നേരംപോക്ക്: എപ്പിസോഡ്-62
തൂണിന്റെ മറവില്‍ നിന്ന് ആരെയോ ശ്രദ്ധിച്ച് സംസാരം കേട്ടുകൊണ്ടിരിക്കുന്ന ജോസിന്റെ ഭാര്യ. നടകയറിവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും.
തങ്കച്ചന്‍: ഇതെന്നാ ഒളിഞ്ഞിരുന്ന് നോക്കുന്നത്…
ഭാര്യ കൈകൊണ്ട് മിണ്ടരുതെന്ന് കാണിക്കുന്നു. തങ്കച്ചനും തൊമ്മിക്കുഞ്ഞും പമ്മി ചെന്ന് നോക്കുന്നു. അപ്പുറത്ത് ജോസ് ആരെയോ ഫോണ്‍ വിളിക്കുകയാണ്. തിരിഞ്ഞും മറിഞ്ഞും രസിച്ചു നിന്നുള്ള വിളിയാണ്.
തങ്കച്ചന്‍: ഇവനാരോടാ ഈ സൊള്ളുന്നത്…
ഭാര്യ: ഇപ്പം സ്ഥിരം പരിപാടിയാ..ഏതൊക്കെയോ പെണ്ണുങ്ങള് വിളിക്കുന്നതാ…(സങ്കടപ്പെട്ട് വരാന്തയിലേക്ക് വന്ന്) എല്ലാം തീര്‍ന്നു…ഇനി ഞാനെന്നാ ചെയ്യും.
കറിയാച്ചന്‍: (നടന്നു കൊണ്ട്)അങ്ങേര് കൈവിട്ടുപോയോ…
തങ്കച്ചന്‍: അവന്‍ നമ്മളോടൊന്നും പറഞ്ഞിട്ടില്ലല്ലോ…
കറിയാച്ചന്‍: ഇങ്ങനെയുള്ള കാര്യങ്ങളാരെങ്കിലും വിളിച്ചുകൂവിക്കൊണ്ടു നടക്കുമോ…
തങ്കച്ചന്‍: അല്ലേലും അവനൊരു സഹകരണ മനോഭാവമില്ല…
കറിയാച്ചന്‍്: എല്ലാ കേസിലും ഒന്നിച്ചു നില്‍ക്കുന്നവരല്ലേ നമ്മള്…ജോസ് കാണിച്ചത് മോശമായിപ്പോയി…
തങ്കച്ചന്‍: നിനക്കും അങ്ങനെതന്നെ തോന്നിയല്ലേ…എന്നാപ്പിന്നെ ഒന്നും നോക്കേണ്ട..നമുക്ക് ഇങ്ങേ സൈഡില്‍ കൂടാം…വാ…(മുന്നോട്ടു നീങ്ങുന്നു)
സീന്‍-2
വരാന്തയില്‍ സങ്കടപ്പെട്ടിരിക്കുന്ന ഭാര്യ.
തങ്കച്ചന്‍: (നടന്നുവന്ന്) ഇതെന്നാ തുടങ്ങിയത്…
ഭാര്യ: ചേട്ടാ..കുറച്ചുനാളായി…ഫോണേലാ…ആദ്യം ഞാന്‍ കാര്യമാക്കിയില്ല…പെണ്ണുങ്ഹടെ സ്വരം കേട്ടപ്പഴാ ഞാന്‍ ശ്രദ്ധിച്ചത്..
കറിയാച്ചന്‍: കൂടെ പഠിച്ചവരവല്ലവരുമായിരിക്കുമെന്നേ…
തങ്കച്ചന്‍: കൂടെ പഠിച്ചവരൊക്കെ ചെവീംകേള്‍ക്കുകേലാ..കണ്ണുംകാണാതിരിക്കുവാ…അന്നേരമാ ഫോണ്‍വിളിക്കുന്നത്…(ആലോചിച്ച്) ഇത് മറ്റേതുതന്നെ…
ഭാര്യ: (പേടിച്ച്) എന്നതാ ചേട്ടാ…
കറിയാച്ചന്‍: (ഗൗരവത്തില്‍) യു മീന്‍ ഫോണ്‍ ഫ്‌ലേര്‍ട്ടിംഗ്…
തങ്കച്ചന്‍: (ഗൗരവത്തില്‍) യാ…ലുക്ക്‌സ് ലൈക്ക് ദാറ്റ്…
ഭാര്യ: യ്യോ..എന്നതാ..മനസിലാകുന്ന ഭാഷയില്‍ പറ…
തങ്കച്ചന്‍: പേടിക്കേണ്ട…ഞങ്ങള് ശരിയാക്കിത്തരാം…കൂട്ടുകാരന്‍ വഴിപിഴച്ചുപോകരുതല്ലോ…
ഭാര്യ: യ്യോ..ജോസ് പിഴച്ചു പോയോ…ഇതു ഞാനെങ്ങനെ സഹിക്കും..ഞാന്‍ കിണറ്റില്‍ ചാടും…(കരഞ്ഞോണ്ട് പിന്നിലേക്ക് ഓടുന്നു)
തങ്കച്ചന്‍:(പിന്നാലെ ചെന്ന്) കടുംകൈയൊന്നും ചെയ്യരുത്…നമുക്കു പരിഹരിക്കാം…
കറിയാച്ചന്‍: (തങ്കച്ചനെ പിന്നില്‍ നിന്ന് വലിച്ച്) എങ്ങോട്ടാ ഓടുന്നത് അവിടെ നില്ല്…ഇപ്പം അങ്ങോട്ടു ചെന്നാ സാക്ഷി പറയേണ്ടിവരും….
സംസാരത്തിനിടെ വീടിന്റെ പിന്നില്‍ നിന്ന് എന്തോ വീഴുന്ന ശബ്ദം.
തങ്കച്ചന്‍: (ഞെട്ടി) ചതിച്ചു…അവള് ചാടി…
കറിയാച്ചന്‍: എല്ലാം തീര്‍ന്നു…
ഇരുവരും പിന്നിലേക്ക് ഓടുന്നു.
ഭാര്യ: (പിന്നില്‍ നിന്നും ശബ്ദം) നില്ലിനെടാ…കൊല്ലും ഞാന്‍…
തങ്കച്ചന്‍: യ്യോ…കറിയാച്ചാ രക്ഷപ്പെട്ടോടാ…
ഇരുവരും തിരിഞ്ഞോടുന്നു. കല്ല് പുറത്തേക്ക് വലിച്ചെറിഞ്ഞ് വരുന്ന ഭാര്യ.
ഭാര്യ: (ഇരുവരും ഓടുന്നത് കണ്ട്) നിങ്ങള് പോകുവാണോ…നില്ല്…പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞിട്ട് മുങ്ങുവാണോ…
തങ്കച്ചന്‍: (തിരിഞ്ഞുനിന്ന്) ജീവനില്‍ കൊതിയില്ലാത്തവരുണ്ടോ…കൊല്ലുമെന്നു കേട്ടാല്‍ ആരെങ്കിലും നില്‍ക്കുമോ…
ഭാര്യ: അതാ കള്ളപ്പൂച്ചയല്ലേ…മീന്‍ കട്ടു തിന്നാന്‍ വന്നതാ…വെറുതെ വിടാന്‍ പറ്റുമോ…
കറിയാച്ചന്‍: (ആശ്വാസത്തോടെ തിരിച്ചു നടന്ന്) അതാണോ കാര്യം…ഞങ്ങള് തെറ്റിദ്ധരിച്ചു…കിണറ്റില്‍ ചാടാന്‍ പോയിട്ട് ചാടിയില്ലേ…
ജോസ് മറുവശത്തുനിന്നും വരുന്നു.
ജോസ്: ഇതെന്നാ ബഹളമാ ഇവിടെ ഒന്നു ഫോണ്‍ വിളിക്കാനും സമ്മതിക്കുകേലേ…
തങ്കച്ചന്‍: സാറിന്റെ ഫോണ്‍വിളിക്കു ഞങ്ങള് തടസമായോ…
ഭാര്യ: ഫോണ്‍ വിളിക്കാന്‍ സമ്മതിക്കുകേലെന്ന്… ഇരുപത്തിനാലുമണിക്കൂറും അതേയുള്ളു ഇപ്പം…
തങ്കച്ചന്‍: ഇതാരെയാ നീ എപ്പഴും വിളിക്കുന്നത്…
ജോസ്: (ചൂടായി) അതുശരി..ഞാന്‍ ആരുമായിട്ടൊക്കെയാ വിളിക്കുന്നതെന്ന് നിങ്ങളെന്നാത്തിനാ അറിയുന്നത്…
ഭാര്യ: കണ്ടോ…കണ്ടോ…അരിശപ്പെടുന്നത്…ഫോണ്‍വിളിയെക്കുറിച്ച് ചോദിച്ചാ അന്നേരമേ ഈ മനുഷ്യന് കലികയറും…
ജോസ്: അതുപിന്നാര്‍ക്കാ കലി കയറാത്തത്….ഞാനാരെയങ്കിലും ഫോണ്‍വിളിക്കുമ്പം കീഴേ വന്നിരിക്കും…ആരാ വിളിച്ചത്…എന്തിനാ വിളിച്ചത്…അറിയേണ്ടാത്തതൊന്നുമില്ല.
തങ്കച്ചന്‍: ജോസേ…ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രഹസ്യങ്ങള്‍ പാടില്ല…കാര്യങ്ങളെല്ലാം പറയണം…എന്നെ കണ്ട് പഠിക്ക്..ഞാന്‍ ഫോണ്‍ അവളുടെ കയ്യില്‍ കൊടുത്തിട്ടാ പോരുന്നത്…
കറിയാച്ചന്‍:അത്രയ്ക്കു വിശ്വാസമാ പുള്ളിക്കാരത്തിക്ക് അല്ലേ…
തങ്കച്ചന്‍: (പിന്നിലേക്ക് നോക്കി) കറിയാച്ചാ…പിന്നില്‍ നിന്ന് കുത്തരുത്….(ജോസിനെ നോക്കി) ജോസേ..നമ്മടെ ജീവിതം തുറന്ന പുസ്തകമായിരിക്കണം…
ജോസ്: ഞാന്‍ തത്കാലം പുസ്തകം അടച്ചേവെക്കുന്നുള്ളു…(ഫോണ് പോക്കറ്റിലേക്കിട്ട്) നിങ്ങളിപ്പം പോവുകേലല്ലോ…ഞാന്‍ പശുവിനെ ഒന്നു മാറ്റിക്കെട്ടിയിട്ടുവരാം…(ഫോണ്‍ പോക്കറ്റിലേക്കിടുന്നു)
തങ്കച്ചന്‍: പറമ്പിലേക്ക് പോകുവാണേല്‍ ഫോണ്‍ ഇവിടെവെച്ചിട്ട് പൊക്കോ…അല്ലേല്‍ പശുവിന്റെ പുറകേ ഓടുമ്പം ഫോണ്‍ താഴെവീണ് പൊട്ടും…
ജോസ്: അതുനിങ്ങള് പറഞ്ഞത് ശരിയാ…രണ്ടു ഫോണാ ഇപ്പം പശുവിനെകെട്ടാന്‍ പോയപ്പോ താഴെ വീണുപൊട്ടയത്.
ഫോണ്‍ വരാന്തയിലേക്ക് വെച്ചിട്ട് പുറത്തേക്ക് പോകുന്നു.
കറിയാച്ചന്‍: അങ്ങേര്‍ക്കിപ്പം നമ്മളോട് സംസാരിക്കാനൊന്നും താത്പര്യമില്ല…
ജോസ് പോയോയെന്ന് നോക്കിയിട്ട് ഓടിവന്ന് ജോസിന്റെ ഫോണെടുത്ത് പരിശോധിക്കുന്ന തങ്കച്ചന്‍.
തങ്കച്ചന്‍: (ഫോണ്‍ പരിശോധിച്ച് തലകുലുക്കി) സംശയിച്ചത് ശരിയാ…സ്ത്രീകള് തന്നെ…
ഭാര്യ: യ്യോ…എനിക്കിനി ജീവിച്ചിരിക്കേണ്ടേ…(തൂണേല്‍ തലയിടിച്ച് കരയുന്നു)
കറിയാച്ചന്‍: വെറുതെ തൂണിടിച്ചു പൊളിക്കേണ്ട…സൈക്കോളജിക്കല്‍ അപ്രോച്ചാ വേണ്ടത..
ഭാര്യ: (തലയിടിക്കല് നിര്‍ത്തി) ങേ..വട്ടാശുപത്രി കൊണ്ടുപോണോ…
തങ്കച്ചന്‍: കൊണ്ടുപോണം…ജോസിനെയല്ല..നിന്നെ…ചുമ്മാ കിണറ്റില്‍ ചാടാനും തലയിടിച്ചു പൊളിക്കാനും നിക്കാതെ കാര്യങ്ങള് മനസിലാക്കി പ്രവര്‍ത്തിക്ക്…
ഭാര്യ: ഏതവളാ വിളിക്കുന്നത്…അവളെ എനിക്കൊന്നു കാണണം…
കറിയാച്ചന്‍: പേര് സേവ് ചെയ്തിരിക്കുന്നത് വായിച്ചേ…
തങ്കച്ചന്‍: കാള്‍ ഗേള്‍ 1, കാള്‍ഗേള്‍ 2, കാള്‍ഗേള്‍ 3, കാള്‍ഗേള്‍-4….നാലുപേരുണ്ട്
കറിയാച്ചന്‍: അമ്പമ്പടാ…ഭയങ്കരാ…. ആളുകൊള്ളാമല്ലോ…
ഭാര്യ: ന്റെ ദൈവമേ ഞാനിതെങ്ങനെ സഹിക്കും…ഒരേപേരുള്ള നാലു സ്ത്രീകളോ…
തങ്കച്ചന്‍: ചുമ്മാ കെടന്നു നിലവിളിക്കാതെ…ഇതുയഥാര്‍ത്ഥ പേരല്ല…കറിയാച്ചാ…ഞാന്‍ നേരത്തെ പറഞ്ഞതു തന്നെ…എല്ലാം കാള്‍ ഗേള്‍സാണ്…
ഭാര്യ: യ്യോ..അതാരാ..നിങ്ങളറിയുന്നതാണോ…
തങ്കച്ചന്‍: കാള്‍ ഗേള്‍സിനെ അറിയില്ലേ…ചുമ്മാ കിണറ്റില്‍ ചാടുമെന്നു പറഞ്ഞുനടന്നാല്‍ പോരാ….ലോകവിവരം വേണം..പറഞ്ഞുകൊട് കറിയാച്ചാ…
കറിയാച്ചന്‍: കാള്‍ ഗേള്‍ എന്നു പറഞ്ഞാല്‍ വല്യബിസിനസുകാരൊക്കെ ടൂറുപോകുമ്പം കമ്പനിക്ക് കൂടെ കൂട്ടുന്നവര്…കൂടെയിരുന്ന ഭക്ഷണം കഴിക്കും…നമ്മടെ കാര്യങ്ങളൊക്കെ നോക്കും…പിന്നെ ഇതുപോലെ ഫോണ്‍വിളിച്ച് സൊള്ളലും…
തങ്കച്ചന്‍: അതുപോലത്തെ നാലെണ്ണത്തിനെയാ ജോസ് ഒരേസമയം കൂടെകൂട്ടിയിരിക്കുന്നത്…ഭയങ്കരന്‍ തന്നെ….
ഭാര്യ: ന്റെ ദൈവമേ…ഞാനിതെങ്ങനെ സഹിക്കും…
കറിയാച്ചന്‍:സഹിക്കുകല്ലാണ്ട് വേറെ മാര്‍ഗമില്ല…സഹോദരിക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ…(ഇരുന്നുകൊണ്ട്) അങ്ങേരുടെ ടൈം ബെസ്റ്റ് െൈടം…
ജോസ് വരുന്നു. നല്ല ഉത്സാഹത്തിലാണ്.
ജോസ്: എന്നാ തങ്കച്ചാ…ഒരു ഉത്സാഹമില്ലാത്തത്…
തങ്കച്ചന്‍: ഓ..നമ്മളൊക്കെ എന്നാ ഉത്സാഹിക്കാനാ…നിന്റെയൊക്കെ സമയമല്ലേ..അര്‍മാദിക്ക്…
ജോസിന്റെ ഫോണ്‍ ബെല്ലടിക്കുന്നു.
ജോസ്: (ഫോണെടുത്തുകൊണ്ട്)ഹോ..നല്ല ടൈമിംഗാണല്ലോ…ഞാന്‍ വന്നപ്പം തന്നെ കൃത്യം വിളി വന്നു…
കറിയാച്ചന്‍: പിന്നെ…നല്ല ടൈംമിംഗല്ലേ…ഞങ്ങളതുപറഞ്ഞിരിക്കുവായിരുന്നു…
ജോസ്: (ഫോണില്‍) അതുവേണ്ട…ലോംഗ് ട്രിപ്പിനൊക്കെ പറ്റുമോ….
ഭാര്യ: ന്റെ ദൈവമേ…ട്രിപ്പു പോകുന്നേടം വരെയെത്തിയോ…ഞാനിപ്പം കാണിക്കാം..(അകത്തേക്കോടുന്നു)
തങ്കച്ചനും കറിയാച്ചനും പരസ്പരം നോക്കി തലകുലുക്കുന്നു.
ജോസ്: (ഫോണ്‍ പോക്കറ്റിലേക്കിട്ട്) വല്ലാത്ത ശല്യമായിരിക്കുവാ…
കറിയാച്ചന്‍: പിന്നെ..പിന്നെ..ശല്യമാ..നമുക്കറിയാം…
തങ്കച്ചന്‍: അമൃതും അധികമായാല്‍ വിഷമാണേ….
ഭാര്യ അകത്തുനിന്നും കയറുമായി പാഞ്ഞുവരുന്നു.
ഭാര്യ: പറ മനുഷ്യാ…നിങ്ങളീ പരിപാടി നിര്‍ത്തുന്നോ ഇല്ലയോ…ഇല്ലേല്‍ ഞാനിപ്പം ഇവിടെ തൂങ്ങും…
ജോസ്: തൂങ്ങാന്‍ മാത്രമിവിടെ എന്നതാ സംഭവിച്ചത്…
തങ്കച്ചന്‍: ഒന്നും സംഭവിച്ചില്ലേ…ഹൃദയം തകര്‍ന്നു നില്‍ക്കുവാ ഇവള്…
കറിയാച്ചന്‍: ഒരു ഭാര്യയ്ക്ക് സഹിക്കാന്‍ പറ്റുന്നതാണോ ഇവിടെ നടക്കുന്നത്….സ്ത്രീ ശാപം കുടുംബം മുടിക്കും…
ജോസ്: ഇവള്‍ക്ക് സഹിക്കാന്‍ പറ്റാത്തതെന്താ ഇവിടെ നടന്നത്…
ഭാര്യ: നിന്ന് പൊട്ടന്‍ കളിക്കുന്നതു കണ്ടില്ലേ…ചോദിക്ക് ചേട്ടാ അങ്ങോട്ട്…പച്ചപ്പുണ്യാളന്റെ തനിസ്വഭാവം നമുക്കെല്ലാം മനസിലായെന്നറിയട്ടെ…
തങ്കച്ചന്‍: നീ പെണ്ണുങ്ങളുമായിട്ടുള്ള ചുറ്റിക്കളി തുടങ്ങിയിട്ടു നാളെത്രയായെടാ…കാള്‍ ഗേളുകളുമായിട്ടുള്ളത്…
കറിയാച്ചന്‍: ഇതൊന്നും നമുക്കു പറ്റിയതല്ല…വല്യവല്യ ബിസിനസുകാരുടെ പരിപാടിയാ…നമ്മളൊക്കെ സാധാരണക്കാര്..കുടുംബം കോഞ്ഞാട്ടയാകുമേ…
ജോസ്: നിങ്ങളിതെന്നതാ പറയുന്നത്..എനിക്ക് മനസിലാകുന്നില്ല…
തങ്കച്ചന്‍: ഇവന്റെ പൂച്ചു ഞാനിന്നു പുറത്തുചാടിക്കും…നല്ലപിള്ള ചമയലു..ഇപ്പം കാണിച്ചുതരാം…നിന്റെ ഫോണിങ്ങു കാണിച്ചേ…(ജോസിന്റെ കയ്യില്‍ നിന്ന് ഫോണ്‍ ബലമായി മേടിക്കുന്നു)
ജോസ്: നിങ്ങളിതെന്നതാ കാണിക്കുന്നത്…
കറിയാച്ചന്‍: (ഫോണ്‍ കാണിച്ചുകൊണ്ട്) നോക്ക്…നോക്ക്…കാള്‍ ഗേള്‍ 1, കാള്‍ ഗേള്‍2,..നാലെണ്ണം…എ്ന്നിട്ടൊന്നുമറിയില്ലല്ലേ…
ജോസ്: ഇതാണോ കാര്യം…
ഭാര്യ: (ഇടയ്ക്ക് കയറി) കണ്ടോ..നിസാരം…നിങ്ങള്‍ക്കു വേറെയും ഇടപാടുകളുണ്ടല്ലേ…
ജോസ് ഇവള് പൊട്ടു പറയുന്നതുകേട്ടു നിങ്ങളല്ലാണ്ട് വല്ലോരും ചാടിയിറങ്ങുമോ…
ഭാര്യ: കയ്യോടെ പിടിച്ചപ്പോ എന്നെ പൊട്ടാക്കി രക്ഷപ്പെടാനാ അല്ലേ…
തങ്കച്ചന്‍: (കൈകൊണ്ട് ഭാര്യയെ തടഞ്ഞ്) നിക്ക്… ജോസിനു പറയാനുള്ളതും കേള്‍ക്കാം…
ജോസ്: കഴിഞ്ഞയാഴ്ചയല്ലേ…ചെറുക്കന്റെ കൂടെ വണ്ടി നോക്കാന്‍ ഷോറൂമിലെല്ലാം പോയത്…അവനെ എപ്പഴും വിളിക്കുമെന്നു പറഞ്ഞ് എല്ലായിടത്തും എന്റെ നമ്പരാ കൊടുത്തത്…അവിടുന്നെല്ലാം പിള്ളേര് വിളിക്കുന്നതല്ലേ…ആ വണ്ടി വേണോ…ഈ വണ്ടി വേണോയെന്നു ചോദിച്ച്…
കറിയാച്ചന്‍: (സംശയിച്ച്) കാള്‍ ഗേള്‍ ഒന്ന്, രണ്ട് എന്ന് ഫോണില്‍ സേവ് ചെയ്തിരിക്കുന്നതോ…
ജോസ്: അതിവള്‍ക്ക് ഇംഗ്ലീഷ് അറിയത്തില്ലാത്തതിന് ഞാനെന്നാ പിഴച്ചു…അവരാ വിളിക്കുന്നതെന്നറിയാന്‍ നമ്പര് സേവ് ചെയ്തു…കാള്‍ ഗേള്‍….വിളിച്ച പെണ്‍കുട്ടി…ഒന്ന്, രണ്ട്, മൂന്ന് എന്ന്….
കറിയാച്ചന്‍: ഹോ…അതുവല്ലാത്തൊരു ഇംഗ്ലീഷായിപ്പോയി…
ഭാര്യ: അത്രേയുള്ളോ…ഇവരു പറഞ്ഞു ചുറ്റിക്കറങ്ങുന്ന പെണ്ണുങ്ങടെ പേരാ കാള്‍ ഗേളെന്ന്…ഞാനങ്ങു പേടിച്ചുപോയി…
ജോസ്; മഹാപാപികളെ…നിങ്ങള് കുടുംബം കലക്കാനുള്ള പരിപാടിയായിരുന്നോ…
ഭാര്യ: എന്നാലും എന്റെ ചേട്ടന്മാരെ ജോസിനെപോലെ ശുദ്ധനായ ഒരു മനുഷ്യനെക്കുറിച്ച് എങ്ങനെ തോന്നി ഇങ്ങനെയൊക്കെ പറയാന്‍…
തങ്കച്ചന്‍: അതു ഞങ്ങള്…
ഭാര്യ: ഒന്നും പറയേണ്ട..ന്യായീകരിക്കാന്‍ ചേട്ടന്‍ മിടുക്കനാ…(ജോസിനോട്) നിങ്ങള് വാ..വെയിലുകൊണ്ട ക്ഷീണിച്ചില്ലേ…ആപ്പിള്‍ ജ്യൂസെടുത്തതുണ്ട്..കുടിക്കാം…
തങ്കച്ചന്‍: ആട്ടെ..വാ കറിയാച്ചാ…ആപ്പിള്‍ ജ്യൂസ് കുടിച്ചിട്ട് ഒ്ത്തിരിക്കാലമായി…
ഇരുവരും അകത്തേക്കുകയറാന്‍ തുടങ്ങുമ്പം തടഞ്ഞ് ഭാര്യ.
ഭാര്യ: എങ്ങോട്ടാ…പാവംപിടിച്ച ഇങ്ങേരെ ക്കുറിച്ച് അവഖ്യാതി പറഞ്ഞുണ്ടാക്കിയിട്ടു ഞാനിനി സത്കരിക്കാം…എന്റെ തനിസ്വഭാവം പുറത്തെടുക്കുന്നതിനുമുന്നേ സ്ഥലം വിട്ടോ.
അന്തിച്ചു നില്‍ക്കുന്ന തങ്കച്ചനും കറിയാച്ചനും. ജോസിന്റെ ശബ്ദം അവരുടെ മുഖത്തേക്ക്..
ജോസ്: എന്നാലും നീ എന്നെ സംശയിച്ചല്ലോ…
ഭാര്യ: അവരു പറഞ്ഞപ്പം ഞാനങ്ങു വിശ്വസിച്ചു പോയതാണെന്നേ…
ഇരുവരും തിരിഞ്ഞു നടക്കുന്നു.