പൊലീസിന്റെ ചരട് നിയന്ത്രിക്കുന്നവര്‍ വായിച്ചറിയാന്‍

0
137

കേരള പൊലീസിന്റെ കൈകള്‍ കെട്ടിയിട്ട് പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ശക്തി ആര്? ഇതിനുത്തരം കണ്ടെത്തി അതിവേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കേരളം അനിതരസാധാരണമായ ദുരന്തത്തിലേക്ക് നീങ്ങിയേക്കും. കുറ്റാന്വേഷണരംഗത്ത് ഏറെ മികവ് പുലര്‍ത്തുന്ന സേനയാണ് കേരള പൊലീസ്. നിരവധി സാഹചര്യങ്ങളില്‍ ഇത് വെളിപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചയും, ഇന്ന് പകല്‍ വെളിച്ചത്തില്‍ എറണാകുളത്ത് പ്രസവിച്ചയുടനെ പിഞ്ചുകുഞ്ഞിനെ നടുറോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിലുമൊക്കെ മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളെ പൊലീസ് പൊക്കിയത്.

കുറ്റകൃത്യങ്ങള്‍ നടത്തിയിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കടന്ന് മാളത്തിലൊളിക്കുന്ന പ്രതികളെ അവിടെയെത്തി ചങ്കൂറ്റത്തോടെ പൊക്കി കൊണ്ടുവന്ന സംഭവങ്ങളും നിരവധി.

പിന്നെയെന്തുകൊണ്ടാണ് വയനാട്ടിലെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിനു പിന്നിലെയും തലസ്ഥാനനഗരിയില്‍ മേയര്‍ ബസ് തടഞ്ഞ സംഭവത്തിലും പൊലീസിന് പഴികള്‍ കേള്‍ക്കേണ്ടിവരുന്നത്. ഉത്തരം വൃക്തമാണ്- രാഷ്ട്രീയ ഇടപെടലുകള്‍. അന്വേഷണമികവിലൂടെ പ്രിതീകളെ പിടികൂടുന്ന മറ്റ് കേസന്വേഷണങ്ങളിലൊന്നും രാഷ്ട്രീയ ഇടപെടലുകള്‍ വരുന്നില്ല. കേരളത്തെ ഞെട്ടിച്ച ഈ രണ്ടു സംഭവങ്ങളിലും അന്വേഷിക്കാനെത്തുന്ന പൊലീസുകാരേക്കാള്‍ രാഷ്ട്രീയക്കാരാണ് ഇടിച്ചുകയറി മുന്നില്‍ നില്‍ക്കുന്നത്.

മേയര്‍ ബസ് തടഞ്ഞ സംഭവത്തിലെ മെമ്മറി കാര്‍ഡ് കാണാതാകുന്നത് പൊലീസിന്റെ കണ്‍മുന്നില്‍ നിന്നാണെന്നു പറയാം. മൂന്നു കാമറ ബസിലുണ്ടെന്ന് പൊലീസ് മനസിലാക്കേണ്ടതായിരുന്നു. കേസിലെ സുപ്രധാന തെളിവായി മെമ്മറി കാര്‍ഡ് മാറുമെന്ന് തിരിച്ചറിയാഞ്ഞിട്ടാണോ പൊലീസിന് ഈ പിഴവ് സംഭവിച്ചത്. ഇത്തരം അവസരങ്ങളില്‍ തെളിവുകളായി മാറുന്നതിനല്ലേ ഇങ്ങനെ സിസിടിവി കാമറകള്‍ ബസുകളില്‍ വെക്കുന്നത്. കൂടുതല്‍ ബസുകളില്‍ ഇത്തരം കാമറകള്‍ വെക്കുന്നതിനുള്ള നീക്കങ്ങളിലാണ് കെഎസ്ആര്‍ടിസി. തെളിവുകളായി മാറുന്ന മെമ്മറികാര്‍ഡുകള്‍ സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ബസുകളില്‍ സിസിടിവി കാമറകള്‍ പിടിപ്പിക്കാനൊരുങ്ങുന്നത്.

ഏതായാലും ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ യഥാര്‍ത്ഥവില്ലനെ കണ്ടെത്തുക അസാധ്യമെന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ വേറെയും സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ബസിലെ കണ്ടക്ടറെ ഇതുവരെയും ചോദ്യം ചെയ്തതായോ മൊഴിയെടുത്തതായോ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

സംഭവം നടന്നതിന് പിന്നാലെ മെമ്മറി കാര്‍ഡ് നീക്കം ചെയ്തു എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ എവിടെ വെച്ച് എന്നതില്‍ അവ്യക്തതയാണ്. ഡിപ്പോയില്‍ നിന്നോ, യൂണിവേഴ്സിറ്റി കോളജിനുമുന്നില്‍ വെച്ചോ, അതുമല്ലെങ്കില്‍ പിറ്റേന്ന് ട്രിപ്പ് പോയപ്പോഴോ ആകാം. ഇങ്ങനെ പൊലീസ് സംശയിക്കുന്ന സാധ്യതകള്‍ ഏറെ.

ബസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് തിരിച്ചുവാങ്ങിയപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കെഎസ്ആര്‍ടിസി അധികൃതരായിരുന്നു. തമ്പാനൂരില്‍ നാല് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടെസ്റ്റിങ് കഴിഞ്ഞ് ഇറങ്ങിയതില്‍ വിവാദത്തിലായ തിരുവനന്തപുരം- തൃശൂര്‍ ബസില്‍ മാത്രം മെമ്മറി കാര്‍ഡ് ഇല്ലാതായതെങ്ങനെ എന്നതാണ് ബാക്കിയാകുന്ന ചോദ്യം. മേയര്‍ ബസ് തടയുന്ന നിമിഷംവരെ മൂന്നുകാമറകളും പ്രവര്‍ത്തിച്ചിരുന്നതായി ഡ്രൈവര്‍ യദുവും പറയുന്നുണ്ട്. മെമ്മറി കാര്‍ഡ് കണ്ടെത്താതെ ഈ കേസിലെ അന്വേഷണം മുന്നോട്ടു നീക്കാനാവില്ല.

നീതി എല്ലാവര്‍ക്കും ഒരുപോലെയെന്നതാണ് ഇവിടെ നഷ്ടമാകുന്നത്. ദിവസങ്ങളായി തുടരുന്ന സൈബര്‍ പോരിനും ചാനല്‍ ചര്‍ച്ചകള്‍ക്കും അന്ത്യം കുറിക്കാമായിരുന്ന മെമ്മറി കാര്‍ഡ് കണ്ടെത്താനാകാത്തതിന്റെ വിഴുപ്പുഭാണ്ഡം കേരളപൊലീസിന്റെ തലയിലേറ്റിക്കൊടുത്തവര്‍ ആരാണെന്നാണ് കണ്ടെത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here