നേരംപോക്ക്
എപ്പിസോഡ്-53
ജോസ് വാക്കറൂന്നി നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍. വന്ന് കസേരയിലിരിക്കുന്നു. പിന്നാലെ ഭാര്യ അകത്തുനിന്നും വരുന്നു.
ഭാര്യ: നിങ്ങളോട് കാലു നിലത്തുകുത്തരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ…പിന്നെയെന്തിനാ ഒത്തിയൊത്തിയിറങ്ങിയത്…
ജോസ്: എടീ എത്രദിവസമാ അകത്തുതന്നെയിരിക്കുന്നത്…ഒന്നു പുറംലോകം കാണട്ടെ..
ഭാര്യ: പുറംലോകം കുറെകണ്ടതല്ലെ…കൊതി തീര്‍ന്നില്ലേ…ഇനി കുറച്ചുനാള് അകത്തെ കാഴ്ചകള്‍ കൂടി കാണ്…
ജോസ്: അകത്തിരിക്കാന്‍ കൊതിയില്ലാഞ്ഞിട്ടല്ല…നിന്റെ മോന്തായം കാണുമ്പോള്‍ ഇറങ്ങിയോടാന്‍തോന്നും…
ഭാര്യ: യ്യോ…പിന്നേ…എപ്പഴാ എന്റെ മോന്തായത്തിന്റെ ഭാംഗി പോരെന്നു തോന്നിയത്….കല്യാണം കഴിഞ്ഞുവന്നപ്പഴേ..നാഴികയ്ക്കു നാല്‍പതുവട്ടം അടുക്കളേലോട്ടുവരുമായിരുന്നല്ലോ…(പാഴപിടിച്ച്) അമ്മേ…ഒരു മൊന്തവെള്ളമെന്നു പറഞ്ഞ്…നീ അവടെ മോന്തായം കാണാന്‍ വരുന്നതല്ലേടായെന്നു ചോദിച്ച് അമ്മ ഓടിച്ചത് ഞാനിപ്പഴും ഓര്‍ക്കുന്നു…
ജോസ്: അമ്മയങ്ങനെ എന്തെല്ലാം നല്ല കാര്യങ്ങള് പറഞ്ഞിട്ടുണ്ട്….(ദൂരോട്ട് നോക്കുന്നു)
ഭാര്യ: നിങ്ങടെ നോട്ടം എങ്ങോട്ടാന്ന് എനിക്കു മനസിലായി…കൂട്ടുകാരെ നോക്കുന്നതല്ലെ…നിങ്ങള്‍ക്ക് കിട്ടിയത് പോരേ…
ജോസ്: അവരെന്നാ പിഴച്ചു…
ഭാര്യ: പിന്നെ നിങ്ങടെ കാല് ചവുട്ടിയൊടിച്ചത് ഞാനാണോ…
ജോസ്: നിനക്ക് പലപ്പോഴും അങ്ങനെയൊരു മോഹമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്….
ഭാര്യ: ഹോ…അന്നേരവും എന്നെ പറഞ്ഞോണം..കൂട്ടുകാരെ പറഞ്ഞേക്കരുത്…ന്യൂ ഈയറിന് ചവുട്ടു നടാകം കളിച്ച് കാല് ചവിട്ടി ഒടിച്ചിട്ടും അവരു പുണ്യാളന്മാരാ…
ജോസ്: അതാര്‍ക്കാണേലും അബദ്ധം പറ്റുകേലേ…തങ്കച്ചന് ഇച്ചിരി പൂസുകൂടിപ്പോയി…ചവുട്ടു മാറിപ്പോയി…എനിക്കൊഴിയാനും പറ്റിയില്ല…
ഭാര്യ: അതിനു നേരേവണ്ണം നിന്നിട്ടുവേണ്ടേ ഒഴിയാന്‍…
ജോസ്: എന്നാപറഞ്ഞാലും ചവുട്ടുനാടകം സൂപ്പറായിരുന്നു…കാലുശരിയായിട്ടുവേണം ഒന്നുകൂടികളിക്കാന്‍…
ഭാര്യ: ചെറുക്കന്‍ കേള്‍ക്കേണ്ട…അവനിവിടെ ചവുട്ടുനാടകം കളിക്കും…
ജോസ്: തങ്കച്ചനെയും തൊമ്മിക്കുഞ്ഞിനെയും കാണുന്നില്ലല്ലോ…വന്നേക്കാമെന്ന് പറഞ്ഞായിരുന്നു…
ഭാര്യ: ഞാന്‍ പറഞ്ഞത് കറക്ടായിരുന്നേ…അവര് മറ്റേകാലുംകൂടി ചവുട്ടിയൊടിച്ചാലും നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകുകേലല്ലോ ന്റെ ദൈവമേ…
വീടിന്റെ പിന്നില്‍ തങ്കച്ചനും തൊമ്മിക്കുഞ്ഞ്ും.
തങ്കച്ചന്‍: നമ്മളെ തെറിയാ…അങ്ങോട്ടു ചെന്നാല്‍ കിട്ടും…
തൊമ്മിക്കുഞ്ഞ്: തെറി പറയുമ്പം ചുമ്മാ തലകുനിച്ചു നിന്നാല്‍ മതി…ഒരു പ്രശ്‌നവുമില്ല.
തങ്കച്ചന്‍: അവള് പോയിക്കഴിയുമ്പം കയറിച്ചെല്ലാം….നോക്കിക്കേ.
തലനീട്ടി നോക്കുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.
ജോസ്: നിങ്ങളെന്നാ അവിടെ ഒളിച്ചുകളിക്കുന്നേ…ഇങ്ങുവാ…
ഭാര്യ: (ചിരി അഭിനയിച്ചുകൊണ്ട്) ചേട്ടന്മാരെ കണ്ടില്ലെന്ന് പറഞ്ഞ് ഞാനിപ്പം നാക്കുവായിലിട്ടതേയുള്ളു…
തങ്കച്ചന്‍: വായിലിട്ട നാക്ക് പുറത്തേക്കെടുക്കുകേലെങ്കില്‍ ഞങ്ങളങ്ങോട്ടു വരാം…
ഭാര്യ: കൂട്ടുകാരെ കാണാഞ്ഞിട്ട് ജോസിനെന്നാ വിഷമമായിരുന്നെന്നറിയാമോ…നിങ്ങളെന്നാ ആശുുപത്രീലോട്ടൊന്നും വരാഞ്ഞത്…
തൊമ്മിക്കുഞ്ഞ്: ഒരു ചെറിയ കയ്യബദ്ധം പറ്റി…അറിഞ്ഞോണ്ടല്ല…ഞങ്ങളെ ഒന്നും പറയരുത്…
ഭാര്യ: കയ്യബദ്ധമല്ലല്ലോ…കാലബദ്ധമല്ലേ…അതൊക്കെ ക്ഷമിച്ചില്ലേല്‍ പിന്നെ എന്നാ കൂട്ടുകാരാ…ഞാന്‍ ചായ എടുത്തോണ്ടുവരാമേ…(്അകത്തോട്ടു നടക്കുമ്പോള്‍ പിറുപിറുക്കുന്നു) ഇവിടെ നിന്നാല്‍ ഞാന്‍ വല്ലതും പറഞ്ഞുപോകും. (അകത്തോട്ടു കയറി വാതിലിനു മറഞ്ഞുനിന്ന് രണ്ടിനെയും വേഗം പറഞ്ഞുവിടാന്‍ ജോസിനോട് ആംഗ്യം കാണിക്കുന്നു)
ജോസ്: നീയെന്നതാ അവിടെ നിന്ന് കാണിക്കുന്നത്…
തങ്കച്ചന്‍: (അകത്തേക്കുനോക്കി) മറഞ്ഞുനിന്ന് ഞങ്ങളെ കൊഞ്ഞനംകുത്തുകയാണോ…
ഭാര്യ: പുറത്തേക്കു തലനീട്ടി) ചായയ്ക്കു പഞ്ചസാരവേണോയെന്നു ചോദിക്കുവായിരുന്നു…
തൊമ്മിക്കുഞ്ഞ്: പഞ്ചസാരയിട്ടില്ലേലും വേണ്ട…സോപ്പുപൊടികലക്കാതിരുന്നാല്‍ മതി…
തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ..നീ അവള്‍ക്ക് ആവശ്യമില്ലാത്ത ബുദ്ധി ഉപദേശിച്ചുകൊടുക്കരുത്…
തൊമ്മിക്കുഞ്ഞ്: എനിക്കു ചായവേണ്ട…(തിരിഞ്ഞ് ജോസിനോട്) ജോസേ കാലിനെങ്ങനെയുണ്ട്…
ജോസ്: വേദനകുറഞ്ഞു…ഞരമ്പ് തെന്നിപ്പോയി…
തൊമ്മിക്കുഞ്ഞ്: (തങ്കച്ചനോട്) എന്നാഒരു ചവുട്ടാനിങ്ങള് ചവുട്ടിയത്…
തങ്കച്ചന്‍: എന്നെ അതോര്‍മ്മിപ്പിക്കാതെ…എന്നിലെ കലാകാരന്‍ ഉണര്‍ന്നപ്പോ ഞാന്‍ പരിസരം മറന്നുപോയി…ഞാന്‍ ഒന്നാമന്‍ ഏസാവ് പാടിയപ്പോ…ഇവന്‍ രണ്ടാമന്‍ യാക്കോബ് പാടി അന്നേരം ചുവടു പിഴച്ചു…എന്റെ കാലിന്റെ കീഴേ ഇവന്റെ കാലുവന്നു…അതാ പറ്റിയത്…
ജോസ്: കിട്ടിയത് കിട്ടി..(കാലേല്‍ തലോടുന്നു)
തൊമ്മിക്കുഞ്ഞ്: ഒടിവൊന്നുമില്ലല്ലോ…
ജോസ്: ഒടിഞ്ഞിട്ടില്ല..ഞരമ്പു തെറ്റിയതാ…
തങ്കച്ചന്‍: അത്രേയുള്ളോ…എങ്കില്‍ ഒരാശുപത്രിയിലും പോകേണ്ട കാര്യമില്ലായിരുന്നു..എന്റെ കൈകൊണ്ട് തീരാവുന്നതേയുള്ളു…
തൊമ്മിക്കുഞ്ഞ്: ചവുട്ടു സ്ഥാനംമാറിയായിരുന്നേല്‍ നിങ്ങടെ കൈകൊണ്ട് തീര്‍ന്നേനേ…ജോസിന്റെ ഭാര്യേടേം പിള്ളേരടേം കൈകൊണ്ട് നിങ്ങളും തീര്‍ന്നേനേ…
തങ്കച്ചന്‍: നീ ചുമ്മാ ആളെപേടിപ്പിക്കാതെടാ തൊമ്മിക്കുഞ്ഞേ…
ജോസ്: നിങ്ങള്‍ക്ക് തിരുമ്മൊക്കെ അറിയാമോ…
തങ്കച്ചന്‍: നീയെന്നതാ കരുതിയത്…ഞാന്‍ വലിയ തിരുമ്മുകാരനല്ലായിരുന്നോ…ഇ്പപം പിള്ളേര് സെറ്റൊക്കെ വന്നപ്പോ ഞാന്‍ വഴിമാറിക്കൊടുത്തതല്ലേ…
തൊമ്മിക്കുഞ്ഞ്; അവര് തള്ളിമാറ്രിയതായിരിക്കും…
ജോസ്: എ്‌നനാ നിങ്ങളിതൊന്നു നോക്കിക്കേ…വല്ലതും നടക്കുമോയെന്ന്…
തങ്കച്ചന്‍: (തയാറെടുപ്പുകളോടെ) നടക്കാതെ എവിടെപ്പോകാന്‍…നീ ചാടിച്ചാടി നാലുകാലേല്‍ നടക്കും…
തൊമ്മിക്കുഞ്ഞ്: നാലുകാലേല്…അതുതന്നെയാ ഞങ്ങടെയും പേടി…
ജോസുകാലുനീട്ടുന്നു. തങ്കച്ചന്‍ തയാറെടുക്കുന്നു.
ഭാര്യ:(്അകത്തുനിന്നും ഓഠിവരുന്നു) യ്യോ…എന്നാ കാണിക്കുവാ…കാലനക്കരുത്…
ജോസ്: എടീ തങ്കച്ചന് തിരുമ്മറിയാം…ഞരമ്പു വലിച്ചിടാമെന്നാ പറഞ്ഞ്ത്…
ഭാര്യ: വൈദ്യര് വരും….തിരുമ്മാന്‍…വൈദ്യരു പറഞ്ഞ സാദനങ്ങളെല്ലാം റെഡിയാക്കിയിരിക്കുവല്ലേ…
തങ്കച്ചന്‍: (ഒരവസരം നഷ്ടപ്പെട്ടതുപോലെ) അതേതുവൈദ്യര്….
ഭാര്യ: ആങ്ങള പറഞ്ഞുവിട്ടതാ…വലിയ കേമനാന്നാ പറഞ്ഞെ…
തൊമ്മിക്കുഞ്ഞ്: എന്നാ ജോസിന്റെ കാര്യത്തില്‍ തീരുമാനമായി…
ഭാര്യ: അളിയന്റെ കാലൊടിഞ്ഞെന്നു കേട്ടിട്ട്…അവന് ഭയങ്കര സങ്കടമായിപ്പോയി…
ജോസ്: എന്നിട്ടവനിതിലെ ഒന്നു വന്നില്ലല്ലോ…
ഭാര്യ: അതവന് അളിയന്‍ വടിയും കുത്തി നടക്കുന്നതുകാണാനുള്ള ശേഷിയില്ലെന്നു പറഞ്ഞല്ലേ…
തങ്കച്ചന്‍: അവനല്ലേ ഇന്നാള് നിന്നെ ഞാന്‍ വടിയുംകുത്തിച്ചു നടത്തുമെന്ന് ഇവിടെവന്ന് വെല്ലുവിളിച്ചിട്ടുപോയത്…
ഭാര്യ: അതൊക്കെ പിള്ളേരുടെ ഓരോരോ തമാശകളല്ലേ…
തൊമ്മിക്കുഞ്ഞ്: പിള്ളേര്…വയസെത്രയായി അവന്…അറുപതോ… എഴുപതോ…
തങ്കച്ചന്‍: (ദൂരേക്കുനോക്കി) ഒരുത്തന്‍ വലിച്ചുവിട്ടുവരുന്നുണ്ടല്ലോ…വൈദ്യരാണോ…
ഭാര്യ: വൈദ്യരുതന്നെ…..
തൊമ്മിക്കുഞ്ഞ്: (ജോസിനെ നോക്കി) ഞാന്‍ ജോസിനെ ഒന്നൂടെ നേരേചൊവ്വേ കണ്ടോട്ടെ…
വൈദ്യര് വരുന്നു. ധൃതിയിലാണ്. വന്ന ഉടനെ കാലന്‍ കുട തൂണേല്‍ ചാരി.
വൈദ്യന്‍: ഞാന്‍ താമസിച്ചോ…പോരാനിറങ്ങിയപ്പോഴാ…ഒരുത്തനെ പ്ലാവേന്ന് വീണെന്നു പറഞ്ഞ് കൊണ്ടുവന്നത്…
തൊമ്മിക്കുഞ്ഞ്: എ്ന്നിട്ടവന്‍ തിരിച്ചുപോയോ…
വൈദ്യന്‍: എവിടെപോകാന്‍…കണ്ടപ്പഴേ എനിക്കു സംശയം ഉണ്ടായിരുന്നു…പ്ലാവേന്ന് വീണതല്ലെന്ന്…
തങ്കച്ചന്‍: മാവേന്ന് വീണ്തായിരുന്നോ…
വൈദ്യന്‍: (തങ്കച്ചന്‍) വേറേ മരമൊന്നും അറിയത്തില്ലേ…ഞാനവനോട് ചെവിയില്‍ ചേദിച്ചു…ഭാര്യ അടിച്ചുവീഴ്ത്തിയതല്ലേന്ന്…അവന്‍ സമ്മതിച്ചു…
തൊമ്മിക്കുഞ്ഞ്: ഹോ..വൈദ്യര് കൊള്ളാമല്ലോ..അടി കണ്ടാല്‍ അടിച്ചതാരാന്ന് തിരിച്ചറിയാം അല്ലേ…
വൈദ്യന്‍: മര്‍മത്തിനിട്ടാ കിട്ടിയിരിക്കുന്നത്…ഭാര്യമാരാ മര്‍മത്തിനിട്ട് കൊടുക്കുന്നത്…എണീറ്റാല്‍ തിരിച്ചുകിട്ടുമെന്ന് അവര്‍ക്കറിയാം…നമ്മളിതെത്ര കൊണ്ടിരിക്കുന്നു…അല്ല കണ്ടിരിക്കുന്നു…
(ജോസിന്റെയടുത്തേക്ക് വന്ന്.)
ഇതാണ് കാല്…ശരിയാക്കാം….ഇച്ചിര പണിയേണ്ടിവരും…
തങ്കച്ചന്‍: വൈദ്യരുടെ പണി കഴിയുമ്പം കാല് അവിടെതന്നെ കാണുമല്ലോ അല്ലേ…
വൈദ്യര്: (തങ്കച്ചനെ നോക്കി) എവിടെ ചെന്നാലും ഇപ്പം സിസി കാമറകളാ…
ഭാര്യ: വൈദ്യര് പറഞ്ഞ എണ്ണയെല്ലാം മേടിച്ചുവെച്ചിട്ടുണ്ട്…എടുക്കട്ടെ…
വൈദ്യന്‍: സമയമാകുമ്പം പറയാം…നാടന്‍ കോഴി റെഡിയല്ലേ…കപ്പ നല്ലതുപോലം വാട്ടിയെടുത്തതാണല്ലോ…
തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞ്ിനോട്) എണ്ണയിട്ട് തിരുമ്മുന്നത് കണ്ടിട്ടുണ്ട്…ഉണക്കുകപ്പയും നാടന്‍ കോഴിയും ചേര്‍ത്തുള്ള തിരുമ്മലാദ്യമായിട്ടാ…
തൊമ്മിക്കുഞ്ഞ്: വല്ല ഒറ്റമൂലിയുമായിരിക്കും…
വൈദ്യന്‍: നാടന്‍ കോഴിയുടെ ചോര പ്രത്യേകം എടുത്തുമാററിയല്ലോ…
ജോസ്: അതെന്തിനാ വൈദ്യരെ വല്ല ഒറ്റമൂലിക്കുമാണോ….
വൈദ്യന്‍: കോഴിയുടെ ചോര ഊറ്റിക്കളഞ്ഞില്ലേല്…ഇറച്ചിക്കൊരു ടേസ്റ്റില്ല…(ജോസിന്റെ ഭാര്യയോട്) കോഴിയുടെ ചിറകും കഴുത്തുമൊക്കെ മാറ്റി പ്ര്‌ത്യേകമല്ലേ വേവിച്ചത്….
ഭാര്യ: വൈദ്യര് പറഞ്ഞതുപോലെയാ ചെയ്തത്…
വൈദ്യന്‍: ഇറച്ചിക്കറി ഒറു കോപ്പയ്ക്കകത്താക്കി…കപ്പ വേവിച്ചത് ഒരു പരന്ന പാത്രത്തിലാക്കി മേശപ്പുറത്തേക്ക് വെയ്ക്കുക…കൈ കഴുകിയിട്ട് ഞാനങ്ങുവരാം…എവിടെയാ കൈ കഴുകുന്നത്…അല്ലേല്‍ വേണ്ട വീട്ടീന്ന് കഴുകിയതാ…(അകത്തോട്ടുകയറി മണം പിടിച്ച്) കൊള്ളാം ..നല്ല നാടന്‍ കോഴിക്കറിയുടെ മണം…ഇന്നൊരുപിടി ഞാന്‍ പിടിക്കും…(തലകുലുക്കി അകത്തേക്കുപോകുന്നു)
തങ്കച്ചന്‍: ജോസേ….ഇവന്‍ കോഴിയിറച്ചി തി്‌നനാന്‍ വന്നതാണോ…അതോ തിരുമ്മാന്‍ വന്നതാണോ…
ജോസ്: കോഴിയെ കൊല്ലാന്‍ പറഞ്ഞപ്പോ ഞാന്‍ കരുതി വല്ല മരുന്നിനുവാന്ന്…കാലുമേലാണ്ട് പോയി…അല്ലേല്‍ കാണിക്കാമായിരുന്നു…
തൊമ്മിക്കുഞ്ഞ്: കോഴിയിറച്ചി തിന്നാനും വേണം ഒരു യോഗം…(തിണ്ണേലിരിക്കുന്നു)
തങ്കച്ചന്‍: (നില്‍പ്പുറയ്ക്കുന്നില്ല) അകത്തൊരുത്തന്‍ കോഴിക്കാല് കടിക്കുന്നു…നമ്മളിവിടെ വെള്ളവുമിറക്കി നില്‍ക്കുന്നു…
സീന്‍-2
തങ്കച്ചനും തൊമ്മിക്കുഞ്ഞും നിരാശരായി തിണ്ണയിലിരിക്കുന്നു. ജോസ് വാക്കറിലേക്ക തലചായ്ച്ചിരിക്കുന്നു. അകത്തുനിന്നും തൃപ്തനായി ഇറങ്ങിവരുന്ന വൈദ്യന്‍. പല്ലേല്‍ ഈര്‍ക്കിലി കൊണ്ട കുത്തിക്കൊണ്ടാണ് വരുന്നത്.
വൈദ്യന്‍: കോഴിക്കിത്തിരികൂടി വേവാകാമായിരുന്നു…എങ്കിലേ മസലാ അകത്തോട്ട് പിടിക്കുവൊള്ളു…
തങ്കച്ചന്‍: എന്നാലും പിടുത്തത്തിന് കുറവൊന്നുമില്ലായിരുന്നല്ലോ…
വൈദ്യന്‍: വയറുനിറഞ്ഞാല്‍ മുള്ളേലും കിടക്കണമെന്നാ…ഇത്തിരി കിടക്കാം…(തിണ്ണേല് തോര്‍ത്തിനടിച്ചു കിടക്കുന്നു) അമ്മേ…തിരുമ്മു ദേവതേ…
കിടന്നതും കൂര്‍ക്കം വലിച്ച് ഉറക്കം തുടങ്ങി.
തങ്കച്ചന്‍: കിടക്കണ കിടപ്പ് കണ്ടില്ലേ…ഒരു കോഴിയേ മൊത്തം കയറ്റിയേച്ച്….(ജോസിന്റെ ഭാര്യയോട്) കോഴിയുടെ തുത്തേലും ബാക്കിയുണ്ടോ…ഞങ്ങള്‍ക്കുതന്നില്ലേലും വേണ്ട…കെട്ടിയോനെങ്കിലും കൊടുക്ക്…
തൊമ്മിക്കുഞ്ഞ്: ഇവന്റെ വയറേല് ഒരു ചവുട്ടു നാടകം കളിച്ചാലോ തങ്കച്ചാ…
ജോസ്: നിന്നെ കെട്ടീന്ന് ഒഴിച്ചാല് എ്ന്നാ ദ്രോഹമാടീ ഞാന്‍ അവനോട് ചെയ്തത്…
ഭാര്യ: അവന്‍ കഷ്ടപ്പെട്ട് ഒരു വൈദ്യനെ തപ്പിപ്പിടിച്ച് പറഞ്ഞുവിട്ടതും പോരാ…അവനെ കുറ്റം പറയുവാണോ…
തങ്കച്ചന്‍: ജോസേ നീ സൂക്ഷിച്ചോ…ഇതവന്‍ മനപൂര്‍വം നിനക്കിട്ടു പണിയാന്‍ വിട്ടതാ…
തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ടെന്നാ എനിക്കും തോന്നുന്നത്….
തങ്കച്ചന്‍: ഇവനങ്ങനെ സുഖിച്ചു കിടക്കണ്ടാ….(വൈദ്യരെ പിടിച്ചുകുലുക്കി) വൈദ്യരെ എണീക്ക് തിരുമ്മണ്ടേ…
വൈദ്യര് ചാടിയെണീക്കുന്നു.
വൈദ്യന്‍: യ്യോ..ഉറങ്ങിപ്പോയി…സമയമൊത്തിരിയായോ…ചെന്നിട്ടൊരു കിഴികെട്ടി തിരുമ്മുള്ളതാ…(എണീറ്റുപോകാനുള്ള തയാറെടുപ്പ്)
ഭാര്യ: വൈദ്യരേ തിരുമ്മിയില്ല…
വൈദ്യന്‍: (തിരിച്ചുവന്ന്) ശ്ശെ..ഞാനതങ്ങ് മറന്നു…മറവിയുണ്ടേ…പ്രായമായില്ലേ…(ജോസിന്റെ അടുത്തുവന്നിരുന്ന്) വിശദമായിട്ടു പറഞ്ഞേ…എങ്ങനെയാ സംഭവിച്ചത്….(ഭാര്യയോട് തിരിഞ്ഞ്) കോഴിയും കപ്പയും കുറച്ചുമിച്ചമിരുപ്പുണ്ട്…തിരുമ്മു കഴിയുമ്പം വേണ്ടിവരും…(തങ്കച്ചനെയും തൊമ്മിക്കുഞ്ഞിനെും പാളിനോക്കി) സിസി കാമറയില്‍ അതു പതിഞ്ഞോ്‌നനൊരു സംശയം…
തങ്കച്ചന്‍: പ്രായമായാലും അതുമറന്നില്ല…
വൈദ്യന്‍: കാലിനു പരുക്കു പറ്റാനിടയായതിന്റെ യഥാര്‍ത്ഥ സാഹചര്യം മനസിലാക്കണം…എന്നാലേ ചികിത്സ തുടങ്ങനാവൂ…
ജോസ്: ഞങ്ങള് ചവുട്ടു നാടകം കളിച്ചതാ…ചുവടുതെറ്റി തങ്കച്ചന്റെ ചവുട്ട് എനിക്കിട്ടുകൊണ്ടു…
വൈദ്യന്‍: (തങ്കച്ചനെ നോക്കി) എന്നിട്ടിത്രയേ പറ്റിയുള്ളോ…ഒരു കാര്യം ചെയ്യ് നമുക്കാ രംഗമൊന്നു റിക്രിയേറ്റ് ചെയ്യാം…എന്നാലേ കറക്ട് ഐഡിയാ കിട്ടൂ…
തൊമ്മിക്കുഞ്ഞ്: വൈദ്യര് സിബിഐ ഡയറികുറിപ്പിന്റെ ആളാ അല്ലേ…
വൈദ്യര്: യ്യോ..അതെങ്ങനെ മനസിലായി…
തൊമ്മിക്കുഞ്ഞ്: ഡമ്മി പരീക്ഷണം ഫോളോ ചെയ്യുന്നതുകണ്ടപ്പഴേ മനസിലായില്ലേ…
തങ്കച്ചന്‍:അതേപടി ക്രിയേറ്റ് ചെയ്യണമെങ്കില്‍ ഇത്തിരി കാശ് ചെലവുണ്ട്…
ഭാര്യ: അന്നേരം വയറ്റില്‍ നിറയെ കള്ളല്ലായിരുന്നോ…
വൈദ്യന്‍: പോയിട്ട് രണ്ട് തിരുമ്മുണ്ട്…അല്ലേല്‍ മരുന്നിന്റെ ലിസ്റ്റില്‍ കുപ്പിയുംകൂടി പെടുത്താമായിരുന്നു…
തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിന്റെ തോളേല്‍ പിടിച്ച്) ഞങ്ങളിങ്ങനെ തോളേല്‍ പിടിച്ച് പാട്ടുപാടി ചവുട്ടുനാടകം കളിച്ചു…
തൊമ്മിക്കുഞ്ഞ്: ഒന്നാമന്‍ ഏസാവ് രണ്ടാമന്‍ യാക്കോബ്..പാട്ടുംപാടി…
വൈദ്യന്‍: ഹേയ്…ഇതെന്ത്…ജീവനില്ല…ഞാനും കൂടാം…. അന്നേരം എന്റെ കാലേല്‍ ചവുട്ടണം….എന്നാലേ ഏതു ഞരമ്പേലാ ചവുട്ടുകിട്ടിയതെന്ന് അറിയാന്‍ പറ്റൂ….
മൂന്നുപേരും കൂടി പാടുന്നു.
വൈദ്യര്: ചവുട്ട്…ചവുട്ട്…
തങ്കച്ചന്‍: ഇന്നാ പിടിച്ചോ…(ഒരു ചവുട്ട്)
വൈദ്യര് നിലവിളിച്ച് വീഴുന്നു.
വൈദ്യര്: കാലമാടാ..എന്നാ ചവുട്ടാടാ ചവുട്ടിയത്…
തങ്കച്ചന്‍: വൈദ്യരല്ലേ ചവുട്ടാന്‍ പറഞ്ഞത്…ഒറിജിനാലിറ്റി വേണമെന്ന്…
വൈദ്യര്: എന്റെ കൊഴ തെറ്റിയേ…ആശുപത്രി കൊണ്ടപോകോ…
തങ്കച്ചനും തൊമ്മിക്കുഞ്ഞും കൂടി വൈദ്യരെ പിടിച്ചെണീപ്പിച്ച് കൊണ്ടു പോകുന്നു.
തങ്കച്ചന്‍: തിരുമ്മിയാപോരേ..വൈദ്യരുടെ വീട്ടിപോയി നാടന്‍ കോഴിയും കപ്പയുമൊക്കെ വേവിച്ച്…
വൈദ്യര്: വേണ്ടേ…എനിക്ക് ആശുപത്രീ പോയാ മതിയേ…
ഭാര്യ: (താടിക്കുകൈയുംകൊടുത്തു നിന്ന്) പേറെടുക്കാന്‍ വന്നത് ഇരട്ടപെറ്റെന്നു പറഞ്ഞതുപോലെയായി…
ജോസ്: ചക്കിനുവെച്ച്ത് കൊക്കിനു കൊണ്ടെന്നും പറയാം…നിന്റെ ആങ്ങള എനിക്കിട്ടുവെച്ചത് വൈദ്യര്‍ക്കിട്ടു കൊണ്ടു…