
തിരുവനന്തപുരം: നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ഡോ. ദീപ്തി മോള്‍ ജോസ് പൊലീസിന്റെ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത് . വെടിവയ്പ് കേസില്‍ പങ്കില്ലെന്നു സമര്‍ഥിക്കാന്‍ ഒട്ടേറെ കള്ളങ്ങള്‍ നിരത്തി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പിടിച്ചുനില്‍ക്കാനാവതെ വന്നപ്പോഴാണ് കുറ്റം സമ്മതിക്കല്‍.
ദീപ്തിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഷിനിയുടെ വീട്ടില്‍ എത്താന്‍ ദീപ്തി ഉപയോഗിച്ച കാര്‍ ഭര്‍ത്താവിന്റെ ആയൂരിലെ വീട്ടില്‍നിന്നു പൊലീസ് കണ്ടെത്തി. ഷിനിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഓണ്‍ലൈന്‍ വഴിയാണ് ദീപ്തി വാങ്ങിയതെന്നും കണ്ടെത്തി.
ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജീത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജീത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചത്. ഷിനിയോടു യാതൊരു വിരോധവും ഇല്ലാത്ത ദീപ്തി, സുജീത്തിന് ‘ഷോക്ക്’ കൊടുക്കാന്‍ വേണ്ടിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.
ദീപ്തി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്. ഇരുവരും ഏറെനാള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.
കൊല്ലത്ത് ഡോക്ടറായ ഭര്‍ത്താവിനൊപ്പം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ദീപ്തി ആയൂരിലെ വീട്ടില്‍നിന്ന് ഭര്‍തൃപിതാവിന്റെ കാര്‍ എടുത്താണ് ഷിനിയുടെ വീട്ടില്‍ എത്തിയത്. കൃത്യം നടത്തിയ ശേഷം കാര്‍ തിരികെ എത്തിച്ച ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് എത്തുകയായിരുന്നു. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങളും സൈബര്‍ സെല്‍ വഴി ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ദീപ്തി കുടുങ്ങിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ചൊവാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
ദീപ്തി ആക്രമണം നടത്തിയത് ആറുമാസത്തെ തയാറെടുപ്പിനൊടുവിലാണ്. സുജീത്തിന്റെ വീട് നേരത്തേ അറിയാമായിരുന്ന ദീപ്തി മാസങ്ങള്‍ക്കു മുന്‍പ് പലതവണ ഇവിടെയെത്തി വീടും പരിസരവും നിരീക്ഷിച്ചു. ഷിനി വീട്ടിലുള്ള ദിവസമായതിനാലാണ് ഞായറാഴ്ച ആക്രമണത്തിനു തിരഞ്ഞെടുത്തത്.
വെടിവെച്ചപ്പോള്‍ ഷിനിയുടെ കയ്യില്‍നിന്നു രക്തം ചിതറിയതു കണ്ട് ഇവര്‍ പതറുകയും ലക്ഷ്യം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാന്‍ പരിശീലിക്കുകയായിരുന്നു.
പള്‍മനോളജിയില്‍ എംഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യല്‍റ്റിയില്‍ ഫെലോഷിപ് നേടിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ഷിനിയുടെ വീട്ടിലെത്തിയ ദീപ്തി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിര്‍ത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി ആശുപത്രിവിട്ടു.