ചായസഞ്ചിയിലെ രാഷ്ട്രീയം

0
149

നേരംപോക്ക്
എപ്പിസോഡ്-54

ധൃതിയില്‍ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.

തങ്കച്ചന്‍: ഇതങ്ങനെവിട്ടാല്‍ പറ്റില്ല…ഒതുക്കണം…

തൊമ്മിക്കുഞ്ഞ്: ഒതുക്കേണ്ടവനെ ഒതുക്കേണ്ട സമയത്ത് ഒതുക്കിയിരിക്കണം…

തങ്കച്ചന്‍: അവന്മാര് നമ്മളോട് അങ്ങനെ ചെയ്യാമോ…കഴിഞ്ഞ ഇലക്ഷന് എന്തേരെ വര്‍ക്ക് ചെയ്തതാ…

തൊമ്മിക്കുഞ്ഞ്: നമ്മടെ തന്ത്രങ്ങള്‍ കൊണ്ടല്ലെ…അവന്മാര് കസേരേല്‍ കയറിയത്…

തങ്കച്ചന്‍: കയറ്റാനറിയാമെങ്കിലേ ഇറക്കാനും അറിയാം…

സീന്‍-2

ജോസിന്റെ വീട്ടിലേക്ക് ധൃതിയില്‍ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. ജോസിന്റെ ഭാര്യ പാത്രത്തിലെന്തോ വെള്ളവുമായി മുറ്റത്തേക്ക് ഇറങ്ങിവരുന്നു.

തങ്കച്ചന്‍: ജോസെന്തിയേ….

ഭാര്യ: (പിടിക്കാത്തപോലെ) അങ്ങേരുടെ കാര്യമൊന്നുംഎന്നോട് ചോദിക്കേണ്ട്…

തങ്കച്ചന്‍: ജോസിന്റെ കാര്യം നിന്നോടല്ലാതെ അപ്പറത്തെ അമ്മിണിയോട് ചോദിക്കണോ…

ഭാര്യ: ചേട്ടാ…ഇത് ഞാന്‍ അങ്ങോട്ടൊഴിക്കാന്‍ കൊണ്ടുവന്ന വെള്ളമാ…ഇങ്ങോട്ടു തിരിക്കണോ…

തൊമ്മിക്കുഞ്ഞ്: ചൂടാകല്ലേ…ജോസെന്തിയേ ഒരത്യാവശ്യകാര്യത്തിനാ…

ഭാര്യ: അങ്ങേര് അതിലും വലിയ അത്യാവശ്യകാര്യത്തിനായി അണിഞ്ഞൊരുങ്ങുവാ…

തൊമ്മിക്കുഞ്ഞ്: അതെന്നാ സംഭവം…

ഭാര്യ: കൂടെ പഠിച്ച സൂസമ്മേടെ മോളുടെ കല്യാണമാ…പോകാനൊരുങ്ങുവാ…

തങ്കച്ചന്‍: നിന്നെ കൊണ്ടുപോകുന്നില്ലേ…

ഭാര്യ: അങ്ങേരെ മാത്രമേ വിളിച്ചുള്ളു…ഞാനും കൂടി ചെന്നാല്‍ സൊള്ളലിന് തടസമാകില്ലേ…

വെള്ളമുണ്ടും ഷര്‍ട്ടുമുണ്ടുമിട്ട് ഉത്സാഹത്തോടെ ഇറങ്ങിവരുന്ന ജോസ്.

ജോസ്: (കൈകള്‍കൂപ്പി) ഹാ…ഇതാര്…നിങ്ങളെപ്പം വന്നു…നമസ്‌കാരം…

ഭാര്യ: കണ്ടോ ഉത്സാഹം കണ്ടോ….ഇവിടെ നിന്നാല്‍ കണ്‍ട്രോള് പോകും….(പിറുപിറുത്തുകൊണ്ട് അകത്തോട്ട് പോകുന്നു)

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞ്) കണ്ടോ…ഇതുകലക്കും…നമ്മള് മനസില്‍ കണ്ടപ്പോ ഇവന്‍ മാനത്തുകണ്ടും…

തൊമ്മിക്കുഞ്ഞ്: കൊള്ളാം…ആ ലുക്കും നടത്തവും ചിരിയുമെല്ലാം കൊള്ളാം…ഞാന്‍ ഇത്ര പ്രതീക്ഷിച്ചില്ല…

ജോസ്: നിങ്ങളെന്നതാ ഈ പറയുന്നത്…എനിക്കൊന്നും മനസിലാകുന്നില്ലല്ലോ…

തങ്കച്ചന്‍: എല്ലാം മനസിലാക്കിത്തരാം…നമ്മടെ മെമ്പറെയും പ്രസിഡന്റിനെയും തെറിവിളിച്ചേച്ചാ ഞങ്ങളിങ്ങോട്ടുവരുന്നത്…

ജോസ്: അതെന്നാ…നിങ്ങള് ഈച്ചയും ചക്കരയുമായിരുന്നല്ലോ…

തൊമ്മിക്കുഞ്ഞ്: ഞങ്ങള്‍ക്ക് കുറ്റിക്കുരുമുളക് തൈ തരുകേലെന്ന്….

തങ്കച്ചന്‍: കോഴിയെയും തന്നില്ല…വീട്ടുകാരത്തിയോട് വെള്ളം തിളപ്പിക്കാന്‍ പറഞ്ഞേച്ചു പോയതാ…

ജോസ്: കോഴിയെ വളര്‍ത്താന്‍ എന്തിനാ വെള്ളം തിളപ്പിക്കുന്നത്…

തങ്കച്ചന്‍: ആരുവളര്‍ത്തുന്നു…ചെറുകോഴിയെ വറുത്ത് തട്ടാന്‍ നല്ല ടേസ്റ്റാ….

തൊമ്മിക്കുഞ്ഞ്: ഞങ്ങളൊരു തീരുമാനമെടുത്തു…അടുത്ത മെമ്പറ് നമ്മടെ സ്വന്തം ആളായിരിക്കണം…പ്രസിഡന്റ് സ്ഥാനവും മേടിച്ചെടുക്കണം…

തങ്കച്ചന്‍: അങ്ങനെ പഞ്ചായത്തിന്റെ ഭരണം നമ്മടെ പിടിയിലൊതുക്കണം…

തൊമ്മിക്കുഞ്ഞ്: ഞങ്ങള് ജോസിനെയാണ് കണ്ടിരിക്കുന്നത്…

ജോസ്: എന്നെയോ…ഞാന്‍ നിന്നാല്‍ വോട്ടുകിട്ടുമോ…

തങ്കച്ചന്‍: നീ ചുമ്മാ നിന്നുതന്നാല്‍ മതി ഞങ്ങള് ജയിപ്പിച്ചോളാം…

ജോസ്: ജയിക്കുമെന്ന് ഉറപ്പുണ്ടേല് ഞാന്‍ നില്‍ക്കാം…

തങ്കച്ചന്‍: (ഉത്സാഹത്തോടെ) ജോസിനെ നമ്മടെ ഒദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു…

തൊമ്മിക്കുഞ്ഞ്: (അലറിവിളിക്കുന്നു) ധീരാ വീരാ ജോസേ…ധീരതയോടെ നയിച്ചോളൂ….

ജോസ് കൈകള്‍ കൂപ്പി അഭിമാനത്തോടെ നില്‍ക്കുന്നു.

ഭാര്യ: (അകത്തുനിന്ന് വന്ന്) നിങ്ങളിങ്ങേരെ കുരിശേല്‍ കയറ്റാനുള്ള പരിപാടിയാണോ…(ജോസിനോട്) ആരേലും എന്തേലും വന്നു പറയുമ്പഴേ ചാടിയങ്ങിറങ്ങും…

തങ്കച്ചന്‍: നീയെന്നാ അറിഞ്ഞിട്ടാ ബഹളംവെക്കുന്നത്…ജയിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളാരാ…

തൊമ്മിക്കുഞ്ഞ്: ഇലക്ഷന് ഇച്ചിരി ചില്ലറ ചെലവു വരും…പിന്നെ മൊത്തം വരവല്ലേ…

തങ്കച്ചന്‍: ജോസ് ജയിച്ചാല്‍ പഞ്ചായത്ത് മെമ്പറ്…പിന്നെ പ്രസിഡന്റ് …പ്രസിഡന്റെന്നു പറഞ്ഞാല്‍ ആരാ…പഞ്ചായത്തിന്റെ പ്രഥമപുരുഷന്‍…ജോസ് പ്രഥമപുരുഷനെങ്കില്‍ നീ ആരാ ഈ പഞ്ചായത്തിന്റെ പ്രഥമ വനിത…

തൊമ്മിക്കുഞ്ഞ്: നിസാര കേസാണോ…രണ്ടുപേര്‍ക്കും കൂടി ഈ പഞ്ചായത്ത് ഭരിക്കാം…

തങ്കച്ചന്‍: ഞങ്ങള്‍ക്ക് രണ്ട് കോഴിയും കുറ്റിക്കുരുമുളകുമൊക്കെ തന്നേക്കണം…

ഭാര്യ: ഇതൊക്കെ നടക്കുവോ…

ജോസ്: നടക്കുവൊക്കെ ചെയ്യും…പക്ഷേ നല്ല പിആര്‍ വര്‍ക്കു വേണം…രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കെ ഉപദേശകരുണ്ട്…

തൊമ്മിക്കുഞ്ഞ്: നമ്മള്‍ക്കും ആളെ വെക്കാം….ജോസിനും കുറച്ചു പരിശീലനം വേണം…രാഷ്ട്രീയത്തിലേക്കിറങ്ങുവല്ലേ…

തങ്കച്ചന്‍: ചായക്കടക്കാരന്‍ ചന്ദ്രനെ വിളിക്കാം…അവന്‍ നല്ല പിആര്‍ വര്‍ക്കാ….രാത്രി പകലാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നയാളാ…

ജോസ്: അവന് രാഷ്ട്രീയമൊക്കെ നല്ല പിടിപാടാ…അവനെ തന്നെ വിളിക്കാം…

സീന്‍-3

വരാന്തയിലിരിക്കുന്ന മൂന്നുപേരും. കൂടെ ചായക്കടക്കാരന്‍ ചന്ദ്രനും. ചന്ദ്രന്‍ ആലോചിച്ചിരിക്കുകയാണ്.

ചന്ദ്രന്‍: നിങ്ങടെ ആശയം നല്ലതാണ്….സാധാരണക്കാരുടെയിടയില്‍ നിന്ന് ഒരു നേതാവ്…(എണീറ്റ് നടന്ന്) ഇതിന്റെ സാധ്യത മനസിലാക്കിയാണ് ഇന്ന് ഊണില്ല എന്ന് ബോര്‍ഡ് കടേല്‍ തൂക്കിയിട്ട് ഞാനിങ്ങോട്ടു പോന്നത്…

തങ്കച്ചന്‍; ചന്‍്രന് നാട്ടിലെ രാഷ്ട്രീയ സാഹചര്യം അറിയാം…പോരാഞ്ഞിട്ട് നാട്ടുകാരുടെ പള്‍സ്ും അറിയാം…

തൊമ്മിക്കുഞ്ഞ്: നമുക്ക് ജോസിനെ മെമ്പറാക്കണം…പ്രസിഡന്റാക്കണം…

ചന്ദ്രന്‍: (ജോസിനെ നോക്കി) ഒരു ലുക്ക് ഒക്കെയുണ്ട്….എന്നാലും അടിമുടി മാറണം…

ജോസ് വെളുക്കെ ചിരിച്ച് കൈകൂപ്പി കാണിക്കുന്നു.

ചന്ദ്രന്‍: ചിരി കണ്ടപ്പഴാ ഒരു കാര്യമോര്‍ത്തത്…പൊറോട്ടയും ബീഫും കഴിച്ചതിന്റെ പറ്റ് തീര്‍ത്തില്ലല്ലോ…

തൊമ്മിക്കുഞ്ഞ്: ഭാവി നേതാവല്ലേ ചെറിയ പറ്റൊക്കെ ഇനി കണ്ടില്ലെന്ന് വെക്ക്…

തങ്കച്ചന്‍: ജോസ് എന്തുകൊണ്ടും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് തെളിഞ്ഞല്ലോ…

ചന്ദ്രന്‍: ഏറെ പഠിക്കാനുണ്ട്….ചുമ്മാ അങ്ങു ചാടിയിറങ്ങിയാല്‍ പറ്റില്ല…എന്റെ മനസില്‍ ഒത്തിരി ഐഡിയായുണ്ട്…

തൊമ്മിക്കുഞ്ഞ്: അതെല്ലാം ഇങ്ങു പോരട്ടെ….

ചന്ദ്രന്‍: നടപ്പ്…എടുപ്പ്…പ്രസംഗം ..ചിരി…എങ്ങനെ എന്തെല്ലാം കാര്യങ്ങള്‍…

തങ്കച്ചന്‍: നമുക്കോരോന്നായി തുടങ്ങാം…താമസിക്കേണ്ട….

ചന്ദ്രന്‍: ജോസു ചേട്ടനിങ്ങുവന്നേ…ഒരു രണ്ടു ചാലു നടന്നു കാണിച്ചേ…നോക്കട്ടെ…

ജോസ് ഇറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

ചന്ദ്രന്‍: ഇങ്ങനെ തവള നടക്കുന്നതുപോലെ നടന്നാല്‍ പോര…ആരെയും കൂസാതെ നെഞ്ചുവിരിച്ചു നടക്കണം….അതിനും രണ്ടു സ്‌റ്റൈലുണ്ട്…ഞാന്‍ കാണിച്ചു തരാം…. (നടന്നു കാണിക്കുന്നു. കൂനി നടന്നിട്ട്) ഇതൊരു സ്‌റ്റൈല്….(കൈവീശിക്കാണിച്ച് നടക്കുന്നു) ഇതു വേറൊരു സ്‌റ്റൈല്…

ജോസ്: ചന്ദ്രാ …നമുക്ക് പരിചയമുള്ള ആരെയെങ്കിലും കണ്ടാലല്ലേ കൈവീശാന്‍ പറ്റുവൊള്ളു…

ചന്ദ്രന്‍: അതുപ്രശ്‌നമില്ല…ഓരോരുത്തരും കരുതും വേറെ ആരെയെങ്കിലുമാന്ന്….നടത്തം എല്ലാദിവസവും രാവിലെ എണീറ്റ് പരിശീലിച്ചാ മതി….

തൊമ്മിക്കുഞ്ഞ്: പ്രസംഗം പറയാനാ ശരിക്കും പഠിക്കേണ്ടത്…

തങ്കച്ചന്‍: പ്രസംഗത്തിലൂടെ ആളെ കയ്യിലെടുക്കണം…ആളുകളുടെയിടയില്‍ പ്രകമ്പനം കൊള്ളിക്കണം…

തൊമ്മിക്കുഞ്ഞ്: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് പറഞ്ഞാലോ…

ചന്ദ്രന്‍: എന്നിട്ടുവേണം ഏഴാം ക്ലാസില്‍ പഠിക്കുന്ന പിള്ളേര് വരെ വിളിച്ചു തെറിപറയാന്‍…

തങ്കച്ചന്‍: എന്നാ മേരേ പ്യാരേ ദേശ് വാസിയോം എന്നായാലോ…. തുടക്കം….

ചന്ദ്രന്‍: നമ്മടെ പഞ്ചായത്തില്‍ നിലവില്‍ ബംഗാളികള്‍ക്ക് വോട്ടില്ലല്ലോ ഹിന്ദിയില്‍ പറയാന്‍….എന്റെ ഏറ്റവും പ്രിയപ്പെട്ട നാട്ടുകാരേ…. അതുമതി… ഒന്നു പ്രസംഗിച്ചേ കേള്‍ക്കട്ടെ…

ജോസ്: എനിക്കേറ്റവും പ്രിയപ്പെട്ട നാട്ടുകാരേ….(ചന്ദ്രനോട്) ചന്ദ്രാ ഞാന്‍ മെന്റലി പ്രിപ്പേര്‍ഡായിട്ടില്ല…നാളെമുതലു മതിയോ…

തൊമ്മിക്കുഞ്ഞ്: (തങ്കച്ചനോട്) ജോസിന് മെന്റല്‍ പ്രശ്‌നമെന്തെങ്കിലും ഉണ്ടോ…

തങ്കച്ചന്‍: നീയുദ്ദേശിച്ച മെന്റലല്ലിത്…കുറച്ചുകൂടി തയാറെടുപ്പ് വേണമെന്നാ ഉദ്ദേശിച്ചത്…

ചന്ദ്രന്‍: അതുശരിയാണ്….ഞാനതുമനസിലാക്കിത്തരാം…രാഷ്ട്രീയം..പൊതുപ്രവര്‍ത്തനം ഇതൊക്കെ ഉദാഹരണത്തിലൂടെ ഞാന്‍ വ്യക്തമാക്കാം…നമ്മള് ഒരു ചായ അടിച്ചെടുക്കുന്നു…പാലും വെള്ളവും നല്ലതുപോലെ തിളച്ചോയെന്ന് ഉറപ്പുവരുത്തണം…അതായത് നമുക്ക് കളത്തിലിറങ്ങാനുള്ള സാഹചര്യമായോയെന്ന് നോക്കണം….പാകത്തിന് പഞ്ചസാര…മതം…ചായപ്പൊടി…വര്‍ഗീയത…ഇതെല്ലാം കൂടി ഇട്ട് നല്ലതുപോലെ അടിച്ചെടുക്കണം….ആളുകളോടുള്‌ല സമീപനത്തിലും വ്യത്യാസം വേണം…ചിലര്‍ക്ക് ലൈറ്റ് ചായ മതി…ചിലര്‍ക്ക് മീഡിയം…വേറെ ചിലര്‍ക്ക് സ്‌ട്രോംഗ്…അങ്ങനെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറണം…ചായ സഞ്ചി ഞെക്കിപ്പിഴിഞ്ഞ് മാക്‌സിമം ചായ അടിച്ചോണം….ചണ്ടിയായാല്‍ സഞ്ചിയില്‍ നിന്നും തട്ടിക്കളഞ്ഞോണം…നമ്മടെ കാര്യം കഴിഞ്ഞാല്‍ ചണ്ടി ഔട്ട്…

തങ്കച്ചന്‍: ചന്ദ്രാ നീ വെറും ചന്ദ്രനല്ലെടാ…ചാണക്യനാ…..

ചന്ദ്രന്‍: ഒരവസരം കിട്ടിയാലല്ലെ കഴിവുകള്‍ പുറത്തെടുക്കാനാവൂ…

തൊമ്മിക്കുഞ്ഞ്: ജോസ് ജയിക്കുന്നതോടെ ചന്ദ്രന് ദേശീയ രാഷ്ട്രീയത്തില്‍ നിന്നു വിളിവരും…

ചന്ദ്രന്റെ ഫോണ്‍ ബെല്ലടിക്കുന്നു.

ചന്ദ്രന്‍: (ഫോണെടുത്ത്) ങാ…പോറോട്ട ബാബുവാണോ…ഞാന്‍ വിളിച്ചതേ…നാളെ മുതല് പൊറോട്ടയടിക്കാന്‍ വരണം…ങേ…ഞാനോരു പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി തുടങ്ങി….പൊറോട്ടയടിക്കാന്‍ നേരംകിട്ടില്ല്…ങാ…ശരി പോര്… (ഫോണ്‍വെച്ചിട്ട് എല്ലാവരോടുമായി) പൊറോട്ട ബാബുവിന് ദിവസം ആയിരമാ…അതുനിങ്ങള് തരണം..

ജോസ്: ചന്ദ്രന്റെ ചായക്കടേല്‍ പൊറോട്ടയടിക്കുന്നതിന് ഞങ്ങളെന്തിനാ കാശുതരുന്നത്…

ചന്ദ്രന്‍: നിങ്ങള്‍ക്ക് പരിശീലനം തരാന്‍ വരുന്നതുകാരണമല്ലെ…പൊറോട്ടയടിക്കാന്‍ ആളെ വിളിക്കേണ്ടവരുന്നത്…കന്നിസംരംഭമായതുകൊണ്ടാ ഫീസ് മേടിക്കാത്തത്…

ജോസ്: ഫീസൊന്നും തരാന്‍ എന്റെ കയ്യിലില്ല…ഇവര് വന്ന് പറഞ്ഞതുകൊണ്ടാ ഞാന്‍ നില്‍ക്കാമെന്ന് തന്നെ സമ്മതിച്ചത്…

തങ്കച്ചന്‍: കാശിങ്ങോട്ടു തരണം…ചന്ദ്രന് കഴിവു തെളിയിക്കാന്‍ ഞങ്ങളൊരു അവസരം തരുവല്ലേ…

തൊമ്മിക്കുഞ്ഞ്: ഇതുവെച്ച് ചന്ദ്രന് വേറേ വര്‍ക്കുപിടിക്കാന്‍മേലേ…

ചന്ദ്രന്‍: (എണീറ്റുകൊണ്ട്) എന്നാലേ ഞാന്‍ കടേലൊട്ടു ചെല്ലട്ടെ…അത്യാവശ്യമായിട്ട് രണ്ട് ഫോണും വിളിക്കാനുണ്ട്….(നടന്നുകൊണ്ട് ഫോണെടുത്ത് വിളിക്കുന്നു) ബാബുവേ…നീ വരേണ്ട…ഞാന്‍ തന്നെ പൊറോട്ടയടിച്ചോളാം…(കട്ട് ചെയ്തിട്ട് അടുത്തയാളെ വിളിക്കുന്നു) മെമ്പറല്ലേ…ചന്ദ്രനാ…പ്രസിഡന്റ് അടുത്തുണ്ടോ…ങാ…എങ്കില്‍ സ്പീക്കറിലിട്…അതേ…തങ്കച്ചനും തൊമ്മിക്കുഞ്ഞ്ും കൂടി നിങ്ങളെ വെട്ടാന്‍ അടുത്ത ഇലക്ഷന് ജോസിനെ നിര്‍ത്താനുള്ള പരിപാടിയാ…വേണ്ടതുചെയ്‌തോണം…(ഫോണ്‍വെച്ചിട്ട്) എനിക്കേ ചാണക്യന്റെ പണി മാത്രമല്ല നാരദന്റെ പണിയുമുണ്ട്…

സീന്‍-4

മൂന്നുപേരും തിണ്ണയിലിരിക്കുന്നു.

തൊമ്മിക്കുഞ്ഞ്: ശ്ശെ…ചന്ദ്രനെ പിണക്കിവിടണ്ടായിരുന്നു…

ജോസ്: നമുക്കറിയാന്‍മേലാത്ത എന്നാ കാര്യമാ അവന്‍ പറഞ്ഞേ…ഇതിനപ്പുറം നമുക്കു ചെയ്യാനറിയാം…വെറുതെ എന്തിന് കാശുകളയുന്നു…

തങ്കച്ചന്റെ ഫോണ്‍ ബെല്ലടിക്കുന്നു.

തങ്കച്ചന്‍: (ഫോണെടുത്ത് നോ്ക്കിയിട്ട്) മെമ്പറാണല്ലോ…ഹലോ…മെമ്പറെ എന്നാ ഉണ്ട്….(എണീറ്റ്) ങേ…വീട്ടില്‍ വന്നോ…കോഴിയുണ്ടോ…കുറ്റിക്കുരുമുളകുമുണ്ടോ…(തൊമ്മിക്കുഞ്ഞിനോട് എണീക്കാന്‍ ആംഗ്യം കാണിച്ച്) എന്നാ ഞങ്ങളിപ്പം വരാം…(ഫോണ്‍വെച്ച് തൊമ്മിക്കുഞ്ഞിനോട്) വാ..പോകാം…കോഴിയും കുരുമുളകുമായിട്ട് മെമ്പറുവന്നിട്ടുണ്ട്…(രണ്ടുപേരും ഉത്സാഹിച്ചുപോകുന്നു)

ജോസ്: (പുറകേ ചെന്ന്) ഇലക്ഷന്റെ പരിപാടികള് ആലോചിക്കണ്ടെ…

തങ്കച്ചന്‍: (തിരിഞ്ഞുനിന്ന്) നീ ആദ്യം മെന്റലി ഒന്നു പ്രിപ്പേര്‍ഡാക്…എന്നിട്ടാകട്ടെ….(തിരിഞ്ഞുനടന്ന് ഫോണെടുത്ത് വിളിക്കുന്നു) എടിയേ…വെള്ളം വാങ്ങിയായിരുന്നോ…ങേ…എന്നാ തീയേലോട്ടു തന്നെവെച്ചോ…ഞാനിതാവരുന്നു….

ജോസ് തിരിച്ച് തിണ്ണേലോട്ടു കയറുമ്പോ ഭാര്യ ഇറങ്ങിവരുന്നു.

ഭാര്യ: അതേ…പ്രഥമവനിതയാകുമ്പം സാരിയുടുക്കണോ…ചുരീദാറിടണോ…സൂസമ്മ പറയുവാ…പ്രഥമവനിതയ്ക്ക ചുരീദാറാ ചേരുന്നതെന്ന്….

ജോസ്: (കസേരയിലിരുന്നുകൊണ്ട്) സൂസമ്മേടെ വോട്ടുകിട്ടില്ലെന്ന് ഉറപ്പായി….രണ്ടു കോഴിയെ കിട്ടിയപ്പഴേ തങ്കച്ചനും തൊമ്മിക്കുഞ്ഞും കാലുവാരി….
തത്കാലം വീട്ടിലെ പ്രഥമപുരുഷനും പ്രഥമവനിതയുമായിട്ടിരിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here