സംവിധായകന് മര്‍ദനമേറ്റു

0
108

നേരംപോക്ക്
എപ്പിസോഡ്-45

സീന്‍-1

വീടിന്റെ വരാന്തയിലും മുറ്റത്തുമായി തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. മൂന്നുപേരും ക്ഷുഭിതരാണ്. അമര്‍ഷത്തിലാണ്. രൂക്ഷമായ ചര്‍ച്ചയിലാണ്.

തങ്കച്ചന്‍: ജോസേ….ഞാനിന്നവനോട് ഉള്ളകാര്യം തുറന്നു പറയും…ഇന്ന് രണ്ടിലൊന്നറിയണം…

ജോസ്: ഞാനിത് എത്രദിവസമായി നിങ്ങളോട് പറയുന്നു…ചോദിക്കാന്‍…അന്നേരമൊന്നും നിങ്ങളനങ്ങിയില്ല…

തങ്കച്ചന്‍: അതിപ്പം…അവന്‍ നോക്കിയും കണ്ടും ചെയ്യുമെന്നല്ലേ ഞാന്‍ കരുതിയത്…

തൊമ്മിക്കുഞ്ഞ്: ദേ…നമ്മളൊന്നിച്ച് നില്‍ക്കണം…അവന്‍ പല സൂത്രവും പ്രയോഗിക്കും…കുപ്പിയിലാക്കാന്‍ വിരുതനാ അവന്‍ അറിയാമല്ലോ…

തങ്കച്ചന്‍: ങൂംംം…ഇന്നവന്റെ ഒരഭ്യാസവും നടക്കുകേല…കുത്തിനു ഞാന്‍ പിടിക്കും…

ജോസ്: എനിക്കാദ്യം മുതലേ സംശയമുണ്ടായിരുന്നു…അവന്‍ നമ്മളെ വിറ്റു കാശുണ്ടാക്കുമെന്ന്…ഞാന്‍ പറഞ്ഞപ്പം നിങ്ങളാരും വിശ്വസിച്ചില്ല…

തൊമ്മിക്കുഞ്ഞ്: ഇങ്ങോട്ടുവന്ന് നമുക്കൊരവസരം തന്നതല്ലേ എന്നു കരുതിയല്ലേ…നമ്മള് അനങ്ങാതിരുന്നത്…അന്നേരം അവന്‍ അത് മുതലാക്കുകയാന്നു പറഞ്ഞാലെങ്ങനാ…

തങ്കച്ചന്‍: അതൊക്കെശരിയാ…അവന്‍തന്നെയല്ലേ പറഞ്ഞത് ഒരു മാസം കഴിഞ്ഞാല്‍ യുട്യൂബീന്നു കാശുകിട്ടുമെന്ന്…

ജോസ്: കാശുകിട്ടുന്നുണ്ട്….അവന്റെ പോക്കറ്റിലേക്കാ വീഴുന്നതെന്നു മാത്രം…

തൊമ്മിക്കുഞ്ഞ്: സൂപ്പര്‍ഹിറ്റാ…. നമ്മുടെ സീരിയല് യുട്യൂബില്….എത്രപേരാ കാണുന്നതെന്നറിയാമോ…

തങ്കച്ചന്‍: എന്നിട്ട് അവന്‍ നമ്മളോട് പറയുന്നത്….200പേരില്‍ കൂടുതല് കാണുന്നില്ലെന്ന്…

ജോസ്: അവന്‍ പറഞ്ഞത് ആയിരം വരിക്കാരുവേണം….വേറെ ഏതാണ്ടോരു വാക്കാണല്ലോ അതിന്…ങാ…സബ്‌സക്രൈബേഴ്‌സ്…

തൊമ്മിക്കുഞ്ഞ്: പിന്നെ….നാലായിരം മണിക്കൂറുകാണണം….

ഭാര്യ അകത്തുനിന്നും വരുന്നു.

ഭാര്യ: ങാ…നാലായിരം മണിക്കൂറ്…ഞാന്‍തന്നെ ഒരു നാലായിരം മണിക്കൂറു കണ്ടുകാണും…ഇവിടെ ടിവിയിലിപ്പം വചനപ്രഘോഷണംപോലും വെക്കുന്നില്ല….ഫുള്‍ടൈം യുട്യൂബിലെ നമ്മടെ പരിപാടിയാ കാണുന്നത്….

ജോസ്: പിള്ളേരും ബഹളം…അവര് വൈകിട്ട് വന്ന് ഓണ്‍ലൈന്‍ ക്ലാസു തുടങ്ങുമ്പം നെറ്റില്ല….ജിബി മുഴുവന്‍ ഇവള് പകലിരുന്ന് തിന്നു തീര്‍ക്കുവാന്നാ അവര് പറയുന്നേ…

തങ്കച്ചന്‍: അവന്‍ വലിയൊരു സംവിധായകന്‍….എനിക്കു കലി കേറിയിട്ടു വയ്യ….ഇന്നിങ്ങുവരട്ടെ…

ഭാര്യ: അതെങ്ങനാ…വരുമ്പഴേ അവനാ കസേരയിലങ്ങിരിക്കും…എന്നിട്ടു ഓരോന്നു പറയുവാ… മിനിറ്റിനു മിനിറ്റിനു ചൂടുവെള്ളം….ചൂടുവെള്ളമേ അവന്റെ തൊണ്ടേന്ന് ഇറങ്ങുവുള്ളു….വെള്ളം തിളപ്പിച്ച് ഗ്യാസ് തീരുന്നത് അറിയുന്നില്ല…

ജോസ്: അതിനു നീ തന്നെയാ കാരണക്കാരി…ഞാന്‍ പറഞ്ഞതാ തണുത്തവെള്ളം കൊടുത്താമതിയെന്ന്…അന്നേരം നി എന്നതാ പറഞ്ഞത് കലാകാരന്മാര് ചൂടുവെള്ളമേ കുടിക്കുള്ളുവെന്ന്…

ഭാര്യ: (ചൂടായി) ങാ…എന്നെപ്പറഞ്ഞോ….ചോറിന് നാലുകൂട്ടം കറിയും മീന്‍ വറുത്തതും വേണമെന്ന് പറഞ്ഞതാരാ…നിങ്ങളല്ലേ…

ജോസ്: അതുപിന്നെ ലൊക്കേഷന്‍ ഫുഡ് അങ്ങനെയാന്നല്ലേ അവന്‍ പറഞ്ഞത്…

തങ്കച്ചന്‍: (ഇടയില്‍ക്കയറി) നിങ്ങള് വഴക്കുണ്ടാക്കി വിഷയത്തില്‍ നിന്ന് മാറേണ്ട…അവന്‍ വരാറായി….നമ്മളിങ്ങനെ പറയുന്നു…സീരിയല് തുടങ്ങിയിട്ട് മൂന്നുനാലുമാസമായി…കാശുകിട്ടിതുടങ്ങിയെന്ന് ഞങ്ങളറിഞ്ഞു…അതിന്റെ ഒരു വിഹിതം നമുക്കുംകിട്ടണം…അല്ലാതെ മുന്നോട്ട് പോവില്ല….

തൊമ്മിക്കുഞ്ഞ്: യുട്യൂബി…നമ്മടെ സ്വന്തക്കാരുണ്ടെന്ന് പറഞ്ഞോ…കുറയ്‌ക്കേണ്ട…അവര് കാര്യങ്ങള് പറഞ്ഞെന്നു പറഞ്ഞോ….

ജോസ്: അതാരാന്നു ചോദിച്ചാ എന്നാ പറയും….

തൊമ്മിക്കുഞ്ഞ്: വീട്ടുകാരത്തിയുടെ ആങ്ങളയാന്നു തട്ടാം…

ജോസ്: അവന് പൈപ്പിന്റെ പണിയല്ലേ…

തൊമ്മിക്കുഞ്ഞ്: ങാ…അതും ഒരു ട്യൂബല്ലേ….

തങ്കച്ചന്‍: ഇതിനുപകരം സിനിമേലാ അഭിനയിച്ചിരുന്നേല്‍ ഇപ്പം കാശുണ്ടാക്കാമായിരുന്നു…വല്ല ഓഡി കാറും മേടിച്ച് ലാവിഷായിട്ട് നടക്കാമായിരുന്നു…

ഭാര്യ: കഴിഞ്ഞദിവസം വീ്ട്ടിച്ചെന്നപ്പോ വീഡിയോ കണ്ടേച്ച് നാത്തൂന്‍ പറഞ്ഞത്…ചേച്ചി ജീവിക്കുവാണോ അഭിനയിക്കുവാണോയെന്ന് അറിയാന്‍ പറ്റുകേലെന്നാ…

ജോസ്: അതവള് നിനക്കിട്ടൊന്നു താങ്ങിയതായിരിക്കും…

തൊമ്മിക്കുഞ്ഞ്: (ദൂരേക്ക് നോക്കി) ദേ…അവന്‍ വരുന്നുണ്ട്…(നോക്കിയിട്ട്) ഇന്ന് വേറൊരു മാക്രിയെ ആണല്ലോ കൂടെക്കൂട്ടിയിരിക്കുന്നത്….

തങ്കച്ചന്‍: ദേ…പറഞ്ഞതെല്ലാം ഓര്‍മവേണം…ഒരു വിട്ടുവീഴ്ചയും വേണ്ട…

സീന്‍-2

നടന്നുവരുന്ന സംവിധായകനും സഹായിയും. സഹായിയുടെ തോളില്‍ ട്രൈപോഡ്. പിടിച്ചിരിക്കുന്നതു കണ്ടാലറിയാം ഇതുമായിട്ടൊന്നും വലിയ പരിചയമില്ലെന്ന്. സംവിധായകന്റെ ഒരു കയ്യില്‍ ജിമ്പെല്‍. തോളില്‍ ബാഗ്. സൂപ്പര്‍ സംവിധായകന്റെ മട്ടും ഭാവവും.

സംവിധായകന്‍: ആ ഇരിക്കുന്നവന്മാരാണ് അഭിനയിക്കുന്നത്…ഒരുവിവരവുമില്ല…എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കണം…

സഹായി: ഹോ..മുതലാളിയെ സമ്മതിക്കണം…ഇതെല്ലാം എങ്ങനെ ചെയ്യുന്നു…

സംവിധായകന്‍: നിന്നോടു ഞാന്‍ ആദ്യമേ പറഞ്ഞു…ഇവിടെ മുതലാളിയെന്ന് വിളിക്കരുതെന്ന്…അതൊക്കെ നീ കൈതയ്ക്കകത്ത് പണിയാന്‍ പോകുമ്പം മതി…ഇവിടെ നീ കാമറാമാനാണ്….സാര്‍ എന്നേ എന്നെ വിളിക്കാവൂ…

സഹായി: സാറേ…കൈത മുതലാളിയെ തെറിയും പറഞ്ഞിട്ടാ ഞാന്‍ സാറിന്റെ കൂടെകൂടിയത്…വെയിലുകൊള്ളേണ്ടെന്നു പറഞ്ഞതുകൊണ്ടുമാത്രമാ ഞാന്‍ വന്നത്….ഇവിടെ സ്ഥിരം പണി കിട്ടുമല്ലോ…

സംവിധായകന്‍: നീ എന്റെ കൂടെ നിന്നോ…വെയിലും കൊള്ളേണ്ട…കൈതേടെ മുള്ളും കൊള്ളേണ്ട…ഇടയ്‌ക്കൊക്കെ എന്നെ ഒന്നു പൊക്കിപ്പറഞ്ഞേക്കണം…അത്രേയുള്ളു…

സഹായി: അത് ഞാനേറ്റു….

സംവിധായകന്‍: ഞാന്‍ എന്നാ പറഞ്ഞാലും യെസ് സാര്‍…എന്നു പറഞ്ഞാല്‍മതി…ഇങ്ങോട്ടൊന്നും പറയരുത്….എന്നാ….വാ…

രണ്ടുപേരും മുന്നോട്ടു നടക്കുന്നു.

സീന്‍-3

നടന്നുവരുന്ന സംവിധായകനും സഹായിയും. നാലുപേരും ഇടന്തടിച്ചു നില്‍ക്കുന്നു.

സംവിധായകന്‍: (കസേരവലിച്ചിട്ടുകൊണ്ട്) കസേരയില്‍ ഡയറക്ടര്‍ എന്നെഴുതി ഒട്ടിച്ചുവെക്കണമെന്ന് ഞാന്‍ പറഞ്ഞതല്ലായിരുന്നോ…എന്നാലെ ഒരു ഷൂട്ടിംഗിന്റെ ആമ്പിയന്‍സ് വരുവുള്ളു…

ആരും ഒന്നും മിണ്ടുന്നില്ല. സംവിധായകന്‍ അത് ശ്രദ്ധിക്കുന്നു.

സഹായി: സാര്‍…ഇതെവിടെയാ ചാരിവെക്കേണ്ടത്…(ട്രൈപോഡ് വിറക് പോലെ പൊക്കികാണിക്കുന്നു)

സംവിധായകന്‍: (സഹായിയുടെ അടുത്തോട്ടുചെന്നിട്ട്) നിന്നോട് ഞാന്‍ പറഞ്ഞതാ…വിവരക്കേട് വിളിച്ചു പറയരുതെന്ന്…(ശബ്ദമുയര്‍ത്തി) കാമറ ഈ ആംഗിളില്‍ വെച്ചൊളൂ…ആദ്യഷോട്ട് അവിടെ നിന്നും രണ്ടുപേര്‍ വര്‍ത്തമാനം പറഞ്ഞ് നടന്നുവരുന്നതാണ്….വൈഡായിക്കോട്ടെ…(ആംഗ്യവിക്ഷേപങ്ങളോടെയാണിത് പറയുന്നത്)

സംവിധായകന്‍: (കസേരയില്‍ വന്നിരുന്നുകൊണ്ട്) സ്‌ക്രിപ്‌റ്റൊക്കെ പഠിച്ചോ…വലിയ റിഹേഴ്‌സലില്ലാതെ തീര്‍ക്കണം….നേരത്തെ തീര്‍ത്തിട്ടുവേണം….വൈകിട്ട് ഒരു സ്‌ക്രിപ്റ്റ് ഡിസ്‌കഷന് ലാലിന്റെയടുത്ത് പോകാന്‍ സിബി വിളിച്ചിട്ടുണ്ട്….സിബി മലയിലേ…പുള്ളിക്ക് ലാലിന്റെയടുത്ത് ഒറ്റയ്ക്ക്ു പോകാനൊരു മടി…ഞാനുണ്ടേല്‍ കഥപറഞ്ഞോളുമല്ലോ….

തങ്കച്ചന്‍: (മുന്നോട്ടുവന്ന്) അതൊക്കെ അവിടെ നില്‍ക്കട്ടെ…ഷൂട്ടിംഗ് തുടങ്ങുന്നതിനുമുന്നെ ചില കാര്യങ്ങള് പറയാനുണ്ട്….

ജോസ്: (ഇടയ്ക്കുകയറി) ഞങ്ങള്‍ക്കും കാശുകിട്ടണം…

സംവിധായകന്‍: ഹാ…ഇതെന്നാ പറയുന്നത്…യുട്യൂബീന്നു കാശുകിട്ടിയാ അന്നേരെ തരുമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലെ….

തങ്കച്ചന്‍: യുട്യൂബീന്ന്ു കാശു കിട്ടാന്‍ തുടങ്ങിയെന്ന് ഞങ്ങള് അറിഞ്ഞു…

സംവിധായകന്‍: അതാര് പറഞ്ഞു..

തൊമ്മിക്കുഞ്ഞ്: യുട്യൂബി ഞങ്ങള്‍ക്കു പരിചയമുള്ളവരുമുണ്ട്….

ജോസ്: തനിക്ക് യുട്യൂബീന്ന് വെള്ളിപ്പലക കിട്ടിയെന്നു പറഞ്ഞ്…പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ഞങ്ങള് കണ്ടല്ലോ…

സംവിധായകന്‍: (ചമ്മല്മറച്ചു പിടിച്ച്) അതൊക്കെ എന്റെ ചില മാര്‍ക്കറ്റിംഗ് തന്ത്രങ്ങളല്ലേ…

തങ്കച്ചന്‍: ആ തന്ത്രമൊന്നും ഇവിടെ ചെലവാകുകേല മാനേ…ഇനി പൈസവെക്കണം…ഞങ്ങള് അഭിനയിക്കണേല്‍…

സംവിധായകന്‍: ഗുരുദക്ഷിണയ്ക്കു പകരം പൈസ അങ്ങോട്ടുമേടിക്കുന്ന കാലം…നിങ്ങളെ അഭിനയം പഠിപ്പിച്ചു കളത്തിലിറക്കിയതു ഞാനാണെന്ന് മറക്കരുത്…

ഭാര്യ: പുറത്തോട്ടിറങ്ങിയാ അന്നേരമേ ആള്‍ക്കാര് ചോദിക്കുന്നത് എന്നാ കിട്ടുമെന്നാ….കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല.

സംവിധായകന്‍: ചേച്ചീ…അടുക്കളയുടെ നാലുകോണുകള്‍ക്കുള്ളില്‍ തളച്ചിട്ടിരുന്ന ചേച്ചിയെ നാലാളറിയുന്നതാക്കിയത് ഞാനാ….അതു മറക്കരുത്…

ഭാര്യ: നാലുകാശുകൂടെ കിട്ടണ്ടെ…

തങ്കച്ചന്‍: നീ വിളച്ചിലൊന്നും എടുക്കണ്ട….കാശിന്റെ കാര്യത്തില്‍ ഒരു തീരുമാനം പറ…

സഹായി നിലത്തുകുത്തിയിരുന്നു കാഴ്ചകളെല്ലാം കാണുകയാണ്.

സംവിധായകന്‍: ഠ വട്ടത്തില്‍ കറങ്ങി നടന്നിരുന്ന നിങ്ങളെയൊക്കെ അന്റാര്‍ട്ടിക്കായില്‍വരെ അറിയുന്നവരാക്കി…ആരാ…ഈ ഞാന്‍….എന്നിട്ടിപ്പം എന്റെ നേരെ വെല്ലുവിളിക്കുന്നോ….

ജോസ്: അന്റാര്‍ട്ടിക്കാ കഥ നീ വന്നപ്പോ മുതല് പറയുന്നതാ…അത് വിട്…കാര്യത്തിന് തീരുമാനമുണ്ടാക്ക്….

തൊമ്മിക്കുഞ്ഞ: ഇല്ലെങ്കില്‍ ഞങ്ങളായിട്ട് തീരുമാനമുണ്ടാക്കും…

സംവിധായകന്‍: അതിലൊരു ഭീഷണിയുടെ ശബ്ദമുണ്ടല്ലോ…

തങ്കച്ചന്‍: ഭീഷണിയെങ്കില്‍ ഭീഷണി…ഏതുമാര്‍ഗവും ഞങ്ങളു സ്വീകരിക്കും…

സംവിധായകന്‍: (എണീറ്റുകൊണ്ട്) അതുശരി…ഇതിലുംവലിയ അഭ്യാസം കണ്ടേച്ചാ…ഞാനിവിടെ നില്‍ക്കുന്നത്…അന്നേരമാ….യുട്യൂബി രണ്ടു സീരീസില്‍ തലകാണിച്ചേച്ച് എന്റെ മുന്നില്‍വന്ന് ഞെളിയുന്നത്…

സഹായി: (സംഗതി വഷളാകുന്നത് കണ്ട് എണീക്കുന്നു. ഫോണെടുത്ത് വിളിക്കുന്നു) മുതലാളി…നാളെ മുതല്‍ ഞാന്‍ പണിക്കുവന്നോളാം…അതുസാരമില്ല…വെയിലുകുഴപ്പമില്ല….ഇടികിട്ടുന്നതിനേക്കാള്‍ ഭേദമല്ലേ…

തങ്കച്ചന്‍: അതുശരി…ഞങ്ങടെ മുറ്റത്തുവന്ന് നീ…ഞങ്ങളെ വെല്ലുവിളിക്കുന്നോ….തൊമ്മിക്കുഞ്ഞേ…പിടിയെടാ അവനെ…

മൂന്നുപേരും സംവിധായകനെ വളയുന്നു.

സംവിധായകന്‍: (ജിമ്പെല്‍ വീശിക്കൊണ്ട്) അടുക്കരുത്….കുത്തുംഞാന്‍…(സഹായിയോട്) എടാ രക്ഷിക്കെടാ…

സഹായി: (ഓടിക്കൊണ്ട്) മുതലാളിയെ ദൈവം രക്ഷിക്കും….

സംവിധായകന്‍: (ജിമ്പെല്‍ വീശിക്കൊണ്ട്) അടുക്കരുതെന്നാ പറഞ്ഞെ…ഭീകരനാ ഞാന്‍…എന്തുംചെയ്യും…

തങ്കച്ചന്‍: (വട്ടംകയറി പിടിച്ചുകൊണ്ട്) നിന്നെക്കാള്‍ വലിയ ഭീകരനെ ഞാന്‍ പിടിച്ചിട്ടുണ്ട്….

മൂന്നുപേരുംകൂടി സംവിധായകനെ വട്ടംപിടിക്കുന്നു..

സംവിധായകന്‍: (അലറിവിളിക്കുന്നു)അയ്യോ….നാട്ടുകാരെ ഓടിവരണേ….എന്നെക്കൊല്ലുന്നേ…രക്ഷിക്കണേ…

ജോസ്: എടാ…മിണ്ടാതിരിയെടാ…ആള്‍ക്കാര് ഓടിക്കൂടും.

സംവിധായകന്‍ കുഴഞ്ഞുവീഴുന്നു..

തങ്കച്ചന്‍: എടാ…ജോസേ…അവനേതാണ്ട് പറ്റി…

തൊമ്മിക്കുഞ്ഞ്: യ്യോ…കാറ്റുപോയോ…

മൂന്നുപേരുംകൂടി താങ്ങികിടത്തുന്നു. ശ്വാസംപോകുന്നുണ്ടോയെന്നു നോക്കുന്നു.

ഭാര്യ: (തലേല്‍കൈവെച്ച്) ന്റെ ദൈവമേ..നിങ്ങളെല്ലാം കൂടി അയാളെ ഞെക്കികൊന്നോ…എനിക്കിതിനു സാക്ഷിപറയാന്‍ പറ്റില്ലേ….ഞാന്‍ പോകുവാ…(പോകുന്നപോക്കിന്) വേഗം ആശുപത്രി കൊണ്ടുപോ…

മൂവരും മാറി നിന്ന് ചര്‍ച്ചയിലാണ്.

തങ്കച്ചന്‍: ഞാന്‍ ചുമ്മാ ഒന്നു പിടിച്ചതേയുള്ളു…

ജോസ്: ഒന്നു പേടിപ്പിച്ചുവിടണമെന്നേ ഓര്‍ത്തുള്ളു.

ഇടംകണ്ണ് തുറന്നു നോക്കുന്ന സംവിധായകന്‍. പയ്യെ എണീറ്റ് ബാഗും ട്രൈപോഡും എടുക്കുന്നു.

തൊമ്മിക്കുഞ്ഞ്: ഇതു കളിമാറി കേട്ടോ…ആള്‍ക്കൂട്ട കൊലപാതകമാ…

തങ്കച്ചന്‍: നീ ചുമ്മാ പേടിപ്പിക്കാതെ തൊമ്മിക്കുഞ്ഞേ…

ജോസ്: ഇനിയിപ്പം എന്നതാ ചെയ്യുന്നേ…ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണെന്നു പറഞ്ഞ് ആശുപത്രി കൊണ്ടുപോകാം…

തൊമ്മിക്കുഞ്ഞ്: (തലേല്‍കൈവെച്ച് നിലത്തുകുത്തിയിരിക്കുന്നു) ന്റെ ദൈവമേ ഇനി നിക്കറുമിട്ട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടിവരുമല്ലോ….(സംവിധായകന്‍ ഓടുന്നത് കാണുന്നു) ദാണ്ട്…അവന്‍ എണീറ്റോടുന്നു.

മൂവരും: നില്ലെടാ അവിടെ…

സംവിധായകന്‍: (ഓട്ടത്തിനിടെ തിരിഞ്ഞുനിന്ന്) നിന്നില്ലേല്‍ എന്നാ ചെയ്യുമെടാ…നീയൊക്കെ ഞൊട്ടിക്കോ….വളര്‍ത്താനറിയാമെങ്കിലേ കൊല്ലാനും എനിക്കറിയാം…

തങ്കച്ചന്‍: ഞങ്ങടെ കൈകൊണ്ട് തീരണ്ടെങ്കില്‍ വേഗം വിട്ടുപോടാ…

സംവിധായകന്‍: നീയൊക്കെ നോക്കിക്കോ…ഞാന്‍ ഇനീം വീഡിയോ ചെയ്യും…മില്യന്‍സ് ആന്‍ഡ് മില്യന്‍സ് വ്യൂസ് വരും….നീയൊക്കെ…ഇവിടെ….ഈ…ഠ വട്ടത്തില്‍…ഇങ്ങനെ കിടന്ന് കറങ്ങും… ഞാനപ്പം ഡോളേര്‍സ് എണ്ണും…ഡോളേര്‍സ്…(ആംഗ്യവിക്ഷേപങ്ങളോടെയും ചാടിയുമാണ് പറയുന്നത്.)

തങ്കച്ചന്‍: ഇവന്‍ സമ്മതിക്കുകേലല്ലോ….എറിഞ്ഞുവീഴ്‌ത്തെടാ അവനെ…

മൂവരും കല്ലുപെറുക്കിയെറിയുന്നു. സംവിധായകന്‍ ഓടി രക്ഷപ്പെടുന്നു.

തങ്കച്ചന്‍: ഹോ…ഇവനെയൊക്കെ സമ്മതിക്കണം…

ജോസ്: ഇതുപോലൊരു പാഴിനെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല…

തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ വേണ്ടെന്നു പറഞ്ഞതുകൊണ്ടാ അല്ലേല്‍ അവനെ ഞാനിന്ന് തീര്‍ത്തേനെ…

പെട്ടെന്ന് വളവുതിരിഞ്ഞ് ഓടിവരുന്ന സംവിധായകന്‍. അവിടെ നിന്ന് കൈകളുയര്‍ത്തി.

സംവിധായകന്‍: പൂയ്…പൂയ്….

തങ്കച്ചന്‍: ദേണ്ടെ…പിന്നേം അവന്‍….ഇന്നിവനെ ഞാന്‍….

മൂവരും നില്ലെടാ അവിടെ എന്ന് കൂവിക്കൊണ്ട് സംവിധായകന്റെ പിന്നാലെ.

LEAVE A REPLY

Please enter your comment!
Please enter your name here