നാറുന്നതിനേക്കാള്‍ഭേദം രണ്ടിടിയാ…

0
141

നേരംപോക്ക്
എപ്പിസോഡ്-59

വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും ജോസും. സിനിമ കണ്ടിട്ടുവരുന്ന വഴിയാണ്.

തങ്കച്ചന്‍: ഹോ…ഇത്രയും സൂപ്പര്‍ സിനിമയാണെന്ന് കരുതിയില്ല…

തൊമ്മിക്കുഞ്ഞ്: അനുഭവ കഥയാ..പണ്ട് പത്രത്തില്‍ വന്നതാ…മഞ്ഞുമ്മല് നിന്ന് കുറേ പിള്ളേര് സെറ്റ് കൊടൈക്കനാലിന് പോയ കഥ…

തങ്കച്ചന്‍: ഞാന്‍ വായിച്ചിട്ടുണ്ട്…കൊടൈക്കനാലില് കൊണ കേവില്‍ കുടുങ്ങിയതല്ലേ…

ജോസ്: കൊണയല്ല…ഗുണ…ഗുണ കേവ്…

തങ്കച്ചന്‍: നമ്മള്‍ക്കും അതുപോലൊന്ന് പോണം…

തൊമ്മിക്കുഞ്ഞ്: എന്നിട്ട് നിങ്ങളെ അതിനകത്തോട്ട് തള്ളിയിട്ടേച്ചിട്ട് ഞങ്ങള് രക്ഷിക്കാം…

തങ്കച്ചന്‍: നീയൊക്കെ വേണേ തള്ളിയിടും…രക്ഷിക്കുകേല…

ജോസ്: ജീവിക്കുന്നേ ഇങ്ങനെയൊക്കെയുള്ള സാഹസങ്ങള് ചെയ്ത് ജീവിക്കണം…അല്ലാതെ ചുമ്മാ രാവിലെ പഴങ്കഞ്ഞിയും കുടിച്ച് നാട്ടുകാരേക്കുറിച്ച് പരദൂഷണവും പറഞ്ഞുനടന്നാ പോര…

തങ്കച്ചന്‍: അതു നിന്റെ കാര്യം…ഞാന്‍ പണ്ട് ആവശ്യത്തിന് സാഹസം കാണിച്ചിട്ടുണ്ട്…

തൊമ്മിക്കുഞ്ഞ്: ക്ലാസ് കട്ട് ചെയ്ത് എ പടം കാണാന്‍ പോയതല്ലേ…

തങ്കച്ചന്‍: നീ ഇല്ലിക്കല്‍കല്ലേല് നരകപാലം കടന്നിട്ടുണ്ടോ….അതു കടന്നവനാ ഞാന്‍…

ജോസ്: തോട്ടിലെ ഒറ്റതെങ്ങിന്‍തടിപാലം കടക്കാന്‍ പേടിയായിട്ട് ഇറങ്ങിക്കടന്നവനാ വീരസ്യം പറയുന്നത്…

തങ്കച്ചന്‍: (ചൂടായി) നിനക്കെന്നാ അറിയാമെടാ….നരകപാലം കടന്നു…അതിസാഹസികമായി…നടുക്കുവെച്ച് കാലുതെന്നി….ഭാഗ്യത്തിന് കാല് രണ്ടുവശത്തേക്കായിട്ടാ വീണത്….അതുകൊണ്ട് പാലത്തേല്‍ തന്നെയിരുന്നുപോയി…

തൊമ്മിക്കുഞ്ഞ്: ആ ഇരുപ്പ് എത്രനാളിരുന്നു അവിടെ….

തങ്കച്ചന്‍: അങ്ങോട്ടോ..ഇങ്ങോട്ടോ അനങ്ങിയാല്‍ താഴെവീഴും…താഴെവീണാല്‍ പിന്നെ പൊടിപോലും കിട്ടില്ല…താഴോട്ടു നോക്കിയാല്‍ തലകറങ്ങും…ഞാന്‍ രാത്രിയാകാന്‍ കാത്തിരുന്നു….

ജോസ്: അതെന്നാത്തിനാ…വീണാല്‍ ആരും അറിയാതിരിക്കാനാണോ…

തങ്കച്ചന്‍: (തലയില്‍ തൊട്ട്) ചിന്തിക്കണം…രാത്രിയില്‍ മൊത്തം ഇരുട്ടല്ലേ…അപ്പോ താഴോട്ടുനോക്കിയാലും തലകറങ്ങില്ലല്ലോ…ഇരുട്ടുപരന്നപ്പോ ഞാന്‍ പയ്യെ എണീറ്റു…കയ്യിലെ പെന്‍ടോര്‍ച്ച് തെളിച്ച് അക്കരെ കടന്നു…പെന്‍ടോര്‍ച്ചാവുമ്പം അതിന്റെ വെളിച്ചത്തില്‍ മാത്രം ചവുട്ടിയാല്‍ മതിയല്ലോ..

ജോസ്: എന്നാ ഒന്നൂടെ നരകപ്പാലം കടക്കാന്‍ പോയാലോ…

തങ്കച്ചന്‍: ഇനി ഇല്ല…അതിന്റെ ത്രില്ല് പോയി…

തൊമ്മിക്കുഞ്ഞ്: നിങ്ങളിങ്ങനെ തള്ളിക്കൊണ്ടിരുന്നോ…നമ്മള്‍ക്കും നാലാളറിയുന്ന എന്തെങ്കിലും ചെയ്യണം…

ജോസ്: അതുനേരാ…സിനിമാ കാണാന്‍ പോയപ്പോ…പിള്ളേരു സെറ്റിന്റെ പുച്ഛത്തിലുള്ള നോട്ടം കണ്ടില്ലായിരുന്നു…

തൊമ്മിക്കുഞ്ഞ്: നമ്മടെ ഇപ്പുറത്തിരുന്നവന്‍ പറയുന്നതുകേട്ടില്ലായിരുന്നോ…ഈ കെളവന്മാര്‍ക്ക് വേറേ പണിയില്ലേന്ന്…

തങ്കച്ചന്‍: ഞാന്‍ കേട്ടായിരുന്നു…ഇറങ്ങിയപ്പോ….അവന്റെ കാലേല്‍ ഞാന്‍ അറിയാത്തമട്ടിലൊരു ചവിട്ടും കൊടുത്തിട്ടുണ്ട്…

നടന്നുവരുന്ന കറിയാച്ചന്‍.

കറിയാച്ചന്‍: ഇതെന്നാ കാര്‍ന്നോന്മാരെല്ലാം കൂടി വഴിവക്കിലിരുന്നൊരു കൂടിയാലോചന…

ജോസ്: ആരാടാ കാര്‍ന്നോന്മാര്…നീ മരിയാദയ്ക്ക് വര്‍ത്തമാനം പറഞ്ഞോണം…

തങ്കച്ചന്‍: അത്തരം കമന്റുകളൊന്നും വേണ്ട…നീ കാര്യമെന്നാന്നു വെച്ചാ പറ…

തൊമ്മിക്കുഞ്ഞ്: കറിയാച്ചാ..നീ കഴിഞ്ഞയാഴ്ച കൊടൈക്കനാലിനു പോയെന്നു പറേന്ന കേട്ടല്ലോ…

കറിയാച്ചന്‍: ഞങ്ങള് കമ്പനിക്കാരെല്ലാം കൂടി ഒറു ടൂറ് പോയതല്ലേ…

ജോസ്: സിനിമേല്‍ കണ്ട ഗുണ കേവ് കാണാന്‍ പോയോ…

കറിയാച്ചന്‍: പോയോന്നോ…അവിടെയല്ലായിരുന്നോ ഒരു ദിവസം മുഴുവന്‍…കാണേണ്ട കാഴ്ചയാ…ഒറുത്തന്‍ പാറേടെ ഇടേല്‍ക്കൂടി താഴോട്ടുപോയി…ഞാന്‍ പുറകേ ചാടിയിറങ്ങി രക്ഷിക്കുകയായിരുന്നു…(ദേഹംതൂത്ത്) ദേഹമാകെ ഉരഞ്ഞ് നാശമായി…

തങ്കച്ചന്‍: നീയങ്ങ് തള്ളിമറിക്കേണ്ട…ഞങ്ങള് സിനിമകണ്ടേച്ച് വരുന്ന വഴിയാ…

കറിയാച്ചന്‍: (ചമ്മലോടെ) സിനിമ കണ്ടായിരുന്നല്ലേ…

ജോസ്: അങ്ങോട്ട് ഇപ്പം ആളെ കടത്തിവിടുകേലെന്ന് പറയുന്നത് കേട്ടല്ലോ…

കറിയാച്ചന്‍: വിടുകേലെന്നൊക്കെ പറഞ്ഞായിരുന്നു…ഞാനന്നേരേ സ്റ്റാലിനെ വിളിച്ച് വിവരം പറഞ്ഞു…

ജോസ്: അവിടുത്തെ വാച്ചറാണോ..

കറിയാച്ചന്‍: വാച്ചറോ…തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍…

തങ്കച്ചന്‍: (എണീറ്റുകൊണ്ട്) ഇനി ഇവിടെയിരുന്നാല്‍ വല്ലതും പറഞ്ഞുപോകും…

തൊമ്മിക്കുഞ്ഞ്: (തങ്കച്ചനെ തടഞ്ഞ്) അവിടെയിരിക്ക്…ഇവനെ കൊണ്ട് നമുക്ക് ഒരു കാര്യമുണ്ട്…പൊങ്ങനാന്നേയുള്ളു..ഉപകാരിയാ…

ജോസ്: കറിയാച്ചാ…സിനിമേല് #കാണുന്നപോലെയാണോ അവിടമൊക്കെ…

കറിയാച്ചന്‍: നിങ്ങള് കൊടൈക്കനാലൊന്നും കണ്ടിട്ടില്ലേ…

തങ്കച്ചന്‍: ഞങ്ങടെയൊക്കെ ജീവിതം റബറിന്റെ ചുവട്ടില്‍ തളച്ചിടപ്പെട്ടുപോയില്ലേ…റബറുവെട്ടുക…പഴേങ്കഞ്ഞികുടിക്കുക…അത്രതന്നെ…

കറിയാച്ചന്‍: (ആത്മഗതം) എന്നാ ധൈര്യമായിട്ടു തള്ളാം….കൊടൈക്കനാല് കണ്ടിട്ടില്ലേ ജീവിതത്തിന്റെ പാതി നഷ്ടപ്പെട്ടുവെന്നു കൂട്ടിയാല്‍മതി…

തൊമ്മിക്കുഞ്ഞ്: ജീവിതത്തിന്റെ മുക്കാല്‍ഭാഗവും കഴിഞ്ഞു…ഇനിയേതു പാതിയാ നഷ്ടപ്പെടുന്നത്…

കറിയാച്ചന്‍: ചേട്ടാ ചുമ്മാ ഇവിടെ കുത്തിയിരുന്നാല്‍ പോരാ…പുറത്തോട്ടിറങ്ങ് ലോകം ചിറ്റിക്കാണ്…

തങ്കച്ചന്‍: ഞങ്ങള്‍ക്കും പോകണമെന്നൊക്കെയുണ്ട്…പക്ഷേ..പരിചയമുള്ള ആരെങ്കിലും വേണ്ടേ കൂട്ട്…

കറിയാച്ചന്‍: അതിനല്ലെ ഞാന്‍…ഞാന്‍..നിങ്ങടെ ഗൈഡായിക്കോളാം…

തൊമ്മിക്കുഞ്ഞ്: ഹോ…അതിനും ഗൈഡിറങ്ങിയോ…സമ്മതിക്കണം ഈ ഗൈഡുകാരെ…നമ്മളൊക്കെ പഠിക്കുമ്പം വല്ല ഗൈഡുമുണ്ടോ…ഇപ്പോ എല്ലാത്തിനും ഗൈഡാ…

ജോസ്: എന്നാ തൊമ്മിക്കുഞ്ഞേ…ഇന്നു തന്നെ മൂന്നു ഗൈഡു മേടിച്ചോ…അതു പഠിച്ചിട്ട് നമ്മക്കും അങ്ങ് ഇറങ്ങാം….

കറിയാച്ചന്‍: ഗൈഡെന്നു പറഞ്ഞാലെന്നതാന്നു കരുതിയാ…ടൂറിസ്റ്റുകള്‍ക്ക് ഒപ്പം നടന്ന അവരെ കാഴ്ചകള്‍ കാണിക്കുന്ന ആള്…അല്ലാതെ പിള്ളേര്‍്കകു പഠിക്കാനുള്ള ഗൈഡല്ല…

ജോസ്: എന്നാ സമ്മതിച്ചു…നീ ഞങ്ങടെ ഗൈഡ്…എങ്ങോട്ടാ നമ്മടെ ആദ്യ യാത്ര..

തങ്കച്ചന്‍: കൊടൈക്കനാലിലോട്ടായിക്കോട്ടെ…അതല്ലെ ഒരുത്രില്ല്…

കറിയാച്ചന്‍: കൊടൈക്കനാലിനു പോകാം…പക്ഷേ ഗുണ കേവിലോട്ട് കേറ്റിവിടുകേല…

തങ്കച്ചന്‍: നീയല്ലേ പറഞ്ഞത്…സ്റ്റാലിനോട് പറഞ്ഞ് സമ്മതിപ്പിക്കാമെന്ന്…

കറിയാച്ചന്‍: എന്റെ ഫോണ്‍ അന്ന് ഗുണകേവിന്റെ വിള്ളലിലൂടെ താഴോട്ടുപോയി…അതിലായിരുന്നു സ്റ്റാലിന്റെ നമ്പര്‍..

ജോസ്: സ്റ്റാലിന്റെ നമ്പര്‍ കിട്ടാനാണോ പാട്…അതു നമ്മക് സംഘടിപ്പിക്കാം…

കറിയാച്ചന്‍: അങ്ങനെ വല്ല നമ്പറിലും വിളിച്ചാല്‍ പുള്ളിയെടുക്കില്ല…പേഴ്‌സണല്‍ നമ്പറില്‍ വിളിക്കണം…അതുപോയില്ലേ…

തങ്കച്ചന്‍: നമ്മക്ക അവിടെ ചെന്നേച്ച് വല്ല പാറേടെ ഇടേല്‍ക്കേറി നിന്നിട്ട് ഫോട്ടോയെടുത്താ മതിയെന്നേ…ഇവിടെ വന്ന് ഗുണ കേവെന്ന് പറഞ്ഞാല്‍ മതി…

തൊമ്മിക്കുഞ്ഞ്: അപ്പോള്‍ എല്ലാം ഫിക്‌സഡ്….നാളെ നമ്മള്‍ കൊടൈക്കനാലിലേക്ക്…..

കറിയാച്ചന്‍: എ്ല്ലാവരും റെഡിയായി വരണം…

ജോസ്: റെഡിയാകാനെന്തിരിക്കുന്നു…ഒരുഷിമ്മിക്കൂടില്‍ ഒരു തോര്‍ത്തും മുണ്ടും ഷര്‍ട്ടുമെടുത്താല്‍ പോരേ…

കറിയാച്ചന്‍: ഇതാ നിങ്ങടെ കുഴപ്പം…ട്രക്കിംഗിനു പോകുമ്പം അതിനു ചേരുന്ന ഡ്രസിടണം…

തൊമ്മിക്കുഞ്ഞ്; ട്രക്കേലാമോ പോകുന്നത്…ഞാനില്ല…നടുവിനുവേദനയാ….

കറിയാച്ചന്‍: ഇങ്ങേരേ ഞാന്‍ കൊടൈക്കനാലില്‍ ചെല്ലുമ്പം താഴേക്ക് വലിച്ചെറിയും…ട്രക്കിംഗ് എന്നു പറഞ്ഞാല്‍ മലകയറ്റം…

തൊമ്മിക്കുഞ്ഞ്: അങ്ങനെ മലയാളത്തില്‍ പറ…

ജോസ്: കാശ് എല്ലാവരും ഇന്നുതന്നെ എന്നെ ഏല്‍പ്പിക്കണം….നാളെ നമ്മള് പോകുന്നു…

തങ്കച്ചന്‍: അങ്ങനെ മാടമല ബോയിസ് കൊടൈക്കനാലിലേക്ക്…

എല്ലാവരും ആര്‍പ്പുവിളിക്കുന്നു.

സീന്‍-2

ധൃതിയില്‍ വീട്ടിലേക്കു വരുന്ന ജോസ്. ഭാര്യ മുറ്റത്തു പ്രതീക്ഷിച്ചു നില്‍ക്കുന്നു.

ഭാര്യ: നല്ല സന്തോഷത്തിലാണല്ലോ…വരവ്…

ജോസ്: എങ്ങനെ സന്തോഷിക്കാതിരിക്കും…ഒത്തിരി നാളത്തെ ആഗ്രഹമല്ലേ…

ഭാര്യ: നിങ്ങള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് എന്നിട്ട് എന്നോടു പറഞ്ഞില്ലല്ലോ…അളിയനോട് പറഞ്ഞു അല്ലേ…

ജോസ്: ങും…ആഗ്രഹം പറയാന്‍ പറ്റിയ സാധനം…

ഭാര്യ: അവന്‍ വിളിച്ചില്ലേ…എന്നെ വിളിച്ചായിരുന്നു..

ജോസ്: അവനെന്നാത്തിനാ എന്നെ വിളിക്കുന്നത്…

ഭാര്യ: വേളാങ്കണ്ണിക്കു പോകുന്നകാര്യം പറഞ്ഞില്ലേ…

ജോസ്: വേളാങ്കണ്ണിക്ക് ആറു പോകുന്നു…ഞങ്ങള് നാളെ കൊടൈക്കനാലിനു പോകുവാ..

ഭാര്യ: ആങ്ങള വിളിച്ചായിരുന്നു…അവരെല്ലാവരുംകൂടി വേളാങ്കണ്ണിക്കു നാളെ പോകുവാ…ടിക്കറ്റ് ബുക്ക് ചെയ്തു..നമ്മളും ചെ്ല്ലണമെന്ന്…

ജോസ്: നിന്റെ വീ്ട്ടുകാരുടെ കൂടെ എന്റെ പട്ടിവരും ടൂറിന്…

ഭാര്യ: എന്നെ ഇട്ടേച്ച് കൂട്ടുകാരുടെകൂടെ കറങ്ങാന്‍ പോകാന്‍ ഞാന് #സമ്മതിക്കുകേല…

ജോസ്: അതിനു നിന്റെ സമ്മതം ആര്‍ക്കുവേണം…

ഭാര്യ: (വരാന്തയിലേക്കിരുന്ന് നെഞ്ചത്തടിച്ച്) ന്റെ ദൈവമേ എനിക്കാരുമില്ലേ…എനിക്കിനി ജീവിക്കേണ്ട….എന്റെ വേളാങ്കണ്ണി മാതാവേ എന്നെ അങ്ങെടുത്തോണേ…(തല തൂണിനിട്ടിടിക്കുന്നു) ഇങ്ങേര് വേറേ ആരണ്ടടെകൂടി ചുറ്റിക്കറങ്ങാന്‍ പോകുവാണേ…

ജോസ്: തലയിടിച്ചു പൊളിക്കേണ്ട…ഞാന്‍ വരാം…നാട്ടുകാരുകേട്ടാല്‍ നാണക്കേടാ…

ഭാര്യ: (കരച്ചില്‍ സ്വിച്ചിട്ടതുപോലെ നിര്‍ത്തി ചിരിച്ച് ചാടിയെണീക്കുന്നു) എന്നാ പോയേക്കാം…ഞാന്‍ ബാഗ് റെഡിയാക്കാം…(്അകത്തേക്ക് ഓടിപ്പോകുന്നു)

ജോസ്: (അകത്തോട്ടുനോക്കി) പോയാല്‍ അവന്മാര് ഇടിക്കും…പോയില്ലേല്‍ ഇവള് നാറ്റിക്കും…നാറുന്നതിനേക്കാള്‍ ഭേദം രണ്ടിടിയാ…(അകത്തോട്ടു പോകുന്നു)

സീന്‍-3

ടൂറിനു പോകുന്ന ഗെറ്റപ്പില്‍ വീട്ടിലേക്ക് വരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും കറിയാച്ചനും.

തങ്കച്ചന്‍: (ബെല്ലടിക്കുന്നു) ആരെയും കാണുന്നില്ലല്ലോ…

തൊമ്മിക്കുഞ്ഞ്: (ഉച്ചത്തില്‍) ജോസേ…പൂയ്…..

കറിയാച്ചന്‍: ചേട്ടാ ചുമ്മാ കിടന്ന് ബഹളം വെക്കാതെ …അങ്ങേര് ഒരുങ്ങുവായിരിക്കും…(തിരിഞ്ഞ് ഒറ്റ അലറിച്ച) ജോസു ചേട്ടാ…

തൊമ്മിക്കുഞ്ഞ്: ഇതാണോ ശാന്തമായിട്ടുള്ള വിളി…

തങ്കച്ചന്‍: (ചുറ്റുംനടന്ന്) ആരുമില്ലാത്ത ലക്ഷണമാണല്ലോ…

കറിയാച്ചന്‍: കാശൊക്കെ ഇന്നലെത്തന്നെ പുള്ളിയെ എല്ലാവരും ഏല്‍്പ്പി്ച്ചായിരുന്നോ…

തങ്കച്ചന്‍: അതൊക്കെ ഇന്നലെത്തന്നെ ഏല്‍പ്പിച്ചതാ…

കറിയാച്ചന്‍: എന്നാ അങ്ങേരിപ്പം കേരള അതിര്‍ത്തി കടന്നുകാണും…

തങ്കച്ചന്‍: ഏയ്…ജോസ് അങ്ങനെപറ്റിക്കുവൊന്നുമില്ല…(ഇരുന്നുകൊണ്ട് തൊമ്മിക്കുഞ്ഞിനോട്) പറ്റിക്കുവോ…

തൊമ്മിക്കുഞ്ഞ്: (തലകുലുക്കി) പറ്റിക്കും…

തങ്കച്ചന്‍: (ചാടിയെണീറ്റ്) വിളിക്കെടാ അവനെ ഫോണെടുത്ത്..

തൊമ്മിക്കുഞ്ഞ്: (ഫോണ്‍ വിളിക്കുന്നു. കുറച്ചുനേരം ചെവീല്‍ വെച്ചിട്ട്) തമിഴിലേതാണ്ട് പറയുന്നു….

കറിയാച്ചന്‍: ഞാന്‍ പറഞ്ഞില്ലേ അതിര്‍ത്തി കടന്നിട്ടുകാണുമെന്ന്…

തൊമ്മിക്കുഞ്ഞ്: ഹലോ..ഹലോ..ജോസേ എവിടെയാ….ഞങ്ങള് മുറ്റത്തുനില്‍പ്പുണ്ട്…ങേ…വേളാങ്കണ്ണിയോ…ങേ…ങാ…(ഫോണ്‍ വെച്ചിട്ട്) ജോസ് വേളാങ്കണ്ണിക്കുപോയി…ഭാര്യവീട്ടുകാരുടെ കൂടെ…വരുമ്പം കാര്യങ്ങള് പറയാമെന്ന്…

തങ്കച്ചന്‍: വ്ന്നിട്ട് എന്നാ പറയാനാ…(ഇരുന്നുകൊണ്ട്) ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല…കണ്ണടയ്ക്കുമ്പം കൊടൈക്കനാലായിരുന്നു മുന്നില്‍…

തൊമ്മിക്കുഞ്ഞ്; എന്നാ കണ്ണടച്ചവിടെയിരുന്നോ…ഞാന്‍ പോകുവാ…വടിയെല്ലാം ഇങ്ങുതന്നേര്…(വടിമേടിച്ചു നടക്കുന്നു) വീ്ട്ടുകാരത്തിക്ക് കൊണ്ടുപോയി കൊടുത്താല്‍ ഒറു കഞ്ഞിക്കുള്ള വെറകായി. (പോകുന്നു)

കറിയാച്ചന്‍: സ്‌റ്‌റാലിന്‍ വിളിക്കുമ്പം ഞാനിനി എന്നാ പറയും.. അത്താഴത്തിന് വീ്ട്ടിലോട്ടുവന്നേക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നതാ…കാണാത്തപ്പം വിളിതുടങ്ങും…

തങ്കച്ചന്‍: കാലേതൂക്കിയൊരേറ് എറിഞ്ഞാ ഗൊണകേവില്‍ പോയി കിടക്കും….കാശും പോയി അവനിങ്ങോട്ടു വരട്ടെ(കലികയറി പോകുന്നു)

കറിയാച്ചന്‍: രണ്ടു ദിവസം ഇവന്മാരുടെ ചെലവില്‍ കറങ്ങാമെന്നു കരുതിയതാ…അതു ചീറ്റി…(തൂണേലോട്ടു നിരാശയോടെ ചാരുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here