ഓണത്തിനു പായസമൊരുക്കാന്‍ ‘പഴയിടത്തിന്റെ ശിഷ്യന്‍’

0
34

നേരംപോക്ക്
എപ്പിസോഡ്-37

വീടിനു മുന്നില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ജോസും ഭാര്യയും. നടന്നു വരുന്ന തങ്കച്ചന്‍.

തങ്കച്ചന്‍: ജോസേ…നീയിവിടെ എന്നാ എടുത്തോണ്ടിരിക്കുവാ…

ജോസ്: എന്നാ രാവിലെ വല്ലതും തടഞ്ഞോ…വരവ് കണ്ടിട്ട് എന്തോ കോളൊത്ത മട്ടുണ്ടല്ലോ..

ഭാര്യ: ങാ..പുതിയ കോളായിരിക്കും…എന്റെ പൊന്നു ചേട്ടാ…ഇവിടെ മനസമാധാനമായിട്ടിരിക്കുവാ….അതു കളഞ്ഞ് കുളിക്കരുത്…

തങ്കച്ചന്‍: അതുശരി…ഇപ്പം അങ്ങനെയായോ കാര്യങ്ങള്…എന്നാ ഞാന്‍ പോയേക്കാം…(തിരിച്ചുപോകാനൊരുങ്ങുന്നു)

ജോസ്: ഹാ…നിങ്ങള് പിണങ്ങിപ്പോകാതെ…ഇവിടെയിരി..

ഭാര്യ: ഞാന്‍ പിണങ്ങാന്‍ പറഞ്ഞതല്ല ചേട്ടാ…ഊരുപേടികൊണ്ട് പറഞ്ഞുപോയതാ…എന്നും എന്നതേലും കൊപ്പരം ഒപ്പിക്കും…അതുകൊണ്ടു പറഞ്ഞതാ..

തങ്കച്ചന്‍: ഇതാ സകല പ്രശ്‌നങ്ങളും തീര്‍ന്ന് സമാധാനമായിട്ടിരിക്കാനുള്ള സമയമായി…

ഭാര്യ: ങാ…ഇതു തന്നെയാ ഞാന്‍ പേടിച്ചത്…എന്തിയേ മറ്റേ കൂട്ടുകാരന്‍…അങ്ങേരെയാണല്ലോ…മുന്നേ കാണേണ്ടിയിരുന്നത്…

തങ്കച്ചന്‍: ഞാന്‍ തൊമ്മിക്കുഞ്ഞിനെ പോലെ ഐഡിയായുമായിട്ടിറങ്ങിയതല്ല…ഓണം വന്നെന്ന്…ഒരുങ്ങണ്ടെ…

ജോസ്: അതാണോ ഇപ്പം വലിയ കാര്യം…കലണ്ടറ് ചുവരേല്‍ തുങ്ങിക്കിടപ്പുള്ളവര്‍ക്കെല്ലാം അറിയാം…ഓണം വന്നെന്ന്..

തങ്കച്ചന്‍: എടാ നീ ഇതുപോലെയൊരു മൂരാച്ചിയായിപ്പോയല്ലോ…ഓണമെന്നു കേള്‍ക്കുമ്പം..ഇങ്ങനെ ഉത്സാഹം പതഞ്ഞു കയറേണ്ടെ…

ജോസ്: ഓ…ഒത്തിരി ഉത്സാഹം പതഞ്ഞു കയറേണ്ട….ഒത്തിരി പതഞ്ഞാല്‍ ബിയറുപോലെയാ….ഒന്നും കാണില്ല…

ഭാര്യ: കണ്ടോ..പറഞ്ഞ് പറഞ്ഞ്…വെള്ളമടിയിലേക്കാ കാര്യങ്ങളു പോകുന്നത്…നിങ്ങള്‍ക്ക് ബിയറിന്റെ ഉദാഹരണമല്ലാതെ വേറെയൊന്നുമില്ല…

ജോസ്: എന്നാ ഞാന്‍ സോപ്പു പതയ്ക്കുന്നതിനെക്കുറിച്ച് പറയാം…

തങ്കച്ചന്‍: എന്റെ പൊന്നേ…അവന് ബിയറെന്ന് പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്ക്…

ഭാര്യ: ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തരുതെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

തങ്കച്ചന്‍: അതുശരിയാ…നമുക്ക് വിഷയത്തിലേക്കു വരാം…നമുക്കിത്തവണ ഓണം അടിപൊളിയാക്കണം…

ജോസ്: തൊമ്മിക്കുഞ്ഞെന്തിയേ…അങ്ങേരും കൂടിയില്ലാതെ ചര്‍ച്ചയ്ക്ക് ഒരു ഓളം കിട്ടില്ല…

തങ്കച്ചന്‍: അവനിപ്പം വരും…ഓണപ്പരിപാടികളുമായിട്ടു പോയതാ…

ഭാര്യ: എന്നാ ഇന്ന് മോര് കൊടുക്കേണ്ടല്ലോ…ആവശ്യം വരുമായിരിക്കും…

തങ്കച്ചന്‍: വളരെ പോസിറ്റീവായിട്ടുള്ള കാര്യങ്ങളാ ഞങ്ങള് സംസാരിച്ചുകൊണ്ടിരിക്കുന്നത്…മനസുമടിപ്പിക്കുന്ന രീതിയിലുള്ള വര്‍ത്തമാനം നിര്‍ത്താമോ…

ജോസ്: നീ പോയി രണ്ടു ചായ എടുത്തോണ്ടുവാ…എന്തേലും ഉപകാരമുള്ള കാര്യം ചെയ്യ്….

ഭാര്യ: അനുഭവമല്ലേ ഗുരു…(അകത്തേക്കുപോകുന്നു)

തങ്കച്ചന്‍: രണ്ടു ചായ കൂടുതലിട്ടോ…ആവശ്യംവരും…

സീന്‍-2

നടന്നുവരുന്ന തൊമ്മിക്കുഞ്ഞും കറിയാച്ചനും

കറിയാച്ചന്‍: എന്റെ പൊന്നു ചേട്ടാ…എനിക്കീ പായസംവെക്കാനൊന്നുമറിയില്ല…കുടിച്ചുള്ള പരിചയമേയുള്ളു…

തൊമ്മിക്കുഞ്ഞ്; കുടിച്ചുള്ള പരിചയമുണ്ടല്ലോ…അതുമതി..രുചി മനസിലാക്കിയാല്‍ നമുക്ക് എന്തും ഉണ്ടാക്കാം…അത്രേയുള്ളു പാചകം…

കറിയാച്ചന്‍: വയറ് നിറയെ കഴിച്ചേച്ച് അതുണ്ടാക്കിയവനെ എ്‌ന്തേലും കുറ്റം പറഞ്ഞ് തന്തയ്ക്കു വിളിക്കുകയാ നമ്മടെ ശീലം….

തൊമ്മിക്കുഞ്ഞ്: ദേ ഞാന്‍ വലിയ പാചകക്കാരനായിട്ടേ അവതരിപ്പിക്കുകയുള്ളു…എല്ലാം കുളമാക്കിയേക്കരുത്…പൊലിപ്പിച്ചോണം…

കറിയാച്ചന്‍: (വള്ളുവനാടന്‍ സ്റ്റൈലില്‍)ന്നാച്ചാല്‍ ഗംഭീരമാക്കിയേക്കാം…ഓണം നമുക്കങ്ങ് പൊടിപൊടിക്ക്യാ…

തൊമ്മിക്കുഞ്ഞ്: വണ്ടികയറിയങ്ങ് വള്ളുവനാട്ടിലോട്ടു പോകേണ്ട…ഇവിടെ നിന്നാല്‍ മതി..

കറിയാച്ചന്‍: പാചകക്കാരന്റെ ഒരു ഗുമ്മുവന്നോട്ടെയെന്നു കരുതി പറഞ്ഞതാ…

തൊമ്മിക്കുഞ്ഞ്: ങാ..ഒത്തിരി ഗുമ്മിട്ടാലെ അവന്മാര് കമ്മും..കില്ലാഡികളുടെയടുത്തോട്ടാ പോകുന്നത്…

സീന്‍-3
തൊ്മ്മിക്കുഞ്ഞും കറിയാച്ചനും നടന്നുവരുന്നു. തിണ്ണേല്‍ ചതുരംഗം കളിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചനും ജോസും.

തൊമ്മിക്കുഞ്ഞ്: നിങ്ങളിവിടെ കളിച്ചോണ്ടിരിക്കുവാണോ…ങാ…ഓടിനടക്കാന്‍ ഞാനുണ്ടല്ലോ അല്ലേ…

തങ്കച്ചന്‍: ഞങ്ങളെ ഓടിക്കാനുള്ള പണിയുമായിട്ടല്ലേ നിന്റെ നടപ്പ്..

തൊമ്മിക്കുഞ്ഞ്: ദേ..ഇതാണ് ഞാന്‍ പറഞ്ഞ കറിയാച്ചന്‍…പാചകത്തില്‍ ഇങ്ങേരെ വെല്ലാന്‍ ആരുമില്ല…

ജോസ്; പഴയിടവുമായിട്ട് പരിചയമുണ്ടോ…

കറിയാച്ചന്‍: പഴയിടം കഴിഞ്ഞ് രണ്ടു സ്റ്റോപ്പുംകൂടി കഴിഞ്ഞ് ചെറുവള്ളിയിലാ എന്റെ വീട്…

ജോസ്: ങാ…മണിമലയടുത്തുള്ള പഴയിടമല്ല..പാചകകേസരി പഴയിടം നമ്പൂതിരി…

തൊമ്മിക്കുഞ്ഞ്: (ഇടയ്ക്കുകയറി) ജോസെന്നതാ ഈ ചോദിക്കുന്നത്…പഴയിടത്തിന്റെ അരുമശിഷ്യനല്ലേ ഈ നില്‍ക്കുന്നത്…കുറേനാള് പഴയിടത്തിന്റെ കൂടെയായിരുന്നു…ഒടുവില്‍ അടുപ്പില്‍ നിന്ന് ഒരു വിറകുമുട്ടിയെടുത്ത് കയ്യില്‍ കൊടുത്തിട്ട് പഴയിടം പറഞ്ഞു…. ശിഷ്യാ…നീയിനി പോയി സ്വന്തമായിട്ട് അടുപ്പുകൂട്ടിക്കോ….എനിക്കിനി പറഞ്ഞുതരാന്‍ ഒന്നുമില്ലെന്ന്..

തങ്കച്ചന്‍: ചുരുക്കിപ്പറഞ്ഞാല്‍ ഗുരുവിന് വിറകിന്‍മുട്ടിയെടുക്കേണ്ടിവന്നു….

കറിയാച്ചന്‍: (മണംപിടിച്ചിട്ട്) അടുപ്പത്തെന്നതാ ഇരിക്കുന്നത്….ഉപ്പു കുറവാണല്ലോ…കുറച്ചുകൂടിയിട്ടോളാന്‍ പറ…

ജോസ്: ഇവിടെ നിന്നോണ്ട് അതൊക്കെയറിയാന്‍ പറ്റുമോ…

കറിയാച്ചന്‍: അതിലൊക്കെയെന്തിരിക്കുന്നു…ഒരു പതിനഞ്ചുമീറ്റര്‍ അകലത്തിലിരുന്ന് എനിക്ക് എല്ലാം അറിയാം…വലിയ പാചകപ്പുരയാണേല്‍ എല്ലാഅടുപ്പിലും ഒരേസമയം ഓടിയെത്താന്‍ പറ്റില്ലല്ലോ….

തങ്കച്ചന്‍: എന്നാ പിന്നെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലും ചേരാന്‍ മേലായിരുന്നോ…അവര്‍ക്കൊരു മുതല്‍ക്കൂട്ടായേനെ..

ജോസ്: വന്നകാലേല്‍ നില്‍ക്കാതെ ഇരിക്ക്..നമുക്ക് ഇരുന്നു സംസാരിക്കാം…

കറിയാച്ചന്‍: യ്യോ..വേണ്ട..ഞാനങ്ങനെ ഇരിക്കാറില്ല…ഉരുളീന്ന് ഉരുളീലോട്ടുള്ള ഓട്ടമല്ലേ..

തൊമ്മിക്കുഞ്ഞ്: നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം…ഇത്തവണത്തെ ഓണത്തിന്റെ ചുമതലയെല്ലാം കറിയാച്ചനെ ഏല്‍പ്പിക്കാം…

തങ്കച്ചന്‍: നമ്പൂതിരിമാരെയാരെയേലും തൊമ്മിക്കുഞ്ഞ് കൊണ്ടുവരുമെന്നാ ഞാന്‍ കരുതിയത്…

കറിയാച്ചന്‍: (തൊമ്മിക്കുഞ്ഞിനോട്) കറിയാച്ചന്‍ നമ്പൂതിരിയെന്ന് പേരു പറഞ്ഞാല്‍ പോരായിരുന്നോ…

തൊമ്മിക്കുഞ്ഞ്: ഒന്നും പേടിക്കേണ്ട…പാചകത്തിലൊരു കൊച്ചുപുലിയാ ഈ കറിയാച്ചന്‍…

കറിയാച്ചന്‍: എനിക്കു സമയമില്ല….ഒരിടത്ത് ഉരുളി കേറ്റിവെച്ചിട്ടാ ഞാന്‍ പോന്നത്…ഇനി രണ്ടിടത്തുകൂടി ഉരുളി കേറ്റണം..

തങ്കച്ചന്‍: ഉരുളി കമിഴ്ത്തുനേര്‍ച്ചയെന്നു കേട്ടിട്ടുണ്ട്…ഉരുളികേറ്റിവെക്കല് ആദ്യമായിട്ടാ…

കറിയാച്ചന്‍: (ഫോണെടുത്ത്) സൈലന്റിലായിരുന്നോ…പാചകപ്പുരേന്ന് പുറത്തിറങ്ങിയാല്‍ വിളി തുടങ്ങും…അതുകൊണ്ട് ഞാന്‍ സൈലന്റിലാക്കിയിടും…(ഫോണെടുത്ത് മുന്നോട്ട് നടക്കുന്നു) ഹലോ…നാലടുപ്പേലും കയറ്റിയോ…രണ്ടാമത്തെയടുപ്പേല് തീ കുറച്ചു വലിച്ചോ…അവിയലല്ലേ…തീ കൂടിയാ വങ്ങും…വേണ്ട..വേണ്ട…ഉപ്പു ഞാന്‍ വന്നിട്ടിടാം…നീയിട്ടാ ശരിയാകത്തില്ല….(സംസാരിച്ചോണ്ടിരിക്കുമ്പം ഫോണ്‍ ബെല്ലടിക്കുന്നു. ചമ്മലോടെ) പണി പാളി…(ഫോണെടുക്കുന്നു) നിന്നോട് വിളിക്കെണ്ടെന്നു പറഞ്ഞതല്ലേ..പാഴ്‌സലെന്നതേലും മേടിച്ചോണ്ടുവരാം…ങാ..പൊറോട്ടയും സാമ്പാറും മേടിച്ചേക്കാം…

തങ്കച്ചന്‍: സംസാരിച്ചോണ്ടിരിക്കുമ്പം ഫോണ്‍ബെല്ലടിക്കുന്നത് കേള്‍ക്കുന്നത് ആദ്യമായിട്ടാ…

കറിയാച്ചന്‍: (ഫോണ്‍വെച്ച് തിരിഞ്ഞുവരുന്നു) ഭയങ്കര പ്രഷറാ…ഫോണിങ്ങനെ കേറിവന്നോണ്ടിരിക്കും…

തൊമ്മിക്കുഞ്ഞ്: നമ്മടെ പരിപാടികളെക്കുറിച്ച് പറ…

തങ്കച്ചന്‍: ഇത്തവണ ഓണം ഗംഭീരമാക്കണം…കളികളും സദ്യയുമെല്ലാം കൂടി അടിപൊളിയാക്കണം…..

ഭാര്യ: നിങ്ങക്കൊന്നും വേറെ പണിയില്ലേ…വല്ല പ്രയോജനമുള്ള കാര്യവും ചെയ്യാന്‍മേലെ…വയസ്സനാംകാലത്താ ഓണാഘോഷം…

തങ്കച്ചന്‍: അതെന്നാ വയസ്സായെന്നു പറഞ്ഞ് ഓണമാഘോഷിക്കേണ്ടെ…അറുപതു കഴിഞ്ഞാ രണ്ടാം ബാല്യമെന്നാ…അങ്ങനെ പെരയ്ക്കകത്തുകയറിയിരിക്കാന്‍ ഞങ്ങളെ കിട്ടില്ല…

കറിയാച്ചന്‍: അതു കലക്കി..ചേട്ടന്റെ ഈ ആറ്റിറ്റിയൂഡ് എനിക്കിഷ്ടപ്പെട്ടു….

ജോസ്: അതല്ലേലുമുണ്ട്…നമ്മളെന്തേലും ചെയ്താല്‍ കെളവന്മാര്‍ക്ക് വേറെ പണിയില്ലേ…വയസ്സനാം കാലത്ത് വീട്ടിലിരിക്കാന്‍മേലെ…

തൊമ്മിക്കുഞ്ഞ്: പ്രായം ശരീരത്തിലേ വരാവൂ..മനസിനെ ബാധിക്കരുത്…

കറിയാച്ചന്‍: ശ്ശോ…ഞാന്‍ വൈകിപ്പോയി…നേരത്തെ നിങ്ങളെ പരിചയപ്പെടേണ്ടതായിരുന്നു…ഇത്രേം പോസിറ്റീവ് വൈബുള്ളവരെ ഞാന്‍ കണ്ടിട്ടില്ല…

ഭാര്യ; കുറച്ചു കഴിയുമ്പഴും ഇങ്ങനെതന്നെ പറയേണം…

തങ്കച്ചന്‍: അല്ല തൊമ്മിക്കുഞ്ഞേ..ഞാന്‍ ഒരുകാര്യം ചേദിക്കാന്‍ വി്ട്ടു…നീ വലിയ ഇന്റര്‍നാഷണല്‍ പാചകക്കാരനാന്നു പറഞ്ഞിട്ടെന്തിനാ വേറെ ആളെ കൂട്ടിയത്…

തൊമ്മിക്കുഞ്ഞ്: ഹേ…ഞാനീ നാടനൊന്നും ചെയ്യുകേല..വെസ്‌റ്റേണ്‍, അറബിക്, കോണ്ടിനെന്റലൊക്കെയേ എനിക്കു പറ്റു…

ജോസ്: ഓണത്തിനെന്നതാണേലും ഒണ്‍ലി വെജിറ്റേറിയന്‍….

ഭാര്യ: ദേ ഇപ്പഴേ പറഞ്ഞേക്കാം…എന്നെക്കൊണ്ടൊന്നും പറ്റില്ല…ഒരു സാമ്പാറുണ്ടാക്കാം…പപ്പടവും പൊള്ളിക്കാം…

എല്ലാവരും ചിരിക്കുന്നു.

ജോസ്: (കൈകള്‍കൂപ്പി) നീയൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതി….

തങ്കച്ചന്‍: (കറിയാച്ചനെ ചൂണ്ടി) ഇതുകണ്ടോ…ഓണത്തിനു സദ്യയൊരുക്കാനുള്ളയാളാ…അന്നേരമാ സാമ്പാറും പപ്പടവും…പറഞ്ഞുകൊടുക്കെടാ തൊമ്മിക്കുഞ്ഞേ…

തൊമ്മിക്കുഞ്ഞ്: ദേ….പഴയിടത്തിന്റെ…

കറിയാച്ചന്‍: (ഇടയ്ക്കുകയറി) രണ്ടു സ്റ്റോപ്പ് അപ്പുറെ…

തൊമ്മിക്കുഞ്ഞ്: അരുമ ശിഷ്യനാ…കറിയാച്ചന്റെ പായസമുണ്ടല്ലോ…ഒരിക്കല്‍ കുടിച്ചാല്‍…

ഭാര്യ: ജീവിതത്തില്‍ പിന്നെ കുടിക്കത്തില്ലായിരിക്കും…

തൊമ്മിക്കുഞ്ഞ്: ശരിയാ…വേറെ പായസം കുടിക്കില്ല…

ജോസ്: അത്രയ്ക്ക് വെറുത്തുപോകുമോ…

തങ്കച്ചന്‍: ഇപ്പഴൊക്കെ ഓണമുണ്ടോ…നമ്മുടെകാലത്തായിരുന്നു..ഓണവും സദ്യയുമൊക്കെ…

ജോസ്: നമ്മുടെകാലത്ത് എന്നാ ഓണമായിരുന്നു…ആകപ്പാടെ ഒരു സാമ്പാറുണ്ടാക്കും…അതില് കപ്പളങ്ങായായിരിക്കും കൂടുതല്‍ കഷണവും….പിന്നെ പപ്പടം ചുടുന്നതിനു പകരം അന്ന് എണ്ണയുണ്ടേല്‍ പൊള്ളിക്കും…തീര്‍ന്നു…അയലോക്കത്തുനെനങ്ങാനും പായസം കൊണ്ടുവന്നാല്‍ കുടിക്കാം….

തങ്കച്ചന്‍: ഞാന്‍ ചുമ്മാ ഒരു നൊസ്റ്റാള്‍ജിയാ ഇട്ടെന്നേയുള്ളു…

കറിയാച്ചന്‍: ദേ ഒരു ലിസ്റ്റ് ഞാന്‍ തരും…അതനുസരിച്ച് സാധനങ്ങള് മേടിക്കണം…

തങ്കച്ചന്‍: ലിസ്റ്റ് തയാറാക്കിക്കോ…ഒന്നും വിട്ടുപോകരുത്….

കറിയാച്ചന്‍: എത്രപേര്‍ക്കുള്ളതു വേണം..

തൊമ്മിക്കുഞ്ഞ്: ഒരു അമ്പതുപേര് വരില്ലേ തങ്കച്ചാ…ബന്ധുക്കളും പരിചയക്കാരുമെല്ലാമായിട്ട്…

ഭാര്യ: എന്റെ വീട്ടുകാരെ വിളിക്കണം…

തങ്കച്ചന്‍: വിളിച്ചോ..ആരെ വേണേലും വിളിച്ചോ…പക്ഷേ ഒരു നേരത്തെ സദ്യയേ ഉള്ളൂവെന്ന് പറഞ്ഞേക്കണം…ഒരാഴ്ചത്തേക്കൊന്നുമില്ലെന്ന്…

ജോസ്: ഊണിന് ..പച്ചടി കിച്ചടി….അവയല് സാമ്പാറ് എന്നുവേണ്ട എല്ലാ ഇനവും വേണം…

തങ്കച്ചന്‍: പായസം എത്ര ഐറ്റം വേണം…ഒരു നാലെണ്ണം ആയിക്കോട്ടെ….

തൊമ്മിക്കുഞ്ഞ്: അപ്പം നമ്മള് തുടങ്ങുകയായി…(ഉത്സാഹത്തോടെ) ആര്‍പ്പോ..ര്‍റോ…ര്‍റോ..

എല്ലാവരുംകൂടി: ആര്‍പ്പോ …ര്‍റോ…ര്‍റോ…

എല്ലാവരും കൂടി പാ്ട്ടുപാടി രസിക്കുന്നു. തലേല്‍ കൈവെച്ച് ഭാര്യ അകത്തേക്ക് പോകുന്നു.

കറിയാച്ചന്‍: ചേട്ടാ നിര്‍ത്തിക്കേ…എനിക്ക് ഉരുളിയിറക്കാനുള്ള സമയമായി..

തങ്കച്ചന്‍: അതിനു താന്‍ ഉരുളിയിറക്കുന്നതിന് ഞങ്ങളെന്നാത്തിനാ പാട്ടുനിര്‍ത്തുന്നത്…

കറിയാച്ചന്‍: സാധനങ്ങള് മേടിക്കേണ്ടെ…ലിസ്റ്റനുസരിച്ച്…

ജോസ്: എല്ലാം മേടിച്ചോ….ഒന്നും കുറയ്‌ക്കേണ്ട…

തൊമ്മിക്കുഞ്ഞ്: ദേ സാധനങ്ങള് മേടിക്കുമ്പം പ്രത്യേകം ശ്രദ്ധിച്ചോണം…എല്ലാം ഫ്രഷായിരിക്കണം….

കറിയാച്ചന്‍: ഒരു ഇരുപതിനായിരം ഇപ്പോ തരണം…അഡ്വാന്‍സ്…ബാക്കി കഴിയുമ്പം തന്നാല്‍ മതി…

ജോസ്: (അകത്തേക്കുനോക്കി) നീയെന്നെ വിളിച്ചായിരുന്നോ…(അകത്തേക്ക് ധൃതിയില്‍ പോകുന്നു)

തങ്കച്ചന്‍: (ഫോണ്‍ വിളിച്ചുകൊണ്ടു നീങ്ങുന്നു) തേങ്ങായിടാന്‍ ആളുവന്നെന്നോ…കേറിക്കോളാന്‍ പറ…ഞാന്‍ വന്നു…

തൊമമിക്കുഞ്ഞ്: (ഫോണ്‍ വിളിച്ചുകൊണ്ട് നീങ്ങുന്നു) ങേ…പശു കയറുപൊട്ടിച്ചോ…കപ്പയ്ക്കകത്തുകയറാതെ നോക്കിക്കോണം…ഞാന്‍ വരുവാ…

കറിയാച്ചന്‍ എല്ലാവരും പോകുന്നത് നോക്കി നില്‍ക്കുകയാണ്.

കറിയാച്ചന്‍: ഞാനായിട്ടെന്നാത്തിനാ ഇവിടെ നില്‍ക്കുന്നത് പോയേക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here