നേരംപോക്ക്
എപ്പിസോഡ്-48
തങ്കച്ചന്‍ കലി കയറി പിറുപിറുത്തുകൊണ്ട് നടന്നുവരുന്നു.
തങ്കച്ചന്‍: എന്റെയടുത്താണോ അവന്റെ കളി…അവന്റെ തലമണ്ട ഞാന്‍ അടിച്ചുതകര്‍ക്കും…
തൊമ്മിക്കുഞ്ഞ് എതിരെ നടന്നുവരുന്നു.
തൊമ്മിക്കുഞ്ഞ്: ആരുടെ തല അടിച്ചുപൊളിക്കുന്ന കാര്യമാ…
തങ്കച്ചന്‍: നീ ചെന്നു പറഞ്ഞേര് നിന്റെ കൂട്ടുകാരനോട്…എന്റെയടുത്ത് കളിക്കരുതെന്ന്…
തൊമ്മിക്കുഞ്ഞ്: ങേ…എന്റെയേത് കൂട്ടുകാരനാ നിങ്ങളുമായിട്ട് തെറ്റിയത്…
തങ്കച്ചന്‍: അവനില്ലേ…ജോസ്…
തൊമ്മിക്കുഞ്ഞ്: അതെങ്ങനെ…. നിങ്ങളും ജോസും ഈച്ചേംചക്കരയുമായിരുന്നല്ലോ…നിങ്ങളു തെറ്റിയോ…
തങ്കച്ചന്‍: എന്റെ അതിരുകല്ലുമാന്താന്‍ വരുന്ന ഒരുത്തനെയും ഞാന്‍ വെറുതെ വിടുകേല…
തൊമ്മിക്കുഞ്ഞ്: ഹേ..ജോസ് അങ്ങനെ ചെയ്യാന്‍ വഴിയില്ല…അത്തരക്കാരനല്ല…
തങ്കച്ചന്‍: ങാഹാ…നീ അവനെ സപ്പോര്‍ട്ട് ചെയ്യുകാണോ…നീയുംകൂടി ചേര്‍ന്നാണോ ഈ പരിപാടി കാണിച്ചത്…
തൊമ്മിക്കുഞ്ഞ്: നിങ്ങള് വേണ്ടാതീനം പറയരുത്..അതുകൂട്ട് തറപ്പണിക്കൊന്നും ഞാനില്ല…
തങ്കച്ചന്‍: എന്നാ അവനോട് ചെന്ന് ചോദിക്ക് ഇപ്പണി ശരിയാണോയെന്ന്…ഞാന്‍ കല്ല് ശരിയായി ഇട്ടിട്ടുണ്ട്…
തൊമ്മിക്കുഞ്ഞ്: ഞാന്‍ പോയി നോക്കട്ട് എന്നതാ സംഭവമെന്ന്…നിങ്ങള് പോയിട്ട് കുറച്ചുകഴിഞ്ഞുവാ…എല്ലാം ശരിയാക്കാം…
തങ്കച്ചന്‍: (തിരിഞ്ഞുനടന്നുകൊണ്ട്) ശരിയാക്കാനൊന്നുമില്ല…എന്റെ ഒരിഞ്ചുമണ്ണ് കയ്യേറിയാല്‍ എല്ലാഅവനെയും ഞാന്‍ ശരിയാക്കും…
സീന്‍-2
ജോസും ഭാര്യയും അസ്വസ്ഥരായി നില്‍ക്കുന്നു. കയ്യില്‍ ഒരു തൂമ്പായുമുണ്ട്. തൊമ്മിക്കുഞ്ഞ് നടന്നുവരുന്നു.
തൊമ്മിക്കുഞ്ഞ്: ജോസേ എന്നതാ പ്രശ്‌നം…തങ്കച്ചന്‍ തെറിയും പറഞ്ഞു പോകുന്നതുകണ്ടല്ലോ…
ജോസ്: അയാള് പൊയ്ക്കളഞ്ഞു…അല്ലേല്‍ തൂമ്പായ്ക്ക് അടിച്ചിട്ടേനെ ഞാന്‍…
തൊമ്മിക്കുഞ്ഞ്: യ്യോ..ഇങ്ങനെയൊക്കെ പറയാന്‍മാത്രം എന്നതാ ഇവിടെ സംഭവിച്ചത്…
ഭാര്യ: ഇതില്‍ക്കൂടുതല്‍ എന്തു സംഭവിക്കാനാ…കണ്ടില്ലേ…അങ്ങേര് കാണിച്ചുവെച്ചിരിക്കുന്നത്…
തൊമ്മിക്കുഞ്ഞ്: എനിക്കൊന്നും മനസിലായില്ല…തെളിച്ചുപറ…
ജോസ്: അയാള് എന്റെ സ്ഥലം കയ്യേറി…
തൊമ്മിക്കുഞ്ഞ്: ങേ..സ്ഥലം കയ്യേറിയെന്നോ..തങ്കച്ചന്‍ അത്തരക്കാരനല്ല…
ജോസ്: തൊമ്മിക്കുഞ്ഞേ അയാളേ ന്യായീകരിക്കാന്‍ വന്നാല്‍ അയാള്‍ക്കിട്ട് ഓങ്ങിയത് തനിക്കിട്ടു ഞാന്‍ തരും…
ഭാര്യ: (മുന്നോട്ട് വന്ന് കാണിച്ചുകൊടുത്ത്) പിന്നെ ഇക്കാണിച്ചുവെച്ചിരിക്കുന്നത് എന്നതാ…
തൊമ്മിക്കുഞ്ഞ്: അതൊരു കല്ല് മാന്തിയിട്ടിരിക്കുന്നതല്ലേ..
ജോസ്: അതുതന്നെ കാര്യം…അയാള് അതിരുകല്ല് മാറ്റിയിട്ടു…
ഭാര്യ: ഞങ്ങളിന്നു തന്നെ കണ്ടതുകൊണ്ട അറിഞ്ഞു…അല്ലേല് അങ്ഹനെയായിപ്പോകുകേലായിരുന്നോ…
തൊമ്മിക്കുഞ്ഞ്: (ആലോചിച്ച്) ഇനി ഇപ്പം എന്നതാ ചെയ്യുന്നത്…
ഭാര്യ: ഇനി വേറെ ഒന്നും ചെയ്യാനില്ല…ജോസേ…കല്ലിളക്കിയെടുത്ത് ദൂരെയെറിയ്…അയാള് അതിര് മാന്താന്‍ നടക്കുന്നു.
ജോസ് കല്ലെടുക്കാനിയിട്ട് മുന്നോട്ട് നീങ്ങുമ്പോള്‍ തങ്കച്ചന്‍ പാഞ്ഞുവരുന്നു.
തങ്കച്ചന്‍: കല്ലേല്‍ തൊട്ടുപോകരുത്…തൊട്ടാല്‍ ആ കൈ ഞാന്‍ വെ്ട്ടും…
ജോസ്: കല്ല് കിടന്നിടത്തു തന്നെ തിരിച്ചു മാന്തിയിട്ടില്ലേല്‍ നാളെ ചോറു വാരിയുണ്ണാന്‍ കൈ കാണില്ല…
ഭാര്യ: നിങ്ങള്‍ക്ക് നാണമില്ലേ ചേട്ടാ…ഇങ്ങനെ അതിരുമാന്തിയിടാന്‍….
തങ്കച്ചന്‍: ങാഹാ…രണ്ടും കൂടി ഒത്തുകളിച്ച് കല്ല് മാറ്റിയിട്ട് എന്റെ സ്ഥലംകയ്യേറിയിട്ട് ഇപ്പം വ്‌നന് നാടകം കളിക്കുന്നോ…
ജോസ്: തങ്കച്ചാ ഞാന്‍ മര്യാദയ്ക്ക് പറയുവാ..കല്ല് കിടന്നിടത്തുതന്നെ തിരിച്ചു മാന്തിയിട്ടോ…അതാ എല്ലാവര്‍ക്കും നല്ലത്…
തൊമ്മിക്കുഞ്ഞ്: (ഇടയ്ക്ക് കയറി) നിര്‍ത്ത്…നിസ്സാരം ഒരു കല്ലിനുവേണ്ടിയാണോ….ഈ ബഹളമെല്ലാം…നമുക്ക് സംസാരിച്ചു തീര്‍ക്കാം…
തങ്കച്ചന്‍: വേണ്ട…അവനെയിങ്ങ് വിട് നമുക്ക് തല്ലിതീര്‍ക്കാം…
ഭാര്യ: അങ്ങോട്ട് ചെല്ല് ജോസേ അയാള് എന്നാ ചെയ്യുമെന്ന് നോക്കട്ടെ…
ജോസ്: (മുന്നോട്ട് നീങ്ങി) പൊന്നുംവിലയുള്ള സ്ഥലം ആരുമറിയാതെ റാഞ്ചിയെടുത്തിട്ട് വിരട്ടുന്നോ…
തങ്കച്ചന്‍: വാടാ…രാത്രി ആരുമറിയാതെ അതിരുകല്ല് മാറ്റിയിട്ട് വീരസ്യം പറയുന്നോ…
തൊമ്മിക്കുഞ്ഞ്: ശ്ശെ നിങ്ങളിതെന്നതാ കാണിക്കുന്നേ…ഞാന്‍ പറയുന്നത് കേള്‍ക്ക്…
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…നീ പറ..ആരുടെ ഭാഗത്താ ന്യായം..
തൊമ്മിക്കുഞ്ഞ്: അതു തങ്കച്ചന്റെയടുത്താ ന്യായം…
തങ്കച്ചന്‍: കേട്ടല്ലോ…മൂന്നാമന്റെ അഭിപ്രായം…
ജോസ്: (തൊമ്മിക്കുഞ്ഞിനോട്) ആരുടെയടുത്താടോ ന്യായം…പറയെടോ..
ഭാര്യ: ങാഹാ…ചേട്ടന്‍ ആളുകൊല്ലാമല്ലോ…ഒരവസരം വന്നപ്പോ കാലുമാറിയല്ലേ…
തൊമ്മിക്കുഞ്ഞ്: (രക്ഷപ്പെടാനായി) ജോസിന്റെയടുത്തും ന്യായമുണ്ട്…
തങ്കച്ചന്‍: (ചാടി തൊമ്മിക്കുഞ്ഞിന്റെ കോളറേല്‍ പിടിച്ച്) നീ അവന്റെയടുത്തോട്ട് ചാഞ്ഞോ…
ജോസ്: (പിടിവിടുവിക്കാന്‍ ശ്രമിച്ച്) വിടെടോ…സത്യം പറഞ്ഞവനെ പേടിപ്പിക്കാന്‍ നോക്കുന്നോ…
തൊമ്മിക്കുഞ്ഞ്: യ്യോ…രണ്ടുംകൂടി എന്നെ കൊല്ലാതെ…(ദൂരോട്ട് നോക്കി) ദേണ്ട മെമ്പറ് പോകുന്നു..അയാളെ വിളിക്കാം…മൂന്നാമനെ വിട്…നാലാമന്‍ വരട്ടെ….മെമ്പറേ ഓടിവായോ രക്ഷിക്കോ…
മെമ്പര്‍ ഓടി പാഞ്ഞുവരുന്നു.
മെമ്പര്‍: എന്നതാ സംഭവം…നിങ്ങളെന്തിനാ ഇയാളെ പിടിച്ചുവെച്ചിരിക്കുന്നത്…പിടിവിട്…(പിടിവിടുവിക്കുന്നു)
തങ്കച്ചന്‍: മെമ്പറേ…കാര്യത്തിന് തീരുമാനമുണ്ടാക്കണം…അല്ലേലിവിടെ ശവം ഒരു ലോഡുവീഴും…
മെമ്പര്‍: ഹോ..ഒരു ലോഡ് ശവം വീഴാന്‍ ഇവിടെയെന്നാ വല്ല യുദ്ധവും നടക്കാന്‍ ാേപകുവാണോ….
ജോസ്: വെറും യുദ്ധമല്ല…ഭീകരമായ യുദ്ധമായിരിക്കും നടക്കാന്‍ പോകുന്നത്…
മെമ്പര്‍: എന്റെ വാര്‍ഡില്‍ ഇത്രയും വലിയ യുദ്ധസമാനമായ സാഹചര്യം ഉണ്ടായിട്ട് ഞാന്‍ അറിഞ്ഞില്ലല്ലോ…
ഭാര്യ: മെമ്പറേ ചുമ്മാ വാചകമടിച്ചുനില്‍ക്കാതെ കാര്യത്തിന് തീരുമാനമുണ്ടാക്കാന്‍ പറ്റുമോ…സ്ഥലം പോകുന്നത് ഞങ്ങളുടേതാ…
മെമ്പര്‍: ങാഹാ..വിനാത പ്രാതിനിധ്യമുണ്ടോ…വനിതകളുമുള്ള സ്ഥിതിക്ക് വനിതാ മെമ്പറേക്കൂടി വിളിച്ചാലോ…
തൊമ്മിക്കുഞ്ഞ്; എന്നിട്ട് നിങ്ങള്‍ക്ക് മിണ്ടിയും പറഞ്ഞുമിരിക്കാനല്ലേ…മെമ്പറേ കാര്യത്തിന് വേഗം തീരുമാനമുണ്ടാക്ക് അല്ലേലിവിടെ ചോരവീഴും…
തങ്കച്ചന്‍:(അരയില്‍തപ്പിക്കൊണ്ട്) ഹോ..തൊമ്മിക്കുഞ്ഞ് പറഞ്ഞപ്പഴാ ഓര്‍ത്തത്…കത്തിയെടുക്കാന്‍ മറന്നു…
ഭാര്യ: ജോസേ… കോടാലി എടുത്തോണ്ടുവരട്ടെ…
മെമ്പര്‍: ചേച്ചി കെട്ടിയോനെ ഗോതമ്പുണ്ട തീറ്റിക്കുമെന്നാ തോന്നുന്നത്…
ഭാര്യ: (മെമ്പറോട്) ജോസ് വിറകു കീറിത്തരാമെന്നു പറഞ്ഞായിരുന്നു..അതിനാ…
തങ്കച്ചന്‍: ങാഹാ…മെമ്പറെ സോപ്പിട്ട് സ്വാധീനിക്കാനുള്ള പരിപാടിയാണോ…നടക്കില്ല…
മെമ്പര്‍: നിങ്ങളെല്ലാവരും ഇപ്പോള്‍ പിരിഞ്ഞു പോകണം….നമുക്കെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാം…
തൊമ്മിക്കുഞ്ഞ്: (നടുക്കോട്ട് കയറിനിന്ന്) മെമ്പര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു…എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോകണം…
ജോസ്: സ്ഥലം കയ്യേറിയിട്ട് എന്നാ വെടിനിര്‍ത്തല്‍…കയ്യേറിയ സ്ഥലം തിരിച്ചുതരണം…എന്നിട്ടേയുള്ളു വെടിനിര്‍ത്തല്‍…
തങ്കച്ചന്‍: ആരാടാ സ്ഥലം കയ്യേറിയത്…കല്ല് ഇളക്കിമാറ്റി അകത്തോട്ടു കയറ്റി ഇട്ടിട്ട് മാന്യന്‍ കളിക്കുന്നോ…
ജോസ്: നിങ്ങളാ പകല്‍ മാന്യന്‍…അല്ലേലിങ്ങനെത്തെ പണി ആരെങ്കിലും കാണിക്കുമോ…കല്ല മര്യാദയ്ക്ക് പഴയതുപോലെ ഇടുന്നതാ തനിക്കു നല്ലത്..
തങ്കച്ചന്‍: കല്ലേല്‍ തൊട്ടാല്‍ തൊടുന്നവന്‍ വിവരമറിയും…
തൊമ്മിക്കുഞ്ഞ്: മെമ്പറേ…കാര്യങ്ങള് കൈവിട്ട് പോകുവാ…എങ്ങനേലും ഇടപെട്ട് സോള്‍വാക്ക്…
മെമ്പര്‍: സമയമായില്ല..നമ്മടെ ദേഹത്തൊരു കുരു ഉണ്ടായാല്‍ അതുപഴുത്തുപൊട്ടിയിട്ടുവേണം മരുന്നു ചെയ്യാന്‍…എന്നാലേ കരിയൂ…അല്ലേല് അത് അകത്തോട്ടു വലിഞ്ഞ് പിന്നെയും ഉണ്ടാകും….
തൊമ്മിക്കുഞ്ഞ്; ഹോ…മെമ്പറുടേത് സൈക്കളജിക്കലായിട്ടുള്ള നീക്കങ്ങളാ അല്ലേ…
മെമ്പര്‍: (അഭിമാനത്തോടെ) വീട്ടീന്നു പഠിച്ചതാ…
ജോസ്: തനിക്കു കാര്യം പറഞ്ഞാ മനസിലാകുകേലേ…
ഭാര്യ: അയാളോട് സംസാരിച്ചുനില്‍്ക്കാതെ അങ്ങോട്ടുചെന്ന് കല്ല് പറിച്ചു ദൂരെക്കള…
തങ്കച്ചന്‍: ങാഹാ…നീയാണിതിന്റെയെ്ല്ലാം പിന്നിലല്ലെ…കല്ലു പറിച്ചുകളയണോ നിനക്ക്…(ഒരു തടിക്കഷണവുമായി ഭാര്യയുടെ നേര്‍ക്ക്) നിന്നെ ഞാന്‍ വെച്ചേക്കില്ല…
ജോസ്: ങാഹാ…തന്നെക്കൊണ്ട് ഞാന്‍ തല്ലിക്കാം…(ഒരു കല്ലുമായി തങ്കച്ചന്റെ നേര്‍ക്ക്)
കൂട്ടയടിയും പിടുത്തവും വലിയും. തൊമ്മിക്കുഞ്ഞ് തടയാനുള്ള ശ്രമം. മെമ്പറ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നു. ഒടുവില്‍ എല്ലാവരും നിലത്തുവീഴുന്നു.
തൊമ്മിക്കുഞ്ഞ്: (കിതച്ചുകൊണ്ട് മെമ്പറോട്) മെമ്പറേ കുരു പൊട്ടി. ഇനി എന്നതാ പരിപാടി…
മെമ്പര്‍: വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇവിടെ രൂപം കൊണ്ടിരിക്കുന്നത്…കയ്യാങ്കളി, വധശ്രമം,വനിതകള്‍ക്കു നേരെയുള്ള കയ്യേറ്റം തുടങ്ങി വിവിധതരം ഗുരുതരമായ കുറ്റങ്ങള്‍…
(നിലത്തുവീണുകിടന്നവര്‍ എണീക്കുന്നു)
മെമ്പര്‍: (തങ്കച്ചനോട്) ചേട്ടനിങ്ങുവന്നേ…ഒരു കാര്യം പറയട്ടെ…(വിളിച്ചു മാറ്റിനിര്‍ത്തി) സംഭവം ഗുരുതരമാണ്…പൊലീസുവന്നാല്‍ കളി മാറും…സ്ത്രീയെ അപമാനിക്കാനും കൊല്ലാനുമുള്ള ശ്രമം നടത്തിയെന്നായിരിക്കും ചേട്ടന്റെ പേരിലുള്ള കേസ്…
തങ്കച്ചന്‍: (ദയനീയമായി) എങ്ങനേലും ശരിയാക്കിത്തരണം…അതിന് അവനാ മാറ്റിയിട്ടത്…
മെമ്പര്‍: എനിക്കെല്ലാം മനസിലായി…ഞാന്‍ എല്ലാം ശരിയാക്കിത്തരാം…പക്ഷേ…പഞ്ചായത്തിലും പൊലീസിലും വില്ലേജിലും ചെലവുണ്ട്…
തങ്കച്ചന്‍: എന്നാ വേണേലും ചെയ്യാം..എന്റഎ സ്ഥലം പോകാതിരുന്നാല്‍ മതി..പൊലീസ് കേസും വരരുത്…
മെമ്പര്‍: എല്ലാം ഞാന്‍ നോക്കിക്കോളാം…ഇപ്പം ഒറു മൂവായിരും എടുക്ക്…പിന്നെ വേണ്ടത് ഇടയ്ക്കിടയ്ക്ക് ഞാന്‍ മേടിച്ചോളാം…
തങ്കച്ചന്‍ പോക്കറ്റില്‍ നിന്നും രൂപ എടുത്തു കൊടുക്കുന്നു. രൂപ ആരും കാണാതെ പോക്കറ്റിലിട്ടിട്ട് ജോസിനെ വിളിക്കുന്നു.
ഭാര്യ: ദേണ്ട് വിളിക്കുന്നു…ഒരു വിട്ടുവീഴ്ചയും ചെയ്യരുത്…ഞാനും കൂടി വരണോ…
ജോസ്: നീ വരേണ്ട…ഒരിഞ്ചു ഞാന്‍ വിട്ടുകൊടുക്കുകേല…
മെമ്പര്‍: (ജോസിനെ മാറ്റി നിര്‍ത്തി) കാര്യങ്ങള്‍ കൈവിട്ടുപോയി…നിങ്ങളുദ്ദേശിക്കുന്നതുപോലെയല്ല…പൊലീസ് വന്നാല്‍ വധശ്രമത്തിനാണ് കേസ്…എഫ്‌ഐആര്‍ എഴുതിക്കഴിഞ്ഞാല് #ആറ്#്കകും രക്ഷിക്കാന്‍ പറ്റുകേല…
ജോസ്: മെമ്പറിടപെട്ട് എങ്ങനേലും ശരിയാക്കിത്തരണം…സ്ഥലം അയാള് കയ്യേറിയതാ…പൊലീസ് കേസൊന്നും വരരുത്…
മെമ്പര്‍: എല്ലാം ഞാന്‍ നോക്കിക്കോളാം…ചേട്ടന് അനുകൂലമായി കാര്യം നടത്തിത്തരാം…പക്ഷേ..വില്ലേജിലും പൊലീസിലും പഞ്ചായത്തിലുമൊക്കെ ചെലവുണ്ട്…
ജോസ്; കാശെത്രവേണേലും തരാം…കാര്യം നടക്കണം…
മെമ്പര്‍; എങ്കില്‍ പ്രശ്‌നമില്ല…ഇപ്പം ഒരു മൂവായിരം എടുക്ക്…പിന്നെ വേണ്ടിയപ്പോ ഞാന്‍ മേടിച്ചോളാം…
ജോസ് കാശെടുത്തുകൊടുക്കുന്നു.
മെമ്പര്‍: (മു്‌ന്നോട്ടുവന്ന്) എല്ലാവരോടുമായി പറയുവാ…കയ്യാങ്കളിയും അക്രമവും ഒന്നിനും പരിഹാരമല്ല…നിയമം ആരും കയ്യിലെടുക്കരുത്…എല്ലാം നിയമത്തിന്റെ വഴിയിലൂടെ പോകട്ടെ….രണ്ടുകൂട്ടര്‍ക്കും അവരവരുടെ ഭാഗം പറയാനുള്ള അവസരമുണ്ടാക്കാം..മെമ്പറെന്ന നിലയില്‍ ഞാന്‍ അതിനു മുന്‍കൈ എടുക്കുന്നതായിരിക്കും…
തൊമ്മിക്കുഞ്ഞ്: മെമ്പറു പറഞ്ഞത് എല്ലാവരും കേട്ടല്ലോ…അതനുസരിച്ച് പ്രവര്‍ത്തിക്കണം…
മെമ്പര്‍: (ജോസിനെ നോക്കി) ചേട്ടന്‍ പറയുന്നു ഇവിടെയാ കല്ല് കിടന്നതെന്ന്….(തങ്കച്ചനെ നോക്കി) ചേട്ടന്‍ പറയുന്നു…ഇവിടെയാ കല്ല് കടിന്നതെന്ന്….ഞാനാനിതിന്റെ നടുക്ക് കല്ലിടുകയാണ്….(കല്ലിട്ടുകൊണ്ട്)നിങ്ങളിരുവരും നിങ്ങളുടേതാണെന്ന് പറയുന്ന ഈ സ്ഥലം നോ ്മാന്‍സ് ഏരിയാ ആയിട്ട് ഞാന്‍ പ്രഖ്യാപിക്കുകയാണ്…പ്രശ്‌നം പരിഹരിക്കുന്നതുവരെ രണ്ടുകൂട്ടര്‍ക്കും ഇവിടെ അവകാശമുണ്ടായിരിക്കില്ല..
തൊമ്മിക്കുഞ്ഞ്; മെമ്പറെ സമ്മതിച്ചു…അടുത്തതവണം ഐക്യരാഷ്ടസഭയിലോട്ട്ു മത്സരിക്കണം…രാജ്യങ്ങള് തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാമല്ലോ…
മെമ്പര്‍: ഞാനെന്റെ വാര്‍ഡിലെ ജനങ്ങളെ വിട്ട് എങ്ങോട്ടുമില്ല…അപ്പോള്‍ അങ്ങനെ തന്നെ….എല്ലാം ശരിയാക്കാം…
മെമ്പര്‍ മുന്നോട്ടു നടക്കുമ്പം പിന്നില്‍
തങ്കച്ചന്‍: എന്റെയടുത്താണോടാ കളി…മെമ്പര്‍ പറഞ്ഞതുകേട്ടോ..
ജോസ്: മെമ്പറ് വരട്ടെ അപ്പോ കാണാം ആരാ ചിരിക്കുന്നതെന്ന്…
മെമ്പര്‍ ചിരിച്ചുകൊണ്ട് മുന്നോട്ട് നടക്കുന്നു.
സീന്‍-3 Flashback
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്.
വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും.
തൊമ്മിക്കുഞ്ഞ്; ദേ..മെമ്പറ് വരുന്നുണ്ട്…പിരിവായിരിക്കും…
തങ്കച്ചന്‍: ജോസേ പത്തിന്റെ തുട്ടു കൊടുത്തേക്കരുത്…
ജോസ്: മെമ്പറേ എന്നാ ഇതുവഴിയൊക്കെ…കാണാറില്ലല്ലോ…
മെമ്പര്‍: ഞാന്‍ നിങ്ങളെയൊക്കെ ഒന്നു കാണാനിറങ്ങിയതല്ലേ…
തങ്കച്ചന്‍: ജയിച്ചേ പിന്നെ ആദ്യം കാണുവാ…
മെമ്പര്‍: ഹോ…ചേട്ടന്റെയൊരു തമാശ..ഇടയ്ക്കു പഞ്ചായത്തിലോട്ടൊക്കെ ഇറങ്ങേണ്ടേ…
ജോസ്: അങ്ങോട്ടുവന്നില്ലേലും ഇങ്ങോട്ടുവന്ന് എല്ലാം മേടിച്ചോണ്ടു പോകുന്നുണ്ടല്ലോ…
മെമ്പര്‍: എന്റെ വാര്‍ഡിലെ ഏറ്റവും വലിയ തമാശക്കാരാ നിങ്ങള്…സംസാരിച്ചിരുന്നാ നേരം പോകുന്നതറിയില്ല…ഞാന്‍ വന്നതേ…ചെറിയൊരു പിരിവുണ്ട്…ഒരു കൂട്ടായ്മ വെക്കാനാ…നിങ്ങല്‍ക്ക് ആയിരം വീതമാ എഴുതിയേക്കുന്നേ…
തങ്കച്ചന്‍: എന്റെ പൊന്നു മെമ്പറേ പോക്കറ്റു കാലിയാ…ഞങ്ങളെ വിട്ടുപിടി…
ജോസ്: കാശു തന്നിട്ടുള്ള ഒരു കൂട്ടായ്മയും വേണ്ട്….
തൊമ്മിക്കുഞ്ഞ്: മെമ്പറ് ചെല്ല്…കമ്മിറ്റിക്ക് സമയമായിക്കാണും…
മെമ്പര്‍: ഒരു മെമ്പറെയാണ് നിരാശനാക്കി അയയ്ക്കുന്നത്…
തങ്കച്ചന്‍: ഓ..ആയിക്കോട്ടെ…ആയിക്കോട്ടെ…ഞങ്ങളതിനേക്കാള്‍ നിരാശരാ…അതുകൊണ്ട് പ്രശ്‌നമില്ല.
മെമ്പറ് നടന്നു നീങ്ങുന്നു. എല്ലാവരും ചിരിക്കുന്നു.
സീന്‍-4
മെമ്പര്‍ നടന്നു വരുന്നു.
മെമ്പര്‍: അവന്മാരെന്നെ പരിഹസിച്ചു വിട്ടു…ഒരു പണി കൊടുക്കണം…(നടക്കുമ്പോള്‍ അതിരുകല്ല് കാണുന്നു) ഇതവന്മാരുടെ അതിരുകല്ലല്ലേ…മതി ഇതുമതി…അവന്മാരെ തമ്മിലടിപ്പിക്കാന്‍ ഇതു മതി…(കല്ല് ഇളക്കിമാറ്റിയിടുന്നു)
Flashback കഴിയുന്നു.
മെമ്പര്‍: (ചിരിച്ചുകൊണ്ട് മുന്നോട്ട് നടക്കുന്നു.പിന്നില്‍ അവരുടെ ശബ്ദം) മണ്ടന്മാര്…അവന്മാരോട് മര്യാദയ്ക്ക ആയിരം ചോദിച്ചപ്പം തന്നില്ല…എന്റെയടുത്താണോ കളി…ആറുമാസത്തേക്ക് അവന്മാരെ ഞാന്‍ വഹിക്കും…
പിന്നില്‍ തങ്കച്ചനും ജോസും വഴക്കിടുന്ന ശബ്ദം