യ്യോ…കയ്യീന്ന് പോയെടാ…

0
105

നേരംപോക്ക്
എപ്പിസോഡ്-42

ദൂരെനിന്നും ഹോണടിച്ചുവരുന്ന വാന്‍. അതിവേഗംവരുന്ന വാനിനുമുന്നിലേക്ക് ചാടിവീഴുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. വണ്ടിക്കുള്ളില്‍ ആശാനാണ്.

ആശാന്‍: (വണ്ടിതടയുന്നതു കണ്ട് പേടിച്ച് ) എന്റെ ദൈവമേ ഈ പൊട്ടന്മാരെന്നാ ഭാവിച്ചാ. വണ്ടിക്കു മുന്നില്‍ ചാടിചാവാനാണോ…അതോ എന്നെ വളഞ്ഞിട്ടു തല്ലാനാണോ.

വണ്ടിവളയുന്നതിന്റെ പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍.

മൂന്നുപേരും: നിര്‍ത്ത്…നിര്‍ത്ത്…

വണ്ടി തടുന്നതിന്റെ ഗമയിലാണ് മൂന്നുപേരുടെയും നില്‍പ്.

വണ്ടിക്കകത്ത് ആശാനിത്തിരി പേടിച്ചാണ് ഇരിക്കുന്നത്. വണ്ടിനിര്‍ത്തുന്നു. മൂന്നുപേരും ഗമയ്ക്ക് നില്‍ക്കുകയാണ്.

ജോസ്: ഇങ്ങോട്ടിറങ്ങിക്കേ…

ആശാന്‍ പേടിച്ചു പേടിച്ചു ഗ്ലാസ് താഴ്ത്തുന്നു.

ആശാന്‍: എന്നാത്തിനാ…

തൊമ്മിക്കുഞ്ഞ്: ഇങ്ങോട്ടിറങ്ങ് പറയാം…

ആശാന്‍: ഞാനൊരു എമര്‍ജന്‍സി കേസിലാ…ഒരു ശിഷ്യന് എച്ചെടുക്കാനുണ്ട്…ഞാന്‍ പോയിട്ട് തിരിച്ചുവരാം…

തൊമ്മിക്കുഞ്ഞ്: ഒരു എല്ലെടുക്കുന്ന കേസുണ്ട്…അതുകഴിഞ്ഞിട്ടു പോകാം…

ജോസ്: ആശാനിറങ്ങ്…(ഡോര്‍ തുറക്കുന്നു)

ആശാന്‍: (സ്റ്റിയറിംഗിനു മുകളിലേക്ക് കമിഴ്ന്നുവീണ് ആത്മഗതം) ഇവന്മാരിന്നെന്റെ എല്ലെടുക്കും…പ്രിയവണ്ടീ നിനക്ക് വിട….

തൊമ്മിക്കുഞ്ഞ്: ജോസേ…ആശാന്റെ മര്‍മത്തേലെങ്ങാനും പിടിച്ചോ…പെട്ടെന്ന് കുഴഞ്ഞുവീണത്…

ആശാന്‍: (തലയുയര്‍ത്തി) ഞാന്‍ പ്രാര്‍ത്ഥിക്കുവായിരുന്നു…

ജോസ്: വണ്ടി ഓടിക്കാന്‍ തുടങ്ങുമ്പം പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടുണ്ട്…വണ്ടിയേന്നിറങ്ങുമ്പം പ്രാര്‍ത്ഥിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.

തൊമ്മിക്കുഞ്ഞ്: ഇങ്ങെത്തിച്ചതിന് നന്ദി പറയുന്നതായിരിക്കും.

ആശാന്‍: (കൈകള്‍ കൂപ്പി വണ്ടിയില്‍ നിന്നിറങ്ങുന്നു) എന്നെ ഒന്നും ചെയ്യരുത്. ഞാന്‍ നിങ്ങടെ കാശുതിരിച്ചുതരാം.

ആശാന്റെ സംസാരം ആരും ശ്രദ്ധിക്കുന്നില്ല. അതുവരെ ഗമയ്ക്ക് കൈകെട്ടിനിന്ന തങ്കച്ചന്‍ പെട്ടെന്ന് മുന്നോട്ട് കുതിച്ച് ആശാനെ കെട്ടിപ്പിടിക്കുന്നു.

തങ്കച്ചന്‍: ആശാനേ…ഞങ്ങള്‍ വിടില്ല….ഞങ്ങളെ ഡ്രൈവിംഗ് പഠിപ്പിക്കണം… (കൂടെ മറ്റു രണ്ടുപേരും)

തന്നെ പിടിച്ചുകെട്ടാനാണെന്നു കരുതി ആശാന്‍ നിലവിളിക്കുന്നു.

ആശാന്‍: അയ്യോ…എന്നെ കൊല്ലുന്നേ…ഓടിവായോ..രക്ഷിക്കണേ…

പെട്ടെന്ന് മൂവരും പിടിവിടുന്നു. ചുറ്റുപാടും നോക്കുന്നു.

തങ്കച്ചന്‍: ആരാടാ ആശാനേ കൊല്ലാന്‍ വന്നത്…

ജോസ്: എവിടെ ആരെയും കാണാനില്ലല്ലോ…ആശാനെന്തിനാ കാറിയത്…

തൊമ്മിക്കുഞ്ഞ്: (ചുറ്റുംനോക്കി) ഞങ്ങടെ ആശാനെ തൊടാന്‍ ധൈര്യമുള്ളവനുണ്ടേല്‍ വരിനെടാ…

ആശാന്‍: ങേ…ഇവന്മാരെന്നെ തല്ലാന്‍ വന്നതല്ലേ….(ചമ്മലുമാറ്റി) ഞാന്‍ നിങ്ങളെ ഒന്നു പരീക്ഷിച്ചതാ….ഗുരുഭക്തിയുണ്ടോയെന്നറിയണമല്ലോ…

തങ്കച്ചന്‍: ആശാനേ…ഞങ്ങള്‍ക്ക് ഡ്രൈവിംഗ് പഠിക്കണം…ഞങ്ങളെ കൈവിടരുത്…

ആശാന്‍: ഗുരുവിനെ വഴിയില്‍ തടയുന്നത് ശരിയാണോ..ഗുരുശാപം കിട്ടിയാല്‍ എഐ കാമറയുടെ പിഴയടച്ച് തറവാട് കുളംതോണ്ടും….

ജോസ്: ആശാനെ പലപ്രാവശ്യം വഴിയില്‍വെച്ച് കൈകാണിച്ചു നിര്‍ത്തിയില്ല…

ആശാന്‍: (ആത്മഗതം) അത് കാശുതിരിച്ചുചോദിക്കാനാണെന്നു കരുതി.

തങ്കച്ചന്‍: ആശാന്‍ ഞങ്ങള്‍ക്ക് തിയറി ക്ലാസ് എടുത്തില്ലേ…അതുപോലെ പ്രാക്ടിക്കല്‍ കൂടി എടുക്കണം…

തൊമ്മിക്കുഞ്ഞ്: ഞങ്ങടെ ഒരു ആഗ്രഹമാണ്….വണ്ടി ഓടിക്കണമെന്നത്…പിള്ളേര് പോകുന്നതുപോലെ ഞങ്ങള്‍ക്കുമൊന്നു പോകണം…

ആശാന്‍: ഏജ്ഓവറായതുകൊണ്ട് ഇത്തിരി റിസ്‌കാണ്…എന്നാലും നോക്കാം…

തങ്കച്ചന്‍: നോക്കാമെന്നുപറഞ്ഞ് കയ്യൊഴിയരുത്…പഠിപ്പിക്കണം…ആശാനെക്കൊണ്ടു പറ്റും…ആശാനേ പറ്റൂ…

ആശാന്‍: (പുകഴ്ത്തിയത് ഇഷ്ടപ്പെട്ടു) ശരി..ഞാനായിട്ട് നിങ്ങടെ ആഗ്രഹത്തിന് തടസമാകുന്നില്ല…പക്ഷേ…ഒരു കാര്യം…ആള്‍്ക്ക് പതിനായിരം രൂപയാണ് ഫീസ്…അതിന്റെ കൂടെ ഒരു പതിനായിരം എക്‌സ്ട്രാ തരണം…

തങ്കച്ചന്‍: അതെന്നാ ജിഎസ്ടിയാണോ…

ആശാന്‍: എനിക്ക് ഇന്‍ഷുറന്‍സ് എടുക്കാനാ…നിങ്ങളെയല്ലേ പഠിപ്പിക്കുന്നത്…

തൊമ്മിക്കുഞ്ഞ്: എന്നാ ഞങ്ങളും ഓരോന്നെടുക്കാം അല്ലേ..ആശാനേ…

ജോസ്; ഒരു കരുതല് നല്ലതാ…

ആശാന്‍: നാളെ രാവിലെ ഞാന്‍ വരും…എല്ലാവരും റെഡിയായി നില്‍ക്കണം…അന്നേരം മുട്ടിനുവേദനയാ…ശ്വാസംമുട്ടലാന്നു പറഞ്ഞേക്കരുത്…നല്ല എനര്‍ജിറ്റിക്കായിട്ട് നില്‍ക്കണം…

സീന്‍-2

വീടിന്റെ മുറ്റം. തൊമ്മിക്കുഞ്ഞും ജോസും എക്‌സര്‍സൈസ് ചെയ്യുന്നു. തങ്കച്ചന്‍ വരാന്തയില്‍ കിടക്കുന്നു.

ജോസ്: (എക്‌സര്‍സൈസ് ചെയ്യുന്നതിനിടയില്‍) തങ്കച്ചാ…മടിപിടിച്ചു കിടക്കാതെ…ആശാനിപ്പം വരും…എനര്‍ജിറ്റിക്കായിട്ടു നില്‍ക്കണമെന്നാ പറഞ്ഞത്…

തങ്കച്ചന്‍: (എഴുന്നേറ്റുകൊണ്ട്) എനര്‍ജി കിട്ടിക്കോട്ടെയെന്നു കരുതി രാവിലെ മൂന്നു കപ്പബിരിയാണി ഒരുമിച്ചു കഴിച്ചു…അതുകൊണ്ടൊരു ക്ഷീണം…

ഭാര്യ അകത്തുനിന്നും വരുന്നു.

ഭാര്യ: ഇതെന്നാ നിങ്ങള് മുറ്റത്തുകിടന്ന് ഡാന്‍സു കളിക്കുന്നത്…

ജോസ്: അതുശരി..ഇതു ഡാന്‍സായിട്ടാണോ നിനക്കു തോന്നുന്നത്…

തൊമ്മിക്കുഞ്ഞ്: വിട്ടുകള ജോസേ….പരിഹാസം പെണ്ണുങ്ങടെ കൂടെപ്പിറപ്പാ…അതിനു മരുന്നില്ല…

ജോസ്: (ജോഗ് ചെയ്ത് ഭാര്യയുടെ അടുത്തോട്ടുവന്ന്) എടീ നല്ല സാരിയൊക്കെയെടുത്തുവെച്ചോ…വൈകുന്നേരം നമുക്കൊരു റൈഡു പോകാം…നിന്റെ വീട്ടിലൊക്കെ ഒന്നു കറങ്ങിവരാം…

ഭാര്യ: അതിനു ചെറുക്കനിവിടെയില്ലല്ലോ…വണ്ടി ഓടിക്കാന്‍…

തൊമ്മിക്കുഞ്ഞ്: ജോസേ…കഥയൊന്നുമറിഞ്ഞിട്ടില്ല…ഒന്നും പറഞ്ഞില്ലേ…

തങ്കച്ചന്‍: വൈകുന്നേരമാകുമ്പോഴേക്ക് ഒരു എക്‌സപേര്‍ട്ട് ഡ്രൈവര്‍ ഇവിടെ പിറന്നിരിക്കും…

ഭാര്യ: നിങ്ങളിതെന്നാ ഈ തലേംവാലുമില്ലാതെ പറയുന്നത്..

തൊമ്മിക്കുഞ്ഞ്: ജോസ് ഡ്രൈവിംഗ് പഠിക്കുന്നു…ഇപ്പോ ആശാന്‍ വരും…

ഭാര്യ: ഇന്നാള് ഒന്നു പഠിച്ച് പതിനായിരവുമായിട്ട് അയാള് പോയതല്ലേ…

ജോസ്: അന്ന് പഠിച്ചത് തിയറി…ഇന്ന് പ്രാക്ടിക്കല്‍…

തങ്കച്ചന്‍: ഇനി ഭര്‍ത്താവിനും ഭാര്യയ്ക്കുംകൂടി കറങ്ങാന്‍ പോകാമെന്ന്…

ഭാര്യ:എല്ലാംകൂടി കേട്ടിട്ട് എന്റെ തലകറങ്ങുന്നു…(ദൂരെനിന്നും ആശാന്റെ വണ്ടിവരുന്ന ശബ്ദം) ദേ വരുന്നുണ്ട്…(അകത്തേക്ക് പോയിട്ട് തിരിഞ്ഞുനിന്ന്) ആംബുലന്‍സ് വല്ലതുംവേണേല്‍ നേരത്തെ ബുക്ക് ചെയ്‌തോണം…അന്നേരംവിളിച്ചാല്‍ കിട്ടത്തില്ല…(പോകുന്നു)

ആശാന്റെ വണ്ടി പാഞ്ഞുവരുന്നു. എല്ലാവരും വണ്ടിക്കുചുറ്റും നില്‍ക്കുന്നു. ആശാന്‍ ഗമയ്ക്കു പുറത്തേക്ക് ഇറങ്ങുന്നു.

ആശാന്‍: ഇങ്ങനെ മീന്‍ കൊട്ടയ്ക്കു ചുറ്റുംനില്‍ക്കുന്നതുപോലെയല്ല ഡ്രൈവിംഗ് സ്റ്റുഡന്റസ് നില്‍ക്കേണ്ടത്….പട്ടാളച്ചിട്ടയുണ്ടേലെ കാര്യംനടക്കൂ…അക്കാര്യത്തില്‍ ഞാന്‍ നിര്‍ബന്ധബുദ്ധിക്കാരനാ…

മൂന്നുപേരും പട്ടാളച്ചിട്ടയില്‍ ലൈനായി നില്‍ക്കുന്നു. ആശാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന ഗമയില്‍ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

ആശാന്‍: ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരുപോലെ പ്രവര്‍ത്തിപ്പിക്കേണ്ട ഒരു അവസരമാണ് ഡ്രൈവിംഗ്…

തൊമ്മിക്കുഞ്ഞ്: അതായത് മീന്‍ പിടക്കണപോലെപിടക്കണമല്ലേ ആശാനേ…

ആശാന്‍: യോഗമുണ്ടേല്‍ റോഡില്‍ കിടന്ന് പിടയ്ക്കാം…

ജോസ്: ആശാനേ… വെറുതെ പേടിപ്പിക്കരുത്…ശ്വാസംപിടിച്ചാ നില്‍ക്കുന്നത്…

ആശാന്‍: ഞാന്‍ പറഞ്ഞു മനസിലാക്കിതരാം…(ആംഗ്യത്തോടെ) ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പം കുതിരയെപ്പോലെ കുതിക്കണം…കാക്കയെപ്പോലെ പരിസരം വീക്ഷിക്കണം…മറ്റ് വണ്ടിക്കാര് തെറിവിളിക്കുമ്പം കഴുതയെപ്പോലെ നോക്കി ചിരിക്കണം…വഴിയില്‍ പൊലീസുകാരെക്കണ്ടാല്‍ നേര്‍ച്ചക്കുറ്റിയായി കരുതിക്കോണം….എഐ കാമറ കാണുന്നിടത്ത് പൂച്ചയെപ്പോലെ പമ്മണം….

തങ്കച്ചന്‍: ആശാനേ…ഇതൊന്നെഴുതിത്തരണം…കാണാതെ പഠിച്ചോളാം…

ആശാന്‍: ഇനി നമ്മള്‍ പ്രാക്ടിക്കല്‍ സെക്ഷനിലേക്കു കടക്കുകയാണ്…ഒരാള്‍ ഡ്രൈവിംഗ് സീറ്റിലേക്കിരിക്കൂ…

മൂന്നുപേരും കൂടി ഞാനാദ്യം ഞാനാദ്യം എന്നു പറഞ്ഞ് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു.

ആശാന്‍: ശ്ശെ…നിങ്ങള് ഇടികൂടാതെ…

മൂന്നുപേരും തമ്മില്‍ തര്‍ക്കം.

ആശാന്‍: (നടുക്കോട്ട് നിന്ന്) തര്‍ക്കം വേണ്ട. ആരാദ്യമെന്ന് നറുക്കിടാം…

ജോസ് പേപ്പറെടുത്ത് എഴുതുന്നു. ആശാന് കൊടുക്കുന്നു.

ആശാന്‍: ദേ…ഒരെണ്ണമെടുത്തേ…

തങ്കച്ചന്‍: (കുറിയെടുക്കുന്നു) ജോസ്…ഹോ ഭാഗ്യവാന്‍…(തുണ്ടുകള്‍ നിലത്തേക്കിടുന്നു)

ആശാന്‍: സീറ്റിലേക്ക് കയറിയിരിക്കൂ…

തൊമ്മിക്കുഞ്ഞ് തുണ്ടുകള്‍ പെറുക്കിയെടുക്കുന്നു. ജോസ് കയറാനൊരുങ്ങുന്നു.

തൊമ്മിക്കുഞ്ഞ്: വരട്ടെ… വരട്ടെ…ഇതുകണ്ടോ…എല്ലാത്തിലും ജോസിന്റെ പേരുതന്നെ….കള്ളക്കളി…കള്ളക്കളി…ഇതുഞാന്‍ സമ്മതിക്കുകേല…

ആശാന്‍: ചേട്ടാ…ഇതു സാറ്റുകളിയല്ല..ഡ്രൈവിംഗ് പഠനമാ…ക്ലാസില്‍ അലമ്പുണ്ടാക്കരുത്…

ജോസ് സീറ്റില്‍ കയറിയിരിക്കുന്നു.

ആശാന്‍: വണ്ടിയേല്‍ കയറുമ്പോഴേ ഒരു കാല് ബ്രേക്കിലും ഒരുകാല് ക്ലച്ചിലും വെക്കണം…അങ്ങേയറ്റത്ത് ക്ലച്ച്…ഇങ്ങേയറ്റത്ത് ബ്രേക്ക്…കാല് വെച്ചേ…

ജോസ്: ആശാനേ ഒരെണ്ണം കൂടിയുണ്ടല്ലോ..അതേല്‍ ആരുടെ കാലുവെക്കും…

ആശാന്‍: തോക്കിനകത്ത് കയറിവെടിവെക്കരുത്…ഞാന്‍ പറഞ്ഞുതരാം…ഒറ്റയടിക്ക് എല്ലാംകൂടി പറഞ്ഞുതന്നാല്‍ തലേല്‍ കേറുമോ…ഇനി അടുത്തയാള്‍….

ജോസിറങ്ങുന്നു. തൊമ്മിക്കുഞ്ഞ് കയറുന്നു..കാല് അകത്തോട്ടു നീട്ടിവെക്കുന്നു.

ആശാന്‍: ഇതെന്നാ കാണിക്കുവാ…പെണ്ണുകെട്ടിക്കേറുവല്ല…വലതുകാലുവെച്ചു കേറാന്‍…

തൊമ്മിക്കുഞ്ഞ്: ആശാനല്ലെ പറഞ്ഞത്…ക്ല്‌ച്ചേല്‍ കാലുചവുട്ടി കേറണമെന്ന്…

ആശാന്‍: എന്റെ ശിഷ്യാ അകത്തുകയറിയിട്ട് ചവുട്ടിയാ മതി…

തൊമ്മിക്കുഞ്ഞ്: ഞാന്‍ ദുബായിലേ വണ്ടിയേ ഓടിച്ചിട്ടുള്ളേ…അവിടെ ക്ലച്ചില്ല…അതാ എനിക്കൊരു സംശയം വന്നത്…

തൊമ്മിക്കുഞ്ഞ് കയറിയിരിക്കുന്നു.

ആശാന്‍: സ്റ്റിയറിംഗ് തിരിച്ചേ…സ്റ്റിയറിംഗ് ഇടത്തോട്ടു തിരിക്കുമ്പം വണ്ടി ഇടത്തോട്ടും വലത്തോട്ടു തിരിക്കുമ്പം വലത്തോട്ടും പോകും….

തങ്കച്ചന്‍: (ജോസിനോട്) എങ്ങനെയുണ്ട് വല്ലോം മനസിലായോ…

ജോസ്: (തലകുലുക്കി)പഠിപ്പിച്ചതെല്ലാം മനസിലായി…നല്ല ക്ലാസാ…

തങ്കച്ചന്‍: എനിക്ക് ടെന്‍ഷനാടാ…കയ്യുംകാലും വിറക്കുന്നു…ഒരു കപ്പബിരിയാണികൂടി കഴിച്ചിട്ടുവന്നാലോ…

ആശാന്‍: (തങ്കച്ചനോട്) ചേട്ടന് ഞാന്‍ ഗിയറ് മാറുന്ന ക്ലാസെടുക്കാം…എല്ലാവരും വണ്ടിയിലോട്ട് കയറിക്കോ…

എല്ലാവരും കയറുന്നു.

ആശാന്‍: വണ്ടിയേല്‍ കയറിയാലുടന്‍ എല്ലാവരും സീറ്റ്‌ബെല്‍റ്റ് ഇട്ടോണം.

തങ്കച്ചന്‍: അതെന്നാത്തിനാ ഇറങ്ങിയോടാതിരിക്കാനാണോ…

തൊമ്മിക്കുഞ്ഞ്: ആശാനേ ഇവിടെ ബെല്‍റ്റില്ലല്ലോ…കയറുവല്ലതുമെടുക്കണോ…

ആശാന്‍: ഇങ്ങനാണേല്‍ ചേട്ടനെ കെട്ടിയിടേണ്ടിവരും…ദാ…നോക്കിക്കേ…ആദ്യം ബ്രേക്കേലും ക്ലച്ചേലും കാലുവെക്കുന്നു…ഗിയറ് ന്യൂട്രലാക്കുന്നു…താക്കോലിടുന്നു…സ്റ്റാര്‍ട്ടാക്കുന്നു…ഫസ്റ്റിലോട്ടിടുന്നു…ക്ലച്ചേന്ന് കാലയച്ചോണ്ടു ആക്‌സിലേറ്ററ് കൊടുക്കുന്നു….വണ്ടികുതിക്കുന്നു…(വണ്ടി പാഞ്ഞുപോകുന്നു)

കുറച്ചുദൂരം പോയിട്ട് വണ്ടി നിര്‍ത്തുന്നു.

ആശാന്‍: ബ്രേക്കേല്‍ കാലു ചവുട്ടുന്നു. വണ്ടി നില്‍ക്കുന്നു. ഇത്രേം ഉള്ളു ഡ്രൈവിംഗ്…മനസിലായോ…

തങ്കച്ചന്‍: ഇത്രേയുള്ളോ…ഇതു ഞാന്‍ പഠിച്ചു…കടലാസേലൊന്നെഴുതിത്തരണം…കാണാതെ പഠിച്ചോളാം…

ആശാന്‍: ഇങ്ങനെ പറഞ്ഞാല്‍ പോര…ചെയ്യണം…(ഫോണ്‍ ബെല്ലടിക്കുന്നു. നോക്കിയിട്ട്: ഭാര്യയാ…ഒരു മിനിറ്റേ…(പുറത്തേക്കിറങ്ങുമ്പോള്‍ തൊമ്മിക്കുഞ്ഞിനോട്) ദുബായിലൊക്കെഓടിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത്..ഡ്രൈവിംഗ് സീറ്റിലോട്ടിരുന്നോ…ആ ചേട്ടന്‍ ചിലപ്പം വല്ലയിടത്തും ഞെക്കാനും വലിക്കാനും സാധ്യതയുണ്ട്…നോക്കിക്കോണം…

തൊമ്മിക്കുഞ്ഞ്: അക്കാര്യം ഞാനേറ്റാശാനേ…(മുന്നോട്ടുകയറിയിരിക്കുന്നു)

ആശാന്‍: (ഫോണ്‍ വിളിച്ചുകൊണ്ട്‌നടക്കുന്നു) എടീ ഞാന്‍ വിളിക്കാമെന്ന് പറഞ്ഞില്ലേ…ങേ…അയല്‍ക്കൂട്ടക്കാര് ചിട്ടിപ്പൈസയ്ക്കു വന്നോ…എടീ കൊടുക്കാമെന്നു പറ…എനിക്ക് മൂന്നു പൊട്ടന്മാരെ കിട്ടിയിട്ടുണ്ട്…അവന്മാരെ എന്നതേലും കാണിച്ചു പറ്റിച്ചിട്ട് കാശുവാങ്ങട്ടെ….നീ ബഹളം വെക്കാതെ…അവരെ വൈകുന്നേരംവരെ ഒന്നു പിടിച്ചുനിര്‍ത്ത്…

വണ്ടിക്കകത്ത്.

തങ്കച്ചന്‍: നീ ദുബായില്‍ വണ്ടി ഓടിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത്…എന്നാല്‍ ഒന്നു കാണട്ടെ…

തൊമ്മിക്കുഞ്ഞ്: അവിടെ ഇടതുവശത്തിരുന്നാ വണ്ടി ഓടിക്കുന്നത്…അതല്ലേ ഇവിടെ വന്നുകഴിഞ്ഞ് എനിക്കു പ്രശ്‌നമായത്…

തങ്കച്ചന്‍: എന്നാ നീ ഇവിടെയിരുന്നോ….

തൊമ്മിക്കുഞ്ഞ്: ഇന്ത്യന്‍ ഡ്രൈവിഗും ദുബായി ഡ്രൈവിംഗും സിലബസ് വ്യത്യാസമുണ്ട്…

തങ്കച്ചന്‍: ഇവന്‍ ചുമ്മാ തള്ളിമറിക്കുന്നതല്ലേ ജോസേ…ഒന്നുമറിയത്തില്ല…

ജോസ്: ആശാന്‍ പറഞ്ഞത് എനിക്കോര്‍മയുണ്ട്…ഞാന്‍ പറഞ്ഞുതരാം…

തങ്കച്ചന്‍: എന്നാല്‍ പിടിപ്പീരെടാ തൊമ്മിക്കുഞ്ഞേ…നമ്മള്‍ക്ക് ആശാനൊരു സര്‍പ്രൈസ് കൊടുക്കാം…

തൊമ്മിക്കുഞ്ഞ്: ങാഹാ..അ്ത്രയ്ക്കായോ..ജോസ് പറഞ്ഞേ ജോസേ…നമ്മളിതാ പറപ്പിക്കുവാ…

ജോസ്: സീറ്റ് ബെല്‍റ്റിട്ട്..ബ്രേക്കേലും ക്ലച്ചേലും കാലുകൊടുത്ത്…ന്യൂട്രലാക്കി…സ്റ്റാര്‍ട്ട് ചെയ്ത്…ക്ലച്ചേല്‍ ചവുട്ടി …ഫസ്റ്റിലേക്കിട്ട്…ക്ലച്ചേന്ന് കാലയച്ച് ആക്‌സിലേറ്ററേല്‍ ചവുട്ടുന്നു….

ജോസ് പറയുന്നതുപോലെയെല്ലാം തൊമ്മിക്കുഞ്ഞ് ചെയ്യുന്നുണ്ട്. ആക്‌സിലേറ്ററേല്‍ ചവുട്ടാന്‍ പറഞ്ഞതും വണ്ടി ഒറ്റക്കുതിപ്പ്.

തൊമ്മിക്കുഞ്ഞ്: (അലറി) ജോസേ കയ്യീന്ന് പോയി…(കൂട്ടനിലവിളി)

ആശാന്‍ ഫോണുമായിട്ട് ഓടി വരുന്നു.

ആശാന്‍: ദ്രോഹികളെ പണി പറ്റിച്ചോടാ…വണ്ടി നിര്‍ത്തെടാ…(പുറകേ ഓടുന്നു.

പാഞ്ഞുപോകുന്ന വണ്ടിയുടെ ദൃശ്യം. വളവിന് മറയുന്നു. കുറച്ചുനേരത്തേക്ക് നിശബ്ദത. വണ്ടി ഇടിച്ചുതകരുന്നതിന്റെ ശബ്ദം.

ആശാന്‍: (തലയ്ക്കു കൈകൊടുത്ത് നിലത്തിരിക്കുന്നു.) ചതിച്ചോടാ…

സീന്‍-3
മൂന്നുപേരും താഴെനിന്നും തലയിലും കൈയിലും കെട്ടുകളുമായി ചട്ടിച്ചട്ടി നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here