സംരംഭം തുടങ്ങിയാലിങ്ങനെ

0
127

നേരംപോക്ക്
എപ്പിസോഡ്-35

നടന്നുവരുന്ന ജോസും തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ നീ ഇന്നലെ ഏതാണ്ട് ക്ലാസില്‍ പങ്കെടുക്കാന്‍ പെയെന്ന് പറേന്ന കേട്ടല്ലോ…എന്നതാ…

ജോസ്: വല്ല വയോജന ക്ലാസിനും പോയതായിരിക്കും…

തൊമ്മിക്കുഞ്ഞ്: അതൊന്നുമല്ല..മോട്ടിവേഷണല്‍ ക്ലാസിനു പോയതായിരുന്നു…

തങ്കച്ചന്‍: കുഴീലോട്ട് കാലുംനീ്ട്ടിയിരിക്കുമ്പഴാ അവന്റെ ഒരു മോട്ടിവേഷന്‍ ക്ലാസ്…

തൊമ്മിക്കുഞ്ഞ്: ഇതുതന്നെ…ഈ ചിന്ത മാറ്റിക്കളയണമെന്നാ സാറ് ക്ലാസില് ആദ്യമേതന്നെ പറഞ്ഞത്…

ജോസ്: എന്നിട്ട് തൊമ്മിക്കുഞ്ഞിന് എന്നതേലും പ്രയോജനം കിട്ടിയോ…

തൊമ്മിക്കുഞ്ഞ്: ങാ…ഉച്ചയ്ക്ക് ഊണും മീന്‍കറിയുമുണ്ടായിരുന്നു…

തങ്കച്ചന്‍: ങാഹാ…അതിനുവേണ്ടിയാണോ നീ ക്ലാസില്‍ പോയത് വീട്ടില്‍ കിട്ടുകേലെ..

തൊമ്മിക്കുഞ്ഞ്: ക്ലാസില്‍ പങ്കെടുത്തതിന്റെ ഗുണം കിട്ടുന്നത് നമ്മുടെ മനസിനാ….

ജോസ്: അതുശരി മനസിലോട്ടാണോ ഊണും മീന്‍കറിയും പോയത്…

തൊമ്മിക്കുഞ്ഞ്: നമ്മുടെ മനോബലം ഉയരും…നമുക്കെന്തും ചെയ്യാനുള്ള ഒരു ഊര്‍ജം കിട്ടും….

തങ്കച്ചന്‍: എന്നിട്ടു നീയെന്നാചെയ്തു വന്നിട്ട്…മലമറിച്ചോ…

തൊമ്മിക്കുഞ്ഞ്: ഓ…വന്നപ്പോ ഭയങ്കരക്ഷീണം…ഞാന്‍ നേരത്തെ കിടന്നുറങ്ങി…നിങ്ങള് വന്ന് വിളിച്ചപ്പഴാ ഞാന്‍ എണീറ്റത്…

ജോസ്: അപ്പോ…ഉറങ്ങാനുള്ള മോട്ടിവേഷനാണോ കിട്ടിയത്…

തൊമ്മിക്കുഞ്ഞ്: ക്ലാസിലിങ്ങനെ ഓരോരുത്തരും അവരവരുടെ അനുഭവങ്ങള് പറയുന്നത് കേള്‍ക്കുമ്പം നമ്മുടെ തൊലിയുരിഞ്ഞു പോകും നാണംകൊണ്ട്….

തങ്കച്ചന്‍: അതുശരി വൃത്തികെട്ടവന്മാരെല്ലാം കൂടിയാണോ ക്ലാസിനു വന്നത്….

തൊമ്മിക്കുഞ്ഞ്: അതല്ല…അവരൊക്കെ എന്തെല്ലാം പരിപാടികളാ ചെയ്യുന്നതെന്ന് അറിയാമോ…നമ്മളിവിടെ ചുമ്മാ തേരാപാരാ നടക്കുന്നു…

തങ്കച്ചന്‍: അതുശരിയാടാ തൊമ്മിക്കുഞ്ഞേ…നമ്മള് സമയം ചുമ്മാ വെറുതെ പാഴാക്കികളയുകയാ….

തൊമ്മിക്കുഞ്ഞ്: നമ്മള്‍ക്ക് സംയുക്തമായി എന്തെങ്കിലും പരിപാടി തുടങ്ങിയാലോ…

ജോസ്: കൂട്ടുകച്ചടവടത്തിന് ഞാനില്ല. അതവസാനം അടിയേലെ തീരുവൊള്ളു…

തങ്കച്ചന്‍: എന്നാ ഓരോരുത്തരും അപ്‌നാ അപ്‌നാ തുടങ്ങ്…പ്രശ്‌നമില്ലല്ലോ…

ജോസ്: ഞാനൊരു തട്ടുകട തുടങ്ങാന്‍ പോകുവാ…നാടന്‍ സ്‌റ്റൈല്….

തങ്കച്ചന്‍: തട്ടുകടയൊക്കെ എന്നതാ…നീയൊരു റെസ്‌റ്റോറന്റ് തുടങ്ങ്…

ജോസ്: അതിനൊക്കെ ഭയങ്ക കാശുമുടക്കുവേണം….ഇതാകുമ്പം ഇന്‍വെസ്റ്റ്‌മെന്റ് കുറവാ…

തൊമ്മിക്കുഞ്ഞ്: ജോസു പറഞ്ഞത് ശരിയാ…ഇപ്പം നാടന്‍ തട്ടുകടയ്ക്കാ വെയിറ്റ്…വീട്ടിലെ ഊണ്…അമ്മച്ചീടെ അടുക്കള എന്നൊക്കെ ഒരു ബോര്‍ഡുംകൂടി വെച്ചാല്‍ എപ്പം വിജയിച്ചുവെന്നു ചോദിച്ചാല്‍ മതി….

ഭാര്യ മുറ്റത്തുകൂടി വരുന്നു.

ഭാര്യ:ഇന്ന് ആരെ കറിവെക്കാനാ …ഭയങ്കര ചര്‍ച്ചയാണല്ലോ…

തങ്കച്ചന്‍: ഒന്നും അറിഞ്ഞില്ലേ…കെട്ടിയോന്‍ ഹോട്ടല്‍് മുതലാളിയാകാന്‍ പോകുന്നു…

ജോസ്: ഹോട്ടലൊന്നുമല്ല…ചെറിയൊരു തട്ടുകട…

തൊമ്മിക്കുഞ്ഞ്: അങ്ങനെ പറയരുത് ജോസേ…നമ്മള് നമ്മളെ പൊക്കിയെ പറയാവുള്ളു…ഒരു സംരംഭം തുടങ്ങുന്നു…അതായത് ഒരു സ്റ്റാര്‍ട്ടപ്പ്…

ഭാര്യ: ദേ..എന്നെക്കൊണ്ട് പാത്രം കഴുകാനും അരിയരയ്ക്കാനുമൊന്നും പറ്റില്ല…

തങ്കച്ചന്‍: അങ്ങനെ നിരുത്സാഹപ്പെടുത്താതെ …ഏതൊരു പുരുഷന്റെയും വളര്‍ച്ചയ്ക്കു പിന്നില്‍ ഒരു സ്ത്രീയുണ്ട്…

ജോസ്: നീ ഒന്നും ചെയ്യേണ്ട.. കൂടെ നിന്നാല്‍ മതി….

തൊമ്മിക്കുഞ്ഞ: എന്നാല്‍ ജോസ് അതിന്റെ ഒരുക്കങ്ങളിലേക്ക് കടക്കട്ടെ…

തങ്കച്ചന്‍: നമുക്ക് ഒരു ഉദ്ഘാടനം വെക്കണം….

ജോസ്: നമ്മടെ നേതാവിനെ വിളിക്കാം…ഞാനൊന്നു സൂചിപ്പിച്ചായിരുന്നു..

ജോസ്: എന്നാലങ്ങനെ…ഉദ്ഘാടനത്തിന് എല്ലാവരെയും ഇപ്പഴേ ക്ഷണിച്ചിരിക്കുന്നു…

സീന്‍-2

തട്ടുകട. ജോസും ഭാര്യയും ഓരോ പ്രവര്‍ത്തനങ്ങളില്‍. തങ്കച്ചനും തൊമ്മിക്കുഞ്ഞും നടന്നു വരുന്നു.

തങ്കച്ചന്‍: ജോസേ…കച്ചവടമൊക്കെ എങ്ങനെ…ഉഷാറാണോ…

ജോസ്: ഇത്രേംനേരമായിട്ടും ഒറ്റ കുഞ്ഞ് അകത്തുകയറിയിട്ടില്ല….പലരും പുറത്തുവന്ന് അകത്തേക്ക് എത്തിവലിഞ്ഞു നോക്കിയിട്ടു പോയി…

തൊമ്മിക്കുഞ്ഞ്: നേതാവ് വന്നില്ലേ…ഉദ്ഘാടനം കഴിഞ്ഞോ…ഞങ്ങളിത്തിരി താമസിച്ചു…

ജോസ്: നേതാവ് ഇപ്പം വരും….ഉദ്ഘാടനം കച്ചവടത്തിനിടയ്ക്കായിക്കോട്ടെയെന്നു കരുതി…

ഭാര്യ: ചായയെടുക്കട്ടെ..എന്നതാ കഴിക്കാന്‍ വേണ്ടത്…

തങ്കച്ചന്‍: യ്യോ…ഒന്നും വേണ്ട…വീട്ടീന്നു കഴിച്ചിട്ടാ വന്നത്…

തൊമ്മിക്കുഞ്ഞ്: പറ്റുബുക്ക് ഒക്കെ മേടിച്ചോ…രണ്ടുമൂന്നെണ്ണം മോടിച്ചേക്കാന്‍ മേലായിരുന്നോ…വേണ്ടിവരും…

ഭാര്യ: കടത്തിന്റെ പരിപാടിയില്ല…വില്‍ക്കാന്‍ പറ്റുന്നത് വിറ്റാല്‍ മതി…

തൊമ്മിക്കുഞ്ഞ്: ഒരു പറ്റുബുക്ക് മേശപ്പുറത്തിരിക്കുന്നതാ കടയക്കൊരു ഐശ്വര്യം.

ഭാര്യ: അതുകുറച്ചുള്ള ഐശ്വര്യം മതി…

ജോസ്: തൊമ്മിക്കുഞ്ഞിനെന്നതാ കഴിക്കാന്‍ വേണ്ടത്…

തൊമ്മിക്കുഞ്ഞ്: എനിക്കൊന്നും വേണ്ട…എനിക്ക് പുറത്തുനിന്ന് ഒന്നും കഴിക്കുന്നത് ഇഷ്ടമില്ല…

ജോസ്: എന്നിട്ട് വീട്ടില്‍ വരുമ്പം ആഞ്ഞുപിടിക്കുന്നതു കാണാമല്ലോ…

തങ്കച്ചന്‍: അവിടെ കഴിച്ചു കഴിഞ്ഞ് കാശുചോദിക്കുകേലല്ലോ…

തൊമ്മിക്കുഞ്ഞ്: ദേ…നേതാവ് വരുന്നു…

എല്ലാവരും നേതാവിനെ സ്വീകരിക്കാന്‍ തയാറെടുക്കുന്നു.

നേതാവ്: നമസ്‌കാരം…ഞാനിത്തിരി താമസിച്ചു…ഭംഗിയായി നടക്കുന്നുണ്ടല്ലോ…

തങ്കച്ചന്‍: എല്ലാം ഭംഗിയായി തുടങ്ങി നേതാവേ…ഇനി ഉദ്ഘാടനവും കൂടി നടത്തിയാല്‍ ഭംഗിയായി…

നേതാവ്: എന്നാല്‍ താമസിപ്പിക്കേണ്ട…തുടങ്ങിയേക്കാം…ജോസ് ചേട്ടാ…തുടങ്ങുവല്ലേ…

തൊമ്മിക്കുഞ്ഞ്: നേതാവ് രണ്ടുവാക്ക് സംസാരിച്ചിട്ട് ഉദ്ഘാടനം നടത്താം…

നേതാവ്: ആളൊക്കെ കുറവാണല്ലോ…..ഒരു നൂറു പേരെങ്കിലും ഉണ്ടെങ്കിലേ പ്രസംഗിക്കാന്‍ ഒരു ഉശിരുള്ളു…

ജോസ്: അങ്ങനെ വലിയ ചടങ്ങായിട്ടൊന്നും കരുതിയിട്ടില്ല…ഒരു ചെറിയ സംരംഭമല്ലെ….

നേതാവ്: ങാ..എങ്കില്‍ നമുക്കു തുടങ്ങാം..ജോസു ചേട്ടന്റെ ഈ പുതിയ സംരംഭം ഉദ്ഘാടനം ചെയ്യാന്‍ എന്നെ ക്ഷണിച്ചത് ഒരു അപൂര്‍വഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു….ഈ പ്രായത്തിലും വ്യവസായ മേഖലയിലേക്ക് കടന്നുവരാന്‍ ജോസുചേട്ടന്‍ കാണിച്ച തന്റേടത്തെയാണ് ഞാനിഷ്ടപ്പെടുന്നത്…കേരളം വ്യവസായ സൗഹൃദമല്ലെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ജോസ് ചേട്ടന്റെ സംരംഭം…ഒന്നു രണ്ട് മീറ്റിംഗുകളില്‍ കൂടി പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് ഞാന്‍ അധികം നീ്ട്ടുന്നില്ല….ഈ സംരംഭം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു….

അടുപ്പില്‍ തീകൊളുത്തുന്നു. എല്ലാവരും കയ്യടിക്കുന്നു…നേതാവ് കൈകള്‍ കൂപ്പി പോകുന്നു.

തങ്കച്ചന്‍: നേതാവിന് ഒരു ചായ കൊടുക്കാമായിരുന്നു…

തൊമ്മിക്കുഞ്ഞ്: നേതാവിനോട് കാശു ചോദിക്കാന്‍ പറ്റുമോ…ജോസ് കാശുകിട്ടുന്നവര്‍ക്കു മാത്രമല്ലേ ചായ കൊടുക്കുവൊള്ളു…

ജോസ്: എത്രപേരെ ഉദ്ഘാടനത്തിന് വിളിച്ചതാ ഒറ്റ ഒരാള് വന്നില്ല…

തങ്കച്ചന്‍: സിനിമാനടിമാരെ ആരെയേലും വിളി്ച്ചായിരുന്നേല്‍ ഇവിടെ ജനത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നേനെ…

ഭാര്യ: ഒരാളെ പോലും ചായ കുടിക്കാന്‍ കണ്ടില്ലല്ലോ…

ജോസ്: രാവിലെ ഒരു ബാംഗാളി വന്നതാ…അവന്‍ ഹിന്ദിയില്‍ പഞ്ചസാര വേണ്ടെന്നു പറഞ്ഞു….ഇവള് ഫസ്റ്റ് കസ്റ്റമറല്ലേയെന്നു കരുതി കൂടുതല് പഞ്ചസാരയിട്ടു കൊടുത്തു…അവന്‍ ഹിന്ദിയിലേതാണ്ട തെറിയെല്ലാം പറഞ്ഞേച്ച് ഇറങ്ങിപ്പോയി….

തൊമ്മിക്കുഞ്ഞ്: അങ്ങനെ വരട്ടെ…വെറുതെയല്ല… ഒരു ബംഗാളി ഇങ്ങോട്ടുവരുവായിരുന്ന കുറെ ബംഗാളികളെ തിരിച്ചുവിളിച്ചോണ്ടു പോകുന്നത് കണ്ടത്…

തങ്കച്ചന്‍: എന്നാ പണി പാളി ജോസേ..ബംഗാളികള് വന്നില്ലേല്‍ പിന്നെ ആരാ ഈ നാട്ടില്‍ ചായകുടിക്കാന്‍ വരുന്നത്..മലയാളികള് വരണമെങ്കില്‍ കാനഡായീന്നോ യൂകേയീന്നോ വിമാനത്തേല്‍ കയറി വരേണ്ടിവരും…

തൊമ്മിക്കുഞ്ഞ്: ഞങ്ങളങ്ങോട്ട് മാറിയിരിക്കാം…നിങ്ങള്‍ക്കൊരു തടസമാകേണ്ട…

രണ്ടുപേരും പുറത്തേക്കു പോകുന്നു.

ഭാര്യ: എന്നാ പത്തുകാശിനു കച്ചവടം നടത്തിയേക്കാമെന്നു കരുതുന്നില്ല…ഒരു കാലിച്ചായപോലും മേടിച്ചു കുടിച്ചില്ല…

ജോസ്: നീ ചുമ്മാ അവരെ പറയാതെ…

ഭാര്യ: പിന്നെ..ഞാന്‍ പറയും…ചുമ്മാ നിങ്ങളെ പറഞ്ഞ് എരികേറ്റി ഓരോന്നു തുടങ്ങിച്ചേച്ചിട്ട്…ഇപ്പം മാറി നിന്ന് കളി കാണുകയാ…

സീന്‍- 3

തങ്കച്ചനും നടന്നു വന്ന് ചാരുകസേരയില്‍ ഇരുന്നുകൊണ്ട്

തങ്കച്ചന്‍: വീട്ടില്‍ ചായ കിട്ടുമ്പം ആരെങ്കിലും ചായക്കടേല്‍ വന്നു കഴിക്കുമോ…

തൊമ്മിക്കുഞ്ഞ്: പിന്നല്ലാതെ…അല്ലേലും കടേലെല്ലാം മായമാന്നേ…നമ്മള് വീട്ടിലുണ്ടാക്കുന്ന ഭക്ഷണമേ കഴിക്കാവൂ…നമുക്കിവിടെ മാറിയിരിക്കാം…ചായക്കടേല്‍ ആരേലും വരുന്നുണ്ടോയെന്ന് അറിയുകേം ചെയ്യാം…

സീന്‍ -4
കടയിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ജോസും ഭാര്യയും

ജോസ്: (പുറത്തേക്ക് നോക്കി) നേതാവാണല്ലോ…വരുന്നത്…എന്നതേലും കഴിക്കാനായിരിക്കും…മുമ്പേ തിരക്കായിരുന്നതുകൊണ്ട് ഒന്നും കഴിച്ചില്ലല്ലോ…നീ രണ്ടു ദോശ ചുട്…ചൂട് ദോശ കൊടുത്തേക്കാം…

നേതാവ് കടന്നു വരുന്നു. സഗൗരവത്തിലാണ്.

ജോസ്: നേതാവേ ഇരിക്ക്…ചായ എടുക്കട്ടെ…

നേതാവ്: ചായയൊന്നും വേണ്ട…ഞാനിപ്പം പാര്‍ട്ടിയുടെ പിരിവിനു വന്നതാണ്. സമയമില്ല….ഒരു പത്തുരൂപ എഴുതട്ടെ…

ജോസ്: (പോക്കറ്റില്‍ തപ്പിക്കൊണ്ട്) അതിനെന്നാ തരാമല്ലോ…

നേതാവ്: (സന്തോഷത്തോടെ) കണ്ടോ ഇങ്ങനെയുള്ള വ്യവസായികളെയാണ് നാടിനാവശ്യം. തന്റെ വ്യവസായത്തോടൊപ്പം പാര്‍ട്ടിയെയും വളര്‍ത്താനുള്ള ആ മനസിനു മുന്നില്‍ അഭിവാദ്യങ്ങള്‍…

ജോസ്:(പോക്കറ്റില്‍ നിന്നും അമ്പതുരൂപയെടുത്ത്) ചില്ലറ കാണുമോ നേതാവേ…എന്റെ കയ്യില്‍ അമ്പതാ…പത്തായിട്ടില്ല.

നേതാവ്: (ക്ഷുഭിതനായി)താനെന്നാടോ ആളെ കളിയാക്കുവാണോ…പതിനായിരമാ ഞാനെഴുതിയിരിക്കുന്നത്…അതുകൂട്ടണോ…

ജോസ്: (അതിശയത്തോടെ) പതിനായിരമോ…അത്രേം ഒന്നിച്ചെടുക്കാനുണ്ടായിരുന്നേല്‍ ഞാനീ പണിക്കിറങ്ങുമായിരുന്നോ…

നേതാവ്: ഞങ്ങള്‍ക്ക്ു പിരിവു തരാതെ തനിക്കീ പ്രസ്ഥാനം ഇവിടെ കൊണ്ടുപോകാന്‍ പറ്റുമെന്നു തോന്നുണ്ടോ…

ഭാര്യ: നേതാവുതന്നെയല്ലെ രാവിലെ അഭിനന്ദിച്ചതും …വ്യവസായ സൗഹൃദമെന്ന്ുമൊക്കെ പറഞ്ഞത്…

നേതാവ്: അതുരാവിലെ…ഇപ്പം ഇത് പിരിവിന്റെ കാര്യമാ…പിരിവു തരാതെ താനിതു നടത്തുന്നതൊന്നു കാണണം…പിള്ളേരിവിടെ കേറി നിരങ്ങും….

ജോസ്: പതിനായിരമൊന്നും തരാന്‍ പറ്റുകേല നേതാവേ..അതിനുള്ള ത്രാണിയില്ല…

നേതാവ്: എന്നാല്‍ ഞാന്‍ തിരിച്ചുവരുമ്പം ഈ കട കാണരുത്…കണ്ടാല്‍ ഫലം ഭീകരമായിരിക്കും…(പോകുന്നു)

ഭാര്യ: ന്റെ ദൈവമേ…ഏതുനേരത്താണോ ഈ പണിക്കിറങ്ങാന്‍ തോന്നിയത്…

സീന്‍-5

അപ്പുറത്ത് മാറിയിരിക്കുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ജോസിനിട്ട് പണികിട്ടും…നേതാവിനെയാ പിണക്കി വിട്ടിരിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: രാഷ്ട്രീയക്കാരെ പിണക്കി നമുക്കിവിടെ എന്നതേലും ഓടിക്കാന്‍ പറ്റുമോ…

തങ്കച്ചന്‍: നമുക്കിടപെടണോ…

തൊമ്മിക്കുഞ്ഞ്: വേണ്ടെന്ന്….വെറുതെയെന്തിനാ രാഷ്ട്രീയക്കാരുടെ പിണക്കം മേടിക്കുന്നത്…

സീന്‍-6
തട്ടുകട

ഭാര്യ: (പുറത്തേക്കു നോക്കി) പാന്റൊക്കെയിട്ട ഒരാള് വരുന്നുണ്ട്…ഇവിടുത്തുകാരനല്ലെന്നു തോന്നുന്നു….ഇവിടെങ്ങും കണ്ടിട്ടില്ല..

അപരിചിതന്‍ കടന്നു വരുന്നു..ജോസ് ഉപചാരപൂര്‍വം.

ജോസ്: ഇങ്ങോട്ടിരിക്കാം സാറേ…ചായയെടുക്കട്ടെ…

അപരിചിതന്‍: (ചുറ്റുംനോക്കിയിട്ട്) ങാ..എടുക്ക്…എന്നതാ കഴിക്കാനുള്ളത്…

ജോസ്: ദോശ..പുട്ട്…ഇഡ്ഢലി…അപ്പം പൊറോട്ട…ഏതാ സാറേ എടുക്കേണ്ടത്…

അപരിചിതന്‍: എല്ലാ കൂട്ടവും ഓരോന്ന് എടുത്തോ…

ജോസ്: പാഴ്‌സലാണോ…കറി എന്നതാ എടുക്കേണ്ടത്. മുട്ട..ബീഫ്..ചിക്കന്‍…

അപരിചിതന്‍: എല്ലാം ഓരോന്ന് എടുത്തോ..

ജോസ്:(ഉത്സാഹത്തോടെ ഭാര്യയോട്) പെട്ടെന്നാകട്ടെ …പാഴ്‌സലാ…(തിരിഞ്ഞ് അപരിചിതനോട്) ഇന്ന് തുടങ്ങിയതേയുള്ളു….എല്ലാദിവസവും കാണും…

ഭാര്യ പാഴ്‌സല് കൊടുക്കുന്നു.

ജോസ്: (കണക്കുകൂട്ടി) മൊത്തം നാനൂറ്റിയമ്പത്…

അപരിചിതന്‍ കാര്‍ഡു നീട്ടുന്നു.

ജോസ്: യ്യോ…കാര്‍ഡെടുക്കുകേല സാറേ…തുടങ്ങിയതല്ലെയുള്ളു…രണ്ടുദിവസം കൂടി കഴിഞ്ഞേ അതിനുള്ള സംവിധാനമുണ്ടാകൂ…

അപരിചിതന്‍: ഇത് ആ കാര്‍ഡല്ല…ഞാന്‍ ഭക്ഷ്യസുരക്ഷേന്നാ…കടപരിശോധിക്കാന്‍ വന്നതാ…

സീന്‍- 7

തങ്കച്ചന്‍: ജോസിനു പണികിട്ടി…

തൊമ്മിക്കുഞ്ഞ്; ഒരു കച്ചവടം നടന്നെന്നുള്ള വിഷമത്തിലിരിക്കുവായിരുന്നു ഞാന്‍..ഇപ്പഴാ ഒരു സമാധാനമായത്….

അപരിചിതന്‍: നിങ്ങളടെ ലൈസന്‍സ് എവിടെ…

ജോസ്: അത് സാറേ…കച്ചവടം വിജയിക്കുമോയില്ലെയെന്ന് നോക്കിയിട്ട് ലൈസന്‍സ് എടുക്കാമെന്നു കരുതി…

അപരിചിതന്‍: (ചുറ്റുംനോക്കി) കറിപാത്രമൊക്കെ തുറന്നു വെച്ചിരിക്കുവാണല്ലോ…

ഭാര്യ: അതിപ്പം കറിയെടുക്കാനായിട്ടു തുറന്നതാ…ഇതേണ്ട് അടച്ചു..

അപരിചിതന്‍: (ഒരു ഗ്ലാസെടുത്തു നോക്കിയിട്ട്) ഈ ഗ്ലാസ് കഴുകിയിട്ടില്ലല്ലോ…

ജോസ്: ഇപ്പം കഴുകിയേക്കാം…നീയതൊന്നു കഴുകിവെച്ചേ…(ഉദ്യോഗസ്ഥനോട്) സാറേ ഒന്നുവന്നേ…(മാറ്റിനിര്‍ത്തി പോക്കറ്റില്‍ കാശുവെച്ചുകൊടുക്കുന്നു) ഞാന്‍ സാറിനെ പിന്നെ വന്നു കണ്ടോളാം…

ഉദ്യോഗസ്ഥന്‍ പുറത്തേക്ക് പോകുന്നു. തങ്കച്ചനും തൊമ്മിക്കുഞ്ഞും വരുന്നു.

തങ്കച്ചന്‍: ജോസേ ഞങ്ങളിടപെടണോയെന്നു നോക്കിയിരിക്കുവായിരുന്നു…

ഭാര്യ: നോക്കിയിരുന്നല്ലോ അതുമതി…

തങ്കച്ചന്‍: ഇവിടെയെങ്ങനെ ഒരു പ്രസ്ഥാനം വിജയിക്കും ജോസേ…രാഷ്ട്രീയക്കാര്..ഉദ്യോഗസ്ഥര്…എല്ലാവരും കൂടി ശ്വാസം മുട്ടിച്ചുകൊല്ലും..

ഭാര്യ: നിങ്ങള് അവരെയുമിവരെയും പഴിച്ചിട്ടു കാര്യമില്ല…നിങ്ങളൊരു ചായകുടിച്ചോ ഇവിടുന്ന്…നാട്ടുകാര് ഒറ്റ ഒരുത്തന്‍ കയറിയില്ല…എല്ലാം വന്ന് മാറിനിന്ന് അഭിപ്രായം പറഞ്ഞിട്ടുപോയി..

തങ്കച്ചന്‍: ഞങ്ങള് ചുമ്മാ ഇരിക്കുകയല്ലായിരുന്നു…ബിസിനസ് തന്ത്രങ്ങള്‍ മെനയുകയായിരുന്നു…

ജോസ്: ഏതായാലും കട അടച്ചോ…ഇനി തുറന്നുവെച്ചോണ്ടിരുന്നാല്‍ തടികേടാകും…എല്ലാം പെറുക്കിക്കോ…

ഭാര്യ: പെറുക്കിക്കോ…എന്നിട്ട് മൂന്നും കൂടി വീട്ടിലോട്ട് ചുമന്നോ…ഞാന്‍ പോകുവാ….(പോകുന്നു)

തൊമ്മിക്കുഞ്ഞ്: ജോസേ…തളരരുത്…നാളെ മോട്ടിവേഷന്‍ ക്ലാസിന് ജോസും വരണം…നല്ല ഉഷാറാകാം…

തങ്കച്ചന്‍: (കൈകൊണ്ട് മദ്യപിക്കുന്നതിന്റെ അടയാളം കാണിച്ച്) ഈ മോട്ടിവേഷനാണേല് ഞാനുണ്ട്…

ജോസ്: എന്നാല്‍ ചലോ ബിവറേജ്…അതാ നല്ല മുദ്രാവാക്യം….ഇതൊക്കെ വല്ല ബംഗാളികളെയും വിളിച്ചു ചുമപ്പിക്കാം…

മൂന്നുപേരും ഒരുമിച്ചു നീങ്ങുന്നു.

തൊമ്മിക്കുഞ്ഞ്: പിന്നല്ലാതെ…നമുക്ക് രണ്ടെണ്ണം വീശി ഭാവികാര്യങ്ങള് ചര്‍ച്ച ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here