ഹിന്ദി പറഞ്ഞ് ഞെളിഞ്ഞതാ..!

0
161

നേരംപോക്ക്
എപ്പിസോഡ്-56

വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചന്‍. ജോസ് കാലേലെ കെട്ട് പരിശോധിച്ചിരിക്കുന്നു. അകത്തുനിന്നുമിറങ്ങിവരുന്ന ഭാര്യ.

ജോസ്: (ഭാര്യയെ കണ്ടിട്ട്) നീ അവിടെയെന്നാ എടുക്കുവായിരുന്നു. എത്രനേരമായി വിളിക്കുന്നു.

ഭാര്യ: ഞാന്‍ കേട്ടില്ലല്ലോ…എന്നാത്തിനാ…

ജോസ്: കുടിക്കാനെന്നതേലുമെടുത്തോണ്ടുവാ…നാരങ്ങാവെള്ളമായിക്കോട്ടെ…

തങ്കച്ചന്‍: (പത്രത്തില്‍നിന്നും തലയുയര്‍ത്തി) എനിക്കൂടെയെടുത്തോ…തൊണ്ടവരളുന്നു…

ഭാര്യ: ഇച്ചിരകഴിയട്ടെ…അല്ലേലും നാരങ്ങായില്ല…

ജോസ്: കഴിഞ്ഞ ദിവസമല്ലേ…ഒരു കിലോനാരങ്ങാ ഞാന്‍ മേടിച്ചത്…

ഭാര്യ: (അലക്ഷ്യമായി) ങാ…നോക്കട്ടെ…

ജോസ്: (ചൂടായി) നോക്കട്ടേന്നോ…അതെന്നാ വര്‍ത്തമാനമാടീ…കെട്ടിയോന്‍ ദാഹിച്ചു തൊണ്ടവരണ്ടിട്ട് ഇത്തിരി കുടിക്കാന്‍ ചോദിച്ചപ്പോ നോക്കട്ടെന്നോ…

തങ്കച്ചന്‍: (തെല്ലുഭീതിയോടെ) എനിക്കു ദാഹിക്കുന്നില്ല…ഞാന്‍ വീട്ടീന്നു കുടിച്ചിട്ടാ വന്നത്…

ഭാര്യ: നിങ്ങള്‍ക്കിവിടെയിരുന്ന് ചുമ്മാ ഓര്‍ഡറിട്ടാ മതി…പണിയെടുത്തു ഞാന്‍ മടുത്തു…

ജോസ്: ഇതെല്ലാ പെണ്ണുങ്ങളും പറയുന്നതാ…പണിയെടുത്തു മടുത്തു…വെറുതെ അടുക്കളയ്ക്കകത്തൂടെ തെക്കോട്ടും വടക്കോട്ടും നടക്കും…എന്നിട്ട് വയ്യേ… മടുത്തേ എന്നു കരച്ചിലും…

(ഇരുവരും തമ്മില്‍ അടിയിലേക്കാ കാര്യങ്ങള് നീങ്ങുന്നതെന്നു കണ്ട് തങ്കച്ചന്‍ പയ്യെ പത്രം മടക്കിവെച്ച് എണീക്കാന്‍ തുടങ്ങുന്നു.)

ഭാര്യ: എന്നാലൊരുകാര്യം ചെയ്യ്…ഞാനിവിടെയിരിക്കാം…നിങ്ങള് അടുക്കളേല്‍ചെന്ന് തെക്കോട്ടും വടക്കോട്ടും നടക്ക്…

പെട്ടെന്ന് ഒരു ശബ്ദം: ചുപ് മത് രഹോ…അരേ ബദ്മാഷ്…

മൂവരും ഞെട്ടി നോക്കുന്നു. നടക്കല്ലിന്റെ താഴെ നിന്നാണ് ശബ്ദം.

ശബ്ദം: മിണ്ടിപ്പോകരുത്…പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്‌തോണം…(agar kaha jae to jaisa kaha jae vaisa karo..)

മൂവരും ആരാണെന്ന് പേടിയോടെ നോക്കുന്നു. നടകയറിവരുന്ന തൊമ്മിക്കുഞ്ഞിന്റെ ദൃശ്യം.

തൊമ്മിക്കുഞ്ഞ്: ആരോടാണു നീ സംസാരിക്കുന്നതെന്ന് അറിയാമോ….നിന്റെ കളിയെന്റെ അടുത്തു വേണ്ട…(kya tumhen pata hai tum kisase baat kar rahe ho….mere saath mat kh-elo.)

സംസാരിച്ച് വരാന്തയിലേക്ക് കയറി, മറ്റുള്ളവര്‍ അത്ഭുതത്തോടെ നോക്കുകയാണ്. ജോസ് കസേര ഒന്നു തുടച്ച് തൊമ്മിക്കുഞ്ഞിനിരിക്കാന്‍ ഒരുക്കുന്നു.

തൊമ്മിക്കുഞ്ഞ്: ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതാ…മാറ്റമില്ല…നാളെ കാണണം…കണ്ടിരിക്കണം…ഓകെ…(mainne vahee kaha jo mainne kaha tha… koee badalaav nahin… kal milate hain… milate hain… theek h-ai..)

ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റിലേക്കിടുമ്പോള്‍ തൊമ്മിക്കുഞ്ഞിന്റെ മുന്നിലേക്ക് ഒരു ഗ്ലാസ് നീണ്ടുവരുന്നു.

ഭാര്യ: നാരങ്ങാവെള്ളം കുടിക്ക് ,ചേട്ടാ…..

തൊമ്മിക്കുഞ്ഞ് വാങ്ങി ഒറ്റവലിക്കു കുടിക്കുന്നു.

തൊമ്മിക്കുഞ്ഞ്: (ഗ്ലാസ് തിരികെ കൊടുത്തുകൊണ്ട്) നല്ല ദാഹമുണ്ടായിരുന്നു…വളരെ നന്ദി…(aapaka bahut-bahut dhanyavaad)

തങ്കച്ചന്‍: നീ എവിടുന്നാടാ ഈ ഹിന്ദി പഠിച്ച്….

തൊമ്മിക്കുഞ്ഞ്: പത്തുകൊല്ലം മുംബൈയിലും ഗോവയിലും ജോലി ചെയ്ത് സുമ്മാവാ…പണിക്കു വന്ന ബംഗാളി എന്നെ പഠിപ്പിക്കാന്‍ വരുന്നു….ഞാന്‍ വിടുമോ…

ജോസ്: കുറച്ചുനേരത്തേക്ക് വടക്കേ ഇന്ത്യയിലെങ്ങാണ്ട് ആണെന്നു തോന്നിപ്പോയി…

തങ്കച്ചന്‍: ഹിന്ദി കേള്‍ക്കാന്‍ നീ വടക്കേ ഇന്ത്യയിലേക്കെങ്ങും പോകേണ്ട്…അപ്പുറത്തെ പൈനാപ്പിള്‍ തോട്ടത്തിലോട്ടു ചെന്നാല്‍ മതി…മുഴുവന്‍ ബംഗാളികളാ…

ജോസ്: ബംഗാളി ഹിന്ദി പറയുന്നതുപോലെയാണോ മലയാളി ഹിന്ദിപറയുന്നത്…അത് വേറെ ഒരു ലെവലാ…

ഭാര്യ: ഞാന്‍ പണ്ട് സ്‌കൂളില്‍ പഠിച്ചപ്പോ കേട്ടതാ…പിന്നെ ഇതുപോലെ കേള്‍ക്കുന്നത് ആദ്യമാ…

ജോസ്: ഏതു സ്‌കൂളില്‍ പഠിച്ചപ്പം…അന്ന് ആശാന്‍ കളരിയില്‍ ഹിന്ദി പഠിപ്പിക്കുന്നില്ലല്ലോ….

ഭാര്യ: ഞാനേ പത്താം ക്ലാസ് പാസായതാ…അതും ഫസ്റ്റ് ക്ലാസില്‍…നിങ്ങള് ആനിയേലും പ്ലാവേലും കയറി നടന്ന കഥ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്…

തങ്കച്ചന്‍: ജോസേ അതേന്നുവിട്…പല കഥകളും പുറത്തോട്ടുവരും…ഒഴിഞ്ഞുനില്‍ക്കുന്നതാ നല്ലത്…

തൊമ്മിക്കുഞ്ഞ്: നിങ്ങളിങ്ങനെ കീരിയും പാമ്പുംപോലെ പെരയ്ക്കകത്തിരിക്കാതെ പുറത്തോട്ടിറങ്ങ്…ലോകമങ്ങനെ വിശാലമായിട്ടു കിടക്കുവല്ലേ….വിവിധ ഭാഷകള്…വിവിധതരത്തിലുള്ള ആള്‍ക്കാര്….

ഭാര്യ: ഞാനിങ്ങേരോട് പറയുന്നതാ നമുക്കെങ്ങോട്ടേലുമൊക്കെ യാത്ര പോകാമെന്ന്…

ജോസ്: എങ്ങോട്ടുപോകാമെന്നാ പറഞ്ഞത്…അതുകൂടെ പറ…

തങ്കച്ചന്‍: ജോസേ..വളരെ മോശം…ഭാര്യയേയും കൂട്ടി സുഖവാസകേന്ദ്രങ്ങളിലൊക്കെ ഇടയ്ക്കുംമുട്ടിനും പോകേണ്ടേ…

ജോസ്: ഇവള് ടൂറ് പോകാമെന്നു പറഞ്ഞ സ്ഥലങ്ങള് ഞാന്‍ പറയാം…മലയാറ്റൂര്‍ മല…വാഗമണ് കുരിശുമല…

തങ്കച്ചന്‍: (ചാടിക്കയറി) മുട്ടിനുവേനയുള്ള ഇവന്‍ ഈ മലയെല്ലാം കയറണം…അതിത്തിരി കടുപ്പമായിപ്പോയി…

ഭാര്യ: മുട്ടിനുവേദന മാറാന്‍ വേണ്ടി ഞാന്‍ നേര്‍ച്ചനേര്‍ന്നതായിരുന്നു…

തൊമ്മിക്കുഞ്ഞ്: അതു വല്ലാത്തൊരു നേര്‍ച്ചയായിപ്പോയി…

ഭാര്യ: ചേട്ടാ…എനിക്കിച്ചിര ഹിന്ദി പഠിക്കണം…ബംഗാളി പെണ്ണ് എന്നാ പറഞ്ഞാലും മനസിലാകുകേല…

ജോസ്: അതിന് നീ ഹിന്ദി പഠിക്കുവൊന്നുംവേണ്ട…അവര് മലയാളം പഠിച്ചോളും അതാ എളുപ്പം…

തങ്കച്ചന്‍: അതുശരിയാ ബംഗാളിയെല്ലാമിപ്പം നമ്മളെക്കാളും നല്ലതുപോലെ മലയാളം പറയും…

തൊമ്മിക്കുഞ്ഞ്: ഇപ്പം നമ്മടെ പിള്ളേര്‍ക്കാ മലയാളം അറിയത്തില്ലാത്തത്….

ജോസ്: അതിന് പിള്ളേരെന്തിനാ കഷ്ടപ്പെട്ട് മലയാളം പഠിക്കുന്നത്…അവരെല്ലാം അക്കരകടക്കുവല്ലേ…

തങ്കച്ചന്‍: ഇവിടെ പിള്ളേരുമില്ല മലയാളവുമില്ല….ആര്‍്കകും ഒരു പരാതിയുമില്ല… അന്നേരമാ ഇവിടെ കേരളഗാനം പാട്ടെഴുത്തിനെക്കുറിച്ച് തര്‍ക്കം നടക്കുന്നത്…

ജോസ്; അതെന്നതാ ശ്രീകുമാരന്‍ തമ്പിയും സച്ചിദാനന്ദനും തമ്മിലല്ലേ…

തങ്കച്ചന്‍: അതീ പാട്ടെഴുതാന്‍ പറഞ്ഞവര്‍ക്ക് ഉള്ളിലൊരു ലക്ഷ്യം കാണും…ഇന്നയിന്ന വരികളുവേണമെന്നൊക്കെ…തമ്പിസാറെഴുതിയതില്‍ അതു കാണില്ല…അത്രേയുള്ളുകാര്യം…

തൊമ്മിക്കുഞ്ഞ്: വഴക്കില്ലാതെ ഒരു കാര്യം നടത്താന്‍ നമുക്കു പറ്റുമോ…

സീന്‍-2

വരാന്തയില്‍ ഇരിക്കുന്ന മൂവര്‍ സംഘം. പത്രം വായനയും മൊബൈല് തോണ്ടലും.

വീടിന്റെ പിന്നില്‍ നിന്ന് ഭാര്യയുടെ നലവിളി.

ഭാര്യ: യ്യോ..കിണറ്റില്‍ പോയേ…

മൂവരും ഞെട്ടി ചാടിയെണീക്കുന്നു.

ഭാര്യ: യ്യോ….കിണറ്റില്‍ പോയേ…

തങ്കച്ചന്‍: ജോസേ അവള് പോയി…കിണറ്റില്‍ ചാടി…നിന്നോട് ഞാന്‍ പറഞ്ഞതാ വെറുതെ അവളെ എപ്പഴും വഴക്കുപറയരുതെന്ന്…ഇനിയെന്നാ ചെയ്യും.

ജോസ്: തങ്കച്ചാ..എന്റെ കയ്യുംകാലുംമരയ്ക്കുന്നു…(നിലത്ത് കുത്തിയിരുന്ന്) എന്നാലും നീ കടുംകൈ ചെയ്തല്ലോടീ…..

തൊമ്മിക്കുഞ്ഞ്: ജോസേ വിഷമിക്കാതെ…ഫയര്‍ഫോഴ്‌സിനെ വിളി…

തങ്കച്ചന്‍: ഇങ്ങനെ നിന്നാല്‍ മതിയോ…കയറെടുക്ക്..ഏണിയെടുക്ക്…രക്ഷിക്കാം…വാ…

മൂവരും പിന്നിലേക്ക് ഓടുന്നു.

തൊമ്മിക്കുഞ്ഞ്: രണ്ടു പ്രാവശ്യം നിലവിളി കേട്ടു…മൂന്നു പ്രാവശ്യം മുങ്ങിപ്പൊങ്ങും..ഇനി ഒന്നു കൂടിയേ പൊങ്ങൂ…അന്നേരം പൊക്കണം…

മൂവരും കിണറിന്റെയടുത്തെത്തി..കിണറ്റിലേക്ക് നോക്കുന്നു.

തങ്കച്ചന്‍: ഒന്നും കാണാനില്ല…കിണറ്റില്‍ ഇളക്കമുണ്ട്…(തിരിഞ്ഞ്) വേഗം ഏണിയിറക്കണം…

പുറകില്‍ ജോസിന്റെ ഭാര്യ.

തങ്കച്ചന്‍: (ഞെട്ടി) യ്യോ…പ്രേതം…

ഭാര്യ: ങേ..പ്രേതമോ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…

ജോസ്: നീ കിണറ്റില്‍ ചാടിയില്ലേ…

ഭാര്യ: നിങ്ങടെ പൂതി കൊള്ളാമല്ലോ…ഞാനിപ്പം ചാടാം നോക്കിയിരുന്നോ…

തൊമ്മിക്കുഞ്ഞ്: പിന്നെ കിണറ്റില്‍ പോയെന്ന് പറഞ്ഞ് നിലവിളിച്ചതോ…

ഭാര്യ: പൂച്ച കിണറ്റില്‍ ചാടിയെന്നല്ലേ പറഞ്ഞത്…

ജോസ്: ഞാനിപ്പം വന്നവരവിന് നിന്നെ രക്ഷിക്കാനായിട്ട് കിണറ്റില്‍ ചാടിയേനേ…

ഭാര്യ: (കിണറ്റിലേക്ക് നോക്കി) ചാടിയായിരുന്നേല്‍ പൂച്ചേക്കൂടി കേറ്റിക്കൊണ്ടുവരാമായിരുന്നു.

തൊമ്മിക്കുഞ്ഞ്: ഇനിയിപ്പം പൂച്ചേ എങ്ങനെ കരയ്ക്കുകയറ്റും…

തങ്കച്ചന്‍: അതൊരു കയറിട്ടുകൊടുത്താല്‍ മതി…അതേപ്പിടിച്ചു പൂച്ച കയറിക്കോളും…

തൊമ്മിക്കുഞ്ഞ്: അതുമതിയോ…സോ സിമ്പിള്‍…(കരയ്ക്കിരുന്ന കയറെടുത്ത് കിണറ്റിലോട്ടിടുന്നു)

ജോസ്: അതെന്നാ പണിയാ കാണിച്ചത്…അതിന്റെ തുമ്പ് എവിടേലും കെട്ടിയിട്ടു വേണ്ടായിരുന്നോ കിണറ്റിലിടാന്‍…

തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ കിണറ്റിലോട്ടു കയറിട്ടു കൊടുത്താല്‍ മതിയെന്നു പറഞ്ഞപ്പം ഞാന്‍ കൂടുതലൊന്നും ആലോചിച്ചില്ല…മണ്ടത്തരമായോ…

തങ്കച്ചന്‍: മണ്ടത്തരമല്ലാതെ നീ വല്ലതും ചെയ്യുമോ…ശ്ശെ…ഇനി എന്നാ ചെയ്യുന്നു…(ഇങ്ങനെ പറഞ്ഞു മൂന്നുപേരും മു്ങ്ങാനുള്ള ശ്രമം)

ഭാര്യ: അവിടെ നിന്നേ…പൂച്ച കിണറ്റില്‍ ചാടി…വെള്‌ലം കോരുന്ന കയറുമെടുത്തു കിണറ്റിലിട്ടു…എടുത്തുതന്നിട്ടുപോയാല്‍ മതി…

തങ്കച്ചന്‍: ഞങ്ങളുപോകുവായിരുന്നെന്ന് ആരുപറഞ്ഞു…അടുത്ത പരിപാടിയെന്നതാന്ന് ആലോചിക്കുവായിരുന്നു….

ജോസ്: ആരെങ്കിലും കിണറ്റില്‍ ഇറങ്ങണം…

തങ്കച്ചന്‍: അതേ..അതേ മാര്‍ഗമുള്ളു…ഒരു കുട്ടയും കൂടി കിണറ്റിലേക്കിറക്കുക…

തൊമ്മിക്കുഞ്ഞ്: സൂപ്പര്‍ ഐഡിയ…കൂട്ടയ്ക്കകത്ത് പൂച്ചയെ എടുത്തുവെക്കുന്നു…വലിച്ചു കയറ്റുന്നു..ഓപ്പറേഷന്‍ സക്‌സസ്…

തങ്കച്ചന്‍: പക്ഷേ ആര് കിണറ്റിലിറങ്ങും….എനിക്ക് രണ്ടു ദിവസമായിട്ട് ഒരു തലചുറ്റലാ…

ജോസ്: എന്റെ കാലുമേല…

തൊമ്മിക്കുഞ്ഞ്: എനിക്ക് കൈക്കൊരു കോച്ചിപ്പിടുത്തമാ…പഴയതുപോലെ പറ്റുകേല…

ഭാര്യ: ആരും തര്‍ക്കിക്കേണ്ട…പൂച്ചകയറിപ്പോയി…

മൂവരും കിണറിനടുത്തേക്ക് വരുന്നു…

തങ്കച്ചന്‍: അതെങ്ങനെ കയറിപ്പോയി…

ഭാര്യ: അള്ളിപ്പിടിച്ചു കയറി….അതിന്റെ ജീവന്റെ കാര്യം അതുതന്നെ നോക്കിയാലല്ലേ പറ്റൂ…

തങ്കച്ചന്‍: എല്ലാവര്‍ക്കും സന്തോഷമായല്ലോ….ഓപ്പറേഷന്‍ സക്‌സസ്…എല്ലാവരും പിരിഞ്ഞുപോകണം..

മൂവരും നടക്കുന്നു.

തൊമ്മിക്കുഞ്ഞ്: ജോസേ ചെലവു ചെയ്യണം…

ജോസ്: എന്തിന്…

തൊമ്മിക്കുഞ്ഞ്: പൂച്ച കിണറ്റില്‍ നിന്ന് കയറിപ്പോയില്ലേ…

ഭാര്യ: (പിന്നില്‍ നിന്നു വിളിക്കുന്നു) അവിടെ നിന്ന്..കിണറ്റിലോട്ടിട്ട കയറ് ആരെടുക്കും…അതെടുത്തു തന്നിട്ട് പോയാ മതി…

തങ്കച്ചന്‍: ഈ മണ്ടന്‍ ഒരു പണികാണിച്ചത് കുരിശായല്ലോ…

തൊമ്മിക്കുഞ്ഞ്: ഒരു കോലിട്ട് കുത്തിയെടുത്താലോ…

ജോസ്: എന്നിട്ടുവേണം ഇനി ആ കോലും കൂടി അതിനകത്തോട്ടിടാന്‍…നീ മിണ്ടരുത്…തങ്കച്ചാ…ഒരു വഴി പറഞ്ഞേ…

തങ്കച്ചന്‍: (ആലോചിച്ച്) ഇനിയിപ്പം ബംഗാളിയെ വിളിക്കാതെ രക്ഷയില്ല…കാശ് തൊമ്മിക്കുഞ്ഞ് കൊടുക്കണം…അവനല്ലേ ഈ പണി കാണിച്ചത്…

തൊമ്മിക്കുഞ്ഞ്: ശ്ശെ…എന്നാ ചെയ്താലും അവസാനം എനിക്കിട്ടാണല്ലോ പണി…

ജോസ്: ബംഗാളിയെ ഇനി എങ്ങനെ ഫോണ്‍വിളിച്ച് പറഞ്ഞ് മനസിലാക്കും…ഹിന്ദി അറിയേണ്ടേ…പോയി വിളിക്കാന്‍ ഇവള്‍ സമ്മതിക്കുകേല…നമ്മള് മുങ്ങുമെന്ന് അവള്‍ക്കറിയാം…

തങ്കച്ചന്‍: ഹിന്ദിക്കെന്നാ പാട്…ഇതല്ലെ ഹിന്ദി വിദ്വാന്‍…തൊമ്മിക്കുഞ്ഞേ വിളിയെടാ…

തൊമ്മിക്കുഞ്ഞ്: (ഫോണെടുത്ത് ടൈപ്പ് ചെയ്യുന്നു) പൂച്ച കിണറ്റില്‍ പോയി…എടുത്തുതരണം…അഞ്#ൂറുരൂപ തരും പോരേ…

തങ്കച്ചന്‍: അതുമതി…വേഗം വിളി…

തൊമ്മിക്കുഞ്ഞ് ഫോണില്‍ കുത്തിയിരിക്കുവാണ്.

തങ്കച്ചന്‍: നീ ഫോണേല്‍ കുത്തിയിരിക്കാതെ വിളിക്ക്…നമ്പര് കിട്ടിയില്ലേ…

തൊമ്മിക്കുഞ്ഞ്: നമ്പര് കിട്ടി….നെറ്റുകിട്ടുന്നില്ല ഇവിടെ…അങ്ങുമാറിനിന്നാലോ…

ജോസ്: ഫോണ്‍ വിളിക്കാന്‍ നെറ്റെന്തിനാ…ഇവിടെ നിന്ന് കയറെടുക്കാതെ അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ അവള് സമ്മതിക്കുകേല…വേഗം വിളിക്ക…

തൊമ്മിക്കുഞ്ഞ്: (ചമ്മലോടെ) അതേ..എനിക്ക ഹിന്ദി അറിയില്ല…

തങ്കച്ചന്‍: പിന്നെ നീ നേരത്തെ വാതോരാതെ ഹിന്ദി പറഞ്ഞതോ…

തൊമ്മിക്കുഞ്ഞ്: അതു ഞാന്‍ ചുമ്മാ നിങ്ങളെ ഞെട്ടിക്കാനായിട്ട്….നെറ്റ് വന്നാല്‍ പറയാം…

ജോസ്: നെറ്റ് വന്നാല് എങ്ങനെ…

തൊമ്മിക്കുഞ്ഞ്: ഞാനീ ഗൂഗിള്‍ ട്രാന്‍സലേറ്ററില് മലയാളത്തില്‍ ടൈപ്പ് ചെയ്‌തേ ഹിന്ദിയിലേക്ക് മാറ്റും…സൂപ്പറായിട്ട് പറയാം…

തങ്കച്ചന്‍: ജോസേ പിടിയെടാ അവനേ…ഇനിയവന്‍ ഹിന്ദി പറയരുത്…

തൊമ്മിക്കുഞ്ഞ് ഓഠുന്നു. ജോസും തങ്കച്ചനും പിന്നാലെ…

ഭാര്യ: അവര് നൈസായിട്ട് മുങ്ങി…ആ മുങ്ങല് കിണറ്റിലോട്ട് മുങ്ങിയായിരുന്നേല്‍ കയറെടുക്കാമായിരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here