ഭാര്യ ആത്മകഥയെഴുതാനിറങ്ങിയാല്‍ ഭര്‍ത്താവ് എങ്ങനെ പ്രതികരിക്കും

0
99

നേരംപോക്ക്
എപ്പിസോഡ്-30

ജോസ് കസേരയിലിരുന്ന് എന്തോ എഴുതുന്നു. തങ്കച്ചന്‍ മുറ്റത്തുകൂടി നടക്കുന്നു. നടന്നുവരുന്ന തൊമ്മിക്കുഞ്ഞ്.

തൊമ്മിക്കുഞ്ഞ്: എന്നാ തങ്കച്ചാ…ഇങ്ങനെ പ്രസവ മുറിയുടെ പുറത്തുകൂടി നടക്കുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്…(ജോസിനെ നോക്കി) ഇയാളിതെന്നാ കാണിക്കുന്നെ…കടേലെ പറ്റ് കണക്കെഴുതുകയാണോ…

തങ്കച്ചന്‍: (തടഞ്ഞുകൊണ്ട്) തൊമ്മിക്കുഞ്ഞേ…അവനെ ശല്യപ്പെടുത്തരുത്…അവന്‍ സര്‍ഗവേദനയിലിരിക്കുവാ…

തൊമ്മിക്കുഞ്ഞ്: അതെന്നാ വേദനയാ….

തങ്കച്ചന്‍: സൃഷ്ടിയുടെ വേദന…

തൊമ്മിക്കുഞ്ഞ്: പണ്ട് പത്താം ക്ലാസില്‍ പഠിക്കുമ്പം അപ്പുറത്തെ ബഞ്ചിലിരുന്നവള്‍ക്ക് ഒരു സൃഷ്ടി കൊടുത്തതാ…തൊമ്മന്‍സാറിന്റെ ചൂരലിന്റെ വേദന മറക്കാനിടയില്ലല്ലോ…

ജോസ്: (പെട്ടെന്ന് എഴുത്തുനിര്‍ത്തി) ഓര്‍പ്പിച്ചതു നന്നായി…ഞാനത് മറന്നിരിക്കുകയായിരുന്നു…അതുകൂടി എഴുതാം…

ഭാര്യ കടന്നുവരുന്നു.

ഭാര്യ: ങാ…എഴുതിക്കോ…എഴുതിക്കോ…അവസാനം തലേല്‍മുണ്ടുമിട്ട് നടക്കേണ്ടി വരരുത്…

തൊമ്മിക്കുഞ്ഞ്: ഇത് സംഭവമെന്നതാ…കഥയെഴുതുവാണോ…

തങ്കച്ചന്‍: അല്ലെന്ന്…അവന്‍ ആത്മകഥയെഴുതുവാ…

ഭാര്യ: രണ്ടു ദിവസമായി തുടങ്ങിയിട്ട്…എപ്പഴും എഴുത്തും ആലോചനയുമാ….

തൊമ്മിക്കുഞ്ഞ്: കുഴപ്പമില്ല…നല്ലതാ…ഇപ്പഴത്തെ ഒരു ട്രെന്‍ഡാണ്…എല്ലാവരും ആത്മകഥയെഴുതുവാ…ഞാനും ആലോചിക്കുന്നുണ്ട്….

തങ്കച്ചന്‍: ങേ…എന്നാ ഞാനുമെഴുതും…

തൊമ്മിക്കുഞ്ഞ്: നിങ്ങളുമെഴുതെന്ന്…ജോസേ എഴുതിയത് ഇങ്ങു കാണിച്ചേ…ഞാനൊന്നു നോക്കട്ടെ…

ജോസ്: ഹേ…അതുശരിയാകില്ല…സൃഷ്ടി പൂര്‍ണമാകാതെ പുറത്തുകാണിക്കരുതെന്നാ…

ഭാര്യ: ആരെയും കാണിക്കില്ല…എന്നാഒക്കെ എഴുതി പിടിപ്പിക്കുമെന്ന് ആര്‍ക്കറിയാം….

തങ്കച്ചന്‍: ഇങ്ങോട്ടു കാണീരടാ…അവന്റെയൊരു സൃഷ്ടി…കുറച്ചുനേരമായി തുടങ്ങിയിട്ട്…(ബുക്ക് വാങ്ങി തൊമ്മിക്കുഞ്ഞിന് കൊടുക്കുന്നു) വായീര്…

തൊമ്മിക്കുഞ്ഞ്: (വായിക്കുന്നു) കൊല്ലവര്‍ഷം 1834-ാം ആണ്ട് മകയിരം മാസത്തില്‍ ഞാന്‍ ഭൂജാതനായി. രണ്ടു വയസു കഴിഞ്ഞപ്പോ എനിക്ക് കരപ്പന്‍ പിടിച്ചു. മുണ്ടക്കുളം വൈദ്യന്റെ കഷായം കഴിച്ചാണ് അതു മാറിയത്. (ബൂക്ക് താഴോട്ടിട്ട്) ശ്ശെ.ശ്ശെ….നശിപ്പിച്ചു….ഇതേണ്ടു കിടക്കുന്നു….

ജോസ്: (ചാടിയെണീറ്റ്) എന്ത് തോന്ന്യവാസമാടോ കാണിച്ചത്…എന്റെ ആത്മകഥയാ വലിച്ചെറിഞ്ഞത്…എന്നെ വലിച്ചെറിയുന്നതിനു തുല്യമാ അത്…

തൊമ്മിക്കുഞ്ഞ്: ഈ കരപ്പന്‍ കഥയാണോ ആത്മകഥ…നിനക്കുവേറെ പണിയൊന്നുമില്ലേ ജോസേ…

തങ്കച്ചന്‍: ഇതാണോ ആത്മകഥ…ഇക്കണക്കിനു നീ മൂലക്കുരുവിന്റെ കാര്യവുമെഴുതുമല്ലോ…

ഭാര്യ: ദേ…ഒരു കാര്യം പറഞ്ഞേക്കാം…വേണ്ടാതീനമെല്ലാം എഴുതി പിടിപ്പിച്ചാ ഞാനെന്റെ വീട്ടിലോട്ടു പോകും….

തൊമ്മിക്കുഞ്ഞ്:(ഗൗരവത്തില്‍) നിങ്ങള് കളിയാക്കാതെ…ജോസിന്റെ ആറ്റിറ്റിയൂഡിനെ നമ്മള്‍ തല്ലികെടുത്തരുത്…

തങ്കച്ചന്‍: നാട്ടുകാരു തല്ലികെടുത്താതിരുന്നാല്‍ മതി…

ജോസ്: നിങ്ങളെന്നാ പറഞ്ഞാലും ഞാന്‍ ആത്മകഥയെഴുതും…പുസ്തകമായിട്ട് പ്രസിദ്ധീകരിക്കും…നിങ്ങള്‍ക്ക് ഫ്രീ കോപ്പിയും തരും…അന്നേരം കാണാം…

ഭാര്യ: ഇനിയെന്നാഒക്കെ കണ്ടാല്‍ മതിയാകും എന്റെ ദൈവമേ…എനിക്കെങ്ങും വയ്യ….(അകത്തേക്കുപോകുന്നു)

തൊമ്മിക്കുഞ്ഞ്: (തോളില്‍ തട്ടി) ഐ റിയലി അപ്രിഷ്യേറ്റ് യു ജോസ്….ഇങ്ങനെ വേണം…വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ തളരരുത്…

തങ്കച്ചന്‍: ആത്മകഥയെഴുതണേല്‍ അനുഭവങ്ങള് വേണം…എഴുതാനുള്ള ശൈലിവേണം…

തൊമ്മിക്കുഞ്ഞ്: അത് തങ്കച്ചന്‍ പറഞ്ഞത് ശരിയാ…

ജോസ്: ഉള്ളത് കൊണ്ട് ഓണംപോലെ ഞാന്‍ എഴുതും…

തൊമ്മിക്കുഞ്ഞ്: അതുപോര…കാണംവിറ്റും ഓണം ഉണ്ണണം…നമ്മള്‍ക്കില്ലാത്ത സാധനം നമ്മള്‍ കാശു കൊടുത്തു വാങ്ങണം…

തങ്കച്ചന്‍: അതെങ്ങനാ അനുഭവവും ശൈലിയും കാശുകൊടുത്തു വാങ്ങുന്നത്.

തൊമ്മിക്കുഞ്ഞ്: പറ്റുമല്ലോ…അതാണ് ഗോസ്റ്റ് റൈറ്റേഴ്‌സ്….

തങ്കച്ചന്‍: ഗോസ്‌റ്റെന്നു പറഞ്ഞാല്‍ പ്രേതം…അന്നേരം…

ജോസ്: (ചാടിക്കയറി) ഞാനിനി ചത്തുകഴിഞ്ഞ് പ്രേതമായിട്ടുവന്നെഴുതണോ…

തൊമ്മിക്കുഞ്ഞ്: ശ്ശെ…ഇവന്മാര് സമ്മതിക്കുകേലല്ലോ…ഞാനൊന്നു പറയട്ടെ….ഗോസ്റ്റ് റൈറ്റര്‍ എന്നു പറഞ്ഞാല്‍ നമുക്കുവേണ്ടി എഴുതുന്നയാള്‍…നമ്മുടെ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നു..അയാളത് പൊടിപ്പുംതൊങ്ങലുമൊക്കെ വെച്ച് എഴുതുന്നു…സംഭവമിത്രയേയുള്ളു…

ജോസ്: അന്നേരം അയാളുടെ പേര് കൊടുക്കേണ്ടെ…

തൊമ്മിക്കുഞ്ഞ്: എന്തിന്…അയാള്‍ക്ക് നമ്മള് പൈസകൊടുക്കുന്നു…നമ്മടെ പേരില്‍ പുസ്തകം ഇറങ്ങുന്നു…ഇങ്ങനെയല്ലെ പല വലിയ എഴുത്തുകാരും കാര്യം നടത്തുന്നത്…എന്റെ പരിചയത്തിലാളുണ്ട് ഞാന്‍് വിളിക്കാം…വെറുതെ ടെന്‍ഷന്‍ അടിക്കേണ്ട…

തങ്കച്ചന്‍: ജോസേ വെറുതെ കാശുകളയേണ്ട….ആ കാശിന് നമുക്ക് രണ്ടു കുപ്പി വാങ്ങി കഴിക്കാം…പിന്നെ അയലോക്കംകാരുടെ ആത്മകഥവരെ നമുക്കെഴുതാം…

ജോസ്: തൊമ്മിക്കുഞ്ഞേ…ആളെ വിളി…കാശെത്രയായാലും പ്രശ്‌നമില്ല….നമ്മളിവിടുന്ന് യാത്രയായിക്കഴിയുമ്പം നമ്മടെ ആത്മകഥ ഇന്നലെകളിലെ ചരിത്രമായി മാറണം…

തങ്കച്ചന്‍: വിനാശകാലേ വിപരീതബുദ്ധി….

സീന്‍-2

തൊമ്മിക്കുഞ്ഞും തങ്കച്ചനും ജോസും ഇരിക്കുന്നു. എഴുത്തുകാരന്‍ കടന്നു വരുന്നു. മുണ്ടും ഷര്‍ട്ടും. കൈയിലൊരു ബുക്കും. നല്ല ധൃതിയിലാണ് വരുന്നത്.

എഴുത്തുകാരന്‍: തൊമ്മിച്ചായോ…ഞാന്‍ താമസിച്ചോ…പോരാന്‍ ഇറങ്ങിയപ്പഴാ…ലണ്ടനീന്ന് സല്‍മാന്‍ ഖുര്‍ഷിദ് വിളിച്ചത്….പിന്നെ മിണ്ടിയും പറഞ്ഞും കുറേനേരം പോയി….പുള്ളിക്കു നൂറു സംശയങ്ങളാ….

തൊമ്മിക്കുഞ്ഞ്: പിന്നെ…എനിക്കറിയാന്മേലേ..തിരക്കിന്റെ കാര്യം…ജോസേ ഇതാണ് ഞാന്‍ പറഞ്ഞ എഴുത്തുകാരന്‍…ഇങ്ങേരുടെ തൂലികേല്‍ക്കൂടി ആത്മകഥ പിറന്നാലുണ്ടല്ലോ….

എഴുത്തുകാരന്‍:(ജോസിനെ നോക്കി) ഇങ്ങേര്‍ക്കുവേണ്ടിയാണോ എഴുതേണ്ടത്…പറയാനൊത്തിരി മുട്ടി നില്‍ക്കുന്നതുപോലെയുണ്ടല്ലോ….

ജോസ്: എനിക്കിങ്ങനെ ഉള്ളില്‍ തിക്കിമുട്ടി നില്‍ക്കുവാ…അതെല്ലാം ഒന്നു പുറത്തോട്ടിടണം….

തങ്കച്ചന്‍: അതെല്ലാം ഒരുമിച്ചു പുറത്തോട്ടുവന്നാല്‍ പ്രശ്‌നമാകും….കുടുംബകലഹം വരെയുണ്ടാകും….

എഴുത്തുകാരന്‍: ഒന്നും പുറത്തോട്ടു ചാടിക്കേണ്ട…എല്ലാം ഞാന്‍ നോക്കിക്കോളാം….

ജോസ്: നിങ്ങടെ പരിപാടിയെങ്ങനാ…തൊമ്മിക്കുഞ്ഞ് സൂചിപ്പിച്ചായിരുന്നു…

എഴുത്തുകാരന്‍: തൊമ്മിച്ചായന്‍ കൂടുതലൊന്നും പറഞ്ഞില്ലേ…

തൊമ്മിക്കുഞ്ഞ്: (ഇടയ്ക്കുകയറി) ഭയങ്കര തിരക്കുള്ള മനുഷ്യനാ…രണ്ടുകൈയും കൊണ്ടും എഴുതിയാല്‍ തീരാത്ത വര്‍ക്കാ…അതിനിടയ്ക്ക് ഞാന്‍ കട്ടയ്ക്കു പിടിച്ചിട്ടാ വന്നത്…

തങ്കച്ചന്‍: രണ്ടു കൈയും കൊണ്ട് എഴുതുന്ന ഒരാളെ ഞാന്‍ ആദ്യമായിട്ടാ കാണുന്നത്..

എഴുത്തുകാരന്‍: ഞാനെപ്പോഴും പിന്നാമ്പുറങ്ങളിലായിരിക്കും…മറനീക്കി പുറത്തുവരാറില്ല…അങ്ങനെ ചെയ്താല്‍ എന്റെ കക്ഷികളെ അതുബാധിക്കും…ഞാന്‍ എഴുതുന്നതെല്ലാം മറ്റുള്ളവരുടെ പേരിലാണല്ലോ…

തങ്കച്ചന്‍: അ്‌പ്പോ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുകയാണ്…

എഴുത്തുകാരന്‍: കറക്ട്…ചേട്ടന്‍ പറഞ്ഞതു വളരെ ശരിയാണ്…

ജോസ്: അങ്ങനെയാണേല്‍ എഴുതിയ കുറച്ചു ബുക്കുകള് പറയാമോ…ചുമ്മാ ഒന്നറിഞ്ഞിരിക്കാനാ…

എഴുത്തുകാരന്‍: തൊമ്മിച്ചായാ…എന്നെക്കുറിച്ചൊരു ഇന്‍ട്രോഡക്ഷന്‍ കൊടുക്കേണ്ടതല്ലായിരുന്നോ…ഇനി അതെല്ലാം ഞാന്‍ പറയണോ…

തൊമ്മിക്കുഞ്ഞ്: യ്യോ…അതുഞാന്‍ വിട്ടുപോയി…ഇവിടുത്തെ പലവലിയ പുള്ളികളുടെയും പുസ്തകങ്ങള്‍ എഴുതിയത്…ഇദ്ദേഹമാ…നമ്മള്‍ക്കിതു വല്ലതും അറിയാമോ…നമ്മള് അവര് വലിയ പുള്ളികളാന്ന് പറഞ്ഞ് പൊക്കികൊണ്ടു നടക്കുന്നു….

എഴുത്താകരന്‍: സര്‍വീസില്‍ നിന്നു പിരിഞ്ഞ എസ്‌ഐ കുട്ടന്‍ പിള്ളയുടെ നത്തോലിക്കൊപ്പം നീന്തുമ്പോള്‍, കള്ളന്‍ ദാസന്റെ ഞാന്‍ മോഷണത്തിനിറങ്ങിയ രാത്രി…പൊലീസുകാരുടെ തന്നെ ഒറു പത്തുപേരുടെ ആത്മകഥ ഞാന്‍ എഴുതിയിട്ടുണ്ട്….

ജോസ്: അതുപിന്നെ എളുപ്പമല്ലേ…ഇടിച്ചു..ഉരുട്ടി…കൈക്കൂലി വാങ്ങി …ഇ്ങ്ങനെ എല്ലാം ഒരു പോലെയായിരിക്കും…

എഴുത്തുകാരന്‍: ഊംം..അത്ര നിസാരമല്ല…ഇതിനിടേലവരനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുണ്ട്….അതിത്തിരിപാടാ…

തൊമ്മിക്കുഞ്ഞ്: പോരേ…ജോസിന് വിശ്വാസമായില്ലേ….

എഴുത്തുകാരന്‍: അതൊക്കെപോട്ടേ…ചേട്ടന്റെ ആത്മകഥ എന്തിലാണ് നമ്മള് ഫോക്കസ് ചെയ്യേണ്ടത്…..

തങ്കച്ചന്‍: അവന്‍ തന്നെ ഒന്നിലും ഫോക്കസ് ചെയ്തിട്ടില്ല..പിന്നെയാ അവന്റെ ആത്മകഥ…

എഴുത്തുകാരന്‍: ഞാന്‍ ഉദ്ദേശിച്ചത്…ആത്മകഥ എഴുതുമ്പോള്‍ അത് സമൂഹത്തില്‍ ഒരു സ്‌ഫോടനം സൃഷ്ടിക്കണോ…അതോ ഒരുകുളിര്‍ തെന്നലു പോലെയങ്ങു പോകണോ….

ജോസ്: ഒരു ചെറിയ സ്‌ഫോടനമായിക്കോട്ടെ….

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…എന്നാല്‍ ശിവകാശിവരെയൊന്നു പോകേണ്ടിവരും…

എഴുത്തുകാരന്‍: അങ്ങനെയെങ്കില്‍ വെളിപ്പെടുത്തലുകള്‍ വേണ്ടിവരും…മറ്റാരുടെയടുത്തും പറയാത്ത കാര്യങ്ങള്‍…ആരും അറിയാത്ത കാര്യങ്ങള്‍

തങ്കച്ചന്‍: (ഇടയ്ക്കുകയറി) പണ്ട പനേല്‍കേറി മാട്ടം പൊക്കിയത് മതിയോ…അത് ഇവനാണെന്നിപ്പഴും ആര്‍ക്കും അറിയത്തില്ല…

എഴുത്തുകാരന്‍: മതി..അതുമതി…അങ്ങനെ പനേടെ മണ്ടേലിരിക്കുമ്പം അര്‍ധരാത്രി കുറ്റാക്കുറ്റിരുട്ടത്ത് ലോകം ഉറങ്ങിക്കിടന്നപ്പോള്‍ അങ്ങു മുകളിലിരുന്ന് താഴേക്കു നോക്കിയപ്പോള്‍ കണ്ട ആ ഞെട്ടിക്കുന്ന കാഴ്ച…….

ജോസ്: (ചാടിക്കയറി)എന്തുകാഴ്ച…

തൊമ്മിക്കുഞ്ഞ്: അതു ഞങ്ങളോടാണോ ചോദിക്കുന്നത്…

എഴുത്തുകാരന്‍: (നിരാശയോടെ) ഒന്നും കണ്ടില്ലേ…ശ്ശെ നശിപ്പിച്ചു…അങ്ങനെയാണേല്‍ ഞാന്‍ കയ്യീന്നു കുറേ ഇടേണ്ടിവരും…

ജോസ്: എങ്ങനെയേലും ഒന്നു ഭംഗിയാക്കിത്തരണം…

എഴുത്തുകാരന്‍: ഒരു മൂന്നുദിവസം നമുക്കൊന്നു മാറിയിരിക്കണം….പിന്നെ ഞാന്‍ ഒറ്റയ്ക്കുമതി…

തൊമ്മിക്കുഞ്ഞ്: ജോസിന്റെ കഴിഞ്ഞ് ഞങ്ങള്‍ക്ക്ു രണ്ടുപേര്‍്ക്കും ഓരോന്ന് എഴുതണമെന്നുണ്ട്….സഹായിക്കണം….

എഴുത്തുകാരന്‍: തീര്‍ച്ചയായിട്ടും…ഞാന്‍ പറയുന്നത് ഓരോരുത്തരും അവരവരുടെ ആത്മകഥ എഴുതണമെന്നാ….

തങ്കച്ചന്‍: ഈ ഉണ്ടാക്കിയെഴുതുന്നതിനെല്ലാം കൂടി എന്നാ ചെലവു വരും….

എഴുത്തുകാരന്‍: അതിപ്പം തൊമ്മിച്ചായന്‍ പറഞ്ഞ കേസായതുകൊണ്ട് എനി്ക്കധികം മേടിക്കാനാവില്ലല്ലോ…എഴുതാന്‍ തുടങ്ങുമ്പം അമ്പത് എഴുതിക്കഴിയുമ്പം അമ്പത്….അത്രയും മതി.

തങ്കച്ചന്‍: യു മീന്‍ ഒരു ലക്ഷം…

എഴുത്തുകാരന്‍: തീര്‍ത്തും കുറഞ്ഞുപോയല്ലേ…ഞാനങ്ങനെയൊക്കെയാ…

ജോസ്: ഒരു ലക്ഷംവരെ ഞാന് മുടക്കാം…

നാലുപേരുടെയും മുകളിലേക്ക് ഭാര്യയുടെ ശബ്ദം.

ഭാര്യ: ഒരു ലച്ചം മുടക്കാം…എത്ര ഈസിയായിട്ടാ പറഞ്ഞത്…

ജോസ്: നിന്നെയിപ്പം ആരാ ഇങ്ങോട്ടു വിളിച്ചത്….അകത്തുപോ…ഞങ്ങളു വേറൊരു ചര്‍ച്ചയിലാ…

ഭാര്യ: ഇവിടെ ലക്ഷങ്ങള് വാരിയെറിയുവല്ലേ…ഞാനിപ്പം അകത്തോട്ടു പോകുന്നില്ല….

എഴുത്തുകാരന്‍: സ്ത്രീ ശബ്ദം ഒരിക്കലും തല്ലിക്കെടുത്താന്‍ പാടില്ല…അവര്‍ക്കു പറയാനുള്ളതു പറയട്ടെ…

ഭാര്യ: അതേയ് എനിക്കും ഒറു ആത്മകഥ എഴുതണം….കുറച്ചുകാര്യങ്ങള് പറയാനുണ്ട്….

എഴുത്തുകാരന്‍: സബാഷ്…അതുകൊള്ളാം…ചേച്ചിയുടെ ആത്മകഥ ഞാനെഴുതും….പ്രതിഫലമില്ലാതെ…വില്‍ക്കുന്ന കോപ്പിയുടെ അറുപതുശതമാനം മാത്രം മതി…

ജോസ്: നീ കേറിപൊക്കോണം അകത്ത്…

എഴുത്തുകാരന്‍: മാനിഷാദ…ഈ ക്രൗഞ്ചപക്ഷിക്കു പറയാനുള്ളത് ലോകത്തോട് വിളിച്ചുപറയട്ടെ…അതാര്‍ക്കും തടയാനാകില്ല….അടുക്കളയുടെ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട വീട്ടമ്മയുടെ സംഭ്രമജനകമായ ആത്മകഥ….എന്റെ രചനാ ജീവിതത്തിലെ അപൂര്‍വനിമിഷങ്ങളിലേക്ക് ഞാന്‍ കടക്കുകയാണ്….

ജോസ്: (കലികയറി) നീ നാലുകാലേല്‍ ഇഴഞ്ഞേ കടക്കുകവുള്ളു…

ഭാര്യ: നിങ്ങള്‍ക്ക് ഒരു ലക്ഷം മുടക്കി എഴുതാവെങ്കില്‍ പിന്നെ എനിക്കു ഫ്രീയായിട്ട് എഴുതിയാലെന്നാ…

ജോസ്: ഞാന്‍ വേണ്ടെന്നു വെച്ചു…നീയും എഴുതുന്നില്ല…തീര്‍ന്നില്ലേ…

എഴുത്തുകാരന്‍: ചേട്ടനെഴുതുവോ എഴുതാതിരിക്കുവോ എന്നതേലും ചെയ്യ്….ചേച്ചിയെഴുതണം…

ഭാര്യ: ആരാടോ തന്റെ ചേച്ചി…. പൊക്കോണം…

തങ്കച്ചന്‍: കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു ഉത്തരത്തേലിരുന്നത് കിട്ടിയുമില്ല.

എഴുത്തുകാരന്‍: തൊമ്മിച്ചായാ….

തൊമ്മിക്കുഞ്ഞ്: വിട്ടോ…വിട്ടോ..കലികയറിയാലുണ്ടല്ലോ…അവന്‍ ശരിക്കും കാട്ടാളനാ….

LEAVE A REPLY

Please enter your comment!
Please enter your name here