ചന്ദ്രനില്‍ സ്ഥലം വാങ്ങാനിറങ്ങിയവര്‍

0
49

നേരംപോക്ക്
എപ്പിസോഡ്-39

വരാന്തയില്‍ കിടന്നുറങ്ങുന്ന തങ്കച്ചന്‍. വായുംപൊളിച്ച് കൂര്‍ക്കം വലിച്ചുള്ള ഉറക്കമാണ്. ഇടയ്ക്ക് എന്തോ സ്വപ്‌നം കാണുന്നുണ്ട്. കൂര്‍ക്കംവലി കേട്ടു വന്ന് നോക്കുന്ന പിള്ളേര്‍. അവര്‍ ചരിച്ച് വായുംപൊത്തി നില്‍ക്കുന്നു. സാവധാനം വന്ന് നൂലില്‍ കെട്ടിയ ഉപ്പുകല്ല് തങ്കച്ചന്റെ വായിലോട്ട് എത്തിക്കുന്നു. തങ്കച്ചന്‍ എത്തിപ്പിടിച്ച് നുണയുന്നു.

തങ്കച്ചന്‍: (സ്വപ്‌നത്തില്‍) കിട്ടി…ഉപ്പ് കിട്ടി…

ഉറക്കം തെളിഞ്ഞെന്നു കരുതി പിള്ളേര്‍ ഓടുന്നു. തങ്കച്ചന്‍ സ്വപ്‌നത്തില്‍ നിന്നുണര്‍ന്ന്

തങ്കച്ചന്‍:(ഉറക്കെ) കിട്ടി…ഉപ്പ് കിട്ടി….എല്ലാവരും വാ…ഉപ്പ് കിട്ടി…

ജോസിന്റെ ഭാര്യ അകത്തുനിന്നും ഓടിവരുന്നു.

ഭാര്യ: എന്നാ പറ്റി ചേട്ടാ…

തങ്കച്ചന്‍: ഉപ്പ് കിട്ടി…ഉപ്പ്…

ഭാര്യ: അതിനാണോ ഈ ബഹളം വെക്കുന്നത്…ബഹളം കേട്ടപ്പം ഞാനോര്‍ത്തേതാണ്ട പറ്റിയായിരിക്കുമെന്ന്….വീട്ടില്‍ ഉപ്പ് തരുകേലേ….പ്രഷറുണ്ടായിരിക്കും….അതുകൊണ്ടാ തരാത്തത്…

തങ്കച്ചന്‍: ഇവിടുത്തെ ഉപ്പല്ല…ചന്ദ്രനില്‍ ഉപ്പ് കിട്ടിയെന്ന്…

ഭാര്യ: പത്രത്തിലും ടീവിലുമൊന്നും കണ്ടില്ലല്ലോ…

തങ്കച്ചന്‍: അതൊക്കെ വരുന്നതേയുള്ളു….ഞാന്‍ സ്വപ്‌നത്തില്‍ കണ്ടതാ…

ഭാര്യ: ദാണ്ട് കിടക്കുന്നു…സ്വപ്‌നത്തില്‍ കണ്ടിട്ടാണോ ഈ ബഹളം വെക്കുന്നത്…

തങ്കച്ചന്‍: ഞാന്‍ കാണുന്ന സ്വപ്‌നമെല്ലാം അതേപടി ഫലിക്കും…എന്തിയേ ജോസെന്തിയേ…

ഭാര്യ: കറിയാച്ചന്റെ കൂടെ വാഴയ്ക്കുതടമെടുക്കാന്‍ പോയി…

തങ്കച്ചന്‍: ഹോ…അത്രയും വലിയ സംഭവം നടന്നെങ്കില്‍ തീര്‍ച്ചയായും ചന്ദ്രനില്‍ ഉപ്പു കണ്ടെത്തുമെന്ന് ഉറപ്പായി…

ഭാര്യ: കളിയാക്കുമെന്നുവേണ്ട…ആയകാലത്ത് പറമ്പീന്നു കേറാന്‍നേരമില്ലായിരുന്നു…

തങ്കച്ചന്‍: അതുശരിയാ…അന്ന് പറമ്പില്‍ മൂന്നുനാലു പനചെത്താനുണ്ടായിരുന്നു…അതുകൊണ്ട് പറമ്പില്‍ തന്നെയായിരുന്നു….ങാ…ഞാനൊന്നുപോയി നോക്കട്ടെ….

സീന്‍-2

തങ്കച്ചന്‍ പറമ്പിലേക്ക് നടന്നുവരുന്നു. പറമ്പില്‍ കിളയ്ക്കുന്ന ശബ്ദവും ജോസിന്റെയും കറിയാച്ചന്റെയും ശബ്ദവും കേള്‍ക്കാം. ആളെ നോക്കിയിട്ട് കാണുന്നില്ല. ഫോണില്‍ നിന്നാണ് ശബ്ദം…തൊട്ടുമാറി കറിയാച്ചനും ജോസും തോര്‍ത്തുവിരിച്ച് കിടന്നുറങ്ങുന്നു.

തങ്കച്ചന്‍: (എളിക്കുകൈകുത്തി) അമ്പടാ ഭയങ്കരന്മാരേ…(ജോസിനിട്ട് കാലിനൊരു തട്ടുകൊടുത്ത്) എണീക്കെടാ മടിയന്മാരെ…

ജോസ്: (എണീറ്റുകൊണ്ട്) മനസമാധാനമായിട്ട് പറമ്പിലും കിടന്നുറങ്ങാന്‍ സമ്മതിക്കുകേലെ….

തങ്കച്ചന്‍: പണ്ട് പിള്ളേര് കതടകടച്ചിട്ടിരുന്ന ടേപ്പ് റിക്കാര്‍ഡില്‍ പഠിക്കുന്നത് റിക്കാര്‍ഡ് ചെയ്ത് കാര്ഡന്നോന്മാരെ കളിപ്പിക്കുവായിരുന്നു….കൃഷിയില്‍ ഇത് നടപ്പാക്കിയത് ആദ്യമായിട്ടാ…

ജോസ്: അവളു വന്നുനോക്കുമ്പം പണിയാണെന്നു കരുതി പൊക്കോളും….വീട്ടില്‍ കിടന്നുറങ്ങിയാ ചുമ്മാ അതുമിതും പറയും…

കറിയാച്ചന്‍: (എണീറ്റിരുന്ന്) ഞങ്ങള് കൃഷിയില് എഐയുടെ സഹായം തേടിയതാ….

തങ്കച്ചന്‍: അതുപണ്ട് കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പല്ലായിരുന്നോ എയും ഐയും…

കറിയാച്ചന്‍: നിങ്ങളിപ്പഴും കരുണാകരന്റെ കാലത്താണോ ജീവിക്കുന്നത്…ഇത് എഐ..എന്നുപറഞ്ഞാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

തങ്കച്ചന്‍: പൊക്കോണം…അതു വിവരമുള്ളോര്‍ക്ക്…വിയര്‍ക്കാന്‍ കഴിയുകേലാത്തതിന് ഓരോ ഉഢായിപ്പു പരിപാടിയുമായിട്ടിറങ്ങിയിട്ട് വലിയവര്‍ത്തമാനം പറയരുത്…

ജോസ്: തൊമ്മിക്കുഞ്ഞെന്തിയേ കണ്ടില്ലല്ലോ….

കറിയാച്ചന്‍: ഇപ്പം വരും എന്തേലും ഊടുമായിട്ട്…

തങ്കച്ചന്‍: അങ്ങനെ നീ അവനെ കളിയാക്കേണ്ട…എന്തേലും കാര്യങ്ങള് നടക്കണമെങ്കില്‍ തൊമ്മിക്കുഞ്ഞു വേണം….

സീന്‍-3

വഴിയിലൂടെ നടന്നുവരുന്ന തൊമ്മിക്കുഞ്ഞ്. ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് വരുന്നത്…

തൊമ്മിക്കുഞ്ഞ്: അതുകുഴപ്പമില്ല….ഞാനൊരു നാലുപേരെ സംഘടിപ്പിക്കാം…(നിന്നിട്ട്) ഒറ്റകാര്യം…എനിക്ക് കമ്മീഷന്‍ കിട്ടണം….കമ്മീഷന്‍ കിട്ടാത്ത ഒരു പരിപാടിക്കും ഞാനില്ല…(നടന്നു കൊണ്ട്) ങാ…എങ്കില്‍ ഞാനേറ്റു…ഞാന്‍ വിളിക്കാം….

സീന്‍-4
പറമ്പിലേക്ക് നടന്നുവരുന്ന തൊമ്മിക്കുഞ്ഞ്.

തൊമ്മിക്കുഞ്ഞ്: ഇന്നെന്നാ എല്ലാവരും കൂടി ഇവിടെ…എന്നെ വിളിക്കാതെ പരിപാടി തുടങ്ങിയോ…

കറിയാച്ചന്‍: മദ്യപാനത്തെക്കുറിച്ചുള്ള ചിന്ത മാത്രമേയുള്ളു അല്ലേ…ഞങ്ങള് മണ്ണിലിറങ്ങി അധ്വാനിക്കുവാ…

തൊമ്മിക്കുഞ്ഞ്: മണ്ണിലുറങ്ങിയെന്നു പറഞ്ഞാല്‍ ഞാന് വിശ്വസിക്കും…അധ്വാനിക്കുവാന്നു മാത്രം പറയരുത്…

ജോസ്: ചാടിത്തുള്ളിവരുന്നതുകണ്ടപ്പം ഞാന്‍ കരുതി…ഏതാണ്ട് മേടിച്ചോണ്ടാ വരുന്നതെന്ന്….

തങ്കച്ചന്‍: എന്തേലുമൊരു കോളുകാണും….തൊമ്മിക്കുഞ്ഞേ കാര്യം പറ…

തൊമ്മിക്കുഞ്ഞ്: അതൊരു സംഭവമുണ്ട്…പുറത്തങ്ങനെ പബ്ലസിറ്റിയായിട്ടില്ല….നമ്മള് ആദ്യമേ ചാടിവീഴണം….

കറിയാച്ചന്‍: ചാടിവീഴാം…നടുവൊടിയുന്ന പരിപാടിയായിരിക്കരുത്…

തൊമ്മിക്കുഞ്ഞ്; ഹും….നോക്കിയിരിക്കുന്ന നേരത്ത് കോടീശ്വരന്മാരാകുന്ന പരിപാടിയാ….

ജോസ്: ലോട്ടറിയെടുത്തോ…കേരളത്തില്‍ കോടീശ്വരനാകാനുള്ള ഏക മാര്‍ഗമതാ….

തൊമ്മിക്കുഞ്ഞ്: ഇതാണ് മലയാളിയുടെ കുഴപ്പം…ഒരു ലോട്ടറിയെടുത്ത് തലയിണക്കീഴില്‍വെച്ചിട്ട് കോടിയടിക്കുമെന്ന് സ്വപ്‌നവും കണ്ട് വെറുതെ കിടക്കും…

തങ്കച്ചന്‍: നമ്മളെക്കൊണ്ട് ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ…

കരിയാച്ചന്‍: നിങ്ങള് ചുമ്മാ വലിച്ചുനീട്ടാതെ കാര്യം പറ…

തൊമ്മിക്കുഞ്ഞ്: (ആംഗ്യം കാണിച്ച്) നേരേ ചന്ദ്രനിലേക്ക് വിടുന്നു….

കറിയാച്ചന്‍: വാ…പോയേക്കാം…ഇത് ഇന്നലെ കഴിച്ചതിന്റെ കെട്ടുവിട്ടിട്ടില്ല…

തങ്കച്ചന്‍: അവന്‍ ചന്ദ്രന്റെ ചായക്കടേല്‍ പരിപ്പുവട തിന്നാന്‍ പോകുന്നെന്നു പറയുന്നപോലെയാ പറയുന്നത്…

ജോസ്: രണ്ടു ദിവസം മുമ്പായിരുന്നേല്‍ വണ്ടി പോയിട്ടുണ്ടായിരുന്നു…അതേല്‍ കേറിപോകാമായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഇതാ നിങ്ങടെ കുഴപ്പം…പ്രവാചകന് സ്വന്തം നാട്ടില്‍ വിലയില്ല.(പോകാന്‍ തുടങ്ങുന്നു) നിങ്ങളോട് പറയാന്‍ വന്ന എന്നെ പറയണം…

തങ്കച്ചന്‍: നീ പിണങ്ങാതെ…ഇരിക്കുന്നിടത്തുനിന്ന് എണീക്കണേല്‍ രണ്ടുപേരു പിടിക്കണം…അവരോട് വന്ന് ചന്ദ്രനില്‍ പോകാമെന്ന് പറഞ്ഞാല്‍ എന്നതാ പറയേണ്ടത്.

തൊമ്മിക്കുഞ്ഞ്: ഞാനതിന് ചന്ദ്രനില്‍ പോകാമെന്നു പറഞ്ഞോ…പറഞ്ഞു തീരുന്നതിനുമുന്നേ കല്ലെറിഞ്ഞാലെന്നാ ചെയ്യും…

കറിയാച്ചന്‍: അങ്ങേരു പറയട്ടെ…അതുകഴിഞ്ഞ് കല്ലെറിയണോയെന്നു തീരുമാനിക്കാം…

തൊമ്മിക്കുഞ്ഞ്: നല്ലൊരു ബിസിനസാണ്…ഇപ്പം ചാടിവീണാല്‍ നാലുകാശുണ്ടാക്കാം…

തങ്കച്ചന്‍: കാശുകിട്ടുന്ന കേസാണേല്‍ നോക്കാം…

തൊമ്മിക്കുഞ്ഞ്: അതല്ലേ…ഞാനിടപെട്ടത്…(സീരിയസായി) ചന്ദ്രനില്‍ സഥ്‌ലം വാങ്ങുന്നു.

കറിയാച്ചന്‍: ചന്ദ്രനില്‍ പോയി സ്ഥലം വാങ്ങാനോ…

തൊമ്മിക്കുഞ്ഞ്; മിണ്ടരുത്…പതുക്കെ…പബ്ലിസിറ്റി കൊടുക്കരുത്…എല്ലാവരുമറിഞ്ഞാല്‍ പൊളിയും…ഇതിപ്പം എനിക്കുവേണ്ടപ്പെട്ടയാളായതുകൊണ്ട് മാത്രമാ എന്നോടു പറഞ്ഞത്.

ജോസ്: അതിനു ചന്ദ്രനില്‍ പോകേണ്ടെ…അതു നടക്കുന്ന കാര്യമാണോ…

തൊമ്മിക്കുഞ്ഞ്: വേണ്ട…ഇവിടെയിരുന്നാല്‍…മതി…ഏക്കറിന് രണ്ടായിരം….ഇപ്പഴായതുകൊണ്ട് വിലക്കുറവാ…കുറച്ചുകഴിഞ്ഞ് നമുക്ക് മറിച്ചുവില്‍ക്കാം….കോടികള് കിട്ടും…

തങ്കച്ചന്‍: ചന്ദ്രനില്‍ ഉപ്പ് കിട്ടിയെന്ന് ഞാനിന്ന് സ്വപ്‌നം കണ്ടായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഉപ്പോ…കോടിക്കണക്കിന് രൂപയുടെ ധാതുക്കളും മറ്റുമാ അവിടെ…

തങ്കച്ചന്‍: ജോസേ…ഐഡിയ കൊള്ളാം…അല്ലേ…ഒന്നു നോക്കിയാലോ…

ജോസ്: ആധാരമൊക്കെ എങ്ങനെയാ എഴുതുന്നത്…രേഖ വേണ്ടേ…

തൊമ്മിക്കുഞ്ഞ്: അതു സര്‍ട്ടിഫിക്കറ്റ് കിട്ടും…ഇപ്പം ആര്‍ക്കും അവിടെ അധികാരമില്ല…നമ്മള് നമ്മടെ ഭാഗം വളച്ചെടുക്കുന്നു.

കറിയാച്ചന്‍: ഭാര്യേടെ സ്വര്‍ണം മേടിച്ചാല്‍ അവള് സ്ഥലം അവളുടെ പേരിലെഴുതണമെന്നു പറയും…അതുവേണ്ട….വണ്ടി വില്‍ക്കാം….

തൊമ്മിക്കുഞ്ഞ്: എങ്ങനെയേലുമൊക്കെ കാശുണ്ടാക്കിക്കോണം….പെട്ടെന്നുവേണം…

തങ്കച്ചന്‍: നമുക്കൊരു പത്തേക്കറ് വീതം മേടിക്കാമല്ലേ…

ജോസ്: പത്തേക്കറുകൊണ്ട് എന്നാ പറ്റാനാ…ഒരു നൂറേക്കറെങ്കിലും എടുക്കാം..പിന്നെ പ്ലോട്ടു തിരിച്ചുകൊടുക്കാം…

തൊമ്മിക്കുഞ്ഞ്: കണ്ടോ…ജോസിന് ഐഡിയ ഉണ്ട്…

തങ്കച്ചന്‍: ജോസിന് റബര്‍ത്തടി വിറ്റ കാശ് പെട്ടിയിലിരുപ്പുണ്ട്….അതുകൊണ്ട് നൂറോ ആയിരമോ മേടിക്കാം…

തൊമ്മിക്കുഞ്ഞ്: നമുക്കൊരു അമ്പതേക്കറുവീതം മേടിക്കാം….ഒരുമിച്ച് ഒത്തിരി മേടിക്കേണ്ട…. നോക്കിയിട്ട് പിന്നെ മേടിക്കാം…

തങ്കച്ചന്‍: (ആകാശത്തേക്കുനോക്കി) ചന്ദിരാ….ഞങ്ങള് വരുവാടാ…

കറിയാച്ചന്‍: നമ്മുടെ കാര്‍ന്നോന്മാര് മലബാറിന് പോയി…നമ്മടെ മക്കള് കാനഡായ്ക്ക് പോയി….നമ്മള് ചന്ദ്രനിലോട്ടും…അടിപൊളി…

സീന്‍-5

ചെടി പിടിച്ചുകെട്ടുന്ന ജോസിന്റെ ഭാര്യ. പിള്ളേര് ഓഠിവരുന്നു.

പിള്ളേര്: മമ്മിയറിഞ്ഞോ….പപ്പായും ചേട്ടന്മാരും കൂടി ചന്ദ്രനിലോട്ട് പോകുവാന്ന്….

ഭാര്യ: ങൈ…നിങ്ങള് കേട്ടതിന്റെയാകും…ചന്ദ്രന്റെ ചായക്കടേല്‍ പോകുന്ന കാര്യമായിരിക്കും….

പിള്ളേര്: അല്ലെന്ന്…അവിടെ സ്ഥലം മേടിക്കാനുള്ള പരിപാടിയാ….

ഭാര്യ:ഹോ…ഞാന്‍ ഇങ്ങേരെകൊണ്ടു മടുത്തു…ഉള് ഉഡായിപ്പു കേസിനെല്ലാം കൊണ്ടുപോയി തലവെക്കും….തടിവിറ്റ കാശ് പെട്ടിക്കകത്തിരുപ്പുണ്ട്…അതുതീരുമ്പം തിണ്ണേല്‍ക്കേറിയിരിക്കും…

പിള്ളേര്: മമ്മീ…ങ്ങനെയാണേല്‍ ഞങ്ങളിനി ചന്ദ്രനിലെ സ്‌കൂളില്‍ പൊക്കോളാം…

ഭാര്യ: അതെന്നാ…അവിടെ സ്‌കൂളൊന്നുമില്ലല്ലോ…

പിള്ളേര്: അങ്ങനെയല്ല അവിടെ തുടങ്ങിയാലേ….പതിനാലുദിവസം സ്‌കൂളുണ്ടേല്‍ അഠുത്ത പതിനാലു ദിവസം അവധിയാരിക്കും…

ഭാര്യ: ഹോ…ആ വല്യപ്പന്റെ കൊച്ചുമക്കള് തന്നെ…ഒന്നു പോ പിള്ളേരെ ചുമ്മാ പൊട്ടുംപറഞ്ഞ് നടക്കാതെ…

സീന്‍- 6

വരാന്തയിലിരിക്കുന്ന കറിയാച്ചനും തങ്കച്ചനും ജോസും.

തങ്കച്ചന്‍: (മുകളിലേക്ക് നോക്കി) അമ്പിളി അമ്മാവാ താമരകുമ്പിളിലെന്തുണ്ട്….കുമ്പിട്ടിരിപ്പാണോ…ഞങ്ങള് വരുന്നതും നോക്കി…

ജോസ്: എന്നതാ അല്ലേ…ഇന്നലെവരെ രാത്രി ചന്ദ്രനെയും നോക്കിയിരിക്കുമ്പം നമ്മളോര്‍ത്തോ…അവിടെ സ്ഥലം വാങ്ങുമെന്ന്…

കറിയാച്ചന്‍: (അഭിമാനത്തോടെ) നമ്മളിപ്പം ചന്ദ്രനിലെ മുതലാളിമാരാ….ഇനി അവിടെ എന്തേലും ബിസിനസും കൂടെചെയ്യണം…

ജോസ്: ഇവിടുന്ന് ഉള്ള അലവലാതികളെല്ലാംകൂടി വരുമ്പഴേക്കും നമ്മള്‍ക്ക് കളംപിടിക്കണം….

തങ്കച്ചന്‍: എന്നതാണേലും എന്റ് സ്ഥലത്ത് ഞാനൊരു കൊടികുത്തിവെക്കും…ഇവിടുന്ന് നോക്കിയാ കാണണം..എന്നിട്ട് ഞാനിങ്ങനെ അങ്ങോട്ടും നോക്കികിടക്കും…

തൊമ്മിക്കുഞ്ഞ് വരുന്നു.

തൊമ്മിക്കുഞ്ഞ്: എല്ലാവരും സ്വപ്‌നവും കണ്ടു കിടക്കുവാ അല്ലേ…ഞാനിങ്ങനെ നിങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ടു നടക്കുന്നു..

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…എല്ലാം റെഡിയായോ…കച്ചവടമെല്ലാം നടന്നോ…

തൊമ്മിക്കുഞ്ഞ്: പിന്നെ നടക്കാതെ…പേപ്പറുകളെല്ലാം ഓരോരുത്തരുടെയും മൊബൈലേലോട്ടു വിട്ടിട്ടുണ്ട്…ഒറിജിനല് പോസ്റ്റലില്‍ വരും…

കറിയാച്ചന്‍: ചന്ദിരനേ…ചന്ദിരനേ…

ബാക്കിയു്ള്ളവരും ഏറ്റുപാടുന്നു. അകത്തുനിന്നും ഭാര്യയുടെ നിലവിളി.

ഭാര്യ: യ്യോ…എല്ലാം പോയി…

നാലുപേരും അകത്തേക്ക്..

ഭാര്യ: അങ്ങോട്ടു നോക്ക്…

ടിവിയില്‍ വാര്‍ത്തയാണ്.

വാര്‍ത്ത: ചന്ദ്രനില്‍ സ്ഥലം വാങ്ങാമെന്നു പറഞ്ഞ് കോടികളുടെ തട്ടിപ്പ്. തട്ടിപ്പിനിരയാവരിലേറെയും മലയാളികള്‍. വന്‍തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചന്ദ്രനിലെ സ്ഥലക്കച്ചവടത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ പണംനഷ്ടപ്പെട്ട നിരവധിപേര്‍ പരാതിയുമായി എത്തുന്നുണ്ട്. തട്ടപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിശദാംശങ്ങളുമായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ഇപ്പോള്‍ ലൈനിലുണ്ട്.

തലയില്‍ കൈയുംവെച്ച് വാര്‍ത്ത കാണുകയാണ് എല്ലാവരും.

തങ്കച്ചന്‍: (തിരിഞ്ഞ്) തൊമ്മിക്കുഞ്ഞേ…

ജോസ്: തൊമ്മിക്കുഞ്ഞ് മുങ്ങി…

തങ്കച്ചന്‍: കറിയാച്ചാ വണ്ടിയെടുക്കെടാ…അവനെ പൊക്കണം…

കറിയാച്ചന്‍: നടന്നുപോയി പൊക്കാം…വണ്ടി വിറ്റേച്ചല്ലേ സ്ഥലം വാങ്ങിയത്…

തങ്കച്ചന്‍: വരിനെടാ…ചന്ദ്രനില്‍ ചെന്നാണേലും അവനെ പൊക്കണം…(വേഗം നടക്കുന്നു)

ജോസ്: അത്രയും സ്പീഡില് നടക്കാതെ…മുട്ടിനുവേദനയുള്ളതാ…

ഭാര്യ: കാശെല്ലാം തീര്‍ന്നു…ഇനി മേലോട്ടും നോക്കി നടപ്പേ ഉണ്ടാകൂ….

LEAVE A REPLY

Please enter your comment!
Please enter your name here