
മെല്‍ബണ്‍: മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ അമ്മയ്ക്കു തടവുശിക്ഷ. മകളെ പിന്നീട് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്. ഭര്‍ത്താവിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച അമ്മയ്ക്ക് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
2019 -ലാണ് മുഹമ്മദ് അലി ഹലീമി എന്ന 26 -കാരനെ വിവാഹം കഴിക്കാന്‍ സക്കീനയുടെ മകള്‍ റുഖിയ ഹൈദരി നിര്‍ബന്ധിതയാവുന്നത്. കല്യാണം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ റുഖിയയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു.
സക്കീന മുഹമ്മദ് ജാന്‍ 21 -കാരിയായ തന്റെ മകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ആദ്യമൊന്നും ജാന്‍ കുറ്റം സമ്മതിച്ചില്ല. ഹലീമിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മകള്‍ പറഞ്ഞിട്ടില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്.
2013 -ലാണ് നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കുന്നതിനെതിരെയുള്ള നിയമം ഇവിടെ കൊണ്ടുവന്നത്. അതനുസരിച്ച് കുറ്റവാളിക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതനുസരിച്ച് ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്.