യുട്യൂബറാകാനുള്ള ശ്രമം

0
74

നേരംപോക്ക്
എപ്പിസോഡ്-41

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ജോസും തങ്കച്ചനും. അകലേക്ക് നോക്കി ആലോചിച്ചിരിക്കുന്ന തൊമ്മിക്കുഞ്ഞ്.

തങ്കച്ചന്‍: (പത്രം മടക്കിവെച്ചുകൊണ്ട്) ജോസേ..ഇങ്ങനെ പത്രവും വായിച്ചിരുന്നാല്‍ നമ്മടെ കാര്യം കട്ടപ്പൊകയാകും.

ജോസ്: അതുനിങ്ങള്‍ക്കിപ്പഴാണോ മനസിലായത്…മെയ്യനങ്ങി എന്തെങ്കിലും ചെയ്യണം….എന്നാലേ കാര്യങ്ങള് നടക്കൂ..

തങ്കച്ചന്‍: പിള്ളേര് കാനഡായ്ക്ക് പോയപ്പോ അവന്മാരുടെ ഡോളേഴ്‌സുകൊണ്ട് കാലം കഴിക്കാമെന്നാ ഓര്‍ത്തത്…

ജോസ്: അതിനിപ്പം എന്നാ പറ്റി..

തങ്കച്ചന്‍: അതുശരി..നി പത്രം നിവര്‍ത്തിപ്പിടിച്ചോണ്ടിരുന്നിട്ട് ഇതുവരെ കാര്യം മനസിലായില്ലേ…കാനഡയും ഇന്ത്യയുമായിട്ടുള്ള ബന്ധം വഷളായില്ലേ…

ജോസ്: അതിനെന്നാന്നാ ഞാന്‍ ചോദിച്ചത്…നിങ്ങളും മകനുമായിച്ചുള്ള ബന്ധം വഷളായാലേ നിങ്ങള്‍ക്ക് കാശുകിട്ടാതിരിക്കുകയുള്ളു…

തങ്കച്ചന്‍: അവന്‍ പറഞ്ഞത് ഇനി പഴയപോലെ കാശയയ്ക്കാന്‍ പറ്റുകേല…കാനഡാക്കാര് അറിഞ്ഞാല്‍ അവനെ പിടിക്കുമെന്ന്…

ജോസ്: ങാ…നിങ്ങടെയല്ലെ മോന്‍…അവന്‍ കാശ് അയയ്ക്കാന്‍ കഴിയുകേലാഞ്ഞിട്ട് വിളച്ചിലിറക്കുന്നതാ…

തങ്കച്ചന്‍: (നിരാശയോടെ) എന്നതാണേലും ഇനി അതുംനോക്കിയിരുന്നിട്ട് കാര്യമില്ലെന്നാ തോന്നുന്നത്…തന്‍പിടിയേ രക്ഷയുള്ളു….തൊമ്മിക്കുഞ്ഞേ…നീയെന്നതാ ചുമ്മാ മേലോട്ടും നോക്കിമിണ്ടാതിരിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: ഞാനിങ്ങനെ ചന്ദ്രനിലെ കാര്യങ്ങള് ഓര്‍ക്കുകയായിരുന്നു…

ജോസ്: അവിടെ സ്ഥലംമേടിക്കാനുള്ള പരിപാടിയാണോ…എന്റെ പൊന്നു തൊമ്മിക്കുഞ്ഞേ നീ അവിടെ ചാരിയിരുന്നോ…വാ തുറക്കേണ്ട…

തൊമ്മിക്കുഞ്ഞ്: അല്ലെന്ന്…. നമ്മുടെ പയ്യന്മാര് ഉറക്കമുണരുമോ എന്തോ…ആര്‍ക്കറിയാം….എണീറ്റാ മതിയായിരുന്നു…

തങ്കച്ചന്‍: അവന്മാര് ഇപ്പഴും കിടന്ന് ഉറങ്ങുവാണോ. നിനക്കവന്മാരെ വിളിച്ചെണീപ്പിച്ചിട്ടു വരാന്മേലായിരുന്നോ…

ജോസ്: ആറുമണിക്കുശേഷം കിടന്നുറങ്ങരുത്….സൂര്യന്‍ ഉദിക്കുന്നതിനുമുന്നേ എണീക്കണം…അതാ എന്റെ പോളിസി…

തൊമ്മിക്കുഞ്ഞ്: ജോസിന്റെ പോളിസിയും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ നടക്കുകേല…സൂര്യനുദിച്ച് പ്രകാശരശ്മികളടിച്ചു തുടങ്ങിയാലേ അവന്മാര് എണീക്കുകയുള്ളു…

തങ്കച്ചന്‍: അമ്പടാ…. മൂട്ടില്‍ വെളിച്ചം അടിക്കുന്നതുവരെ കിടന്നുറങ്ങുന്നവന്മാരെ എനിക്കൊന്നു കാണണമല്ലോ…ചന്തിക്കു നല്ല പെടകൊടുക്കാഞ്ഞിട്ടാ…

തൊമ്മിക്കുഞ്ഞ്: നിങ്ങളെന്തു വിവരക്കേടാ പറയുന്നേ…ഞാന്‍ ചാന്ദ്രയാന്‍ മൂന്നിനെക്കുറിച്ചാ പറഞ്ഞത്…ചന്ദ്രനില്‍ ഇറക്കിവിട്ട രണ്ടെണ്ണം അവിടെ ഉറങ്ങികിടക്കുവാ….സൂര്യന്റെ വെട്ടം അടിച്ചാലേ അവന്മാര് എണീക്കുവുള്ളു…(മുകളിലോട്ട് നോക്കി) എന്റെ മക്കളേ ഒന്നെണീക്കിനെടാ…കണ്ണുതുറക്കെടാ…

തങ്കച്ചന്‍: (കളിയാക്കി മുകളിലോട്ട് നോക്കി) അച്ഛനാടാ വിളിക്കുന്നേ…എണീക്കിനെടാ…(തൊമ്മിക്കുഞ്ഞിനെ നോക്കി) അവന്മാരെ എണീപ്പിക്കാന്‍ ബുദ്ധിയും ബോധവുമുള്ളവരു വേറെയുണ്ട്….നീ മുകളിലോട്ടും നോക്കി വായും പൊളിച്ചിരിക്കേണ്ട….

തൊമ്മിക്കുഞ്ഞ്: ശാസത്രബോധം വേണം…അല്ലാതെ വെറുതെ കപ്പേംപോത്തും തിന്നു കാലം കഴിച്ചാല്‍പോര…

ജോസ്: രാവിലെ രണ്ടെണ്ണം കഴിച്ചതിന്റെ ശാസ്ത്രബോധമാ…അതിന്റെ തീരുമ്പം ഇറങ്ങിക്കോളും….

തങ്കച്ചന്‍: പോക്കറ്റില്‍ കാശുള്ളവന് രാവിലെ രണ്ടെണ്ണം അടിച്ചേച്ച് ശാസ്ത്രം പറയാം…നമ്മളെന്നാ ചെയ്യും…

ജോസ്: കാശുണ്ടാക്കണം….അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം….

തങ്കച്ചന്‍: എന്തെങ്കിലും ബിസിനസ് ചെയ്യാമെന്നുവെച്ചാല്‍ അതിനുള്ള പ്രായം കഴിഞ്ഞു…മണ്ണിലിറങ്ങി പണിയാമെന്നു കരുതിയാ അതിനുള്ള ആരോഗ്യം ഇല്ല…

തൊമ്മിക്കുഞ്ഞ്: ഇതു രണ്ടുമില്ലാതെ കാശുണ്ടാക്കാനുള്ള വഴിയുണ്ട്…

ജോസ്: അതെന്നതാ വല്ല തട്ടിപ്പോ വെട്ടിപ്പോ ആണോ…തന്റെ കാര്യമായതുകൊണ്ട് പറയാന്‍ പറ്റുകേല…

തൊമ്മിക്കുഞ്ഞ്: ഒരു തട്ടിപ്പുമില്ല….നേര്‍വഴി.. (രജനി സ്റ്റൈലില്‍) എന്‍ വഴി തനി വഴി…

തങ്കച്ചന്‍: നീ ചുമ്മാ കോച്ചിപ്പിടിക്കാതെ കാര്യം പറ…

തൊമ്മിക്കുഞ്ഞ്: യു ട്യൂബ്…വീഡിയോ എടുത്ത് യുട്യൂബിലിടുക…

ജോസ്: (ചാടിയെണീറ്റ്) അതൊരു ഐഡിയായാ…ഓരോരുത്തന്മാര് ലക്ഷങ്ങളാ ഉണ്ടാക്കുന്നത്….

തൊമ്മിക്കുഞ്ഞ്: വടക്കൊരുത്തന്‍ വീട്ടില്‍ ഭാര്യയോടും പിള്ളേരോടും വര്‍ത്തമാനം പറയുന്ന വീഡിയോ എടുത്തിട്ട് ദിവസം ലക്ഷങ്ങളാ മേടിക്കുന്നത്…

ജോസ്: വേറൊരുത്തന്‍ കൈലിമുണ്ടുമുടുത്ത് പറമ്പില്‍കൂടി കല്ലുംകൂട്ടിവെച്ച് കറിവെച്ച് വീഡിയോയിട്ട് നടന്നതാ…ഇപ്പം അവന്‍ ദുബായില്‍ പോയി കറിവെച്ച് വീഡിയോ ഇടുവാ…

തങ്കച്ചന്‍: ഇതീ മൊബൈലേ തോണ്ടി വിടുമ്പം കയറിവരുന്ന പടങ്ങളല്ലേ…(അരിശപ്പെട്ട്) ഇത്രയും കാശുകിട്ടുന്ന ഏര്‍പ്പാട് അറിയാമായിട്ടും നീ മിണ്ടാതിരുന്നതെന്നാ…

തൊമ്മിക്കുഞ്ഞ്: തങ്കച്ചാ…ഓരോന്നിനും അതിന്റേതായ സമയമുണ്ട്…വിതയ്ക്കാനൊരു സമയം..വിളവെടുക്കാനൊരു സമയം..

തങ്കച്ചന്‍: ഇതെടുക്കാന്‍ കാമറയും…പിന്നെ ഇതിന്റെ പണിയൊക്കെ അറിയേണ്ടെ…

ജോസ്: അതൊന്നും പേടിക്കേണ്ട…കാമറ ഞാന്‍ കൈകാര്യം ചെയ്‌തോളാം…പിള്ളേരുടെ സ്‌കൂളിലെ ഡാന്‍സ് ഞാനാ ഫോണേല്‍ പിടിച്ചത്…

തങ്കച്ചന്‍: അന്നത്തെ ബഹളം ഞാന്‍ കണ്ടതാ….നിന്റെ മൊബൈലേല്‍ പിള്ളേരുടെ ഡാന്‍സില്ലായിരുന്നു…ടീച്ചറിന്റെ മുഖമേയുണ്ടായിരുന്നുള്ളു…

ജോസ്: അത് ശിഷ്യര് സ്‌റ്റേജേല്‍ കളിക്കുമ്പം ടീച്ചറിന്റെ മുഖത്തെ ഭാവപ്രകടനങ്ങള്‍ ഞാന്‍ ഒപ്പിയെടുത്തതല്ലേ…

തങ്കച്ചന്‍: ങൂംം…പെമ്പ്രന്നോത്തി മൊബൈല് വലിച്ചെറിഞ്ഞ് തലപൊട്ടിയപ്പോ ചോര ഒപ്പിയെടുത്തത് ഞാനാ…

തൊമ്മിക്കുഞ്ഞ്: നിങ്ങള് തര്‍ക്കിക്കേണ്ട….അതിനൊക്കെ ഞാന്‍ ആളെകൊണ്ടുവരാം…വീഡിയോ എടുത്തുതരും…എല്ലാം പഠിപ്പിക്കുകേം ചെയ്യും…ഇപ്പം യുട്യൂബീന്ന് കാശുവാരുന്ന പലരേം ഇങ്ങേര് പഠിപ്പിച്ചിറക്കിയതാ….

തങ്കച്ചന്‍: എന്നാപ്പിന്നെ ഒന്നും നോക്കേണ്ട…അയാളെ വിളി…നമുക്കു കിട്ടുന്നതിന്റെ ഒരു വിഹിതം കൊടുത്താല്‍ പോരേ…

സീന്‍-2

വരാന്തയിലിരിക്കുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ജോസേ.. തെങ്ങേല്‍കേറാന്‍ മെഷീനുമായി വരാന്‍ പറഞ്ഞായിരുന്നോ…ഒരുത്തന്‍ തെങ്ങേല്‍കേറുന്ന മെഷീനുമായി വരുന്നുണ്ട്….

ദൂരെനിന്നും ട്രൈപോഡ് തോളില്‍വെച്ചു വരുന്നയാള്‍.

തൊമ്മിക്കുഞ്ഞ്: (ചാടിയെണീറ്റ്) യ്യോ…ഇതു നമ്മുടെ യുട്യൂബറല്ലെ…വരണം…വരണം…

ട്യൂബര്‍: (കൈ കൊടുത്തു കൊണ്ട്)ഹായ് ഗൈസ്….നമസ്‌കാരം….സുഹൃത്തുക്കളെ ഞാനിത്തിരി താമസിച്ചു പോയി…എല്ലാവരും തയാറാണല്ലോ…

തൊമ്മിക്കുഞ്ഞ്: ഏയ് അതുസാരമില്ല…(എല്ലാവരോടും) ഇതാണ് ഞാന്‍ പറഞ്ഞ യുട്യൂബര്‍ ജോയി…ഇങ്ങേര് നമ്മളെ എല്ലാം പഠിപ്പിക്കും…

ട്യൂബര്‍: നിങ്ങളെയെല്ലാം ഞാന്‍ വൈറലാക്കും…ലക്ഷങ്ങള് നിങ്ങടെ പോക്കറ്റില്‍ വരും…

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിനെ മാറ്റിനിര്‍ത്തി) വേണ്ടാത്ത പണിചെയ്ത് കാശുണ്ടാക്കാനാണേല്‍ ഞാനില്ല…

തൊമ്മിക്കുഞ്ഞ്: വേണ്ടാത്ത പണീടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ..

തങ്കച്ചന്‍: വൈറലാക്കുമെന്നു പറഞ്ഞത്..

തൊമ്മിക്കുഞ്ഞ്: (ചിരിച്ചുകൊണ്ട് ട്യൂബറോട്) വൈറല്‍ എന്ന് ആശാന്‍ പറഞ്ഞത് ഇവര് തെറ്റിദ്ധരിച്ചു…യു ട്യൂബിലേ വാക്കുകളെക്കുറിച്ച് ഇവര്‍ക്ക് വലിയ പിടിയില്ല…എല്ലാം പഠിപ്പിക്കണം….

ആശാന്‍: അതു ഞാനെല്ലാം പറഞ്ഞുതരാം…

ക്ലാസിന്റെ ദൃശ്യത്തിലേക്ക്. കസേരകളിലിരിക്കുന്ന മൂവരും. ആശാന്‍ ക്ലാസെടുക്കുന്നു.

ആശാന്‍: വൈറല്‍ എന്നു പറഞ്ഞാല്‍ നമ്മുടെ വീഡിയോ നാട്ടുകാര് മുഴുവന്‍ കാണുകയെന്നതാണ്….വൈറല്‍ എന്നു നിങ്ങള്‍കേട്ടിട്ടില്ലേ…

തങ്കച്ചന്‍: വൈറല്‍ പനിയുമായിട്ട് വല്ല ബന്ധവുമുണ്ടോ…

ആശാന്‍: കറക്ട്…വൈറല്‍ പനി പടരുന്നതുപോലെ വീഡിയോ അങ്ങ് പടര്‍ന്നു കേറും…ആട്ടെ..നിങ്ങടെ പരിപാടിയെന്നതാ…ആരാ ആങ്കറാകുന്നത്…

തൊമ്മിക്കുഞ്ഞ്: പാചകം….ആയാലോ…ഞാന്‍ ഇന്റര്‍നാഷണല്‍ ഷെഫായിരുന്നു…

ജോസ്: ചുമ്മാ വാചകമടിക്കുന്നവന്മാരുടെ പരിപാടി കാണാമല്ലോ…അതുപോലെ ഒന്നു ചെയ്യാം..

തങ്കച്ചന്‍: പഴയ ഗുണ്ടാക്കഥകളായാലോ…

ഭാര്യയുടെ ശബ്ദം.: ഞാന്‍ പാചകം ചെയ്യാം.

എല്ലാവരും നോക്കുന്നു.

ആശാന്‍: (ഉത്സാഹത്തോടെ) ഹാ..സ്ത്രീ പങ്കാളിത്തവുമുണ്ടോ…വളരെ നല്ലത്…

ജോസ്: (ഇഷ്ടപ്പെടാതെ) നിന്നെയാരാ ഇപ്പം ഇങ്ങോട്ടുവിളിച്ചത്…അടുക്കളേല്‍ പണിയൊന്നുമില്ലേ..

ഭാര്യ: എനിക്കും യുട്യൂബില്‍ കേറണം…

ആശാന്‍: ചേച്ചി ധൈര്യമായിരിക്ക്…ചേച്ചീടെ പാചകം നമുക്ക് വൈറലാക്കാം…

ജോസ്: അതുകഴിച്ച് ആര്‍ക്കും വയറ്റീന്നിളകാതിരുന്നാ മതി…

തങ്കച്ചന്‍: നിങ്ങള് ഭാര്യേംഭര്‍ത്താവുംകൂടി പിന്നെ വഴക്കുണ്ടാക്ക്…ഞങ്ങള്‍ക്ക് യു യുട്യൂബീ കേറാനുള്ളതാ…

ആശാന്‍: ഞാന്‍ പറഞ്ഞുവന്നത്…യു ട്യൂബി കേറിക്കഴിഞ്ഞാല്‍ നമ്മള്‍ അടിമുടി മാറണം…നമ്മടെ സംസാരശൈലി…നടപ്പ് എടുപ്പ് എല്ലാം…സംസാരം തുട്ങ്ങുമ്പം ഹായ്..ഗൈസ് എന്നു പറയണം…നില്‍്ക്കുമ്പം ഇങ്ങനെ മുന്നോട്ടും പുറകോട്ടും ആടണം…കൈകള്‍ എപ്പഴും ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കണം… ഒരു കാര്യം ചെയ്യ് ഓരോരുത്തരായി വന്നു കാണിച്ചേ…

ആദ്യം ജോസ് എണീറ്റുവരുന്നു.

ജോസ്: (കൈ പൊക്കി) ഹാ…ഗൈസ്…

ആശാന്‍: ഇങ്ങനെ വേദനയോടെയല്ല പറയേണ്ടത്.. ഇനി മുന്നോട്ടാഞ്ഞേ…

ജോസ് മുന്നോട്ട് ആയാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ല.

ജോസ്: മുട്ടിനുവേദനയുള്ളതുകൊണ്ട് നടക്കില്ല…ഒത്തിരി നേരംനില്‍ക്കാനും പറ്റില്ല…

ആശാന്‍: എന്നാ പോയി കസേരയിലിരുന്നോ…

തൊമ്മിക്കുഞ്ഞ് വരുന്നു.

തൊമ്മിക്കുഞ്ഞ്: (മുക്കിയും മൂളിയും പറയാന്‍ ശ്രമിക്കുന്നു)ഹായ്…ഗൈ…സ്…(ആശാനോട്) ചെറിയൊരു ശ്വാസംമുട്ടലുണ്ട്…ഇങ്ങനെ നിന്ന് പറയാന്‍ പാടില്ല.

ആശാന്‍: വിലയ ഷെഫായിരുന്നെന്ന് പറഞ്ഞിട്ട്..

തൊമ്മിക്കുഞ്ഞ്: അവിടെ പറയേണ്ടല്ലോ…ചെയ്താല്‍മതി…

തങ്കച്ചന്‍: പറയാനുള്ളതൊക്കെ കഴിക്കാന്‍ വരുന്നവര് കഴിച്ചേച്ച് പറയും…

തൊമ്മിക്കുഞ്ഞ്: അവിടെയിങ്ങനെ ഉണ്ടാക്കി മറിക്കുകയല്ലേ നമ്മള്…

ആശാന്‍: ചേട്ടന്‍ തള്ളിമറിക്കാതെ അവിടെ പോയി ഇരുന്നോ…നെക്‌സ്റ്റ്..

തങ്കച്ചന്‍വരുന്നു.

തങ്കച്ചന്‍: ഹായ്…ഹൈസ്…

ആശാന്‍: ഹൈസ് അല്ല..ഗൈസ്…

തങ്കച്ചന്‍: പല്ലില്ലാത്തതുകൊണ്ട് അങ്ങനെയേ വരൂ…

ആശാന്‍: എന്നാലൊന്ന് അവതരിപ്പിച്ചേ…

തങ്കച്ചന്‍: (നെഞ്ചത്ത് കൈവെച്ച്) ഞാന്‍ മാടമല തങ്കന്‍…എന്റെ…

ആശാന്‍: (ഇടയ്ക്കുകയറി) ഇതു ക്വട്ടേഷന്‍ പരിപാടിയല്ല…എനിക്കിനി പ്രതീക്ഷ ചേച്ചിയില്‍ മാത്രമേയുള്ളു…

ജോസ്: ഓ..അതിലെനിക്കത്ര താത്പര്യമില്ല…

ഭാര്യ: ഞാന്‍ പാചകം ചെയ്യും…നിങ്ങള്‍ക്കസൂയയാ…

തങ്കച്ചന്‍: ഇവിടെ എന്റെ പരിപാടി കഴിഞ്ഞിട്ട് മതി വേറെ എന്തും…

തൊമ്മിക്കുഞ്ഞ്: അതെങ്ങനെ ശരിയാകും..ഇതെന്റെ ഐഡിയായല്ലേ…

ജോസ്: പിന്നെ നിങ്ങള് കുഴിച്ചു മാന്തിയെടുത്തതൊന്നുമല്ലല്ലോ..

ഭാര്യ: എന്റെ ചീരക്കറി ബെസ്റ്റാ…അതേ തുടങ്ങാം…ഞാന്‍ ചീര പറിച്ചോണ്ടു വരാം…

തൊമ്മിക്കുഞ്ഞ്: ഞാനാ ആശാനേ കൊണ്ടുവന്നത്…എന്റെ പരിപാടിയാദ്യം എടുക്കണം..

തങ്കച്ചന്‍: എന്റെ പരിപാടിയെടുക്കാതെ ഇയാള് പോയാല്‍ തന്നെ ഞാന്‍ യു ട്യൂബിലല്ല…പെട്ടിക്കകത്തുകിടത്തും.

ജോസ്: (പിടിച്ചുമാറ്റി) ഇങ്ങോട്ടു മാറെടോ…ഞാന്‍ പരിപാടി അവതരിപ്പിക്കട്ടെ…

തൊമ്മിക്കുഞ്ഞ്: രണ്ടുപേരും മാറ്..എന്റെ പരിപാടി ആദ്യം…

മൂന്നുപേരും തമ്മില്‍ ഉണ്ടപിടുത്തം.

ആശാന്‍: ഇതെനിക്കൊരുഗ്രന്‍ പരിപാടിയാകും…(മൊബൈലേല്‍ എല്ലാം ഷൂട്ടു ചെയ്യുന്നു) ഇതു ഞാന്‍ വൈറലാക്കും.

ഭാര്യ: (ആശാനോട്) അവര് അവിടെ കിടന്ന് പിടിക്കട്ടെ…ഞാന്‍ പോയി ചീര പറിച്ചോണ്ടുവരാം…

ആശാന്‍ ഇതൊന്നും കേള്‍ക്കാതെ അടിപിടി ഷൂട്ടുചെയ്യുകയാണ്. ഭാര്യ പോകുന്നു.

സീന്‍ -മൂന്ന്

ഭാര്യ ചീരയുമായി വരുന്നു. ആശാനെ കാണുന്നില്ല. മൂന്നുപേരും പിടിച്ച് അവശരായി ഇരിക്കുന്നു.

ഭാര്യ: അയാള് പോയോ…

ജോസ്: ആരു കണ്ടു…ആര്‍ക്കറിയാം…നീയിച്ചിരി വെള്ളം എടുത്തോണ്ടുവാ…

തങ്കച്ചന്‍: ജോസേ..എന്റെ വയറിന്റെ സൈഡിലൊരുവേദന…എന്നാ പിടുത്തമായിരുന്നു…

തൊമ്മിക്കുഞ്ഞ്; എനിക്ക് ശ്വാസംകിട്ടുന്നില്ല…എന്നെ ഒന്നു വീട്ടീല്‍ കൊണ്ടുപോയാക്കുമോ…

ഭാര്യ: ചുമ്മാ പിള്ളേരേപ്പോലെ കിടന്നു വഴക്കുണ്ടാക്കിയിട്ട് എല്ലാം കൂടെ കിടക്കുവാ…പ്രായമായെന്നു പറഞ്ഞിട്ടെന്നാ ബോധംവേണ്ടേ…

ജോ്‌സ്: വെള്ളം എടുത്തോണ്ടുവാടീ…ഉച്ചയ്ക്കു ചീരക്കറി വേണ്ട്….ചിക്കന്‍ മതി…

ഭാര്യ: അവിടെയിരുന്നോ…(അകത്തോട്ടു പോകുന്നു) ഇപ്പം കൊണ്ടുവരാം…

അകത്തുനിന്നും മൊബൈലുമായി പാഞ്ഞുവരുന്ന ഭാര്യ.

ഭാര്യ: ദേ..മൂത്തോളു വിളിച്ചു..അവള് പെട്ടിയും കിടക്കയുമായിട്ട് ഇങ്ങോട്ടുപോരുവാന്ന്..നാണക്കേടുകാരണം…

ജോസ്: (എണീറ്റുകൊണ്ട്) കഴിഞ്ഞ ദിവസമല്ലേ പെട്ടി മേടിച്ചുകൊടുത്തത്…ഇപ്പം എന്നാ പറ്റി…

ഭാര്യ: മുറ്റത്തുകിടന്ന് അടിയുണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് വീട്ടില്‍ എല്ലാവരും കളിയാക്കുവാന്ന..

തൊമ്മിക്കുഞ്ഞ്: (മൊബൈല് കാണിച്ച്) നോക്ക് നമ്മടെ അടി യുട്യൂബില്…(നോക്കിയിട്ട്) ലക്ഷങ്ങളാ കേറിക്കൊണ്ടിരിക്കുന്നത്…

തങ്കച്ചന്റെ ഫോണ്‍ ബെല്ലടിക്കുന്നു.

തങ്കച്ചന്‍: എന്നാടീ…അവന്‍ വിളിച്ചോ…ങേ..അടിയോ..കാശ് അയയ്ക്കുകേലെന്നോ…

ജോസ്: എന്നാ തങ്കച്ചാ…

തങ്കച്ചന്‍: പയ്യന്‍ കാനഡായിലിരുന്ന് നമ്മടെ തല്ല് വീഡിയോ കണ്ടു…അവന് നാണക്കേടായെന്ന്…ഇനി കാശ് അയയ്ക്കുകേലെന്ന്…

ജോസ്: നാണക്കേട് കാരണം ഇനി പുറത്തിറങ്ങാന്‍ പറ്റുകല…പിന്നെന്നാത്തിനാ കാശ്…

ഭാര്യ: എന്നതാണേലെന്നാ…മൂന്നുപേരും ഒരുമിച്ചു വൈറലായില്ലേ…

തളര്‍ന്നുകിടക്കുന്ന മൂന്നുപേരുടെയും ദൃശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here