കത്തിവാസുവിനോടാണോ കളി

0
128

നേരംപോക്ക്
എപ്പിസോഡ്-57

ജോസും ഭാര്യയും തൊമ്മിക്കുഞ്ഞും തങ്കച്ചനും വരാന്തയില്‍. ജോസ് കാലില്‍കെട്ടുള്ളതുകൊണ്ട് കാല് നീട്ടിവെച്ച് തൂണില്‍ ചാരിയിരിക്കുന്നു. തൊമ്മിക്കുഞ്ഞ് തിണ്ണയുടെ കോണിലിരിക്കുന്നു. തങ്കച്ചന്‍ ചൂടായി നില്‍ക്കുന്നു.

തങ്കച്ചന്‍: (പറഞ്ഞതിന്റെ തുടര്‍ച്ചയായി) നിന്റെ കാശാണ് പോയതെങ്കില്‍ നീ സമ്മതിക്കുമോ ജോസേ…

ജോസ്: ഞാനവന്റെ കുത്തിനു പിടിച്ചുമേടിക്കും.

തങ്കച്ചന്‍: ഞാനുമതേ പറയുന്നുള്ളു…

തൊമ്മിക്കുഞ്ഞ്: പോട്ടേ തങ്കച്ചാ…അവന്‍ തരും…ഇപ്പം ഇല്ലാത്തതുകൊണ്ടല്ലേ…

തങ്കച്ചന്‍്: നീ മിണ്ടരുത്…എനിക്കറിയാം നീ അവന് വാട്ടമടിക്കുന്നതെന്തിനാന്ന്…

ജോസ്: തൊമ്മിക്കുഞ്ഞും അവനുമായിട്ടെന്നാ ഇടപാട്…

തങ്കച്ചന്‍: അവന് വാഴകൃഷിയല്ലേ…ഇവന് വാഴവിത്ത് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്…

തൊമ്മിക്കുഞ്ഞ്: അവന്റെ വാഴ നല്ലതാ…കണ്ടപ്പം വിത്തുതരാമോയെന്ന് ചോദിച്ചു…എത്രവിത്ത് വേണമെന്നാ അവന്‍ ചോദിച്ചത്…കാശും മേടിക്കുകേല…തൊമ്മിക്കുഞ്ഞ് ചേട്ടനോട് എങ്ങനെയാ കാശു മേടിക്കുന്നതെന്നാ അവന്‍ ചോദിക്കുന്നത്…

തങ്കച്ചന്‍: എന്നാ തൊമ്മിക്കുഞ്ഞ് ചേട്ടന്‍ മേടിച്ചുതാ അവനോടെന്റെ കാശ്…

ഭാര്യ: എത്ര രൂപ തരാനുണ്ട് ചേട്ടാ…

തങ്കച്ചന്‍: രൂപ പതിനായിരമാ വാഴ ജോയി മേടിച്ചത്…മേടിച്ചിട്ട് മാസം അഞ്ചാറായി…പലിശയുമില്ല മുതലുമില്ല…

ഭാര്യ: അത്രേയുള്ളോ…ഞാനോര്‍ത്ത് പറച്ചിലു കേട്ടപ്പം ലക്ഷങ്ങളുണ്ടെന്ന്….

തങ്കച്ചന്‍: അയ്യോ…അവള്‍ക്കു നിസാരം…എന്നാ നീ ഒരു രണ്ടായിരം താ…

ഭാര്യ: രണ്ടായിരമെടുക്കാനുണ്ടേ…ഇങ്ങേരേ ഇങ്ങനെ കാലുമേലാതെ തിണ്ണേല്‍ വെച്ചേക്കുമോ…വല്ല നല്ല ആശുപത്രിയിലും കൊണ്ടുപോകുകേലേ…

തങ്കച്ചന്‍: നീ ഇങ്ങനെ ജീവിതകാലം മുഴുവന്‍ കാലേല്‍കെട്ടുമായി നടക്കാനാണോ…ഇതുഭേദമാക്കാനുള്ള പരിപാടിയൊന്നുമില്ലേ…

ജോസ്: രണ്ടാഴ്ചകൂടി റെസ്‌റ്റെടുക്കണമെന്നാ ഡോക്ടറ് പറഞ്ഞത്…

ഭാര്യ: അതിപ്പം ഡോക്ടറ് പറഞ്ഞില്ലേലും എന്നും റെസ്റ്റാണല്ലോ…

തങ്കച്ചന്‍: വിഷയത്തില്‍ നിന്നു മാറിപ്പോകേണ്ട….വാഴ ജോയിടെ കയ്യീന്ന് എന്റെ കാശു മേടിച്ചുതരണം…

ഭാര്യ: ങാഹാ…വാഴ ജോയിക്ക് കാശു കൊടുക്കാന്‍ നേരം ഞങ്ങളോട് ചോദിച്ചായിരുന്നോ…

തങ്കച്ചന്‍: ദേ..ഈ നിക്കുന്ന രണ്ടെണ്ണത്തിനോട് ചോദിച്ചിട്ടാ കൊടുത്തത്…ഒന്നും പേടിക്കേണ്ട ധൈര്യമായിട്ട് കൊടുത്തോ…ഞങ്ങള് ഗാരന്റീന്നാ പറഞ്ഞത്…

ഭാര്യ: ഇവരുടെ ഗാരന്റി ഇത്രേയുള്ളുവെന്ന് ചേട്ടനറിയാന്മേലായിരുന്നോ…

ജോസ്: അവള്‍ക്ക് കെട്ടിയോനോടുള്ള മതിപ്പുകണ്ടില്ലേ…കാലുമേലെന്നു ഞാനോര്‍ക്കുവേല…ഒരു തൊഴിക്കില്ല നീ…

തൊമ്മിക്കുഞ്ഞ്: ഇപ്പം ഒരു കാലുകുത്തിയേലും നടക്കാം…അതുകൂടി ഇല്ലാതാക്കണോ…

തങ്കച്ചന്‍: എന്റെ പതിനായിരം….

തൊമ്മിക്കുഞ്ഞ്: നിങ്ങളീ പയിനായിരം…പയിനായിരമെന്നു പറഞ്ഞ് കരഞ്ഞോണ്ടിരിക്കാതെ വേറേ വല്ല പണിയും നോക്ക്…

തങ്കച്ചന്‍: വേറേ പണി നോക്കാനോ…അതെന്നാ വര്‍ത്തമാനമാടാ തൊമ്മിക്കുഞ്ഞേ നീ പറയുന്നേ…

തൊമ്മിക്കുഞ്ഞ്: എനിക്കു തര്‍ക്കിച്ചിരിക്കാന്‍ സമയമില്ല…ഞാന്‍ പറയാനുള്ളത് പറഞ്ഞു…നിങ്ങളൊരു ഉപകാരം ചെയ്യാമോ…പോകുന്ന വഴിക്ക് എന്റെയീ ഫോട്ടോ മെമ്പര്‍ക്കു കൊടുത്തേക്കാമോ…വാഴ കൃഷിക്കുള്ള അപേക്ഷയില് ഫോട്ടോ ഒട്ടിച്ചില്ലായിരുന്നു…

തങ്കച്ചന്‍: (ഫോട്ടോ മേടിച്ചു പോക്കറ്റിലിട്ട്) നീ പൊക്കോടാ…വാഴ വിത്തുമേടിക്കാന്‍ പോകുവാന്ന് എനിക്കറിയാം…അവനോട് ചെന്ന് പറഞ്ഞേര് മാടമല തങ്കന്‍ അവനെ സ്‌കെച്ച് ചെയ്‌തെന്ന്…

തൊമ്മിക്കുഞ്ഞ്: (നടന്നിട്ട് മുറ്റത്ത് കിടന്ന ഒരു ചാക്കെടുത്ത്) ജോസേ..ഞാനീ ചാക്കെടുക്കുവാ…വാഴവിത്തുമേടിക്കാനേ…

തങ്കച്ചന്‍: രണ്ടു വാഴവിത്തു കണ്ടപ്പം അവന്‍ കൂട്ടുകാരനെ മറന്നു.. നിന്റെ വാഴ നാക്കടഞ്ഞുപോകുവേയുള്ളെടാ…(തിരിഞ്ഞ് ജോസിനോട്) തൊമ്മിക്കുഞ്ഞ് മറുകണ്ടം ചാടി…വാഴ ജോയിയോട് എങ്ങനെ കാശു മേടിക്കും…

ജോസ്: എന്റെ കാലുമേലാണ്ടായിപ്പോയി…അല്ലേലീ ക്വട്ടേഷന്‍ ഞാന്‍ പിടിച്ചേനേ…

തങ്കച്ചന്‍: (ആവേശത്തോടെ) ക്വട്ടേഷന്‍…ഇനി അതേ മാര്‍ഗമുള്ളു…

ഭാര്യ: ആവശ്യമില്ലാത്ത പണിക്കുപോകരുത് കേട്ടോ…വല്ല പൊലീസ് കേസൊക്കെ വരും…കാശുണ്ടാകുമ്പം അയാള് കൊണ്ടുവന്ന് തരും..

ജോസ്: നീ അകത്തുപോ…ആണുങ്ങള് സംസാരിക്കുന്നിടത്ത് നിനക്കെന്നാ കാര്യം…

ഭാര്യ: കുറച്ചുകഴിയുമ്പോ ഓടിവായോ…എന്നു വിളിച്ചു കാറുമ്പോ ഓടിവരണോ…

തങ്കച്ചന്‍: (അഭ്യര്‍ത്ഥനമട്ടില്‍) പ്രശ്‌നമുണ്ടാക്കരുത്…ഒന്നകത്തോട്ടു ചെല്ല്…ഞങ്ങളൊരു തീരുമാനത്തിലെത്തട്ടെ…

ഭാര്യ: അല്ലേലും ഞാന്‍ പോകുവാ…വെറുതെ സാക്ഷി പറയാന്‍ എന്നെക്കൊണ്ടു പറ്റില്ല…(പോകുന്നു)

തങ്കച്ചന്‍: ജോസേ…ആരെയാ ക്വട്ടേഷന്‍ ഏല്‍പ്പിക്കേണ്ടത്…പറഞ്ഞാല്‍ പറയുന്നതുപോലെ ചെയ്യുന്നവനായിരിക്കണം…

ജോസ്: ഒരുത്തനുണ്ട്…അവനാകുമ്പം പേടിപ്പിച്ച് കാശു മേടിക്കും…അക്കാര്യത്തില്‍ വിരുതനാ…കത്തി വാസു…

തങ്കച്ചന്‍: അവന്‍ കൊള്ളാം…അന്നു തല്ലിയോടിച്ചതുകൊണ്ട് അവന്‍ നമ്മള് പറഞ്ഞാ വരുമോ…

ജോസ്: കാശുകിട്ടുമെന്ന് കണ്ടാല്‍ അവന്‍ എന്നാ വേണേലും ചെയ്യും…

തങ്കച്ചന്‍: എന്നാലവനെ തന്നെ വിളി…കാശു തിരിച്ചുമേടിച്ചാലേ എനിക്കിനി മനസമാധാനമുള്ളു…

സീന്‍-2

മുറ്റത്തേക്ക് നടന്നു വരുന്ന കത്തി വാസു. മീശ കത്തികൊണ്ട് മാടിയൊതുക്കിയാണ് വരവ്.

വാസു: ഇവന്മാര് കൊല്ലാന്‍ വിളിച്ചതാണോ…വളര്‍ത്താന്‍ വിളിച്ചതാണോ…അന്നത്തെ തല്ലിന്റെ ചൂട് കുണ്ടിയേന്ന് പോയിട്ടില്ല…കാശുതരാമെന്ന് ഉറപ്പു പറഞ്ഞിട്ടാ വന്നത്…ങാ..നോക്കാം…

ജോസിന്റെ ഭാര്യ അകത്തുനിന്നും ഇറങ്ങിവരുന്നു. മീശയെ കാണുന്നു.

ഭാര്യ: നീ പിന്നെയും വന്നോ..കിട്ടിയതുപോരേ…

വാസു മുണ്ടഴിച്ചിട്ട് വീനിതനായി.

വാസു: എന്റെ പൊന്നു ചേച്ചീ …ഒന്നും ചെയ്യരുത്…ഞാനിവിടുത്തെ ചേട്ടന്മാര് വിളിച്ചിട്ടു വന്നതാ…

ഭാര്യ: ചേട്ടന്മാര് വിളിച്ചെന്നോ..വേഷംകെട്ടിറക്കരുത്…പഴയ വടിയിവിടെയിരിപ്പുണ്ട്…എടുക്കണോ…

വാസു: ചേച്ചി വടിയെടുക്കരുത്…ചേട്ടനെ വിളിച്ചേ…അറിയാമല്ലോ…

ശബ്ദം കേട്ട് അകത്തുനിന്നുമിറങ്ങിവരുന്ന ജോസും തങ്കച്ചനും.

ഭാര്യ: നിങ്ങളാണോ ഇവനെ ഇങ്ങോട്ടു വിളിച്ചുവരുത്തിയത്.

ജോസ്: ഇത് കത്തിവാസുവല്ലേ…നിനക്കെന്നാടാ ഇവിടെ കാര്യം…

വാസു: ചേട്ടനല്ലേ…

തങ്കച്ചന്‍: (പറയാന്‍ സമ്മതിക്കാതെ) ഓ…കത്തിവാസു…ജോസേ…നമ്മളോട് ക്ഷമ പറയണമെന്ന് പറഞ്ഞ് ഇവന്‍ വിളിച്ച കാര്യം പറഞ്ഞില്ലേ…

ജോസ്: (വെപ്രാളത്തോടെ) ഓ…ക്ഷമ ചോദിക്കണമെന്ന്…ഞാന്‍ അതു മറന്നു…വാസു നിന്നോട് ഞങ്ങള് ക്ഷമിച്ചിരിക്കുന്നു….പൊക്കോ…(ഭാര്യ കാണാതെ പൊക്കോളാന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു)

വാസു: (മീശ തടവി) ഇവന്മാര് ഉരുണ്ടുകളിയാണല്ലോ…നിക്കണോ പോണോ…

തങ്കച്ചന്‍:(ധൃതിയില്‍ ജോസിന്റെ ഭാര്യയോട്) നീ അകത്തോട്ടുപൊക്കോ…ഞങ്ങളൊന്നു പുറത്തോട്ടുപോകുവാ..

ഭാര്യ: എല്ലാം കൂടിയങ്ങു യോജിച്ചുപോകുന്നില്ലല്ലോ…ങാ…കൊച്ചുപിള്ളേരൊന്നുമല്ലല്ലോ…(പോകുന്നു)

ജോസ്: കതകടച്ചേര്…ഞങ്ങളുപോകുവാ…

തങ്കച്ചന്‍:(പുറത്തേക്കിറങ്ങി) നിന്നോടിങ്ങോട്ടുവരാന്‍ ആരാ പറഞ്ഞേ…ഞങ്ങളങ്ങോട്ടുവരില്ലായിരുന്നോ…

ജോസ്: അവള്‍ക്ക് സംശയമുണ്ട്…നമുക്കങ്ങോട്ടു മാറി നില്‍ക്കാം…

സീന്‍-3

തങ്കച്ചന്‍: ഒരുത്തന്‍ എന്നോട് പതിനായിരം രൂപ മേടിച്ചു…തിരിച്ചുതരുന്നില്ല. അതു മേടിച്ചുതരണം…

വാസു: പതിനായിരം രൂപ മേടിക്കാനാണോ ഈ കത്തിവാസുവിനെ വിളിച്ചത്…ഞാനോര്‍ത്തു വല്ല കാലുവെട്ടാനോ കാലുവെട്ടാനോ ആയിരിക്കുമെന്ന്…(കത്തി മിനുക്കി) കത്തിക്കു മൂര്‍ച്ചകൂട്ടിയത് വെറുതെയായല്ലോ…

ജോസ്: പേടിപ്പിച്ചാ മതി…ഉപദ്രവിക്കേണ്ട…

തങ്കച്ചന്‍: കാശുകിട്ടണം..അത്രേയുള്ളു…

വാസു: എനിക്കും കാശുകിട്ടണം അത്രേയുള്ളു…എന്തുതരും…

തങ്കച്ചന്‍: (പോക്കറ്റില്‍ നിന്ന് കാശെടുത്തുകൊണ്ട്) ഒരു നൂറങ്ങോട്ടുതരട്ടെ…

വാസു: (മീശ തടവിക്കൊണ്ട്) എനിക്കു മീശ ക്രോപ്പുചെയ്യുന്നതിന് നൂറു രൂപ മുടക്കുണ്ട്…അന്നേരമാണോ നൂറു കുലുവ…ഏതായാലും നീട്ടിയതല്ലേ…അഡ്വാന്‍സായിക്കോട്ടെ…ബാക്കി തൊള്ളായിരം വര്‍ക്കുകഴിഞ്ഞ്…(രൂപ തട്ടിവാങ്ങുന്നു)

ജോസ്: തങ്കച്ചാ കാര്യം നടക്കണേല്‍ കാശുമുടക്കണം…എന്റെ കാലുമേലെന്നായിപ്പോയതുകൊണ്ടാ അല്ലേല്‍ നിന്റെ ആവശ്യം വരില്ലായിരുന്നു.

തങ്കച്ചന്‍: ശരി …ഉറപ്പിച്ചിരിക്കുന്നു…എങ്ങനെയാ ഓപ്പറേഷന്‍…

വാസു: പിടിച്ചുകൊണ്ടുവന്ന് നിങ്ങടെ മുന്നിലിട്ടുതരും…പിന്നെ കത്തിമുനേല്‍ നിര്‍ത്തി കാശുമേടിക്കും…ആളെവിടെ കാണും…

ജോസ്; അവനാ വാഴത്തോട്ടത്തില്‍ കാണും…

വാസു: ആളെ തിരിച്ചറിയുന്നതെങ്ങനെ ഫോട്ടോവേണം…അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ്…

ജോസ്: ഫോട്ടോയ്‌ക്കെവിടെ പോകും…അവനോട് ചെന്ന് ചോദിക്കാന്‍ പറ്റുമോ…

തങ്കച്ചന്‍: അതൊക്കെ എന്റെ കയ്യിലുണ്ട്…ഞാനാരാ മോന്‍…അവന്റെ ഫോട്ടോ മേടിച്ചിട്ടല്ലേ ഞാന്‍ കാശുകൊടുത്തത്…(പോക്കറ്റില്‍ നിന്ന് ഫോട്ടോയെടുത്തു കൊടുക്കുന്നു)

വാസു: (ഫോട്ടോ വാങ്ങി നോക്കിയിട്ട്) നിങ്ങള് വലിയ കൂട്ടുകാരല്ലായിരുന്നോ…

തങ്കച്ചന്‍: കൂട്ടുകാരൊക്കെയായിരുന്നു…കാശു മേടിച്ചുകഴിഞ്ഞപ്പോ അവന്റെ സ്വഭാവം മാറി…

വാസു: (ഫോട്ടോയുടെ ദൃശ്യം. ഫോട്ടോ കൊടുത്തത് മാറിപ്പോയി. തൊമ്മിക്കുഞ്ഞിന്റേതാണ്. ഫോട്ടോനോക്കി) ഇവനെ പൊക്കാനെനിക്ക് ചെറുവിരല് മതി…

ജോസ്: അവന് ചെറുവിരലിന്റെ നീളമേയുള്ളുവെന്ന് വിചാരിക്കേണ്ട…വല്ലാത്ത കുരുപ്പാണ്…

വാസു: (തലകുലുക്കി) ഈ കുരുപ്പിനെ ഞാന്‍ പൊക്കി നിങ്ങടെ കാല്‍ചുവട്ടിലിടും…

തങ്കച്ചന്‍: അതുമതി…ബാക്കി ഞങ്ങളേറ്റു.

സീന്‍-4

വാഴത്തോട്ടത്തിലൂടെ നടന്നുവരുന്ന തൊമ്മിക്കുഞ്ഞ്.

തൊമ്മിക്കുഞ്ഞ്: (ചുറ്റുംനോക്കി) ജോയിയെ കണ്ടില്ലല്ലോ…ഇവിടെ കണ്ടേക്കാമെന്നാണല്ലോ പറഞ്ഞത്…(വാഴ നോക്കി) സൂപ്പര്‍ വാഴകളാണല്ലോ…ഓണത്തിന് ഞാനിത്തവണ പത്തുകാശുണ്ടാക്കും…(ചാക്ക് പുറകിലോട്ടിട്ട്) ഇവിടെയിരിക്കാം…ജോയി വരട്ടെ…

വാഴയുടെ പുറകില്‍ വാസു.

വാസു: (ഫോട്ടോ നോക്കി) ഇവന്‍ തന്നെ ആള്…പൊക്കിയേക്കാം…(സാവധാനം നടന്നുചെന്ന് ചാക്കെടുത്ത് തൊമ്മിക്കുഞ്ഞിന്റെ തലവഴി മൂടുന്നു. തൊമ്മിക്കുഞ്ഞ് പേടിച്ചു നിലവിളിക്കുന്നു.

തൊമ്മിക്കുഞ്ഞ്: യ്യോ…എന്നെ തട്ടിക്കൊണ്ടുപോകുന്നേ…ഓടിവരണേ…

വാസു: (ചാക്കു കൂട്ടിപ്പിടിച്ച്) മിണ്ടരുത്…കത്തി നിന്റെ പള്ളയ്ക്ക് കയറ്റും…കത്തിവാസു പറഞ്ഞാല്‍ പറഞ്ഞതാ…

തൊമ്മിക്കുഞ്ഞ്: ന്റെ വാസു..എന്നെ ഒന്നും ചെയ്യരുത്…ചാക്കീന്ന് ഇറക്ക്…

വാസു: മിണ്ടരുത്…കത്തി ഞാന്‍ പള്ളയ്ക്ക് കയറ്റും…കാശുമേടിച്ചിട്ട് തിരിച്ചുകൊടുക്കുകേലല്ലേ…

തൊമ്മിക്കുഞ്ഞ്: ഞാന്‍ ആരോടും കാശുമോടിച്ചിട്ടില്ലേ…അഴിച്ചുവിടോ…

വാസു: കള്ളം പറയുന്നോടാ…(കത്തി ചാക്കില്‍ അമര്‍ത്തിയിട്ട്) പള്ളയ്ക്കുകയറ്റും…സത്യം പറയെടാ…

തൊമ്മിക്കുഞ്ഞ്: മേടിച്ചിട്ടുണ്ടേ…തിരിച്ചുകൊടുത്തേക്കാമേ…

വാസു: അങ്ങനെ വഴിക്കുവാ…ഇനി നിന്റെ അനക്കം പോലും കേള്‍ക്കരുത്…അവരുടെ അടുത്തുകൊണ്ടുപോയി കെട്ടഴിക്കുമ്പഴേ വാ തുറക്കാവുള്ളു.

ചാക്കുകെട്ട് പൊക്കി തോളേല്‍ വച്ച് വാസു പോകുന്നു.

സീന്‍-5

ജോസും തങ്കച്ചനും പാറേലിരിക്കുന്നു. വാസു ചാക്കുമായി വരുന്നു.

ജോസ്; (നോക്കിയിട്ട്) തങ്കച്ചാ അതാ…വാസു അവനെ പൊക്കിക്കോണ്ടുവരുന്നു…

വാസുവരുന്നു.

തങ്കച്ചന്‍: കലക്കീടാ വാസു…ഇങ്ങനെവേണം ക്വട്ടേഷന്‍…(വാസുവിനെ കൈകൊടുക്കാനായുന്നു)

വാസു: കൈ ഒന്നും വേണ്ട കാശുമതി…ഇതൊന്നു തോളേന്നിറക്കട്ടെ…ചെറുവിരലിന്റെ നീളമേയുള്ളെങ്കിലും മുടിഞ്ഞ കനമാ…ചുമട്ടുകൂലി വേറെ തരണം…

തൊമ്മിക്കുഞ്ഞ്: (ചാക്കിനകത്ത്) ഇവനിതെവിടെയാ എന്നെ കൊണ്ടുവന്നത്…പരിചയമുള്ള ശബ്ദങ്ങളാണല്ലോ…മിണ്ടിയാല്‍ അവന്‍ കത്തികേറ്റും…

ജോസ്: ഇവനിട്ട് ഒരു തൊഴികൊടുത്താലോ…

തങ്കച്ചന്‍: വേണ്ട ചാക്കഴിക്ക്…ഇവനിട്ടൊന്നു പെരുമാറാന്‍ എന്റെ കൈതരിക്കുന്നു…

വാസു: ഇടിക്കുവോ ചവുട്ടുവോ..എന്നാ വേണമെങ്കിലും ചെയ്യ്…ഞാനഴിച്ചുതരാം…(ചാക്കഴിക്കുന്നു)

അഴിച്ചുവരുമ്പഴേ ഒന്നു കൊടുക്കാന്‍ തങ്കച്ചന്‍ കൈവീശി വരുമ്പോള്‍ ചാക്കഴിഞ്ഞ് തൊമ്മിക്കുഞ്ഞിന്റെ തല പുറത്തേക്ക്.

തങ്കച്ചന്‍: (സ്തംഭിച്ച്) തൊമ്മിക്കുഞ്ഞേ…നീയോ…

തൊമ്മിക്കുഞ്ഞ്: ദ്രോഹികളേ നിങ്ങളാണോ എനിക്കിട്ട് ക്വട്ടേഷന്‍ തന്നത്…

വാസു: (മീശതടവി) ആളുമാറിയോ…അങ്ങനെ സംഭവിക്കേണ്ടതല്ലല്ലോ..

ജോസ്: താനെന്നാ പണിയാടോ കാണിച്ചത്…ഇവനെ പിടിക്കാനാണോ പറഞ്ഞത്…വാഴജോയിയെ പിടിക്കാനായിട്ടല്ലേ…

വാസു: (ഫോട്ടോ നീ്ട്ടി) ഇയാളുടെ ഫോട്ടോയല്ലെ തന്നുവിട്ടത്…

തങ്കച്ചന്‍: (ഫോട്ടോ വാങ്ങി നോക്കി) ങേ…(പോക്കറ്റില്‍ തപ്പുന്നു. ഫോട്ടോ കിട്ടി) യ്യോ…മാറിപ്പോയി…ഇതാണ് വാഴ ജോയി….

വാസു: (തൊമ്മിക്കുഞ്ഞ്ിനോട്) എന്നാപിന്നെ തനിക്കു പറയാന്‍ മേലായിരുന്നോടോ…ആളുമാറിയെന്ന്…

തൊമ്മിക്കുഞ്ഞ്: ഞാന്‍ പറഞ്ഞപ്പോ…താന്‍ കത്തിക്കു കുത്തുമെന്ന് പറഞ്ഞില്ലേ…..പിന്നെ പേടിച്ചിട്ട് മിണ്ടാന്‍ പറ്റുമോ…(കലികയറി) ഒരുത്തനെയും ഞാന്‍ വിടില്ല…(ചാക്കു കുടഞ്ഞെറിയുന്നു)

തങ്കച്ചന്‍: (ഓടിക്കൊണ്ട്) വാസു ഓടിക്കോടാ…കലി കയറിയാല്‍ അവന് പ്രാന്താ…

വാസുവും പിന്നാലെ ഓടുന്നു.

തൊമ്മിക്കുഞ്ഞ്: (ഭ്രാന്തനെ പോലെ ചാക്കുവലിച്ചെറിഞ്ഞ് ജോസിന്റെയടുത്തേക്ക) ജോസേ…

ജോസ്: (രക്ഷപ്പെടാനുള്ള ശ്രമം) അവന്മാരെ പിടിക്ക് ആദ്യം…ഞാനിവിടെ നിന്നേക്കാം…കാലുമേലാത്തതുകൊണ്ട ഓടാന്‍ പറ്റുകേല…

തൊമ്മിക്കുഞ്ഞ്: (ഭ്രാന്തനെപ്പോലെ) ഇവിടെ നിന്നോണം…(ഓടുന്നു) അവന്മാര്‍ക്കിട്ട് കൊടുത്തിട്ട് വന്നിട്ട് നിനക്കുള്ളതു തരാം….

ജോസ്: (ഒത്തിയൊത്തി വീട്ടിലോട്ടോടുന്നു) തൊമ്മിക്കുഞ്ഞ് വരുന്നതിനുമുന്നേ പെരയ്ക്കകത്തു കയറാന്‍ പറ്റിയാല്‍ മതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here