ബംഗാളി ചമഞ്ഞ് പണിക്കു വന്നതാ

0
92

നേരംപോക്ക്:എപ്പിസോഡ്-60

മതിലേല്‍ പത്രം വായിച്ചിരിക്കുന്ന തൊമ്മിക്കുഞ്ഞും തങ്കച്ചനും.

തൊമ്മിക്കുഞ്ഞ്: നിങ്ങളിതു വായിച്ചില്ലേ…ബാങ്കീന്ന് ബോണ്ടാ മേടിച്ച് കോടികളാ ഓരോരുത്തര് ഉണ്ടാക്കുന്നത്….

തങ്കച്ചന്‍: നീയെന്നാ തേങ്ങായാ പറയുന്നത്…

തൊമ്മിക്കുഞ്ഞ്: തേങ്ങായല്ല..ബോണ്ടാ…ഓരോ കച്ചവടമേ…

തങ്കച്ചന്‍: എടാ പൊട്ടാ…അതു നമ്മള് തിന്നുന്ന ബോണ്ടായല്ല…രാഷ്ട്രീയക്കാര്‍ക്കു തിന്നാനുള്ളതാ…ബോണ്ട്….ഇലക്ട്രല്‍ ബോണ്ട്…നല്ലതുപോലെ വായിക്ക്…

തൊമ്മിക്കുഞ്ഞ്: ങാ…ബോണ്ടാണേലും ബോണ്ടായാണേലും ഉരുട്ടിവിഴുങ്ങലുതന്നെ…

ജോസ് കയ്യിലൊരു കെട്ടുമായി വരുന്നു.

തങ്കച്ചന്‍: രാവിലെ എവിടെ പോയി ജോസേ…

ജോസ്: ആശുപത്രിയില്‍ പോയി…രണ്ടു ദിവസം കൂടുമ്പം പോണം…

തങ്കച്ചന്‍: ഈ കാലു നിനക്ക് കാലനാകുമോടാ…മരുന്നൊന്നും കിട്ടിയില്ലേ…

ജോസ്: മരുന്നു കിട്ടിയില്ല (കയ്യിലെ കെട്ടു കാണിച്ച്) പൊതിച്ചോറ് കിട്ടി…മരുന്നില്ല…ഇത് മൂന്നു നേരം കഴിച്ചോളാന്‍ പറഞ്ഞു…

തൊമ്മിക്കുഞ്ഞ്: (കൈകളുയര്‍ത്തി) നന്മയുള്ള ലോകമേ………
കാത്തിരുന്നു കാണുക….
കരളുടഞ്ഞു
വീണിടില്ലിതും
കരളുറപ്പുള്ള കേരളം..

പാടുന്നതിനിടയിലേക്ക് സേട്ടാ എന്നൊരു വിളി. മൂവരും തിരിഞ്ഞുനോക്കുന്നു. ഒരു ബംഗാളി.

ബംഗാളി: സേട്ടാ…ക്യാ കോയി കാം ഹേ.. സേട്ടാ…

തങ്കച്ചന്‍: ഇവനിതെവിടുന്ന് പൊട്ടിവീണു…

ബംഗാളി: എന്ന സേട്ടാ…യഹ് ടൂടാ നഹിം…(കൈചുണ്ടി) വഹീന്‍ സെ ആയാ…

തൊമ്മിക്കുഞ്ഞ്: ഹിന്ദിയില്‍ ചോദിക്കണം…ആപ് കഹാം സേ ആരഹേം ഹേ…

ബംഗാളി: മേം കൊല്‍ക്കത്താ സേ ഹും. (ഞാന്‍ കൊല്‍ക്കത്തയില്‍ നിന്നും വരുന്നു.)

തൊമ്മിക്കുഞ്ഞ് അഭിമാനത്തോടെ എല്ലാവരെയും നോക്കുന്നു.

തൊമ്മിക്കുഞ്ഞ്: തുമാരാ നാം ക്യാ ഹേ. (നിന്റെ പേരെന്നതാ..)

ബംഗാളി: കുമാര്‍…

ജോസ്: എന്നാ പണിയൊക്കെ അറിയാമെന്നു ചോദിച്ചേ…

ബംഗാളി: ചോട്ടാ ചോട്ടാ മലയാളം അറിയാം സേട്ടാ…എനിക്കെല്ലാ പണിയും അറിയാം…

തങ്കച്ചന്‍: ഇവനെ കണ്ടിട്ട് ഒരു ബാംഗളിയുടെ ലുക്ക് ഇല്ല…

ബാംഗാളി: ഞാന്‍ ബംഗാളിയാ..മേരാ ബാപ് ബംഗാളി ഹേ…ബാപ് കാ ബാപ് ബംഗാളി. (എന്റെ അപ്പനും ബംഗാളിയാ..അപ്പന്റെയപ്പനും ബംഗാളിയാ…)

തൊമ്മിക്കുഞ്ഞ്: ഓ…തലമുറയായിട്ട് ബംഗാളിയാ അല്ലേ…

ജോസ്: നിനക്ക് വാഴവെക്കാനറിയാമോ…കുഴിച്ച്…വാഴ…

ബംഗാളി: (ആംഗ്യത്തോടെ) അറിയാം സേട്ടാ…ഇങ്ങനെ കുഴിച്ച്…മൂടി…മുളച്ച്…ഇലവന്ന്..കുല വന്ന്…പഴുത്ത്…ഇങ്ങനെ തിന്നുന്നതല്ലേ…

തൊമ്മിക്കുഞ്ഞ്: കണ്ടിട്ട് കൊതിയാകുന്നു…ഒരു കിലോ ഏത്തപ്പഴം മേടിച്ചു തിന്നാലോ…

തങ്കച്ചന്‍: എന്നാ രണ്ടു വാഴ വെച്ചേക്കാമെന്ന് ചിന്തിച്ചില്ല…ഇതാണ് മലയാളി…ദേഹമനക്കില്ല…ഞംഞം മാത്രം…

ജോസ്: എന്നാ നീ വാ…വാഴപ്പണി മാത്രമല്ല…വേറേംകുറച്ച് പണിയുണ്ട്…

ബംഗാളി: എല്ലാ കാമും കരേഗാ മൊതലാളി. (എന്നാ പണിയും ചെയ്യും…മുതലാളി…)

രണ്ടു പേരും മുന്നോട്ടു പോകുന്നു.

തങ്കച്ചന്‍: (നോക്കിനിന്നിട്ട്) അങ്ങനെ ജോസ് മുതലാളിയായി…

സീന്‍-2

കുളത്തിന്റെ അരികില്‍.

ജോസ്: (കുളം ചൂണ്ടിക്കാണിച്ച്) കുളം വൃത്തിയാക്കി കഴുകിയെടുക്കണം.

ബംഗാളി: (കുളത്തിലേക്ക് നോക്കി) മൊതലാളി…പള്ളയെല്ലാം പറിക്കണം…മണ്ണ് കുറച്ചുണ്ട് എടുത്തു കളയണം…ചെയ്യാം മൊതലാളി…രണ്ടു പണിവരും മൊതലാളി…

തങ്കച്ചന്‍: (കുളത്തിലേക്ക് നോക്കിയിട്ട്) ഏയ് രണ്ടു പണിവരുകേല….പള്ളയെല്ലാം കൈകൊണ്ട് തൂത്തുപറിക്കണം…വെള്ളം ഉള്ളതുകൊണ്ട് കഴുകി കോരിക്കളയണം…അരപണിയില്‍ കൂടുതല്‍ വരുകേല…

ബംഗാളി: ഇതെന്നാ സേട്ടാ പറയുന്നത്…രണ്ടു പണിവരും…സേട്ടാ…

തങ്കച്ചന്‍: അതെന്നാടാ…ഞങ്ങള് ചേട്ടന്മാര്…ജോസ് മുതലാളി…ഞങ്ങളും മുതലാളിമാരാടാ…

ബംഗാളി: സേട്ടാ…പണിയിക്കുന്നവനാരാ…ഈ സേട്ടന്‍…

തൊമ്മിക്കുഞ്ഞ്: അത് ജോസാ..

ബംഗാളി: കാമിന് കൂലി തരുന്നതാരാ…ഈ സേട്ടന്‍…വേതന്‍ (കൂലി) തരുന്നവന്‍ മൊതലാളി…മൊതലാളി ഹമാരാ ഭഗവാന്‍ (ഞങ്ങടെ ദൈവം..) (ജോസിനെ തൊട്ട് കണ്ണില്‍ വെക്കുന്നു)

തൊമ്മിക്കുഞ്ഞ്: കേരളത്തില്‍ അങ്ങനെയല്ല..കൂലിതരുന്നവന്‍ ബൂര്‍ഷ്വാ…അവന് ഞങ്ങള് പട്ടീടെ വെല കൊടുക്കുകേല..

ബംഗാളി: സേട്ടാ…ഞങ്ങടെ നാട്ടിലും അങ്ങനെയായിരുന്നു…അതുകൊണ്ടാ കാം തേടി ഇദര്‍ സെ വരേണ്ടിവന്നത്…

തങ്കച്ചന്‍: ങാ..ഇവിടെയും അങ്ങനെ തന്നെ ഞങ്ങള് പണിതേടി കാനഡായ്ക്കും യുകേക്കും പോകുവാ…

ജോസ്; വര്ത്തമാനം പറഞ്ഞുനിന്നാല്‍ പണിമുടങ്ങും …നീ വാ..തൂമ്പായെടുത്തുതരാം…

ഇരുവരും പോകുന്നു.

തങ്കച്ചന്‍:(നോക്കിനിന്ന്) മുതലാളിയായപ്പം അവന്‍ നമ്മളെ മറന്നു…ബംഗാളിയെ കിട്ടിയായിരുന്നേല് വീട്ടില്‍ രണ്ടുദിവസത്തെ പണിയുണ്ടായിരുന്നു.

തൊമ്മിക്കുഞ്ഞ്: എനിക്കും കുറച്ചുപണിയുണ്ടായിരുന്നു…ജോസന്നേരമേ ചാടി വീണ് പിടിച്ചില്ലേ…

തങ്കച്ചന്‍: നീ വാ..പണിയുണ്ടാക്കാം..

സീന്‍-3

വീടിന്റെ പിന്നില്‍ നിന്ന് തൂമ്പായെടുക്കുന്ന ജോസ്.

ഭാര്യ: (പിന്നില്‍ നിന്ന്) ഇതെന്നാ ഒരിക്കലും കാണാത്ത കാഴ്ച…നിങ്ങള് തൂമ്പായൊക്കെയെടുക്കുന്നത്…

ജോസ്: (തൂമ്പാവലിച്ചെടുക്കുന്ന ആയാസത്തില്‍) എടീ…ഒരു അതിഥി…

ഭാര്യ: യ്യോ..വിരുന്നുകാരുണ്ടോ…ചോറിന് കറിയൊന്നുമില്ല…

ജോസ്: (തിരിഞ്ഞ്) ഇവള് പറയാന്‍ സമ്മതിക്കുകേലല്ലോ…അതിഥി തൊഴിലാളി…

ഭാര്യ: ഓ…ബംഗാളി…

ജോസ്: എടീ പയ്യെ പറ…സര്‍ക്കാരുകേട്ടാല്‍ നിന്നെപിടിച്ച് അകത്തിടും…ബംഗാളിയെന്ന് പറഞ്ഞാല്‍ കേസാ…അതിഥി തൊഴിലാളിയെന്നു പറയണം….

ഭാര്യ: അതിഥിയാന്ന് പറഞ്ഞ് പിടിച്ച് പെരയ്ക്കകത്തോട്ടുകേറ്റിയേക്കരുത്….പത്രത്തില്‍ കാണുന്നില്ലേ എന്നും…

ജോസ്: എടീ…അവനെ കൊണ്ട് മാക്‌സിമം ഞാന്‍ മുതലാക്കും…

സീന്‍-4

മുന്‍വശം. നിലത്തുകുത്തിയിരിക്കുന്ന ബംഗാളി. ജോസും ഭാര്യയും വരുന്നു. ഇരുവരെയും കണ്ട് ബഹുമാനത്തോടെ എണീക്കുന്ന ബംഗാളി.

ഭാര്യ: എടോ താന്‍ പ്ലാവേല്‍ കേറി ചക്കയിടുമോ…

ബംഗാളി: (മനസിലാകാത്തതുപോലെ) ദീദീ…ക്യാ ബോല്‍തേ (എന്നതാ പറഞ്ഞത്)…പ്ലാവ്…ചക്ക…

ജോസ്: ഓ…ഇനി ഇവനെ എങ്ങനെ പറഞ്ഞു മനസിലാക്കും…

തൊമ്മിക്കുഞ്ഞ്: (നടന്നുവന്നുകൊണ്ട്. തങ്കച്ചനും ഒപ്പമുണ്ട്) യേ..ഭായി…ഇസേ പ്ലാവ് മേ ചടനാ…ജാക്ഫ്രൂട്ട് നീചേ രഖേ (പ്ലാവേല്‍ കയറി ചക്കയിടുവോയെന്ന്…)

ബംഗാളി: (തലകുലുക്കി) ബില്‍കുല്‍ മൊതലാളി…പ്ലാവ്..തെങ്ങ്…ആഞ്ഞിലി…തേക്ക്…മഹാഗണി.. സബ് കുഛ് ഊപര്‍ ജായേഗാ (ഇതേലെല്ലാം കയറും…)

തങ്കച്ചന്‍: പ്ലാവേല്‍ കയറിയാല്‍ മതി..അതേലേയുള്ളു ചക്ക…

തൊമ്മിക്കുഞ്ഞ്: ഇങ്ങനെയാണേല്‍ ഞാനും കൂടി ദിവസക്കൂലിക്കു നില്‍ക്കാം…ഹിന്ദിയിലെല്ലാം പറഞ്ഞു കൊടുക്കേണ്ടേ…

തങ്ക്ച്ചന്‍: ഇവന്‍ പ്ലാവേല്‍ കയറുമല്ലേ…ജോസേ കുറച്ചു നേരത്തേന് ഇവനെ ഞാന്‍ കൊണ്ടുപോകുവാ…രണ്ടു പ്ലാവേല്‍ കേറാനുണ്ട്…ഇദര്‍ ആവോ…

ഭാര്യ: അതെന്നാ ഇടപാടാ…ഞങ്ങടെ പണിക്കിടെ വിളിച്ചൊണ്ടു പോയാല്‍ ശരിയാകുമോ…അവിടെ അടുത്ത ദിവസമാകട്ടെ…

ബംഗാളി; മൊതലാളി..തൂമ്പ താ…മേം കാം കരോ…

തൂമ്പയുമായി പോകുന്നു.

തങ്കച്ചന്‍: അമ്പടാ…രണ്ടു മുതലാളിമാര്…

സീന്‍-5

പറമ്പില്‍കൂടി തെരയുന്ന ജോസും ഭാര്യയും. തങ്കച്ചനും തൊമ്മിക്കുഞ്ഞും വരുന്നു.

തങ്കച്ചന്‍: മുതലാളിയും ഭാര്യേംകൂടി എന്നതാ തപ്പുന്നത്…

ജോസ്: ബംഗാളിയെ കാണാനില്ല..

തൊമ്മിക്കുഞ്ഞ്: അവന്‍ മുങ്ങിയോ..വീട്ടിലെ സാധനങ്ങളെല്ലാം അവിടെത്തന്നെയുണ്ടോയെന്നു നോക്കിയേ..

ജോസ്: മുങ്ങുകേല…പണിക്കൂലി കൊടുത്തില്ല…

ഭാര്യ: എന്നാ പോട്ട്…പണിക്കൂലി ലാഭം…നാളെയും ഇതുപോലൊരുത്തനെ കിട്ടിയാല്‍ മതി..

മുക്രയിടുന്നതുപോലൊരു ശബദ്ം.

തങ്കച്ചന്‍: ജോസേ കടുവയിറങ്ങിയതാണോ…ഒരു മുരളിച്ച കേള്‍ക്കുന്നുണ്ട്…

തൊമ്മിക്കുഞ്ഞ്: (വിളിച്ചു കൂവുന്നു) കടുവയിറങ്ങിയേ…കടുവയിറങ്ങിയേ…

ജോസ്: ഒന്നു മിണ്ടാതിരിയെടോ…എന്നതേലും കേള്‍ക്കുമ്പഴേ വിളിച്ചുകൂവും…

തൊമ്മിക്കുഞ്ഞ്: ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പു കൊടുക്കേണ്ടേ..

ഭാര്യ: (മറുവശത്തുനിന്നും) ഇതേണ്ട് കിടക്കുന്നു…

തൊമ്മിക്കുഞ്ഞ: ഓടിക്കോ..കടുവ..(ഓടാന്‍ തുടങ്ങുന്നു)

ഭാര്യ: ഓടേണ്ട..ബംഗാളി കടുവയാ…

ബംഗാളി കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു.

ജോസ്: എന്റെ കാലുമേല..അല്ലേല്‍ ഒറ്റത്തൊഴിക്ക് ഇവനെ ബംഗാളിലെത്തിച്ചേനേ….

തങ്കച്ചന്‍: (ഒരു തൊഴികൊടുത്ത്) എണീക്കെടാ…

ബംഗാളി അയ്യോ എന്നുവിളിച്ച് ചാടിയെണീക്കുന്നു.

തങ്കച്ചന്‍: (സംശയത്തോടെ) ങേ…അയ്യോയെന്നല്ലെ വിളിച്ചത്…ഇവന്‍ ബംഗാളിയാണോ…

തൊമ്മിക്കുഞ്ഞ്: (ഗൗരവത്തില്‍) ഹിന്ദിയിലും സംസാരഭാഷയില്‍ അയ്യോയെന്നു പറയാം…

ബംഗാളി: (കുടഞ്ഞെണീറ്റ്) മൊതലാളി…മേരാ കാം പൂരാ ഹോ ഗയാ..മുഛേ പൈസേ ദോ (എന്റെ പണി കഴിഞ്ഞു…പൈസതന്നേക്ക്..)

ജോസ്: കിടന്നുറങ്ങിയിട്ട് ഇനി ഞാന്‍ പൈസയും തരണോ…വിട്ടുപൊക്കോണം…(റോഡിലേക്ക് കയറിപോകുന്നു).

തങ്കച്ചന്‍: പത്തു പൈസ കൊടുക്കരുത്…

ബംഗാളി: (റോഡില്‍ നടുവേ കിടന്ന്) മുഛേ പൈസ തരാതെ നഹീം ജാവൂംഗാ (ഞാന്‍ ഇവിടുന്നുപോകില്ല.)

ഭാര്യ: ചേട്ടന്‍..വലിയ കസര്‍ത്തുകരനല്ലേ..ഇവനെയൊന്നെണീപ്പിച്ചുവിടാന്‍ മേലേ…

തങ്കച്ചന്‍: ഇപ്പം എന്റെ ആവശ്യം വന്നല്ലേ…എടാ..എണീറ്റു സ്ഥലംവിട്…

ബംഗാളി: (ചാടിയെണീറ്റ് കത്തി വീശി) മേരേ പാസ് ആവൂംഗാ..കുത്തും…മര്‍ ദൂംഗാ…പൈസ ദേലോ (അടുത്തുവന്നാല്‍ ഞാന്‍ കുത്തും..പണിക്കൂലി താ…)

തങ്കച്ചന്‍: (പിന്നോട്ട് മാറി) എനിക്കേ ബംഗാളി അഭ്യാസമറിയില്ല…മലയാളത്തിലേ അറിയൂ…

തൊമ്മിക്കുഞ്ഞ്: ജോസേ…കാശുകൊടുക്കുന്നതാ ബുദ്ധി…ഇവന്‍ വകതിരിവില്ലാത്തവനാ…

തങ്കച്ചന്‍: അതിഥിയല്ലേ…നമ്മള് വേണം മാന്യത കാണിക്കാന്‍…

ഭാര്യ: ഞാന്‍ പോയി കാശ് എടുത്തോണ്ടുവരാം…(പോകുന്നു)

ബംഗാളി: (ചിരിച്ച്) ബാംഗാളി കെ പാസ് മെയാണോ കളി…ജല്‍ദി ലാവോ…(ബംഗാളിയുടെയടുത്താണോ കളി…വേഗം കൊണ്ടുവാ…)

തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും മാറിനില്‍ക്കുന്നു.

തങ്കച്ചന്‍: ഇതിത്തിരി കടുപ്പമായിപ്പോയി….ബംഗാളി നമ്മുടെ കളത്തില്‍ വന്ന് നമ്മളെ പേടിപ്പിച്ച് കാശുമേടിക്കുന്നു…

തൊമ്മിക്കുഞ്ഞ്: ജോസ് ചെന്ന് പിടിക്കുന്നതെല്ലാം ഇങ്ങനത്തെ കോടാലിയാണല്ലോ..

ജോസ്: (ദൂരേക്ക് നോക്കി) ഇപ്പം കണ്ടോണം കളി…

മൂവരും പ്രതീക്ഷയോടെ ദൂരേക്ക് നോക്കുന്നു.

ബംഗാളി: പൈസ ലാവോ…ജല്‍ദി ലാവോ…(കാശു കൊണ്ടുവാ…കാശുകൊണ്ടുവാ…)

തങ്കച്ചന്‍: നീ പുറകോട്ട് നോക്ക്…നിനക്കുള്ളത് കൊണ്ടു വന്നിട്ടുണ്ട്…

ബംഗാളി തിരിഞ്ഞു നോക്കുമ്പം. വാക്കത്തിയുമായി ഭാര്യ.

ഭാര്യ: നിനക്ക് കാശു വേണോടാ…

ബംഗാളി പേടിച്ച് കൂഞ്ഞിക്കൂടുന്നു.

ബംഗാളി: ന്റെ ചേച്ചീ…എന്നെ ഒന്നും ചെയ്യല്ലേ…

തങ്കച്ചന്‍: ങേ…മലയാളം…(മുന്നോട്ടുകുതിക്കുന്നു)

ഭാര്യ: നീ ബംഗാളിയാണോ.. മലയാളിയാണോ…സത്യം പറയെടാ..

ബംഗാളി: ബംഗാളിയല്ലേ…മലയാളിയാണേ…(ഓടാന്‍ തുടങ്ങുന്നു)

തൊമ്മിക്കുഞ്ഞ്: എനിക്കന്നേരമേ സംശയമുണ്ടായിരുന്നു. മലയാളിയെ പണിക്കിടേല്‍ കെടന്നുറങ്ങുവൊള്ളു…ബംഗാളി അങ്ങനെ കാണിക്കത്തില്ല.

തങ്കച്ചന്‍: (കടന്നുപിടിച്ച്) സത്യം പറയെടാ…നീ എന്തിനാടാ വേഷം കെട്ടിയത്…കക്കാനാണോ…

ബംഗാളി: ബംഗാളിയാന്നു പറഞ്ഞാലേ ആള്‍ക്കാര് പണിതരുവൊള്ളു….ഭാഷയറിയത്തില്ലെന്നു പറഞ്ഞ് പണിയാതെയുമിരിക്കാം…

ജോസ്: തങ്കച്ചാ..അടിച്ചൊടിക്കവന്റെ കാല്…

ബംഗാളി: ( കുതറിയോടുന്നു) എന്നെ തല്ലിക്കൊല്ലല്ലേ…

മൂവരും പിന്നാലെ.

LEAVE A REPLY

Please enter your comment!
Please enter your name here