നേരംപോക്ക്
എപ്പിസോഡ്-47
ജോസും തൊമ്മിക്കുഞ്ഞും കൂടി മുറ്റത്തുനിന്നു കാര്യമായി സംസാരിക്കുകയാണ്.
തൊമ്മിക്കുഞ്ഞ്: അഞ്ഞൂറിട്…എന്നാലേ ഒരു ഫുള്ള് വാങ്ങാന്‍ പറ്റൂ…
ജോസ്: എന്റെ കയ്യില്‍ ഇരുനൂറേയുള്ളൂ..തങ്കച്ചനോട് അഞ്ഞൂറിടാന്‍ പറയാം..
തൊമ്മിക്കുഞ്ഞ്: അയാളിടുകേല..ചെറുക്കന്‍ വന്നപ്പോ സാധനം കൊണ്ടുവന്നിട്ടുണ്ട്…അതുതീരാതെ അയാളിനി വീട്ടീന്നു പുറത്തിറങ്ങുകേല…
തങ്കച്ചന്‍ ദൂരേന്ന് നീട്ടിവിളിച്ചു വരുന്നു.
തങ്കച്ചന്‍: ജോസേ..തൊമ്മിക്കുഞ്ഞേ…പണികിട്ടീടാ…
ജോസ്: ഹോ..അയാളുടെ കാര്യം പറഞ്ഞ് നാക്ക് വായിലിട്ടില്ല..അതിനുമുന്നേയെത്തി…
തൊമ്മിക്കുഞ്ഞ്: എന്നാ തങ്കച്ചാ…ചെറുക്കന്‍ വന്നത് തിരിച്ചുപോയോ…നിങ്ങള് പുറത്തിറങ്ങിയതുകൊണ്ട് ചോദിച്ചതാ…
തങ്കച്ചന്‍: എടാ…ആകെ പ്രശ്‌നമായി…ഇതുപോലൊരു പണി എനിക്കു കിട്ടുമെന്ന് ഞാനോര്‍ത്തില്ല…
ജോസ്: കടുവായെ കിടുവ പിടിച്ചെന്നോ…
തൊമ്മിക്കുഞ്ഞ്: എന്നാ പറ്റി…ചെറുക്കന്‍ കുപ്പിയെല്ലാം എടുത്ത് പൂട്ടിവെച്ചോ…
തങ്കച്ചന്‍: ങാ..എന്നാ ഞാന്‍ പെട്ടി തല്ലിപ്പൊട്ടിക്കുകേലേ…ഇതതൊന്നുമല്ല…അവനും അവളും വീട്ടിലില്ല…ഏതാണ്ട പേപ്പറൊക്കെ ശരിയാക്കാന്‍ എറണാകുളത്തിനു പോകുവാ..
തൊമ്മിക്കുഞ്ഞ്: (സന്തോഷത്തോടെ) അതു നല്ലകാര്യമല്ലേ…നമുക്ക് നാളെ അവിടെ കൂടാം…ഫോറിന്‍ കഴിച്ചിട്ടു നാളൊത്തിരിയായി…
ജോസ്: എന്നാ ഞാന്‍ ഷെയറിട്ട 200 തിരിച്ചുതന്നേര്…നാളത്തെ കാര്യം ഓകെയായില്ലേ..
തൊമ്മിക്കുഞ്ഞ്: അത് പൂളില്‍് കിടക്കട്ടെ… ഒരു ദിവസത്തെ കാര്യമല്ലെ ഓകെയായുള്ളു…
തങ്കച്ചന്‍: നിനക്കൊക്കെ വെള്ളമടിക്കണമെന്നൊരു ചിന്തയേയുള്ളോടാ…ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്…
ജോസ്: ഞങ്ങള് കേട്ടതുകൊണ്ടല്ലേ..അടുത്ത പരിപാടിയിലേക്ക് കടന്നത്…
തങ്കച്ചന്‍: എടാ പ്രശ്‌നമതല്ല…പിള്ളേരേ രണ്ടിനേം ഇവിടെ നിര്‍ത്തിയിട്ടാ പോകുന്നത്….ഞാന്‍ നോക്കണം..
ജോസ്: നിങ്ങടെ വീട്ടുകാരത്തിയെന്തിയേ…അവരുടെ പെടലിക്കുവെച്ചുകൊട്…
തങ്കച്ചന്‍: അവള് തിമിരത്തിന് ഓപ്പറേഷന്‍ ചെയ്തിരിക്കുവാ..അതുകൊണ്ട് അതു നടക്കില്ല…
തൊമ്മിക്കുഞ്ഞ്: നിങ്ങളെന്തിനാ ഇങ്ങനെ ബേജാറാകുന്നത്…കൊച്ചുമക്കളോടൊപ്പം ഒരുദിവസം ചെലവഴിക്കാന്‍ കിട്ടിയല്ലോയെന്നോര്‍ത്ത് സന്തോഷിക്കുവല്ലേ വേണ്ടത്…
തങ്കച്ചന്‍: എനിക്ക് സന്തോഷമൊക്കെത്തന്നെയാ…പക്ഷേ ഞാനെന്നതാ പറയുന്നതെന്ന് അവര്‍ക്കും അവരെന്നതാ പറയുന്നതെന്ന് എനിക്കും മനസിലാകണ്ടേ…
തൊമ്മിക്കുഞ്ഞ്: (ഗൗരവത്തില്‍) യു മീന്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ്…
തങ്കച്ചന്‍: (സന്തോഷത്തോടെ) ങാഹാ…നിനക്ക് ഇംഗ്ലീഷൊക്കെ അറിയാമോ..അതുമതി..ഇപ്പഴാ എനിക്കാശ്വാസമായത്…
ജോസ്: ങാ…തൊമ്മിക്കുഞ്ഞ് പിള്ളേരോട് ഇംഗ്ലീഷ് പറഞ്ഞാല്‍ അതോടെ വല്യപ്പനും കൊച്ചുമക്കളുമായുള്ള ബന്ധം തീരും…പണ്ട് ടൂറു പോയപ്പോ നടന്നത് മറന്നോ…
തങ്കച്ചന്‍: എങ്ങനെ മറക്കാന്‍ അന്നു കിട്ടിയ ഇടിയും കേട്ട തെറിയും മറക്കാന്‍ പറ്റുമോ…
തൊമ്മിക്കുഞ്ഞ്: അതീ ഇംഗ്ലീഷ് വാക്കിന് പലസാഹചര്യത്തിലും പലഅര്‍ത്ഥമാ…അങ്ങനെ പറ്റിയതാ…സ്‌പോക്കണ്‍ ഇംഗ്ലീഷ് സാറ് ഒരര്‍ത്ഥമേ പറഞ്ഞുതന്നിരുന്നുള്ളു…
ജോസ്: ഒരു ദിവസം മുഴുവന്‍ ഇംഗ്ലീഷ് പറയണമെങ്കില്‍ ഇച്ചിര കഷ്ടപ്പാടാ…ഒന്നോ രണ്ടോ വാക്ക് പറഞ്ഞാമതിയെങ്കില്‍ കുഴപ്പമില്ലായിരുന്നു…
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ നീ സ്‌പോക്കണ്‍ ഇംഗ്ലീഷോക്കെ പഠിച്ചതല്ലേ…ഞാന്‍ രാവിലെ പിള്ളേരുമായി വരാം…ഒന്നു സഹായിക്കണം..
തൊമ്മിക്കുഞ്ഞ്: എന്റേത് ഓള്‍ഡ് ഇംഗ്ലീഷല്ലേ…പിള്ളേരുടേത് ന്യൂ ഇംഗ്ലീഷല്ലേ…
ജോസ്: ഒരു കാര്യം ചെയ്യ് തൊമ്മിക്കുഞ്ഞിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സാറിനെ വിളിക്ക്…ഭാവീലോട്ടും ഉപകാരപ്പെടുന്നതല്ലേ…
തങ്കച്ചന്‍: ഒരു ദിവസം കൊണ്ട് പഠിക്കാന്‍ പറ്റുമോ…
ജോസ്: പരീക്ഷയ്ക്കു പഠിക്കാനൊന്നുമല്ലല്ലോ…പിള്ളേരോട് വര്‍ത്തമാനം പറയാനല്ലേ..അതുമതി…തൊമ്മിക്കുഞ്ഞേ ഇംഗ്ലീഷ് സാറിനെ വിളിക്ക്….
തൊമ്മിക്കുഞ്ഞ്: ശരി വിളിക്കാം (ഫോണെടുത്ത് വിളിക്കുന്നു) ഹലോ..ഗുഡ് മോര്‍ണിംഗ് സാര്‍….തൊമ്മിക്കുഞ്ഞ് സ്പീക്കിംഗ്…എന്റെ കൂട്ടുകാര്‍ക്ക് ഒരു ദിവസം കൊണ്ട് ഇംഗ്ലീഷ് പഠിക്കണം..നോ..നോ…അത്യാവശ്യം കുറച്ചുകാര്യങ്ങള്‍…ഫീസ്തരാം…ഓകെ…താങ്ക് യു. (ഫോണ്‍ വെച്ചിട്ട് എല്ലാവരോടുമായി) സാറിപ്പം വരും…റെഡിയായിക്കോ…മൂവായിരം രൂപ ഫീസ്…
തങ്കച്ചന്‍: അതുകൊടുക്കാം….എങ്ങനെയേലും പഠിച്ചാല്‍ മതി…
സീന്‍-2
എല്ലാവരും റെഡിയായി നില്‍ക്കുന്നു. ഒരു ബുക്കും പേനയുമായി അകത്തുനിന്നും ഇറങ്ങിവരുന്ന ഭാര്യ.
ജോസ്: നീയെങ്ങോട്ടാ ബുക്കുമൊക്കെയായി…
ഭാര്യ: എനിക്കും ഇംഗ്ലീഷ് പഠിക്കണം…
ജോസ്: അതുഞാന്‍ പഠിച്ചിട്ടു നിനക്ക് പറഞ്ഞുതരാം…കേറിപ്പൊക്കോ…
ഭാര്യ: പിള്ളേര് വരുമ്പോ ചായവേണോ കാപ്പിവേണോയെന്നെങ്കിലും ചോദിക്കാന്‍ പഠിക്കേണ്ടെ…
തങ്കച്ചന്‍: ഭക്ഷണത്തിന് ഭാഷയൊന്നും വേണ്ട…വിശക്കുമ്പം സാധനം മുന്നില്‍ കിട്ടണമെന്നേയുള്ളു…
തൊമ്മിക്കുഞ്ഞ്; പുള്ളിക്കാരത്തിയും പഠിക്കട്ടെ ജോസേ..സ്ത്രീശാക്തീകരണത്തിന്റെ നാളല്ലേ…മാത്രോമല്ല നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വല്ല കളിതമാശയൊക്കെ പറഞ്ഞിരിക്കാമല്ലോ..
ജോസ്: അതുകൊണ്ടല്ല…ഇനി ഇംഗ്ലീഷിലുള്ള തെറിയും കേള്‍ക്കേണ്ടിവരുമല്ലോയെന്നോര്‍ത്തിട്ടാ…
തൊമ്മിക്കുഞ്ഞ്: സാറ് വരുന്നുണ്ട്…വളരെ ഗൗരവക്കാരനാണ്…സ്ട്രിക്ടാണ്…ശ്രദ്ധിച്ചിരുന്നു പഠിച്ചോണം..
സാറ് വരുന്നു, ബുക്കുണ്ട് കയ്യില്‍.
തൊമ്മിക്കുഞ്ഞ്: സാറേ..വാ..വാ…
സാറ്: (വളരെ ഗൗരവത്തില്‍) കോഴിയെ വിളിക്കുന്നതുപോലെ ബാ..ബാ..എന്നു പറയാനാണോ ഞാന്‍ പഠിപ്പിച്ചിരിക്കുന്നത്…വിഷ് ചെയ്യേണ്ടത് എങ്ങനെയാന്നാ പഠിപ്പിച്ചിരിക്കുന്നത്…
തൊമ്മിക്കുഞ്ഞ്: അന്നെഴുതിയെടുത്ത ബുക്ക് അവള് റബറ് വെട്ടിന്റെ കണക്കെഴുതാനെടുത്തു…അതേലാ റബര്‍ ഷീറ്റ് വില്‍ക്കുന്നതിന്റെ കണക്കും…അത് ഞാനടിച്ചോണ്ടു പോകുമെന്നു പറഞ്ഞ് ബുക്ക് പാത്തുവെച്ചിരിക്കുവാ…
സാറ്: വെറുതെയല്ല ഇവിടെ ആര്‍ക്കും ഇംഗ്ലീഷ് അറിയത്തില്ലാത്തത്..(മൂവരെയും നോക്കി) ദീസ് ഫെലോസിനാണോ ഇംഗ്ലീഷ് പഠിക്കേണ്ടത്…
തങ്കച്ചന്‍: അവള് വന്നില്ല…വീട്ടുകാരത്തിയെ അറിയുമോ…അവളെ ഞാന്‍ മാത്രമേ ഫിലോന്നു വിളിക്കുന്നുള്ളു…നാട്ടുകാരൊക്കെ ഫിലോമിനാന്നാ വിളിക്കുന്നത്…
സാറ്: സമ്മതിച്ചു( തൊമ്മിക്കുഞ്ഞിനോട്) ഇങ്ങനെയാണേ ഫീസ് കൂട്ടേണ്ടിവരും.
തൊമ്മിക്കുഞ്ഞ്: ഫീസൊരു പ്രശ്‌നമല്ല സാറേ…തങ്കച്ചന് കൊച്ചുമക്കളോട് ഇംഗ്ലീഷില്‍ സംസാരിക്കണം..നാളെ അവരുവരുമ്പോള്‍ ഞങ്ങള്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കണം.
സാറ്: അതുഞാന്‍ പഠിപ്പിക്കാം…ആട്ടെ..തുടങ്ങിയേക്കാം.
എല്ലാവരും കസേരകളില്‍ ഇരിക്കുന്നു. ക്ലാസ് ആരംഭിക്കുന്നു.
സാര്‍: ഇംഗ്ലീഷ് ഒരു ലോകഭാഷയാണ്. സമയമില്ലാത്തതുകൊണ്ട ഞാന്‍ നേരെ വിഷയത്തിലേക്ക് കടക്കുകയാണ്. ഇംഗ്ലീഷില്‍ നാലുകാലമുണ്ട്…ഏതൊക്കെയാന്ന് പറഞ്ഞേ…
ജോസ്: ഇംഗ്ലീഷില്‍ നാലുകാലമുണ്ടോ…നമുക്കിവിടെ രണ്ടുകാലമേയുള്ളു..നല്ല കാലവും ചീത്തകാലവും..
സാര്‍: എന്റെ പൊന്നു ചേട്ടാ …ഞാന്‍ കാലത്തെക്കുറിച്ച്, ടെന്‍സിനെ കുറിച്ചാണ് പറഞ്ഞത്…നാളെ ബിവറേജീന്ന് ഒരുഫുള്ള് മേടിക്കണം എന്ന് എങ്ങനെയാ പറയുന്നത്.
ജോസ്: അതിന് സാറേ ഇംഗ്ലീഷൊന്നും പഠിക്കേണ്ട…ഇങ്ങനെ കാണിച്ചാ മതി(കൈകൊണ്ട് ആംഗ്യം കാണിക്കുന്നു)
സാര്‍: ങാ..ചേട്ടന്‍ ഇംഗ്ലീഷ് പഠിക്കുന്നതിനേക്കാള്‍നല്ലത്..ആംഗ്യ ഭാഷ പഠിക്കുവാ…
ഭാര്യ: സാറേ എനിക്ക് കാലമൊന്നും പഠിക്കേണ്ട…പിള്ളേര് വരുമ്പോ അവര്‍ക്കെന്തെങ്കിലും കഴിക്കാന്‍ വേണോയെന്നു ചോദിക്കണം…അതെങ്ങനാ ചോദിക്കുന്നത്…
സാര്‍: വെരി ഗുഡ്…അങ്ങനെ കാര്യങ്ങള്‍ ചോദിക്ക്…ഡു യു വാണ്ട് എനിതിംങ് ടു ഈറ്റ്..എന്നു ചോദിക്കണം…
ഭാര്യ: അതൊന്നെഴുതിക്കോട്ടെ…
തൊമ്മിക്കുഞ്ഞ്: ദോശ വേണോ അതോ അപ്പം വേണോടെയെന്നു ചോദിക്കുന്നത്…
സാര്‍: ഡു യു വാണ്ട് ദോശ ഓര്‍ അപ്പം..
തങ്കച്ചന്‍: ദോശയും അപ്പവുമൊക്കെ ഇംഗ്ലീഷ് വാക്കാ അല്ലേ…ഹോ…ഇത്രേംനാളും നമ്മള്ും ഇംഗ്ലീഷാ പറഞ്ഞോണ്ടിരുന്നത്….
ഭാര്യ: ഒരു ദോശ കൂടി വേണോ മോളേയെന്നു ചോദിക്കണേലോ…
സാര്‍: ഡു യു വാണ്ട് വണ്‍ മോര്‍..
ഭാര്യ: (പെട്ടെന്ന് തിരിഞ്ഞ്) ജോസേ…മോരില്ല കേട്ടോ…മോര് മേടിക്കണം മറക്കരുത്…
സാര്‍: അതെന്നാത്തിനാ മോര് മേടിക്കുന്നത്…
ഭാര്യ: പിള്ളേരോട് മോര് വേണോയെന്ന് ചോദിച്ചിട്ട് അവര് വേണമെന്നു പറഞ്ഞാല്‍ കൊടുക്കേണ്ടേ…
സാര്‍: യ്യോ…എന്റെ ചേച്ചി…മലയാളത്തിലെ മോരല്ല ഇംഗ്ലീഷിലെ മോര്…മോര്‍ എന്നു പറഞ്ഞാ കൂടുതല് വേണമോയെന്നാ…
തൊമ്മിക്കുഞ്ഞ്: ഞാന്‍ പറഞ്ഞില്ലേ…ഇംഗ്ലീഷിലെ വാക്ക് മലയാളത്തില്‍ പറയുമ്പം വേറെ അര്‍ത്ഥമാ…
തങ്കച്ചന്‍: ഇതാ ഞാന്‍ ഇംഗ്ലീഷ് പഠിക്കാത്തത്….നമ്മളൊരു വാക്ക് പറയുമ്പം അതിന്റെ രണ്ടര്‍ത്ഥവും നോക്കേണ്ടേ….
സാര്‍: നിങ്ങള് വര്‍ത്തമാനം പറഞ്ഞിരുന്നാ പഠിക്കുകേല…ക്ലാസില്‍ ശ്രദ്ധിക്കൂ…
ക്ലാസ്ിന്റെ ദൃശ്യങ്ങള്‍.
സാര്‍: ബേസിക്കായിട്ടുള്ള കുറച്ചുകാര്യങ്ങള്‍ നിങ്ങളെ ഞാന്‍ പഠിപ്പിച്ചു. ഇനി ഓരോരുത്തരായി വന്ന് രണ്ട് വാക്ക് ഇംഗ്ലീഷില്‍ സംസാരിക്കൂ…
തൊമ്മിക്കുഞ്ഞ്: ആദ്യം ഞാന്‍ പറയാം സാറേ…
സാര്‍: വെരി ഗുഡ് ..കം ഹിയര്‍…ആന്‍ഡ് സ്പീക്ക്…
തൊമ്മിക്കുഞ്ഞ് ഗമയില്‍ വരുന്നു.
തൊമ്മിക്കുഞ്ഞ്: ഇംഗ്ലീഷ്…മലയാളം…ഓകെ…പോരേ സാറേ…
സാര്‍: ങേ..ഇങ്ങനെയാണോ രണ്ടു വാക്ക് പറയുന്നത്…
തൊമ്മിക്കുഞ്ഞ്: സാറ് രണ്ടു വാക്കു പറയാനല്ലേ പറഞ്ഞത്..
സാര്‍: രണ്ടു വാക്കെന്നു പറഞ്ഞാ…കുറച്ചുനേരം സംസാരിക്കണം…ഞാന്‍ അങ്ങനെയാ ഉദ്ദേശിച്ചത്….ഇനി ചേച്ചി വന്നു പറയൂ…
ഭാര്യ: സാറേ…കഞ്ഞി അടുപ്പത്തിട്ടിട്ടാ വന്നത്…തെളച്ചോന്നു നോക്കിയിട്ടു വരാം…(ധൃതിയില്‍ പോകുന്നു)
ജോസ്: അവള് നൈസായിട്ട് മുങ്ങി…
സാര്‍: ങാഹാ…ചേട്ടന്റെ വായീന്ന് ഇംഗ്ലീഷൊക്കെ വരുന്നുണ്ടല്ലോ…ഇങ്ങോട്ടു വരൂ…
ജോസ്:(എണീറ്റു ചെന്ന്) ഐ ആം …കഴിഞ്ഞ ദിവസം…ഗോയിംഗ് ഇന്‍ എ ബസ്…ബസേല്‍ മൂന്നു നാലുപേരുണ്ടായിരുന്നു…കണ്ടകടര്‍ ആസ്‌ക് മി ടിക്കറ്റ്…ഞാന്‍ പറഞ്ഞു…ഐ ബൈ മൈ ടിക്കറ്റ്…അയാള്‌സമ്മതിക്കുകേല. ഐ ടിക്കറ്റ് നോട്ട് ബൈ എന്നാ അയാള് പറയുന്നത്…
സാര്‍: ചേട്ടന്‍ നിര്‍ത്തിക്കേ…ചേട്ടനെ കഥ പറയാന്‍ വിളിച്ചതല്ല…ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വിളിച്ചതാ…
തങ്കച്ചന്‍: (സാറിന്റെ അടുത്തേക്ക് ചെന്ന് വിളിച്ചു മാറ്റിനിര്‍ത്തിയിട്ട്) സാറേ ഇംഗ്ലീഷ് പഠിച്ചിട്ട് നാളത്തെ കാര്യം നടക്കുകേല…സാറിന് ഒരു ദിവസത്തെ ഫീസുതരാം…നാളെ പിള്ളേരേംകൊണ്ട് ഞാനിങ്ങോട്ടു വരാം..സാറിവിടെ കാണണം…അല്ലേല് പിള്ളേര് ദാഹിച്ചിട്ട് വെള്ളം ചോദിച്ചാല്‍ പോലും കൊടുക്കാന്‍ പറ്റില്ല…
സാര്‍: നാളെ ക്ലാസുള്ളതാ…എന്നാലും ചേട്ടന്‍ ചോദിച്ചതുകൊണ്ട് ഞാന്‍ വരാം…ഓകെ….
സീന്‍-3
മുറ്റത്ത് എല്ലാവരും ടെന്‍ഷനായിട്ടു നടക്കുന്നു.
തൊമ്മിക്കുഞ്ഞ്: ദേ…തങ്കച്ചനും പിള്ളേരും വരുന്നുണ്ട്..എല്ലാവരും റെഡിയായിക്കോ…
ജോസ്: ഹോ…ജീവിതത്തില്‍ ആദ്യമായിട്ടാ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പോകുന്നത്…
സാര്‍: (ടെന്‍ഷനോടെ) ഞാനും ആദ്യമായിട്ടാ…
ജോസ്: ങേ..സാറും ആദ്യമായിട്ടാണോ…
സാര്‍: ഇംഗ്ലീഷ് അറിയാവുന്ന ഒരാളോട് ആദ്യമായിട്ടാ…ഇവിടെ നിങ്ങളേപ്പോലെയുള്ളവരെ പഠിപ്പിച്ചാല്‍ പോരേ..
ഭാര്യ:(ടെന്‍ഷനിലാണ്) നൈസ് ടുമീറ്റ് യു…വെല്‍കം…അതുകഴിഞ്ഞെന്നതാ സാറേ…
സാര്‍: അതുകഴിഞ്ഞ് അവരാ പറയേണ്ടത്…
തങ്കച്ചന്റെ രണ്ടു കയ്യിലുമായി തൂങ്ങിയാടി പിള്ളേര് വരുന്നു. ഇഗ്ലീഷ് പാട്ടുപാടിയാണ് വരുന്നത്.
മൂത്തകുട്ടി: ഗ്രാന്‍ഡ്പാ…എന്‍ജോയ് വിത്ത് അസ്…കം ഓണ്‍…
തങ്കച്ചന്‍: (ആലോചിച്ച്) എന്‍ജോയ് എന്നു പറഞ്ഞാല്‍ ആസ്വദിക്കുക…കം എന്നു പറഞ്ഞാല്‍ വരുക…സാഹചര്യം വെച്ച് പാട്ടുപാടാനായിരിക്കും പറഞ്ഞത്…(പാടുന്നു) കാക്കേ…കാക്കേ..കൂടെവിടെ…കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ…
പിള്ളേര്: ഓ…യു ആര്‍ ഗ്രേറ്റ്…സോ സ്വീറ്റ് ഗ്രാന്‍ഡ് പാ….
തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ അടിച്ചുപൊളിച്ചാ വരുന്നത്…നമുക്കും കുറയ്ക്കരുത്…പാട്ടുപാടി ഓടിച്ചെന്ന് സ്വീകരിച്ചേക്കാം…
എല്ലാവരുംകൂടി കൈകൊട്ടിപ്പാടി പിള്ളേരുടെഅുത്തോട്ട്. പാട്ടുംപാടിവരുന്ന പിള്ളേര് പെട്ടെന്ന് പേടിച്ച് തങ്കച്ചന്റെ പിന്നില്‍ഒളിക്കുന്നു.
പിള്ളേര്‍: വൗ..ഗ്രാന്‍ഡ്പാ എസ്‌കേപ്പ്…
തങ്കച്ചന്‍: പേടിക്കേണ്ട മക്കളേ…പേടിക്കേണ്ട…(സാറിനോട്) എന്നു ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കെന്റെ സാറേ…
സാര്‍: ചില്‍ഡ്രന്‍ വി ആര്‍ യുവര്‍ ഗ്രാന്‍ഡ് പാസ് ഫ്രണ്ട്‌സ്..വി ആര്‍ ഹിയര്‍ ടു വെല്‍കം യു…
ഭാര്യ അകത്തോട്ട് ഓടുന്നു.
തൊമ്മിക്കുഞ്ഞ്: (ജോസിനോട്) പഠിച്ചതെല്ലാം മറന്നു പോയല്ലോ ജോസേ…എന്നതേലും ചോദിക്കണമല്ലോ..
ഭാര്യ: (വേഗംവരുന്നു) വെല്‍കം മൈ ഡിയര്‍ ചില്‍ഡ്രന്‍…നൈസ് ടു മീറ്റ് യു…
പിള്ളേര്: താങ്കയു ആന്റി…
ഭാര്യ പിന്നെയും തിരിച്ചുപോകുന്നു.
ജോസ്: തങ്കച്ചാ പിള്ളേര് എന്നാ പറയുന്നു…ഇവരുടെ അപ്പനും അമ്മയും എപ്പം വരും.
തങ്കച്ചന്‍: നീ അവരോടു തന്നെ ചോദിക്ക്…
ജോസ്: മക്കളേ നിങ്ങടെ പപ്പായും മമ്മിയും എപ്പം വരും…
പിള്ളേര്: (പരസ്പരം) വാട്ട്…ദിസ് ഓള്‍ഡ് മാന്‍ ടാക്കിംഗ്…
തൊമ്മിക്കുഞ്ഞ്: അവരെന്നതാ സാറേ പറഞ്ഞത്…
സാര്‍: ഈ കിളവനിതെന്നതാ ചോദിക്കുന്നതെന്ന്…
ജോസ്: പിള്ളേര് ശരിയല്ല…
ഭാര്യ ഇറങ്ങിവരുന്നു.
ഭാര്യ: ചില്‍ഡ്രന്‍ ഡു യു വാണ്ട് എനിതിംഗ് ടു ഈറ്റ്…
പിള്ളേര്: താങ്ക യു ആന്റി…വി ഓള്‍റെഡി ഹാവ് ഔര്‍ ബ്രേക്ക് ഫാസ്റ്റ്…
ഭാര്യ വീണ്ടും അകത്തേക്ക്.
ജോസ്: ഇവളിതെന്തിനാ ഓടിയോടി അകത്തേക്ക് പോകുന്നത്.(പിന്നാലെ പോകുന്നു)
സാര്‍: ഇപ്പറഞ്ഞതില്‍ ഗ്രാമര്‍ മിസ്റ്റേ്ക്ക് ഉണ്ടല്ലോ…ഹാവിന്റെ പ്രയോഗം അങ്ങനെയല്ലല്ലോ…
തങ്കച്ചന്‍: എന്നാ സാറ്…ഇന്നിവര്‍ക്കൊരു ഗ്രാമര്‍ ക്ലാസ് എടുക്ക്…
സാര്‍: ഹേ..വേണ്ട…അവര് ഇവിടെ എന്‍ജോയ് ചെയ്യാന്‍ വന്നതല്ലേ…അന്നേരം പഠിത്തമൊന്നും വേണ്ട…(ആത്മഗതം) ഇവരെ ഗ്രാമര്‍ പഠിപ്പിക്കാന്‍ പോയാല്‍ പണി കിട്ടും….
സീന്‍-4
അകത്ത് ഭാര്യ ധൃതിയില്‍ ബുക്ക് മറിച്ചുനോക്കുകയാണ്. ജോസ് കയറിവന്ന് ബുക്ക് മേടിച്ചുനോക്കുന്നു.
ജോസ്: അമ്പടി…. സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ പുസ്തകം…ഇതുനോക്കിയാ വന്ന് ഇംഗ്ലീഷ് തട്ടുന്നത് അല്ലേ…
ഭാര്യ: നിങ്ങള്‍ക്ക് വേണേല്‍ നിങ്ങള് നോക്ക്….(പുറത്തേക്ക് പോകുന്നു)
ജോസ്: അങ്ങനെ വിട്ടാല്‍ പറ്റുകേലല്ലോ…ഒന്നുനോക്കട്ടെ..(ബുക്ക് തുറന്ന് നോക്കിയിട്ട് പുറത്തേക്ക്)
സീന്‍-5
ജോസ് പുറത്തേക്ക് വരുന്നു
ജോസ്: ഡിയര്‍ ചില്‍ഡ്രന്‍ വി വില്‍ എന്‍ജോയ് ടു ഡേ….വിത്ത് ഫുള്‍ ഓഫ് എന്റര്‍ടെയിന്റ്‌മെന്റസ്…
തൊമ്മിക്കുഞ്ഞും തങ്കച്ചനും അത്ഭുതത്തോടെ ജോസിനെ നോക്കുന്നു.
തൊമ്മിക്കുഞ്ഞ് : ങാഹാ..ജോസ് കലക്കുകയാണല്ലോ…
സാര്‍: നിങ്ങള് ചുമ്മാ മുറി ഇംഗ്ലീഷ് പറഞ്ഞ് പിള്ളേരെ കുഴപ്പിക്കാതെ അവര്‍ക്ക് എന്റര്‍ടെയിന്റ്‌മെന്‌റ് കൊടുക്കണം..
തൊമ്മിക്കുഞ്ഞ്: എന്നാല്‍ വല്ല കളികളും കളിക്കാം…
സാര്‍: ഡു യു നോ കേരളാസ് ഓണ്‍ മാര്‍ഷ്യല്‍ ആര്‍ട്…കളരിപ്പയറ്റ്…
പിള്ളേര്: ഓ..കളരിപ്പയറ്റ്…(കൈകൊട്ടി) ദാറ്റ് സ് വെരി ഗുഡ്…പ്ലീസ് ഷോ..
സാര്‍: യു ജസ്റ്റ് ഫോളോ മി….
തൊമ്മിക്കുഞ്ഞ്: ഓ…സാറിന് കളരിയുമറിയാമോ…
സാര്‍: (മസിലു പിടിച്ച്) യു കാന്‍ പഞ്ച് മി…കം…
പിള്ളേര്: റിയലി…വില്‍ ഇറ്റ് ഹര്‍ട്ട് യു…
സാര്‍: നോ..നോ…കം…കം..
പിള്ളേര് ഇടിക്കുന്നു. സാര്‍ മസിലു പിടിച്ചു നില്‍ക്കുന്നു.
സാര്‍: (ആവേശം കയറി) പഞ്ച് മി…മോര്‍ ഫോഴ്‌സ്…
മൂത്തകുട്ടി പിന്നിലോട്ട് മാറി കറങ്ങിത്തിരിഞ്ഞ് വന്ന് ഒറ്റ തൊഴി. സാര്‍ നിലവിളിയോടെ മറിഞ്ഞുവീഴുന്നു. എല്ലാവരുംകൂടി വന്ന ്എണീപ്പിക്കുന്നു.
പിള്ളേര് വണ്‍…ടു…ത്രീ എന്നെണ്ണിക്കൊണ്ട് ചാടിത്തുള്ളുന്നു. റെസ്ലിംഗിന്റെ ഹരത്തിലാണ് അവര്‍.
സാറ് പയ്യെ എണീറ്റ് ഒന്നും മിണ്ടാതെ തിരിഞ്ഞുനോക്കാതെ പോകുന്നു.
തങ്കച്ചന്‍: സാറേ പോകുവാണോ…ആരിനി് ഇംഗ്ലീഷ് പറയും…
സാര്‍: (ആത്മഗതം) പിള്ളേരടെ തൊഴികൊണ്ട് ചാകാന്‍ ഞാനില്ല…ഇംഗ്ലീഷ് പറയാതെ രക്ഷപ്പെടാമല്ലോയെന്നു കരുതിയാ…ഇങ്ങനെയൊരു കളിയിട്ടത്…അതുമേടിച്ചുകെട്ടി…ഇനി നിന്നാല്‍ ശരിയാവില്ല…
പിള്ളേര്: (തൊമ്മിക്കുഞ്ഞിനോട്) ഓള്‍ഡ് മാന്‍…കം…ഫൈറ്റ് വി്ത്ത് അസ്…
തൊമ്മിക്കുഞ്ഞ്: എന്റെ പൊന്നുപിള്ളേരെ ഇക്കളിക്ക് ഞാനില്ല…
തങ്കച്ചന്‍: ജോസേ ഇനി എന്നാ ചെയ്യുമെടാ…
ജോസ്: ഇനി ഒറ്റപണിയേയുള്ളു…ടീവീല് കാര്‍ട്ടൂണ്‍ ചാനല് വെച്ചുകൊടുക്കുക…രണ്ടുകുപ്പി വെള്ളവും കുറച്ച് ബിസ്‌കറ്റും വല്ലതുമോക്കെ അവിടെവെച്ചേക്കുക…തന്തേം തള്ളേം വരുന്നതുവരെ പിള്ളേര് മിണ്ടാതെ അവിടെയിരുന്നോളും…
തൊമ്മിക്കുഞ്ഞ്: ചില്‍ഡ്രണ്‍…ഗോ…സീ കാര്‍ട്ടൂണ്‍ ചാനല്‍…
പിള്ളേര്: വൗ കാര്‍ട്ടൂണ്‍…(അകത്തേക്ക് ഓടുന്നു)
തൊമ്മിക്കുഞ്ഞ്: (ഗമയില്‍) നമ്മടെയടുത്താണോ ഇംഗ്ലീഷില്ലാത്തത്.
തങ്കച്ചന്‍: ഈ ബുദ്ധി നേരത്തെ തോന്നിയായിരുന്നേല്‍ ആ സാറിനിട്ട് തൊഴി കിട്ടുകേലായിരുന്നു.
ജോസ്: അയാള്‍ക്കിട്ട് രണ്ടെണ്ണം കിട്ടേണ്ടതാ….മുറി ഇംഗ്ലീഷുമായിട്ടാണോ ഇംഗ്ലീഷു പഠിപ്പിക്കാനിറങ്ങുന്നത്…
എല്ലാവരും അകത്തേക്ക്.