സ്വര്‍ഗത്തിലോട്ടുള്ള വഴി

0
143

നേരംപോക്ക്
എപ്പിസോഡ്-50

കറുത്ത ബാക്ക് ഗ്രൗണ്ട്. ചുറ്റിനും ഉയരുന്ന പുക. പുക വകമാറ്റി കടന്നുവരുന്ന തങ്കച്ചന്‍.

തങ്കച്ചന്‍: (ആശങ്കയോടെ ചുവടുവെച്ചാണ് വരുന്നത്) ഇതേതവനാ ഇവിടെയെല്ലാം പുകയ്ക്കുന്നത്.(മണത്തുനോക്കിയിട്ട്) പ്ലാസ്റ്റിക്കിന്റെ മണമൊന്നുമില്ല. അല്ലേലും പൊതുസ്ഥലത്ത് ഇങ്ങനെ തീകത്തിച്ച് പുകയ്ക്കാമോ. ഇവിടെ നോക്കാനൊന്നും ആരുമില്ലേ..(ചുറ്റുംനോക്കിയിട്ട്) ഇതാണോ സ്വര്‍ഗം. പരിചയമുള്ള ആരെയും കാണുന്നില്ലല്ലോ. ഇനി എനിക്ക് വഴിയെങ്ങാനും തെറ്റിയോ.

തിരിഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീയെ കാണുന്നു.

തങ്കച്ചന്‍: അതൊരു പെണ്ണുമ്പിള്ളയാണല്ലോ…ചോദിച്ചുനോക്കാം…പെണ്ണുമ്പിള്ളേ….(നിര്‍ത്തി) ഇവിടെവരുമ്പം അങ്ങനെ വിളിക്കാമോ…ചേച്ചീന്നു വിളിച്ചേക്കാം….ചേച്ചീ…സ്വര്‍ഗത്തിലോട്ടുള്ള വഴിയേതാ…

സ്ത്രീ തിരിയുന്നു. ജോസിന്റെ ഭാര്യയാണ്.

ഭാര്യ: (തിരിഞ്ഞുകൊണ്ട്) സ്വര്‍ഗത്തിലോട്ടുതന്നെയെന്നങ്ങ് തീരുമാനിച്ചോ…

തങ്കച്ചന്‍: (പരിചയക്കാരിയെ കണ്ടതിലുള്ള സന്തോഷത്തോടെ) ഹാ..നീയായിരുന്നോ…ഇപ്പഴാ ഒരു ആശ്വാസമായത്…ജോസും തൊമ്മിക്കുഞ്ഞുമെന്തിയേ…അവര് സ്വര്‍ഗത്തിലോട്ടുപോയോ…വന്നവഴിക്കൊക്കെ ഞാനവരെ നോക്കിയായിരുന്നു…നിന്നെ കൊണ്ടുപോയില്ലേ…

ഭാര്യ: ജോസും തൊമ്മിക്കുഞ്ഞും ഇന്റര്‍വ്യൂവിന് പോയതാ…

തങ്കച്ചന്‍: ങേ…ഇവിടെയും പിഎസ് സിയൊക്കെയുണ്ടോ…എഴുത്തുപരീക്ഷയില്ലേ…ഇന്റര്‍വ്യൂവേയുള്ളോ…പാര്‍ട്ടിക്കാരുടെ കയ്യീന്ന് ഒരുകത്തുംകൂടി മേടിച്ചോണ്ടുവരാമായിരുന്നു…

ഭാര്യ: അങ്ങോട്ടുചെന്നേച്ചാ മതി..ആരാ ഏതാന്നൊന്നും നമുക്ക് അറിയത്തില്ല…നമുക്ക് കാണത്തുമില്ല….ചോദ്യം ചോദിക്കാതെ തന്നെ നമ്മള് ഉത്തരങ്ങള് പറയും…

തങ്കച്ചന്‍: അത്രേയുള്ളോ..എന്നാ ഞാന്‍ പുല്ലുപോലെ കടന്നുപോകും…

ഭാര്യ: എന്റെ ചേട്ടാ…ചേട്ടന്‍ ഭൂമികിടന്നു കാണിച്ച വെളച്ചിലൊന്നും ഇവിടെ നടക്കുകേല…

ജോസും തൊമ്മിക്കുഞ്ഞും വരുന്നു.

ജോസ്: തങ്കച്ചാ…എപ്പഴെത്തി…നിങ്ങളെ കണ്ടില്ലല്ലോന്ന് ഞാന്‍ കുറച്ചുമുമ്പും തൊമ്മിക്കുഞ്ഞിനോട് പറഞ്ഞതേയുള്ളു.

തൊമ്മിക്കുഞ്ഞ്: നിങ്ങളെന്നാ തമാസിച്ചത്…രണ്ടാഴ്ച മുമ്പ് തട്ടിപ്പോയതാണല്ലോ…

തങ്കച്ചന്‍: നിങ്ങളിവിടെ വിവരങ്ങളെല്ലാം അറിയുന്നുണ്ടല്ലേ…അതാര് വിളിച്ചുപറയും…

ജോസ്: ആരും വിളിച്ചുപറയുകയൊന്നും വേണ്ട….(താഴേക്ക് നോക്കി) ഇങ്ങനെ താഴേക്കു നോക്കിയാല്‍മതി…

തങ്കച്ചന്‍: (താഴേക്കുനോക്കി) അതുകൊള്ളാമല്ലോ….എല്ലാം കാണാമല്ലോ…(സുക്ഷിച്ചുനോക്കി) പെമ്പ്രന്നോത്തിയല്ലേ അത്…അവളെന്തിനാ ബാങ്കിലോട്ട് പോകുന്നത്…ഒരിടത്തോട്ടും ഒറ്റയ്ക്കുപോകുകേലാത്തതാണല്ലോ…ങേ…ആണ്ട്…ഞാന്‍ ഫിക്‌സഡ് ഇട്ട പൈസയെല്ലാം കൂടി അവളെടുത്തോണ്ടുപോകുന്നു…ചതിച്ചു…ഭയങ്കരി…ഞാന്‍ ഉലുന്തിച്ചു സൂക്ഷിച്ച പൈസയാ…അതിനു മുഴുവന്‍ അവള് സ്വര്‍ണം മേടിക്കും….(പരിഭ്രാന്തിയോടെ ചുറ്റും നടക്കുന്നു) അവളെയിന്നു ഞാന്‍…സമ്മതിക്കില്ലെടീ ഞാന്‍…

അശരീരി: ആരാ അവിടെ കിടന്ന് ബഹളം വെക്കുന്നത്..

ജോസ്: (തങ്കച്ചന്റെ വാ പൊത്തി) മിണ്ടരുത്…അയാളാ ഇവിടത്തെ കാര്യങ്ങള് നോക്കുന്നത്…

ഭാര്യ: യ്യോ..അയാളു വരുന്നുണ്ടോ…ഇന്നലെ വെള്ള സാരിയുടുക്കാത്തതിന് എന്നെ പിടിച്ചതാ…ഞാന്‍ വെള്ളസാരി മേടിച്ചോണ്ടുവരട്ടെ…(പെട്ടെന്ന് പോകുന്നു)

കൈയിലൊരു ബുക്കും പേനയുമായി ഒരാള്‍ കടന്നുവരുന്നു.

പേരില്ലാത്തയാള്‍: ആരാ ഇവിടെ കിടന്ന് ബഹളം വെക്കുന്നത്…ഇത് ഭൂമിയല്ല…

തങ്കച്ചന്‍: (ആളെ കണ്ട്) ഹാ…ഇതു നമ്മുടെ കറിയാച്ചന്‌ലലേ…കറിയാച്ചാ നീ ഇവിടെ വന്ന് വലിയ പുള്ളിയായോ…നീയുള്ളത് നന്നായി…(ജോസിനോടും തൊമ്മിക്കുഞ്ഞിനോടും) ഇനി ആരും ഒന്നും പേടിക്കേണ്ട്….എല്ലാം ഞാന്‍ നോക്കിക്കോളാം…ഇതു നമ്മുടെ സ്വന്തം കക്ഷിയാ….

പേരില്ലാത്തയാള്‍: ഹലോ…ഇതു കേരളമല്ല…സ്വാധീനിച്ച് കാര്യങ്ങള്‍ നടത്താന്‍….

തങ്കച്ചന്‍: (സൂക്ഷിച്ചുനോക്കി) കറിയാച്ചനല്ലേ…കണ്ണാടിയെടുക്കാന്‍ മറന്നു പോയി…

ജോസ്: (സ്വകാര്യമായി) നിങ്ങടെ നാട്ടിലെ സ്വഭാവം ഇവിടെയിറക്കരുത്…പണി കിട്ടും…എല്ലാം നിങ്ങടെ തോന്നലാ..

തങ്കച്ചന്‍: നീ ചുമ്മാതിരിയെടാ…ഇവന്റെയൊക്കെ മുന്നില്‍ കൂഞ്ഞിക്കൊടുത്താല്‍ തലേല്‍ക്കേറി നിരങ്ങും…

തൊമ്മിക്കുഞ്ഞ്: കിട്ടാനുള്ളത് കിട്ടിക്കഴിയുമ്പം മനസിലാകും…

തങ്കച്ചന്‍: (അപരിചിതനോട്) ആട്ടെ..ഇവിടുത്തെ കാര്യങ്ങള് എങ്ങനെയാ…എല്ലാം വിശദമായിട്ടു പറഞ്ഞേ…

പേരില്ലാത്തയാള്‍: ചോദ്യങ്ങള്‍ ഇങ്ങോട്ടുവേണ്ട…ഉത്തരങ്ങള്‍ മാത്രം…നിങ്ങളെന്താ വരാന്‍ താമസിച്ചത്…മരിച്ചിട്ട് രണ്ടാഴ്ചയായല്ലോ…വേറെ എവിടെയെങ്കിലും കറങ്ങാന്‍ പോയോ…

തങ്കച്ചന്‍: അവ്‌നമാര് കട്ടിലേന്നൊന്ന് ഇറക്കിവിടേണ്ടെ…രണ്ടാഴ്ചയാ വെന്റിലേറ്ററില്‍ കിടത്തിയത്…ചെറുക്കന്‍ യുകെയില്‍ ജോലിചെയ്തുണ്ടാക്കിയതു മുഴുവന്‍ തീര്‍ത്തു…ബാങ്കിലെ അക്കൗണ്ട് കാലിയായെന്നു കണ്ടപ്പഴാ അവര് കണക്ഷന്‍ ഊരിയത്…

പേരില്ലാത്തയാള്‍: അവര് വള്ളിയെപ്പഴെങ്കിലും ഊരട്ടെ…നിങ്ങള്‍ക്കിങ്ങ് പോരാന്മേലായിരുന്നോ…

തങ്കച്ചന്‍: അത് ആശുപത്രിക്കാര് എല്ലാ ദിവസവും കാലനക്കി..കണ്ണുതുറന്നു എന്നൊക്കെ പുറത്തുപോയി ചെറുക്കനോട് പറയുന്നതുകേട്ടപ്പോ ഞാനോര്‍ത്തു എണീറ്റുപോകാമായിരിക്കുമെന്ന്…

പേരില്ലാത്തയാള്‍: (ബുക്കില്‍ നോക്കി) നിങ്ങള് പലരോടും കാശുമേടിച്ചിട്ട് തിരിച്ചു കൊടുത്തിട്ടില്ല…അത് തിരിച്ച് അവരിലേക്ക് ചെല്ലാനായി്ട്ടാണ് രണ്ടാഴ്ച കിടക്കേണ്ടിവന്നത്…

തങ്കച്ചന്‍: ഞാനൊരുത്തനും ഒന്നും കൊടുക്കാനില്ല…

പേരില്ലാത്തയാള്‍: ഇയാളെ പുകക്കുഴലില്‍ കൊണ്ടുപോയി ഇടൂ…പാപബോധംവരട്ടെ…(പോകുന്നു)

തങ്കച്ചന്‍: ഒരുത്തനും എന്നെ തൊടില്ല…ഇതേ മാടമല തങ്കനാ…

ജോസ്: എന്റെ പൊന്നു തങ്കച്ചാ…നിങ്ങളീ തള്ളൊന്നു നിര്‍ത്ത്…അതൊക്കെയങ്ങ് ഭൂമീ നടക്കും…ഇവിടെ നടക്കില്ല…

തൊമ്മിക്കുഞ്ഞ്: ജോസേ…പുകക്കുഴലില്‍ കേറിക്കഴിയുമ്പം എല്ലാം മനസിലാകും…ചെന്നിട്ടുവരട്ടെ…

തങ്കച്ചന്‍: ഞാനൊരു പുകക്കുഴലിലോട്ടുമില്ല…എന്നെ പിടിച്ചോണ്ടുപോകാന്‍ ചുണയുള്ളവനെ കാണട്ടെ….

തൊമ്മിക്കുഞ്ഞ്: ജോസേ…തങ്കച്ചന്‍ പണി മേടിക്കും…

ജോസ്: ആരും വരണ്ട നിങ്ങളു തന്നെപോകും…

പെട്ടെന്ന് തങ്കച്ചനെ ആരോ പിടിച്ചുവലിച്ചോണ്ടുപോകുന്നതുപോലെ.

തങ്കച്ചന്‍: ആരാടാ…എന്നെ പിടിക്കുന്നത്…(ആരെയും കാണുന്നില്ല) വലിക്കരുത്….(ചുറ്റും കൈവീശുന്നു)

ജോസ്: ഇപ്പം മനസിലായോ…

ആരോ വലിച്ചോണ്ടുപോകുന്നതുപോലെ തങ്കച്ചന്‍ പോകുന്നു, ബഹളം വെക്കുന്നുണ്ട്. ജോസും തൊമ്മിക്കുഞ്ഞും നോക്കിനില്‍ക്കുന്നു.

സീന്‍-2

ജോസും തൊമ്മിക്കുഞ്ഞും താഴോട്ടു നോക്കിനില്‍ക്കുന്നു. ആരോ എടുത്തെറിഞ്ഞതുപോലെ വന്നുവീഴുന്ന തങ്കച്ചന്‍.

ജോസ്: ങാ..എത്തിയോ…

തങ്കച്ചന്‍: (്അവശതയോടെ) ന്റെ ജോസേ…ഇതെന്നതാടാ..കാണിച്ച പോക്രിത്തരങ്ങളെല്ലാം കുന്തംപോലെയാ ചങ്കിലോട്ടു വന്നുതറച്ചത്…

ജോസ്: നാട്ടില്‍ക്കൂടി പെറപ്പു കാണിച്ചു നടന്നപ്പോ ഓര്‍ക്കണമായിരുന്നു….

തൊമ്മിക്കുഞ്ഞ്: എന്നിട്ട് ഇവിടെവന്നും വില്ലിച്ചുനില്‍ക്കുവാ…അവര് വെറുതെ വിടുമോ…

തങ്കച്ചന്‍: ഇതാരാടാ ഉവ്വേ…ഇവിടുത്തെ നടത്തിപ്പുകാര്…

ജോസ്: ഒരുപിടുത്തവുമില്ല…ആകപ്പാടെ ബുക്കുമായിട്ട് നടക്കുന്നവനെയാ അറിയുന്നത്…

തങ്കച്ചന്‍: അവന്‍ കറിയാച്ചന്‍തന്നെ…പക്ഷേ അവന്‍ അറിഞ്ഞമട്ടുകാണിക്കുന്നില്ല..

തൊമ്മിക്കുഞ്ഞ്: നിങ്ങള് ചുമ്മാ മണ്ടത്തരം വിളമ്പാതെ…കിട്ടിയതുപോരെ…എല്ലാം നിങ്ങടെ തോന്നലാ…

തങ്കച്ചന്‍: ഇവിടെ അടുത്തെങ്ങാനും ചായക്കട വല്ലതുമുണ്ടോ…ചായ കുടിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കാമായിരുന്നു.

ജോസ്: നിങ്ങള്‍ക്ക് ഭൂമീടെ കെട്ടുവിട്ടിട്ടില്ലെന്നു തോന്നുന്നു…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ..നീ വലിയ ഷെഫല്ലെ…നമുക്കിവിടെ ഒരു ഹോട്ടലിട്ടാലോ…വരുമാനവും കിട്ടും…ശാപ്പാടും നടക്കും.

തൊമ്മിക്കുഞ്ഞ്: ഇതു ജോസു പറഞ്ഞതുപോലെ ഭൂമീടെ കെട്ടുവിടാത്തതാ…കുഴപ്പമില്ല…രണ്ടു ദിവസംകൊണ്ടു മാറും…ഞാനും വന്നപ്പോ…ഷെഫാണെന്നും പറഞ്ഞ് അടുക്കള അന്വേഷിച്ചു നടന്നതാ…

തങ്കച്ചന്‍: എന്നിട്ടെന്നാ പണി കിട്ടിയില്ലെ…അവര് പുറത്തുന്ന് ആളെ എടുക്കുകേലേ…

തൊമ്മിക്കുഞ്ഞ്: (ചിരിച്ച്) ജോസേ പറഞ്ഞുകൊടുക്ക്…ഞെട്ടട്ടെ…

ജോസ്: ഭക്ഷണംവല്ലതും ഉണ്ടാക്കുന്നുണ്ടേല്‍പോരെ അടുക്കള…

തങ്കച്ചന്‍: അതെന്നാ നാലുനേരവും പാഴ്‌സല് വരുത്തുവാണോ…അങ്ങനെയാണേല് എനിക്ക് രണ്ടുപാഴ്‌സല് വേണം…

ജോസ്: ഹോ..ഇയ്യാള് സമ്മതിക്കുകേലല്ലോ…ഇവിടെ ഭക്ഷണമൊന്നുമില്ല…ഇടയ്ക്കിടയ്ക്ക് ഈ പുക വലിച്ചുകേറ്റിക്കോണം…

തങ്കച്ചന്‍: (ചുറ്റുംനോക്കിയിട്ട്) യ്യേ…എന്നെക്കൊണ്ടു പറ്റുകേല..

തൊമ്മിക്കുഞ്ഞ്: പറഞ്ഞപ്പഴാ ഓര്‍ത്തത്…ഇത്തിരി പുകവലിച്ചേക്കാം…(വലിക്കുന്നു) ജോസേ…ആട്ടിന്‍സൂപ്പിന്റെ ടേസ്റ്റാണല്ലോ….

ജോസ്: ഉച്ചയായിട്ടായിരിക്കും…രാവിലെ ഞാനെടുത്തപ്പോ കപ്പവേവിച്ചതിന്റെയായിരുന്നു…ഇന്നലെ ഉച്ചകഴിഞ്ഞപ്പം ബിരിയാണിയുടെ ടേസ്റ്റായിരുന്നു…

തങ്കച്ചന്‍: (മടിച്ചു മടിച്ചു വലിക്കുന്നു. മുഖം വെട്ടിച്ച്) ഹേ…ഏതാണ്ട് കരിഞ്ഞചുവ…

ജോസ്: അത് നിങ്ങള് വെറുപ്പോടെ വലിച്ചിട്ടാ…സന്തോഷത്തോടെ വലിക്കണം…

ജോസ് താഴോട്ട് നോക്കുന്നു.

ജോസ്: തങ്കച്ചാ…ദേണ്ട് നിങ്ങടെ സ്ഥലമെല്ലാം താഴെ ആരാണ്ട് അളക്കുന്നു..ചെറുക്കനുമുണ്ട്…വില്‍ക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നു…

തങ്കച്ചന്‍: (പരിഭ്രാന്തിയോടെ നോക്കുന്നു) അവനെന്നാ പരിപാടിയാ…കച്ചവടമാണോ…

തൊമ്മിക്കുഞ്ഞ്: അവന്‍ പറയുന്നതുകേട്ടില്ലേ…കച്ചവടം ഉറപ്പിച്ചു..അപ്പനെ ചികിത്സിച്ച് അവന്റെ കാശെല്ലാം തീര്‍ന്നെന്ന്..എല്ലാം വിറ്റുംപെറുക്കി യുകെക്ക് പോകാനുള്ള പരിപാടിയാ…

തങ്കച്ചന്‍: (നെഞ്ചത്ത് കൈവെച്ച്) മഹാപാപീ..ഞാന്‍ പറ്റിച്ചും ഉലുന്തിച്ചുമുണ്ടാക്കിയതെല്ലാം വിറ്റു തുലക്കുവാണോടാ…

ഭാര്യ ധൃതിയില്‍ വരുന്നു.

ഭാര്യ: ദേ..ഇങ്ങേര് വന്നത് നമുക്ക് പണിയാകുമെന്നാ തോന്നുന്നത്…

ജോസ്: അതെന്നതാ…

തൊമ്മിക്കുഞ്ഞ്: ഇയാള് ഭൂമീന്നും നമുക്കിട്ട് പണിയായിരുന്നു…ഇവിടെ വന്നിട്ടും അതുതന്നെയാണോ…

ഭാര്യ: ഇങ്ങേര് കേറിയേച്ചിറങ്ങിയപ്പോ പുകക്കുഴല് കേടായെന്ന്…യ്യോ…അതേണ്ട് അയാള് വരുന്നുണ്ട്…ഇന്നെന്നെ പിടിക്കും ഞാന്‍ വെള്ളസാരി മേടിച്ചില്ല…

പേരില്ലാത്തയാള്‍ കടന്നു വരുന്നു. വന്നയുടനെ ഭാര്യയെ നോക്കുന്നു.

പേരില്ലാത്തയാള്‍: നിങ്ങളോട് വെള്ള സാരിയുടുക്കണമെന്ന് പറഞ്ഞതല്ലേ…ഇവിടെ സ്ത്രീകള്‍ക്ക് വെള്ളസാരിയാണ് യൂണിഫോം…

ഭാര്യ: സാരിമേടിച്ചു..അതിന്റെ അരിക് അടിക്കാന്‍ കൊടുത്തിരിക്കുവാ…കിട്ടുമ്പഴേ….ഇട്ടോളാം…

തങ്കച്ചന്‍: അപ്പോ മദാമ്മമാരും ഇവിടെ സാരിയാണോ ഉടുക്കുന്നത്…

പേരില്ലാത്തയാള്‍: ങാ..താനിവിടെയുണ്ടായിരുന്നോ…താന്‍ ഒരു പ്രശ്‌നക്കാരനാണല്ലോ…(ചുറ്റുമുല്‌ളവരെ നോക്കിയിട്ട്) ഇയാളെ ശരിയാക്കിയെടുക്കണം…എന്നാലേ നിങ്ങള്‍ക്കും ഇവിടുന്ന് കേറിപ്പോകാന്‍ പറ്റുവൊള്ളു…എല്ലാം പറഞ്ഞു തീര്‍ക്കണം…എന്നാ തുടങ്ങിക്കോ…

മൂന്നുപേരും തങ്കച്ചനും ചുറ്റും വളയുന്നു.

തങ്കച്ചന്‍:(ചെറിയ പേടിയോടെ) എടാ…ജോസേ…തൊമ്മിക്കുഞ്ഞേ…ഇതുഞാനാടാ….തങ്കന്‍…നമ്മള് ഭൂമീല് ഒറ്റക്കയ്യായിരുന്നു…

മൂന്നുപേരും തങ്കച്ചന്റെ നേരെ രൂക്ഷതയോടെ.

ജോസ്: ഭൂമീ വെച്ചു നിങ്ങള് ഞങ്ങളോട് കാണിച്ച പോക്രിത്തരങ്ങളെല്ലാം ഇവിടെ വന്നപ്പഴാ ഞങ്ങള് അറിഞ്ഞത്..

തൊമ്മിക്കുഞ്ഞ്: അതിനൊക്കെ ഇപ്പം സമാധാനം പറയണം..

ഭാര്യ: താന്‍ ആളുകൊള്ളാമല്ലോടോ…

തങ്കച്ചന്‍: (നടുക്കുനിന്ന് വിറയലോടെ) യ്യോ…എനിക്കു ചില അബദ്ധം പറ്റി പൊറുക്കണം..

ജോസ്: ഞാനും അപ്പുറത്തെ അമ്മിണിയുമായി ചുറ്റിക്കളിയുണ്ടെന്ന് നിങ്ങളല്ലെ പറഞ്ഞുപരത്തിയത്…

തൊമ്മിക്കുഞ്ഞ്: ക്രിസ്മസിന് ഞാനുണ്ടാക്കിയ ബിരിയാണിയില്‍ നിങ്ങള് ഉപ്പുവാരിയിട്ടില്ലേ…

ഭാര്യ: ഫ്രിഡ്ജില്‍ വെച്ചിരുന്ന കേക്ക് നിങ്ങള് കട്ടോണ്ടുപോയില്ലേ…

തങ്കച്ചന്‍: (തലേല്‍ക്കൈവെച്ച് നിലത്തിരിക്കുന്നു) ഇതെല്ലാം ഇവിടെയുള്ളവന്മാര് നിങ്ങള്‍ക്ക് പറഞ്ഞുതന്നോ…

ജോസ്: തീര്‍ന്നില്ല…പനേന്ന് കള്ളിന്‍കുടം പൊക്കാന്‍ കേറിയപ്പം വീണിട്ടാ എനിക്ക് മുട്ടിന് വേദനയെന്ന് നിങ്ങളെല്ലാവരോടും പറഞ്ഞില്ലേ….

തൊമ്മിക്കുഞ്ഞ്; എനിക്ക് ഷെഫിന്റെ പണിയല്ല…അറബീടെ ഒട്ടകത്തിനെ കറക്കലാന്നു നാട്ടില്‍ പറഞ്ഞുപരത്തിയില്ലേ…

ഭാര്യ: ഞാന്‍ ജോസിനു കുടിക്കാന്‍ കൊണ്ടുവെച്ച ബൂസ്റ്റ് കലക്കിയ പാല് നിങ്ങളെടുത്തു കുടിച്ചില്ലേ…

തങ്കച്ചന്‍: (ചുരുണ്ടുകൂടി) പറ്റിപ്പോയതാണേ ക്ഷമിക്കണേ…എന്നെ ഒന്നും ചെയ്യല്ലേ…

തങ്കച്ചന്‍ മുഖം വെട്ടിച്ചു നിലവിളിക്കുന്ന ക്ലോസപ് ദൃശ്യം.

തങ്കച്ചന്‍: അങ്ങനെയൊക്കെ പറ്റിപ്പോയി..പൊറുക്കണം…

തങ്കച്ചാ…തങ്കച്ചാ എന്നുള്ള വിളികള്‍ മുഖത്തേക്ക്. തങ്കച്ചന്‍ കണ്ണു തുറക്കുന്നു. കാണുന്നത് നാലുപേരുടെയും മുഖം. തങ്കച്ചന്‍ നിലവിളിക്കുന്നു. നാലുപേരും ഞെട്ടിമാറുന്നു.

തങ്കച്ചന്‍: (എണീറ്റ് കൈകൂപ്പി) എന്റെ പൊന്നെടാ ഉവ്വേ…ഒന്നും ചെയ്യരുത്….അങ്ങനെയൊക്കെ പറ്റിപ്പോയി…ക്ഷമിക്കണം…

എല്ലാവരും ചുറ്റും ആശങ്കയോടെ നില്‍ക്കുന്നു.

ജോസ്: (തങ്കച്ചനെ വന്ന് തോളില്‍ പിടിച്ച്) നിങ്ങളിതെന്നായീ പറയുന്നത്. ഉറക്കംവരുന്നുവെന്ന് പറഞ്ഞ് കിടന്നതല്ലേ…പിന്നെ കേട്ടത് നിലവിളിയാ…

തൊമ്മിക്കുഞ്ഞ്; ഞങ്ങളോര്‍ത്തു ആരാണ്ട് വന്ന് കൊങ്ങായ്ക്ക് പിടിച്ചെന്ന്…

ഭാര്യ: ചേട്ടന്‍ വല്ല സ്വപ്‌നവും കണ്ടതാണോ…

തങ്കച്ചന്‍: (നോക്കിയിട്ട്) നീ കുറച്ചുമുന്നേ ഇങ്ങനെയല്ലല്ലോ പറഞ്ഞത്…

ഭാര്യ: എന്നാ പറഞ്ഞെന്ന്…. ഞാന്‍ നിലവിളി കേട്ടാ ഇങ്ങോട്ടുവന്നത്…അപ്പുറത്ത് തുണിയലക്കുവായിരുന്നു.

തങ്കച്ചന്‍: (ചുറ്റുംനോക്കിയിട്ട്) പുകയെന്തിയേ…മൊത്തം പൊകയായിരുന്നല്ലോ…

തൊമ്മിക്കുഞ്ഞ്: ങാ..ഇതു നമ്മളറിയാതെ ഏതാണ്ട പുകയെടുത്തതാ ജോസേ..

ജോസ്: നിങ്ങള് ചുമ്മാ പകല് കെടന്നുറങ്ങിയിട്ട് ഏതാണ്ട് സ്വപ്‌നം കണ്ടതാ…

തങ്കച്ചന്‍: ഹോ…സ്വപ്‌നമായിരുന്നല്ലേ…(തലകുലുക്കി) ചെലപ്പം സ്വപ്‌നം മുന്നറിയിപ്പായിട്ടും വരുമെടാ ജോസേ…ഞാന്‍ വീട്ടിലോട്ടു ചെല്ലട്ടെ…(നടക്കുന്നു)

ജോസ്: കുറച്ചു കഴിഞ്ഞുപോകാം…തലയ്‌ക്കൊരു വെളിവുവരട്ടെ…

തങ്കച്ചന്‍: (തിരിഞ്ഞുനിന്ന്) തലയ്ക്കിപ്പഴാ വെളിവു വന്നത്…ചെന്നിട്ട് ഒത്തിരി പണിയുണ്ട്…ബാങ്കില്‍ നോമിനി ഭാര്യയാ…അതുമാറ്റണം…സ്ഥലമെല്ലാം മകന് വില്‍പത്രം എഴുതിയായിരുന്നു അതുംമാറ്റണം…(ധൃതിയില്‍ നടക്കുന്നു. വീണ്ടും തിരിഞ്ഞു നിന്ന്) പിന്നെ…നാളെ ഒരു പരിപാടിയും പിടിച്ചേക്കരുത്…നാളത്തെ ചെലവ് ഫുള്‍ എന്റേത്…നമ്മള് വാഗമണിനു പോകുന്നു…അടിച്ചുപൊളിക്കുന്നു…(തിരിഞ്ഞു നടക്കുന്നു) എനിക്കിനിയെങ്കിലും ഒന്നു ജീവിക്കണം.

ജോസ്: (അത്ഭുതത്തോടെ) ഒരു സ്വപ്‌നം കണ്ടാല് മനുഷ്യന് ഇത്രയും മാറ്റങ്ങള്‍ സംഭവിക്കുമോ..

തൊമ്മിക്കുഞ്ഞ്: എന്തേലുമാകട്ട് നമ്മള് നാളെ വാഗമണിലേക്ക്…

LEAVE A REPLY

Please enter your comment!
Please enter your name here