ഇനി ഉടുതുണിയേയുള്ളു…അതുകൂടി എടുത്തോ…

0
44

നേരംപോക്ക്
എപ്പിസോഡ്-51

വഴിവക്കിലെ കയ്യാലയിലിരിക്കുന്ന തൊമ്മിക്കുഞ്ഞ്. നടന്നുവരുന്ന തങ്കച്ചന്‍.

തൊമ്മിക്കുഞ്ഞ്: എങ്ങോട്ടാ തങ്കച്ചാ വലിച്ചുവിടുന്നത്…

തങ്കച്ചന്‍: ജോസിന്റെയടുത്തോട്ടാ..നീയെന്നാ ഇവിടിരിക്കുന്നത്…വാ..

തൊമ്മിക്കുഞ്ഞ്: നേരേ അങ്ങ് ചെല്ല്…പറ്റിയ സമയമാ…അവിടെ ജോസിനെ എടുത്തിട്ടിടിക്കുവാ…

തങ്കച്ചന്‍: (വെപ്രാളത്തോടെ) ങേ..എന്നിട്ടാണോ നീ ഇവിടെയിരിക്കുന്നത്….വേഗം വാ അവനെ രക്ഷിക്കണം…

തൊമ്മിക്കുഞ്ഞ്: അവന്റെ ഭാര്യ തന്നെയാ കൈകാര്യം ചെയ്യുന്നത്…അവരുടെ കുടുംബപ്രശ്‌നത്തിലെന്തിനാ നമ്മള് തലയിടുന്നത്…

തങ്കച്ചന്‍: ജോസിന്റെ കുടുംബമെന്നു പറഞ്ഞാല്‍ നമ്മുടെ കുടുംബം അവിടെ ഒരു പ്രശ്‌നം വന്നാല്‍ അത് നമ്മടെ പ്രശ്‌നം…നീ വേഗം വാ…

തൊമ്മിക്കുഞ്ഞ്: (എണീറ്റുകൊണ്ട്) വേണോ തങ്കച്ചാ…വെറുതെ ആവശ്യമില്ലാത്തിടത്ത് പോയി തലയിടണോ…

തങ്കച്ചന്‍: എടാ..കൂട്ടുകാരന് ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ നീറുപോലെ കൂടെ നില്‍ക്കണം…വേഗം വാ…

രണ്ടുപേരും ധൃതിയില്‍ പോകുന്നു.

സീന്‍-2

ധൃതിയില്‍ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും തങ്കച്ചനും. വീട്ടിനകത്തുനിന്നും ബഹളം കേള്‍ക്കാം.

ഭാര്യ: എന്റെ ദൈവമേ നിങ്ങളെക്കൊണ്ടു ഞാന്‍ തോറ്റു.

ജോസ്: നീ ഏതുപരീക്ഷയെഴുതിയപ്പഴാടീ എന്നെക്കൊണ്ട് തോറ്റത്…

ഭാര്യ: ജീവിതപരീക്ഷ…തോറ്റുതൊപ്പിയിടീച്ചില്ലേ..

ജോസ്: അതാരുടെ കുഴപ്പമാ…നിന്റെ കയ്യിലിരിപ്പിന്റെ…

തങ്കച്ചന്‍: കൊണ്ടുകൊടുത്തും മുന്നേറുകയാണല്ലോ…

തൊമ്മിക്കുഞ്ഞ്: കയ്യാങ്കളിയാകുമോ…

തങ്കച്ചന്‍ വെയിറ്റ് ചെയ്യാന്‍ കൈകൊണ്ട് അടയാളം കാണിക്കുന്നു.

ഭാര്യ: ങാ…നേരാ..എന്റെ കയ്യിലിരുന്നതെല്ലാം…അങ്ങുമേടിച്ചെടുത്തു ധാരാളിച്ചില്ലേ….

ജോസ്: നിന്റെ കയ്യിലെന്നാ പൂട്ടയക്കാ ഉണ്ടായിരുന്നെടീ ധാരാളിക്കാന്‍…ആനവാലു പോലൊരു മാല…അതു ഭൂതക്കണ്ണാടി വെച്ചു നോക്കണമായിരുന്നു കാണാന്‍…

ഭാര്യ: ന്റെ ദൈവമേ…എന്റെ സ്വര്‍ണമെല്ലാം മേടിച്ച് പുട്ടടിച്ചിട്ട് ഇങ്ങേര് പറയുന്നത് കേള്‍ക്കുന്നില്ലേ…

എന്തോ എടുത്തെറിയുന്ന ശബ്ദം.

തൊമ്മിക്കുഞ്ഞ്: അടിപൊട്ടുന്നതിന് മുന്നേ ഇടപെടാം…ജോസേ..

വിളി പൂര്‍ത്തിയാകുന്നതിനുമുന്നേ തങ്കച്ചന്‍ തടയുന്നു.

തങ്കച്ചന്‍: നില്ല്…ഭാര്യേംഭര്‍ത്താവും തമ്മില്‍ അടികൂടുന്നത് കാണാന്‍ നല്ല രസമാ…

തൊമ്മിക്കുഞ്ഞ്: അതു വീട്ടില്‍ സ്ഥിരം നടക്കുന്നതല്ലേ..

തങ്കച്ചന്‍: നമ്മളുടേത് നമ്മക്കുതന്നെ എന്‍ജോയ് ചെയ്യാന്‍ പറ്റുകേലല്ലോ….വേറൊരാളുടേത് കേള്‍ക്കാനാ രസം…

ഭാര്യ: രാവിലെ കൂട്ടുകാരുടെ കൂടെയങ്ങിറങ്ങും…പിന്നെ വീട്ടുകാരെ മറക്കും…

ജോസ്: മറക്കുന്നതുകൊണ്ടാണോടീ…ഇങ്ങോട്ടു തന്നെ കയറിവരുന്നത്….

ഭാര്യ: രണ്ടെണ്ണമുണ്ട്…തങ്കച്ചനും തൊമ്മിക്കുഞ്ഞും ..അതുങ്ങളുമായിട്ടുള്ള കൂട്ടുകെട്ടു നിര്‍ത്തിയാല്‍ നിങ്ങള് രക്ഷപ്പെടും…

തൊമ്മിക്കുഞ്ഞ്: രസം തീര്‍ന്നല്ലോ…ഇനി പോകാമല്ലോ…നിന്നാല്‍ ചെലപ്പോ നമുക്കിട്ടും കിട്ടും…

തങ്കച്ചന്‍: വിട്ടുപോകുന്നതാ നല്ലത്…തല്ലുംതെറിയും വീട്ടീന്നു കിട്ടുന്നുണ്ട്.. പുറത്തുന്നു മേടിക്കേണ്ട കാര്യമില്ല…

രണ്ടുപേരും തിരിഞ്ഞു നടക്കുന്നു.

പിന്നില്‍ നിന്നും ജോസിന്റെ ഭാര്യ വിളിക്കുന്നു.

ഭാര്യ: ചേട്ടാ പോകുവാണോ…കേറുന്നില്ലേ….

തങ്കച്ചന്‍: (തിരിഞ്ഞുനിന്ന്) നല്ല ഇടിക്കും മഴയ്ക്കുമുള്ള സാധ്യതയുണ്ടെന്നു തോന്നുന്നു…കുടെയെടുത്തില്ല…പൊക്കോളാം…

ജോസ്: (പുറത്തേക്കിറങ്ങിവരുന്നു) തങ്കച്ചാ…നിക്ക്..അതെന്നാ പോക്കാ…ഞാനുമുണ്ട്…

ഭാര്യ: ഞങ്ങളു ചുമ്മാ മിണ്ടിയും പറഞ്ഞുമിരിക്കുവായിരുന്നു…

തൊമ്മിക്കുഞ്ഞ്: അതെ…അതിനൊരു തടസമാകേണ്ടല്ലോയെന്നു കരുതിയാ ഞങ്ങളങ്ങ് നടന്നത്…

ഭാര്യ:ഇടിയപ്പമുണ്ട്…കഴിച്ചിട്ടു പോകാം…

തങ്കച്ചന്‍: യ്യോ..വേണ്ടായേ…വീട്ടിലെ ഇടിയപ്പം പേടിച്ചാ പുറത്തോട്ടിറങ്ങിയത്…അനേനരം ഇവിടെയും..ജോസേ..നീ പുറംനിറച്ച് അല്ല …വയറുനിറച്ച് മേടിച്ചോ…

ജോസ്: എന്നാ നിക്ക്…ഞാനും വരുന്നു…

ഭാര്യ: ഉണ്ണാറാകുമ്പഴേക്കും വന്നേക്കണേ…

തൊമ്മിക്കുഞ്ഞ്: ഞങ്ങള് ഓര്‍പ്പിച്ച് വിട്ടേക്കാം…

മൂന്നുപേരും നടന്നുപോകുന്നു.

ഭാര്യ: (പല്ലിറുമ്മിക്കൊണ്ട്) കാലമാടന്മാര്…അങ്ങേരെ നന്നാകാന്‍ സമ്മതിക്കില്ല..

സീന്‍-3

കയ്യാലപ്പുറത്തിരിക്കുന്ന ജോസും തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ഞങ്ങള് തക്കസമയത്ത് വന്നതുകൊണ്ട് നിന്റെ മുതുകത്ത് ഇടിയപ്പം വീണില്ല…

ജോസ്: അവളുടെ വിളച്ചിലൊന്നും എന്റെയടുത്ത് നടക്കില്ല തങ്കച്ചാ…അവളെ ഞാന്‍ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കും…

തൊമ്മിക്കുഞ്ഞ്: അതുകാണാന്‍ കഴിയുകേലാത്തതുകൊണ്ടാ ഞങ്ങള് പോയേക്കാമെന്നു വെച്ചത്…

ജോസ്: നിങ്ങള് വന്നിട്ട് കുറച്ചുനേരമായിരുന്നോ…എന്നാ പറയാനാ അവള്‍ക്കിപ്പം എന്നെ ഒരു വിലയുമില്ല…

തങ്കച്ചന്‍: എല്ലാവരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാടാ…

ജോസ്: പറമ്പീന്ന് വരുമാനമൊന്നുമില്ലാതായതോടെ കയ്യില്‍ കാശില്ലാതായി…പിള്ളേരെ യുകേക്കും കാനഡായ്ക്കും വിട്ടതോടെ…അവളുടെ സ്വര്‍ണവും തീര്‍ന്നു..അല്ലേല്‍ അതേലും വിറ്റ് ചെലവു കഴിയാമായിരുന്നു…

തൊമ്മിക്കുഞ്ഞ്: (ദൂരേക്ക് നോക്കി) അതാ പൊലീസുകാരനല്ലേ വരുന്നത്…മഫ്തിയിലാണല്ലോ…ഇന്ന് ഡ്യൂട്ടിയില്ലേ…

പൊലീസുകാരന്‍ നടന്നടുത്തുവരുന്നു.

തങ്കച്ചന്‍: സാറേ…ഇതെന്നാ ഈ വഴി…ഇന്ന് ഡ്യൂട്ടിയില്ലേ…

പൊലീസുകാരന്‍: ഡ്യൂട്ടിയിലാണ്…ജനങ്ങളുമായി അടുത്തുസംവദിക്കുകയെന്ന നയത്തിന്റെ ഭാഗമായി പൊലീസ് ജനങ്ങളിലേക്ക് എന്ന ഒരു പരിപാടിയുണ്ട്…അതിനായി മഫ്തിയില്‍ ഇറങ്ങിനടക്കുക…ജനങ്ങളെ നേരിട്ടുകാണുക…സംവദിക്കുക…എന്നൊക്കെയാണ് പരിപാടികള്‍…

തൊമ്മിക്കുഞ്ഞ്: അതുകൊള്ളാം…സാറേ…ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേള്‍ക്കാമല്ലോ…

പൊലീസുകാരന്‍: യെസ്..അതുതന്നെയാണ്…ജനങ്ങളെ നേരിട്ടുകാണുക…അതുവഴി സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക…

ജോസ്: ജനങ്ങളെ കണ്ടെങ്ങനെയാ സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്.

പൊലീസുകാരന്‍: അതിപ്പം മനസിലാക്കിത്തരാം…(പോക്കറ്റില്‍ നിന്ന് ഒരു രസീതുബുക്കെടുക്കുന്നു) വഴിയോരത്തെ കയ്യാലപ്പുറത്തിരുന്നതിന് അഞ്ഞൂറുവീതം….പൊതുസ്ഥലത്ത് സംഘം ചേര്‍ന്നതിന് അഞ്ഞൂറ്…

തങ്കച്ചന്‍: സാറേ ഇതെന്നാ പിഴയാണോ…ജനങ്ങളെ അടുത്തറിയാനാന്നു പറഞ്ഞിട്ട്…

പൊലീസുകാരന്‍: ജനങ്ങളെ അടുത്തറിഞ്ഞാലല്ലേ പിഴയിടാന്‍ പറ്റൂ…

ജോസ്: പത്തുപൈസ കയ്യിലില്ലാതെ വീട്ടിലിരിക്കാന്‍ പറ്റുകേലാത്ത അവസ്ഥയായിട്ടാ പുറത്തോട്ടിറങ്ങിയത്…അന്നേരമാണോ പിഴ പിടിക്കുന്നത്…

പൊലീസുകാരന്‍: സര്‍ക്കാരിന്റെ വണ്ടി ഓടേണ്ടേ….സര്‍ക്കാരിനും വരുമാനമില്ല…

തൊമ്മിക്കുഞ്ഞ്: അത്രപാടാണേല്‍ വണ്ടി ഓടിക്കേണ്ടെന്നേ…

പൊലീസുകാരന്‍: വണ്ടി ഓടിക്കണോ വേണ്ടായോയെന്നെക്കെ മുകളിലിരിക്കുന്നവര് തീരുമാനിച്ചോളും…പിഴ കൃത്യമായിട്ട് അടച്ചാല്‍ മതി…

ജോസ്: എന്റെ സാറേ ഇതുവല്ലാത്തൊരു ചെയ്ത്താ…

പൊലീസുകാരന്‍: ങാഹാ…ഷര്‍ട്ടിന്റെ ബട്ടണ്‍സിട്ടില്ലല്ലേ…ഹോ…അതു ഞാന്‍ ശ്രദ്ധിച്ചില്ല…അതിനുമുണ്ട് അഞ്ഞൂറ്…

ജോസ്: വേണേല്‍ ഷര്‍ട്ടങ്ങ് ഊരിത്തന്നേക്കാം…(ഊരാന്‍ തുടങ്ങുന്നു)

പൊലീസുകാരന്‍: ഊരിക്കോ…അങ്ങനെയാണേല്‍ ഷര്‍ട്ടിടാത്തതിന് അഞ്ഞൂറും കൂടി എഴുതിയേക്കാം…

തങ്കച്ചന്‍: ജോസേ…ഇന്നാരെയാടാ നീ കണി കണ്ടത്…

പൊലീസുകാരന്‍: നാളെത്തന്നെ സ്റ്റേഷനില്‍ വന്ന് പിഴയടച്ചോണം…അല്ലേല്‍ 20 ശതമാനം പലിശയും പിഴപ്പലിശയുമൊക്കെ കൊടുക്കേണ്ടിവരും… (മുന്നോട്ടു നടന്നിട്ട് തിരിഞ്ഞുനിന്ന്) നാളെയും ഇങ്ങനെതന്നെ വ്‌നനിരുന്നോണം…എന്നാലല്ലേ…പിഴയപ്പിക്കാന്‍ പറ്റൂ…വണ്ടിയോടേണ്ടേ…(പോകുന്നു)

തങ്കച്ചന്‍: (കയ്യാലേന്ന് ഇറങ്ങിക്കോണ്ട്) ഇനി എന്റെ ജീവിതത്തിലിവിടെ വന്നിരിക്കുവേല…

ജോസ്: ഇന്നത്തേനുള്ള പിഴ അടച്ചില്ലേ…ഇന്നുുംകൂടി ഇരുന്നിട്ട് പോകാം…നാളെയിരിക്കാന്‍ പറ്റുകേലല്ലോ…

തൊമ്മിക്കുഞ്ഞ്: (ദൂരേക്ക് നോക്കി) അതാരാവരുന്നത്…അയാള് തിരിച്ചുവരുവാണോ…

തങ്കച്ചന്‍: എന്നതേലും പിഴ മറന്നുപോയിട്ടു വരുവാണോ…

ഒരാള്‍ നടന്നുവരുന്നു.

ജോസ്: സാറിപ്പം വന്ന പൊലീസല്ലേ…വീണ്ടും വേഷം മാറിവരുവാണോ…

ആള്‍: ഞാന്‍ പഞ്ചായത്തീന്നായിരുന്നോ…ഇപ്പം ഞങ്ങള് സര്‍ക്കാരുദ്യോഗസ്ഥരെല്ലാം ഒരുപോലാ ഇരിക്കുന്നത്…

തങ്കച്ചന്‍: അതുനേരാ എല്ലാവര്‍ക്കും പിഴക്കുറ്റിയുടെ രൂപമാ….

ഉദ്യോഗസ്തന്‍: അതേ പെരക്കരം അടയ്ക്കണമായിരുന്നു. ഇന്നായിരുന്നു ലാസ്റ്റ് ഡേറ്റ്…

തൊമ്മിക്കുഞ്ഞ്: പെരക്കരം ഈ വര്‍ഷത്തെ അടച്ചതാണല്ലോ…

ഉദ്യോ: യ്യോ…ഇത് ഈ വര്‍ഷത്തെ അല്ല…അടുത്തവര്‍ഷത്തെ അഡ്വാന്‍സായിട്ട് അടയ്ക്കാനാ…ഇന്നടച്ചില്ലേല്‍ അമ്പതുശതമാനം പിഴയോടെ നാളെ അടയ്ക്കണം.

തങ്കച്ചന്‍: ങേ..അഡ്വാന്‍സായിട്ട് അടയ്ക്കുന്നതിനും പിഴയോ..

ഉദ്യോ: പൈസയില്ല…സര്‍ക്കാരിന്റെ വണ്ടി ഓടേണ്ടേ…

ജോസ്: ഇങ്ങനെയാണേല്‍ ഞങ്ങടെ വണ്ടി എങ്ങനെ ഓടും…

ഉദ്യോ: നിങ്ങള്‍ക്ക് മൂന്നുപേര്‍ക്ക്ും സ്വന്തമായിട്ട് കിണറില്ലേ…അതിന് വര്‍ഷം അഞ്ഞൂറുവെച്ച് അടയ്ക്കണം…

തൊമ്മിക്കുഞ്ഞ്: കിണറ് ഞങ്ങള് തന്നെ കുത്തിയതല്ലേ…സര്‍ക്കാര് കുത്തിയതല്ലല്ലോ…

ഉദ്യോ: വീട്ടില്‍ ഗ്്യാസാണോ…വിറകടുപ്പാണോ…

തങ്കച്ചന്‍: ഗ്യാസ് വാങ്ങാന്‍ കാശില്ല സാറേ..അതു കൊണ്ട് വിറകടുപ്പാ…

ഉദ്യോ: എങ്കില്‍ പുകസര്‍ട്ടിഫിക്കേറ്റ് എടുക്കണം…അതിന് അ്ഞ്ഞൂറ് ആകും…(ഫോണ്‍ ബെല്ലടിക്കുന്നു. എഠുക്കുന്നു) ങേ…കുടുംബശ്രീക്കാര് എന്തു ച്യെണമെന്നോ…നിങ്ങള് ഈ രണ്ടു പേരുവീതം നാലുവശത്തോട്ടും പോ…അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്ലാസ്റ്റിക്കിന്റെ പൈസ മേടിക്ക്…അടയ്ക്കാത്തവര്‍ക്ക് പിഴയും റിക്കവറിയും വരുമെന്നു പറ…ഓകെ…

തങ്കച്ചന്‍: നാലുവശത്തുനിന്നും വളഞ്ഞിട്ടാക്രമിക്കുവാണോ…

ഉദ്യോ: ചേട്ടാ…ഇതെല്ലാം പിരിച്ചിട്ടുവേണം അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍…

ജോസ്: അതിനുപിന്നത്തെ മാസം എന്നാ ചെയ്യും…

ഉദ്യോ: അതിനെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്…വിഷത്തീന്നു മാറിപ്പോകരുത്…(പേപ്പറെടുത്തുനോക്കി) നോക്കട്ടെ…എന്തെങ്കിലും വിട്ടുപോയോയെന്ന്…

തങ്കച്ചന്‍: സൂക്ഷിച്ച് നോക്ക്…ഒന്നും വിടരുത്..

ഉദ്യോ: (നോ്ക്കിയിട്ട്) പ്രധാനപ്പെട്ട ഒന്ന് വിട്ടു. (എല്ലാവരെയും നോക്കി) ഒരാളെയുള്ളു….കേരളീയവേഷം മുണ്ടും ഷര്‍ട്ടും ഇടാത്തവര്‍ക്ക് ആയിരം പിഴയുണ്ട്….(തൊമ്മിക്കുഞ്ഞിനെ നോക്കി) ചേട്ടന്‍ പാന്റാണല്ലോ…പിഴ തരണം…

തൊമ്മിക്കുഞ്ഞ്: സാറും പാന്റാണല്ലോ ഇ്്ട്ടിരിക്കുന്നത്…പിഴയടച്ചോ…

ഉദ്യോ: ഞങ്ങള്‍ക്കിതൊന്നും ബാധകമല്ല…ജനങ്ങള്‍ക്കായാണ് നിയമം…ഞങ്ങള് കാശിങ്ങോട്ടു വാങ്ങുന്നവരല്ലേ…നിങ്ങളല്ലേ കൊടുക്കുന്നവര്…

തങ്കച്ചന്‍: കയ്യില്‍ കാശില്ലാത്തതുകൊണ്ട് ഭാര്യേം പിള്ളേരും വീട്ടിലിരുത്തുവേല…അതുകൊണ്ടാ വഴീലോട്ടിറങ്ങിയത്…അന്നേരം ഉള്ള കാശുംകൂടി കു്ത്തിനു പിടിച്ചുവാങ്ങുവാണോ…

ഉദ്യോ: നിങ്ങളിതെന്നാ പറയുന്നത്…നവകേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കാളിയാകുവല്ലേ ഇതുവഴി…

ജോസ്: സാറേ…ഞങ്ങള്‍ക്ക് ഞങ്ങടെ പഴയകേരളം മതി..

ഉദ്യോ: ങേ…നാടിന്റെ വികസനപ്രക്രിയയില്‍ പങ്കാളിയാകാന്‍ താത്പര്യമില്ലെന്നാണോ പറയുന്നത്…നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും…

തങ്കച്ചന്‍: എന്നാലൊരുകാര്യം ചെയ്യ് സാറേ…(മൂന്നുപേരും ഉടുതുണിയഴിച്ച് ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് നീട്ടി) ഇനി ഇതുംകൂടിയേയുള്ളു…ഇതുംകൂടി മേലാവിലേക്ക് അയച്ചുകൊട്…

ഉടുതൂണി ചുരുട്ടിക്കൂട്ടി ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് നീട്ടി മൂവരും നില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here