നേരംപോക്ക്
എപ്പിസോഡ്-63
വീട്ടില്‍ നിന്നും ഒരുങ്ങിയിറങ്ങുന്ന ജോസിന്റ ഭാര്യ. പിന്നാലെ ജോസ്.
ഭാര്യ: ദേ..ഞാനില്ലെന്നു കരുതി വേണ്ടാതീനമൊന്നുമൊപ്പിച്ചേക്കരുത്…
ജോസ്: നീ പിള്ളേരോട് പറയുന്ന വര്‍ത്തമാനം എന്നോടെന്തിനാ പറയുന്നത്.
ഭാര്യ: പിള്ളേരേ എനിക്കു പേടിയില്ല…നിങ്ങളെയാ പേടി മുഴുവന്‍…ആ രണ്ടെണ്ണവും കൂടിഇപ്പംഇങ്ങുവരും…ഞാനുള്ളപ്പഴത്തെ അവസ്ഥയെനിക്കറിയാം…അന്നേരമില്ലെങ്കിലോ…(പുറത്തേക്കിറങ്ങുന്നു)
ജോസ്: (ഇഷ്ടപ്പെടാതെ കസേരയിലിരുന്നുകൊണ്ട്) നീ വേഗം പോകാന്‍ നോക്ക്…
ഭാര്യ:(തിരിഞ്ഞുനിന്ന്) കണ്ടോ…ധൃതി..(അകത്തോട്ടുനോക്കി) പിള്ളേരെ ഇങ്ങുവന്നേ (പിള്ളേര് വരുന്നു) ദേ…രണ്ടു കണ്ണും ഇങ്ങേരുടെമേല് വേണം….കണ്ണ്‌തെറ്റിയാല്‍ ചാടിപ്പോകും…
പിള്ളേര്: രണ്ടു കണ്ണു മതിയോ മമ്മീ…എന്നാ എന്റെ ഒരു കണ്ണും ചേച്ചീടെ ഒരു കണ്ണും പോരേ…മറ്റേ കണ്ണുകൊണ്ട് ഞങ്ങള്‍ക്ക് മൊബൈലു കാണാമല്ലോ.
ഭാര്യ: (ജോസിനോട് അരിശപ്പെട്ട്) നിങ്ങളെ കണ്ടല്ലേ പിള്ളേര് പഠിക്കുന്നത്….(പിള്ളേരോട്) ദേ…ആ ചേട്ടന്മാരു വന്ന് വേണ്ടാത്ത പരിപാടി വല്ലതും ഒപ്പിച്ചാല്‍ അന്നേരേ എന്നെ വിളിച്ചോണം…
പിള്ളേര്: വേലയ്ക്കു കൂലിവേണം…
ഭാര്യ: വരുമ്പം ഐസ്‌ക്രീം മേടിച്ചോണ്ടു വരാം..
പിള്ളേര്: പറഞ്ഞുപറ്റിക്കരുത്..വരുമ്പം കൊണ്ടുവരണം …
ജോസ്: നീ എന്നെയോര്‍ത്തല്ല…ഈ സന്തതികളെയോര്‍ത്താ പേടിക്കേണ്ടത്…ഇനി മൊബൈല് താഴെ വെക്കുകേല…
ഭാര്യ: (നടന്നുകൊണ്ട്) ഭയമല്ല ജാഗ്രതയാ വേണ്ടത്…വൈഫൈ മോഡം ഊരി ഞാന്‍ ബാഗിലാക്കിയിട്ടുണ്ട്.
പിള്ളേര്: (മുഖത്തോടുമുഖം നോക്കി) പണി പാളി…
ജോസ്: (പിള്ളേരോട്) ഞാന്‍ കാരണമാ ഐസ്‌ക്രീം കിട്ടിയത്..പകുതി എനിക്കുതരണം….
പിള്ളേര്: (അടിമുടിനോക്കി) ഒരു റിപ്പോര്‍ട്ട് ഞങ്ങളങ്ങ് എഴുതികൊടുക്കട്ടെ…
ജോസ്: (കൈകള്‍കൂപ്പി) യ്യോ..വേണ്ടേ…
സീന്‍-2
കയ്യാലപ്പുറത്ത് വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. നടന്നുവരുന്ന ജോസിന്റെ ഭാര്യ.
ഭാര്യ: (പിറുപിറുക്കുന്നു) രാവിലെ തന്നെ ഇറങ്ങിയിട്ടുണ്ട്…വീട്ടിവേറെ പണിയൊന്നുമില്ലേ…ഇപ്പത്തന്നെ രണ്ടുംകൂടി ജോസിനെ വിളിക്കും. (ഇരുവരുടെയും അടുത്തുവന്ന് ചിരിച്ച്) ചേട്ടന്മാരെ…
തങ്കച്ചന്‍: (തിരിഞ്ഞു നോക്കി) ഇതാരാ …എങ്ങോട്ടാ…ഒറ്റയ്ക്ക് രാവിലെ…
ഭാര്യ: ഇന്നെന്നാ ചേട്ടന്മാര് ഇവിടെയിരുന്നു പോയോ…കൂട്ടുകാരന്‍ അറിഞ്ഞില്ലേ…അല്ലേല്‍ നടുക്കു കാണേണ്ടതായിരുന്നല്ലോ…
തങ്കച്ചന്‍: ഞങ്ങളവനെ കൂടെക്കൂട്ടി നശിപ്പിക്കുവാന്നല്ലേ നീ പറയുന്നത്…അതുകൊണ്ട് വിളിച്ചില്ല…
ഭാര്യ: എന്നതേലും പുതിയ കോളൊപ്പിക്കാനുള്ള പരിപാടിയായിരിക്കും…
തൊമ്മിക്കുഞ്ഞ്: (ഇടയ്ക്കുകയറി) ഇതെവിടെ പോകുവാ…ജോസില്ലേ..
ഭാര്യ: വീട്ടിലോളം പോകുവാ…ജോസ് വീട്ടിലുണ്ട്… ആ മനുഷ്യന്‍ അവിടെ സമാധാനമായിട്ട് ഇരുന്നോട്ടെ…
തങ്കച്ചന്‍: എന്നാ വേഗം പൊക്കോ…ബസ് വരാറായി…ഞങ്ങളും പോയേക്കുവാ…(എണീറ്റുകൊണ്ട്) തൊമ്മിക്കുഞ്ഞേ…വാടാ..വീട്ടില്‍ പോയേക്കാം…വെറുതേ മനുഷ്യരേക്കൊണ്ട് പറയിക്കാതെ….
ഭാര്യ: (നടന്നുകൊണ്ട്) അങ്ങനെ നല്ല കാര്യം വല്ലതും ചെയ്യ്…
തൊമ്മിക്കുഞ്ഞും തങ്കച്ചനും പോകാനുള്ള തയാറെടുപ്പുകള്‍. ഭാര്യ പോയെന്നു കണ്ടതും ഇരുവരും തിരിഞ്ഞോടുന്നു.
തങ്കച്ചന്‍: ഇന്നു നമ്മള് തകര്‍ക്കും…
തൊമ്മിക്കുഞ്ഞ്: ഇതുപോലൊരു ദിവസം ഇനി കിട്ടുകേല…അടിച്ചുപൊളിക്കണം….
സീന്‍: 3
ചാടിത്തുള്ളി ജോസിന്റെ വീട്ടിലേക്കുവരുന്ന തൊമ്മിക്കുഞ്ഞും തങ്കച്ചനും.
തൊമ്മിക്കുഞ്ഞ്: ജോസേ…ജോസേ…
തങ്കച്ചന്‍: ജോസേ…ഇറങ്ങിവാടാ…
ജോസ് ഇറങ്ങിവരുന്നു.
ജോസ്: എന്നാ..എന്നാ..എന്നാ പറ്റി…
തങ്കച്ചനും തൊമ്മിക്കുഞ്ഞും മറുപടിക്കുനില്‍ക്കാതെ ജോസിന്റെ കൈപിടിച്ച് ചവുട്ടുനാടകത്തിന്റെ ഈരടികള്‍ പാടുന്നു. അന്തംവിട്ട് ജോസ്.
തങ്കച്ചനും തൊമ്മിക്കുഞ്ഞും: ഒന്നാമന്‍ ഏസാവ്… രണ്ടാമന്‍ യാക്കോബ്….താ തെയ്യ്..തക തക..
ജോസ്: (പിടിവിടുവിച്ച്) നിങ്ങള് കാര്യം പറ…കിടന്നു തുള്ളാതെ…
തങ്കച്ചന്‍: എടാ ഇന്നല്ലെ നിനക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം..നമുക്കു തകര്‍ക്കാം…
തൊമ്മിക്കുഞ്ഞ്: ഞങ്ങള് വഴീവെച്ച് പുള്ളിക്കാരത്തിയെ കണ്ടായിരുന്നു…
ജോസ്: (നിരാശയോടെ) ഓ..അതാണോ കാര്യം…ഇവിടെ രണ്ട് സിസികാമറ വെച്ചിട്ടാ അവള് പോയിരിക്കുന്നത്..
തൊമ്മിക്കുഞ്ഞ്: അത്രേയുള്ളോ…നമുക്കു മെമ്മറി കാര്‍ഡ് ഊരാം…
ജോസ്: പിള്ളേരിവിടെ ഉണ്ടെന്നാ ഞാന്‍ പറഞ്ഞത്…
തങ്കച്ചന്‍: അതു മെമ്മറി കാര്‍ഡ് ഊരുന്നതിനേക്കാള്‍ എളുപ്പമല്ലേ…ടച്ചിംഗ്‌സ് മേടിക്കാന്‍ പോകുമ്പം രണ്ട് ഐസ്‌ക്രീമും കൂടി മേടിച്ചാ മതി…
തൊമ്മിക്കുഞ്ഞ്: കിടിലന്‍ ഐഡിയ…തങ്കയണ്ണനെ സമ്മതിക്കണം…(ചാടിതുള്ളി) തങ്കയണ്ണന്‍ ഞങ്ങ അണ്ണന്‍…ഇലുമിനാക്ഷി…ഇലുമിനാക്ഷി…
തങ്കച്ചന്‍ അസ്വസ്ഥനാകുന്നു.
ജോസ്: (തൊമ്മിക്കുഞ്ഞ്) നിങ്ങക്കെങ്ങനെ ഇയാളുടെ മീനാക്ഷിക്കഥ അറിയാം…
തൊമ്മിക്കുഞ്ഞ്: ഇങ്ങേരുടെ മീനാക്ഷിക്കഥയോ…ഞാന്‍ പാട്ടുപാടിയതല്ലേ…പുതിയ ഹിറ്റ് പാട്ട്…ഇലുമീനാക്ഷി…
ജോസ്: അത് ഇലുമിനാട്ടി…ഞാന്‍ കരുതി പണ്ട് മീനാക്ഷിയെയും ഇയാളെയും കൂടി നാട്ടുകാര് വളഞ്ഞു പിടിച്ച സംഭവമായിരിക്കുമെന്ന്…
തൊമ്മിക്കുഞ്ഞ്: (കൗതുകത്തോടെ അടുത്തോട്ടുവന്ന്) അങ്ങനെയൊരു സംഭവം നടന്നോ…എനിക്കറിയില്ല…പറഞ്ഞേ കേള്‍ക്കട്ടെ…
തങ്കച്ചന്‍: ജോസേ ആവശ്യമില്ലാത്തകാര്യങ്ങള്‍ വലിച്ചിഴയ്‌ക്കേണ്ട…
ജോസ്: ഇയാള് മറക്കാന്‍ ശ്രമിക്കുന്ന കാര്യമാ…അതിനി ഞാനായിട്ട് ഓര്‍മിപ്പിക്കുന്നില്ല….(തൊമ്മിക്കുഞ്ഞിനോട്) പിന്നെ പറഞ്ഞുതരാം…
തൊമ്മിക്കുഞ്ഞ്: മതി മതി…അല്ലേലും രണ്ടെണ്ണം വീശിയിട്ട് പരദൂഷണം കേള്‍ക്കുന്നതാ രസം(കൈയുര്‍ത്തിയടിച്ച്) ഗെറ്റ് റെഡി…ജോസിന്റെ ബെര്‍ത്ത് ഡേ പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങട്ടെ…
ജോസ്: എന്റെ ബര്‍ത്ത് ഡെ ഇന്നൊന്നുമല്ല.
തൊമ്മിക്കുഞ്ഞ്: ബര്‍ത്ത് ഡേ പോലെ സന്തോഷമുള്ള ദിവസമെന്നേ ഞാനുദ്ദേശിച്ചുള്ളു…(കൈകൊട്ടി) സന്തോഷ ജന്മദിനം ജോസിന്….സന്തോഷജന്മദിനം ജോസിന്…
തങ്കച്ചന്‍: നീ ചുമ്മാ ഓളംവെച്ച് സമയം കളയാതെ..കാര്യങ്ങള് നീക്ക്..
ജോസ്: ദേ…ഷെയറിടണം..അല്ലാതെ കഴിഞ്ഞതവണത്തേതുപോലെ മുങ്ങരുത്..
തൊമ്മിക്കുഞ്ഞ്: നല്ലോരുദിവസമായിട്ട് കണക്കു പറയാതെ..കാശെടുത്തുവീശ്…
ജോസ്: വീശിയേച്ച് തിരിച്ച് പോക്കറ്റിലേക്കു തന്നെയിടരുത്…
തങ്കച്ചന്‍: ദേ..തമ്മില്‍ തര്‍ക്കിച്ച് സമയം കളയരുത്…അപൂര്‍വങ്ങളിലപൂര്‍വമായിട്ടേ ഇങ്ങനെയൊരു ദിവസംകിട്ടൂ…
തൊമ്മിക്കുഞ്ഞ്: സൂര്യഗ്രഹണംപോലെയാ…. ഇനി നമ്മുടെ കാലശേഷമേ നടക്കൂ…
തങ്കച്ചന്‍: (ഫോണെടുത്ത് വിളിക്കുന്നു) എടീ ഞാനിന്ന് ഉച്ചയ്ക്ക് ഉണ്ണാന്‍ കാണില്ല…ജോസിവിടെ ഒറ്റയ്‌ക്കേയുള്ളു..കൂട്ടിരിക്കണം…ങാ…അവരെല്ലാം എങ്ങാണ്ടുപോയതാ…കൂട്ടിരിക്കാവോയെന്ന് ചോദിച്ചപ്പം പറ്റുകേലെന്നെങ്ങനാ പറയുന്നത്…ങേ…എന്റെ മീന്‍വറുത്തത് അവിടെ വെച്ചേര് അത്താഴത്തിന് കഴിച്ചോളാം…
ജോസ്: ഇവിടെ ഊണൊന്നുമില്ല…അവള് വൈകിട്ടത്തേക്കിനു കൂടി കൃത്യം വെച്ചിട്ടാ പോയിരിക്കുന്നത്…പിള്ളേരിപ്പത്തന്നെ രണ്ടു പ്രാവശ്യം കഴിച്ചു…എനിക്കുതന്നെ കിട്ടുവോയെന്ന് ചെല്ലുമ്പഴേ അറിയത്തുള്ളു…
തൊമ്മിക്കുഞ്ഞ്: നിങ്ങളതു വിട്..നമ്മള്‍ക്ക് പാഴ്‌സല് മേടിക്കാമെന്നേ…ബിരിയാണി പോരേ…
തങ്കച്ചന്‍: ഒരു ലിറ്ററ് മേടിച്ചേക്കാം…സോഡാ..ടച്ചിംഗ്‌സ്…(കുളിരിട്ട്) ഹോ..ഇന്നൊന്ന് അര്‍മാദിക്കണം…
ജോസ്: പറമ്പിലെങ്ങാനും പോയിരുന്ന് അടിക്കാം…അല്ലേലിന്നാളത്തെപോലെ വാളുവെച്ച് പണിയാകും…
തൊമ്മിക്കുഞ്ഞ്: അതുമതി..പ്രകൃതിയുടെ മടിത്തട്ടിലിരുന്നു മതി…(ലയിച്ച്) അതാണതിന്റെയൊരു സുഖം…
ജോസ്: നിങ്ങള് മേടിച്ചോണ്ടുവാ…ഞാനന്നേരത്തേക്ക് ഗ്ലാസൊക്കെയെടുത്തുവെക്കാം…
തങ്കച്ചന്‍: അതുവേണ്ട..പിന്നെ ഷെയറിന്റെ കാര്യത്തിലൊക്കെ താമസംവരും…ഒരുമിച്ചു പോകാം…
തൊമ്മിക്കുഞ്ഞ്: ഐക്യമത്യം മഹാബലം എന്നല്ലേ…ഒരുമിച്ചു പോകാം…ഫോളോ മീ…
എല്ലാവരും കൂടി മുന്നോട്ടു നീങ്ങുമ്പോള്‍ വാതില്‍ക്കേന്ന് ഒരു കയ്യടി. മൂവരും തിരിഞ്ഞു നോക്കുമ്പോള്‍ പിള്ളേര്. കയ്യോടെ പിടിച്ചെന്ന ഭാവത്തില്‍.
തങ്കച്ചന്‍: പെട്ടു…
ജോസ്: ഞാന്‍ പറഞ്ഞില്ലേ കാമറയുണ്ടെന്ന്…
തൊമ്മിക്കുഞ്ഞ്: ഇതു നിസാരം…ഞാന്‍ കൈകാര്യം ചെയ്‌തോളാം…(പിള്ളേരോട്) മക്കളേ…ഇവിടെയുണ്ടായിരുന്നോ…ഞങ്ങള് പുറത്തോട്ടൊന്നു പോയിട്ടുവരാം…മക്കള്‍ക്ക് ഐസ്‌ക്രീമും മേടിച്ചോണ്ടുവരാമേ…
പിള്ളേര്: കാശു തന്നാ മതി…നല്ല ഫ്‌ളേവറ് നോക്കി ഞങ്ങള് മേടിച്ചോളാം…
തൊമ്മിക്കുഞ്ഞ്: അതിനെന്നാ നിങ്ങള് മേടിച്ചോ..(പോക്കറ്റില്‍ നിന്ന് കാശെടുത്തുകൊടുക്കുന്നു) ഹാപ്പിയായല്ലോ…ഞങ്ങളുപോയിട്ടുവരാം…(തിരിഞ്ഞ്) കാമറ ഓഫാക്കി….പോയേക്കാം…
പിള്ളേര്: അതേയ്…കലണ്ടറേലൊന്നു നോക്കിയിട്ടു പൊക്കോ….
തങ്കച്ചന്‍: അതെന്തിനാ കലണ്ടറേ നോക്കുന്നത്…
പിള്ളേര്: (ചാടിക്കളിച്ച്) ഒന്നാംതീയതിയാണിന്ന്…ഒന്നാം തീയതിയാണ്…മധുരം കഴിക്കേണം….(ഡാന്‍സ് കളിച്ച് അകത്തേക്കു പോകുന്നു)
തൊമ്മിക്കുഞ്ഞ്: അതു കൊള്ളാം നല്ല പാട്ട്…(ചുവടുവെച്ച്) ഒന്നാംതീയതിയാണിന്ന്…ഒന്നാംതീയതിയാണിന്ന്…മ….(പെട്ടെന്ന് നിര്‍ത്തി) ജോസേ പണി പാളി…ഇന്ന് ഒന്നാം തീയതിയാ….(ഇരുവരുടെയും റിയാക്ഷന്‍സ് ക്ലോസപ്പ്)ബിവറേജ് അടവാ…
തങ്കച്ചനും ജോസും നിരാശയോടെ ഇരിക്കുന്നു.
തങ്കച്ചന്‍: ഇവന്റെ തുള്ളല് കണ്ടപ്പഴേ ഞാനോര്‍ത്തതാ ..എന്നതേലും പണി കിട്ടുമെന്ന്…
ജോസ്: ശ്ശെ…വെറുതേ കൊതിപ്പിച്ചു..വെറുതെയല്ല് അവളിന്ന് വീട്ടിപ്പോയത്…
തൊമ്മിക്കുഞ്ഞ്: (വാതില്‍ക്കലേക്ക് നടന്ന്) മക്കളേ ഇങ്ങുവന്നേ…ഐസ്‌ക്രീം പിന്നെ മേടിക്കാം…കാശിങ്ങു തന്നേക്കാമോ…
പിള്ളേര്: (അകത്തുനിന്ന് എത്തിനോക്കി) റിഫണ്ട് ചെയ്യില്ല…നോ റിഫണ്ടിംഗ്…
തൊമ്മിക്കുഞ്ഞ്: (നിരാശയോടെ തിരിഞ്ഞുനടക്കുന്നു) പിള്ളേരുടെ നല്ലകാലം…വെറുതേ കാശുപോയി…
തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞിന്റെ പിന്നാലെ ചെന്ന്) ഞാനും നിന്റെ വീട്ടിലോട്ടുവരാം…ഉള്ളതിന്റെ ഒരു പങ്ക് തന്നാമതി…വീട്ടിലോട്ടു ചെന്നാ അവളിനി കഞ്ഞിതരുകേല.
രണ്ടുപേരും നടന്നു നീങ്ങുന്നു. അതുനോക്കി നിരാശയോടെയിരിക്കുന്ന ജോസ്.