നേരംപോക്ക്
എപ്പിസോഡ്-43
ധൃതിയില്‍ ആവേശത്തോടെ വരുന്ന തൊമ്മിക്കുഞ്ഞ്. ജോസും തങ്കച്ചനും പത്രം വായിച്ചിരിക്കുന്നു.
തൊമ്മിക്കുഞ്ഞ്: ജോസേ ..തങ്കച്ചാ..വന്നേ…വന്നേ…ഒരു സംഭവമുണ്ട്….
ജോസും തങ്കച്ചനും: എന്നാ പറ്റി..എന്നാ കേസ്…
തൊമ്മിക്കുഞ്ഞ്: (മുന്നോട്ടു നടന്ന്) കേട്ടാല്‍ നിങ്ങള് ഞെട്ടും…വാ..വാ..പറയാം…
ജോസ്: അതിന് വീട്ടിലോട്ടോടുന്നതെന്നാത്തിനാ…(തങ്കച്ചനോട്) തങ്കച്ചാ എന്തോ അരുതാത്തത് സംഭവിച്ചു…
തങ്കച്ചന്‍: വീട്ടില്‍ കള്ളന്‍ കേറിയോ…നീ അവളെ വിളിച്ചേ…
ജോസ്: (വീ്ട്ടിലോട്ടുനോക്കി) എടിയേ…നീ എന്നാ എടുക്കുവാ…
തൊമ്മിക്കുഞ്ഞ്: (പുറകോട്ടു നോക്കി) നിങ്ങളെന്നാ എടുക്കുവാ…എന്നാ ഞാനങ്ങോട്ടു വരാം…(തിരിച്ചോടുന്നു)
തങ്കച്ചന്‍: കള്ളന്‍ കയറിയതുതന്നെ…അതേണ്ട് അവന്‍ തിരിച്ചോടിവരുന്നു….ജോസേ വിട്ടോ…
രണ്ടുപേരും ഓടുന്നു. തൊമ്മിക്കുഞ്ഞ് പുറകേ…
ഭാര്യ പുറത്തേക്ക് ഇറങ്ങിവരുമ്പം കാണുന്നത് മൂന്നുപേരും ഓടുന്നതാണ്.
ഭാര്യ: യ്യോ..എന്നാ പറ്റി…എല്ലാവരും ഓടുന്നതെന്നാ…(വീട്ടലോട്ടു നോക്കി) ഇനി പെരയ്‌ക്കെങ്ങാനും തീ പിടിച്ചോ…(ഓടുന്നു) യ്യോ …ഓടിവരണേ പെരയ്ക്കു തീപിടിച്ചേ..
ജോസ്: (ഓട്ടം നിര്‍ത്തി) ങേ..പെരയ്ക്ക് തീ പിടിച്ചതാണോ…തങ്കച്ചാ വാ…(രണ്ടുപേരും തിരിച്ചോടുന്നു….)
തൊമ്മിക്കുഞ്ഞ്: (ഓടിപോകുന്നവരോട്) നിങ്ങളെന്തിനാ ഓടുന്നത്…ഇങ്ങുവാ കാര്യം പറയട്ട്…
ജോസ്: (ഓടിവരുന്ന ഭാര്യയോട്) എവിടെയാ തീ പിടിച്ചത്…
ഭാര്യ:(ഓട്ടം നിര്‍ത്തി) തീപിടിച്ചോ…എവിടെ…
തങ്കച്ചന്‍: നീയല്ലേ തീപിടിച്ചെന്ന് വിളിച്ചു കൂവിയത്….
ഭാര്യ: നിങ്ങളോടിയത് കണ്ടപ്പം ഞാന്‍ വിചാരിച്ചു തീപിടിച്ചിട്ടായിരിക്കുമെന്ന്…നിങ്ങളെന്തിനാ ഓടിയത്…
തങ്കച്ചന്‍: (ജോസിനോട്) നമ്മളെന്തിനാടാ ഓടിയത്…
ജോസ്:(കൈ മലര്‍ത്തുന്നു) തൊമ്മിക്കുഞ്ഞ് ഓടുന്നത് കണ്ടിട്ടല്ലേ നമ്മള്‍ ഓടിയത്…
തങ്കച്ചന്‍: എന്നിട്ടവനെന്തിയേ..(ചുറ്റുംനോക്കുന്നു) അതേണ്ടിരിക്കുന്നു…
തൊമ്മിക്കുഞ്ഞ് ഒരു കല്ലേലിരുന്ന് കിതയ്ക്കുന്നു. മൂന്നുപേരും തൊമ്മിക്കുഞ്ഞിന്റെയടുത്തേക്ക് ചെല്ലുന്നു.
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ..നീയെന്നാത്തിനാ ഓടിയത്…
തൊമ്മിക്കുഞ്ഞ്: (കിതച്ചുകൊണ്ട്) നിങ്ങളെന്നാത്തിനാ ഓടിയത്…
ജോസ്: താനോടുന്നത് കണ്ടല്ലെ ഞങ്ങളോടിയത്…
ഭാര്യ: ആരാ ആദ്യം ഓടിയത്…
ജോസ്: തൊമ്മിക്കുഞ്ഞ്…
ഭാര്യ: (തൊമ്മിക്കുഞ്ഞ്) എന്നാ പറ ..എന്തിനാ ഓടിയത്…
തൊമ്മിക്കുഞ്ഞ്: (താനോടിയില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്നു)
തങ്കച്ചന്‍: ങാഹാ..നീ വിളച്ചിലുമായിട്ടിറങ്ങിയിരിക്കുവാണോ…(വയറ്റില്‍കൊട്ടി) പേടിച്ചോടിയിട്ട് വയറ്റില്‍ ഗ്യാസ് കെട്ടി…
ജോസ്: എന്റെ മുട്ടുചിരട്ട ഇളകിപ്പോകേണ്ടതായിരുന്നു…
ഭാര്യ: കാര്യം എന്നതാന്ന് അറിയേണ്ടെ…ചുമ്മാ പറഞ്ഞോണ്ടിരുന്നാ മതിയോ…
തൊമ്മിക്കുഞ്ഞ്: (ശ്വാസം കിട്ടാതെ) ശ്വാസം മുട്ടുന്നു…ഞാന്‍ പറയാം…
തങ്കച്ചന്‍: ശ്വാസംമുട്ടുള്ളവന്‍ ഇതുക്കൂട്ട് പണി കാണിക്കരുത്…പറയെടാ…(കോളറേല്‍ കേറിപിടിക്കുന്നു)
തൊമ്മിക്കുഞ്ഞ്: (ഒറ്റശ്വാസത്തില്‍ പറയുന്നു) നമുക്ക് സിനിമേലഭിനയിക്കാം…
തങ്കച്ചന്‍: (പിടിയയച്ച്) ങേ..സിനിമേലോ…
ജോസ്: (അത്യുത്സാഹത്തോടെ തൊമ്മിക്കുഞ്ഞിനെ പിടിച്ചു മാറ്റി) തങ്കച്ചന്‍ വിട്ടേ…തൊമ്മിക്കുഞ്ഞ് അവിടെയിരിക്കട്ടെ…അവന് ശ്വാസംമുട്ടുള്ളതാന്ന് അറിയത്തില്ലേ…
തങ്കച്ചന്‍: നീ സാവധാനം കാര്യമെന്നതാന്നു പറ…
തൊമ്മിക്കുഞ്ഞ്: നമുക്ക് മൂന്നുപേര്‍ക്കും സിനിമേലഭിനയിക്കാന്‍ ഒരു അവസരമൊപ്പിച്ചു…
ഭാര്യ: സിനിമേലോ…
ജോസ്: അതെന്നാ ഞങ്ങള്‍ക്ക് സിനിമേലഭിനയിച്ചാല്‍ കൊള്ളില്ലേ…
ഭാര്യ: (നടന്നുകൊണ്ട്) ഇതിലും ഭേദം പെരയ്ക്ക് തിപിടിച്ചേക്കുന്നതായിരുന്നു…
തങ്കച്ചന്‍: നീ കാര്യങ്ങളു വിശദമായിട്ടു പറ തൊമ്മിക്കുഞ്ഞേ…നമ്മളെ നായകന്മാരായിട്ടാണോ വിളിച്ചിരിക്കുന്നത്…
തൊമ്മിക്കുഞ്ഞ്; അതൊന്നും പറയാന്‍ പറ്റില്ല…നമ്മടെ പ്രകടനം കണ്ടിട്ട് അവര് തീരുമാനിക്കും…
ജോസ്: എവിടെയേലും പോയി ഇച്ചിര അഭിനയം പഠിക്കാമായിരുന്നു…
തൊമ്മിക്കുഞ്ഞ്: ഒന്നും വേണ്ട..എല്ലാം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്…കാസ്റ്റിംഗ് ഡയറക്ടറുണ്ട്…എന്റെ പരിചയക്കാരനാ…പുള്ളി വന്ന് നമ്മളെ അഭിനയം പഠിപ്പിക്കും…സിനിമേല് അവസരവും വാങ്ങിത്തരും…പക്ഷേ കാശുചെലവുണ്ട്…
ജോസ്: ങേ…സിനിമേല് അഭിനയിക്കുമ്പം ഇങ്ങോട്ടല്ലെ കാശുകിട്ടുന്നത്..
തൊമ്മിക്കുഞ്ഞ്: അതൊക്കെ വലിയ സ്റ്റാറായി കഴിഞ്ഞാല്‍…ഓരോരുത്തര് കോടികള്‍ മുടക്കി സ്വന്തമായി സിനിമയെടുക്കുവാ അഭിനയിക്കാന്‍…അന്നേരമാ…
തങ്കച്ചന്‍: എന്നാ മുടക്കുവരും…
തൊമ്മിക്കുഞ്ഞ്: ആളൊന്നുക്ക് അമ്പതുവെച്ചു കൊടുക്കേണ്ടിവരും..
ജോസ്: ഒരു പടത്തില്‍ കേറി വിജയിച്ചാല്‍ അടുത്തപടത്തീന്ന് കാശ് ഊരാം..
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ നീ കാര്യങ്ങള് ശരിയാക്ക്…നമ്മള് റെഡി…
തൊമ്മിക്കുഞ്ഞ്: ഓകെ…(ഡീല്‍ മുദ്രകാണിക്കുന്നു)
സീന്‍-2
തൊമ്മിക്കുഞ്ഞ് സംവിധായകനോടൊപ്പം നടന്നുവരുന്നു. സംവിധായകന്‍ നല്ല ഗമയിലാണ് നടപ്പ് തൊമ്മിക്കുഞ്ഞ് ഭവ്യതയോടെ.
തൊമ്മിക്കുഞ്ഞ്: ഇവിടെ എസി റൂമില്ല. ഫാനുള്ള മുറിയേയുള്ളു. കുഴപ്പമില്ലല്ലോ അല്ലേ…
സംവിധായകന്‍: ഏയ് അതു പ്രശ്‌നമില്ല…അല്ലെങ്കിലും കഥാചര്‍ച്ചകളും അഭിനയപരിശീലനവുമെല്ലാം ഞാന്‍ എപ്പോഴും പ്രകൃതിയുടെ മടിത്തട്ടിലാണ് പതിവ്..
തൊമ്മിക്കുഞ്ഞ്: എന്നാ നമുക്കീ മടിത്തട്ടിലെവിടെയെങ്കിലും ഇരിക്കാം…സാറിവിടെയിരിക്ക്…ഞാനവരെ വിളിച്ചോണ്ടുവരാം…
സീന്‍-3
മൂന്നുപേരും വരുമ്പോള്‍ സംവിധായകന്‍ കടലാസേല്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു.
തങ്കച്ചന്‍: പുള്ളി ഇന്നത്തെ പറ്റുകണക്ക് എഴുതുവാന്നു തോന്നുന്നു.
തൊമ്മിക്കുഞ്ഞ്: സാറേ…ഇവരാണ് സിനിമേലേക്ക് കാലെടുത്തുവെക്കാന്‍ പോകുന്നവര്…
സംവിധായകന്‍: (എഴുത്തുനിര്‍ത്തി തിരിഞ്ഞ്) കുറച്ചുനേരത്തേക്ക് ഞാന്‍ പരിസരം മറന്നു പോയി…(ചുറ്റുംനോക്കി) നല്ല ആമ്പിയന്‍സ്…പെട്ടെന്ന് മനസിലേക്ക് ഒരു കഥ വന്നു…അന്നേരേ എഴുതി ..അല്ലേല്‍ മറന്നു പോകും…വൈകുന്നേരം കഥയുമായിട്ടേ വരാവുള്ളുവെന്ന് ലാലുമോന്‍ പറഞ്ഞിട്ടുണ്ട്…
തങ്കച്ചന്‍: പിള്ളേര്‍ക്ക് എല്ലാ ദിവസവും കഥയെഴുതികൊണ്ടുപോയി കൊടുക്കുമോ…
ജോസ്: പിള്ളേരൊക്കെ സ്‌കൂളില്‍ പഠിക്കുവാണോ…
സംവിധായകന്‍: ലാലുമോന്‍ ആരാന്നു കരുതിയാ…
തൊമ്മിക്കുഞ്ഞ്: പിള്ളേരല്ലേ…
സംവിധായകന്‍: മലയാളം ലോകത്തിന് സംഭാവനചെയ്ത ഇതിഹാസ നടന്‍..
തങ്കച്ചന്‍: ലാലുമോന്‍..്അങ്ങനെയൊരു നടനെക്കുറിച്ച് കേട്ടിട്ടില്ലല്ലോ.. നിനക്കറിയാമോടാ ജോസേ…
സംവിധായകന്‍: മോഹന്‍ലാല്‍…ഞങ്ങള് അത്രക്ലോസായിട്ടുള്ളവരൊക്കെ ലാലുമോന്‍ എന്നാ വിളിക്കുന്നത്…
ജോസ്: മോഹന്‍ലാലുമായിട്ടൊക്കെ അത്ര അടുത്ത ബന്ധമാണോ…
സംവിധായകന്‍: പിന്നെ…പയ്യനെ കളത്തിലിറക്കിയത് ഞാനല്ലേ…്പ്പുക്കുട്ടനെ..പ്രണവിനെ..ഭയങ്കര മടിയായിരുന്നു…ചെവിക്കു പിടിച്ചല്ലേ ഞാന്‍ അഭിനയിപ്പിച്ചത്…
തൊമ്മിക്കുഞ്ഞ്; ഹോ..ഞങ്ങളുടെ സിനിമാ പ്രവേശനവും സാറിലൂടെയായത് ഞങ്ങടെ ഭാഗ്യം…
സംവിധായകന്‍: മലയാളസിനിമയ്ക്ക് എത്രപേരെ സംഭാവന ചെയ്ത ആളാ ഞാനെന്ന് അറിയാമോ…സമഗ്രസംഭവാനയ്ക്കുള്ള അവാര്‍ഡിന് ഒറു പ്രാവശ്യം തെരഞ്ഞെടുത്തതാ..സീനിയേഴ്‌സിന് ഫീല് ചെയ്യും അതുകൊണ്ട് ഞാന്‍ വേണ്ടെന്നു പറഞ്ഞു..നമുക്കിനിയും സമയമുണ്ടല്ലോ…
ജോസ്: ഞങ്ങളെ മൂന്നുപേരെയും ഒരു പടത്തില്‍ നായകന്മാരാക്കുവോ…അതോ വേറെ വഏ പടത്തിലായിരിക്കുമോ…
സംവിധായകന്‍: ചെറിയ മോഹമൊന്നുമല്ലല്ലോ…ഇരുന്നിട്ടു കാലു നീട്ടിയാല്‍ പോരേ…
തങ്കച്ചന്‍: അല്ലേലും അവന്‍ ഇരുന്നിട്ടേ കാലുനീട്ടാറുള്ളു…മുട്ടിനുവേദനയുള്ളതാ…
സംവിധായകന്‍: (തങ്കച്ചനെ ആകെ മൊത്തം നോക്കി) കോമഡിയാണല്ലോ…കോമഡി റോളിന് കൊള്ളിക്കാം..
തൊമ്മിക്കുഞ്ഞ്: എനിക്ക് വില്ലന്‍ റോളുമതി സാറേ…ജയിലറിനകത്ത് വിനാകനൈപ്പോലെ…(തലയില്‍തിരുമ്മി) മനസിലായോ സാറേ…
സംവിധായകന്‍: (തോളില്‍തട്ടി) കൊച്ചുകള്ളന്‍ പൂതി കൊള്ളാം…(ഫോണ്‍ ബെല്ലടിക്കുന്നു) ഹോ വീട്ടീന്നാ…സ്‌ക്രിപ്റ്റ് മേടിക്കാന് #ആരെങ്കിലും വന്നതായിരിക്കും..(നടന്നുകൊണ്ട്) ഹലോ മമ്മൂക്കായാണോ വന്നത്…
തങ്കച്ചന്‍: (ജോസിനോടും തൊമ്മിക്കുഞ്ഞിനോടും) ഹോ…മമ്മൂട്ടിയൊക്കെ വീട്ടില്‍ വന്നാ സ്‌ക്രിപ്റ്റ് മേടിക്കുന്നത്…സമ്മതിക്കണം…
തൊമ്മിക്കുഞ്ഞ്: (തിലകന്‍ സ്റ്റൈലില്‍) തനി രാവണന്‍..പത്തുതലയാ..
ജോസ്: ഞാനൊന്നേ കണ്ടുള്ളു..
സംവിധായകന്‍: എടീ മമ്മൂക്കായോട് ഇപ്രാവശ്യം കിലോയ്ക്ക് 20വെച്ചുവേണമെന്നു പറ…പിന്നെ ആ മേശേടെ കീഴിലിരിക്കുന്ന പത്രക്കടലാസുകൂടി കൊടുത്തേക്ക്…
സംവിധായകന്‍: (മൂന്നപേരുടെയും അടുത്തോട്ടുവന്ന്) ആക്രി…
തങ്കച്ചന്‍: (ഇടയ്കകുകയറി) മമ്മൂട്ടിയാണോ സാറേ…ആക്രിയെന്നാണോ പുതിയ സിനിമേടെ പേര്…
ജോസ്: അതു പൊളിക്കും സാറേ….
സംവിധായകന്‍: (തരമായിട്ടുകണ്ട്) എന്നാ പറയാനാ..വൈകുന്നേരം ഞാന്‍ വീട്ടിലോട്ടുകൊണ്ടുപോയി കൊടുത്തേക്കാമെന്ന് പറഞ്ഞതാ…അന്നേരം അങ്ങേര്‍ക്ക് ഇരിക്കപ്പൊറുതിയില്ല…അതാ ചാടിക്കേറിവന്നത്..ഞാനുണ്ടേല്‍ ഇഷ്ടപ്പെടുകേലെന്നറിയാം…അതാ ഇ്‌ലലാത്തനേരം നോക്കിവന്നത്…
തൊമ്മിക്കുഞ്ഞ്: സാറേ…അപ്പോ നമ്മടെ കാര്യം….പടമെപ്പം തുടങ്ങും…
സംവിധായകന്‍: ഞാനിങ്ങോട്ടു വന്ന് ഇടപെടുന്നതല്ല…പിന്നെ തൊമ്മിച്ചായന്‍ പറഞ്ഞ കേസായതുകൊണ്ട് മാത്രം ഇടപെട്ടതാ…പൈസ ഇന്നു തന്നെ ഇടുകേലെ..
തൊമ്മിക്കുഞ്ഞ:്(ഗമയില്‍) അതുവൈകുന്നേരം തന്നെ ഗൂഗിള്‍ പെ ചെയ്‌തേക്കാം…
സംവിധായകന്‍: നിങ്ങള് തന്നെ അഭിനയം പഠിച്ചുതുടങ്ങണം…അതായത് സന്ദര്‍ഭങ്ങള്‍ ക്രിയേറ്റ് ചെയ്ത…ഇല്ലാത്ത കാര്യങ്ങള്‍ സംഭവിച്ചതുപോലെ കാണിക്കണം..അതു മറ്റുള്ളവര്‍ വിശ്വസിച്ചാല്‍ നിങ്ങള് അഭിനേതാക്കളായി…
തങ്കച്ചന്‍: അക്കാര്യത്തില്‍ ഞങ്ങള്‍ മിടുക്കരാ…
സംവിധായകന്‍: ഇല്ലാത്തതും സംഭവിക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെന്നും സംഭവിച്ചുവെന്നും പറഞ്ഞു ഫലിപ്പിക്കുന്നതാമ് അഭിനയം…
തൊമ്മിക്കുഞ്ഞ്: സാറിനെ സമ്മതിക്കണം…വല്ല ഇംഗ്ലീഷുകാരനുമായിട്ടു ഞനിച്ചായിരുന്നേല്‍ ഓസ്‌കാറ് ഉറപ്പാ…
സംവിധായകന്‍: എന്നാ പറയാനാ…ഇവിടെ ജനിച്ചുപോയി…എല്ലാം പറഞ്ഞതുപോലെ…ഷൂട്ടിംഗിനു വരേണ്ട ദിവസം ഞാന്‍ അറിയിക്കാം…
ജോസ്: സാറേ വിളിക്കുമ്പം…നായിക ആരാന്നുകൂടിയൊന്നു പറയണേ…ഒന്നു മെന്റലി പ്രിപ്പേര്‍ഡാകാമല്ലോ…
സംവിധായകന്‍: (വയറില്‍ കുത്തിക്കൊണ്ട്) ങൂംംം..പറയാം….പറയാം…
സീന്‍-4
തങ്കച്ചനും ജോസും കല്ലേലിരിക്കുന്നു.
തങ്കച്ചന്‍: നീ അഭിനയം പഠിച്ചു തുടങ്ങിയോടാ…
ജോസ്: രാവിലെ അടുക്കളേല്‍ ഒരു അഭിനയം നടത്തിയതാ…അവളെ ഒന്നു പേടിപ്പിച്ചു…കഞ്ഞിക്കലമൊന്നു പൊട്ടി…
തൊമ്മിക്കുഞ്ഞ് ഓടിവരുന്നു. കയ്യില്‍ ഒരു പത്രവുമുണ്ട്.
തൊമ്മിക്കുഞ്ഞ്: തങ്കച്ചാ…ജോസേ..എല്ലാം പോയി…
തങ്കച്ചന്‍; തൊമ്മിക്കുഞ്ഞ് വരുന്നുണ്ട്….അഭിനയിച്ചാ വരുന്നത്…
തൊമ്മിക്കുഞ്ഞ്: ജോസേ എല്ലാം പോയി…ന്മമളിനി എന്നാ ചെയ്യും…
ജോസ്: നല്ല അഭിനയമാണല്ലോ…തൊമ്മിക്ക്ുഞ്ഞ് റോളുറപ്പാക്കി…
തൊമ്മിക്കുഞ്ഞ്: കയ്യുംകാലും തളരുന്നു…എന്നാ ചെയ്യും…നിങ്ങളറിഞ്ഞില്ലേ…
തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) ഞങ്ങളെല്ലാമറിഞ്ഞു…നിന്റെ അഭിനയം കൊള്ളാം…ഇനി മതിയാക്ക്…
ജോസ്: ഇനി ഞങ്ങള്‍ക്ക് അവസരം താ…
തൊമ്മിക്കുഞ്ഞ്: ഇതഭനയമല്ല…നമ്മടെ കാശുപോയി…അയാള് തട്ടിപ്പുകാരനായിരുന്നു…ഇതേ പത്രത്തില്‍ വാര്‍ത്തയുണ്ട്…അയാള് പലരുടെയും കാശ് വാങ്ങിയിട്ടുണ്ട്…അറസ്റ്റിലായി..
തങ്കച്ചന്‍: നിന്റെ അഭിനയം കൊള്ളാം..നല്ല ഒറിജിനാലിറ്റിയുണ്ട്…(പത്രംവാങ്ങി) ഇങ്ങുകാണിച്ചേ…(വായിച്ചിട്ട്) യ്യോ…ജോസേ പോയെടാ…
ജോസ്: നിങ്ങള്ും അഭിനയം തുടങ്ങിയോ…ഇങ്ങു കാണിച്ചേ…ഇനി ഞാനൊരു കൈനോക്കാം…(വാങ്ങി വായിച്ചിട്ട്) യ്യോ…തൊമ്മിക്കുഞ്ഞേ..ചതിച്ചോ…
തങ്കച്ചന്‍: നീ ഒറ്റയൊരുത്തനാ എല്ലാത്തിനും കാരണം…കാശും പോയി…എന്റെ ദൈവമേ…
തൊമ്മിക്കുഞ്ഞ്: ഞാനെന്നാ കാണിച്ചു…ഒരു നല്ല കാര്യം വന്നപ്പോ എല്ലാവരോടും പറഞ്ഞു…അത്രമാത്രം…
ജോസ്: നിന്റെ നല്ല കാര്യം….ഞാനിനി അവളോടെന്നാ സമാധാനം പറയും…
അങ്ങോട്ടുമിങ്ങോട്ടും ആരോപണമുന്നയിക്കലും എരിപൊരി സഞ്ചാരവും.
ഇതെല്ലാം കണ്ടുകൊണ്ട് ഭാര്യ വരുന്നു.
ഭാര്യ: ഹോ…നിങ്ങള്‍ക്ക് സിനിമാ ഭ്രാന്ത് മൂത്ത് എപ്പഴും അഭിനയമാണോ…ഒന്നു നിര്‍ത്ത്…(തിരിഞ്ഞുനടക്കുന്നു)
തങ്കച്ചന്‍: അഭിനയമല്ല…ഒറിജിനലാ…കെട്ടിയോന്റെ രൂപ അമ്പതിനായിരം പോയി….
ഭാര്യ: (തിരിഞ്ഞുനിന്ന്) എന്റെ ദൈവമേ പിന്നേം കാശുപോയോ…
ജോസ്: എന്റെ മാത്രമല്ല…ഇവരുടേം പോയി…നമുക്കവനെ പിടിക്കണം…രണ്ടെണ്ണം കൊടുക്കണം…
ഭാര്യ: (ചുറ്റും പരതിക്കൊണ്ട്) അയാള്‍ക്കിട്ടല്ല…കൊടുക്കേണ് വേറെ ചിലരുണ്ടിവിടെ…
തങ്കച്ചന്‍: ജോസേ…വിട്ടോടാ…കാശേ പോയുള്ളു…തല്ലുംവരുന്നെണ്ടേടാ…
മൂവരും ഓടുന്നു.