ്ട്)വീട്ടുകാരെ അറിയിക്കാന്‍ വരട്ടെ…നമുക്ക് തന്നെ കൈകാര്യം ചെയ്യാം…ലോട്ടറി ടിക്കറ്റ് എങ്ങനെയേലും മേടിക്കണം…

തങ്കച്ചന്‍ ഇരുവരുടെയും ഇടേല്‍ക്കൂടി വണ്ടിയോടിച്ചു പോകുന്നു. വായില്‍ കോലുമിഠായി.

തങ്കച്ചന്‍: റോഡിന്റെ നടുക്കു നിന്നാണോടാ വര്‍ത്തമാനം പറയുന്നത്….

തൊമ്മിക്കുഞ്ഞ്: എന്റെ പരിചയത്തിലൊരു സൈക്കോളജിസ്റ്റുണ്ട്….അയാളെ കാണിക്കാം…(എല്ലാം അറിയാവുന്ന ആളെപ്പോലെ) ചിലപ്പോ ഒന്നു ഹിപ്‌നോട്ടൈസ് ചെയ്താല്‍ തീരുന്ന കേസേയുള്ളു.

ജോസ്: പക്ഷേ…ഇങ്ങനെ നടക്കുന്നയാളെ എന്നാ പറഞ്ഞ് കൊണ്ടുപോകും…

തൊമ്മിക്കുഞ്ഞ്: അതൊക്കെ നിസാരമായി ഞാന്‍ കൈകാര്യം ചെയ്യാം…പടിക്കല്‍ ഓട്ടോ കിടപ്പില്ലേ…അതേല്‍ കേറ്റാം..

ജോസ്: എന്നാ പറഞ്ഞ് ഓട്ടോയേല്‍ കേറ്റും….

തൊമ്മിക്കുഞ്ഞ്: അതുനോക്കിക്കോ…ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി….(കൈകൊട്ടി) തങ്കച്ചാ…വണ്ടി കളിച്ചു മടുത്തില്ലേ…ഇനി നമുക്ക് ട്രെയിന്‍ കളിക്കാം…

തങ്കച്ചന്‍: (ഓടിവന്ന്) ങാ..ട്രെയിന്‍ കളിക്കാം…ഞാന്‍ ഡ്രൈവറ്…

തൊമ്മിക്കുഞ്ഞ്: ങാഹാ…ട്രെയിന്‍ ഓടിക്കാനുള്ള ലൈസന്‍സ് നിനക്കില്ല…എനിക്കേയുള്ളു…ഞാന്‍ ഓടിച്ചോളാം….അല്ലേല്‍ പോലീസു പിടിക്കും…

തങ്കച്ചന്‍: ശരിയാ…എനിക്കു ലൈസന്‍സില്ല…നീ ഓടിച്ചാല് മതി….

തൊമ്മിക്കുഞ്ഞ് മുന്നില്‍ തങ്കച്ചന്‍ രണ്ടാമത് ജോസ് പിന്നില്‍ ട്രെയിന്‍ കളിച്ചുപോകുന്നു…കൂവലും ഒച്ചകേപ്പിക്കലും ഉണ്ട്.

സീന്‍-3

ഇടവഴിയിലൂടെ ട്രെയിന്‍ ഓടിച്ചുവരുന്നു. വാതില്‍ക്കല്‍ കിടക്കുന്ന ഓട്ടോയിലേക്ക് തൊമ്മിക്കുഞ്ഞ് ട്രെയിന്‍ ഓടിച്ചു കയറ്റുന്നു. ജോസ് പിന്നില്‍ നിന്ന് തങ്കച്ചനെ തള്ളിക്കയറ്റുന്നു.

തങ്കച്ചന്‍: ഇതെന്നാ ഇരുട്ട്…

ജോസ്: ട്രെയിന്‍ ഗുഹയില്‍ കയറിയതാ.

ഓട്ടോ മുന്നോട്ടെടുക്കുന്നു. തങ്കച്ചന്‍ നിലവിളിക്കുന്നു.

തങ്കച്ചന്‍: അയ്യോ…എന്നെ തട്ടിക്കൊണ്ടുപോകുന്നേ….രക്ഷിക്കണേ…പിള്ളേരുപിടുത്തക്കാരാണേ…

ജോസ്: മിണ്ടാതിരിയെടോ അവിടെ…

ഓട്ടോ അകന്നുപോകുന്നു.

സീന്‍-4

സൈക്കോളജിസ്റ്റിന്റെ മുറി.

മൂന്നുപേരും കസേരയിലിരിക്കുകയാണ്. സൈക്കോളജിസ്റ്റ് കറങ്ങുന്ന കസേരയില്‍ പുറംതിരിഞ്ഞിരിക്കുന്നു. കസേര ചെറുതായി ആട്ടുന്നുണ്ട്. കയ്യിലുള്ള ചെറിയ ബോള്‍ മുകളിലേക്കെറിഞ്ഞു പിടിക്കുന്നു. കസേരയില്‍ ഇരിക്കുന്നവര്‍ കാണുന്നത് ഉയര്‍ന്നു താഴുന്ന പന്തു മാത്രമാണ്. തങ്കച്ചന്‍ മേശപ്പുറത്തിരിക്കുന്ന സാധനങ്ങളൊക്കെ എടുത്തു തിരിച്ചും മറിച്ചും നോക്കിയിരിക്കുന്നു.

ജോസ്: (ശബ്ദം താഴ്ത്തി) തൊമ്മിക്കുഞ്ഞേ…ഇയാള് പന്ത് തട്ടികളിക്കുന്നതു കാണാനാണോ…നമ്മളു വന്നത്…ഇതുകുറേനേരമായല്ലോ….

തൊമ്മിക്കുഞ്ഞ്: (ശബ്ദം താഴ്ത്തി) സൈക്കോളജിസ്റ്റുകളൊക്കെ ഇങ്ങനെയാ….നമുക്കൊന്നുംമനസിലാകുകേല…

തങ്കച്ചന്‍: ഹാ…അതുകൊള്ളാലോ..പന്ത്….നമുക്ക് തലപ്പന്ത് കളിക്കാം…(പന്ത് ചാടിപ്പിടിക്കാന്‍ നോക്കുന്നു. ജോസ് പിടിച്ചിരുത്തുന്നു)

സൈക്കോളജിസ്റ്റ്: (കറങ്ങിവന്ന്. തലയിട്ടു കുലുക്കി ഇരുത്തലോടെ) തൊമ്മിക്കുഞ്ഞ് സൂചിപ്പിച്ചിരുന്നു…ഷോക്കാണല്ലേ….ലോട്ടറിയടിച്ചതിന്റെ….

തങ്കച്ചന്‍: ന്റെ തീപ്പെട്ടിപ്പടം ഞാന്‍ തരൂല്ല…

സൈക്കോളജിസ്റ്റ്: ഇതിത്തിരി കോംപ്ലിക്കേറ്റഡ് കേസാണ്…തലച്ചോറിന്റെ സെല്ലുകളിലേറ്റ ഷോക്കിന് മറുഷോക്ക് കൊടുക്കണം…

തൊമ്മിക്കുഞ്ഞ്: ങേ…ഷോക്കു കൊടുക്കേണ്ടി വരുമോ ഡോക്ടറേ…

സൈക്കോളജിസ്റ്റ്: ഹേ…അത്തരം ഷോക്കല്ല ഞാനുദ്ദേശിച്ചത്….(കൈയിലിരുന്ന പന്ത് ഞെക്കികൊണ്ടാണ് സംസാരം. പന്തിലെ മുഖം ചുങ്ങുന്നതിനനുസരിച്ച് തങ്കച്ചനും കോക്രി കാണിക്കുന്നു.)

ജോസ്: എങ്ങനെയെങ്കിലും ഒന്നു പരിഹരിക്കണം.

സൈക്കോളജിസ്റ്റ്: ഊംംംം.നോക്കാം(കസേരയില്‍ നിന്നെണീറ്റ് മുന്നോട്ട് ആഞ്ഞ്) ഇവിടെ…എന്റെ കണ്ണുകളിലേക്ക് നോക്കുക…നിങ്ങള്‍ ഉറങ്ങുകയാണ്….ഉറങ്ങുകയാണ്….ചുറ്റുപാടും നടക്കുന്നതൊന്നും നിങ്ങള്‍ അറിയുന്നില്ല…..ഉറങ്ങുകയാണ്.(കൈകള്‍ കൊണ്ടും മുഖം കൊണ്ടും ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ട്. തങ്കച്ചന്‍ കിറി വക്രിച്ച് സൈക്കോളജിസ്റ്റിന്റെമുഖത്തേക്കു തന്നെ നോക്കിയിരിക്കുന്നു. പെട്ടെന്ന് ഒരു കൂര്‍ക്കംവലി ശബ്ദം മുഴങ്ങുന്നു. നോക്കുമ്പോള്‍ തൊമ്മിക്കുഞ്ഞ് കൂര്‍ക്കം വലിച്ച് സുഖമായി ചാരിക്കിടന്ന് ഉറങ്ങുന്നു)

ജോസ്: കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു…

സൈക്കോളജിസ്റ്റ്: അങ്ങനെ സംഭവിക്കേണ്ടതല്ലല്ലോ….ഞാന്‍ അങ്ങോട്ടുനോക്കിയായിരുന്നോ…..സിഗ്നലുകള്‍ അങ്ങോട്ടും പാഞ്ഞോ….

ജോസ്: എന്തായാലും അവനുറങ്ങിയതല്ലെ…ഇനി അവനെ അങ്ങ് ഹിപ്‌നോട്ടൈസ് ചെയ്യ്…ഉള്ളിലിരിക്കുന്നതൊക്കെ ചാടിവരട്ടെ….

സൈക്കോളജിസ്റ്റ്: (ക്ഷുഭിതനായി നോക്കി. വിരല് കൊണ്ട് ആംഗ്യം കാണിച്ച്) എണീക്കെടോ…താനെന്നതാ കരുതിയത്….സൈക്കോളജി എന്നു പറയുന്നത് എത്തിക്‌സ് പാലിക്കുന്ന ശാസ്ത്രശാഖയാ….വേണ്ടാതീനം പറയരുത്….

ജോസ്: ന്റെ പൊന്നു ഡോക്ടറേ…ഒന്നും വിചാരിക്കരുത്…ഞങ്ങളൊരുമിച്ചാ ലോട്ടറിയെടുത്തത്….ഒരു ലക്ഷം അടിച്ചു…ഇയാള്‍ക്ക് ബോധം വീണാലേ അതുപോയി കൊടുത്ത് എന്റെ ഷെയറെടുക്കത്തുള്ളു…

സൈക്കോളജിസ്റ്റ്: ഓ…അതുശരി..അപ്പം അതാണു കാര്യം അല്ലേ….(വീണ്ടും കറങ്ങുന്നു)

ജോസ്: ഇയാളു പിന്നെയും കറങ്ങാന്‍ തുടങ്ങിയോ…(തൊമ്മിക്കുഞ്ഞിനെ കുലുക്കിവിളിച്ചുകൊണ്ട്) എടോ …തൊമ്മിക്കുഞ്ഞേ…എണീറ്റ് മൂത്രമൊഴിച്ചേച്ചു കിടക്കാന്‍…

തൊമ്മിക്കുഞ്ഞ് ഉറക്കത്തില്‍ എണീറ്റ് മൂത്രമൊഴിക്കാനെന്ന ഭാവേന പോകുന്നു.

ജോസ്: (പിടിച്ചുവലിച്ചുകൊണ്ട്)വേണ്ടാതീനം കാണിക്കരുത്…ഇവിടെ വാടോ…

തൊമ്മിക്കുഞ്ഞ്: യ്യോ…ഉറങ്ങിപ്പോയി…പ്രശ്‌നം പരിഹരിച്ചോ…

സൈക്കോളജിസ്റ്റിന്റെ ഫോണ്‍ ബെല്ലടിക്കുന്നു. കസേരയില്‍ ഞെളിഞ്ഞിരുന്നയാള്‍ പെട്ടെന്ന് മുന്നോട്ടു വളയാന്‍ തുടങ്ങി. ഓരോ സംസാരത്തിലുംമുന്നോട്ടു കുനിഞ്ഞ് മേശയുടെ അടിലേക്കു കയറുന്നതുപോലെയായി.) ഹലോ…ആശേ…പറഞ്ഞോളൂ ഡാര്‍ലിംഗ്…നോ..നോ…ഞാന്‍ വന്നിട്ടു ചെയ്‌തോളാം…അതുംവേണ്ട…ഞാന്‍ നേരത്തെ വരും….ഫുഡ് മേടിച്ചോണ്ടുവന്നോളാം…ആശ ടിവി കണ്ടിരുന്നോളൂ…ഓകൈ…

ജോസ്: ഇയാള് അങ്ങ് പോയോ.(എണീറ്റ് കുനിഞ്ഞുനോക്കുന്നു) ഭാര്യ വരുന്നൊന്നുമില്ലല്ലോ…പിന്നെ എന്തിനാ ഇങ്ങനെ പാത്തിരിക്കുന്നത്…

സൈക്കോളജിസ്റ്റ്: (ചെറിയ ചമ്മലോടെ) ഭയമല്ല..കരുതലാണ് വേണ്ടത്…..

തൊമ്മിക്കുഞ്ഞ്: ഡോക്ടറേ…നമ്മള്‍ക്കിതിനെന്താ ഒരു പരിഹാരം…

സൈക്കോളജിസ്റ്റ്: ഇയാളുടെ ഭാര്യയെ കാണിച്ചില്ലേ…

ജോസ്: അവരറിഞ്ഞാല്‍ സെക്കന്റുകൊണ്ട് ഇയാളുടെ ഷോക്കുമാറ്റും…

സൈക്കോളജിസ്റ്റ്: അതാണ് ഞാന്‍ പറഞ്ഞത്…ഭാര്യമാര്‍ക്ക് അങ്ങനെയൊരു പ്രത്യേക കഴിവ് ദൈവം കൊടുത്തിട്ടുണ്ട്…

ജോസ്: പക്ഷേ…ഒരു ലക്ഷോം അവര് കൊണ്ടുപോകും…ഇയാള്‍ക്കുപോലും നെറ്റിയേല്‍പോറാന്‍ കൊടുക്കില്ല…

സൈക്കോളജിസ്റ്റ്: അങ്ങനെയൊരു പ്രശ്‌നമുണ്ടല്ലേ…അപ്പോ ഒരു സൈക്കോളജിസ്റ്റും സഞ്ചരിക്കാത്ത വഴികളില്‍കൂടി ഞാന്‍ സഞ്ചരിക്കേണ്ടിവരും…

ജോസ്: എതിലേയേലുമൊക്കെ കേറിപ്പോ…

സൈക്കോളജിസ്റ്റ്: (മുന്നോട്ടാഞ്ഞ്) മിസ്റ്റര്‍ തങ്കച്ചന്‍…ഇങ്ങോട്ടു നോക്കൂ…നിങ്ങള്‍ക്ക് ലോട്ടറിയടിച്ചു….ടിക്കറ്റ് നിങ്ങളുടെ കൈയിലുണ്ട്…

തങ്കച്ചന്‍: തീപ്പെട്ടിപ്പടം…

സൈക്കോളജിസ്റ്റ്: ങാ…തീപ്പെട്ടിപ്പടം…അതായത് ലോട്ടറി…

തങ്കച്ചന്‍: ങാ…അതിവന് വേണമെന്നാ ഇവന്‍ പറയുന്നത്…

സൈക്കോളജിസ്റ്റ്: നിങ്ങളു രണ്ടുപേരും കൂടിയല്ലേ തീപ്പെട്ടിപ്പടം…. അല്ല… ലോട്ടറി എടുത്തത്…അതിന്റെ പകുതി അയാള്‍ക്ക് കൊടുക്കേണ്ടേ…

തങ്കച്ചന്‍: ഞാന്‍ കൊടുക്കൂല…(പോക്കറ്റ് പൊത്തിപ്പിടിച്ച്) ന്റെ തീപ്പെട്ടിപ്പടം ഞാന്‍ കൊടുക്കൂല…

സൈക്കോളജിസ്റ്റ്: വേണ്ട…കൊടുക്കേണ്ട…ഒരു ലക്ഷത്തിന്റെ ടാക്‌സും കഴിഞ്ഞ് ഒരു എഴുപതിനായിരം ..അതിന്റെ പകുതി മുപ്പത്തയ്യായിരം…അതുഞാന്‍ ഇയാള്‍ക്ക് കൊടുക്കുന്നു….

തങ്കച്ചന്‍: (പെട്ടെന്ന് ഷോക്കേറ്റതുപോലെ അഭിനയിച്ച് പുറകോട്ടു ചായുന്നു)ഹോ…എന്നതാ പറഞ്ഞത്…ലോട്ടറി…അല്ല തീപ്പെട്ടിപടം….ഡോക്ടറ് കൊടുക്കുമോ…ഇതുമുഴുവന്‍ എനിക്കെടുക്കാമെന്ന്..

തൊമ്മിക്കുഞ്ഞ്: തങ്കച്ചന് മനസിലായില്ലേ…ലോട്ടറിയടിച്ചതിന്റെ പകുതി ജോസിന് കൊടുക്കേണ്ട…അത് ഡോകടര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ജോസിന് കൊടുത്തോളും.

വലിയൊരു കാര്യം നടത്തിയതുപോലെ ചെറിയ ചിരിയോടെ ഡോക്ടര്‍ തലകുകുലുക്കിയിരിക്കുന്നു.

തങ്കച്ചന്‍: അതുവല്ലാത്തൊരു ഷോക്കായിപ്പോയി….ലോട്ടറിയടിച്ചെന്ന് കേട്ടപ്പഴും ..ഇതുപോലൊരു ഷോക്കായിരുന്നു…പിന്നെയൊന്നും ഓര്‍മയില്ല….തൊമ്മിക്കുഞ്ഞേ…നമ്മളിതെവിടാ…..വാ..വീട്ടില്‍ പോകാം….

തൊമ്മിക്കുഞ്ഞ്: തങ്കച്ചന്റെ അസുഖം പരിഹരിച്ചല്ലോ…ഫീസെത്രയാ ..ഡോക്ടറേ…തങ്കച്ചാ ഫീസ് കൊടുക്ക്…

തങ്കച്ചന്‍: ഫീസോ…ഞാനോ…ഇങ്ങോട്ടുവരാന്‍ ഞാന്‍ പറഞ്ഞോ…കൊണ്ടു വന്നതാരാണോ..അവര് ഫീസ് കൊടുത്തോണം…ഞാന്‍ വീട്ടില്‍ പോകുവാ…(എണീറ്റുകൊണ്ട്) തൊമ്മിക്കുഞ്ഞേ..വരുന്നോ…ബാങ്കില്‍ കൊണ്ടുപോയി ടിക്കറ്റ് കൊടുത്ത് കാശുംമേടിച്ചോണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങിയതാ…അവളിപ്പം അന്വേഷിച്ചുവരും….ഞാന്‍മുങ്ങിയെന്നു കരുതി…

ജോസും തൊമ്മിക്കുഞ്ഞും അന്തംവിട്ടിരിക്കുന്നു.

തൊമ്മിക്കുഞ്ഞ്: ഒന്നും ഓര്‍മയില്ലെന്ന് പറഞ്ഞിട്ട്…

മുന്നോട്ടു നടന്ന തങ്കച്ചന്‍ തിരിഞ്ഞു നിന്ന് തൊമ്മിക്കുഞ്ഞിനെ കണ്ണിറുക്കി കാണിക്കുന്നു.

ജോസ്: ന്റെ മുപ്പത്തയ്യായിരം എടുക്ക്…

സൈക്കോളജിസ്റ്റ്: എന്ത് മുപ്പത്തയ്യായിരം…അതൊക്കെ ചികിത്സയുടെ ഭാഗമായി പറയുന്നതല്ലേ…എന്റെ ഫീസെടുക്ക്,,,,

ജോസ്: കാശും കൊണ്ടല്ലാതെ അവള് വീട്ടില്‍ കയറ്റില്ല…സ്വര്‍ണവും സാരിയും മേടിക്കാന്‍ പോകാന്‍ ഒരുങ്ങിനില്‍ക്കുവാ…

സൈക്കോളജിസ്റ്റ്: ഫീസു മേടിക്കാതെ എന്നെയും ഭാര്യ വീട്ടില്‍ കേറ്റില്ല…

തൊമ്മിക്കുഞ്ഞ്: (അന്തംവിട്ട്) എല്ലായിടത്തും ഭാര്യമാരാ പ്രശ്‌നം…ഒരു ലക്ഷവുമായിട്ട് ഒരുത്തന്‍ ഭാര്യേടെ അടുത്തോട്ട് ഓടി….മുപ്പത്തയ്യായിരമില്ലേല്‍ ഒരുത്തനെ വീട്ടില്‍ കയറ്റില്ല…ഫീസുമായിട്ടു ചെന്നില്ലേല്‍ ഇയാളെയും വീട്ടില്‍ കേറ്റില്ല.

ജോസും സൈക്കോളജിസ്റ്റും പരസ്പരം കോളറേല്‍ പിടിച്ചു നില്‍ക്കുന്നു.

ജോസ്: എന്റെ ഷെയറ് താടോ…

സൈക്കോളജിസ്റ്റ്: എന്റെ ഫീസ് താടോ..

തൊമ്മിക്കുഞ്ഞ്: (തിരിഞ്ഞുനടന്നുകൊണ്ട്) ഇനി ഇതെല്ലാം അവളറിയുമ്പംഎന്നെ വീട്ടില്‍ കയറ്റുമോ ആവോ….

LEAVE A REPLY

Please enter your comment!
Please enter your name here