നേരംപോക്ക്
എപ്പിസോഡ്-52
വരാന്തയില്‍ ബുക്കില്‍എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ജോസ്. ഭാര്യ കടന്നു വരുന്നു.
ജോസ്: (എഴുത്തുനിര്‍ത്തി) ദേ…ഞാന്‍ പറഞ്ഞല്ലോ…നാളെ പുതിയ വര്‍ഷം തുടങ്ങുവാ…ഇനി അങ്ങോട്ട് അടിമുടി മാറ്റമായിരിക്കും…
ഭാര്യ: ഓ…പുതുവര്‍ഷതലേന്ന് നിങ്ങള്‍ക്ക് പതിവാ പ്രതിജ്ഞയെടുക്കല്…
ജോസ്: ഇതങ്ങനെയൊന്നുമല്ല…ഒരു പുതിയ ജീവിതത്തിന് തുടക്കംകുറിക്കുവാ…
ഭാര്യ: യ്യോ…എഴുപതാം വയസിലാ നിങ്ങളിനി പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്…
ജോസ്: എടീ ഭര്‍ത്താവ് പുതിയ തീരുമാനങ്ങളെടുക്കുമ്പം അതിനെ പ്രോത്സാഹിപ്പിക്കാന്‍ നോക്കാതെ തളര്‍ത്തരുത്…
ഭാര്യ: ഞാനായിട്ടെന്തിനാ തളര്‍ത്തുന്നത്…മൂന്നാം പക്കം നിങ്ങള് തന്നെ തളര്‍ത്തിക്കോളും…
ജോസ്: നിന്നോട് പറഞ്ഞിട്ട് കാര്യമില്ല…ഒന്നാം തീയതിമുതല് എല്ലാത്തിനും കണക്കും ചിട്ടയുംകാണും…വരവുംചെലവുമെല്ലാം രേഖപ്പെടുത്തും…
ഭാര്യ: (ദൂരേക്ക് നോക്കി) ങാ..ഇപ്പോ എല്ലാത്തിനംു തീരുമാനമാകും. രണ്ടെണ്ണം ഓടിവരുന്നുണ്ട്…കണ്ടിട്ട് ഏതാണ്ട കൊപ്പരം ഒപ്പിച്ചിട്ട് വരുന്നതാന്നാ തോന്നുന്നത്.
ഓടിവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.
തങ്കച്ചന്‍: ജോസേ…രക്ഷിക്കെടാ…എവിടെയെങ്കിലും ഒളിക്കണം…
ജോസ്: (ചാടിയെണീറ്റ്) എന്നാ പറ്റി…കള്ളുകുടിച്ച് വല്ലവന്റെ നെഞ്ചത്തു കയറാന്‍ പോയോ…
തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിനെ ചൂണ്ടി) ഇവന്‍ ഒറ്റ ഒരുത്തനാ എല്ലാറ്റിനും കാരണം…
ജോസ്: ആരെയേലും ഞോമ്ടാന്‍ ചെന്നു കാണും.
തൊമ്മിക്കുഞ്ഞ്: (ഇരുന്നു കിതച്ചുകൊണ്ട്) ന്റെ ജോസേ…ഞങ്ങളിങ്ങോട്ടു നടന്നുവരുകയായിരുന്നു…അപ്പഴാ ഒരു ബൈക്കിങ്ങോട്ടുവന്നത്…
ജോസ്: എന്നാ നിങ്ങള്‍ക്കെതിരെ ആരാണ്ട് ക്വട്ടേഷന്‍ കൊടുത്തതാ…
തൊമ്മിക്കുഞ്ഞ്: പറയട്ട്….ക്രിസ്മസിന് പൊട്ടിച്ച ഓലപ്പടക്കം മിച്ചമുണ്ടായിരുന്നു…അതു വഴിയിക്കൂടെ പൊട്ടിച്ചോണ്ടാ ഞങ്ങള് വന്നത്…
ഭാര്യ: പടക്കം പൊട്ടിച്ചുകളിക്കാന്‍ പറ്റിയ പ്രായം….
തങ്കച്ചന്‍: ഇവന്‍ ഒരു പടക്കം കൊളുത്തിയിട്ടത് ഒരു ബൈക്കുകാരന്റെ മുന്നിലോട്ട്….അതുപൊട്ടി…അയാള് പേടിട്ട് താഴെ…പിന്നെ ഞങ്ങള് അവിടെ നിന്നില്ല…ഓടി…
തൊമ്മിക്കുഞ്ഞ്: വളവിനു മുന്നേ…അയാള്‍ ഞങ്ങടെ പിറകേയുണ്ടായിരുന്നു…
ഭാര്യ: വേണ്ടാതീനമെല്ലാം കാണിച്ചിട്ട് നിങ്ങളെന്തിനാ ഇങ്ങോട്ട് ഓടിക്കയറിവരുന്നത്…നിങ്ങള്‍ക്ക് നിങ്ങടെ വീ്ട്ടിലോട്ട് ഓടാന്‍മേലേ…
തങ്കച്ചന്‍: അന്നേരം ഈ വഴിയേ ഓര്‍മവരുവൊള്ളു…
ഭാര്യ: എന്നാ കിട്ടുന്നതെല്ലാവരും കൂടി പങ്കിട്ടെടുത്തോ…പുതിയ ജീവിതം തുടങ്ങാനിരിക്കുവല്ലേ…
തങ്കച്ചന്‍: അതെന്നാടാ ജോസ്…പുതിയ ജീവിതം നീ വേറെ പെണ്ണുകെട്ടാന്‍ പോകുവാണോ…
(തൊമ്മിക്കുഞ്ഞ് പുരത്തേക്കിറങ്ങി ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കുന്നു)
ഭാര്യ: എന്നാ പുതിയ ജീവിതം പരലോകത്തു തുടങ്ങും..
തൊമ്മിക്കുഞ്ഞ് : (പേടിച്ചുതിരിഞ്ഞ്)യ്യോ…അയാള് വരുന്നുണ്ട്…രക്ഷപ്പെട്ടോ…
ഭാര്യ: പെരയ്ക്കകത്തോട്ടുകയറേണ്ട…അവിടെക്കെടന്ന് രണ്ടെണ്ണം മേചിക്ക് (അകത്തുകയറി കതകടയ്ക്കുന്നു)
തങ്കച്ചന്‍: അതൊരു ചതിയായി….തൊമ്മിക്കുഞ്ഞേ…ഇനി ഇതേ മാര്‍ഗമുള്ളു…(പത്രമെടുത്ത് നിവര്‍ത്തി വായിക്കുന്നു. തൊമ്മിക്കുഞ്ഞും പത്രം മറച്ചു പിടിക്കുന്നു)
അപരിചിതന്‍ ഹെല്‍മറ്റ് ധരിച്ച് നടന്നു വരുന്നു.
അപരിചിതന്‍: ചേട്ടന്മാരെ ഇതിലെ ആരേലും രമ്ടുപേര്‍ ഓടിപ്പോയോ….
ജോസ്: ഇതിലേ വഴിയില്ലല്ലോ…ആരേം കണ്ടുമില്ല…ഞങ്ങളിവിടെ പത്രംവായിച്ചിരുപ്പുണ്ടായിരുന്നു…
അപരിചിതന്‍: രണ്ടവന്മാര് എന്നെ പടക്കമെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചിട്ട് ഓടിക്കളഞ്ഞു…
പത്രത്തിന്റെ മറവില്‍ തങ്കച്ചനും തൊമ്മിക്കുഞ്ഞും വാ പൊളിക്കുന്നു.
ജോസ്: ആളെ കണ്ടാല്‍ തിരിച്ചറിയാമോ…
അപരിചിതന്‍: തിരിച്ചറിയാമോയെന്നു ചോദിച്ചാല്‍…പറ്റണം…ങാ…എവിടെയിട്ടേലും അവന്മാരെ ഞാന്‍ പിടിച്ചോളാം….
നിശബ്ദത. തൊമ്മിക്കുഞ്ഞും തങ്കച്ചനും പത്രത്തിന്റെ മറവില്‍ ശ്രദ്ധിക്കുന്നു. പോയോയെന്ന് ആംഗ്യം പരസ്പരം.
തങ്കച്ചന്‍: (പത്രം മാറ്റി) ജോസേ അവന്‍ പോയോടാ…(നോക്കുന്നത് നേരേ അപരിചിതനിലേക്ക്)
അപരിചിതന്‍: പോയില്ല…കൊണ്ടേ പോകുവൊള്ളൂ…
തങ്കച്ചനും തൊമ്മിക്കുഞ്ഞും: (കൈകൂപ്പി എണീറ്റുകൊണ്ട്) എന്റെ പൊന്നു സാറേ…ഒരു കയ്യബദ്ധം പറ്റിയതാ…ക്ഷമിക്കണം അറിയാതെ പറ്റിയതാ…
ജോസ്: വണ്ടിക്കു പണിയുണ്ട്…രണ്ടായിരമാകുമെന്നാ സാറ് പറഞ്ഞത്…അതിനെന്നാ വഴി..
തൊമ്മിക്കുഞ്ഞ്: അതു ഞങ്ങള് തരാം…പ്രശ്‌നമാക്കരുത്… (രണ്ടുപേരും പൈസ കൊടുക്കുന്നു)
അപരിചിതന്‍: എനിക്കു പരാതിയില്ല…ഹാപ്പി ന്യൂ ഇയര്‍..
തങ്കച്ചന്‍: ഓ..ഞങ്ങള്‍ക്കത്രം ഹാപ്പിയൊന്നുമില്ല….
ജോസ്: എന്നാ ഇയാളാ ഹെല്‍മറ്റങ്ങ് ഊരിക്കേ…ഇവര് ഹാപ്പിയാകുമോയെന്ന് നോക്കാം…
അപരിചിതന് ഹെല്‍മറ്റ് ഊരുന്നു.
തങ്കച്ചനും തൊമ്മിക്കുഞ്ഞും: (്അതിശയിച്ച്) ങേ.. കറിയാച്ചനായിരുന്നോ…
ജോസ്: എനിക്ക് കണ്ടപ്പഴേ മനസിലായി…ന്യൂ ഈയര്‍ ആഘോഷിക്കാന്‍ ഫണ്ടായിക്കോട്ടെയെന്ന് കരുതിയാ മിണ്ടാതിരുന്നത്….
കറിയാച്ചന്‍: ഞാന്‍ നിങ്ങളെ ന്യൂ ഇയറ് ആഘോഷത്തിന് വിളിക്കാനായിട്ടു വരുവായിരുന്നു….
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞാ പടക്കമിട്ടത്…എന്റഎ കാശു തിരിച്ചു താ…
തൊമ്മിക്കുഞ്ഞ്: ഞങ്ങളെ മാത്രം വഹിക്കാതെ…നമുക്കു ഈക്വലായിട്ട് ഷെയറിടാം…
കറിയാച്ചന്‍: അതൊക്കെ അവിടെ നില്‍ക്കട്ടെ….ന്യൂ ഈയറ് അടിപൊളിയായി ആഘോഷിക്കണം…
ജോസ്: തകര്‍ത്തേക്കാം…എന്നാ ഒക്കെയാ പരിപാടികള്…
തൊ്മിക്കുഞ്ഞ്: ഞാനൊരു ഐഡിയാ പറയാം…നമ്മളെ വൈകുന്നേരം ആഘോഷം തുടങ്ങുന്നു…ആദ്യം തെങ്കുംതല മിഡാസ് ബാറില്‍ കയറുന്നു…അവിടുന്ന് കഴിച്ചിട്ട് ബിവറേജീന്ന് ഒരു കുപ്പിം മേടിച്ച് കറാലിരുന്ന് അടിക്കുന്നു…അതു തീരുമ്പഴേക്ക് ന്യൂ കാസില്‍ ബാറിന്റെ മുന്നിലെത്തും….അവിടുന്ന് നേരെ മഡോണാ ബാറിലേക്ക്…അവിടുന്നിറങ്ങി രാജധാനി ബാറിലേക്ക…പിന്നെ അവിടുന്നിറങ്ങി…
തങ്കച്ചന്‍: നിര്‍ത്തെടാ ഇതെന്നാ ബാറ് നെരങ്ങലോ….എന്റെ ഐഡിയ നമ്മള് ഒരു ആടിനെ മേടിക്കുന്നു…അതിനെ നിര്‍ത്തിപ്പൊരിച്ച്…അറബികള് കണ്ടിട്ടില്ലേ…ഒട്ടകത്തിനേ വലിയ പാത്രത്തില്‍ പൊരിച്ച് ബിരിയാണി അരി ചുറ്റിനുംവെച്ച് വട്ടത്തിലിരുന്ന പൊളിച്ചു കഴിക്കുന്നത്…നമുക്കിവിടെയിപ്പം ഒട്ടകമില്ലല്ലോ…അതുകൊണ്ട് ആടു മതി…നേരംവെളുക്കുവോളം അങ്ങനെയിരുന്ന് കഴിക്കണം….(സംതൃപ്തിയോടെ ഇരിക്കുന്നു)
ഭാര്യ: (അകത്തുനിന്നും വരുന്നു) പടക്കെറിഞ്ഞവരെ പിടക്കാന്‍ വന്നവന്‍ പോയോ…നിങ്ങളെ ഒന്നും ചെയ്തില്ലേ…
തങ്കച്ചന്‍: ങാ…നീ വാതിലു തുറന്നോ…ഞങ്ങള് കയ്യുംകാലുമൊടിഞ്ഞുകിടക്കുന്നത് കാണാന്‍ വന്നതായിരിക്കുമല്ലേ…
കറിയാച്ചന്‍: ചേച്ചീ…ഞങ്ങളിവിടെ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനെ്കകുറിച്ചുള്ള ചര്‍ച്ചയാ…വെറുതെ അലമ്പുണ്ടാക്കരുത്…
ഭാര്യ: അതുതന്നെയാ എനിക്കും പറയാനുള്ളത്… ന്യൂ ഈയറാന്ന പറഞ്ഞ് വെറുതെ അലമ്പുണ്ടാക്കരുത്…കഴിഞ്ഞതവണത്തേതൊന്നും മറന്നിട്ടില്ല…
കറിയാച്ചന്‍: ഇത്തവണ കലാപരിപാടികളാ…അതെന്നായൊക്കെ വേണമെന്നാ ആലോചിക്കുന്നത്…
ഭാര്യ: കലാപരിപാടിയാണേല്‍ ഞാനുമുണ്ട്…ഞാനുമുണ്ട് വെള്ളംകളിയൊന്നുമില്ലല്ലോ…എന്നെ ആങ്കറാക്കണം…
കറിയാച്ചന്‍: സോറി …അതിന് ആളായിപ്പോയി…
ഭാര്യ: ആരാ രഞ്ജിനി ഹരിദാസാണോ…
ജോസ്: നീയില്ലേല്‍ പിന്നെ രഞ്ജിനി ഹരിദാസല്ലേയുള്ളോ…
കറിയാച്ചന്‍: ഹേയ് …രഞ്ജനിയൊന്നുമല്ല….ഞാന്‍ തന്നെ…
തങ്കച്ചന്‍: ഫസ്റ്റ്…ആങ്കറ്ംഗ് പെണ്ണുങ്ങളാ നല്ലത്…
കറിയാച്ചന്‍: ഒരു രക്ഷയുമില്ല…എനിക്ക് അവതാരകനാകാനായിട്ടാ ഞാനീ പരിപാടിതന്നെയിട്ടത്….അതില്ലേല്‍ ഞാന്‍ പോകുവാ… (പോകുന്നു)
ജോസ്: അവനെ വിടരുത്…രണ്ടായിരം അവന്റെ കയ്യിലാ…
തൊമ്മിക്കുഞ്ഞ്: കറിയാച്ചാ പോകാതെ വാ…നീ ത്‌നനെ അവതാരകന്‍…
കറിയാച്ചന്‍: (തിരിച്ചുവന്നുകൊണ്ട്) നല്ല കുറച്ച് പരിപാടി വേണം…
ഭാര്യ: ഞാന്‍ പാട്ടുപാടാം..
കറിയാച്ചന്‍: ചേച്ചി എതുപാട്ടുപാടും…
ജോസ്: അതു യോഗം പിരിച്ചുവിടാന്‍ നേരം മതി…ഓരോരുത്തരായി ഏറ്റുപൊക്കോളും…
ഭാര്യ: എന്നിട്ട് പണ്ട് അങ്ങനെയല്ലായിരുന്നല്ലോ പറയുന്നത്…കോളോജീന്ന് ഞാന്‍ യുവജനോത്സവത്തിന് പാട്ടുപാടിയേച്ച് സ്റ്റേജേന്ന് ഇറങ്ങിയപ്പം മുതല് നിങ്ങള് പുറകീന്ന് മാറുകേലായിരുന്നല്ലോ…
കറിയാച്ചന്‍: മനുഷ്യാനായാല്‍ ചില അബദ്ധങ്ങള് പറ്റും…ക്ഷമിച്ചുകള…അതുമനസില്‍വെച്ചോണ്ടിരിക്കാതെ…
ജോസ്: നമുക്കൊരു നാടകം കളിച്ചാലോ…എനിക്കൊരു ഹിപ്പിയുടെ വേഷം മതി…
കറിയാച്ചന്‍: ങാഹാ ഹിപ്പിയുടെ വേഷം മതിയോ…ഓരോരോ ആഗ്രഹങ്ങളേ…
തങ്കച്ചന്‍: നാടകമാണേല്‍ എനിക്കു ഫയല്‍വാന്റെ വേഷം മതി….
തൊമ്മിക്കുഞ്ഞ്: ഞാന്‍ വില്ലനായിക്കോളാം…
കറിയാച്ചന്‍: ആഗ്രഹങ്ങളങ്ങു കേറിപ്പോകുവാ അല്ലേ…നാടകത്തിന് കഥയൊന്നും വേണ്ടേ…കഥാപാത്രങ്ങള് മതിയോ…
തങ്കച്ചന്‍: അങ്ങനെയാണേല്‍ കള്ളുകുടിയന്മാരുടെ കഥ കളിച്ചാലോ…
തൊമ്മിക്കുഞ്ഞ്: അതുകൊള്ളാം…അങ്ങനെയാണേല്‍ രണ്ടെണ്ണം വീശിയേച്ച് അങ്ങ് കേറിയാല് #മതി…അഭിനയം താനേവന്നോളും…
ഭാര്യ: ഇതുതന്നെയാ ഞാന്‍ പറഞ്ഞത്..അവസാനം അവിടയെ ചെന്നു നില്‍ക്കൂ…ഞാന്‍ പോകുവാണേ…(പോകുന്നു)
കറിയാച്ചന്‍: ഐഡിയാ കൊള്ളാം…കള്ളുകുടിയന്മാരുടെ കഥ…(തലകുലുക്കി) കൊള്ളാം…അതുമതി…
ജോസ്: എന്നാ എല്ലാവരും റെഡിയായിക്കോ..
അഭിനയത്തിന്റെയും സംവിഝാനത്തിന്റെയും ബഹളം.
തൊമ്മിക്കുഞ്ഞ്: ശരിയാകുന്നില്ല…ആംമ്പിയന്‍സ് ക്രിയേറ്റ് ചെയ്യാനാകുന്നില്ല…
ജോസ്: നേരാ…അങ്ങോട്ട് ഒക്കുന്നില്ല….
തങ്കച്ചന്‍: അഭിനയം ഉള്ളില്‍ നിന്നു വരണം…അതിന് ഉ്ള്ളിലോട്ട്ുവല്ലതും ചെല്ലണം…കറിയാച്ചാ കാശുകൊടുക്ക്…കുപ്പിം ടച്ചിംഗ്‌സും വരട്ടെ…
കറിയാച്ചന്‍: (കാശുകൊടുത്തുകൊണ്ട്) ഓവറാക്കരുത്…മയത്തില്‍ വേണം…
തൊമ്മിക്കുഞ്ഞ്; അതുഞങ്ങള്‍ക്കറിയാന്മേലേ…അഭിനയം വരാനായിട്ട് കുറച്ച്..അത്രേയുള്ളു…
സീന്‍-2
രണ്ടെണ്ണം വീശിയിട്ട് വരുന്ന മൂവരും.
തങ്കച്ചന്‍: ജോസേ അങ്ങേറ്റില്ലല്ലോ…ഒന്നുൂടെ പിടിച്ചാലോ….
കറിയാച്ചന്‍: (ദൂരെനിന്ന്) വേഗം വാ…റിഹേഴ്‌സല് തുടങ്ങണം…
ജോസ്: അവന്‍ സമ്മതിക്കുകേലല്ലോ…സാധനം ഇവിടെ വെ്ച്ചിട്ട് എങ്ങനെയാ അവിടെ പോയിരുന്ന അബിനയിക്കുന്നത്…
തൊമ്മിക്കുഞ്ഞ്: നിങ്ങള് പോയി അവനെ എന്നതേലും പറഞ്ഞ് ഒതുക്കിയിട്ടുവാ…ഞാനിവിടെ നില്‍ക്കാം…
തങ്കച്ചന്‍: എന്നിട്ടു തിരിച്ചുവരുമ്പം ഞ്ങ്ങള്‍ക്ക് കാലികുപ്പി കാണാനോ…
ജോസ്: നിങ്ങള് വാ ഞാന്‍ പണി ഒപ്പിക്കാം…
കറിയാച്ചന്‍: സമയം കളയാനില്ല…നമുക്കു വേഗം തീര്‍ക്കണം…
ജോസ്: കറിയാച്ചനല്ലേ ആങ്കറിംഗ്..അതിന്റെ ട്രയലൊന്നു നോക്കേണ്ടേ….നാടകം തുടങ്ങാന്‍ പോകുവാന്നൊന്നു പറഞ്ഞേ കേള്‍ക്കട്ടെ…
കറിയാച്ചന്‍: അതുശരിയാ…ഇതിന്റെ കൂടെ അതുംനോക്കിയേക്കാം….(മൈക്കുപോലെ കടലാസ് ചുരുട്ടിപിടിച്ചിട്ട്) സഹൃദയരായ നാട്ടുകാരെ…എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍…
ജോസ്: ഞങ്ങളങ്ങ് മാറി നിന്ന് ശ്രദ്ധിക്കാം ..എന്നാലേ അറിയത്തുള്ളു…
കറിയാച്ചന്‍: മാറ്റം വല്ലതും വേണേല്‍ പറഞ്ഞാല്‍ മതിയേ…
തൊമ്മിക്കുഞ്ഞ്; അതേറ്റു നടക്കട്ട്…
കറിയാച്ചന്‍: നടനവിസ്മയൊമൊരുക്കുന്ന, അഭിനയ മുഹൂര്‍ത്തുങ്ങള്‍ കോര്‍ത്തിണക്കിയ…..(തിരിഞ്ഞ്) എങ്ങനെയുണ്ട്…
മൂന്നുപേരും മാറി നിന്ന് കഴിപ്പാണ്.
തൊമ്മിക്കുഞ്ഞ്: (ഗ്ലാസില്‍ ഒഴിക്കുന്നതിന്റെ അളവ് നോക്കുന്നതിനിടെ) കുറച്ചുകൂടി…ഒഴിച്ചോ…അല്ല ഉറക്കെ…
മൂന്നുപേരും വരുന്നതുംപോകുന്നതും. കറിയാച്ചന്റെ അനൗണ്‍സ്‌മെന്റ് ദൃശ്യങ്ങള്‍.
നല്ലതുപോലെ തലയ്ക്കു പിടിച്ച് വരുന്ന മൂവരും.
കറിയാച്ചന്‍: എങ്ങനെയുണ്ട് എന്റെ ആങ്കറിംഗ്…തകര്‍ക്കുകേലേ…
തങ്കച്ചന്‍: കൊള്ളാം…ഒരു സ്വല്പം കൂടി കയറ്റിറക്കം വേണം…
തൊമ്മിക്കുഞ്ഞ്: അതിടയ്ക്കിടയ്ക്ക് സ്റ്റേജേലോട്ടും താഴോട്ടും ഇറങ്ങിനിന്ന് പറഞ്ഞാല്‍ മതി…
കറിയാച്ചന്‍: ഇപ്പം ആമ്പിയന്‍സൊക്കെ ആയില്ലേ…നമുക്ക് റിഹേഴ്‌സല് തുടങ്ങാം…
ജോസ്: നില്‍ക്ക് നില്‍ക്ക്…നമുക്ക് അടിമുടിയൊന്നു മാറ്റിയാലോ…നാടകത്തിനു പകരം ചവിട്ടു നാടകമായാലോ…
കറിയാച്ചന്‍: അതു നാടകം കഴിയുമ്പം കാണികള് ചെയ്യുന്ന പരിപാടിയല്ലേ…
തങ്കച്ചന്‍: (കറിയാച്ചനെ നോക്കി) അരസികാ….വഷളാ…ശുംഭാ…അഭിനയകലയെക്കുറിച്ച് നിനക്കെന്തറിയാം….ഇങ്ങോട്ടു നോക്ക്…(ചുവടുവെക്കാന്‍ ശ്രമിക്കുന്നു. നടക്കുന്നില്ല. പാട്ടു പാടി ചുവടുവെക്കുന്നു. ജോസും തങ്കച്ചനും ഒപ്പം കൂടുന്നു. തലയ്ക്കു കൈകൊടുത്ത് കറിയാച്ചന്‍)
സീന്‍- 3
വീടിന്റെ മുന്‍വശത്തെ ബെല്ലടിക്കുന്ന കറിയാച്ചന്‍. ഭാര്യ പുറത്തേക്ക് വരുന്നു.
കറിയാച്ചന്‍: ചേച്ചി..കുറച്ച് മോരുവെള്ളം വേണം…
ഭാര്യ: അഭിനയിച്ചു മടുത്തോ…
കറിയാച്ചന്‍: നടന്മാരെ ജീവിതത്തിലേക്കൊന്നു തിരിച്ചുകൊണ്ടുവരാനാ….
മൂന്നുപേരും തോളേല്‍ പിടിച്ച് നൃത്തം ചവിട്ടുന്ന ദൃശ്യത്തിലേക്ക്. മുന്നോട്ടോന്നു ചവുട്ടി കൈകള്‍ പോക്കി മൂവരും: ഹാപ്പി ന്യൂഈയര്‍.