വണ്ടി തട്ടിയതിന് കാശുപിടുങ്ങാന്‍ നോക്കിയതാ

0
122

നേരംപോക്ക്
എപ്പിസോഡ്-58

പാഞ്ഞുവരുന്ന വണ്ടി. മുറ്റത്തു വന്നു നിര്‍ത്തി. ഡോര്‍തുറന്ന് തങ്കച്ചനും തൊമ്മിക്കുഞ്ഞും പുറത്തേക്ക്. വണ്ടിയുടെ പിന്നില്‍ നിന്നും ജോസിനെ എടുത്തെന്നതുപോലെ ഇറക്കുന്നു. ജോസ് വേദന നടിച്ച് പുളയുന്നു.

തങ്കച്ചന്‍: സൂക്ഷിച്ചു പിടിക്കണം…കാലു തട്ടരുത്…

തൊമ്മിക്കുഞ്ഞ്: നമുക്കിങ്ങോട്ടിരുത്താം…ജോസേ സൂക്ഷിച്ച് കാലു കുത്തരുത്…

ജോസ്: യ്യോ…വേദനയാണേ….

ഇരുവരും കൂടി ജോസിനെ വരാന്തയിലേക്ക് ചാരിയിരുത്തുന്നു. അക്തതുനിന്നും ജോസിന്റെ ഭാര്യ വരുന്നു.

ഭാര്യ: യ്യോ…ഇതെന്നാ പറ്റി… നിങ്ങളിങ്ങേരുടെ കാലു തല്ലിയൊടിച്ചോ…

തങ്കച്ചന്‍: പെറുക്കിയെടുത്ത് വരാന്തേക്കൊണ്ടുവെച്ചപ്പം കുറ്റം ഞങ്ങടെയായോ…

തൊമ്മിക്കുഞ്ഞ്: ജോസിനെ വണ്ടി തട്ടി…ഞങ്ങള് ആശുപത്രികൊണ്ടുപോയിട്ടു വരുന്നതാ…

ഭാര്യ: എന്നിട്ടു തട്ടിയ വണ്ടിയെന്തിയേ…അവനെ കത്തിക്കാന്‍ മേലായിരുന്നോ…

തങ്കച്ചന്‍: ഇവിടെയിട്ടു കത്തിക്കാനായിട്ടിങ്ങോട്ടു കൊണ്ടുവന്നിട്ടുണ്ട്…

പറഞ്ഞിട്ടു തിരിഞ്ഞു നോക്കുമ്പം വണ്ടി വിട്ടുപോകുന്നു.

തൊമ്മിക്കുഞ്ഞ്: അവന്‍ കത്തിച്ചുവിട്ടു….

തങ്കച്ചന്‍: നിക്കെടാ അവിടെ…

ഇരുവരും പിന്നാലെ ഓടുന്നു.

ജോസ്: തങ്കച്ചാ അവനെ വിടരുത്…ഇതിലെ കുറുക്കിനു ചാടിയാല്‍ മതി…വളവിനിട്ടു പിടിക്കാം…

തങ്കച്ചന്‍: വാടാ…വിടരുത്…നമ്മളാരാണെന്ന് അവനിന്നറിയും…

തൊമ്മിക്കുഞ്ഞ്: ജോസേ…ഞങ്ങളവനെയും കൊണ്ടേ വരൂ…

ഇരുവരും മുറ്റത്തിനു പിന്നിലൂടെ ഓടുന്നു. ഭാര്യയും പിന്നാലെ ഓടുന്നു.

ജോസ്: നീയെങ്ങോട്ടു പോകുവാ…ഇവിടെ വാ…എനിക്കിത്തിരി വെള്ളമെടുത്തോണ്ടുവാ…വല്ലാത്ത പരവേശം…

ഭാര്യ:(തിരിച്ചുനടന്ന്) നിങ്ങടെ കാലെവിടെയെങ്കിലും കൊണ്ടുപോയി ഉഴിഞ്ഞുകെട്ടണം….എന്നും ഒടിയാനേ നേരമുള്ളു…

ജോസ്: ഞാന്‍ റോഡിന്റെ സൈഡില്‍ക്കൂടി നടന്നു പോകുവായിരുന്നു…അന്നേരമാ…

ഭാര്യ: (അടുത്തുവന്ന്) നിങ്ങളൊന്നൂതിക്കേ…

ജോസ് ഭാര്യയുടെ മുഖത്തേക്ക് ഊതുന്നു.

ഭാര്യ: (മുഖം വെട്ടിച്ച്) ഹും…പല്ലും തേക്കുകേല…

ജോസ്: എടീ…രാവിലത്തെ നടത്തം കഴിഞ്ഞുവന്നിട്ടല്ലേ പല്ലുതേപ്പ്…

ഭാര്യ: നിങ്ങടെ കാലിനുവല്ലതും പറ്റിയോ…അതോ വെറുതെ വെച്ചുകെട്ടേയുള്ളോ…

ജോസ്: ചെറിയ ഒരു പോറലേയുള്ളു…അവന്റെ കയ്യീന്ന് രണ്ടു കാശുകിട്ടുന്നതു കളയേണ്ടെന്നു തങ്കച്ചനാ പറഞ്ഞത്…

ഭാര്യ: രണ്ടുപേരുടെയും ആവേശത്തോടെയുള്ള ഓട്ടം കണ്ടപ്പം എനിക്കുതോന്നി…

ജോസ്: അവരെ കാണുന്നില്ലല്ലോ…അവന്‍ മുങ്ങിയോ…

ഭാര്യ: അവനല്ല…അവരു മുങ്ങിയോന്നാ എനിക്കു സംശയം…അവന്റെ കയ്യീന്നു കാശും മേടിച്ച് രണ്ടുംകൂടി മുങ്ങിക്കാണും….

വണ്ടി വരുന്നു.

ജോസ്: (നോക്കിയിട്ട്) എവിടെ പോകാന്‍…അവനെ അവര് പൊക്കിയെടുത്തോണ്ടു വരുന്നുണ്ട്.

വണ്ടി മുറ്റത്തുവന്നു നിര്‍ത്തുന്നു. തൊമ്മിക്കുഞ്ഞും തങ്കച്ചനും ഗമയ്ക്ക് പുറത്തേക്ക്.

തങ്കച്ചന്‍: ഇങ്ങോട്ടിറങ്ങെടാ…

തൊമ്മിക്കുഞ്ഞ്: ഞങ്ങടെ ടെറിട്ടറിക്കേറി കളിച്ചിട്ട് മുങ്ങാമെന്നുകരുതിയോടാ…

ഡ്രൈവര്‍ പുറത്തേക്കിറങ്ങുന്നു.

തങ്കച്ചന്‍: നീ നിലത്തൂടെയല്ല ആകാശത്തൂടെ പോയാലും ഞങ്ങളു പൊക്കും…..ഇങ്ങോട്ടുവാടാ…

ഡ്രൈവര്‍: (കൈകൂപ്പി) ന്റെ പൊന്നു ചേട്ടന്മാരേ…ഞാന്‍ മുങ്ങിയതല്ല…കുപ്പിവെള്ളം മേടിക്കാന്‍ പോയതാ…ഈ ചേട്ടന് ദാഹിക്കുന്നെന്നു പറഞ്ഞില്ലായിരുന്നോ…

തങ്കച്ചന്‍:ഇവിടെ പെരയ്ക്കു ചുറ്റും കിണറാ..അന്നേരമാണോ നീ കുപ്പിവെള്ളം മേടിക്കാന്‍ പോയത്…

ജോസ്: (ദയനീയ ഭാവത്തില്‍) എനിക്കു വേദനകാരണം ഇരിക്കാന്‍മേലേ…

തൊമ്മിക്കുഞ്ഞ്: എന്നാ കുറച്ചുനേരം എണീറ്റുനിന്നാലോ…

ഭാര്യ: പാവംപിടിച്ച ഒരു മനുഷ്യനെ വണ്ടിയിടിച്ചിട്ടിട്ട് ഓടിപ്പോകാന്‍ തനിക്കെങ്ങനെ തോന്നിയെടോ…

ഡ്രൈവര്‍: ക്ഷമിക്കണം…ഒരബദ്ധം പറ്റി…

തങ്കച്ചന്‍: നീ ഇവന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ…ഒരു മാസത്തേക്ക് എണീറ്റ് നടക്കരുതെന്നാ ഡോക്ടറ് പറഞ്ഞിരിക്കുന്നത്…

ഭാര്യ: യ്യോ…ഇവിടുത്തെ അടുപ്പെങ്ങനെ പുകയും…

തൊമ്മിക്കുഞ്ഞ്: ജോസേ…ഇവിടെ പുകയില്ലാത്ത അടുപ്പല്ലേ…

തങ്കച്ചന്‍: തനിക്കാ വണ്ടി ഇവന്റെ നെഞ്ചത്തൂടെയങ്ങു കേറ്റാമോ…

ജോസ്: ഒരുത്തന്‍ വീണു കിടക്കുമ്പോഴാണോ തൊമ്മിക്കുഞ്ഞേ നിന്റെ ഊള കോമഡിയടിക്കുന്നേ…ഞാനിനി എന്നാ ചെയ്യും…എന്റെ ജീവിതം പോയില്ലേ…

ഡ്രൈവര്‍: ചേട്ടാ…കാലൊന്നു മുറിഞ്ഞെന്നു കരുതി അത് ജീവിതത്തെ ബാധിക്കുന്നതെങ്ങനാ…

തങ്കച്ചന്‍: താനിത്ര നിസ്സാരമായിട്ടാണോ ഇതു കാണുന്നത്….ഒരു മാസത്തേക്ക് കാലു നിലത്തുകുത്താന്‍ പറ്റാതെവന്നാല്‍ എന്തുചെയ്യും…

തൊമ്മിക്കുഞ്ഞ്: ആശുപത്രീല്‍ പതിനായിരമായി…പിന്നെ ജോസിന് ഒരു മാസത്തെ ചെലവു കാശുതാന്‍ കൊടുക്കണം….

ഡ്രൈവര്‍: ആശുപത്രിയിലെ ബില്ല് ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞതല്ലേ….നിങ്ങളെന്തിനാ ഞാന്‍ വന്നപ്പഴേക്ക് കൊടുത്തത്…

തങ്കച്ചന്‍: അതു ഞങ്ങടെ മാന്യത…അതുപോലെ മാന്യത തിരിച്ചും കാട്ടണം…

ജോസ്: തങ്കച്ചാ കാലിനു വല്ലാത്ത വേദന…ഒന്നൂടെ ആശുപത്രീല്‍ പോയാലോ…

തൊമ്മിക്കുഞ്ഞ്: ആദ്യം പോയതിന്റെ കാശു മേടിക്കട്ടെ…എന്നിട്ടാട്ടെ അടുത്തത്…

ഭാര്യ: ഒരു ഉറുമ്പു കടിച്ചാല്‍ പോലും സഹിക്കുകേലാത്ത മനുഷ്യനാ…ഇനി ഇങ്ങേരെ ഞാനെങ്ങനെ ഒരു മാസം വെച്ചോണ്ടിരിക്കുവോ…

തങ്കച്ചന്‍: നമുക്ക് ഹോംനേഴ്‌സിനെ വെക്കാമെന്നേ….

തൊമ്മിക്കുഞ്ഞ്: അതുകൊള്ളാം….അതിന്റെ കാശുംകൂടി നീ തരണം…

ഡ്രൈവര്‍: എന്റെ പൊന്നു ചേട്ടന്മാരേ…ചെറിയൊരബദ്ധം പറ്റി…അതിനിങ്ങനെ ശിക്ഷിക്കരുത്….വല്ല പത്തോനൂറോ ഞാന്‍ തരാം….അല്ലാതെയെന്റെ കയ്യിലില്ല അതുകൊണ്ടാ…

തങ്കച്ചന്‍: എടാ…നിന്റെ അഭ്യാസമൊന്നും എന്റെയടുക്കല്‍ നടക്കില്ല….

തൊമ്മിക്കുഞ്ഞ്: നീ കാശു വെക്കാതെ ഇവിടെനിന്നും പോകില്ല…

ഭാര്യ: നിങ്ങളിങ്ങുമാറിനിക്ക്…കുറേനരമായി വീരസ്യം പറച്ചിലു തുടങ്ങിയിട്ട്…എനിക്കറിയാം ഇവന്റെ കയ്യീന്ന് കാശുമേടിക്കാന്‍…

ജോസ്: തങ്കച്ചാ..നിങ്ങള് മാറിക്കോ…അവളിപ്പം അവനെ വിരട്ടി കാശു മേടിക്കും…അക്കാര്യത്തിലെനിക്കുറപ്പാ…

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…എന്നാ നമുക്ക് മാറിനില്‍ക്കാം…നമുക്കിപ്പം കാര്യം നടന്നാ മതി…

ഭാര്യ: എടോ..തനിക്കിത്രേം നേരം പറഞ്ഞിട്ടും മനസിലായില്ലേ…ആശുപത്രിചെലവും നഷ്ടപരിഹാരവും തന്നിട്ടു പോകാന്‍ നോക്ക്…

ഡ്രൈവര്‍: രണ്ടു കടുംവെട്ടുകള് നോക്കിയിട്ട് നടന്നില്ല…പിന്നെയാണോ ചേച്ചി…

ഭാര്യ: ഇതേ രക്തം വേറെയാ…മാളികപ്പറമ്പില്‍ക്കാരുടെ ചോരയ്ക്ക് ഉശിരുകൂടും…

ഡ്രൈവര്‍: (നോക്കിനിന്നിട്ട്) മാളികപ്പറമ്പില്‍ ചാക്കോച്ചന്‍…

ഭാര്യ: എന്റെയപ്പനാ…

ഡ്രൈവര്‍: മാളികപ്പറമ്പില്‍ ജോഷ്വാ…

ഭാര്യ: എന്റെയാങ്ങളയാ…

ഡ്രൈവര്‍: ഡെയ്‌സി…

ഭാര്യ: നാത്തൂനാ…

ജോസ്: ഇവനെന്നാ…ഇവള്‍ടെ കുടുംബചരിത്രമെഴുതുന്നവനാണോ…

ഡ്രൈവര്‍: അങ്ങനെവരട്ടെ..എന്റെ പെങ്ങളാ ഡെയ്‌സി…

ഭാര്യ: (സംശയിച്ച്)നാത്തൂന് ഒരാങ്ങളയേയുള്ളു…അവന്‍ യുകേയിലാണല്ലോ…

ഡ്രൈവര്‍: അത് ജെയിംസ്….ഞാന്‍ തോമസ് കുട്ടി…ഡെയ്‌സീടെ വല്യപ്പന്റെ അനിയന്റെ രണ്ടാമത്തെ മകന്റെ പെങ്ങടെ ചേട്ടന്റെ മകന്‍…തോമസുകുട്ടി….

ഭാര്യ: യ്യോ…ഡെയ്‌സീടെ കൂടപ്പിറപ്പാണോ…എന്നാലതു പറയേണ്ടേ…അകത്തോട്ടിരിക്കാമെന്നേ…ആദ്യമായിട്ടു വരുവല്ലേ ഇവിടെ…ഇവര് പറഞ്ഞതൊന്നും കാര്യമാക്കേണ്ട കേട്ടോ…

ഇതെല്ലാം കണ്ട് മൂന്നുപേരും അന്തംവിട്ടു നില്‍ക്കുവാണ്.

തോമസുകുട്ടി: സമയമില്ല ചേച്ചീ…പിന്നെയൊരു ദിവസമാകട്ടെ…ഇനിയിപ്പം പരിചയമായല്ലോ…(ജോസിന്റെയടുത്തേക്ക് വന്ന്) അളിയാ… കാലു സൂക്ഷിക്കണം…നനയ്ക്കരുത്…അധികം ഇളക്കരുത്…

തങ്കച്ചന്‍: നീയിനി നിന്ന് അധികം ഇളക്കേണ്ട…

തോമസുകുട്ടി: നിങ്ങളോട് എനിക്ക് ഒരു പിണക്കവും ഇല്ല….(തങ്കച്ചന്റെ തോളത്തുതട്ടി)നമ്മളൊക്കെ ചെറുപ്പക്കാരല്ലേ…ചില്ലറ വാക്കുതര്‍ക്കമൊക്കെയുണ്ടാകും…അതുസ്വാഭാവികം…

തൊമ്മിക്കുഞ്ഞ്: തങ്കച്ചന്‍ വീണു…

ഭാര്യ: നിങ്ങള്‍ക്ക മനസിലായില്ലേ…ഡെയ്‌സീടെ ആങ്ങളയാ…പറഞ്ഞുവരുമ്പം അളിയനാ…

ജോസ്: പറഞ്ഞുവന്നത് ഞാന്‍ കേട്ടായിരുന്നു…

തോമസുകുട്ടി: അളിയാ…ചേട്ടന്മാരേ..ചേച്ചീ….വീണ്ടും കാണാം…(വണ്ടിയില്‍ കയറി പോകുന്നു)

ഭാര്യ അകത്തോട്ടു പോകുന്നു.

തങ്കച്ചന്‍: ഇതിനെ എന്നാ ചെയ്യണം….

ഭാര്യ: (തിരിഞ്ഞുനിന്ന്) എടുത്ത് അകത്തോട്ടുവെച്ചേര്…(പോകുന്നു)

തൊമ്മിക്കുഞ്ഞ്: ഇനി എടുക്കാനൊന്നും പറ്റില്ല….മുമ്പത്തെ എടുക്കലും ഓട്ടവുമെല്ലാംകൂടി നടുവുവെട്ടി…ചെന്നിട്ടു കുഴമ്പുതേച്ചൊന്നു കുളിക്കണം…

തങ്കച്ചനും തൊമ്മിക്കുഞ്ഞും നടക്കുന്നു.

ജോസ്: (കാലേലെ കെട്ടഴിക്കാനൊരുങ്ങി) പോകുന്നവഴിക്ക് ഇതുംകൂടി അവിടെയെവിടെയേലും കളഞ്ഞേക്ക്…

തങ്കച്ചന്‍: കെട്ടീതല്ലേ…അവിടെത്തന്നെയിരിക്കട്ടെ…വേറെ ഏതേലും രീതിയില്‍ മുതലാക്കാം…

നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here