ഓണപായസമൊരുക്കലിന്റെ കഥ

0
117

നേരംപോക്ക
എപ്പിസോഡ്-38

സീന്‍-1

തേങ്ങപൊട്ടിക്കുന്നതിന്റെ ക്ലോസപ്പ്. കുര്യാപ്പി തേങ്ങ പൊട്ടിക്കുകയാണ്. കുറച്ച് പൊട്ടിച്ചിരിക്കുന്നു. ഇനിയും പൊട്ടിക്കാന്‍ കിടപ്പുണ്ട്.

കുര്യാപ്പി: (പൊട്ടിക്കാന്‍ അടുത്ത തേങ്ങയെടുത്തുകൊണ്ട്) എനിക്കു പണി തന്നിട്ട് അവന്മാര് പോയിരിക്കുവാ. ഏതുനേരത്താണോ തേങ്ങ ചെരണ്ടിയേക്കാമെന്ന് പറയാന്‍ തോന്നിയത്.

ചേടത്തി: (ചെരവയുമായി വരുന്നു)കുര്യാപ്പിയെന്നാ തേങ്ങായോടാണോ വര്‍ത്തമാനം പറയുന്നത്.

കുര്യാപ്പി: അങ്ങേരിവിടെയില്ലല്ലോ പിന്നെന്നാത്തിനാ ചെരവയുമായി നടക്കുന്നത്…

ചേടത്തി: കുര്യാപ്പിയോട് തേങ്ങചെരവി തുടങ്ങിക്കോളാന്‍ വിളിച്ചു പറഞ്ഞു. അവര് ശര്‍ക്കരമേടിക്കാന്‍ കരിമ്പ് ആട്ടുന്നിടത്തേക്കു പോയി.

കുര്യാപ്പി: അവന്മാര് കരിമ്പ് ആട്ടുന്നത്എവിടെയാന്ന് എനിക്കു മനസിലായി….ഇങ്ങുവരട്ട്…(തേങ്ങ പൊട്ടിക്കുന്നു. തന്നെ കൂട്ടാതെ പോയതിന്റെ അമര്‍ഷം പൊട്ടിക്കുന്നതിലുണ്ട്.)

ജോസിന്റെ ഭാര്യ:(ഒരു പാത്രവുമായി വരുന്നു) ദേ..വെള്ളംകളിക്കുള്ള വല്ല പരിപാടിയുമാണെങ്കില്‍ ഞാന്‍ നില്‍ക്കില്ല…ഇപ്പഴേ പറഞ്ഞേക്കാം…

കുര്യാപ്പി: അത് ഭര്‍ത്താവ് വരുമ്പം നേരിട്ടു പറഞ്ഞാല്‍ മതി….അങ്ങേരായിരിക്കും അമരത്ത്….

ദൂരേനിന്നും വണ്ടി വരുന്നതിന്റെയും ആര്‍പ്പുവിളിയുടെയും ശബ്ദം.

സീന്‍-2

ചേടത്തി: ദേണ്ട് വരുന്നുണ്ട്…ഇന്നിനി എന്നായൊക്കെ കാണേണ്ടിവരുമോ ആവോ…

ആര്‍പ്പുവിളികളോടെ തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും കറിയാച്ചനും വണ്ടിയില്‍ വരുന്നു. വണ്ടിയില്‍ നിന്നും ശര്‍ക്കര തുടങ്ങിയ സാധനങ്ങള്‍ ഇറക്കുന്നു.

ചേടത്തി: ഇതെന്തിനാ ഇത്രേം സാധനങ്ങള് മേടിച്ചത്….

തങ്കച്ചന്‍: എടീ ഇത്തവണ ഓണം നമ്മള് അടിച്ചുപൊളിക്കും…

ജോസ്: പറഞ്ഞ് നില്‍ക്കാന്‍ നേരമില്ല..സാധനങ്ങള് എല്ലാം എടുത്തുവെക്ക്..

തൊമ്മിക്കുഞ്ഞ്: എല്ലാവരുമൊന്ന് ഉഷാറായിക്കേ…

സീന്‍-3
തേങ്ങാപൊട്ടിക്കുന്നിടത്തേക്ക് വരുന്ന തങ്കച്ചന്‍.

തങ്കച്ചന്‍: കുര്യാപ്പി…ഇത് പൊട്ടിച്ചുതീര്‍ന്നില്ലേ…തേങ്ങായുടെ പണി തീര്‍ന്നുകാണുമെന്നാ ഞാന്‍ കരുതിയത്…

കുര്യാപ്പി:(നടന്നുവരുന്നു) എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാംകൂടി ചെരവാന്‍ പറ്റുകേല…

തങ്കച്ചന്‍: സ്റ്റൂളിട്ട് നടുക്കിരുന്ന് രണ്ട് ചെരവേല് രണ്ടുകൈകൊണ്ട് ചെരവി മറിക്കുമെന്ന് തള്ളിയായിരുന്നല്ലോ…

കുര്യാപ്പി: അതൊക്കെ ആയകാലത്ത്…ഇപ്പം അത്രേം കൈവഴങ്ങുകേല…

തങ്കച്ചന്‍: ഒരു കാര്യം ചെയ്യ് രണ്ടു ഗേള്‍സിനെ വിട്ടുതരാം…

കുര്യാപ്പി: (താത്പര്യത്തോടെ) ആഹാ അതുകൊള്ളാം…താന്‍ വേറേ പണിക്കാരു പിള്ളേരെ വിളിച്ചിട്ടുണ്ടല്ലേ….അല്ലേലും താന്‍ എല്ലാം നോക്കിയും കണ്ടുമെ ചെയ്യത്തുള്ളുവെന്ന് എനിക്കറിയാം…

തങ്കച്ചന്‍: വേറെ ആരുമില്ല…ദേ അവരെ രണ്ടുപേരെയും..
(ചൂണ്ടിക്കാണിക്കുന്നു. അവിടെ പല്ലേല്‍ കുത്തിക്കൊണ്ടിരിക്കുന്ന ചേടത്തിയും തലചൊറിഞ്ഞോണ്ടിരിക്കുന്ന ജോസിന്റെ ഭാര്യയും)

കുര്യാപ്പി: (നോക്കിയിട്ട് നിരാശയും കലിപ്പോടെയും) വേണ്ട ഞാന്‍ തന്നെ പൊട്ടിച്ചോളാം. (ആഞ്ഞ് തേങ്ങ പൊട്ടിക്കുന്നു)

സീന്‍-4
കറിയാച്ചനും ജോസും തൊമ്മിക്കുഞ്ഞും തര്‍ക്കിച്ചുകൊണ്ട് വരുന്നു.

കറിയാച്ചന്‍: ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയിട്ടു പായസമുണ്ടാക്കു തുടങ്ങിയാ് മതി.

തങ്കച്ചന്‍: എന്നതാടാ ഉവ്വേ ബഹളം..ഉരുളിയെടുത്തോ…

ജോസ്: ഉരുളിയെടുക്കാന്‍ വരട്ടെ…ആരാ ഇതിന്റെ മെയിന്‍ കോക്കി…അതു തീരുമാനിച്ചിട്ടു തുടങ്ങിയാല്‍ മതി.

തൊമ്മിക്കുഞ്ഞ്: ഞാന്‍ ഇന്റര്‍നാഷണല്‍ ഷെഫാ…ഞാന്‍ ഉടുപ്പും തൊപ്പിയുമൈാക്കെയായിട്ടാ വന്നത്…ഞാന്‍ തന്നെ മെയിന്‍ ഷെഫ്…

ജോസ്: ഉടുപ്പും തൊപ്പിയും അടുപ്പിലിട്ടു കത്തിക്കും ഞാന്‍…നാട്ടിലെവിടെ പായസംവെച്ചാലും ഞാനാ മെയിന്‍ ഇളക്കുകാരന്‍…

കറിയാച്ചന്‍: അതുപിന്നെ എല്ലാവര്‍ക്കുമറിയാം…നാട്ടിലെ മെയിന്‍ ഇളക്കുകാരന്‍ നിങ്ങളാന്ന്…ഞാനിന്നലെ യുട്യൂബീ കയറി പായസമുണ്ടാക്കുന്ന എത്രവീഡിയോയാ കണ്ടതെന്നറിയാമോ…ഭാര്യ ധ്യാനപ്രസംഗം കേള്‍ക്കാന്‍ വന്നപ്പോഴേക്ക് ജീബി മുഴുവന്‍ തീര്‍ന്നു…

തങ്കച്ചന്‍: പിന്നെ അവള് ധ്യാനപ്രസംഗം നടത്തിയായിരിക്കും…ബഹളം ഞാന്‍ കേട്ടായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഇതിനൊരു തീരുമാനമുണ്ടാക്ക്…എന്നിട്ട് ഉരുളി കേറ്റിയാമതി…

തങ്കച്ചന്‍: അതിനിത്ര സംശയിക്കാനെന്തിരിക്കുന്നു….മെയിന്‍ കുക്ക് ഞാന്‍…നിങ്ങളൊക്കെ അസിസ്റ്റന്റസ്….

എല്ലാവരും നിരാശര്‍.

തൊമ്മിക്കുഞ്ഞ്: (നടന്നുകൊണ്ട്) ഇപ്പം എല്ലാവര്‍ക്കും സമാധാനമായല്ലോ. മര്യാദയ്ക്ക് എല്ലാവര്‍ക്കും അഡ്ജസ്റ്റ് ചെയ്തങ്ങുപോയാ മതിയായിരുന്നു…ഇനിയിപ്പം അങ്ങേരു പറയുന്നതെല്ലാം ചെയ്തു കൊടുക്കണം…

ജോസ്: എന്നതാണേലും ഇളക്കുന്നത് ഞാനായിരിക്കും…

സീന്‍-5

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…എല്ലാവരുമൊന്ന് ഉഷാറായിക്കേ…ചാടിച്ചാടി നിന്നേ…കുര്യാപ്പി എന്നാ ഇങ്ങുവന്നേ…തേങ്ങായുടെ പരിപാടി തീര്‍ന്നോ…

കുര്യാപ്പി: തേങ്ങാ പൊട്ടിച്ചു തീര്‍ന്നു…അവര് ചെരവാന്‍ തുടങ്ങി…

തൊമ്മിക്കുഞ്ഞ്: നിങ്ങളിങ്ങനെ അടിയന്തിരം നടത്തുന്നതുപോലെയാണോ…ഓണത്തിന് പായസം വെക്കുന്നത്…പാട്ടൊക്കെ പാടി ഒരോളം വെക്കേണ്ടെ…

കറിയാച്ചന്‍: പ്രശസ്ത ഗായകനിവിടെയുള്ളപ്പം പാട്ടിനെന്നാ കുഴപ്പം…

തങ്കച്ചന്‍: (ചുറ്റുംനോക്കി) അതാരാ..നമ്മളുമാത്രമേ ഇവിടെയുള്ളല്ലോ….

കറിയാച്ചന്‍: (ഗമയ്ക്ക്) ഞാന്‍ തന്നെ…

ജോസ്: തങ്കച്ചാ…ഇവിടുത്തെ പശൂനെ മാത്രം കെട്ടിയിട്ടാല്‍ പോര…അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ മൊത്തം അറിയിപ്പുകൊടുക്കണം…

കറിയാച്ചന്‍: ഒന്നാം ക്ലാസില്‍ പഠിച്ചപ്പോ മേരിക്കുട്ടി ടീച്ചര്‍ പറഞ്ഞതാ മോനേ നീ വലുതാകുമ്പം വലിയ പാട്ടുകാരനാകുമെന്ന്…

തങ്കച്ചന്‍: അവരുടെ് ചെവിക്കുകേള്‍വിയില്ലാത്തതാ….വീട്ടീപോണമെന്നു പറഞ്ഞ് ഇവന്‍ കാറിയപ്പം അവരു കരുതി പാട്ടുപാടുവാന്ന്…

തൊമ്മിക്കുഞ്ഞ്: കറിയാച്ചന്റെ ഒരു ആഗ്രഹമല്ലേ…ഓണമായിട്ട് സാധിച്ചു കൊടുത്തില്ലെന്നു വേണ്ട…പാട്…

കറിയാച്ചന്‍ തൊണ്ട ശരിയാക്കി പാടാന്‍ തയാറെടുക്കുന്നു.

കറിയാച്ചന്‍: (ഹൈപിച്ചില്‍) സുഖമോ ദേവീ…സുഖമോ ദേവീ….സുഖമോ…സുഖമോ…

തങ്കച്ചന്‍: (ഇടയ്ക്കുകയറി) ദേവിക്കു സുഖമാണോയെന്ന് നീ നേരിട്ടു പോയി ചോദിക്കെടാ…ഇവിടെ നിന്നു വിളിച്ചുകൂവാതെ…

ജോസ്: കറിയാച്ചനൊരു സിനിമാ പാട്ടു പാടിയതല്ലെ…നിങ്ങളിങ്ങനെ ചൂടാകാന്‍…

തങ്കച്ചന്‍: അവന്റെയൊരു സിനിമാ പാട്ട്….. അപ്പുറത്തെ വീട്ടിലെ പട്ടാളക്കാരന്റെ ഭാര്യേടെ പേര് ദേവീന്നാ…അവനതിലെയൊരു കറക്കമുണ്ട്….

കറിയാച്ചന്‍: അല്ലേലുമിത് കലാകാരന്മാരുടെ വിധിയാ…എപ്പഴും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കും…..

സീന്‍-6

അടുപ്പു കൂട്ടുന്നു.

ജോസ്: ഇനി അടുപ്പിലേക്ക് തീപകരുന്ന ചടങ്ങ്…

കറിയാച്ചന്‍: എല്ലാം ആചാരപരമായിക്കോട്ടെ…മുതിര്‍ന്നയാള് അടുപ്പില്‍ തീപകരണം…

തങ്കച്ചന്‍: എങ്കില്‍ ഞാന്‍ തന്നെ കത്തിക്കാം…

ജോസ്: എല്ലാം നിങ്ങളുതന്നെയങ്ങുചെയ്താലെങ്ങനാ…എനിക്കാ പ്രായക്കൂടുതല്…

തങ്കച്ചന്‍: അതാരു പറഞ്ഞു…നിന്നെക്കാളും ഒരു വയസ്മൂത്തതാ ഞാന്‍….

ജോസ്: എന്നെ സ്‌കൂളില്‍ ചേര്‍ത്തപ്പം ജനനതീയതി തെറ്റിയതാ…അതാ എസ്എസ്എല്‍സി ബുക്കിലങ്ങനെവന്നത്…

തങ്കച്ചന്‍: എങ്ങനെ…എങ്ങനെ….പത്താം ക്ലാസു ജയിക്കുമ്പം കിട്ടുന്ന ബുക്കാ എസ്എസ്എല്‍ സിബുക്ക്..അല്ലാതെ എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തുമ്പം കിട്ടുന്ന ബുക്കല്ല…

തൊമ്മിക്കുഞ്ഞ് ഒരു കടലാസു ചരുള്‍ കത്തിച്ചുകൊണ്ടുവരുന്നു.

തൊമ്മിക്കുഞ്ഞ്: അടുപ്പുകൂട്ടിയിട്ട് ഇത്രേംനേരമായിട്ടും തീ കത്തിച്ചിട്ടില്ല…ഒരു ഉത്തരവാദിത്തം ഉല്ലാത്തവന്മാര്..എല്ലായിടത്തും എന്റെ കൈയ്യെത്തണമെന്നു പറഞ്ഞാല്…(തീ കത്തിക്കുന്നു. അവിടെ തര്‍ക്കം തുടരുകയാണ്.)

തൊമ്മിക്കുഞ്ഞ്: ദേ..തീ കത്തിച്ചു…ഇനി അടുത്തപരിപാടി…

എല്ലാവരും നിരാശയോടെ തിരിഞ്ഞു നില്‍ക്കുന്നു.

കറിയാച്ചന്‍: ഇനി തര്‍ക്കമില്ലല്ലോ…..തീ കത്തി

സീന്‍-7

അടുപ്പില്‍ തീ ആളിക്കത്തുന്നു.

തങ്കച്ചന്‍: ജോസേ…ഉരുളി പിടിയെടാ….

ആര്‍പ്പോ വിളികളോടെ ഉരുളി അടുപ്പില്‍ കയറ്റുന്നു…നിര്‍ദേശങ്ങളും ജോലികളും. അരിയിടുന്നു. തിളയ്ക്കുന്നു.

ഉരുളിയില്‍ ഇളക്കിക്കൊണ്ടിരിക്കുന്ന ജോസ്. അടുപ്പില്‍ തീ കൂട്ടിയും ജോലികള്‍ ചെയ്തും തൊമ്മിക്കുഞ്ഞും കുര്യാപ്പിയും കറിയാച്ചനും. ചേടത്തി വരുന്നു.

ചേടത്തി: അങ്ങേരെന്തിയേ…കണ്ടില്ലല്ലോ…

കറിയാച്ചന്‍: ആ കയറൊന്നഴിച്ചുവിട്…അങ്ങേര് മനസമാധാനത്തോടെ എവിടെയെങ്കിലും മേയട്ടെ…

ചേടത്തി: കുറേമേഞ്ഞതാ…ഷുഗറുള്ള മനുഷ്യനാ എപ്പഴാ എവിടെയാ വീഴുന്നതെന്ന് അറിയാന്മേല….

ജോസ്: പായസത്തില്‍ വീണാല്‍ ഞാന്‍ പറഞ്ഞേക്കാം…

കറിയാച്ചന്‍: എങ്കി പായസം മാറ്റി കുഴിമന്തിയാക്കേണ്ടിവരും…

സീന്‍-8
ഉരുളിക്കു ചുറ്റും ആള്‍ക്കാര്‍. തങ്കച്ചന്റെ ഫോണ്‍ ബെല്ലടിക്കുന്നു.

തങ്കച്ചന്‍:(ഫോണെടുത്ത്) ഹലോ..യ്യോ…ആശാനേ…(ഭവ്യതയോടെ മുണ്ടഴിച്ചിടുന്നു)ങേ..യ്യോ..ഇതെങ്ങനെ അറിഞ്ഞു…അവിടെ പായസത്തിന്റെ മണം വന്നോ…അതിനെന്നാ ആളെ വിടാം…എനിക്കഭിമാനമേയുള്ളു ആശാനേ…

ജോസ്: ആരാ…ആശാനാണോ…അവിടെയിരുന്ന് ആശാന്‍ പായസത്തിന്റെ മണം പിടിച്ചോ…

തങ്കച്ചന്‍: അതാടാ എന്റെ ആശാന്‍…പായസത്തിന്റെ കൂട്ട് എനിക്കു പറഞ്ഞുതന്നത് ആശാനാ..ജോസേ വണ്ടി വിടണം ആശാനെ കൊണ്ടുവരാന്‍…

സീന്‍-9

ഭിത്തിക്കു മറഞ്ഞിരുന്ന് ശര്‍ക്കര കടിച്ചു തിന്നുന്ന തങ്കച്ചന്‍. കണ്ടുകൊണ്ടുവരുന്ന ചേടത്തി.

ചേടത്തി: എനിക്കപ്പഴേ സംശയമുണ്ടായിരുന്നു. നിങ്ങളീ പണി കാണിക്കുമെന്ന്…

തങ്കച്ചന്‍: (ചമ്മലോടെ)എടീ കടിച്ചതേയുള്ളു… അന്നേരത്തേക്ക് നീ വന്നു…

ചേടത്തി: ഉവ്വ…കുറഞ്ഞത് ഒരു കിലോ അകത്താക്കിയിട്ടുകാണും…ഷുഗറെത്രേലാ നീക്കുന്നതെന്നറിയാമോ…നിങ്ങള്‍ക്ക് അടുത്തകൊല്ലവും ഓണമുണ്ണണമെന്നില്ലേ…

തങ്കച്ചന്‍ ഒരു കൂട് ശര്‍ക്കരയുമായി എണീറ്റുവരുന്നു.

ചേടത്തി: ന്റെ ദൈവമേ…ഇങ്ങോട്ടു നടക്കു മനുഷ്യാ…

സീന്‍-10

ചേടത്തിയും ജോസിന്റെ ഭാര്യയും തേങ്ങചെരവുന്നു. ജോസ് വരുന്നു.

ജോസ്: നിങ്ങളിതുവരെ തേങ്ങചെരവി തീര്‍ന്നില്ലേ…ഇത് അത്താഴത്തിനല്ല….പായസമുണ്ടാക്കാനാ…

ഭാര്യ: ഇതു ചുമ്മാ തള്ളിമറിക്കുന്നതുപോലെയല്ല…ചെരവി മറിക്കണം…

ചേടത്തി: വീട്ടില്‍ തേങ്ങചെരവുന്നതൊക്കെ ജോസാണെന്നാണല്ലോ…ഇന്നാള് എന്നോട് പറഞ്ഞത്…

ഭാര്യ: ഇങ്ങേര് അതല്ല അതിനപ്പുറവും പറയും…

ജോസ്: അതെന്നതാ അവിടെയേതാണ്ട്….(രണ്ടുപേരും അങ്ങോട്ടു നോക്കുന്നു. ആ നേരത്ത് തേങ്ങായെടുത്ത് ജോസ് ഓടുന്നു)

ഭാര്യ: (തിരിഞ്ഞ്) ഹോ..ഇങ്ങേരെക്കൊണ്ട് ഞാന്‍ മടുത്തു…(ചേടത്തിയോട്) അടുക്കളേല്‍ തേങ്ങചെരവുമ്പം എനിക്ക് തേങ്ങചെരവാന്‍ നേരം കിട്ടില്ല….ഒരു കൈകൊണ്ട് പൂച്ചേം ഓടിക്കണം…ഒരു കൈകൊണ്ട് ഇങ്ങേരേം ഓടിക്കണം….

സീന്‍-11

കുര്യാപ്പി തോര്‍ത്തുവീശിവരുന്നു.

കുര്യാപ്പി: ദേ..തേങ്ങ ചെരവി തീര്‍ന്നു…ഇനി പിഴിയണം…

തങ്കച്ചന്‍: എനിക്കു കോച്ചിപിടിക്കും..പിഴിയാന്‍ പറ്റുകേല…

തൊമ്മിക്കുഞ്ഞ്: ഞാന്‍ ഇന്റര്‍നാഷണല്‍ ഷെഫാ..അവിടെ പിഴിയലൊന്നുമില്ല…എല്ലാം കോക്കനട്ട് മില്‍ക്ക് പൗഡറാ…

ജോസ്: ഇളക്കുകാരന്‍ പിഴിയുകേല…

കറിയാച്ചന്‍: ഒരാളെകിട്ടിയാല് ഞാന്‍ പിഴിയാം…

ജോസ്: ആ പിഴിച്ചിലല്ല…തേങ്ങാപിഴിയലാ..

തങ്കച്ചന്‍: ആരും തര്‍ക്കിക്കേണ്ട…ഞാനതിനൊക്കെ ഏര്‍്പ്പാടാക്കിയിട്ടുണ്ട്….ദേ ആളുവന്നു കഴിഞ്ഞു…

ജോസ്: (നോക്കിയിട്ട്) അത് നമ്മടെ ജിമ്മന്‍ മാണിയല്ലേ….മാറി നിന്നോ അല്ലേല് അവന്‍ നമ്മളെക്കൂടി പിടിച്ചു പിഴിയും…

മാണി നടന്നുവരുന്നു. ഒരു ജിമ്മന്റെ ഭാവഹാവാദികളോടെയാണ് വരവ്.

മാണി: എവിടെ പിഴിയാനുള്ള തേങ്ങ…സമയമില്ല…നാലിടത്തെ പിഴിച്ചിലു കഴിഞ്ഞു….. ഇതു കഴിഞ്ഞ് വനിതാ സംഘത്തിലാ…

ജോസ്: അവിടെ പായസംവെക്കാനാളുവേണോ…

മാണി: (ജോസിനെ നോക്കിയിട്ട്) ഒരു കാട്ടില്‍ ഒരു സിംഹം മതി….ആരാ എന്റെ കൂട്ടുപിടിക്കാരന്‍…

തങ്കച്ചന്‍: ഇതല്ലേ …കറിയാച്ചന്‍….തുടങ്ങിക്കോ…

മാണി: തേങ്ങാ പിഴിയുന്നതിനൊരു താളമുണ്ട്…അതുനോക്കിവേണം ചെയ്യാന്‍…വെറുതേ എനിക്കു പണിയുണ്ടാക്കരുത്….

സീന്‍-12

തേങ്ങാ പിഴിയാനുള്ള തയാറെടുപ്പ്.

മാണി: ശത്രുക്കളാരെങ്കിലുമുണ്ടോ…

കറിയാച്ചന്‍: പിന്നെ… ഇഷ്ടം പോലെ..ശത്രുക്കളേയുള്ളു….

മാണി: എങ്കില്‍ ആദ്യം അവരെ മനസില്‍ ധ്യാനിച്ച് തോര്‍ത്തിലേക്ക് കൊണ്ടുവരുക…അവരെയാണ് പിഴിയുന്നതെന്ന് സങ്കല്‍പ്പിക്കുക…ഒരു തരിപാലുപോലും തേങ്ങാപ്പീരേല്‍ ബാക്കി കാണില്ല…

കറിയാച്ചന്‍: എന്നാ പിടിച്ചോ…അക്കാര്യം ഞാനേറ്റു.

തേങ്ങാ പിഴിയുന്നതിന്റെ ദൃശ്യങ്ങള്‍.

സീന്‍-13

പായസം ഇളക്കുന്നതിന്റെയും പാലൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍. ഉരുളിയില്‍ തിളച്ചുമറിയുന്ന പായസം.

കുര്യാപ്പി: ഇതെന്നാ ഓണമായിട്ടു വേറെ ഒന്നുമില്ലേ…അടുപ്പിന്റെ ചൂടുമറക്കാനുള്ള സാധനം വേണ്ടേ…ഇപ്പം കിട്ടും ഇപ്പം കിട്ടുമെന്ന് കരുതി നിക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി…

ജോസ്: (ഇളക്കികൊണ്ട്) തൊമ്മിക്കുഞ്ഞ് പോയിട്ടുണ്ട്…ഇപ്പംവരും…ഇതുങ്ങളുടെ കണ്ണുവെട്ടിച്ചു വേണ്ടെ പോകാന്‍.

സീന്‍-14

ആശാന്‍ വരുന്നു. കറിയാച്ചനും ജോസും താങ്ങി പിടിച്ചിട്ടുണ്ട്.

ആശാന്‍: ശിഷ്യന്മാരേ …ഞാന്‍ വന്നെടാ…

തങ്കച്ചന്‍: ആശാനേ..ഞാന്‍ കൃതാര്‍ത്ഥനായി ആശാനേ…കൃതാര്‍ത്ഥനായി…

ആശാന്‍: (ചുറ്റും നോക്കിയിട്ട്) ഒന്നുമില്ലേടാ…

തങ്കച്ചന്‍: പായസം ഇപ്പം റെഡിയാകും ആശാനേ…

ആശാന്‍: നീയെന്നാ കൊല്ലാനാണോടാ ശിഷ്യാ…ഷുഗറ് കേറി മൂടിയിരിക്കുന്ന എനിക്കെന്തിനാടാ പായസം….(കൈകൊണ്ട് ആംഗ്യം കാണിച്ച്) ഇതില്ലേ…

ജോസ്: (ചെവിയില്‍) ആശാനേ ചതിക്കരുത്…പയ്യെപ്പറ…പെണ്ണുങ്ങള് അറിഞ്ഞാല്‍ ആശാനെ എടുത്ത് അടുപ്പില്‍ വെക്കും….തൊമ്മിക്കുഞ്ഞ് പോയിട്ടുണ്ട്…

ആശാന്‍: അതുമതി…എനിക്കതു കേട്ടാല്‍മതി…എന്റെ ശിഷ്യന്മാര്‍ ഒന്നിനും കുരവുവരുത്തില്ലെന്ന് അറിയാം…

തങ്കച്ചന്‍: ജോസേ…ആശാനേ അങ്ങോട്ടു മാറ്റി ചാരിവെക്ക്…ഉരുളിയിറക്കിയിട്ട് കൂടാം…

സീന്‍-15

പായസം ഇളക്കുന്നതിന്റെ ദൃശ്യങ്ങള്‍.

ജോസ്: ഇതാ പായസം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. തലപ്പാലൊഴിക്കുന്നു. (ഒഴിക്കുന്നു. ഇളക്കുന്നു.)

തൊമ്മിക്കുഞ്ഞ്: (പാട്ടുപാടുന്നു) പായസം ഇതു പായസം…

കുര്യാപ്പി: തൊമ്മിക്കുഞ്ഞ് പെട്ടെന്ന് പാട്ടുകാരനായല്ലോ…ഞങ്ങളെ പറ്റിച്ച് ഇടയ്‌ക്കെങ്ങോട്ടെങ്കിലും മുങ്ങിയായിരുന്നോ…

കറിയാച്ചന്‍: ഇന്നിവിടെ ആരും മുങ്ങുകേം ഇല്ല…ഒന്നും നടക്കുകേം ഇല്ല…രണ്ടു കമാന്‍ഡോകളാ ഇവിടെ റോന്തു ചുറ്റുന്നത്. (പാത്രവുമായിവരുന്ന ചേടത്തിയെയും ജോസിന്റെ ഭാര്യയെയും നോക്കി) രണ്ടുപേരും കര്‍ശനമായ നിരീക്ഷണത്തിലാ…

സീന്‍-16

ആവേശത്തോടെ തലേല്‍ക്കെട്ടുകെട്ടി വരുന്ന ജോസും തങ്കച്ചനും.

കുര്യാപ്പി: ആ വരവുകണ്ടിട്ട് അത്രപന്തിയല്ലല്ലോ…

തങ്കച്ചന്‍: ഉരുളിയിറക്കാറായോ….കുട്ടനാടന്‍ പുഞ്ചയിലെ തിത്തൈയ് തകതോം…

ജോസ്: തിത്തൈയ് തകതോം…(കറിയാച്ചന്റെ ചെവിയില്‍) റബറിന്റെ ചുവട്ടില്‍ സാധനം ഇരുപ്പുണ്ട്…തൊമ്മിക്കുഞ്ഞടിച്ചതാ…കുര്യാപ്പിയെയും കൂട്ടിക്കോ….

തൊമ്മിക്കുഞ്ഞ്: പായസം…ഇതുപായസം…

കറിയാച്ചന്‍: കൊച്ചുകള്ളന്‍ പായസപ്പാട്ടുപാടി രസിക്കുവാ അല്ലേ…

കുര്യാപ്പിയും കറിയാച്ചനും ഉത്സാഹത്തോടെ പോകുന്നു.

ചേടത്തി: (സംശയത്തോടെ വരുന്നു) നിങ്ങളെവിടെയാ മുങ്ങിയത് ഇതിനിടെ…

തങ്കച്ചന്‍: എവിടെ മുങ്ങാന്‍…മുങ്ങിയാല്‍ പായസമാകുമോ…

ചേടത്തി: ഒന്നൂതിക്കേ…

തങ്കച്ചന്‍: പൊക്കോണം…പുറത്തിറങ്ങിയാല്‍ പോലീസ്…വീട്ടില്‍ വന്നാല്‍ ഭാര്യ…ഊതാനേ നേരമുള്ളല്ലോ…

ജോസ്: നിങ്ങള്‍ക്കിത്ര കണ്ണിച്ചോരയില്ലല്ലോ…അടുപ്പത്ത് ഈ ചൂടത്തുനിന്ന് പായസമിളക്കുന്ന ഞങ്ങളുടെ മുഖത്തുനോക്കി ഇങ്ങനെയൊക്കെ പറയാമോ…

ഭാര്യ: ഇല്ലെന്നേ…ഇന്ന് ഇവരു മര്യാദക്കാരാ…വാ..നമുക്ക് പായസം പകര്‍ന്നുവെക്കാനുള്ള പാത്രമൊക്കെയെടുത്തുവെക്കാം….

ഇരുവരും പോകുന്നു.

ജോസ്:(തങ്കച്ചനെ നോക്കി) പൊട്ടാ….ഒന്നും മനസിലായില്ല(ചിരിക്കുന്നു)

തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും കൂടി പാട്ടുപാടി പായസമിളക്കുന്നു. കുര്യാപ്പിയും കറിയാച്ചനും പാട്ടുപാടിവരുന്നു.

ആശാനെ മാണി പിടിച്ചുകൊണ്ടു വരുന്നു.

ആശാന്‍: ആര്‍പ്പോ…ര്‍റോ…ര്‍റോ…

തങ്കച്ചന്‍: ആശാനേ പതുക്കെ തെറിച്ചു പോകരുത്…

സീന്‍-17

ചേടത്തിയും ജോസിന്റെ ഭാര്യയും നോക്കിനില്‍ക്കുന്നു.

ചേടത്തി: കണ്ടോ വെള്ളമടിയില്ലാത്തതുകൊണ്ട് എന്തുമനസമാധാനമുണ്ട്….വെള്ളമായിരുന്നേല്‍ ഇപ്പം എല്ലാംകൂടി ഉരുളിക്കകത്തു കിടന്നേനെ….

ഭാര്യ: നമ്മളതുപോലെ നോക്കിനിന്നിട്ടാ ചേച്ചീ…അല്ലേല്‍ കാണാമായിരുന്നു…

സീന്‍-19

തങ്കച്ചന്‍: ഭാര്യമാരെ പറ്റിക്കുന്നേല്‍ ഇങ്ങനെ പറ്റിക്കണം…മനസിനു വല്ലാത്തൊരു കുളിര്…പാടെടാ തൊമ്മിക്കുഞ്ഞേ….മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ…

എല്ലാവരുംകൂടി: കള്ളവുമില്ല ചതിയുമില്ല…എള്ളോളമില്ല പൊളിവചനം…

LEAVE A REPLY

Please enter your comment!
Please enter your name here