മൂന്നാം ക്ലാസുകാരന്റെ ക്വട്ടേഷനുമായി ബോണ്ടാ ഗുണ്ട

0
133

നേരംപോക്ക്
എപ്പിസോഡ്-40

തങ്കച്ചന്റെ വലിഞ്ഞുമുറുകിയ മുഖം.

തങ്കച്ചന്‍: നിന്നെ ഞാന്‍ അങ്ങനെ വിടുകേലെടാ….ഇതിരിക്കട്ടെ..(എന്തോ ക്രൂരമായ കാര്യം ചെയ്യുന്നരീതിയില്‍മുഖം)

ജോസ്: (കൈചുരുട്ടി അസഹിഷ്ണുത കാണിച്ചുകൊണ്ട്) അത്രയ്ക്കായോ…വേണ്ടാ വേണ്ടാ എന്നുവെക്കുമ്പോള്‍ നെഞ്ചത്തുകേറിയാണോ കളിക്കുന്നത്.

ശാരീരിക ഏറ്റുമുട്ടലുപോലെയാണ് ഇരുവരുടെയും ഭാവം. ഇരുവരും ചതുരംഗം കളിക്കുന്നതിന്റെ ദൃശ്യം.

തങ്കച്ചന്‍: പിടിച്ചുകെട്ടിയെടാ ജോസേ നിന്നെ ഞാന്‍…(കൈയുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു)

അതിലേക്ക് തൊമ്മിക്കുഞ്ഞിന്റെ ശബ്ദം : പോടാ…പോടാ…

ജോസ്: (ദൂരേക്കു നോക്കി) തൊമ്മിക്കുഞ്ഞല്ലേ അത്…

തങ്കച്ചനും നോക്കുന്നു.

തൊമ്മിക്കുഞ്ഞ്: (കുനിഞ്ഞു കല്ലുപെറുക്കിയെറിഞ്ഞ്) പോടാ…വീട്ടിപോടാ…നിനക്കുകിട്ടിയതുപോരേടാ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ..എന്നതാ പ്രശ്‌നം…

തൊമ്മിക്കുഞ്ഞ്: (നടന്നുവന്നുകൊണ്ട്) എന്റെയടുത്താ അവന്റെ കളി…കണക്കിനു ഞാന്‍ കൊടുത്തു…

ജോസ്: എന്നതാ രാവിലെ കയ്യാങ്കളി…

തൊമ്മിക്കുഞ്ഞ്: ഒരുത്തന്‍ എന്നോട് കോര്‍ക്കാന്‍ വന്നിരിക്കുന്നു….ഞാന്‍ വിടുമോ…

ജോസ്: എന്നിട്ട് അവന്റെ കയ്യിന്ന് മേടിച്ചുകെട്ടിയോ…

തങ്കച്ചന്‍: (മൊത്തെ നോക്കിയിട്ട്) പുറമേ കാണാന്‍ പരുക്കൊന്നുമില്ല….

തൊമ്മിക്കുഞ്ഞ്: നിങ്ങള്‍ക്കെന്റെ സ്വഭാവമറിയത്തില്ലേ…കലികയറിയാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല…

തങ്കച്ചന്‍: അതു ഞങ്ങള്‍ക്കറിയാം…പിടിച്ചാല്‍ കിട്ടുകേലേ…ഓട്ടമൊന്നു നിര്‍ത്തിയിട്ടുവേണ്ടേ…പിടിക്കാന്‍…

ജോസ്: ആട്ടെ..കാര്യമെന്നാ…ഞങ്ങള് ഇടപെടണോ…

തൊമ്മിക്കുഞ്ഞ്: ആരും ഇടപെടേണ്ട…ഇതൊക്കെ എനിക്കു തന്നെ ഡീല് ചെയ്യാവുന്ന കേസേയുള്ളു…

തങ്കച്ചന്‍: നീ തള്ളു നിര്‍ത്തിയിട്ട് കാര്യം പറ…

തൊമ്മിക്കുഞ്ഞ്: ഞാനിങ്ങ് നടന്നുവരുകയായിരുന്നു..അപ്പഴൊരുത്തന്‍ വെറുതെ എന്റെ ദേഹത്തേക്ക് ചെളിതെറിപ്പിക്കുന്നു…നീയെന്നതാ ഈകാണിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു…അന്നേരം അവന്‍ പിന്നെയും ചെളിതെറിപ്പിച്ചു..

ജോസ്: അവനെ പിടിച്ച് ആ ചെളിക്കകത്തേക്ക് കമഴ്ത്താന്‍ മേലായിരുന്നോ…

തൊമ്മിക്കുഞ്ഞ്: പിന്നെയല്ലാതെ..ഞാനവനെ വട്ടംപിടിച്ച് ചെളിക്കുഴിയിലേക്ക് തള്ളിയിട്ടു…അവനവിടെ കിടന്ന് നിലവിളിയോട് നിലവിളി…

തങ്കച്ചന്‍: കിട്ടേണ്ടത് കിട്ടിയപ്പോ അവന് കാര്യം മനസിലായി…

തൊമ്മിക്കുഞ്ഞ്: എന്റെയടുത്താണോ അവന്റെ കളി….അവന്റെ ബാഗുംപുസ്തകോം മുഴുവന്‍ നനഞ്ഞു…

ജോസ്: ങാഹാ..പിള്ളേരേംകൊണ്ട് സ്‌കൂളില്‍ പോകുന്നവനാണോ ഈ വേണ്ടാത്ത പണി കാണിച്ചത്….അവനെന്നാ പ്രായമുണ്ട്….എന്റെ കൈതരിക്കുന്നു…

തൊമ്മിക്കുഞ്ഞ്: (ആലോചിച്ച്) എല്‍കെജിയല്ല…മൂന്നാംക്ലാസിലാകാനാണ് സാധ്യത…

തങ്കച്ചന്‍: അതുശരി…മൂന്നാംക്ലാസില്‍ പഠിക്കുന്ന പയ്യന്റെ തന്തയാണോ ഈ വേണ്ടാത്ത പണി കാണിച്ചത്…അതുംകൊച്ചിന്റെ മുന്നില്‍വെച്ച്…

തൊമ്മിക്കുഞ്ഞ്: തന്തയല്ല…പയ്യന്‍…അവനാണ് കൊപ്പരം ഒപ്പിച്ചത്…ഞാന്‍വെറുതെ വിടുമോ…

തങ്കച്ചന്‍: എടാ ഭയങ്കരാ…മൂന്നാംക്ലാസില്‍ പഠിക്കുന്ന കൊച്ചിനോടാണോ നീ ഈ പരാക്രമമെല്ലാം കാണിച്ചത്…

തൊമ്മിക്കുഞ്ഞ്: എന്നോട് വേണ്ടാതീനം കാണിച്ചാല്‍ ഞാന്‍ ചെറുതാണോ വലുതാണോയെന്നൊന്നും നോക്കുകേല….

ജോസ്: എന്നാലിനി ഇവിടെ നില്‍ക്കേണ്ട..വേഗം വീട്ടിലോട്ട് ചെല്ല്..പോലീസും പട്ടാളവുമെല്ലാം നിങ്ങടെ വീട്ടിലോട്ടുവരും…നിയമംവേറെയാ…

തൊമ്മിക്കുഞ്ഞ്: എന്റെ വീട്ടിലോട്ടുവരുകേല…ഞാന്‍ ജോസിന്റെ പേരാ പറഞ്ഞിരിക്കുന്നത്…

ജോസ്: അതെന്നാ പണിയാ കാണിച്ചത്…

തൊമ്മിക്കുഞ്ഞ്: അവന്റെ അപ്പന്‍ ഏതാണ്ട ബോണ്ടായോ…പരിപ്പുവടയോ…ഏതാണ്ടാ…വലിയ ഗുണ്ടയാ…പറഞ്ഞുകൊടുക്കുമെന്നു പറഞ്ഞു…ഞാന്‍ വിടുമോ…നീ എന്റെ പേരുംകൂടി പറഞ്ഞേക്കാന്‍ പറഞ്ഞു..ജോസ്…ചാത്തന്‍കുളത്ത് വന്ന് ആരോടുചോദിച്ചാലും കാണിച്ചുതരുമെന്നു പറഞ്ഞു…

ജോസ്: ദ്രോഹീ…

തങ്കച്ചന്‍: പിള്ളേരല്ലേ..ഓര്‍ത്തിരിക്കുകേല…വീട്ടിച്ചെല്ലുമ്പഴേക്കും മറന്നുപോകും…

തൊമ്മിക്കുഞ്ഞ്: അവനന്നേരേ ഒരു ബുക്കേലെഴുതിയെടുത്തു…

ജോസ്: (പരിഭ്രാന്തിയോടെ) ചതിച്ചു…എല്ലാം തീര്‍ന്നു…അവനാരാന്ന് അറിയാമോ…ബോണ്ടാ ബേബി…ഭയങ്കര ഗുണ്ടയാ…ഇനി എന്നാ ചെയ്യും…അവനിങ്ങോട്ടു വന്നാ തീര്‍ന്നു… (വീട്ടിലോട്ട് ഓടുന്നു) എടിയേ…എടുക്കാനുള്ളതെല്ലാം എടുത്തോ…ഇന്നെല്ലാത്തിനും തീരുമാനമാകും…

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ..പ്രശ്‌നമാകുമോ…ഞാന്‍ നില്‍ക്കണോ …അതോ പോണോ…

തങ്കച്ചന്‍: നിന്നെ വിടുകേല…വേണ്ടാതീനമെല്ലാം കാണിച്ചിട്ട് മുങ്ങാനുള്ള പരിപാടിയോ…രണ്ടിലൊന്നറിഞ്ഞിട്ടു നീ പോയാ മതി…

സീന്‍-2

വീട്ടിലേക്കുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. ജോസിന്റെ ഭാര്യ പരിഭ്രാന്തിയോടെ പുറത്തേക്കുവരുന്നു.

ഭാര്യ: ഇതുക്കൂട്ടു കൊലച്ചതി ഞങ്ങളോട് ചെയ്യരുതായിരുന്നു…പാവം പിടിച്ച എന്റെ കെട്ടിയോന്റെ പെടലിക്കെന്തിനാ വെച്ചത്…

തൊമ്മിക്കുഞ്ഞ്: അന്നേരത്തെ ഒരു ആവേശത്തിന് പറ്റിപ്പോയി…

തങ്കച്ചന്‍: ജോസെന്തിയേ…ഇറങ്ങിവരാന്‍ പറ…

ഭാര്യ: ആദ്യം കട്ടിലിന്റെ കീഴേ ഒളിച്ചു…അതുകഴിഞ്ഞ് അലമാരയ്ക്കകത്തുകയറിയിട്ടുണ്ട്…

തൊമ്മിക്കുഞ്ഞ്: പത്തായമാ ഒളിക്കാന്‍ പറ്റിയത്…നിങ്ങളിവിടെ നില്‍ക്ക്…ഞാന്‍ ജോസിന് കമ്പനി കൊടുക്കാം…(അകത്തോട്ട് ഓടുന്നു. പോയതുപോലെ അലറിവിളിച്ച് തിരിച്ചുവരുന്നു) യ്യോ…എന്നെ ഒന്നും ചെയ്യല്ലേ..
(പുറകേ ജോസ്. ഫോണ്‍ കയ്യിലുണ്ട്)

ജോസ്: (പരവേശപ്പെട്ട്) അവനെത്തി…ബോണ്ടാ ബേബി എത്തി…

തൊമ്മിക്കുഞ്ഞ്: (തിരിഞ്ഞു നില്‍ക്കുന്നു) ങേ..എന്നെ കൊല്ലാനല്ലായിരുന്നോ…

തങ്കച്ചന്‍: (ഓടാനൊരുങ്ങി) എവിടെ…

ജോസ്: പീക്കിരി ജോയിയാ വിളിച്ചത്….അവനോട് വഴി ചോദിച്ചെന്ന്…ഇങ്ങോട്ടു വരുന്നുണ്ടെന്ന്…

ഭാര്യ: എന്നാപ്പിന്നെ അവന് വഴി തെറ്റിച്ചുപറഞ്ഞുകൊടുക്കാന്മേലായിരുന്നോ…

ജോസ്: അവന്‍ വേണേല്‍ ഇവിടെ കൊണ്ടുവന്നുവിടും…കഴിഞ്ഞയാഴ്ച അവന്‍ നൂറുരൂപ കടംചോദിച്ചിട്ടു കൊടുത്തില്ലായിരുന്നു…അതിന്റെ കലിപ്പ് അവനുണ്ട്…

ഭാര്യ: ഇനി എന്നാ ചെയ്യും…

ജോസ്: (ഭാര്യയുടെ കൈപിടിച്ച്) എന്നെ കുറിച്ചുള്ള നല്ല ഓര്‍മകളുമായി നീ കഴിയണം…നിന്നോട് നീതിപുലര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല…

ഭാര്യ: സാരമില്ല..ഫോണിന്റെ പാസ് വേര്‍ഡും ബാങ്കിലെ പാസ് ബുക്കും തരാന്‍ മറക്കരുത്…

തങ്കച്ചന്‍: (എല്ലാവരെയും ആശ്വസിപ്പിക്കുന്നമട്ടില്‍) ആരും പേടിക്കേണ്ട…ഈ മാടമലതങ്കനുള്ളപ്പോ നിങ്ങളെന്തിനാ പേടിക്കുന്നേ….നിങ്ങളെന്റെ പിന്നില്‍ നിന്നാല്‍ മതി…എന്നെ മറികടന്ന് ഒരുത്തനും നിങ്ങളെ തൊടുകേല…(പറഞ്ഞുതീര്‍ന്നതും അകത്തേക്ക് ഒറ്രഓട്ടം. പിന്നാലെ ജോസും തൊമ്മിക്കുഞ്ഞും)

ജോസ്: കതകടച്ചോ…(മൂവരും അകത്തുകയറിയതും കതടകടച്ചു. ഭാര്യ പുറത്ത്)

ഭാര്യ: (കതകിലിടിച്ചുകൊണ്ട്) കതക് തുറക്ക്..ഞാന്‍ കയറിയില്ല…

ജോസ്: (അകത്തുനിന്ന്) ഞങ്ങളെല്ലാം യുക്രയ്‌ന് പോയെന്ന് പറഞ്ഞേര്…ഇനി തിരിച്ചുവരുകേലെന്ന് പറഞ്ഞേക്ക്…

ഭാര്യകതകിലിടിക്കുമ്പം വണ്ടിയുടെ ശബ്ദം. പാഞ്ഞുവരുന്ന ബോണ്ടായുടെ വണ്ടി. ഭാര്യ ഞെട്ടിവിറച്ച്…

സീന്‍-3

അകത്തുപേടിച്ചുവിറച്ചിരിക്കുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും.

ജോസ്: കാലനെത്തി…

തൊമ്മിക്കുഞ്ഞ്: ജോസേ..തൊണ്ട വരളുന്നു..കുടിക്കാനെന്തെങ്കിലും കിട്ടുമോ..

ജോസ്: ഫ്രഷ്ജ്യുസെടുക്കാം…മിണ്ടാതിരിയെടോ അവിടെ…ജീവന്റെ കാര്യത്തില്‍ തീരുമാനമായി…അന്നേരമാ കുടിക്കാന്‍….

തങ്കച്ചന്‍: ജോസേ വീടിനു ചോര്‍ച്ചയുണ്ടോ…നിലത്തെല്ലാം വെള്ളം…

തൊമ്മിക്കുഞ്ഞ്: (ചെറിയചമ്മലോടെ) അതു ചെറിയൊരു അബദ്ധം പറ്റിയതാ…

സീന്‍-4

മുറ്റത്ത് വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു. ഭാര്യയുടെ പേടിച്ചുള്ള നില്‍പ്പ്. പെട്ടെന്ന് ഡോര്‍ തുറന്ന് ബോണ്ടാ പുറത്തേക്ക്..

ബോണ്ടാ: (പുറംകാലുകൊണ്ട ഡോര്‍ അടച്ച്) എവിടെ അവന്‍…ജോസ്…പോക്രിത്തരം കാണിച്ച് വീട്ടില്‍ കയറി പാത്തിരിക്കുവാണോ…

ഭാര്യ: യ്യോ…ജോസിനൊന്നും അറിയത്തില്ല…ജോസല്ല…

ബോണ്ടാ: അതുശരി പെണ്ണുങ്ങളെ മുന്നില്‍ നിര്‍ത്തി…രക്ഷപ്പെടാമെന്നാണോ അവന്റെ വിചാരം….

ഭാര്യ: യ്യോ…ഇവിടെയാരുമില്ല…എല്ലാവരും ആധാര്‍കാര്‍ഡ് പുതുക്കാന്‍ പോയതാ…

ബോണ്ടാ:(വണ്ടിയേലടിച്ച്) പെണ്ണുമ്പിള്ളേ വേഷംകെട്ടിറക്കരുത്…ഇറങ്ങിവരാന്‍പറ അവനോട്…ബോണ്ടാ ബേബി വന്നെന്നു പറ..

ഭാര്യ: എന്റെ ബോണ്ടേ…ജോസല്ല കുഴപ്പമുണ്ടാക്കിയത്…തൊമ്മിക്കുഞ്ഞാ…അങ്ങേരുടെ വീട്ടിലേക്കുള്ള വഴി ഞാന്‍ പറഞ്ഞുതരാം..

ബോണ്ടാ; (കൈ ചൂണ്ടി) ദേ വിളച്ചിലിറക്കരുത്…എടാ ജോസേ…ഇറങ്ങിവാടാ…നിന്റെ കാലന്‍ ബോണ്ടാ വന്നെടാ…(മുറ്റത്തുകൂടി നടക്കുന്നു) ബോണ്ടായുടെ ചെറുക്കനെ വിരട്ടിയവനെ ഇനി ഈ ഭൂമിക്കുവേണ്ട…

ഭാര്യ: യ്യോ…ഒന്നും ചെയ്യരുത്…ജോസ് പാവമാ…

ബോണ്ടാ: ഞാന്‍ പത്തുവരെ എണ്ണും അതിനുള്ളില്‍ ഇറങ്ങിവന്നോണം. ഇല്ലെങ്കില്‍ കതക് തകര്‍ത്ത് ഞാനങ്ങുവരും…ഒന്ന്..രണ്ട്….മൂന്നേനാല്അഞ്ചആറ്ഏഴ്എട്ട്….

സീന്‍-5

അകത്ത്
ജോസ്: അയാളോട്…സ്പീഡിലെണ്ണാതെയെന്ന് പറ…നിര്‍ത്തിനിര്‍ത്തി എണ്ണാന്‍പറ…

പുറത്ത് ബോണ്ടാ ഒമ്പത് എന്നെണ്ണുന്നു.

തൊമ്മിക്കുഞ്ഞ്: തീര്‍ന്നു (ബോധംകെട്ടുവീഴുന്നു.)

തങ്കച്ചന്‍: (എണീറ്റുകൊണ്ട്) വാ..കീഴടങ്ങാം…

ജോസ്: എന്നെ കുരുതികൊടുക്കാനാണോ…

സീന്‍-6

പുറത്ത് ബോണ്ടാ പത്ത് എന്നെണ്ണിക്കൊണ്ട് വാതില്‍ക്കലേക്ക് കുതിക്കുന്നു. ഭാര്യ അയ്യോ എന്നുവിളിച്ച് കണ്ണുപൊത്തിയിരിക്കുന്നു. പെട്ടെന്ന് വാതില്‍ തുറന്ന് പരസ്പരം കെട്ടിപ്പിടിച്ച് പുറത്തേക്ക് വരുന്ന ജോസും തങ്കച്ചനും. കുതിച്ചുവരുന്ന ബോണ്ടാ പെട്ടെന്ന് സ്തംഭിച്ചു നില്‍ക്കുന്നു.

ബോണ്ടാ: (ഒരൊറ്റവിളി) ആശാനേ…

തങ്കച്ചന്‍ പിന്നിലേക്ക് പാളി നോക്കുന്നു.

തങ്കച്ചന്‍: (ജോസിന്റെ പിടിവിടുവിച്ച്) എടാ ബേബി…ശിഷ്യാ…നീയായിരുന്നോ…

ബോണ്ടാ: ആശാനേ…ആശാനിവിടെയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു…പൊറുക്കണം…

തങ്കച്ചന്‍: സാരമില്ല…അറിയാതെപറ്റിയതല്ലേ…ഇവരെന്റെ സംരക്ഷണ്തതിലുള്ളവരാ…

ബോണ്ടാ: ആശാന്‍ പൊറുക്കണം…എത്രനാളായി കണ്ടിട്ട്…

തങ്കച്ചന്‍: ബോണ്ടായെന്ന് പേരുകിട്ടിയത് എന്നുമുതലാ…

ബോണ്ടാ: അതൊരുത്തനെ ബോണ്ടായ്ക്ക് എറിഞ്ഞുവീഴ്ത്തി അന്നുമുതല് കിട്ടിയതാ…

തങ്കച്ചന്‍: ജോസേ…ഇതാരാന്ന് അറിയാമോ…എന്റെ ശിഷ്യന്‍..ബേബി…ഞങ്ങളൊരുമിച്ച് ഒത്തിരി ഓപ്പറേഷന്‍സ്‌നടത്തിയിട്ടുള്ളതാ…

ബോണ്ടാ: (ബഹുമാനത്തോടെ) ആശാനേ ഇപ്പം എടുക്കാന്‍വന്ന അടവെന്നതാ…അത് ഞാന്‍ ആദ്യമായിട്ടു കാണുവാ…

തങ്കച്ചന്‍: അത പത്തൊമ്പതാമത്തെ അടവാ…ശി്ഷ്യനതറിയാനുള്ള പാകതയായിട്ടില്ല….

ബോണ്ടാ: (ജോസിനെനോക്കി) ഇയാളാണോ ജോസ്…

തങ്കച്ചന്‍: പ്രതി ജോസ് അകത്ത് ബോധംകെട്ട് കിടപ്പുണ്ട്….ജോസേ അവനെയിങ്ങ് പൊക്കിക്കൊണ്ടുവാ…

ജോസ് അകത്തേക്ക് പോകുന്നു.

ബോണ്ട്: എന്റെ ആശാന്റെയാള്‍ക്കാരായതുകൊണ്ട ഞാന്‍ വെറുതെവിട്ടിരിക്കുന്നു.

തൊമ്മിക്കുഞ്ഞിനെ താങ്ങിപ്പിടിച്ചുകൊണ്ടുവരുന്ന ജോസ്.

തൊമ്മിക്കുഞ്ഞ്: (കൈകള്‍കൂപ്പി) ബോണ്ടാ…എന്നെ ഒന്നും ചെയ്യരുത്…ഇനി മേലില്‍ ഇങ്ങനെ ഒന്നും ചെയ്യുകേല…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…ഞാന്‍ ശിഷ്യനോട് സംസാരിച്ച് ഞാന്‍ എല്ലാം സോള്‍വ് ചെയ്തിട്ടുണ്ട്…പക്ഷേ തെറ്റു ചെയ്തവന്‍ ശിക്ഷ അനുഭവിക്കണം…ഇയ്യോബിന്റെ പുസ്തകത്തിലങ്ങനെയാണെഴുതിയിരിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: അങ്ങനെയുണ്ടോ…ഞാന്‍ വായിച്ചിട്ടില്ല…

ജോസ്: ഉണ്ട…ഞാന്‍ ഇന്നലെയും വായിച്ചതാ…

തങ്കച്ചന്‍: അതുകൊണ്ട് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഈ ഗുരുശിഷ്യസമാഗമത്തിന്റെ മുഴുവന്‍ ചെലവും നീ വഹിക്കണം….

തൊമ്മിക്കുഞ്ഞ്; എന്നാ വേണേലും ചെയ്യാം…ദേഹോപദ്രവം എല്‍പ്പിക്കാതിരുന്നാല്‍മതി…

ജോസ്: എന്നാനമുക്ക് പാറക്കുഴി ഷാപ്പിലേക്കുപോകാം…അവിടെയാണേല്‍ ഞണ്ടുറോസ്റ്റുണ്ട്…

തൊമ്മിക്കുഞ്ഞ്: (അവശതയോടെ) ജോസേ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞിനെയെടുത്ത് വണ്ടിയേലോട്ടിട്…ശിഷ്യാ വണ്ടിയെടുക്ക്…

എല്ലാവരും വണ്ടിയില്‍ കയറി പോകുന്നു.

ഭാര്യ: (വണ്ടി പോകുന്നതുംനോക്കി താടിക്കുകൈകൊടുത്ത്) ഇതിലുംഭേദം തൊമ്മിക്കുഞ്ഞ് ബോണ്ടായുടെ കൈകൊണ്ട് തീരുന്നതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here