നേരംപോക്ക്
എപ്പിസോഡ്-49
ജോസും തങ്കച്ചനും തൊമ്മിക്കുഞ്ഞും മുറ്റത്തും തിണ്ണയിലുമായി കളിച്ചു രസിച്ചിരിക്കുന്നു. ഭാര്യ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്നു.
ഭാര്യ: നിങ്ങള്‍ക്ക് നാണമില്ലേ…ചുമ്മാ ഇങ്ങനെ കളിച്ചു ചിരിച്ചു വെറുതെ സമയം കളയാന്‍…
ജോസ്: രാവിലെ അവള് തുടങ്ങി…എന്റെ തങ്കച്ചാ മനസമാധാനമെന്നാന്ന് ഞാനറിഞ്ഞിട്ട് നാളെത്രയായെന്ന് അറിയാമോ…
ഭാര്യ: നാളെത്രയായി ഒന്നു പറഞ്ഞേ…ഞാനൊന്നറിയട്ടെ…
തങ്കച്ചന്‍: നിനക്കവനോടിച്ചിര സ്‌നേഹത്തോടെ സംസാരിക്കാന്‍മേലെ…ഒന്നുമില്ലേലും ഈ കുടുംബത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്നവനല്ലേ…
ഭാര്യ: ചേട്ടന്‍ കൂട്ടുകാരനെ സപ്പോര്‍ട്ടു ചെയ്തല്ലേ പറയൂ…അവിെ ചെന്നാല്‍ അറിയാം അവിടത്തെ കാര്യം…
തൊമ്മിക്കുഞ്ഞ്: ന്റെ പൊന്നേ…വീട്ടില്‍ മനസമാധാനത്തോടെ ഇരുത്തുകേലാഞ്ഞിട്ടാ പുറത്തോട്ടിറങ്ങിയത്…അന്നേരം അതിന്റെ അപ്പുറമാണോ ഇവിടെ…
ഭാര്യ: നിങ്ങളടെയൊക്കെ കയ്യിലിരുപ്പിന്റെയല്ലേ…ഞങ്ങളുടെ കുഴപ്പമാണോ…
ജോസ്: ഇപ്പം നിനക്കെന്നതാ വേണ്ടത്..ഞങ്ങള് സന്തോഷത്തോടെ ഇവിടെയിരിക്കുന്നതാണോ നിനക്കു പ്രശ്‌നം…
തങ്കച്ചന്‍: ഒരു കാര്യം മനസിലാക്കണം…ആറും അറുപതും ഒരുപോലെയാന്നാ ചൊല്ല്…ഒരു ആറുവയസുകാരന്‍ ഇതിലേ കളിച്ചുരസിച്ചു നടക്കുന്നതുകണ്ടാല്‍ നിങ്ങളൊക്കെ എന്നാ പറയും…മോനേ വീഴാതെ സൂക്ഷിച്ചോണമെന്നേ പറയുവൊള്ളല്ലേ…ഞങ്ങള് അറുപതു കഴിഞ്ഞു…ഇനി ഞങ്ങള് ആറുവയസുകാരന്റെ സ്വഭാവമേ കാണിക്കൂ…
ഭാര്യ: (കളിയാക്കി) എന്നാ മക്കള് വീഴാതെ നോക്കണേ…ഞാന്‍ അരിചാക്ക് കൊണ്ട് ഒരു തൊട്ടിലുംകൂടി കെട്ടിയേക്കാം…മടുക്കുമ്പം കിടന്നുറങ്ങേണ്ടേ…
ജോസ്: നീ കേറപ്പോകുന്നുണ്ടോ…അതോ ഞങ്ങള് കേറിപ്പോകണോ…
ഭാര്യ: യ്യോ..വേണ്ട..ള്ളകുഞ്ഞുങ്ങള് കളിച്ചോ…ഞാന്‍ പൊക്കോളാം…(നടന്നിട്ട് തിരിഞ്ഞു നിന്ന്) എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങള് ചെയ്തുകൂടെ…(പോകുന്നു)
തങ്കച്ചന്‍: ഹോ..ഇതിച്ചിരി കടുപ്പമായിപ്പോയി ജോസേ…പറയാതിരിക്കാനാവില്ല…
തൊമ്മിക്കുഞ്ഞ്: മടുത്തു…എവിടെ തിരിഞ്ഞാലും അവഹേളനം..വീട്ടിലും നാ്ട്ടിലും….നമ്മളെന്തെങ്കിലും എന്‍ജോയ്‌മെന്റിന് ചെയ്താല്‍ തെറിവിളിയായി കളിയാക്കായി…
ജോസ്: തൊമ്മിക്കുഞ്ഞ് പറഞ്ഞത് ശരിയായി…നമ്മള് പത്രംവായിച്ചിരിക്കുമ്പം പറയും ഒരു പണിയുമില്ലാതെ പത്രവും തുറന്നുവെച്ചിരിക്കുവാന്ന്…
തങ്കച്ചന്‍: എന്നാല്‍ റോഡിലോട്ടിറങ്ങി കടത്തിണ്ണേല്‍ പോയിരുന്നാല്‍ സിസി കാമറയാണെന്ന് പറഞ്ഞ് കളിയാക്ക്…
തൊമ്മിക്കുഞ്ഞ്: എന്തേലും തമാശ പൊട്ടിച്ചിരുന്നാല്‍ കെളവന്മാര് വെറുതെ കളിച്ചുചിരിച്ചിരിക്കുവാന്ന് പറയും…ജീവിക്കാന്‍ സമ്മതിക്കുകേലല്ലോ….
ജോസ്: വീട്ടിലിതാ അനുഭവം…പിന്നെ നാ്ട്ടുകാരുടെ കാര്യം പറയണോ…
തങ്കച്ചന്‍: (ഇരിപ്പുറയ്ക്കാതെ ചാടിയെണീറ്റ്) ഇതങ്ങനെ വിട്ടാല്‍ പറ്റില്ല…എന്തേലും ചെയ്യണം…
തൊമ്മിക്കുഞ്ഞ്: (ഉത്സാഹത്തോടെ) അതുതന്നെയാ എന്റെയും അഭിപ്രായം…ഇനി ഒന്നും നോക്കേണ്ട…പറയുന്നവനെ അടിച്ചു നിരത്തുക…..പിന്നെ മിണ്ടരുത്..
തങ്കച്ചന്‍: (മൊത്തത്തില്‍ നോ്ക്കി) നീയെന്നതാ ഉദ്ദേശിച്ചത്…
തൊമ്മിക്കുഞ്ഞ്: തല്ലിത്തോല്‍പിക്കാമെന്ന്…
ജോസ്: ഇനി ഈ പ്രായത്തില്‍ പൊലീസ് സ്റ്റേഷനിലൂടെയേ കേറാനുള്ളു…ആവശ്യമില്ലാത്ത പണിക്കുപോയേക്കരുത്…
തങ്കച്ചന്‍: ഞാനുദ്ദശിച്ചത് നമുക്കെന്തെങ്കിലും ക്രിയേറ്റീവായിട്ടു ചെയ്യാമെന്നാ…
തൊമ്മിക്കുഞ്ഞ്: എന്നാലങ്ങനെ വ്യക്തമായിട്ടു പറയേണ്ടേ…ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു…
ജോസ്: എന്നതാ പരിപാടി..എല്ലാവരെയും ഞെട്ടിക്കണം…
തങ്കച്ചന്‍: ചിന്തിക്കണം…ഉണര്‍ന്നിരുന്ന് ചിന്തിക്കണം…
തൊമ്മിക്കുഞ്ഞ്: എ്ന്നാ രാത്രിയില്‍ ചിന്തിച്ചാല്‍ മതിയോ..ഇപ്പംവേണ്ടേ….
ജോസ്: അതെന്നാ രാത്രിക്കു പ്രത്യേകത…
തൊമ്മിക്കുഞ്ഞ്: രാത്രിയിലല്ലേ ..ഉണര്‍ന്നിരുന്നു ചിന്തിക്കാന്‍ പറ്റൂ…
തങ്കച്ചന്‍: ന്റേ ജോസേ…ഇവനോടിത്തിരിനേരം മിണ്ടാതിരിക്കാന്‍ പറ…ഞാന്‍ ഒരു ഗുമ്മിന് പറഞ്ഞെന്നല്ലേയുള്ളു…
തൊമ്മിക്കുഞ്ഞ്: (മുന്നോട്ട് നടന്ന്) വായില്‍തോന്നുന്നത് പറയും…ഞാനതെല്ലാം നേരാന്നു കരുതും…
മൂവരും തലങ്ങും വിലങ്ങും നടന്ന് ആലോചനയില്‍
ജോസ്; നമുക്ക് തട്ടുകട തുടങ്ങിയാലോ….
തങ്കച്ചന്‍: ഹേ..രാത്രിയില്‍ ഉറക്കമിളയ്ക്കണം…വേണ്ട..
വീണ്ടും ആലോചന
തൊമ്മിക്കുഞ്ഞ്: ഒരു ബസ് വാങ്ങിയാലോ…
ജോസ്: അതിലും ഭേദം ഒരു മുഴം കയറുവാങ്ങി തൂങ്ങിച്ചാകുന്നതാ…
വീണ്ടും ആലോചന.
തങ്കച്ചന്‍: നമുക്ക് കമ്പത്തു നിന്ന് പോ്ത്തിനെ കൊണ്ടുവന്ന് കച്ചവടം നടത്തിയാലോ…
ജോസ്: എനിക്ക് അത്രയും ദൂരം യാത്ര ചെയ്യാന്‍ പറ്റില്ല…മുട്ടിനുവേദനയള്ളതുടകൊണ്ട് വണ്ടിയേല്‍ ഏറെനേരം ഇരിക്കത്തില്ല..
ഭാര്യ: ബ്യൂട്ടിപാര്‍ലറ് തുടങ്ങിയാലോ…
ജോസ്: (പെട്ടെന്ന് തിരിഞ്ഞ്) നീ പിന്നെയും വന്നോ…
നീയെന്നാത്തിനാ ഞങ്ങള് സംസാരിക്കുന്നിടത്ത് വന്ന് ഇടയ്ക്കിടയ്ക്ക് തലയിടുന്നത്…നിങ്ങള് പെണ്ണുങ്ങള് അടുക്കളേല്‍ സംസാരിച്ചോണ്ടിരിക്കുമ്പം ഞാന്‍ വരുന്നുണ്ടോ…
ഭാര്യ: യ്യോ…വരുന്നില്ല…എന്നെക്കൊണ്ട് പറയിക്കരുത്…ഇന്നലെ സൂസമ്മ വന്നപ്പോ….നിങ്ങള്‍ക്കെന്നാ ദാഹമായിരുന്നു…ഓടിയോടിയാ അടുക്കളേലോട്ട് വെള്ളം കുടിക്കാന്‍ വരുന്നത്…
തങ്കച്ചന്‍: ജോസേ..അതൊരൈഡിയായാ..നമുക്ക് ബ്യൂട്ടിപാര്‍ലറ് തുടങ്ങിയാലോ…നമുക്കോരോരുത്തര്‍ക്കും മാറാമാറി മാനേജരായിട്ടിരിക്കാം…
ഭാര്യ: അതു പിന്‍വലിച്ചു…ബ്യൂട്ടിപാര്‍ലറ് വേണ്ട…(തിരിഞ്ഞുനടന്ന്) കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാ…
വീണ്ടും ആലോചന.
തൊമ്മിക്കുഞ്ഞ്; അതേയ്…ഇങ്ങനെ തലേംചൊറിഞ്ഞ് നടന്നാല്‍ നടക്കത്തേയുള്ളു…വിവരമുള്ളവരോട് പോയി അഭിപ്രായം ചോദിക്കാം…
തങ്കച്ചന്‍: അതാരാ ഇവിടെയിപ്പം നമ്മളേക്കാള്‍ വിവരമുള്ളവര്…
തൊമ്മിക്കുഞ്ഞ്; അതാണ് കണ്‍സല്‍ട്ടന്‍സി…ബിസിനസ് കണ്‍സല്‍ട്ടന്റ്‌സ്…അവര് നമ്മള്‍ക്കുയോജിച്ച ബിസിനസെന്താന്ന് പറഞ്ഞുതരും…പിന്നെ നമ്മള്‍ക്ക് വേണ്ട മോട്ടിവേഷന്‍സ് തരും…
ജോസ്: അതൊക്കെ മിണിക്കൂറിനു കാശു കൊടുക്കണം…
തങ്കച്ചന്‍: നമുക്കിപ്പം ഒത്തിരി മണിക്കൂറൊന്നും വേണ്ടല്ലോ…അങ്ങോട്ടുചെല്ലുന്നു…കാര്യം പറയുന്നു…പുള്ളി ഇന്നത് ചെയ്‌തോളാന്‍ പറയുന്നു….തിരിച്ചുപോരുന്നു…ഏറിയാലൊരു രണ്ടു മിനിറ്റ്….അതിന്റെ കാശുകൊടുക്കുന്നു…
തൊമ്മിക്കുഞ്ഞ്: അതൊന്നും നടക്കുകേല…അയാള് നമ്മളോട് സംസാരിച്ച് നമ്മളെ പഠിക്കും…എന്നിട്ട് നമുക്ക് പറ്റിയ പണി പറയും…
ജോസ്: ഇനി ഒന്നും നോക്കാനില്ല…എല്ലാം തീരുമാനിച്ചതാ…ഇനി പിന്നോട്ടില്ല…കണ്‍സല്‍ട്ടന്‍രിനെ കാണാം…
സീന്‍-2
വാതില്‍ക്കല്‍ മുട്ടുന്ന ജോസും തങ്കച്ചനും തൊമ്മിക്കുഞ്ഞും.
തൊമ്മിക്കുഞ്ഞ്: മേ ഐ കമിന്‍ സാര്‍…
തങ്കച്ചന്‍: ഐ എന്നല്ല വി എന്നു പറയണം…നമ്മള് മൂന്നുപേരില്ലേ…
ജോസ്: പുസ്തകത്തിലൊക്കെ വാതിലേല്‍ മുട്ടുമ്പം ഐ എന്നു പറഞ്ഞാല്‍ മതിയെന്നാ…
അകത്തു നിന്നും : യെസ് കമിന്‍…
വാതില്‍ തുറക്കുമ്പോള്‍ അകത്ത് കണ്‍സല്‍ട്ടന്റ്.
കണ്‍സല്‍ട്ടന്റ്: വരൂ..വരൂ…ഇരിക്കൂ…(എല്ലാവരും ഇരിക്കുന്നു) ഞാന്‍ എന്തു സേവനമാണ് നിങ്ങള്‍ക്കായി ചെയ്യേണ്ടത്…
തൊമ്മിക്കുഞ്ഞ്: സാറേ..ഞങ്ങള്‍ക്കെന്തെങ്കിലും ഒരു സംരംഭം ചെയ്യണം…പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും വേണം.
കണ്‍സല്‍ട്ടന്റ്: വെരി ഗുഡ്…ഞാന്‍ നിങ്ങളെ അപ്രിഷ്യേറ്റ് ചെയ്യുന്നു..കുഴീലോട്ട് കാലുംനീട്ടിയിരിക്കുന്ന ഈ സമയത്തും എന്തെങ്കിലും ചെയ്യണമെന്നു തോന്നിയല്ലോ…
ജോസ്: സാറിന് വയസെത്രയായി…
കണ്‍സല്‍ട്ടന്റ്: 55…
ജോസ്: എന്നാ കുഴി വെട്ടിത്തുടങ്ങാറായി…
കണ്‍സല്‍ട്ടന്റ്: അതെന്നാ അങ്ങനെ പറഞ്ഞത്…
ജോസ്: അഞ്ചുകൊല്ലം കൂടി കഴിയുമ്പം കാലു നീട്ടിയിരിക്കാന്‍ കുഴി വേണമല്ലോ…
കണ്‍സല്‍ട്ടന്റ്: ഹോ…ഹോ.. തമാശക്കാരന്‍..അതെനിക്കിഷ്ടപ്പെട്ടു…(ഫോണ്‍ ബെല്ലടിക്കുന്നു) ഒരു മിനിറ്റേ…(ഫോണെടുക്കുന്നു) ഹലോ..ങാ..പറഞ്ഞോളൂ…ഹോട്ടലു തുടങ്ങണമെങ്കില്‍ (ആലോചിച്ച്) നിങ്ങള്‍ക്ക് കസ്റ്റമറെ തൃപ്തിപ്പെടുത്താനാവുമോയെ്‌നനറിയണം…ഒരു കാര്യം ചെയ്യ്…നാളെ ഞാന്‍ വീട്ടിലോട്ടുവരാം…ഒരു നല്ല ഡിന്നറൊരുക്ക്…ഞാന്‍ കഴിച്ചിട്ട് പറയാം…ഓകെ..എന്നെ വിളിച്ചാല്‍ മതി..(ഫോണ്‍ വെച്ചിട്ട്) ഒത്തിരി നാളായി വായ്ക്കു രുചിയുള്ളതെന്തെങ്കിലും കഴിച്ചിട്ട്…അവളുടെ ഉണക്കച്ചോറു തിന്ന് മടുത്തു…(ഉത്സാഹത്തോടെ) ആട്ടെ പറയൂ…നമുക്കെന്താണ് ചെയ്യേണ്ടത്…
തങ്കച്ചന്‍: അതും ചോദിച്ചല്ലേ ഞങ്ങളിങ്ങോട്ടുവന്നത്…അന്നേരം ഇങ്ങോട്ടു ചോദിക്കുവാണോ…
കണ്‍സല്‍ട്ടന്റ്: ചേട്ടാ..അങ്ങനെ ചാടിക്കേറി പറയാന്‍ പറ്റില്ല..ആദ്യം നിങ്ങള്‍ക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് അറിയണം…അതിനു നിങ്ങടെ ടേസ്റ്റ് അറിയണം…നിങ്ങടെ ടേസ്റ്റ് എന്നതാ പറഞ്ഞേ….
തങ്കച്ചന്‍: എനിക്ക് നല്ല എരിവുള്ളതുവേണം…
തൊമ്മിക്കുഞ്ഞ്: എരിവെനിക്കത്ര പിടിക്കില്ല…മധുരമാ ഇഷ്ടം…
ജോസ്: എരിവാണേലും പുളിയാണേലും മധുരമാണേലും വേണ്ടില്ല….ഞാന്‍ എന്തും തട്ടും…
കണ്‍സല്‍ട്ടന്റ്: ങാ…ഇപ്പം മനസിലായി…(ആംഗ്യം കാണിച്ച്) വെറുതെയിരുന്ന് ഞമ്മുന്നതാണ് ഇഷ്ടം അല്ലേ…
തങ്കച്ചന്‍: ആയകാലത്ത് എല്ലുമുറിയേ പണിയെടുത്തതാ സാറേ…ഇനി പല്ലുമുറിയെ തിന്നാം…
കണ്‍സല്‍ട്ടന്റ്: പഴഞ്ചൊല്ല് അതേപടി അനുസരിച്ചെന്നു തോന്നുന്നു…പല്ലു മുഴുവന്‍ മുറിഞ്ഞുപോയല്ലോ…
ഫോണ്‍ ബെല്ലടിക്കുന്നു.
കണ്‍സല്‍ട്ടന്റ്: (ഫോണ്‍ നോക്കിയിട്ട് എടുക്കാതെ) ഹോ…മുകേഷാ…ഇന്നുതന്നെ പത്തു പ്രാവശ്യം വിളിച്ചു…
ജോസ്: സിനിമാ നടന്‍മാരൊക്കെ ഉപദേശം തേടാറുണ്ടോ…
കണ്‍സല്‍ട്ടന്റ്: സിനിമാ നടന്‍ മുകേഷാണെന്നാണോ കരുതിയത്…ഇത് മുകേഷ് അംബാനി…ഞാനിന്നു തന്നെ മുംബൈക്ക് ചെല്ലണമെന്നു പറഞ്ഞ് വിളിക്കുന്നതാ…നാളെ ചെല്ലാമെന്നു ഞാന്‍ പറഞ്ഞു…സമ്മതിക്കുകേല…പുള്ളിക്കെപ്പഴും എന്നെ കണ്ടോണ്ടിരിക്കണം…
വാതിലില്‍ ആരോ മുട്ടുന്നു.
കണ്‍സല്‍ട്ടന്റ്: ആരാ…. ക്ലയന്റ്‌സ് ഉണ്ട്…
പുറത്തുനിന്നും: സാറേ മുകേഷാ…ചായക്കടേലെ…ചായ വേണോ…
കണ്‍സല്‍ട്ടന്റ്: ഇപ്പം വേണ്ട…ഞാന്‍ പറയാം…(ആത്മഗതം) ഇപ്പം മേടിച്ചാല്‍ ഇവന്മാര്‍ക്കും കൊടുക്കണം.
ജോസ്: (തങ്കച്ചനോട്) അംബാനി വിമാനം പിടിച്ചുവന്നതാണെന്നാ തോന്നുന്നത്…
തങ്കച്ചന്‍: അംബാനിയുടെ കയ്യീന്ന് ഒരു ചായ കുടിക്കാമായിരുന്നു…
കണ്‍സല്‍ട്ടന്റ്: അംബാനിക്കും ചായക്കാരനും ഒരേപേരെ…കാലംപോയ പോക്കേ…(ചമ്മല് മാറ്റി) നമ്മള്‍ക്ക് അപ്പം ഒരു ബിസിനസ് വേണം…സംരംഭം തുടങ്ങണം…
തൊമ്മിക്കുഞ്ഞ്; നമ്മള്‍ക്കല്ല …ഞങ്ങള്‍ക്ക്…
തങ്കച്ചന്‍: രാവിലെ മുതല് വൈകുന്നേരം വരെ എണ്മയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കണം…
തൊമ്മിക്കുഞ്ഞ്; അതിനാണോ ഇങ്ങോട്ടു വന്നത്…അതിന് രാവിലെ കുഴമ്പുതേച്ച് മുറ്റത്തുകൂടി നടന്നാല്‍ പോരേ….
കണ്‍സല്‍ട്ടന്റ്: ഞാന്‍ നിങ്ങളെ പഠിച്ചതില്‍ നിന്ന് മനസിലാക്കുന്നത് നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്നാണ്…(കേസരയില്‍ നിന്നെണീറ്റ് നടന്ന്) സാരമില്ല…അതുശരിയാക്കാം…(മേശയില്‍ നിന്ന് മൂന്നു പുസ്തമെടുത്ത്) എങ്ങനെ ആത്മവിശ്വാസമുണ്ടാക്കാം…ഞാനെഴുതിയ പുസ്തകമാണ്….ഇതു കൊണ്ടുപോയി വായിക്കുക….
ജോസ്: (പുസ്തകം വാങ്ങി) വായിച്ചിട്ടു തിരിച്ചു തരണോ…ഫ്രീയാണോ സാറേ…
കണ്‍സല്‍ട്ടന്റ്: ഫ്രീ പരിപാടിയേ എനിക്കില്ല. പുസ്തകമൊന്നിന് 500 വെച്ച് കൗണ്ടറിലടക്കണം…
തൊമ്മിക്കുഞ്ഞ്: കൗണ്ടറ് എവിടെയാ…
കണ്‍സല്‍ട്ടന്റ്: കൗണ്ടറ് ഇവിടെത്തന്നെ…എന്റെ കയ്യില്‍ തന്നാല്‍ മതി…പുസ്തകം വായിച്ചുകഴിയുമ്പഴേക്കും പൊസിറ്റീവ് എനര്‍ജി നിങ്ങളില്‍ വന്നു നിറയും…(അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആംഗ്്യ വിക്ഷേപങ്ങളോടെ) എനര്‍ജി നിറഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക ചുമ്മാ ഇരിക്കാന്‍ പറ്റുകേല…
തങ്കച്ചന്‍: അന്നേരം എന്നാ ചെയ്യണം…
കണ്‍സല്‍ട്ടന്റ്: എനര്‍ജി നിറ്ഞ്ഞു കഴിഞ്ഞാല്‍ പണമുണ്ടാക്കാന്‍ തുടങ്ങും…പണം നിങ്ങളുടെ പോക്കറ്റിലേക്ക് വന്നു തുടങ്ങും…(മൂന്നുപേരുടെയും നേരേനോക്കി) അങ്ങനെ വരുമ്പം നിങ്ങളുടെ പോക്കറ്റിലേക്ക് പണവരണമോ വേണ്ടോയെന്ന് ആര് തീരുമാനിക്കും…നിങ്ങള്‍ തീരുമാനിക്കും…
തങ്കച്ചന്‍: ഇയാള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞു..
ജോസ്: ഇ്പ്പം അയാള് ഫീസ് ചോദിക്കും…അതുകൊണ്ട് വിട്ടോ…എനിക്ക് ഐഡിയാ കിട്ടി…
കണ്‍സല്‍ട്ടന്റ്: (തിരിഞ്ഞ്) നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്ലാന്‍ ഞാന്‍ തരാം…
തൊമ്മിക്കുഞ്ഞ്: പേനായും കടലാസുമെടുക്കട്ടെ സാറേ…പ്ലാന്‍ വരയ്ക്കാന്‍…
കണ്‍സല്‍ട്ടന്റ്: അതിനു മുന്നേ ഫീസ് തരണം…അല്ലേല്‍ പ്ലാനുമായി നിങ്ങളങ്ങു പോകും..എന്റെ പ്ലാന്‍ നടക്കത്തുമില്ല.
ജോസ്: സാറേ..ഞങ്ങള് പോയിട്ട് പിന്നെ വരാം..കുറച്ചുകൂടി എനര്‍ജി കേറാനുണ്ട്…
കണ്‍സല്‍ട്ടന്റ്: എന്റെ കണ്‍സല്‍ട്ടിംഗ് ഫീസ്…ഒരു മണിക്കൂറാണ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത്…മുകേഷ് അംബാനിയുടെ സമയമാണ് ഞാന്‍നിങ്ങള്‍ക്ക് തന്നത്…
തങ്കച്ചന്‍്: അതു സാരമില്ല സാറേ…ഞങ്ങള് ചായകുടിക്കാന്‍ കേറുമ്പം മുകേഷിനെ ഇങ്ങോട്ടു പറഞ്ഞുവിട്ടേക്കാം…
കണ്‍സല്‍ട്ടന്റ്: പുസ്തകവും വേണ്ടേ…
ജോസ്: (കണ്‍സല്‍ട്ടന്റിന് കൈകൊടുത്ത്) സാറ് ആത്മവിശ്വാസം കൈവിടരുത്….പുസ്തകമെടുത്ത് വായിക്ക്…ഞങ്ങടെ സംരംഭം നാളെ തുടങ്ങും…സാറ് വന്ന് അനുഗ്രഹിക്കണം…
തൊമ്മിക്കുഞ്ഞ്: ങേ…ജോസിന് എനര്‍ജി കേറിയോ…
തങ്കച്ചന്‍: വര്‍ത്തമാനം പറഞ്ഞ് നിന്നാ…നമ്മടെ പോക്കറ്റിലെ എനര്‍ജി പോകും…വേഗം വിട്ടോ…
കണ്‍സല്‍ട്ടന്റ്: (താടിക്കു കൈകൊടുത്ത് കണ്‍്‌സല്‍ട്ടന്റ്) മൂന്നെണ്ണം ഒറ്റാലില്‍ കയറിയതായിരുന്നു..ചാടിപ്പോയി…
സീന്‍-3
വഴിയിലൂടെ നടന്നുവരുന്ന മൂവരും.
തൊമ്മിക്കുഞ്ഞ്: എന്നതാ ജോസേ ഐഡിയ…പറ കേള്‍ക്കട്ടെ…
ജോസ്: നിങ്ങള്‍ക്ക് അയാളുടെ മു്‌നനിലിരുന്നിട്ട് ഒന്നും തോന്നിയില്ലേ…
തങ്കച്ചന്‍: എന്നാ തോ്ന്നാന്‍…അയാള് തുള്ളല്‍പ്പനി പിടിച്ചതുപോലെ ഏതാണ്ടൊക്കെ പ്പറഞ്ഞു…
ജോസ്: ങാ…എന്നാലങ്ങനെയല്ല…നമ്മള് അയാളുടെ പണി തുടങ്ങുന്നു…കണ്‍സല്‍ട്ടിംഗ്…ചുമ്മാ ഇരുന്ന് ഉപദേശം…തള്ളല്‍…വിയര്‍ക്കുന്നില്ല…ദേഹാദ്ധ്വാനമില്ല..പരമസുഖം…
തൊമ്മിക്കുഞ്ഞ്: അതുകൊള്ളാം…എന്നാ രണ്ടു പുസ്തകം കൂടി എഴുതാം…എങ്ങനെ കാശുണ്ടാക്കാം….കാശുകാരനാകാം…
തങ്കച്ചന്‍: കൊള്ളാം സൂപ്പര്‍ ഐഡിയ… ഒട്ടും സമയം കളയേണ്ട…ഇന്നു തന്നെ തുടങ്ങാം..
മൂവരും ഉത്സാഹിച്ചു ചാടിച്ചാടി പോകുന്നു.
തൊമ്മിക്കുഞ്ഞ്: പോസിറ്റീവ് എനര്‍ജി കേറി അങ്ങു നിറഞ്ഞു…
തങ്കച്ചന്‍: തട്ടിവീഴാതെ നോക്കിക്കോണം…
സീന്‍-4
ബോര്‍ഡ് നാട്ടി വെച്ച് മരത്തിന്റെ ചുവട്ടിലിരിക്കുന്ന മൂവരും.
ബോര്‍ഡിലെ എഴുത്ത്:
കണ്‍സല്‍ട്ടിംഗ് സേവനങ്ങള്‍
മോട്ടിവേഷന്‍ ക്ലാസുകള്‍ക്കും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സമീപിക്കുക
ബോര്‍ഡിലെ എഴുത്തില്‍ നിന്നും കാമറ മൂവരിലേക്കും. ഗമയില്‍ ഇരിക്കുന്ന മൂന്നുപേരും.